Prabodhanm Weekly

Pages

Search

2023 മാർച്ച് 24

3295

1444 റമദാൻ 02

ഇബാദത്തുകളുടെ ലക്ഷ്യം

നൗഷാദ് ചേനപ്പാടി

عَنْ أَبِي هُرَيْرَة  عَن رَسُول اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قال: إنَّ اللهَ فَرَضَ صِيَامَ رَمَضَانَ عَلَيْكُمْ وَسَنَنْتُ لَكُمْ قِيَامَهُ، فَمَنْ صَامَهُ وَقَامَهُ إِيمَانًا وَاحْتِسَابًا خَرَجَ مِنْ ذُنُوبِهِ كَيَوْمِ وَلَدَتْهُ أُمُّهُ (رواه النسائي و أحمد في مسنده. قال محقق الشّيخ شاكر : اسناده صحيح)
അബൂ ഹുറയ്റ(റ)യിൽ നിന്ന്. അല്ലാഹുവിന്റെ റസൂൽ(സ) പറഞ്ഞു: നിശ്ചയം റമദാനിലെ നോമ്പ് അല്ലാഹു നിങ്ങൾക്ക് നിർബന്ധമാക്കിയിരിക്കുന്നു. അതിലെ രാത്രിനമസ്കാരം ഞാൻ നിങ്ങൾക്ക് സുന്നത്തുമാക്കിയിരിക്കുന്നു. അതിനാൽ, ആരെങ്കിലും ഈമാനോടെയും പ്രതിഫലേച്ഛയോടെയും അതിന്റെ പകലിൽ നോമ്പനുഷ്ഠിക്കുകയും രാത്രി നിന്നു നമസ്കരിക്കുകയും ചെയ്താൽ അവന്റെ ഉമ്മ അവനെ പ്രസവിച്ച ദിവസത്തെപ്പോലെ തന്റെ പാപങ്ങളിൽനിന്ന് അവൻ  മോചിതനായി  പരിശുദ്ധനായിത്തീരുന്നതാണ് (ഇമാം നസാഈ(റ) തന്റെ സുനനിൽ ഉദ്ധരിച്ച ഹദീസ്. ഇമാം അഹ്്മദ് (റ) തന്റെ മുസ്നദിലും സ്വഹീഹായ പരമ്പരയോടെ ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്).

 

