Prabodhanm Weekly

Pages

Search

2023 മാർച്ച് 24

3295

1444 റമദാൻ 02

ഇസ്്ലാം- നാസ്തിക സംവാദം ബാക്കിവെക്കുന്നത്

ടി.കെ.എം ഇഖ്ബാൽ

'മനുഷ്യൻ ധാർമിക ജീവിയോ?' എന്ന തലക്കെട്ടിൽ കഴിഞ്ഞ മാർച്ച് പതിനൊന്നിന് കോഴിക്കോട്ട് നടന്ന ഇസ്്ലാം- നാസ്തിക സംവാദം പല അർഥത്തിലും ശ്രദ്ധേയമായിരുന്നു. കേരളത്തിലെ നാസ്തികരിൽ ഒരു വിഭാഗത്തിന്റെ അറിയപ്പെടുന്ന നേതാവായ സി. രവിചന്ദ്രനാണ് നാസ്തികപക്ഷത്തെ പ്രതിനിധീകരിച്ചത്. എഴുത്തുകാരനും പ്രഭാഷകനും സാമൂഹിക പ്രവർത്തകനുമായ ടി. മുഹമ്മദ് വേളം ആയിരുന്നു ഇസ്്ലാംപക്ഷത്തിന്റെ പ്രതിനിധി. യുക്തിവാദം എന്ന് കേരളത്തിൽ പൊതുവെ അറിയപ്പെടുന്ന നാസ്തികതയും ഇസ്്ലാമും തമ്മിൽ നടന്നുവരുന്ന സംവാദ പരമ്പരകളുടെ തുടർച്ച എന്നതിലപ്പുറം ചില സവിശേഷതകൾ അതിനുണ്ട് (യുക്തിവാദവും നാസ്തികതയും ഒന്നല്ല. രണ്ടും തമ്മിലുള്ള അന്തരം വിശദീകരിക്കാൻ ഇവിടെ അവസരമില്ല). അടുത്ത കാലത്ത് നടന്ന സംവാദങ്ങളിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് എം.എം അക്ബർ- ഇ.എ ജബ്ബാർ സംവാദവും ശുഐബുൽ ഹൈത്തമി - ആരിഫ് ഹുസൈൻ സംവാദവുമായിരുന്നു. വ്യത്യസ്തതകളുള്ള സംവാദങ്ങളായിരുന്നു രണ്ടും. കേരളീയ യുക്തിവാദത്തിന്റെ പിന്തുടർച്ചക്കാരും കേരളീയ നാസ്തികതയിലെ പുതിയ ഒരു ധാരയെ പ്രതിനിധാനം ചെയ്യുന്ന വിഭാഗവും വഴിപിരിഞ്ഞ് പരസ്പര വിമർശനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ഘട്ടത്തിലാണ് ആ പുതിയ ധാരയുടെ നേതാവിന്റെ പക്ഷത്തുനിന്ന് ടി. മുഹമ്മദ് വേളത്തിന് സംവാദത്തിന് ക്ഷണം വരുന്നത്.
