Prabodhanm Weekly

Pages

Search

2023 മാർച്ച് 31

3295

1444 റമദാൻ 09

കച്ചവടത്തിന്റെ സകാത്തും ശൈഖ് അൽബാനിയുടെ വികല ന്യായങ്ങളും

ഡോ. യൂസുഫുൽ ഖറദാവി

ശൈഖ് നാസ്വിറുദ്ദീൻ അൽബാനിയെപ്പോലെ ഹദീസിലും ഹദീസ് വിജ്ഞാനീയങ്ങളിലും അപാര പാണ്ഡിത്യമുള്ള ഒരാൾ ളാഹിരികളെയും ശീഈകളെയുംപോലെ കച്ചവട വസ്തുക്കൾക്ക് സകാത്തില്ല എന്ന അഭിപ്രായം പ്രകടിപ്പിച്ചത് എന്നെ ഏറെ ദുഃഖിപ്പിക്കുകയുണ്ടായി. മില്യനുകൾ വിലമതിക്കുന്ന കച്ചവട വസ്തുക്കൾക്ക് സകാത്ത് നിർബന്ധമില്ലെന്ന് അദ്ദേഹം പറയുന്നു. അല്ലാമാ ശൗക്കാനിയെയും അദ്ദേഹത്തിന്റെ ശിഷ്യൻ സ്വിദ്ദീഖ് ഹസൻ ഖനൂജിയെയുമാണ് അദ്ദേഹം പിൻപറ്റുന്നത്. ഖുർആനിന്റെയും സുന്നത്തിന്റെയും പൊതുവായ കൽപനകളെയും ശരീഅത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെയും സമുദായത്തിലെ ഭൂരിപക്ഷത്തെയും അദ്ദേഹം അവഗണിക്കുന്നു. 
ശൗക്കാനിയെയും ഖനൂജിയെയും അവർക്ക് മുമ്പുള്ള ഇബ്്നു ഹസ്മിനെയും ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. എന്നാൽ, പ്രവാചകനല്ലാത്ത മറ്റാർക്കും പാപ സുരക്ഷിതത്വമില്ല. ശൗക്കാനി മഹാപണ്ഡിതൻ തന്നെയെങ്കിലും അദ്ദേഹത്തിൽ ചിലപ്പോൾ ളാഹിരികളുടെ സ്വാധീനം കാണാം; ഇതിലും ഇതുപോലുള്ള മറ്റു ചില വിഷയങ്ങളിലും കാണുന്നപോലെ. ശൗക്കാനി ഇക്കാലത്ത് ജീവിച്ചിരിക്കുകയും ദശ മില്യനുകളുടെയും ശത മില്യനുകളുടെയും ചരക്ക് വർഷങ്ങളോളം കൈവശം വെക്കുന്ന കച്ചവടക്കാരെ കാണുകയും ചെയ്തിരുന്നുവെങ്കിൽ അവരെല്ലാം സകാത്തിൽനിന്ന് ഒഴിവാക്കപ്പെട്ടവരാണെന്ന് പറയുമായിരുന്നില്ല. ശൈഖ് അൽബാനി നമ്മുടെ ഈ കാലഘട്ടത്തിൽ ജീവിച്ചിരുന്നിട്ടും ഇങ്ങനെയാണ് പറയുന്നത്. ഇതാണ് ശരിയായ ശർഅ് എന്ന് വാദിക്കുകയും എതിരഭിപ്രായം പറയുന്നവരെ തള്ളിപ്പറയുകയും ചെയ്യുന്നു. 
