റമദാനിലൂടെ അര്‍ശിന്റെ തണലിലേക്ക്
ഒരു തണലുമില്ലാതെ അലയുന്ന മനുഷ്യര്‍. തണലും തുണയും തേടി ശിപാര്‍ശകരെ തേടി മടുക്കുന്നു. കൊടും ചൂടിലും വെയിലിലും വിയര്‍ത്തൊലിച്ച് വിയര്‍പ്പില്‍ മുങ്ങിക്കഴിയുന്നു. ഇനിയെവിടേക്കോടുമെന്ന് അവര്‍ വിലപിക്കുന്നു. സര്‍വലോക നാഥനിലേക്കല്ലാതെ മറ്റൊരു വഴിയുമില്ലെന്നവര്‍ തിരിച്ചറിയുന്നു...
പക്ഷേ, ഈ ഭയാനകതകള്‍ക്കിടയിലും ചിലരെ അല്ലാഹു തെരഞ്ഞുപിടിച്ച് തന്റെ ചാരത്തേക്കണക്കുന്നു. തന്റെ അര്‍ശിന്റെ തണലില്‍ അവരെ സ്വീകരിച്ചിരുത്തുന്നു. അവരെ തന്റെ തണലിനാല്‍ ആശ്ലേഷിക്കുന്നു. ആശ്വസിപ്പിക്കുന്നു.
ഇക്കൂട്ടരില്‍ പ്രധാനപ്പെട്ടൊരു വിഭാഗം യൗവനത്തിന്റെ ചുറുചുറുക്കുള്ളവരാണ്. അല്ലാഹുവിനുള്ള ഇബാദത്തിലും അനുസരണയിലും യുവത്വം ചെലവഴിച്ചവരാണവര്‍. അല്ലാഹുവിന് വേണ്ടി മാത്രം സ്‌നേഹിച്ചവരും മനസ്സിനെ പള്ളികളോട് ചേര്‍ത്തുവെച്ചവരുമെല്ലാം അവരുടെ കൂട്ടത്തിലുണ്ട്.
അല്ലാഹുവിന്റെ ദീനിന്റെ മാര്‍ഗത്തില്‍ ജീവിതം സമര്‍പ്പിച്ച് ജീവിച്ച ചെറുപ്പത്തിന് നബി(സ)യുടെ സന്തോഷ വാര്‍ത്തയാണിത്. മനുഷ്യര്‍ നാഥന്റെ അഭയം തേടിയലയുമ്പോള്‍ നാഥന്‍ അവരെ തേടിയെത്തും. അവരെ പ്രത്യേകമായി സ്വീകരിച്ചാനയിക്കും. അവരെ അര്‍ശിന്റെ ചാരത്തേക്കണക്കും. തണലേകി സംരക്ഷിക്കും.
ദീനിനെ ജീവിതത്തിന്റെ മുഖ്യ പരിഗണനയാക്കി അല്ലാഹുവിന്റെ തണലിലേക്ക് ചായാനുള്ള സുവര്‍ണാവസരമാണ് റമദാന്‍. ചോരത്തിളപ്പുള്ള നാളുകളില്‍ നാഥന്റെ കല്‍പനകള്‍ക്ക് കീഴൊതുങ്ങി ചിട്ടയോടെ റമദാനെ ഉപയോഗപ്പെടുത്തിയാല്‍, തീര്‍ച്ചയായും ചെറുപ്പത്തിന് പ്രത്യേകമായി വാഗ്ദാനം ചെയ്ത അര്‍ശിന്റെ തണല്‍ നമുക്ക് നേടാനാകും. അല്ലാഹുവിലേക്ക് നാമടുത്താല്‍ അവന്‍ നമ്മെ ചേര്‍ത്തണക്കും. അവനിലേക്ക് നടന്നടുത്താല്‍ അവന്‍ നമ്മിലേക്ക് ഓടിയെത്തും.
ഖുര്‍ആനിലൂടെ അല്ലാഹുവിലേക്ക്
റമദാനെ ഖുര്‍ആന്റെ മാസമെന്നാണ് വിളിക്കാറ്. നബി(സ)ക്ക് ദൈവിക വെളിപാട് ആരംഭിച്ചത് ഈ മാസമാണ്. തിരുദൂതര്‍ വേദഗ്രന്ഥത്തിലെ ഉള്ളടക്കം ആവര്‍ത്തിച്ച് മലക്കിലൂടെ കേള്‍ക്കാറുണ്ടായിരുന്നതും ഈ മാസമാണ്. അതിനാല്‍, ഖുര്‍ആന് റമദാനില്‍ വലിയ പരിഗണനയാണുള്ളത്.
