Prabodhanm Weekly

Pages

Search

2023 മാർച്ച് 24

3295

1444 റമദാൻ 02

ഇന്ത്യൻ യൂനിയൻ മുസ്്ലിം ലീഗ് എഴുപത്തിയഞ്ച് വർഷം പിന്നിടുമ്പോൾ

കെ.ടി ഹുസൈൻ

എഴുപത്തിയഞ്ച് വർഷം  ഒരു സംഘടനയെ സംബന്ധിച്ചേടത്തോളം ചെറിയ കാലയളവല്ല. പ്രഖ്യാപിത ലക്ഷ്യം നേടിയെടുക്കാൻ എന്തുകൊണ്ടും സാധ്യമാകുന്ന കാലയളവ് തന്നെയാണത്. 1906- ൽ ധാക്കയിൽ രൂപം കൊണ്ട സർവേന്ത്യാ മുസ്്ലിം ലീഗാകട്ടെ, 1948-ൽ രൂപം കൊണ്ട ഇന്ത്യൻ യൂനിയൻ മുസ്്ലിം ലീഗാകട്ടെ അതിന്റെ  പ്രഖ്യാപിത ലക്ഷ്യം ജനാധിപത്യം നിലനിൽക്കുന്ന ഒരു ബഹുമത സമൂഹത്തിൽ സക്രിയമായ രാഷ്ട്രീയ ഇടപെടലുകളിലൂടെ മുസ്്ലിം സമുദായത്തിന്റെ അഭിമാനകരമായ നില നിൽപ് ഉറപ്പുവരുത്തുക എന്നതായിരുന്നു. അധികം സിദ്ധാന്ത ഭാരങ്ങളൊന്നുമില്ലാതെ ഏവർക്കും മനസ്സിലാകുന്ന രാഷ്ട്രീയമായിരുന്നു മുസ്്ലിം ലീഗിന്റേത്. അതുകൊണ്ടുതന്നെയാണ് സമൂഹത്തിൽ വിലയും സ്വാധീനവുമുള്ള  മഹാ പണ്ഡിതൻമാരും നേതാക്കളും ശക്തമായി എതിർത്തിട്ടും, തൊള്ളായിരത്തി മുപ്പതുകൾക്ക് ശേഷം കൊളോണിയൽ ഇന്ത്യയിലെ  മുസ്്്ലിംകളുടെ ഏറ്റവും വലിയ ബഹുജന രാഷ്ട്രീയ പാർട്ടിയാകാൻ ജിന്നയുടെ നേതൃത്വത്തിൽ  സർവേന്ത്യാ മുസ്്ലിം ലീഗിന് സാധിച്ചത്.
പലരും തെറ്റിദ്ധരിച്ചിരിക്കുന്നതു പോലെ  പാകിസ്താൻ എന്ന വേറിട്ട ഒരു രാജ്യം സർവേന്ത്യാ മുസ്്ലിം ലീഗിന്റെ  പ്രഖ്യാപിത ലക്ഷ്യമായിരുന്നില്ല. ഒരു മത വിഭാഗത്തിന് മൃഗീയ ഭൂരിപക്ഷമുള്ള  ഒരു രാജ്യത്ത് പ്രായപൂർത്തി വോട്ടവകാശത്തിലൂടെ അധികാരം തീരുമാനിക്കപ്പെടുന്ന പടിഞ്ഞാറൻ മോഡൽ ജനാധിപത്യ ഘടനയിൽ, മുസ്്ലിംകൾ എത്ര വലിയ ന്യൂനപക്ഷമായാലും അവർ രാഷ്ട്രീയമായും സാംസ്കാരികമായും  അപരവൽക്കരിക്കപ്പെടുമെന്ന ന്യായമായ ആശങ്കയെ  ജനസംഖ്യാനുപാതിക പ്രാതിനിധ്യത്തിലൂടെ മറികടക്കുകയായിരുന്നു  ലീഗിന്റെ പ്രഖ്യാപിത ലക്ഷ്യം. ഈ ആശങ്കയുടെ വേരുകൾ കൊളോണിയൽ ഇന്ത്യയിലെ ഏറ്റവും വലിയ സാമൂഹിക പരിഷ്്കർത്താവായ സർ സയ്യിദ് അഹ്്മദ് ഖാനിലായിരുന്നു. 1885-ൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ് രൂപവത്കരിക്കുന്ന കാലത്ത് തന്നെ മുസ്്ലിംകൾ അതിൽ ചേരുന്നത് അവർക്ക് ഒരു നിലക്കും ഗുണകരമല്ല എന്ന നിലപാടായിരുന്നു സർ സയ്യിദിന്. പലരും അതിനെ  തെറ്റായി മനസ്സിലാക്കിയത് സർ സയ്യിദിന്റെ കൊളോണിയൽ ദാസ്യമായിട്ടാണ്.  