അൽബാനിയെപ്പറ്റി കുറച്ച് മുമ്പുതന്നെ ചിലരിൽനിന്ന് ഈ അഭിപ്രായം ഞാൻ കേട്ടിരുന്നു. ഞാനത് വിശ്വസിച്ചിരുന്നില്ല. ശൈഖിന് ധാരാളം ശത്രുക്കളുണ്ടല്ലോ. നാല് ഇമാമുകളുടെയും അഭിപ്രായങ്ങൾക്ക് വിരുദ്ധമായി പല വീക്ഷണങ്ങളും അദ്ദേഹത്തിനുണ്ട് എന്നത് പരസ്യമാണ്. അങ്ങനെയാണ് 'തമാമുൽ മിന്ന ഫിത്തഅ്ലീഖി അലാ ഫിഖ്ഹിസ്സുന്ന' എന്ന പുസ്തകം ഞാൻ വായിച്ചത്. അബൂദർറിന്റെ, 'പട്ടു വസ്ത്രങ്ങൾക്ക് സകാത്ത് കൊടുക്കണം' എന്ന ഹദീസിനെപ്പറ്റി ചർച്ച ചെയ്യുമ്പോഴാണ് അദ്ദേഹം മുകളിൽ ഉദ്ധരിച്ച അഭിപ്രായം പറയുന്നത്. അൽബാനി പ്രസ്തുത ഹദീസ് ദുർബലമാണെന്ന് വാദിക്കുന്നു; ഹാഫിള് ഇബ്്നു ഹജർ അത് ‘ഹസൻ’ ആണെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും. അൽബാനി പറയുന്നു: ''കച്ചവടച്ചരക്കുകൾക്ക് സകാത്ത് നിർബന്ധമാകുമെന്ന അഭിപ്രായത്തിന് ഖുർആനിലോ ശരിയായ ഹദീസുകളിലോ ഒരു തെളിവുമില്ല. البراءة الأصلية  (ഏതൊരു കാര്യവും പ്രത്യേകം പ്രമാണമില്ലെങ്കിൽ അതിൽ മതവിധികളൊന്നുമില്ല) എന്ന തത്ത്വത്തിനും എതിരാണത്. ഹജ്ജത്തുൽ വിദാഇൽ നബി(സ) പറഞ്ഞല്ലോ: “നിങ്ങളുടെ രക്തവും ധനവും അഭിമാനവും നിങ്ങൾക്ക് നിഷിദ്ധമാണ്.” ഇത്തരം തെളിവുകളെ ഖണ്ഡിക്കാൻ (അബ്ദുല്ലാഹിബ്്നു ഉമർ പറഞ്ഞതുപോലുള്ള) ചില 'അസറുകൾ'  (സ്വഹാബികളുടെയും മറ്റും അഭിപ്രായം) മതിയാകില്ല. “ചരക്കുകൾക്ക് സകാത്തില്ല, കച്ചവടാവശ്യാർഥം ഉള്ളതല്ലെങ്കിൽ” എന്ന അബ്ദുല്ലാഹിബ്നു ഉമറിൽനിന്നുള്ള നിവേദനം പ്രബലമാണെന്ന് വന്നാൽതന്നെ ഇത് നബിയിലേക്ക് ചേർത്തു പറഞ്ഞിട്ടില്ല. മാത്രമല്ല, അതിൽ സകാത്തിന്റെ നിസ്വാബോ അതിൽനിന്ന് എത്രയാണ് കൊടുക്കേണ്ടതെന്നോ വ്യക്തമല്ല. അപ്പോൾ അതിനെ പൊതുവായ ദാനധർമമായാണ് ഗണിക്കേണ്ടത്. ഒരാൾക്ക് ഇഷ്ടമുള്ളത് ചെലവഴിക്കുക എന്നർഥം. “വിശ്വാസികളേ, നാം നിങ്ങൾക്ക് നൽകിയതിൽനിന്ന് നിങ്ങൾ വ്യയം ചെയ്യുക”, “അവയുടെ ബാധ്യത വിളവ് ദിനത്തിൽതന്നെ കൊടുക്കുക” എന്നെല്ലാം പറഞ്ഞതു പോലെ. ചുരുക്കത്തിൽ, ഇബ്്നു ഹസ്്മ് മുഹല്ലയിൽ പറഞ്ഞപോലെ ഈ 'അസറു'കളെ ആധാരമാക്കി ഈ വിഷയത്തിൽ ഇജ്മാഅ് ഉണ്ടെന്നൊന്നും പറഞ്ഞുകൂടാ. 
