റമദാനെ വരവേൽക്കുമ്പോൾ
ഒരു റമദാന്‍ കൂടി സമാഗതമാവുന്നു. വിശ്വാസത്തിന്റെയും സംസ്‌കരണത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും പാഠങ്ങള്‍ ജീവിതത്തില്‍ സ്വായത്തമാക്കാനും ആ അടിത്തറയില്‍ പുതുലോക നിർമിതിയെ ത്വരിതപ്പെടുത്താനും വിശ്വാസികളെ സജ്ജമാക്കുന്ന സന്ദര്‍ഭമാണിത്. എന്താണ് റമദാന്‍? റമദാന്റെ ലക്ഷ്യം എന്ത്? റമദാനെ മറ്റു മാസങ്ങളില്‍നിന്ന് സവിശേഷമാക്കുന്ന ഘടകങ്ങള്‍ എന്തൊക്കെ? ഇവയെക്കുറിച്ച് ചിന്തിക്കാനും പഠിക്കാനും കൂടിയുള്ള അവസരമാണിത്.
റമദാന്‍ എന്ന അറബി വാക്കിന്റെ അർഥം കരിച്ചു കളയുക എന്നാകുന്നു. 'റമദ്' എന്നതിന്റെ മൂലാർഥം ഉഗ്രതാപം, കഠിനമായ ചൂട്, ചുട്ടുപഴുത്ത തറ, നീറുന്നതും വെന്തുരുകുന്നതുമായ മനസ്സ് എന്നെല്ലാമാണ്. ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ അവിചാരിതമായി പെയ്തിറങ്ങുന്ന മഴയ്ക്കും 'റമദ്' എന്നാണ് പറയുക. പാപത്തിന്റെയും അക്രമത്തിന്റെയും അജ്ഞാനത്തിന്റെയും ചൂടിന്റെ ഫലമായി വിണ്ടുകീറിയ ലോകത്തേക്ക്, മനുഷ്യ മനസ്സിലേക്ക് വിശുദ്ധിയുടെയും സംസ്‌കൃതിയുടെയും പരിവര്‍ത്തനത്തിന്റെയും കുളിരും മഴയും ആയി വിശുദ്ധ വേദവചനങ്ങള്‍ അവതരിച്ചു തുടങ്ങിയ മാസം എന്ന നിലയില്‍ ആകാം ഈ മാസം റമദാന്‍ ആയത്. കഠിനമായ വ്രതനിഷ്ഠയുടെ ഭാഗമായി ഭക്ഷണവും പാനീയവും ശരീര സുഖങ്ങളും വെടിഞ്ഞതിന്റെ ഫലമായി ആമാശയത്തെയും ശരീരത്തെയും ഗ്രസിക്കുന്ന താപവും 'റമദ്' എന്ന പദത്തിന്റെ ആശയത്തില്‍ വരും. തീര്‍ച്ചയായും ഈ ആശയങ്ങളെല്ലാം റമദാനിന്റെ ലക്ഷ്യങ്ങളും താൽപര്യങ്ങളുമായി ബന്ധപ്പെട്ടതു തന്നെയാണ്.
