Prabodhanm Weekly

Pages

Search

2023 മാർച്ച് 24

3295

1444 റമദാൻ 02

റമദാൻ അതിഥിയല്ല, ആതിഥേയനാണ്....

അബ്ദുൽ ഹകീം നദ്്വി

ഉർദുവിൽ ഒരു കഥയുണ്ട്: 'സാത്വികനായ ആചാര്യനെ കണ്ടുമുട്ടിയ ചെറുപ്പക്കാരൻ അദ്ദേഹത്തോട് ചോദിച്ചു: ജീവിതത്തിൽ ഉപകാരപ്രദമായ കുറച്ച് നല്ല ഉപദേശങ്ങൾ താങ്കൾ എനിക്ക് നൽകിയാലും. അദ്ദേഹം ആ ചെറുപ്പക്കാരനോട് തിരിച്ചൊരു ചോദ്യം ചോദിച്ചു: താങ്കൾ എപ്പോഴെങ്കിലും പാത്രങ്ങൾ കഴുകിയിട്ടുണ്ടോ? ചെറുപ്പക്കാരൻ കൗതുകത്തോടെ അതെയെന്ന് മറുപടി പറഞ്ഞു. ആചാര്യൻ വീണ്ടും: അതുവഴി എന്തെങ്കിലും മനസ്സിലാക്കാൻ താങ്കൾക്ക് സാധിച്ചിട്ടുണ്ടോ? ചെറുപ്പക്കാരൻ ആശ്ചര്യപൂർവം ചോദിച്ചു: പാത്രം കഴുകുന്നതിൽ നിന്ന് പഠിക്കാനെന്തിരിക്കുന്നു! സാത്വികൻ പുഞ്ചിരി തൂകിക്കൊണ്ട് പറഞ്ഞു: പാത്രം കഴുകുമ്പോൾ അതിന്റെ പുറം ഭാഗത്തെക്കാൾ അകം വൃത്തിയാക്കാൻ നോക്കണം.  ചെറുപ്പക്കാരൻ ഏറെ സന്തോഷത്തോടെ ആ ഉപദേശം ഉൾക്കൊണ്ടു.' ഒരു റമദാൻ കൂടി പടിവാതിൽക്കലെത്തിയ ഈ സന്ദർഭത്തിൽ നമുക്ക് പഠിക്കാനുള്ള പ്രധാന പാഠവും ഇതാണ്: പുറം മിനുക്കലിനെക്കാൾ പ്രധാനമാണ് അകം മിനുക്കൽ. റമദാൻ അകം ശുദ്ധീകരണത്തിനുള്ള നാളുകളാണ്. ഹൃദയത്തിനകത്ത് പറ്റിപ്പിടിച്ച ക്ലാവും കറയും കഴുകി ശുദ്ധീകരിച്ച് അതിന്റെ തിളക്കം കൂട്ടാനും അതിനാവശ്യമായ അലങ്കാരങ്ങളും ചമയങ്ങളും അണിയിക്കാനുമുള്ള സന്ദർഭമാണിത്.
വീണ്ടുമൊരു റമദാൻ നമ്മിലേക്ക് വന്നണയുമ്പോൾ കഴിഞ്ഞ റമദാനുകളെ പറ്റിയുള്ള ആത്മവിചാരണ അനിവാര്യമാണ്. അല്ലാഹു പ്രത്യേകമായി വിരുന്നുകളൊരുക്കുന്ന അസുലഭ മുഹൂർത്തങ്ങളാൽ സമ്പന്നമായ റമദാൻ പാഴായിപ്പോകാതിരിക്കാൻ അതനിവാര്യമാണ്. റമദാൻ യാന്ത്രികമായി കടന്നുവരേണ്ട മാസമല്ല. ഈ പ്രപഞ്ചം നിലനിൽക്കുന്നിടത്തോളം റമദാനുമുണ്ടാകും. എന്നാൽ, മനുഷ്യൻ എന്ന നിലയിൽ നമുക്ക്  നിശ്ചയിച്ച അവധിയെത്തിയാൽ നാം യാത്ര പോകേണ്ടവരാണ്.  കാലം അതിന്റെ ജൈത്രയാത്ര തുടർന്നുകൊണ്ടേയിരിക്കും. ശഅ്ബാനിന് ശേഷം റമദാനും റമദാനിന് പിറകെ ശവ്വാലും കടന്നുവരും. അത് അതിന്റെ സ്വാഭാവിക സഞ്ചാരത്തിന്റെ ഭാഗമാണ്.