ഈ വിഷയത്തിൽ ഇബ്്നു ഹസ്മ് വേണ്ടത്ര പ്രതിപാദിച്ചിട്ടുണ്ട്. കച്ചവടച്ചരക്കുകൾക്ക് സകാത്തില്ലെന്ന് ഇബ്്നു ഹസ്മ് സ്ഥാപിക്കുകയും അത് നിർബന്ധമാണെന്ന് പറയുന്നവരുടെ തെളിവുകൾ ഖണ്ഡിക്കുകയും പരസ്പര വൈരുധ്യത്തെ വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. സൂക്ഷ്മവും ശാസ്ത്രീയവുമായ രീതിയിൽ അത് നിരൂപണം ചെയ്തിട്ടുണ്ട് (അദ്ദേഹത്തിന്റെ المحـلى ഒന്നാം ഭാഗം, 233- 240 വായിക്കുക). ശൗക്കാനി  الدرر البهية  യിൽ അദ്ദേഹത്തെ പിന്തുടരുന്നു. സ്വിദ്ദീഖ് ഹസൻ ഖാൻ തന്റെ السيل الجرار , പേജ് 26 - 27- ലും ഇതേ നിലപാട് തുടരുന്നു). 
ശൈഖ് അൽബാനി തുടരുന്നു: കച്ചവടച്ചരക്കുകൾക്ക് സകാത്ത് നിർബന്ധമില്ലെന്ന അഭിപ്രായം സമ്പന്നരുടെ സമ്പത്തുകളിൽ പാവങ്ങൾക്കും ദരിദ്രർക്കും ഉള്ള അവകാശം നിഷേധിക്കലാണ് എന്ന് പറഞ്ഞേക്കും. മറുപടി രണ്ട് രീതിയിലാണ്: 
1) എല്ലാ അധികാരവും അല്ലാഹുവിന്റെ കൈയിലാണ്, അവന്റെ അനുവാദം കൂടാതെ മറ്റാർക്കും നിയമനിർമാണാവകാശമില്ല. പച്ചക്കറികൾക്ക് സകാത്തില്ല എന്ന് എല്ലാവരും ഏകോപിച്ച് പറയുന്നുണ്ടല്ലോ. കരിമ്പ്, പുല്ല്, വിറക് എന്നിവയുടെ വില എത്ര കൂടുതലായാലും അവക്കും സകാത്തില്ല. ഇതിനെന്താണോ മറുപടി, അതുതന്നെയാണ് കച്ചവടച്ചരക്കിനെ കുറിച്ച് നമ്മുടെ മറുപടിയും (ഇവിടെ പച്ചക്കറികൾക്കും, മുന്തിരിയും കാരക്കയും ഒഴികെയുള്ള പഴവർഗങ്ങൾക്കും സകാത്തില്ല എന്ന് ഗ്രന്ഥകർത്താവ് ഉറപ്പിച്ചു പറയുന്നതായി തോന്നുന്നു).
2) സകാത്ത് നിർബന്ധമാക്കിയതിന്റെ യുക്തി പാവങ്ങളെ സഹായിക്കുക എന്നത് മാത്രമാണെന്ന ഇടുങ്ങിയ ചിന്തയിൽ പടുത്തുയർത്തിയതാണ് ഈ വാദം. എന്നാൽ, യാഥാർഥ്യം അതല്ല. അല്ലാഹു പറയുന്നു:  “ദരിദ്രർക്കും സാധുക്കൾക്കും സകാത്തിന്റെ പ്രവർത്തകർക്കും ഹൃദയങ്ങൾ ഇണക്കിച്ചേർക്കേണ്ടവർക്കും അടിമകൾക്കും ഋണ ബാധിതർക്കും ദൈവിക മാർഗത്തിലെ ആവശ്യങ്ങൾക്കും വഴിയാത്രക്കാർക്കും അവകാശപ്പെട്ടതാണ് സകാത്ത്''. 
