ദീപ്ത കൗമാരത്തിന്റെ നിറച്ചാര്‍ത്തുകള്‍
കൗമാരത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന നല്ല മനസ്സുള്ളവര്‍ക്ക് കണ്ണു കുളിര്‍പ്പിക്കുന്ന കാഴ്ചകളായിരുന്നു ഒരു മാസക്കാലമായി കേരളത്തിന്റെ തെരുവീഥികളില്‍ കാണാനുണ്ടായിരുന്നത്. വിശ്വാസത്തിന്റെ വെളിച്ചംകൊണ്ട് തെരുവുകളില്‍ വര്‍ണക്കാഴ്്ചകളൊരുക്കിയ അരലക്ഷത്തോളം വരുന്ന ഈ കൗമാര സംഘത്തിന്റെ പേര് ടീന്‍ ഇന്ത്യ എന്നാണ്.
2022 ഡിസംബര്‍ 24-ന് കാസർകോട് ജില്ലയിലെ തൃക്കരിപ്പൂരിലാണ് വിവിധ നിറച്ചാര്‍ത്തുകളണിഞ്ഞ ടീൻ ഇന്ത്യാ സമ്മേളനങ്ങളുടെ തുടക്കം. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, ആലപ്പുഴ, കോട്ടയം, കൊല്ലം, തിരുവനന്തപുരം, വയനാട് ജില്ലകളിലൂടെ പ്രയാണം തുടര്‍ന്ന് മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ ആ കൗമാര സമ്മേളനങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചു.
Let's Colour Our Life (ജീവിതം വര്‍ണാഭമാക്കാം) എന്നതായിരുന്നു ജില്ലകള്‍ തോറും നടന്നുവന്ന കൗമാര സമ്മേളനങ്ങളുടെ പ്രമേയം. 'അല്ലാഹുവിന്റെ വര്‍ണം സ്വീകരിക്കുക, അല്ലാഹുവിനെക്കാള്‍ നന്നായി വര്‍ണം നല്കുന്നവനാരാണ് ' എന്ന ഖുര്‍ആന്‍ വാക്യത്തിലാണ് ഈ പ്രമേയത്തിന്റെ വേര്. ടീന്‍ ഇന്ത്യ സംഘടിപ്പിച്ച കൗമാര സമ്മേളനങ്ങള്‍ കേരള കൗമാരത്തെയും അവരുടെ സമ്മേളനത്തെയും പുനര്‍നിര്‍വചിച്ചിട്ടുണ്ട്. കാലം എറിഞ്ഞുകൊടുക്കുന്ന മധുരമിഠായികളുടെയോ പൈശാചിക ആസ്വാദനങ്ങളുടെയോ പിന്നാലെ ഭ്രമിച്ചുപോകുന്നവരല്ല കുട്ടികളെന്ന് അവര്‍ ബോധ്യപ്പെടുത്തി. അവര്‍ തെരുവുകളില്‍ കിലോമീറ്ററുകളോളം ജാഥ നയിച്ചു. അര്‍ഥപൂര്‍ണമായ മുദ്രാവാക്യങ്ങള്‍ വിളിച്ചു. അതിമനോഹരമായ റോഡ് ഷോകള്‍ക്ക് നേതൃത്വം നൽകി. വൈവിധ്യങ്ങളായ പ്ലോട്ടുകളൊരുക്കിയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചും കണ്ടുനിന്നവര്‍ക്കൊക്കെയും സുന്ദരമായ സന്ദേശങ്ങള്‍ കൈമാറി. സമ്മേളനത്തിന്റെ മുന്നോടിയായുള്ള പത്രസമ്മേളനങ്ങള്‍ ജില്ലകള്‍തോറും കൗമാരക്കാരായ ജില്ലാ ഭാരവാഹികളാണ് സംഘടിപ്പിച്ചത്. പത്രക്കാരോട് അവരാണ് സമ്മേളനപ്രമേയം പോലും വിശദീകരിച്ചത്. പത്രക്കാരുടെ ചോദ്യങ്ങള്‍ക്ക് അവര്‍ മറുപടി പറഞ്ഞു. 'കുട്ടികള്‍ നാളത്തെ പൗരന്മാര്‍' എന്ന ക്ലീഷേ അവര്‍ തിരുത്തി. കുട്ടികള്‍ നാളെയുടെയല്ല, ഇന്നിന്റെ പൗരന്മാരാണെന്ന് പ്രഖ്യാപിച്ചു.