9/11-ന് ശേഷം യൂറോപ്പിലും അമേരിക്കയിലും ശക്തിപ്രാപിച്ച നവ നാസ്തികതയുടെ (New Atheism) കേരളീയ ധാരയുടെ പ്രതിനിധി എന്ന് വിശേഷിപ്പിക്കാവുന്ന ആളാണ് സി. രവിചന്ദ്രൻ. നവ നാസ്തികതയുടെ നാല് കുതിരക്കാരിൽ (Four Horsemen) പ്രമുഖരായ റിച്ചാഡ് ഡോക്കിൻസിനെയും സാം ഹാരിസിനെയും അവലംബിച്ചുകൊണ്ട് ധാരാളം എഴുതുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തിട്ടുള്ള വ്യക്തി. നവ നാസ്തികത പടിഞ്ഞാറൻ ലോകത്ത് ഏറ്റവുമധികം വിമർശിക്കപ്പെട്ടത് അതിന്റെ ആചാര്യൻമാരുടെ ഇസ്്ലാമോഫോബിയയുടെയും സാമ്രാജ്യത്വ അനുകൂല നിലപാടുകളുടെയും ശാസ്ത്രമാത്ര വാദത്തിന്റെയും പേരിലാണ്. സി. രവിചന്ദ്രൻ ഇപ്പോൾ കേരളത്തിലെ ഒരു വിഭാഗം നാസ്തികരിൽ നിന്ന് തന്നെ വിമർശനങ്ങൾ നേരിടുന്നത് അദ്ദേഹത്തിന്റെ വലതുപക്ഷ, സംഘ് പരിവാർ അനുകൂല നിലപാടുകളുടെ പേരിലാണ്. രണ്ട് പതിറ്റാണ്ട് മുമ്പ് ഉത്ഭവിച്ച നവ നാസ്തികത പടിഞ്ഞാറൻ ലോകത്ത് അസ്തപ്രഭമായിക്കൊണ്ടിരിക്കുകയാണെങ്കിലും ഇന്ത്യയിൽ ശക്തിപ്രാപിച്ചുവരുന്ന ഇസ്്ലാമോഫോബിയയിൽനിന്ന് വളം വലിച്ചെടുത്ത് കേരളത്തിൽ ഒരു സജീവ സാന്നിധ്യമായി അത് നിലനിൽക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ കോഴിക്കോട്ട് നടന്ന സംവാദം ഇസ്്ലാമും നവ നാസ്തികതയും തമ്മിലുള്ള സംവാദമായിരുന്നു എന്ന് പറയുന്നതിൽ തെറ്റില്ല.
മനുഷ്യൻ ധാർമിക ജീവിയോ? എന്ന ചോദ്യത്തിന് സംവാദത്തിൽ ഇസ്്ലാമികപക്ഷവും നാസ്തികപക്ഷവും വ്യത്യസ്തമായ ഉത്തരങ്ങളാണ് നൽകിയത്.
ഇസ്്ലാമിക കാഴ്ചപ്പാട് അവതരിപ്പിച്ചുകൊണ്ട്  ടി. മുഹമ്മദ് ഊന്നിപ്പറഞ്ഞത് മനുഷ്യൻ ദൈവം ആദരിച്ച, ദൈവത്തിന്റെ സവിശേഷ സൃഷ്ടിയാണെന്നാണ്. മനുഷ്യനിൽ ദൈവം ധാർമികതയുടെ അംശങ്ങൾ സന്നിവേശിപ്പിച്ചിട്ടുണ്ടെങ്കിലും മനുഷ്യ ധാർമികത പൂർണമാവണമെങ്കിൽ ശരിയും തെറ്റും, ധാർമികതയും അധാർമികതയും നിർണയിക്കുന്ന മൂല്യങ്ങളും നിയമങ്ങളും മാനദണ്ഡങ്ങളും വേണം.  ദൈവപ്രോക്തമായ അത്തരം ഒരു മൂല്യസംഹിതയാണ് ഇസ്്ലാം നൽകുന്നത്. മൃഗങ്ങൾക്ക് ഇങ്ങനെ ഒരു മൂല്യ സംഹിത ആവശ്യമില്ല. അവ പ്രവർത്തിക്കുന്നത് സഹജാവബോധത്തിലൂടെ (instinct) മാത്രമാണ്. അപരിചതരെ കണ്ടാൽ ചില പട്ടികൾ കടിക്കും. അങ്ങനെ ചെയ്യുന്നത് അധാർമികമാണെന്ന് നമ്മൾ പറയാറില്ല. പക്ഷേ, അകാരണമായി ഒരു പട്ടിയെ മനുഷ്യൻ ഉപദ്രവിച്ചാൽ, അല്ലെങ്കിൽ ഒരു മനുഷ്യൻ മനുഷ്യനെ ഉപദ്രവിച്ചാൽ അത് അധാർമികതയാണെന്ന് നമ്മൾ പറയും. മനുഷ്യന് നന്മ ചെയ്യാൻ കഴിവും വാസനയും ഉള്ളതു പോലെ തിന്മ ചെയ്യാനുള്ള കഴിവും വാസനയുമുണ്ട്. മനുഷ്യന് ധാർമികനാവാനുള്ള പ്രചോദനമെന്ത് എന്നത്  പ്രധാനപ്പെട്ട ചോദ്യമാണ്. ഡോക്കിൻസ് ധാർമികതക്ക് പറയുന്ന പരിണാമപരമായ എല്ലാ കാരണങ്ങളും സ്വാർഥപരമാണ്. മനുഷ്യന്റെ ധാർമികമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനോ മനുഷ്യന്റെ മഹത്തായ ത്യാഗങ്ങളെ വിശദീകരിക്കാനോ പരിണാമ വാദത്തിന് കഴിയില്ല. സ്രഷ്ടാവും സർവജ്ഞനുമായ ദൈവത്തിന്റെ ഇഷ്ടവും പ്രീതിയും കാംക്ഷിച്ചുകൊണ്ട് നന്മ ചെയ്യുക എന്നതിലൂടെ ധാർമികതക്ക് ശക്തവും യുക്തിഭദ്രവുമായ ഒരു പ്രചോദനം നൽകാൻ  ഇസ്്ലാമിന് കഴിയുന്നുണ്ട്. ധാർമികതയുടെ മാനദണ്ഡമെന്ത് എന്ന അടിസ്ഥാന ചോദ്യം ഉന്നയിച്ചുകൊണ്ട് മാത്രമേ ധാർമികതയെക്കുറിച്ച ഏത് ചർച്ചയും വികസിക്കുകയുള്ളൂ. ധാർമികതയുടെ ഭൗതികവാദപരമായ വിശദീകരണങ്ങൾ ഇത്തരം ഒരു മാനദണ്ഡം നൽകാൻ പര്യാപ്തമല്ല. ഉദാഹരണത്തിന്, ആരോഗ്യപരമായ കാരണങ്ങളാൽ ലഹരി ഉപേക്ഷിക്കണം എന്ന് പറയുന്നത് തെരഞ്ഞെടുപ്പിന്റെ പ്രശ്നം മാത്രമാണ്. ഒരാൾ സ്വന്തം ആരോഗ്യം അവഗണിച്ചുകൊണ്ട് താൽക്കാലികമായ സന്തോഷത്തിനു വേണ്ടി ലഹരി ഉപയോഗിച്ചാൽ അത് അധാർമികമാണ് എന്നു പറയാൻ നാസ്തികതക്ക് കഴിയില്ല. ധാർമികതക്ക് ദൈവപ്രോക്തമായ മൂല്യ സംഹിത ഇല്ലാതായാൽ ശക്തൻ ദുർബലനെ കീഴ്്പ്പെടുത്തുക എന്ന സോഷ്യൽ ഡാർവിനിസമാണ് സംഭവിക്കുക എന്ന് നാസ്തിക ധാർമികതക്ക് വിശദീകരണം നൽകിയ പീറ്റർ സിംഗറെയും, ദൈവം മരിച്ചു എന്ന് പ്രഖ്യാപിച്ച നീത്ഷെയുടെ വാക്കുകളെയും ഉദ്ധരിച്ചുകൊണ്ട് ടി. മുഹമ്മദ് വേളം വാദിച്ചു.