ഇതാണ് വസ്തുതയെങ്കിൽ, സകാത്തിന്റെ യുക്തിയെക്കുറിച്ച് നാം അൽപം വിശാലമായ കാഴ്ചപ്പാട് സ്വീകരിച്ചാൽ ഈ വാദം അബദ്ധമാണെന്ന് വ്യക്തമാകും. കാരണം, ധനികർ അവരുടെ സമ്പത്ത് കച്ചവടത്തിൽ ഇറക്കുന്നതാണ് അത് സൂക്ഷിച്ചുവെക്കുന്നതിനെക്കാൾ സമൂഹത്തിന് ഏറ്റവും നല്ലത്; അവർ അതിന് സകാത്ത് കൊടുത്താലും.”
ഇതാണ് ശൈഖ് അൽബാനിയുടെ വാക്കുകൾ. ഇതു വായിക്കുന്നത് വരെയും ഞാനത് വിശ്വസിച്ചിരുന്നില്ല. മുസ്്ലിംകളിലെ സമ്പന്നരെ - അവർ കച്ചവടക്കാരാണെങ്കിൽ - അദ്ദേഹം സകാത്തിൽനിന്ന് ഒഴിവാക്കിയിരിക്കുന്നു. 
എല്ലാ ധനത്തിലും സകാത്ത് വാങ്ങണമെന്ന ഖുർആനിക സൂക്തം അദ്ദേഹം കണ്ടില്ലെന്ന് നടിക്കുന്നു. أنفقوا من طيبات ما كسبتم  (നിങ്ങൾ സമ്പാദിച്ച നല്ല സമ്പത്തിൽനിന്ന് വിനിയോഗിക്കുക) എന്നതിന്റെ വിവക്ഷ കച്ചവടത്തിന്റെ സകാത്താണെന്ന് പൂർവികർ വ്യാഖ്യാനിച്ചതും അദ്ദേഹം കണ്ടില്ലെന്ന് നടിക്കുന്നു. സമൂറയുടെയും അബൂദർറിന്റെയും ഹദീസ് ഇബ്്നു അബ്ദിൽ ബർറും ഇബ്്നു ഹജറും ഹസനാണെന്ന് പറയുകയും അബൂ ദാവൂദും മുൻദിരിയും കുറ്റമൊന്നും പറയാതിരിക്കുകയും ചെയ്തിട്ടും അതെല്ലാം അവഗണിക്കുന്നു. ഉമറും അദ്ദേഹത്തിന്റെ മകനും ഇബ്്നു അബ്ബാസും കച്ചവടത്തിന് സകാത്ത് വേണമെന്ന് പറയുന്നു. അവരോട് മറ്റാരും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുമില്ല. ഇബ്്നു ഹസ്മും അല്ലാമാ ശാക്കിറുമൊക്കെ സ്വഹീഹാക്കിയ അസറുകൾ അദ്ദേഹം ദുർബലപ്പെടുത്തുന്നു. ഇമാം ബഗവിയും ഇബ്്നുൽ മുൻദിറും അബൂ ഉബൈദും ഖത്ത്വാബിയും ഇജ്മാഉണ്ടെന്ന് പറയുന്നതിൽ സംശയം ജനിപ്പിക്കുന്നു. ഇബ്്നു ഉമറിന്റെ സ്വഹീഹായ അസറിന്റെ (കച്ചവടച്ചരക്കുകൾ വ്യാപാരത്തിനുള്ളതല്ലെങ്കിൽ അതിൽ സകാത്തില്ല) വിവക്ഷ  പൊതുവായ  ദാനധർമങ്ങളാണെന്നും അറിയപ്പെടുന്ന സകാത്തല്ലെന്നും അദ്ദേഹം വികലമായി വ്യാഖ്യാനിക്കുന്നു.