സമ്മേളന നഗരിയില്‍ മഗ്്രിബ് നമസ്‌കാരത്തിന് നേതൃത്വം നൽകിയതും സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ഖുര്‍ആന്‍ പാരായണം നടത്തിയതും കലാവിഷ്‌കാരങ്ങളില്‍ നിറഞ്ഞുനിന്നതും കൗമാരക്കാര്‍ തന്നെ. ടീന്‍ ഇന്ത്യാ ജില്ലാ ക്യാപ്റ്റന്മാരും സംസ്ഥാന ക്യാപ്റ്റന്മാരും കുട്ടികളോട് സംസാരിച്ചു. വിവിധ ജില്ലകളില്‍ സമ്മേളന പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് ടീന്‍ ഇന്ത്യാ സംസ്ഥാന ക്യാപ്റ്റനോ വൈസ് ക്യാപ്റ്റനോ ആയിരുന്നു. സമ്മേളനങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചത് ജമാഅത്തെ ഇസ്്ലാമി അഖിലേന്ത്യാ അമീര്‍ സയ്യിദ് സആദത്തുല്ലാ ഹുസൈനി. ടീന്‍ ഇന്ത്യാ സംസ്ഥാന കോർഡിനേറ്റര്‍ അബ്ബാസ് വി. കൂട്ടില്‍ സമ്മേളനങ്ങളില്‍ കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. ജമാഅത്തെ ഇസ്്ലാമി സംസ്ഥാന ശൂറാ പ്രതിനിധികള്‍, ടീന്‍ ഇന്ത്യാ സംസ്ഥാന സമിതി അംഗങ്ങള്‍ എന്നിവരും വിവിധ ജില്ലകളിലായി കുട്ടികളെ സംബോധന ചെയ്തു. ചുരുങ്ങിയ നേരത്തെ പ്രസംഗങ്ങളായിരുന്നു സമ്മേളനത്തിന്റെ സവിശേഷത. കലാവതരണങ്ങളുടെ ഇടവേളകളിലായിരുന്നു പ്രസംഗങ്ങളൊക്കെയും നടന്നത്. ഓരോ ജില്ലയിലെയും കുട്ടികള്‍ അവതരിപ്പിച്ച സാംസ്‌കാരിക പരിപാടികളോടൊപ്പം ടീന്‍ ഇന്ത്യാ സംസ്ഥാന സമിതി ആവിഷ്‌കരിച്ച കലാവിഷ്‌കാരങ്ങളും ഉണ്ടായിരുന്നു. സംസ്ഥാന തല പരിപാടികള്‍ അവതരിപ്പിച്ചത് പാലക്കാട് കരിങ്ങനാട് ഇസ്്ലാമിക് ഓറിയന്റല്‍ സ്‌കൂളിലെയും എറണാകുളം ചാലക്കല്‍ ദാറുസ്സലാം ഹൈസ്‌കൂളിലെയും പ്രതിഭകളായിരുന്നു. സ്വലാഹുദ്ദീന്‍ അയ്യൂബി, ടി.പി അസീസ്, സദ്‌റുദ്ദീന്‍ കാരക്കുന്ന്, അബു വളയംകുളം, ഫൈസല്‍ റഹീം, നുഐമാന്‍, ജഅ്ഫര്‍, മുനീബ് കാരക്കുന്ന്, ജബ്ബാര്‍ പെരിന്തല്‍മണ്ണ, മെഹദ് മഖ്ബൂല്‍, ശമീം ചൂനൂര്‍ എന്നീ കലാകാരന്മാരുടെ പിന്തുണയിലാണ് ആവിഷ്‌കാരങ്ങള്‍ അരങ്ങേറിയത്.
കൗമാര സമ്മേളനത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് ലൈറ്റ് ആന്റ് സൗണ്ട് ഷോ ആയിരുന്നു. വിവിധ വര്‍ണങ്ങളിലുള്ള പ്രകാശധാരകളുടെ ചാരുതയില്‍ സമ്മേളനപരിപാടികള്‍ ആവിഷ്‌കരിച്ചത് കുട്ടികള്‍ക്ക് ഹൃദ്യമായ അനുഭവമായി.
കൗമാര സമൂഹത്തിലേക്ക് ലിബറല്‍ ചിന്തകളും നിരീശ്വരത്വവും അധികാരത്തിന്റെ തണലില്‍ കടത്തിവിടാന്‍ നടന്ന ഇടതുശ്രമങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നതായിരുന്നു 'മൂക്കില്ലാ രാജ്യത്തെ ലിബറല്‍ രാജാവ്' എന്ന ആക്ഷേപ ഹാസ്യ ചിത്രീകരണം.
'തവിടന്‍പുറം' എന്ന ചിത്രീകരണമായിരുന്നു ശ്രദ്ധേയമായ മറ്റൊരു അവതരണം. ചെറുത്തുനിൽക്കുമെന്ന് നാം പ്രതീക്ഷിക്കുന്ന പ്രത്യയശാസ്ത്രത്തുരുത്തുകള്‍ കരയിടിഞ്ഞ് ദുര്‍ബലമാവുന്ന ഗതികെട്ട കാഴ്ച വരച്ചുകാണിക്കുകയാണ് തവിടന്‍പുറം. ഫ്രഞ്ച് എഴുത്തുകാരനായ ഫ്രാങ്ക് പാവ്‌ലോയുടെ The Brown Morning എന്ന കഥയുടെ സ്വതന്ത്ര ചിത്രീകരണമായിരുന്നു ഈ നാടകം. സ്വലാഹുദ്ദീന്‍ അയ്യൂബിയാണ് ഇതിന്റെ പുനരാവിഷ്‌കാരവും സംവിധാനവും നിര്‍വഹിച്ചത്. ടി.പി അസീസ്, സദ്‌റുദ്ദീന്‍ കാരക്കുന്ന് എന്നിവര്‍ രംഗാവതരണത്തില്‍ മുഖ്യ പങ്കുവഹിച്ചു. 'സ്വാതന്ത്ര്യപ്പിറ' എന്ന ചരിത്രാവിഷ്‌കാരവും ശ്രദ്ധേയമായി. മുനീബ് കാരക്കുന്ന്, ജബ്ബാര്‍ പെരിന്തല്‍മണ്ണ എന്നിവര്‍ ചേര്‍ന്നാണ് ഇതിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്.
കുട്ടികളെയും കുടുംബത്തെയും ഒന്നിപ്പിക്കുന്ന കണ്ണിയായി വര്‍ത്തിക്കുകയെന്ന ടീന്‍ ഇന്ത്യയുടെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ മഹത്തായ പൂര്‍ത്തീകരണം കൂടിയായിരുന്നു ഈ കൗമാര സമ്മേളനങ്ങള്‍. l
Comments