മനുഷ്യനിൽ സഹജമായിത്തന്നെ ധാർമികതയുണ്ടെന്നും മനുഷ്യനെ ധാർമികനാക്കാൻ മതമൂല്യങ്ങളുടെ ആവശ്യമില്ലെന്നുമാണ് രവിചന്ദ്രൻ വാദിച്ചത്. ശരിതെറ്റുകളെ വേർതിരിക്കാൻ അതത് കാലത്ത് വ്യക്തികളും സമൂഹങ്ങളും സ്വീകരിക്കുന്ന നിയമ, മൂല്യവ്യവസ്ഥയായി ധാർമികതയെ നിർവചിച്ച രവിചന്ദ്രൻ, പക്ഷേ, ധാർമികതയെ നിർണയിക്കുന്ന മാനദണ്ഡമെന്ത് എന്ന ചോദ്യത്തെ അഡ്രസ് ചെയ്തില്ല. വ്യക്തിധാർമികതയും സമൂഹധാർമികതയുമുണ്ട്. അത് രണ്ടും എപ്പോഴും ഒന്നാവണം എന്നില്ല. ധാർമികത കാലത്തിനനുസരിച്ച് വികസിച്ചുകൊണ്ടിരിക്കുന്നതാണ്. പലതരം ധാർമികതയുണ്ട്. അർഹതയുള്ളവയുടെ അതിജീവനം എന്ന പരികൽപനയിൽ അധിഷ്ഠിതമായ പ്രകൃതി ധാർമികത, മത ധാർമികത, ഭരണഘടനാ ധാർമികത ഇങ്ങനെ പലതും. എഴുതിവെച്ച ഒരു പുസ്തകത്തിൽ പറഞ്ഞത് ശരിയോ തെറ്റോ എന്ന് നോക്കാതെ അടിമത്ത മനോഭാവത്തോടെ അനുസരിക്കുന്ന മത ധാർമികതയാണ് ഏറ്റവും മോശം. മൃഗങ്ങൾക്കും ധാർമികതയുണ്ട്. മൃഗങ്ങളും മനുഷ്യനും തമ്മിൽ ധാർമികതയിലുള്ള വ്യത്യാസം മനുഷ്യന്റെ ധാർമികത വികസിച്ചുകൊണ്ടിരിക്കുന്നു എന്നതാണ്. മറ്റുള്ളവർക്ക് ഏറ്റവും കുറച്ച് ദോഷം ഉണ്ടാകുന്ന വിധത്തിൽ പ്രവർത്തിക്കുക എന്നതാണ് ധാർമികത. അത് മനുഷ്യ മസ്തിഷ്ക്കത്തിൽ സഹജമായി ഉള്ളതും മസ്തിഷ്ക വളർച്ചയനുസരിച്ച് സ്വയം പരിഷ്കരിച്ചുകൊണ്ടിരിക്കുന്നതുമാണ്. അന്യനെ ദ്രോഹിക്കുക, പീഡിപ്പിക്കുക എന്നത് ഇന്നത്തെ കാലത്താണ് അധാർമികതയായി കരുതപ്പെടുന്നത്. പഴയ ഗോത്രവർഗങ്ങളിൽ അത് അധാർമികം ആയിരുന്നില്ല. മനുഷ്യനിലെ നന്മയും തിന്മയും തമ്മിൽ സംഘർഷത്തിലാവുമ്പോൾ നന്മ തെരഞ്ഞെടുക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്ന ഘടകം എന്താണ് എന്ന ചോദ്യത്തെ രവിചന്ദ്രൻ അഭിമുഖീകരിച്ചത് കണ്ടില്ല. തിന്മ സമൂഹത്തിന് പൊതുവിൽ ദോഷകരമാണ് എന്ന ഒരു ബോധം മനുഷ്യനിൽ മസ്തിഷ്കപരമായി രൂപപ്പെടും എന്ന വിശദീകരണമാണ് അദ്ദേഹം നൽകിയത്. ഈ ബോധം രൂപപ്പെടണമെങ്കിൽ എന്താണ് നന്മ, എന്താണ് തിന്മ എന്ന് നിർണയിക്കപ്പെടണമല്ലോ. ഇത്‌ കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. മനുഷ്യന്റെ സഹജ ധാർമികതയെയും മസ്തിഷ്ക ബോധ്യങ്ങളെയും ധാർമികതക്ക് അടിസ്ഥാനമാക്കിയാൽ വ്യക്തിനിഷ്ഠ ധാർമികതയാണ് രൂപപ്പെടുക. പീറ്റർ സിംഗർക്കും ഡോക്കിൻസിനും സാം ഹാരിസിനും സി. രവിചന്ദ്രനും ഒരേ തരത്തിലുളള ധാർമിക ബോധ്യങ്ങൾ ഉണ്ടാവണമെന്നില്ല. വ്യക്തിനിഷ്ഠ ധാർമികതയെ സാമൂഹിക ധാർമികതക്ക് അടിസ്ഥാനമാക്കാൻ പറ്റുകയില്ല. പരിണാമപരമായി സ്വന്തം നിലനിൽപിനും അതിജീവനത്തിനുമാണ് മനുഷ്യ മസ്തിഷ്കം മുൻഗണന നൽകുക. മറ്റുള്ളവരുടെ ഗുണത്തിന് വേണ്ടി സ്വന്തം ഗുണത്തെ മാറ്റിവെക്കുന്ന ഒരു പ്രേരണ അതിലില്ല. ഇത്തരം സമസ്യകളെ അഭിമുഖീകരിക്കാൻ സി. രവിചന്ദ്രന്റെ വാദങ്ങൾ പര്യാപ്തമായിരുന്നില്ല.