അതിനെല്ലാം ഉപരി സുപ്രധാനമായ മറ്റൊരു കാര്യം അദ്ദേഹം അവഗണിച്ചതാണ്. ശരീഅത്തിന് ഉന്നതമായ ചില ലക്ഷ്യങ്ങളുണ്ടെന്നതാണത്. തത്തുല്യമായ രണ്ട് സംഗതികളെ പരസ്പരം വേർപ്പെടുത്തുകയോ വ്യത്യസ്തമായ രണ്ടു സംഗതികളെ തുല്യമായി കാണുകയോ ചെയ്യാൻ പാടില്ല. കർഷകർക്കും ആട്, മാട്, ഒട്ടകങ്ങളുടെ ഉടമസ്ഥർക്കും സകാത്ത് നിർബന്ധമാക്കുകയും സമ്പന്നരായ വ്യാപാരികൾക്ക് സകാത്ത് നിർബന്ധമാക്കാതിരിക്കുകയും ചെയ്യില്ല. 
കച്ചവടക്കാർക്ക് അവരുടെ ശരീരങ്ങളും സമ്പത്തുകളും ശുദ്ധീകരിക്കേണ്ടതില്ലേ?.. അതെ, മറ്റുള്ളവരെക്കാളെല്ലാം കൂടുതലായി അതിന്റെ ആവശ്യം അവർക്കാണ്. ദൈവിക അനുഗ്രഹത്തിന് നന്ദി ചെയ്യാനും പാവപ്പെട്ടവരും അശരണരുമായവരെ സഹായിക്കാനും, ഇസ്്ലാമിക പ്രബോധന പ്രവർത്തനങ്ങൾ നിർവഹിക്കാനും, ഹൃദയങ്ങളെ ഇണക്കാനും മറ്റുള്ളവരെപ്പോലെ അവരും ബാധ്യസ്ഥരല്ലേ? അല്ലാഹു അവർക്ക് നൽകിയതിന്റെ ഒരംശം ബൈത്തുൽ മാലിലടക്കാൻ അവരോടും കൽപനയില്ലേ? ഇത്തരം ചോദ്യങ്ങൾക്കെല്ലാം ശൈഖ് അൽബാനി മറുപടി പറയുന്നത് രണ്ട് കാര്യങ്ങളാണ്:
1. 'കൽപനാധികാരമെല്ലാം അല്ലാഹുവിന് മാത്രമാണ്. നമുക്ക് സ്വന്തമായി നിയമം നിർമിക്കാൻ അവകാശമില്ല.' ഇത് ഉത്തരത്തിൽനിന്നുള്ള ഒളിച്ചോട്ടമാണ്. സാമ്പത്തിക വിഷയങ്ങളിലും മറ്റുമുള്ള ഇസ്്ലാമിന്റെ വിധികൾ കേവലം ആരാധനാപരമായ കാര്യങ്ങളല്ല. അവ പരസ്പര വിരുദ്ധമാവുകയുമില്ല. പച്ചക്കറികളിൽ സകാത്തില്ല എന്ന് കർമശാസ്ത്ര പണ്ഡിതന്മാർ ഏകോപിച്ചു പറയുന്നുവെന്ന് ശൈഖ് പ്രസ്താവിച്ചിട്ടുണ്ട്. ഇത് ശരിയല്ല. ഉമറുബ്്നു അബ്ദിൽ അസീസും അബൂ ഹനീഫയും ദാവൂദും ഭൂമിയുടെ ഉൽപന്നങ്ങൾക്കെല്ലാം സകാത്ത് നിർബന്ധമാണെന്ന പക്ഷക്കാരാണ്. ഖാദി അബൂബക്കർ ഇബ്്നുൽ അറബി وَآتُوا حَقَّهُ يَوْمَ حَصَادِهِ എന്ന ആയത്തിന്റെ വ്യാഖ്യാനത്തിലും فِيمَا سَقَتَ السَّمَاء العَشْر എന്ന ഹദീസിന്റെ വിശദീകരണത്തിലും ഇതേ അഭിപ്രായക്കാരനാണ്. خُذْ مِنْ أَمْوَالِهِمْ صَدَقَةً എന്നതിന്റെ വിശദീകരണത്തിൽ ഇബ്്നുൽ അറബി പറയുന്നു:  'എല്ലാ ധനത്തിനും ഇത് ബാധകമാണ്; ഏത് ഇനത്തിൽ പെട്ടതാണെങ്കിലും. ചില പ്രത്യേക ഇനങ്ങൾക്കേ ഇത് ബാധകമാവൂ എന്ന് പറയുന്നവരാണ് അവരുടെ തെളിവുകൾ കൊണ്ടുവരേണ്ടത്.'