ഖുര്‍ആന്‍ നമ്മോടുള്ള അല്ലാഹുവിന്റെ സംസാരമാണല്ലോ. ആ മനസ്സോടെ നമുക്ക് അല്ലാഹുവിന്റെ വചനങ്ങളെ സമീപിക്കാനാകണം. അപ്പോള്‍ ഖുര്‍ആന്‍ പാരായണം ചെയ്തും പഠിച്ചും മനഃപാഠമാക്കിയും ആസ്വദിച്ചും അല്ലാഹുവോടൊപ്പമാകാന്‍ നമുക്കാവും. ഖുര്‍ആനിലെ ഓരോ വാക്കുകളിലും സ്രഷ്ടാവിനെ കാണുമ്പോള്‍ നമുക്ക് അവന്‍ കൂടെയുള്ളതായി അനുഭവപ്പെടും. അങ്ങനെ ജീവിതത്തിന്റെ ഏത് നിമിഷവും അവന്‍ കൂടെയുണ്ടെന്ന കരുത്തുണ്ടാകും. അതിനനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താനാകും. അങ്ങനെ റമദാന്റെ പരിശുദ്ധ നിമിഷങ്ങളില്‍ ഖുര്‍ആനിലൂടെ അല്ലാഹുവിന്റെ കരുതലിലേക്ക് ചേക്കേറാന്‍ യുവത്വത്തിന്റെ ചുറുചുറുക്കോടെ നമുക്ക് സാധിക്കും.
ദുആ-ദിക്‌റുകളിലൂടെ സാമീപ്യത്തിലേക്ക്
ദൈവിക വചനങ്ങളിലൂടെ അവനോട് സംവദിക്കുക. അപ്പോള്‍ അല്ലാഹു തന്നോടൊപ്പമുണ്ടെന്ന ഓര്‍മ ദിക്‌റുകളായി നമ്മുടെ ചുണ്ടുകളിലെത്തും. സര്‍വലോകാധിപന്റെ മുന്നില്‍ തന്റെ ദൗര്‍ബല്യങ്ങള്‍ തിരിച്ചറിയുന്ന മുറക്ക് അവനോടുള്ള അര്‍ഥനകളാല്‍ നാവുകള്‍ നനയും. അങ്ങനെ ദിക്‌റുകളും ദുആകളും അല്ലാഹു കൂടെയുണ്ടെന്ന ബോധ്യത്തെ ശക്തമാക്കും. അല്ലാഹുവിന്റെ നിത്യസാമീപ്യമെന്ന (മഇയ്യത്തുല്ലാഹ്) അനുഭൂതിയിലേക്ക് നാമുയരും.
റമദാനിന്റെ പ്രത്യേകതകൾ കൂടി മനസ്സിലാക്കി നാഥനോട് പ്രശ്‌നങ്ങളും പരിഭവങ്ങളും പറയാന്‍ തുടങ്ങുക. അതോടെ വ്യര്‍ഥങ്ങളും വ്യാജങ്ങളും നിറയുന്ന നാവും ചുണ്ടുമെല്ലാം കീര്‍ത്തനങ്ങളാലും അര്‍ഥനകളാലും നിറയും. ഭൗതിക ലോകത്തെ മറ്റെന്തിനെക്കാളും ലഹരിയുള്ളതായി ദിക്‌റുകള്‍ മാറും. യുവത്വത്തിന്റെ ആസ്വാദനങ്ങള്‍ നാഥനില്‍ കേന്ദ്രീകരിക്കാന്‍ നമുക്കാവും.
ദാനങ്ങളിലൂടെ സഹജീവികളിലേക്ക്
സ്രഷ്ടാവിനോടുള്ള ബാധ്യതയുടെ അനിവാര്യതയും പൂര്‍ത്തീകരണവുമാണ് സൃഷ്ടികളോടുള്ള പരിഗണനകള്‍. ഭൂമിയോടുള്ള ബന്ധമുപേക്ഷിച്ച് എപ്പോഴും തപസ്സിരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നില്ല ഇസ്‌ലാം. ആരാധനകളില്‍ തപസ്സിന്റെ ശ്രദ്ധയോടെ മുഴുകുക. അതു കഴിഞ്ഞ് പോരാളിയുടെ ആവേശത്തോടെ സഹജീവികള്‍ക്കിടയില്‍ വ്യാപരിക്കുക- ഇതാണ് നബിചര്യ.