റമദ് (رمض) എന്ന വാക്കിന് കരിച്ചുകളയുന്ന കഠിനമായ ചൂട് എന്നാണർഥം. കടുത്ത വേനലിൽ പെയ്യുന്ന മഴക്കും റമദ് എന്നു പറയും. ആ മഴ ഭൂമിയെ തണുപ്പിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു. അതുപോലെ  റമദാൻ വിശ്വാസിയെ പാപങ്ങൾക്കു പ്രേരകമായ വികാരങ്ങളെ തണുപ്പിക്കുകയും പാപങ്ങളിൽനിന്നു ശുദ്ധീകരിക്കുകയും ചെയ്യുന്നു. റമദാനിലെ ഒരു മാസം നോമ്പ് നോറ്റും നിരന്തരം പാപമോചന പ്രാർഥന നടത്തിയും രാത്രി നിന്നു നമസ്കരിച്ചും ആവുംവിധം ദാനധർമങ്ങൾ നിർവഹിച്ചും തന്റെ പാപങ്ങളെ കരിച്ചുകളഞ്ഞുകൊണ്ട് ശവ്വാൽ ഒന്നിന് തന്റെ ഉമ്മ തന്നെ പ്രസവിച്ച  ദിവസത്തെപ്പോലെ പാപരഹിതനായി പരിശുദ്ധമായ അവസ്ഥയിലേക്കെത്തിച്ചേരുന്നു. അതാണ് മേൽകൊടുത്ത ഹദീസിന്റെ സാരം. ഹജ്ജിനെപ്പറ്റിയും ഇതുതന്നെയാണ് അവിടുന്നു പറഞ്ഞത്. ഹജ്ജിന്റെ വിശുദ്ധിക്ക് കോട്ടം തട്ടാത്ത സംസാരമോ പ്രവൃത്തിയോ മനോഭാവമോ ഇല്ലാതെ അത് നിർവഹിച്ചവൻ അവനെ പ്രസവിച്ച ദിവസത്തെപ്പോലെ പരിശുദ്ധനായി മടങ്ങുമെന്ന്.
അഞ്ചുനേരത്തെ നമസ്കാരവും മനുഷ്യനെ അവന്റെ പാപങ്ങളിൽനിന്ന് പരിശുദ്ധനാക്കുന്നു. മനോഹരമായ ഒരു ഉദാഹരണത്തിലൂടെ നബി(സ) ഇതു വ്യക്തമാക്കുന്നത് നോക്കുക.
അബൂ ഹുറയ്റ(റ)യിൽനിന്ന്. അല്ലാഹുവിന്റെ റസൂൽ (സ) തന്റെ സ്വഹാബികളോട് ചോദിച്ചു: 'നിങ്ങളുടെ ഒരാളുടെ വീടിന്റെ വാതിലിനു സമീപത്തുകൂടി ഒരു നദി ഒഴുകുന്നുണ്ടെന്നും ദിവസേന അഞ്ചുനേരവും അവൻ അതിൽ കുളിക്കുന്നുണ്ടെന്നും കരുതുക. എന്നാൽ, അവന്റെ ശരീരത്തിൽ ചേറോ ചെളിയോ അവശേഷിക്കുമോ?' അവർ പ്രതിവചിച്ചു: 'അവന്റെ മേൽ ഒരു ചെളിയും ചേറും അവശേഷിക്കുകയില്ല.' അപ്പോഴവിടുന്ന് പറഞ്ഞു: 'എന്നാൽ അതുപോലെയാണ് അഞ്ചു നേരത്തെ നമസ്കാരവും. അത് മുഖേന അല്ലാഹു അവന്റെ പാപങ്ങളെ മായ്്ച്ചു കളയുന്നു.'
സകാത്തും ഇപ്രകാരം തന്നെ. ആ നാമം പോലും പരിശുദ്ധിയെയും സംസ്കരണത്തെയും സൂചിപ്പിക്കുന്നതാണല്ലോ.
അതായത്, സകാത്ത് സമ്പത്തിനോടുള്ള അടങ്ങാത്ത ആർത്തിയിൽനിന്ന് ഹൃദയത്തെ  മോചിപ്പിച്ച് അതിനെ പരിശുദ്ധമാക്കുന്നു. സാധുക്കൾക്ക് സമ്പന്നരോടുള്ള പകയിൽനിന്നും വിദ്വേഷത്തിൽനിന്നും അവരുടെ ഹൃദയത്തെയും ശുദ്ധമാക്കുന്നു. സകാത്ത് കൊടുക്കുന്നവനെ പാപങ്ങളിൽനിന്ന് അത് പരിശുദ്ധനാക്കുന്നു. അവന്റെ സമ്പത്തിനെ അല്ലാഹു അദൃശ്യമായ നിലയിൽ വർധിപ്പിച്ചു കൊടുക്കുന്നു.
അല്ലാഹു മനുഷ്യന് നിശ്ചയിച്ച നാല് ഇബാദത്തുകളും അവനെ എല്ലാ അർഥത്തിലും സംസ്കരിക്കുന്നതും പാപരഹിതനാക്കി അവനെ പരിശുദ്ധനാക്കുന്നതുമാണ്. ഇവിടെ സവിശേഷം ശ്രദ്ധിക്കേണ്ട കാര്യം, ഈ ഇബാദത്തുകൾ മനുഷ്യനെ സംസ്കരിക്കുന്നതോടൊപ്പം അവ സ്വയം ലക്ഷ്യവുമാണെന്നതാണ്. l

Comments