നവ നാസ്തികരുടെ ധാർമികതാ വാദം വെറും വാചാടോപം മാത്രമാണെന്നും ഫലത്തിൽ അത് സോഷ്യൽ ഡാർവിനിസമാണ് സൃഷ്ടിക്കുന്നതെന്നും സാം ഹാരിസിന്റെ ഇസ്്ലാമോഫോബിക് നിലപാടുകളെയും രവിചന്ദ്രന്റെ തന്നെ സംഘ് പരിവാർ അനുകൂല, സംവരണ വിരുദ്ധ നിലപാടുകളെയും തെളിവ് സഹിതം ഉദാഹരിച്ചു കൊണ്ട് പിന്നീടുള്ള റൗണ്ടുകളിൽ ടി. മുഹമ്മദ്  വാദിച്ചപ്പോൾ രവിചന്ദ്രൻ ശരിക്കും പ്രതിരോധത്തിലായതു പോലെ തോന്നി. സംവരണത്തെ അദ്ദേഹം വിശദീകരിക്കാൻ ശ്രമിച്ചത് സദസ്സിന് ഒട്ടും ബോധ്യപ്പെടുന്ന തരത്തിലായിരുന്നില്ല. മൗദൂദീ വിമർശനത്തിലേക്ക് സംവാദത്തെ വഴിതിരിച്ചുവിടാൻ ഇടക്ക് ഒരു ശ്രമം നടത്തിയെങ്കിലും സഹസംവാദകൻ അതിൽ കയറിപ്പിടിക്കാത്തതുകൊണ്ട് ഒരു പരിധിക്കപ്പുറം അത് മുന്നോട്ടു പോയില്ല.
സാം ഹാരിസിന്റെ അതേ ശൈലിയിൽ ആക്രമണോത്സുകമായ ഇസ്്ലാംവിമർശനം നടത്തുന്ന ആളാണ് സി. രവിചന്ദ്രൻ.  അത്തരത്തിലുള്ള അദ്ദേഹത്തിന്റെ നിരവധി പ്രഭാഷണങ്ങൾ യൂടൂബിൽ ലഭ്യമാണ്. പതിവ് വിമർശനങ്ങൾ സംവാദത്തിലും അദ്ദേഹം ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും മൂർച്ച കുറവായിരുന്നു. ഒട്ടും മുന്നൊരുക്കമില്ലാതെയാണ്  സംവാദത്തിന് വന്നത് എന്ന് നിഷ്പക്ഷ നിരീക്ഷകർക്ക് പോലും തോന്നുന്ന വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. തെളിവില്ല, ഡാറ്റയില്ല, ആത്മവിശ്വാസമില്ല, വിമർശനങ്ങൾക്ക് ആധികാരികതയില്ല. മറുവശത്ത് സഹസംവാദകൻ കൃത്യമായ തെളിവുകൾ ഉദ്ധരിച്ചു കൊണ്ട് രവിചന്ദ്രന്റെ വിമർശനങ്ങളെയും  ആരോപണങ്ങളെയും നിർവീര്യമാക്കിയപ്പോൾ സംവാദത്തിൽ ഇസ്്ലാമികപക്ഷം മികച്ചു നിന്നു.