റമദാനും നോമ്പും ഈ ചര്യയെ കൃത്യമായി ഓര്‍മിപ്പിക്കുന്നുണ്ട്. ആരാധനകള്‍, സ്മരണകള്‍ എന്നിവക്കൊപ്പം തനിക്കുള്ള ധനത്തില്‍നിന്ന് മറ്റുള്ളവര്‍ക്ക് നാം നല്‍കണം. സമ്പന്നരുടെ ധനത്തില്‍ ചുറ്റുമുള്ള പലര്‍ക്കും നിര്‍ബന്ധ അവകാശമുണ്ട്. അതാണ് സകാത്ത്. യുവത്വത്തിന്റെ തിളപ്പില്‍ നാം സമ്പാദിക്കുന്നത് നിശ്ചിത അളവില്‍ കൂടുതലുണ്ടെങ്കില്‍ അതില്‍നിന്ന് അവകാശികള്‍ക്ക് നാം നിര്‍ബന്ധ ബാധ്യതകള്‍ കൊടുത്തുവീട്ടണം. അത് കണക്കാക്കുന്നതില്‍ നോമ്പിലൂടെ നേടിയ സൂക്ഷ്മത നമ്മെ സഹായിക്കും.
നാടിന്റെ ചുറുചുറുക്കുള്ള ചെറുപ്പമെന്ന നിലയില്‍ നമുക്ക് ഈ നിര്‍ബന്ധ സാമ്പത്തിക ബാധ്യതകള്‍ മാത്രമല്ല ഉള്ളത്. നാടിനും നാട്ടാര്‍ക്കും വേണ്ടിയുള്ള വേറെയും കുറെ ആവശ്യങ്ങളുണ്ട്. അവയെല്ലാം പൂര്‍ത്തീകരിക്കുന്നതിന് നമ്മള്‍ മുന്നിട്ടിറങ്ങണം. ഉള്ള സമ്പാദ്യത്തില്‍നിന്ന് കഴിയുന്നത് നീക്കിവെച്ച് ദൈവമാര്‍ഗത്തില്‍ ചെലവാക്കണം. അതോടൊപ്പം മറ്റുള്ളവരില്‍നിന്ന് സമ്പത്ത് ശേഖരിച്ച് ജനോപകാരത്തിനായി വിനിയോഗിക്കണം. കോടികള്‍ സമ്പാദിക്കുന്നവന്‍ നല്‍കുന്ന നൂറു രൂപയെക്കാള്‍ രണ്ട് രൂപ സമ്പാദിക്കുന്നവര്‍ നല്‍കുന്ന ഒരു രൂപ അല്ലാഹുവിങ്കല്‍ വിലപ്പെട്ടതാണെന്ന് മുത്ത് നബി(സ) പഠിപ്പിച്ചത് നമുക്ക് പ്രചോദനമാകണം.
സമ്പാദിക്കുന്ന ശീലമുണ്ടാവല്‍ ചെറുപ്പത്തിലേ നല്ലതാണ്. അതോടൊപ്പം ചെലവഴിച്ചും നമ്മള്‍ പഠിക്കണം. സമ്പാദ്യം ചെലവിനനുസരിച്ച് ക്രമീകരിക്കാനും വരവിനനുസരിച്ച് ജീവിക്കണമെന്ന ബോധ്യമുണ്ടാകാനും ഈ ചെലവഴിക്കല്‍ പരിശീലനം നല്ലതാണ്.
കെട്ടഴിച്ച കാറ്റിനെപ്പോലെ നബി(സ) റമദാനില്‍ ചെലവഴിക്കുമായിരുന്നു. കാറ്റിനെപ്പോലെ സഹജീവികള്‍ക്കിടയില്‍ ഉപകാരങ്ങളായി വ്യാപിക്കാന്‍ നമുക്ക് സാധിക്കണം. അപ്പോഴാണ് നോമ്പിന്റെ ഗുണം സൃഷ്ടികള്‍ക്കിടയില്‍ നിറയുകയുള്ളൂ.
തിരക്കുകള്‍ക്കിടയില്‍ വിര്‍ദുകളിലേക്ക്
വിര്‍ദുകള്‍ എന്നത് വിശ്വാസിയുടെ ജീവിതത്തിലുള്ള നിര്‍ണിതമായ അനുഷ്ഠാനങ്ങളാണ്. ആരാധനകളായും ദിക്‌റുകളായും ദുആകളായും പാരായണങ്ങളായും പ്രവര്‍ത്തനങ്ങളായും അത് ജീവിതത്തെ നനവുള്ളതാക്കും. വിര്‍ദ് എന്ന വാക്ക് അറബിയില്‍ ഒട്ടകം വെള്ളം കുടിക്കാന്‍ പോകുന്നതിനെയാണ് സൂചിപ്പിക്കുന്നത്. വിശ്വാസിയുടെ ജീവിതത്തെ നനവുള്ളതാക്കി നിലനിര്‍ത്തുന്നതാണിവയെന്ന് സാരം.