2. കച്ചവടക്കാരെ സകാത്തിൽനിന്നൊഴിവാക്കാൻ പറഞ്ഞ കാരണം, അവരുടെ ധനവും ചരക്കുകളും കച്ചവടത്തിൽ ഇറക്കുന്നതാണ് സമൂഹത്തിന് ഏറ്റവും പ്രയോജനകരം എന്നതാണ്. ശൈഖ് പറഞ്ഞത് ശരിയാണെങ്കിൽ കർഷകരെയും ഒഴിവാക്കേണ്ടിയിരിക്കുന്നു. കാരണം, അവരും കൃഷി ചെയ്ത് അവരുടെ സമ്പത്തും ഭൂമിയും വളർത്തുകയും സമൂഹത്തിന് ഉപകാരപ്പെടുകയും ചെയ്യുന്നുണ്ട്. അതുപോലെ കന്നുകാലികളുടെ ഉടമകളുമൊക്കെ സമൂഹത്തിന് ധാരാളമായി പ്രയോജനപ്പെടുന്നവരാണ്. 
ലോകത്തുള്ള കച്ചവടക്കാരുടെ മേൽ ഭരണകൂടങ്ങൾ വമ്പിച്ച ടാക്സ് നിർബന്ധമാക്കുന്നുവെന്ന് സാമ്പത്തിക വിദഗ്ധർക്കെല്ലാമറിയാം. നാടിന്റെ വികസനത്തിനും പാവപ്പെട്ട രാജ്യവാസികളുടെ സംരക്ഷണത്തിനുമാണത്. അവർക്കും നേരിട്ടോ അല്ലാതെയോ സമൂഹത്തിൽനിന്ന് പ്രയോജനം ലഭിക്കുന്നുണ്ട്. അങ്ങനെ എല്ലാവരും പരസ്പരം പ്രയോജനപ്പെടുന്നു. എന്റെ ഫിഖ്ഹുസ്സകാത്ത്  എന്ന ഗ്രന്ഥത്തിൽ, സകാത്ത് വിഷയത്തിൽ സങ്കുചിത വീക്ഷണം പുലർത്തുന്നവരെക്കുറിച്ച് ചർച്ച ചെയ്തിട്ടുണ്ട്. 'കച്ചവടച്ചരക്കുകളുടെ സകാത്ത്' എന്ന അധ്യാത്തിൽ ളാഹിരികളുടെ സംശയങ്ങളും ഞാൻ കൈകാര്യം ചെയ്തിട്ടുണ്ട്. ഇതെല്ലാം ഇവിടെ ആവർത്തിക്കാനുദ്ദേശ്യമില്ല. ഈ വിഷയകമായി കൂടുതൽ പഠനം ആഗ്രഹിക്കുന്നവർ അത് വായിക്കട്ടെ. ഇസ്്ലാമിക ലോകത്തെ വൻ വ്യാവസായിക നഗരങ്ങളെല്ലാം ശൈഖിന്റെ അഭിപ്രായം സ്വീകരിക്കുകയാണെങ്കിൽ പട്ടിണിപ്പാവങ്ങളുടെയും ഋണബാധിതരുടെയും ദൈവ മാർഗത്തിലെ വിവിധ ആവശ്യങ്ങളുടെയും അവസ്ഥ എന്താകും? ആലോചിച്ചു നോക്കൂ: ജിദ്ദ, രിയാദ്, കുവൈത്ത്, ദുബൈ, അബൂദബി, ദോഹ, മനാമ, ഒമാൻ, ബൈറൂത്ത്, കയ്റോ, ദമസ്കസ് എന്നിവിടങ്ങളിലെ കച്ചവടക്കാർക്കൊന്നും സകാത്തില്ല! വിറ്റു കിട്ടുന്ന കാശ് ഒരു കൊല്ലം കഴിഞ്ഞാലോ അല്ലെങ്കിൽ സ്വമേധയാ വല്ലതും കൊടുക്കാൻ സന്നദ്ധനാവുകയോ ചെയ്താലല്ലാതെ! ചിലപ്പോൾ കൊല്ലങ്ങൾ കഴിഞ്ഞാലും ഇവ വിറ്റഴിയുകയില്ല. അപ്പോഴെല്ലാം നഷ്ടങ്ങൾ സംഭവിക്കുന്നത് ആർക്കാണ്? പാവപ്പെട്ട ദരിദ്ര വിഭാഗങ്ങൾക്ക്.