റമദാൻ മറ്റു മാസങ്ങളെ പോലുള്ള ഒരു മാസമല്ല; ഏറെ സവിശേഷതകളുള്ള മാസമാണ്. വിശുദ്ധ ഖുർആനിൽ പേര് പരാമർശിച്ച ഏക മാസമാണത്. മാത്രമല്ല, ഹിദായത്തിന്റെ പ്രഭവ കേന്ദ്രവും മനുഷ്യകുലത്തിന്റെ വഴികാട്ടിയുമായ  വിശുദ്ധ ഖുർആനിനെ ഈ പ്രപഞ്ചത്തിന്  സമർപ്പിച്ച മാസം. മുഹമ്മദ് എന്ന വ്യക്തിക്ക് രിസാലത്തും നുബുവ്വത്തും നൽകി മുഹമ്മദുർറസൂലുല്ലാഹ് (സ) എന്ന മഹാ പദവിയിലേക്ക് കൈപിടിച്ചാനയിച്ച മാസം. സ്വർഗ കവാടങ്ങൾ തുറന്നിടുകയും നരക കവാടങ്ങൾ കൊട്ടിയടക്കുകയും ചെയ്യുന്ന മാസം. മനുഷ്യനെ വഴികേടിലാക്കുന്ന എല്ലാ പൈശാചികതകൾക്കും നിയന്ത്രണമേർപ്പെടുത്തുന്ന മാസം. അഥവാ, പിശാചുക്കളെ ചങ്ങലകളിൽ തളച്ചിടുന്ന മാസം. എണ്ണിയാലൊടുങ്ങാത്തത്ര സവിശേഷതകളാൽ സമ്പന്നമായ ഈ മാസം യാന്ത്രികമായി കടന്നുവരികയും പോവുകയും ചെയ്യുന്നത് എന്തു മാത്രം നഷ്ടമായിരിക്കില്ല!  ഇമാം ഇബ്്നുൽ ജൗസി (റ) പറയുന്നു: "റമദാൻ മറ്റു മാസങ്ങളെ പോലുള്ള ഒരു മാസമല്ല. ഈ ഉമ്മത്തല്ലാതെ ഒരു സമൂഹവും റമദാൻ മാസം വഴി ഒരു കാലത്തും ശ്രേഷ്ഠമാക്കപ്പെട്ടിട്ടില്ല. പാപങ്ങൾ പൊറുക്കപ്പെടുന്ന മാസമാണിത്. അധ്വാനങ്ങൾ മഹത്വവൽക്കരിക്കപ്പെടുന്ന മാസം. വിശ്വാസികൾ ഈ മാസത്തിൽ അതിശ്രേഷ്ഠരാണ്. പിശാച് പുറത്താക്കപ്പെട്ട മാസമാണിത്. തെറ്റുകുറ്റങ്ങൾ ഉപേക്ഷിക്കപ്പെടുന്ന മാസം. വിശ്വാസിയുടെ ഹൃദയങ്ങൾ ദൈവ സ്മരണയാൽ സമൃദ്ധമാകുന്ന മാസം. വിശുദ്ധ റമദാൻ നിങ്ങളുടെ മുറ്റത്തെത്തിയിരിക്കുന്നു. വളരെ കുറഞ്ഞ നാളുകൾക്കകം അത് നിങ്ങളെ പിരിഞ്ഞുപോകും. ആ റമദാൻ നിങ്ങൾക്ക് അനുകൂലമോ പ്രതികൂലമോ ആകാം. ജീവിത വിജയവും പരാജയവും അത് വിളിച്ചോതുന്നുണ്ട്. അത് ചിലപ്പോൾ വർധനവുണ്ടാക്കാം. അല്ലെങ്കിൽ കുറവുകളുമുണ്ടാക്കാം. റമദാൻ സ്വന്തമായി ദുർബലമാണ്. മാറിപ്പോവുകയോ നീങ്ങിപ്പോവുകയോ ചെയ്യാത്ത നാഥന്റെ മുമ്പാകെ റമദാൻ ചോദ്യം ചെയ്യപ്പെടും. റമദാനിന്റെ അനുഗ്രഹങ്ങൾ തടയപ്പെട്ടവരും സ്വീകരിക്കപ്പെട്ടവരും ആരൊക്കെയെന്ന് അല്ലാഹുവിന്റെ മുമ്പിൽ റമദാൻ പറഞ്ഞുകൊടുക്കും. ആയതിനാൽ സ്വിയാമിലൂടെ റമദാനിന്റെ പകലുകളെ നിങ്ങൾ ആദരിക്കുക. ദീർഘ നേരത്തെ ഖിയാമുല്ലൈലിലൂടെ കണ്ണീരൊഴുക്കി രാത്രികളെ നിങ്ങൾ കീറിമുറിക്കുകയും ചെയ്യുക. അതുവഴി പ്രതാപവാനായ അല്ലാഹുവിന്റെ തിരുകാഴ്ചയും തിരുദൂതരു(സ)ടെ സാമീപ്യവും ആവോളം ആസ്വദിച്ച് നിത്യ സ്വർഗത്തിൽ വിജയികളായി നിങ്ങൾക്ക് എന്നെന്നും വസിക്കാം" (ബുസ്താനുൽ വാഇദീൻ വരിയാദിസ്സ്വാമിഈൻ: പേജ് 215).
യഥാർഥത്തിൽ റമദാൻ അതിഥിയല്ല, ആതിഥേയനാണ്. കാരണം, റമദാൻ എന്നുമുണ്ടാകും. നാം അവധി കഴിഞ്ഞാൽ യാത്രപോകേണ്ടവരുമാണ്. ഒരു കവി പറയുന്നതിപ്രകാരമാണ്: ഹം നഃ ഹോംഗേ ശായദ് പർ അഗലെ സാൽ ഭീ ആയേഗാ റമദാൻ, ദർ ഹഖീഖത് റമദാൻ നഹീ, ഇൻസാൻ ഹേ മഹ്‌മാൻ (ഒരു പക്ഷേ നാം ഇല്ലെങ്കിലും അടുത്ത വർഷവും റമദാൻ കടന്നുവരും. ആയതിനാൽ സത്യത്തിൽ അതിഥി റമദാനല്ല, മനുഷ്യൻ തന്നെയാണ്). റമദാനെ നാം എങ്ങനെ സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നത് പ്രധാനമാണ്. ആതിഥേയർ കൂടുതൽ പ്രധാനപ്പെട്ടവരാകുമ്പോൾ അതിഥിയുടെ ഒരുക്കങ്ങളും തയാറെടുപ്പുകളും കൂടുതൽ മികച്ചതായിരിക്കും. അയൽവാസിയുടെ വീട്ടിലേക്കും പ്രധാനമന്ത്രിയുടെ വീട്ടിലേക്കും ഒരുപോലെയായിരിക്കില്ല അതിഥിയായി നാം കടന്നുവരിക. മരണ വീട്ടിലേക്കും കല്യാണ വീട്ടിലേക്കും ഒരു പോലെയുള്ള ഉടയാടകൾ ധരിച്ചുകൊണ്ടല്ല നാം പോകാറുള്ളത്. ബന്ധു വീട്ടിലേക്കും പ്രസിഡൻഷ്യൽ കൊട്ടാരത്തിലേക്കും അതിഥിയായി പോകുമ്പോൾ വസ്ത്ര ധാരണത്തിലും  സജ്ജീകരണങ്ങളിലും വ്യത്യാസങ്ങളുണ്ടാകും. റമദാനിനെക്കാൾ നല്ല ആതിഥേയ മന്ദിരം വേറെ ഏതാണുള്ളത്. സത്യത്തിൽ അല്ലാഹുവാണ് ആ മന്ദിരത്തിന്റെ ഉടമസ്ഥനും ആതിഥേയനും. അവിടേക്ക് കയറിച്ചെല്ലുമ്പോൾ യാതൊരു മുന്നൊരുക്കങ്ങളും ആസൂത്രണങ്ങളുമില്ലെങ്കിൽ ആ അതിഥിമന്ദിരത്തിൽ നമ്മുടെ സ്ഥാനമെന്തായിരിക്കും? അല്ലാഹു നമ്മെ എങ്ങനെയാണ് ആ മന്ദിരത്തിലേക്ക് ക്ഷണിച്ചിരുത്തുക? ആതിഥേയൻ സന്തോഷത്തോടെയും മുഖപ്രസന്നതയോടെയും നമ്മെ സ്വീകരിച്ചില്ലെങ്കിൽ അവിടെ ചെലവഴിക്കുന്ന ഓരോ നിമിഷവും ഭാരമായിരിക്കും. അവിടെയൊരുക്കിയ സദ്യകൾ എത്രമാത്രം വിഭവ സമ്പന്നമാണെങ്കിലും അതിൽനിന്ന് മനസ്സറിഞ്ഞ് ഒന്നും കഴിക്കാൻ സാധിക്കുകയില്ല. എത്രവേഗം അവിടെനിന്ന് പുറത്തുചാടാൻ കഴിയുമോ അത്രയും വേഗം അവിടെനിന്ന് രക്ഷപ്പെടാനാണ് ശ്രമിക്കുക.
റമദാൻ എന്ന അതിഥിമന്ദിരത്തിലേക്ക് നാം വിരുന്നുപോവുകയാണ്. അല്ലാഹു നമ്മെ സ്വീകരിക്കാൻ ആ മന്ദിരത്തിന്റെ പൂമുഖപ്പടിയിൽ കാത്തിരിക്കുകയാണ്. ആയതിനാൽ ആവശ്യമായ എല്ലാ തയാറെടുപ്പുകളോടെയുമായിരിക്കണം നമ്മുടെ യാത്ര. അല്ലാഹു നമ്മെ സന്തോഷത്തോടെ സ്വീകരിക്കണം. അവിടെയൊരുക്കിയ വിഭവസമ്പന്നമായ സദ്യ ആസ്വദിച്ചു കഴിക്കാൻ സാധിക്കണം. അവിടെയൊരുക്കിയ സജ്ജീകരണങ്ങൾ കൺകുളിർമയോടെ ആസ്വദിക്കാനും അനുഭവിക്കാനും സാധിക്കണം. തിരിച്ചുപോരാൻ നേരത്ത് ഇനിയും ഇങ്ങനെയൊരു ആതിഥേയത്വം ലഭിച്ചിരുന്നെങ്കിൽ എന്ന ഉൽക്കടമായ ആഗ്രഹം ഹൃദയത്തെ വികാരഭരിതമാക്കണം. വീണ്ടും കണ്ടുമുട്ടാനുള്ള അവസരത്തിന് വേണ്ടി മനസ്സ് ദാഹിക്കണം. അപ്പോഴാണ് റമദാൻ നമ്മുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്ന, ഒരിക്കലും വിസ്മരിക്കാത്ത അനുഭൂതിയായി നിലനിൽക്കുക.
റമദാനിൽ തഖ്‌വയുടെ പാഥേയം സംഭരിക്കാൻ സാധിക്കണമെങ്കിൽ അതിനാവശ്യമായ തയാറെടുപ്പുകളോടെ റമദാനിലേക്ക് നാം പ്രവേശിക്കണം. റമദാൻ ഒരു മത്സരവേദി കൂടിയാണ്. ഇമാം ഹസനുൽ ബസ്വരി (റ) പറയുന്നു: "നിശ്ചയം,  അല്ലാഹു അവന്റെ സൃഷ്ടികൾക്ക് റമദാൻ മാസം ഒരു മത്സരക്കളരിയാക്കിയിരിക്കുന്നു. അവന്റെ അനുസരണയിൽ അല്ലാഹുവിന്റെ തൃപ്തിക്കായി അവർ മത്സരങ്ങളിലേർപ്പെടുന്നു. മത്സരത്തിൽ ചിലർ മുന്നേറുന്നു. അവർ വിജയികളാണ്. മറ്റു ചിലർ പിറകിലാകുന്നു. അവർ പരാജിതരുമാണ്. ധർമവിശുദ്ധർ (മുഹ്സിനുകൾ) വിജയിക്കുകയും അധർമകാരികൾ (മുബ്ത്വിലുകൾ) പരാജയപ്പെടുകയും ചെയ്യുന്ന ഈ ദിവസങ്ങളിൽ കേവല കളിവിനോദങ്ങളിൽ ഏർപ്പെടുന്നവരുടെ കാര്യം വല്ലാത്ത അത്ഭുതമാണ്" (ലത്വാഇഫുൽ മആരിഫ് ഫീമാ ലിമവാസിമിൽ ആമി മിനൽ വദാഇഫ് - ഇബ്‌നു റജബ്, പേജ് 232). അതീവ ജാഗ്രതയോടെ ഉപയോഗപ്പെടുത്തേണ്ട നാളുകളാണ് റമദാൻ. പാഴായാൽ തിരിച്ചുപിടിക്കാൻ ഒരു നിർവാഹവുമില്ലെന്ന ഉത്തമ ബോധ്യത്തോടെ വേണം റമദാനിനെ സമ്പന്നമാക്കാൻ.
ഏതൊരു കാര്യത്തിനും മുന്നൊരുക്കം പ്രധാനമാണ്. ആസൂത്രണവുമുണ്ടായിരിക്കണം. യുദ്ധങ്ങൾ മുതൽ വീട് നിർമാണം വരെ എല്ലാം വിജയിക്കുക ആസൂത്രണ മികവിലും മുന്നൊരുക്കങ്ങൾ കൊണ്ടുമാണ്. വിശുദ്ധ ഖുർആൻ, തബൂക്കിൽ പങ്കെടുക്കാതെ മാറിനിന്നവരെ വിമർശിക്കുമ്പോൾ ഇപ്രകാരം പറയുന്നത് കാണാം: "യഥാര്‍ഥത്തിൽ നിങ്ങളോടൊപ്പം പുറപ്പെടാനുദ്ദേശ്യമുണ്ടായിരുന്നുവെങ്കിൽ അവരതിനു വേണ്ടി ഒരുക്കങ്ങൾ ചെയ്യുമായിരുന്നു" (ഖുർആൻ 9:46). ഒരുക്കങ്ങൾ നടത്താതെ ഒരു കാര്യം വിജയിപ്പിക്കാനോ ലക്ഷ്യപ്രാപ്തിയിലെത്തിക്കാനോ സാധിക്കുകയില്ല. റമദാനിനും മുന്നൊരുക്കം അനിവാര്യമാണ്.  റമദാൻ മുന്നൊരുക്കത്തിൽ പ്രധാനം നമ്മുടെ ഹൃദയത്തെ അതിന് പാകമാക്കുക എന്നതാണ്. കാരണം, ഹൃദയ വിശുദ്ധി നേടിയവനല്ലാതെ നാളെ ആഖിറത്തിൽ രക്ഷപ്പെടാൻ സാധിക്കുകയില്ല എന്നത് തർക്കമറ്റ കാര്യമാണ്. അല്ലാഹു പറയുന്നു: "സമ്പത്തും സന്താനങ്ങളും ഒട്ടും പ്രയോജനപ്പെടാത്ത നാളില്‍--ഖൽബുൻ സലീമുമായി (സുരക്ഷിത ഹൃദയവുമായി) അല്ലാഹുവിന്റെ സന്നിധിയിൽ ഹാജരാകുന്നവരൊഴിച്ച്'' (അശ്ശുഅ്റാഅ്  88, 89). കളങ്കമില്ലാത്ത ഹൃദയവുമായി അല്ലാഹുവിനെ കണ്ടുമുട്ടാൻ സാധിക്കുന്നവന് മാത്രമാണ് ഭൗതിക ലോകത്തെ കർമങ്ങളുടെ ഫലങ്ങൾ അനുഭവിക്കുന്ന പരലോകത്ത് വിജയിക്കാൻ സാധിക്കുക. ഭൗതിക ലോകത്തിന്റെ യാഥാർഥ്യം മനസ്സിലാക്കി പരലോക ജീവിതത്തിലെ വിജയത്തിന് വേണ്ടിയാണ് നാം അധ്വാനിക്കേണ്ടത്. അതിനു വേണ്ടിയുള്ള അവസരമാണ് റമദാൻ. l

Comments