കോൺഗ്രസ് സവർണ ഹിന്ദു താൽപര്യം മാത്രമേ സംരക്ഷിക്കുകയുള്ളൂ, അതിനാൽ തങ്ങളുടെ രാഷ്ട്രീയാവകാശം നേടിയെടുക്കാൻ മുസ്്ലിംകൾ സ്വയം സംഘടിക്കണം എന്ന സർ സയ്യിദിന്റെ നിലപാടായിരുന്നു യഥാർഥത്തിൽ അദ്ദേഹത്തിന്റെ കോൺഗ്രസ് വിരോധത്തിന് പിറകിൽ. 1906-ൽ ധാക്കയിൽ മുസ്്ലിം ലീഗ് നിലവിൽ വന്നതോടെയാണ് സർ സയ്യിദിന്റെ ആഗ്രഹം സാക്ഷാൽക്കരിക്കപ്പെട്ടത്. അപ്പോഴേക്ക് സർ സയ്യിദ് കാലയവനികയിൽ മറഞ്ഞിരുന്നു. എന്നാൽ, സർവേന്ത്യാ മുസ്്ലിം ലീഗ് മുന്നോട്ടു വെച്ച ഈ മുസ്്ലിം സ്വത്വ രാഷ്ട്രീയം  പല സംഘർഷങ്ങളിലൂടെയും കടന്നുപോയി.  ഒടുവിൽ  മുഹമ്മദലി ജിന്ന പോലും  ഒരു ഘട്ടത്തിൽ  മലർപ്പൊടിക്കാരന്റെ സ്വപ്നമായി കരുതി തള്ളിക്കളഞ്ഞ, പാകിസ്താൻ എന്ന പുതിയ രാജ്യത്തിന്റെ പിറവിയിൽ കലാശിച്ചത് വിധിയുടെ കളിയായി മനസ്സിലാക്കുന്നതാണ് ഉചിതം. അതിന്റെ ഉത്തരവാദികൾ ആരൊക്കെ  എന്ന  വിചാരണക്കൊന്നും  ഇപ്പോൾ പ്രസക്തിയില്ല.
എന്തു തന്നെയായാലും വിഭജനത്തിന്റെ മുറിവിൽ നിന്ന്  ചോര വാർന്ന്  തീരാതിരുന്ന  കാലത്ത് ഇന്ത്യൻ യൂനിയൻ മുസ്്ലിം ലീഗിന്റെ പുനഃസംഘടനയെ കുറിച്ച് പലർക്കും ആലോചിക്കാൻ പോലും കഴിയാതിരുന്ന സാഹചര്യത്തിലാണ്  1948 മാർച്ച് 10-ന്  മദ്രാസിലെ  രാജാജി ഹാളിൽ ഇന്ത്യൻ യൂനിയൻ മുസ്്ലിം ലീഗ് മുഹമ്മദ് ഇസ്്മാഈൽ സാഹിബിന്റെയും സീതി സാഹിബിന്റെയും നേതൃത്വത്തിൽ പിറന്നു വീഴുന്നത്.  പ്രതിസന്ധി ഘട്ടത്തിൽ ഒരു സംഘടനയുടെ ഒന്നാം നിര നേതാക്കൾ പതറി മാറിനിൽക്കുകയോ അല്ലെങ്കിൽ  മറ്റൊരു തോണിയിലേക്ക് കാൽ മാറ്റിച്ചവിട്ടുകയോ ചെയ്തപ്പോൾ അതിലെ രണ്ടാം നിര നേതാക്കൾ  രംഗത്തു വന്ന് ചരിത്രത്തിന്റെ ഭാഗധേയം കൈയേൽക്കുന്ന  അത്ഭുതകരമായ പ്രതിഭാസമായാണ്  മുഹമ്മദ് ഇസ്്മാഈൽ സാഹിബിലൂടെ സ്വതന്ത്ര ഇന്ത്യയിൽ മുസ്്ലിം ലീഗിന്റെ പിറവി. കാരണം, സ്വാതന്ത്ര്യത്തിന് മുമ്പ്  സർവേന്ത്യാ മുസ്്ലിം ലീഗിന്റെ  മുൻനിര നേതാക്കൾ ജിന്നയും ലിയാഖത്തലി ഖാനും കഴിഞ്ഞാൽ യു.പിയിലെ  ചൗധരി ഖലീഖുസ്സമാനും ബംഗാളിലെ  സുഹ്റവർദിയും മലബാറിലെ സത്താർ സേട്ടുവും  ആയിരുന്നു. 