വിശുദ്ധ ഖുര്‍ആന്റെ അവതരണത്തിനും പ്രവാചകന്റെ നിയോഗത്തിനും വേണ്ടി അല്ലാഹു നിശ്ചയിച്ച മാസമാണ് റമദാന്‍. മാനവകുലത്തിന്റെ ഭൂമിയിലെ സഞ്ചാരം ആരംഭിച്ച കാലം മുതലേ പ്രപഞ്ചനാഥന്‍ മനുഷ്യര്‍ക്ക് ഭൂമിയില്‍ ജീവിക്കാനാവശ്യമായ മാർഗദര്‍ശനം നല്‍കിയിരുന്നു. പ്രധാനമായും അവയെ നമുക്ക് മൂന്നായി തരം തിരിക്കാം: ഒന്ന്, പ്രകൃത്യാ ലഭിക്കുന്നതും നൈസര്‍ഗികവുമായ അവബോധം. രണ്ട്, ആര്‍ജിതമായ ബുദ്ധിയും സിദ്ധിയും, അതിന്റെ ക്രമപ്രവൃദ്ധമായ വളര്‍ച്ചയിലൂടെ മനുഷ്യന്‍ ആർജിക്കുന്ന അറിവ്. മൂന്ന്, ദിവ്യ വെളിപാടുകളും പ്രവാചകന്മാരും. പ്രകൃതിപരവും നൈസര്‍ഗികവുമായ കഴിവുകളും ഉള്ളതുകൊണ്ടോ ബൗദ്ധികമായ ശേഷി കൊണ്ടോ മാത്രം മനുഷ്യര്‍ക്ക് ഈ ലോകത്ത് തങ്ങളുടെ ജീവിതം കെട്ടിപ്പടുക്കാന്‍ സാധിക്കുകയില്ല. മനുഷ്യ സൃഷ്ടിപ്പിന്റെ ഉദാത്തമായ ലക്ഷ്യം കൈവരിക്കാനും സാധിക്കുകയില്ല. കാരണം, അവക്കെല്ലാം നിരവധി പരിമിതികളുണ്ട്. വ്യക്തിപരവും സാമൂഹികവുമായ നിരവധി താല്‍പര്യങ്ങളാല്‍ അവയെല്ലാം ബന്ധിതവുമാണ്. മനുഷ്യന്‍ ഉണ്ടാക്കുന്ന നിയമങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും ഈ പരിമിതികള്‍ ഉള്ളതായി കാണാം. അവയെല്ലാം പലപ്പോഴും അവയുടെ ഉപജ്ഞാതാക്കള്‍ ഉള്‍ക്കൊള്ളുന്ന വിഭാഗത്തോട് അല്ലെങ്കില്‍ അവരുടെ താല്‍പര്യത്തോട് ഒട്ടിച്ചേര്‍ന്ന് നില്‍ക്കുന്നതായി മനസ്സിലാക്കാന്‍ സാധിക്കും.
ഉദാഹരണമായി മുതലാളിത്ത വ്യവസ്ഥ നോക്കുക.സമ്പന്ന വിഭാഗത്തിന്റെ തികച്ചും സ്വാർഥമായ താല്‍പര്യങ്ങളാണ് മുതലാളിത്തം പ്രതിനിധാനം ചെയ്യുന്നത്. കമ്യൂണിസ്റ്റ് - സോഷ്യലിസ്റ്റ് സിദ്ധാന്തങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. ആധുനിക ലിബറല്‍ മൂല്യങ്ങള്‍ പരിശോധിച്ചാലും വ്യക്തിയുടെ അനിയന്ത്രിതമായ താൽപര്യങ്ങളോടാണ് അതും പ്രതിബദ്ധത പുലര്‍ത്തുന്നത്. ഇത് മനുഷ്യന്റെ പൊതുവായ പരിമിതിയാണ്. സ്വാഭാവികമായും ഈ പരിമിതികള്‍ മനുഷ്യസഹജമായതാണ്. എന്നുവെച്ച് അതിന്റെ പ്രതിസന്ധികളില്‍ മനുഷ്യര്‍ മുഴുവനും കെട്ടുപിണഞ്ഞു കിടക്കണം എന്നില്ലല്ലോ. അതില്‍നിന്നു കൂടിയുള്ള സ്വാതന്ത്ര്യം നേടുക എന്നതും ദിവ്യ വെളിപാടിന്റെയും അതില്‍നിന്ന് രൂപപ്പെട്ട നിയമവ്യവസ്ഥയുടെയും അടിസ്ഥാന ലക്ഷ്യങ്ങളില്‍ ഒന്നാണ്. പ്രകൃത്യാ തന്നെ മനുഷ്യന്റെ അന്തരംഗത്ത് അല്ലാഹു നിക്ഷേപിച്ചിട്ടുള്ള ധർമാധർമ ബോധവും മനഃസാക്ഷിയും, മനുഷ്യന്റെ ബുദ്ധിപരവും കായികവുമായ കഴിവുകളും ദൈവികമായ മാര്‍ഗദര്‍ശനത്തിന് വിധേയപ്പെടുത്തണമെന്നതാണ് ഇസ്്ലാമിന്റെ താൽപര്യം.
