Prabodhanm Weekly

Pages

Search

2023 മാർച്ച് 24

3295

1444 റമദാൻ 02

ജീവിതം സമ്പൂർണമായി അല്ലാഹുവിന് വിധേയപ്പെടുത്തുക

എം.ഐ അബ്ദുൽ അസീസ്

ആത്മവിശുദ്ധിയുടെ പ്രഭ പടര്‍ത്തുന്ന റമദാന്‍ സമാഗതമാവുന്നു. ഓരോ തവണ റമദാന്‍ വന്നുചേരുമ്പോഴും എളുപ്പത്തില്‍ കടന്നുപോകുന്ന കാലത്തെ കുറിച്ച് നാം ആലോചിക്കുന്നു. ജീവിതമെന്നത് ഒരു യാത്രയാണ്. ഒരു നിമിഷവും നഷ്ടപ്പെടുത്താനാവാതെ മരണം വരെയുള്ള അവിരാമമായ യാത്ര. ഇതിനിടക്ക് ശരിയായ വഴിയിലൂടെ തന്നെയാണോ ഓടിക്കൊണ്ടിരിക്കുന്നത് എന്ന് ഓരോരുത്തര്‍ക്കും ഒറ്റക്കും അവരുള്‍ക്കൊള്ളുന്ന കുടുംബത്തിനും സംഘത്തിനും സമൂഹത്തിനും ആത്മപരിശോധന നടത്താനുള്ള സന്ദര്‍ഭമാണ് നോമ്പ് കാലം.  
സമ്പൂര്‍ണമായും ദൈവത്തിന് വിധേയപ്പെടുകയാണ് മനുഷ്യന്റെ നിയോഗം. "ഞാന്‍ മനുഷ്യ വര്‍ഗത്തെയും ജിന്ന് വംശത്തെയും സൃഷ്ടിച്ചിട്ടില്ല, എനിക്ക് ഇബാദത്ത് ചെയ്യാനല്ലാതെ" (അദ്ദാരിയാത് 56). ഇതിന് നമ്മെ തയാറാക്കുകയാണ് ഇസ്‌ലാമിലെ ആരാധനാ കര്‍മങ്ങള്‍. ആ ആരാധാനാ കര്‍മങ്ങള്‍ ജീവിതത്തില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നില്ല. ജീവിതത്തെ സ്പര്‍ശിക്കുകയും തിരുത്തുകയും ചെയ്യുന്നു. തഖ്‌വയാണ് നോമ്പിന്റെ ലക്ഷ്യം (അല്‍ബഖറ 183). അല്ലാഹുവിന് സമ്പൂര്‍ണമായി സമര്‍പ്പിച്ചവന്‍ -മുസ്‌ലിം- അക്കാര്യത്തില്‍ കാണിക്കുന്ന നിഷ്ഠയും, തെന്നിപ്പോകുമോ എന്നതിനെ സംബന്ധിച്ച ജാഗ്രതയുമാണ് തഖ്‌വ. റമദാന്‍ നമുക്ക് നേരെ ഉയര്‍ത്തുന്ന ചോദ്യം, വിധേയത്വത്തിന്റെതായ അത്തരമൊരു തീരുമാനം നമുക്കുണ്ടോ, അതനുസരിച്ച് ജീവിതത്തെ പരിവര്‍ത്തിപ്പിക്കാമോ എന്നതാണ്.
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അധ്വാനിക്കാനും ജീവിതം സമര്‍പ്പിക്കാനും തിന്മയുടെ ശക്തികള്‍ക്കെതിരെ പൊരുതാനും റമദാന്‍ ആവശ്യപ്പെടുന്നുണ്ട് എന്നതാണ് ബദ്റിന്റെ പാഠം. ആദര്‍ശത്തിലൂന്നി സ്രഷ്ടാവിന്റെ മാത്രം തൃപ്തി മോഹിച്ച്, നിസ്വാര്‍ഥമായി, താല്‍പര്യങ്ങള്‍ക്ക് വിധേയമാവാതെ, നീതിയുടെ പക്ഷത്ത് നിലകൊണ്ടാല്‍ ഭൗതിക ശക്തികളുടെ വലുപ്പച്ചെറുപ്പങ്ങള്‍ വിജയത്തിന്റെ മാനദണ്ഡമാകുന്നേയില്ല. ധര്‍മ മാര്‍ഗത്തിലെ പോരാളികള്‍ക്ക് ഏറെ ആഹ്ലാദം നല്‍കുന്നതാണ് റമദാന്‍ മധ്യത്തിലെ ഈ ചരിത്ര വസ്തുത.
കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും മാസമാണ് റമദാന്‍. ചുറ്റുമുള്ള അശരണരെയും ആലംബഹീനരെയും ആട്ടിയകറ്റപ്പെട്ടവരെയും തലോടുന്ന മാരുതനാവാന്‍ ഓരോ മുസ്‌ലിമിനും സാധിക്കണം. റമദാനില്‍ സംഘടിതമായി ധാരാളം റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണ് നാം. അവ കൂടുതല്‍ സജീവമാകണം. കോടിക്കണക്കായ സഹോദരങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിതം തള്ളിനീക്കുന്നുണ്ട്. അവരെ മറക്കരുത്.
ജീവിതത്തില്‍ അനുവദനീയമായ ആഹാര പാനീയങ്ങളും ലൈംഗികാഭിനിവേശവും വര്‍ജിക്കുക വഴി എന്തും അല്ലാഹുവിന് വേണ്ടി ത്യജിക്കാനും മാറ്റിവെക്കാനുമുള്ള കഴിവ് ആര്‍ജിക്കുകയാണ്. റമദാനില്‍ മാത്രമല്ല, തുടര്‍ന്നുള്ള കാലത്തും അത്തരം മൂല്യങ്ങള്‍ ഹൃദയത്തില്‍ കൊത്തിവെക്കണം. ആദര്‍ശത്തിനു ചേരാത്ത, വര്‍ഗീയമോ സാമുദായികമോ സങ്കുചിതമോ പക്ഷപാതപരമോ ആയ ചിന്താവികാരങ്ങളും നിലപാടുകളും നമുക്കില്ലെന്നും മനുഷ്യസമൂഹത്തോടുള്ള കളങ്കമില്ലാത്ത ഗുണകാംക്ഷയുടെ വികാരമാണ് ഉള്ളതെന്നും ഉറപ്പു വരുത്തണം.
ഇസ്‌ലാമിക പ്രസ്ഥാനത്തെ സംബന്ധിച്ചേടത്തോളം, ഈ പ്രവര്‍ത്തന കാലയളവിലെ അവസാനത്തെ റമദാനാണ് കടന്നുപോവുന്നത്. നമ്മെ വിശ്വസിച്ചേൽപിച്ച അമാനത്തുകള്‍ യഥാവിധി നാം പൂര്‍ത്തിയാക്കിയിട്ടുണ്ടോ? വീഴ്ചകള്‍ ഉണ്ടായോ? വെല്ലുവിളികളെ അതിജീവിച്ചുവോ? ഹൃദയം നടുക്കുന്ന ചോദ്യങ്ങള്‍ നമ്മോട് തന്നെ ചോദിക്കുക. ആയുസ്സിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ വരികളല്ലേ കഴിഞ്ഞ കാലം നാം രചിച്ചത്? റമദാനിനൊപ്പം, ഖുര്‍ആനിനൊപ്പം കടന്നുപോയ ഈ കാലവും നമുക്കനുകൂലമായി സാക്ഷി പറയില്ലേ? l

Comments