ചോദ്യോത്തര വേളയിൽ സൗകര്യമുള്ള ചോദ്യങ്ങൾ മാത്രം തെരഞ്ഞെടുത്തും, പല ചോദ്യങ്ങളുടെയും വാലും തലയും മുറിച്ചും മറുപടി പറഞ്ഞ രവിചന്ദ്രന്റെ രീതിയിൽനിന്ന് തീർത്തും ഭിന്നമായിരുന്നു,  മുഴുവൻ ചോദ്യങ്ങളും മോഡറേറ്ററെ വായിക്കാൻ ഏൽപിച്ച് ആത്മവിശ്വാസത്തോടെ മറുപടികൾ നൽകിയ ടി. മുഹമ്മദിന്റെ രീതി. ഇസ്്ലാമിനെ വിമർശിക്കാൻ നാസ്തികർക്ക് ഇസ്്ലാമിനെക്കുറിച്ച് ഒന്നും പഠിക്കേണ്ടതില്ല, പൊതുബോധത്തിന്റെ ആനുകൂല്യം മതി എന്ന് അദ്ദേഹം പറഞ്ഞത് അക്ഷരാർഥത്തിൽ ശരിയാണെന്ന് തോന്നി രവിചന്ദ്രന്റെ വിമർശന രീതി കണ്ടപ്പോൾ. ഒരു ഡാറ്റ പോലും കൃത്യമായി ഉദ്ധരിക്കാതെ സദസ്സിനോട് ഗൂഗിളിൽ നോക്കാൻ പറയുന്ന സംവാദ രീതി ഒട്ടും മതിപ്പുളവാക്കുന്നതായിരുന്നില്ല. സംവാദത്തിന്റെ ഒരു ഘട്ടത്തിൽ, ലോകത്തിൽ ഏറ്റവുമധികം പൊണോഗ്രഫി കാണുന്നവർ മുസ്്ലിം നാടുകളിലുള്ളവരാണ് എന്ന് അദ്ദേഹം ആരോപണമുന്നയിച്ചത്, ഗൂഗിളിൽ ലഭ്യമായ ഒട്ടും ആധികാരികതയില്ലാത്ത ഡാറ്റ ഉപയോഗിച്ചുകൊണ്ടായിരുന്നു. മറുവശത്ത് ടി. മുഹമ്മദ് ഉദ്ധരിച്ച എഫ്.ബി.ഐയുടെയും MI 5 എന്ന ബ്രിട്ടീഷ് ഇന്റലിജൻസിന്റെയും ടെററിസം ഡാറ്റയെ 'സ്പോൺസേഡ്' എന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.
ബുഖാരിയിലെ ഒരു ഹദീസ് രവിചന്ദ്രൻ ഉദ്ധരിച്ച രീതി അദ്ദേഹത്തിന്റെ ബുദ്ധിപരമായ സത്യസന്ധതയിൽ സംശയം ജനിപ്പിക്കുന്നതായിരുന്നു.
"ഒരു മുസ്്ലിം മറ്റൊരു മുസ്്ലിമിന്റെ സഹോദരനാണ്. അവൻ സഹോദരനെ മർദിക്കുകയോ ഒരു മർദകന് ഏൽപിച്ചു കൊടുക്കുകയോ ചെയ്യരുത്. ആരെങ്കിലും സ്വന്തം സഹോദരന്റെ ആവശ്യങ്ങൾ പൂർത്തീകരിച്ചാൽ അല്ലാഹു അവന്റെ ആവശ്യങ്ങൾ പൂർത്തീകരിക്കും" എന്ന ഹദീസ് രവിചന്ദ്രൻ ഉദ്ധരിച്ചത് "ഒരു മുസ്്ലിം തെറ്റു ചെയ്യുകയാണെങ്കിൽ പോലും മറ്റു മുസ്്ലിംകൾ അവനെ സംരക്ഷിക്കണം" എന്നാണ് അതിൽ പറയുന്നത് എന്ന് വാദിച്ചുകൊണ്ടായിരുന്നു.