ദിവ്യ വെളിപാടിന്റെയും അതില്‍നിന്ന് രൂപപ്പെട്ട നിയമവ്യവസ്ഥയുടെയും അഭാവത്തില്‍ മനുഷ്യനെ നയിക്കുക അവന്റെ ഐഹികവും സ്വാർഥപരവും ഇച്ഛാപരവുമായ ആഗ്രഹങ്ങളും അഭിലാഷങ്ങളും ആയിരിക്കും. അതാകട്ടെ ഒരു തരത്തിലുമുള്ള നിയന്ത്രണത്തെയും ഇഷ്ടപ്പെടാത്ത പ്രകൃതമുള്ളതുമാണ്. സ്വന്തം കാര്യത്തെ പോലും ശരിയായ നിലയില്‍ നയിക്കാനോ നിയന്ത്രിക്കാനോ കഴിയാത്ത മനുഷ്യന്, മനുഷ്യര്‍ക്ക് മുഴുവന്‍ പൊതുവായ ഒരു വ്യവസ്ഥ നിർമിക്കാനും പഠിപ്പിക്കാനും എങ്ങനെയാണ് സാധിക്കുക? ഇതും ദിവ്യമായ വെളിപാടിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്ന സന്മാര്‍ഗ പദ്ധതിയെ അനിവാര്യമാക്കുന്ന ഘടകമാണ്.
ഇതിന്റെ അഭാവത്തില്‍ ഐഹികത, ഐഹിക പ്രമത്തത പോലുള്ള തെറ്റായ സ്വാധീന വലയത്തിലായിരിക്കും മനുഷ്യരുടെ ജീവിതം. അവിടെ നിയമങ്ങള്‍ക്കോ നിയന്ത്രണങ്ങള്‍ക്കോ ഒരു ഫലവും ഉണ്ടാകില്ല. ജനന- മരണങ്ങള്‍ക്കിടയിലുള്ള ജീവിതത്തെ പരമാവധി ആസ്വദിക്കാനും ആഘോഷിക്കാനും ആയിരിക്കും എല്ലാവരുടെയും ശ്രദ്ധ. അതിനുവേണ്ടിയുള്ള കിടമത്സരത്തില്‍ സാമ്പത്തികവും രാഷ്ട്രീയവുമൊക്കെയായ ശക്തി സ്വാധീനങ്ങള്‍ കൂടുതലുള്ളവര്‍ അതിജയിക്കും. അല്ലാത്തവര്‍ കാല്‍ വഴുതി വീഴും. എന്നാലും രണ്ടു കൂട്ടരുടെയും പര്യവസാനം ഒരുപോലെ ആയിരിക്കും. ഇവിടെയാണ് പ്രവാചകന്മാരുടെയും വെളിപാടുകളുടെയും ആവശ്യം വരുന്നത്. പ്രവാചകന്മാരെ നിയോഗിച്ചതും അവര്‍ക്ക് ദിവ്യ വെളിപാടുകള്‍ വഴി മാർഗദര്‍ശനം ചെയ്തതും പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവാണ്. മനുഷ്യരുടെ കഴിഞ്ഞു പോയ കാലവും ഭാവിയും അറിയുന്നവനാണ് അല്ലാഹു. മനുഷ്യന്റെ പരിമിതിയാണ് ഈ രണ്ട് അറിവുകളും മനുഷ്യനില്ല എന്നുള്ളത്. അതുകൊണ്ടുതന്നെ തനിക്ക് ഗുണമായി ഭവിക്കുന്നതെന്ത്, ദോഷമായി ഭവിക്കുന്നതെന്ത് എന്നൊന്നും മനുഷ്യന് തിരിച്ചറിയാന്‍ സാധിക്കുകയില്ല. എന്നാല്‍, ഈ അറിവ് പൂര്‍ണമായും ഉള്ള ദൈവത്തിന് മനുഷ്യന്റെ എല്ലാ നിലയ്ക്കുമുള്ള അവസ്ഥകളെ സംബന്ധിച്ച് നന്നായി അറിയും. ആ അറിവിന്റെ കൂടി അടിസ്ഥാനത്തിലാണ് സന്മാര്‍ഗ പദ്ധതി രൂപപ്പെടുന്നത്.