1936 വരെ കോൺഗ്രസ്സുകാരനായിരുന്ന മുഹമ്മദ് ഇസ്്മാഈൽ സാഹിബ്  അപ്പോൾ ലീഗിൽ ശ്രദ്ധിക്കപ്പെട്ട നേതാവായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. മാത്രമല്ല,  വിഭജനത്തിന് ശേഷം  ഇന്ത്യയിൽ അവശേഷിക്കുന്ന മുസ്്ലിം ലീഗിന്റെ നേതൃത്വം യു.പിയിലെ ലീഗ് നേതാവ് ചൗധരി ഖലീഖുസ്സമാൻ ഏറ്റെടുക്കണം എന്നായിരുന്നു ജിന്നയുടെ ആഗ്രഹം. പക്ഷേ, അദ്ദേഹം  പാകിസ്താൻ രൂപംകൊണ്ട് അധികം കഴിയുന്നതിന് മുമ്പ് പാകിസ്താനിലേക്ക് കുടിയേറുകയാണ് ചെയ്തത്. സുഹ്്റവർദി ലീഗ് പിരിച്ചു വിടണം എന്ന അഭിപ്രായക്കാരനായിരുന്നു. മലബാറിലെ സത്താർ സേട്ടും പാകിസ്താനിലേക്ക് കുടിയേറി.
അങ്ങനെയാണ് 1947 ഡിസംബറിൽ കറാച്ചിയിൽ ചേർന്ന സർവേന്ത്യാ മുസ്്ലിം ലീഗിന്റെ യോഗത്തിൽ വെച്ച് ഇന്ത്യയിൽ മുസ്്ലിം ലീഗിന്റെ പുനഃസംഘടന എന്ന നിയോഗം ഇസ്്മാഈൽ സാഹിബിലും സീതി സാഹിബിലും വന്നുചേരുന്നത്. യോഗത്തിനു ശേഷം പുതിയ നിയോഗവുമായി ഇന്ത്യയിലേക്ക് തിരിക്കുമ്പോൾ ചരിത്രത്തിന്റെ ഭാരം എന്നന്നേക്കുമായി ഒഴിവാക്കാനെന്നോണം രണ്ട് സുപ്രധാന നടപടികൾ ഇസ്്മാഈൽ സാഹിബ് സ്വീകരിച്ചിരുന്നു. അതിലൊന്ന്, സർവേന്ത്യാ മുസ്്ലിം ലീഗിന്റെ പേരിൽ ഉണ്ടായിരുന്ന ബാങ്ക് നിക്ഷേപത്തിൽനിന്ന് ഓഫറുണ്ടായിട്ടും തങ്ങളുടെ വിഹിതം സ്വീകരിച്ചില്ല എന്നതാണ്. രണ്ടാമത്തേത് പാകിസ്താന്റെ നിയുക്ത പ്രധാനമന്ത്രി ലിയാഖത്തലി ഖാനെ സന്ദർശിച്ച്,  ഇന്ത്യൻ മുസ്്ലിംകളുടെ  ഒരു പ്രശ്നത്തിലും ഭാവിയിൽ പാകിസ്താൻ ഇടപെടരുതെന്ന്  ഇസ്്മാഈൽ സാഹിബ് അഭ്യർഥിച്ചതാണ്. ഇസ്്മാഈൽ സാഹിബിന്റെ ഈ രണ്ട് നടപടികളെയും  അദ്ദേഹത്തിന്റെ ദൂരക്കാഴ്ച  എന്നല്ലാതെ മറ്റൊന്നുകൊണ്ടും  വിശേഷിപ്പിക്കാനാവില്ല.
പാർട്ടി രൂപവത്കരണത്തിനായി 1948 മാർച്ചിൽ ഇസ്മാഈൽ സാഹിബ് മദ്രാസിൽ  വിളിച്ചു ചേർത്ത യോഗത്തിൽ 100 കൗൺസിലർമാരിൽ മുപ്പത് പേർ മാത്രമാണ് പങ്കെടുത്തത്. പങ്കെടുത്തവരിൽ തന്നെ കേരളത്തിൽ നിന്നുള്ള ഹസൻ കോയ അടക്കമുള്ള പലരും ലീഗ് പുനഃസംഘടിപ്പിക്കരുത് എന്ന അഭിപ്രായമാണ് യോഗത്തിൽ പ്രകടിപ്പിച്ചത്. മാത്രമല്ല,  ഇന്ത്യയുടെ പ്രഥമ ഗവർണർ ജനറലായിരുന്ന മൗണ്ട് ബാറ്റൺ വഴി, ലീഗ് പുനഃസംഘടിപ്പിക്കാതിരിക്കാൻ പ്രധാനമന്ത്രിയായിരുന്ന ജവഹർ ലാൽ നെഹ്റു ഇസ്്മാഈൽ സാഹിബിൽ കടുത്ത  സമ്മർദം ചെലുത്തുകയും ചെയ്തിരുന്നു. അതിനെയെല്ലാം അതിജീവിച്ച് ഇസ് മാഈൽ സാഹിബിന്റെയും  സീതി സാഹിബിന്റെയും ഉറച്ച നിലപാടാണ് ലീഗിനെ യാഥാർഥ്യമാക്കിയത്. രണ്ട് പേരും യഥാക്രമം പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെടുകയും  ചെയ്തു.
സ്വാതന്ത്ര്യത്തിന്  ശേഷമുള്ള 1952-ലെ ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ മദ്രാസ് നിയമ സഭയിലേക്ക് അഞ്ച് പേരെ വിജയിപ്പിക്കാൻ  ലീഗിന് കഴിഞ്ഞു. ആ അഞ്ച് പേരിൽ ഒരാൾ ചടയൻ എന്ന പേരുള്ള പിന്നാക്ക വിഭാഗക്കാരനായിരുന്നുവെന്നത് ശ്രദ്ധേയമാണ്. ആരെയാണ് കൂടെ നിർത്തേണ്ടത് എന്നതിൽ തുടക്കത്തിലേ മുസ്്ലിം ലീഗിന് നല്ല  ധാരണയുണ്ടായിരുന്നുവെന്നാണ് ചടയന്റെ സ്ഥാനാർഥിത്വം വ്യക്തമാക്കുന്നത്. ഇസ്മാഈൽ സാഹിബ് മദ്രാസിൽ നിന്ന് രാജ്യ സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
കേന്ദ്ര കോൺഗ്രസ് നേതാക്കളുടെ കടുത്ത  ലീഗ് വിരുദ്ധത തുടരുമ്പോഴും തമിഴ്്നാട്ടിലെ കോൺഗ്രസ് നേതാക്കളുമായുള്ള ഇസ്മാഈൽ സാഹിബിന്റെ അടുപ്പം  മൂലം സഖ്യത്തിലേക്കോ ധാരണയിലേക്കോ ആദ്യ തെരഞ്ഞടുപ്പോടു കൂടിത്തന്നെ ലീഗിന് വഴി തുറന്നു. 1952-ലെ രാജാജി മന്ത്രിസഭ നിലവിൽ വന്നത്  ലീഗ് പിന്തുണയോടെയായിരുന്നു. ദ്രാവിഡ കക്ഷികളും ലീഗിന്റെ പിന്തുണ തേടിയിരുന്നു. എന്നാൽ, ഭാവിയിലെ വിശാല സാധ്യത മുന്നിൽ കണ്ടതിനാൽ കോൺഗ്രസ്സുമായുള്ള ധാരണക്കാണ് ഇസ്മാഈൽ സാഹിബ് മുൻഗണന നൽകിയത്. സത്യത്തിൽ രാജാജിയെ പോലുള്ള നേതാക്കളുടെ നിലപാടുകൾക്ക് കോൺഗ്രസ്സിൽ പ്രാമുഖ്യം ലഭിച്ചിരുന്നുവെങ്കിൽ  ഒരു പക്ഷേ, വിഭജനം തന്നെ  സംഭവിക്കുമായിരുന്നില്ല. കാരണം, മുസ്്ലിം സ്വത്വ രാഷ്ട്രീയത്തോട് തുടക്കം മുതൽ തന്നെ അനുഭാവം പുലർത്തിയ കോൺഗ്രസ് നേതാവായിരുന്നു ശ്രീ രാജ ഗോപാലാചാരി. എന്നാൽ,  മുസ്്ലിം സ്വത്വ രാഷ്ട്രീയത്തോട് കടുത്ത വൈരം പുലർത്തിയ ജവഹർ ലാൽ നെഹ്്റുവെന്ന ലിബറൽ രാഷ്ട്രീയക്കാരനും പട്ടേൽ എന്ന ഹിന്ദുത്വവാദ  രാഷ്ട്രീയക്കാരനും ചേർന്നാണ്  സ്വാതന്ത്ര്യ  സമരത്തിന്റെ അന്തിമ ഘട്ടത്തിൽ  കോൺഗ്രസ്സിൽ എല്ലാ കാര്യങ്ങളും  കൈകാര്യം ചെയ്തിരുന്നത്. ഇവരുടെ  മുസ്്ലിം സ്വത്വ രാഷ്ട്രീയത്തോടുള്ള കടുത്ത വിരോധം രാജ്യ വിഭജനം എന്ന തെറ്റായ പരിഹാരത്തിലേക്ക് എത്തിക്കുന്നതിൽ ഒരു പ്രധാന ഘടകമായെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. l
(തുടരും)

Comments