ഇത്തരം ചില കല്ലുകടികൾ ഒഴിച്ചുനിർത്തിയാൽ സംവാദം ആസ്വാദ്യകരമായ അനുഭവമായിരുന്നു. ഉദ്വേഗജനകമായ ഒരു ബൗദ്ധിക വിരുന്ന്. മാന്യതയുടെ ധാർമികപരിധിക്ക് ഉള്ളിൽനിന്നുകൊണ്ടായിരുന്നു ഇരു സംവാദകരുടെയും ഇടപെടലുകൾ. വ്യക്തിപരമായ അധിക്ഷേപങ്ങളോ കുറ്റപ്പെടുത്തലുകളോ ഉണ്ടായിരുന്നില്ല. രവിചന്ദ്രന്റെ ചില നിലപാടുകളെ സഹസംവാദകൻ വിമർശനവിധേയമാക്കിയത് വ്യക്തിവിമർശനമാണെന്ന് അദ്ദേഹം ആക്ഷേപമുന്നയിച്ചുവെങ്കിലും പൊതു സമൂഹത്തിന് മുന്നിൽ രവിചന്ദ്രൻ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങൾ മാത്രമാണ് ചർച്ചാവിഷയമായത് എന്ന് ടി. മുഹമ്മദ് കൃത്യമായും വിശദീകരിക്കുകയുണ്ടായി. മറ്റു നാസ്തികരുടെ നിലപാടുകൾ പോലും ഏറ്റെടുക്കാൻ തയാറാവാത്ത സ്വതന്ത്ര ചിന്തകനായ ഒരു നാസ്തികൻ സ്വന്തം നിലപാടുകൾ വിമർശിക്കപ്പെടുമ്പോൾ ധൈര്യപൂർവം അതേറ്റെടുക്കുകയും മറുപടി പറയുകയുമാണല്ലോ വേണ്ടത്.
ഇസ്്ലാമിന്റെ പക്ഷത്തുനിന്ന് നോക്കിയാൽ സംവാദം കേരളത്തിൽ അടുത്ത കാലത്ത് നടന്ന ഇസ്്ലാം - നാസ്തിക സംവാദങ്ങളുടെ തുടർച്ചയും പുതിയ വഴിത്തിരിവുമായിരുന്നു. ഇസ്‌ലാമിന്റെ വിശ്വാസ, ധാർമിക കാഴ്ചപ്പാടുകളോടൊപ്പം സാമൂഹിക, രാഷ്ട്രീയ നിലപാടുകളും ഭംഗിയായി അനാവരണം ചെയ്യപ്പെട്ടു എന്നതാണ് സംവാദത്തിന്റെ സവിശേഷത.
ടി. മുഹമ്മദിന്റെ പ്രസാദാത്മകമായ ഭാഷയും ശൈലിയും ആത്മവിശ്വാസം സ്ഫുരിക്കുന്ന അവതരണവും അതിന് ഏറെ സഹായകമായി. ചോദ്യങ്ങൾക്കും വിമർശനങ്ങൾക്കും അദ്ദേഹം നൽകിയ മറുപടികൾ ഇസ്്ലാമിന്റെ മൂല്യങ്ങളെയും തത്ത്വങ്ങളെയും ജ്വലിപ്പിച്ചു നിർത്തുന്നതായിരുന്നു. ഏത് സത്യാന്വേഷിയിലും കൗതുകവും ജിജ്ഞാസയും ജനിപ്പിക്കുന്നതായിരുന്നു സംവാദത്തിലുടനീളം അദ്ദേഹത്തിന്റെ സംസാരം.
സൗഹൃദ പൂർണമായ ആശയ സംവാദങ്ങൾ ഇനിയും ധാരാളമായി നടക്കണം. ആശയങ്ങൾ നിരന്തരം മാറ്റുരക്കപ്പെടണം. അത് സഹിഷ്ണുതയുടെയും  സംസ്കാരത്തിന്റെയും ഭാഗം കൂടിയാണ്. ഏത് വിമർശകന്റെ മുമ്പിലും സത്യത്തിലേക്ക് ഒരു വാതിൽ തുറന്നുവെക്കേണ്ടതുണ്ട്. എപ്പോഴാണ്, ആരുടെ മനസ്സിലേക്കാണ് നേരിന്റെ അഗ്നിജ്വാലകൾ തുളച്ചുകയറുക എന്ന് പറയാനാവില്ലല്ലോ. l

Comments