യൂത്ത് എന്ന നിലയില്‍ മത്സരത്തിന്റെ ലോകത്താണ് നമ്മളുള്ളത്. സംരംഭങ്ങള്‍, ഉല്‍പാദനങ്ങള്‍, ജോലികള്‍, പ്രവര്‍ത്തനങ്ങള്‍, ഗവേഷണം, പഠനം എന്നിവയിലെല്ലാം വേഗതക്കാണ് മുഖ്യ പരിഗണന. വേഗത്തിലോടാനാകാത്തവന്‍ വീണു പോകുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
റമദാനിലും ജീവിതത്തിനായുള്ള ഓട്ടത്തിലാകും നമ്മള്‍. ഈ സമ്പാദനങ്ങള്‍ ജീവിതത്തിന്റെ അടിസ്ഥാന ഘടകമായതിനാല്‍ അവ നമുക്ക് ഉപേക്ഷിക്കാനാവില്ല. അപ്പോള്‍ ആ തിരക്കുകള്‍ക്കിടയില്‍ നമുക്ക് റമദാനിനെ ഉപയോഗപ്പെടുത്താനും സാധിക്കണം. അതിനായുള്ള പ്രത്യേക ഒരുക്കങ്ങള്‍ നമ്മള്‍ ചെയ്യേണ്ടതുണ്ട്. അതിനുള്ള പ്രധാന മാര്‍ഗമാണ് റമദാനില്‍ നാം പ്രത്യേകമായി നിശ്ചയിക്കുന്ന വിര്‍ദുകള്‍. പണികളും ജോലികളും ചെയ്യുന്നതിനിടയില്‍ സാധിക്കുന്നവ നിശ്ചയിക്കണം. യാത്രയില്‍ സാധിക്കുന്നവ അതിനനുസരിച്ച് തയാറാക്കണം. പ്രവര്‍ത്തന സമയത്തിനിടക്കും ശേഷവുമായി ഇത്തരം അനുഷ്ഠാനങ്ങള്‍ ക്രമീകരിക്കണം.
സ്‌ക്രീനിലൂടെ ഹൃദയത്തിലേക്ക്
സ്‌ക്രീനുകള്‍ ജീവിതത്തിന്റെ ഒഴിവാക്കാനാകാത്ത ഭാഗമായവരാണ് യുവ തലമുറ. ജോലിയും പഠനവും അധ്യാപനവുമെല്ലാം ഇന്ന് സ്‌ക്രീനുകളെ ആശ്രയിച്ചാണ് മുന്നോട്ടു പോകുന്നത്. ഫോണുകള്‍, ടാബുകള്‍, ലാപ്പുകള്‍ പോലുള്ളവ ഒഴിവാക്കല്‍ ഇപ്പോള്‍ സാധ്യമല്ല. അതിനാല്‍, അവയെ കൂടി ഉപയോഗപ്പെടുത്തി റമദാനിനെ ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാം എന്ന് നമുക്കാലോചിക്കാം.
വിര്‍ദുകള്‍, ദിക്‌റുകള്‍, പഠനങ്ങള്‍ എന്നിവ ഓര്‍മിപ്പിക്കാനും അവ പ്രയോഗവൽക്കരിക്കാനും സ്‌ക്രീനുകള്‍ ഉപയോഗിക്കാം. അതിന് സഹായിക്കുന്ന ആപ്പുകളും മറ്റും ഇന്ന് ലഭ്യമാണ്. അവ പരമാവധി ഉപയോഗിക്കണം. അങ്ങനെ സ്‌ക്രീനിലൂടെ കണ്ണുകളും വിരലുകളും ചലിക്കുന്നതുപോലെ ഹൃദയവും ചലിക്കുന്ന രീതിയിലേക്ക് നാമുയരണം. പുതിയ തലമുറകളെന്ന നിലയില്‍ ടെക്‌നോളജിയെ ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ നമുക്ക് സാധിക്കും. അതിനായുള്ള പ്ലാനുകള്‍ തയാറാക്കുക.
സ്‌ക്രീന്‍ ടൈം (ഫോണും മറ്റുമടങ്ങുന്ന ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന സമയം) നിര്‍ണയിക്കാനും നമുക്ക് സാധിക്കണം. കാരണം, റമദാനിലെ ആരാധനകളെയും അനുഷ്ഠാനങ്ങളെയും ബാധിക്കുന്ന തരത്തിലുള്ള ഓണ്‍ലൈന്‍ ജീവിതം ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കാനാകണം. അപ്പോള്‍ മാത്രമേ പുണ്യമാസത്തെ ക്രിയാത്മകമായി ഉപയോഗിക്കാനാകൂ. നമ്മോടൊപ്പം കുടുംബത്തെയും അത് ശീലിപ്പിക്കണം. l
Comments