അതേസമയം ഇബ്്നു ഹസ്മ് സകാത്തിൽ ഇടുക്കം സ്വീകരിക്കുന്നുവെങ്കിലും, അദ്ദേഹത്തിന്റെ നിലപാട് ദരിദ്രരുടെ ആവശ്യങ്ങൾ നിവർത്തിക്കുന്ന രീതിയിൽ ഭരണാധികാരി സമ്പന്നരുടെ ധനത്തിൽനിന്ന് നിർബന്ധ വിഹിതം പിരിക്കണമെന്നത്രേ. കച്ചവടച്ചരക്കുകളിൽ ശീഈ വിഭാഗം സകാത്ത് ചുമത്തുന്നില്ലെങ്കിലും അതിന് പകരമായി خـمس (അഞ്ചിലൊന്ന്/ധനത്തിന്റെ 20 ശതമാനം) നൽകണമെന്ന് പറയുന്നു. തനിക്കും തന്റെ കുടുംബത്തിനും വേണ്ടത് കഴിച്ച് മിച്ചമുണ്ടെങ്കിൽ എന്തു വരുമാനമാണെങ്കിലും ഇത് നൽകണം. കച്ചവടത്തിലെ ലാഭത്തിനും ഇത് ബാധകമാണ്. 
എന്നാൽ ശൈഖ് അൽബാനിയാകട്ടെ, ധനത്തിൽ ഒരു ബാധ്യതയുമില്ല (براءة الذمة) എന്നതാണ് അസ്വ്്ൽ എന്ന അഭിപ്രായക്കാരനും. 'സമ്പന്നരുടെ സ്വത്ത് സുരക്ഷിതമായി നിലനിൽക്കണം. അതാരും തൊടാൻ പാടില്ല. അതിൽ ഒരു ബാധ്യതയും ചുമത്തരുത്. പാവങ്ങൾ വിശന്ന് മരിക്കട്ടെ. പിന്നാക്ക വിഭാഗം നശിക്കട്ടെ. കച്ചവടക്കാർ സ്വന്തം ഇഷ്ടത്താൽ വല്ലതും കൊടുക്കുകയാണെങ്കിൽ ആകാം.' ഇത് ഖുർആനിന്റെയും സുന്നത്തിന്റെയും നിലപാടാണെന്ന് അദ്ദേഹം ആരോപിക്കുകയും ചെയ്യുന്നു. 
ഇസ്്ലാമിന് ചിലപ്പോൾ അതിന്റെ നല്ലവരായ സുഹൃത്തുക്കളിൽനിന്നാവും ദ്രോഹമേൽക്കുക; ദുഷ്ടരായ ശത്രുക്കളിൽനിന്ന് അനുഭവപ്പെടുന്നതിനെക്കാൾ കൂടുതൽ. l
വിവ:  വി.കെ അലി

(ഡോ. യൂസുഫുൽ ഖറദാവിയുടെ അൽമർജഇയ്യത്തുൽ ഉൽയാ ഫിൽ ഇസ്്ലാമി ലിൽ ഖുർആനി വസ്സുന്ന എന്ന പുസ്തകത്തിൽനിന്ന്)

Comments