മനുഷ്യാരംഭം മുതല്‍ ഈ ദിവ്യ വെളിപാടിന്റെ വെളിച്ചത്തിലുള്ള ജീവിത പദ്ധതിയും സന്മാര്‍ഗ ദര്‍ശനവും മനുഷ്യന് അല്ലാഹു നല്‍കിയിരുന്നു. മനുഷ്യ പിതാവായ ആദമിനെ ഭൂമിയിലേക്ക് അയക്കുമ്പോള്‍ മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടിയുള്ള ഒരു വാഗ്ദാനം അല്ലാഹു അദ്ദേഹത്തിന് നല്‍കിയിരുന്നു: 'എന്റെ സന്മാര്‍ഗ ദര്‍ശനം നിങ്ങള്‍ക്ക് വന്നു ലഭിക്കും. അപ്പോള്‍ ആരാണോ എന്റെ ആ സന്മാര്‍ഗ പദ്ധതിയെ പിന്തുടരുന്നത്, അവര്‍ക്ക് ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ടിവരില്ല' (ഖുർആൻ 2:38). ദൈവികമായ ഈ വാഗ്ദാനം ചരിത്രത്തിലുടനീളം പുലര്‍ന്നുകൊണ്ടേയിരുന്നു. അതിന്റെ ഒടുവിലെ കണ്ണിയും പരിസമാപ്തിയുമാണ് അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ)യുടെ നിയോഗവും വിശുദ്ധ ഖുര്‍ആന്റെ അവതരണവും. ഈ അവസാനത്തെ ദൈവസന്ദേശം ഭൂമിയിലേക്ക് പെയ്തിറങ്ങിയതിന്റെ ദീപ്തമായ ഓർമയാണ് ഓരോ റമദാനും. ഖുര്‍ആന്‍ അവതരണത്തിന്റെയും പ്രവാചക നിയോഗത്തിന്റെയും വാര്‍ഷികമാണ് റമദാന്‍ എന്നും പറയാം. ഈ സന്മാര്‍ഗ ലബ്ധിയുടെ പേരില്‍ വിശ്വാസികള്‍ അല്ലാഹുവോട് നന്ദി പ്രകാശിപ്പിക്കുകയാണ് വ്രതാനുഷ്ഠാനത്തിലൂടെ.
മനുഷ്യന് ഭൗതികവും ആത്മീയവുമായ രണ്ടു തലങ്ങളുണ്ട്. ദേഹവും ദേഹിയും ഉണ്ട്. വികാരവും വിവേകവും ഉണ്ട്. ചിന്തയും ബുദ്ധിയും ഉണ്ട്. ശരി തെറ്റുകളെ വേര്‍തിരിച്ചറിയാനും അതനുസരിച്ച് നിലപാടുകള്‍ കൈക്കൊള്ളാനും പ്രവര്‍ത്തിക്കാനും മനുഷ്യന് സാധിക്കും. നേരെ തിരിച്ചും കഴിയും. രണ്ടു പ്രകൃതവും ഒരുമിച്ചുകൂടിയവരും മനുഷ്യരിലുണ്ട്. രണ്ടില്‍ ഏതെങ്കിലും ഒരു പ്രവണത മറ്റൊന്നിനെ അതിജയിച്ചവരും ഉണ്ട്. ഉള്ളില്‍ ഒന്നൊളിപ്പിച്ച് പുറമേ മറ്റൊന്ന് നടിക്കാന്‍ കഴിയുന്നവരും മനുഷ്യര്‍ മാത്രമാണ്. ഈ വ്യത്യസ്ത പ്രകൃതത്തിലുള്ളവരെയെല്ലാം ഒരു ആശയത്തിന്റെയും വിശ്വാസത്തിന്റെയും സംഹിതയുടെയും അടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തിയെടുക്കാനും സംസ്‌കരിച്ചു വളര്‍ത്താനും സാധിക്കുകയും ചെയ്യും. പ്രവാചകന്മാരുടെയും വേദഗ്രന്ഥങ്ങളുടെയും മൗലികമായ ദൗത്യം ഇതാണ്. മനുഷ്യന്റെ ആദര്‍ശ വിശ്വാസങ്ങളിലും സ്വഭാവ നടപടികളിലും നിയമ വ്യവഹാരങ്ങളിലും സന്മാർഗാധിഷ്ഠിതമായ നിരന്തര പരിവര്‍ത്തനമാണ് വേദഗ്രന്ഥവും പ്രവാചകനും ലക്ഷ്യം വെക്കുന്നത്. ഇതേ ലക്ഷ്യം തന്നെയാണ് റമദാന്‍ വ്രതത്തിനും ഉള്ളത്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, വേദഗ്രന്ഥം ഉള്‍ക്കൊണ്ടുകൊണ്ട് ജീവിക്കാന്‍ പര്യാപ്തമാകും വിധം മനുഷ്യനെ രൂപപ്പെടുത്താനാണ് വ്രതാനുഷ്ഠാനം. ജീവിതത്തെ സമ്പൂർണമായി ഇത് പരിവര്‍ത്തിപ്പിക്കും. l
Comments