Prabodhanm Weekly

Pages

Search

2022 ഡിസംബര്‍ 09

3280

1444 ജമാദുല്‍ അവ്വല്‍ 15

ആ കൂട്ടക്കൊലയാളികളില്‍ എത്ര മുസ്‌ലിംകളുണ്ട്?

ജി.കെ എടത്തനാട്ടുകര

വഴിയും വെളിച്ചവും /

തീവ്രവാദത്തിന്റെ പേരുപറഞ്ഞ് ഇസ്‌ലാമിനെയും മുസ്ലിംകളെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വാര്‍ത്തകള്‍ വ്യാജമായി നിര്‍മിച്ചെടുക്കുന്നുണ്ടെന്നത് ഒരു യാഥാര്‍ഥ്യമാണ്. ഇത്തരം വാര്‍ത്തകള്‍ സാധാരണക്കാരെ മാത്രമല്ല, ബുദ്ധിജീവികളെ വരെ സ്വാധീനിക്കുന്നു. ഇത് പറയുമ്പോള്‍ ഓര്‍മവരുന്നത്, മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനായിരുന്ന പി. ഗോവിന്ദപ്പിള്ളയുമായി ശൈഖ് മുഹമ്മദ് കാരകുന്നും എന്‍.എം അബ്ദുര്‍റഹ്മാനും നടത്തിയ ഒരു സംഭാഷണമാണ്. സംഭാഷണമധ്യേ, 'ഇസ്‌ലാമിക തീവ്രവാദ'ത്തിലേക്ക് ചര്‍ച്ച കടന്നു. ലോകത്ത് നടക്കുന്ന തീവ്രവാദങ്ങള്‍ക്കും കൂട്ടക്കുരുതികള്‍ക്കുമൊക്കെ ഇസ്‌ലാം കാരണമാകുന്നതെന്തുകൊണ്ടാണെന്ന സംശയം പി.ജി ഉന്നയിച്ചു. ചരിത്ര വസ്തുതകളെ ഒന്നിനു പിറകെ ഒന്നായി ഓര്‍മപ്പെടുത്തിയപ്പോള്‍ അദ്ദേഹം തന്റെ നിലപാട് തിരുത്തുകയാണ് ചെയ്തത്. ഇക്കാര്യം, ഒരു പരിപാടിയില്‍ വെച്ച്, ഒരു സഹോദരന്റെ ചോദ്യത്തിനു മറുപടിയായി ശൈഖ് മുഹമ്മദ് കാരകുന്ന് വിശദീകരിച്ചു. അതിന്റെ ചുരുക്കം ഏതാണ്ട് ഇങ്ങനെയായിരുന്നു:
'യഥാര്‍ഥത്തില്‍ ആരാണ് ലോകത്ത് ഏറ്റവുമധികം ഭീകരപ്രവര്‍ത്തനങ്ങളും യുദ്ധങ്ങളും മനുഷ്യക്കുരുതികളും നടത്തിക്കൊണ്ടിരിക്കുന്നത്? മുസ്‌ലിംകളാണോ? ഇസ്‌ലാമിന്റെ പേരിലാണോ? ഒന്നാം ലോക ഭീകര യുദ്ധത്തില്‍ എണ്‍പത് ലക്ഷം പേരെ കൊന്നൊടുക്കിയതില്‍ ഇസ്‌ലാമിന് എന്ത് പങ്കാണുള്ളത്? രണ്ടാം ലോകയുദ്ധത്തില്‍ അഞ്ച് കോടി മനുഷ്യരെ കൊന്നുതള്ളിയതില്‍ ഇസ്‌ലാമിനു പങ്കുണ്ടോ? ആ യുദ്ധത്തില്‍ നിന്ന് പിന്മാറാന്‍ ജപ്പാന്‍ തയാറായിട്ടും ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബിട്ട് ലക്ഷങ്ങളെ കൊന്നുകളഞ്ഞത് മുസ്ലിംകളായിരുന്നോ? വിയറ്റ്‌നാമില്‍ മുപ്പതു ലക്ഷത്തെ കൊന്നൊടുക്കിയതില്‍ മുസ്‌ലിംകളുടെ പങ്കെന്താണ്? പനാമയിലും ഗോട്ടിമാലയിലുമൊക്കെ ലക്ഷങ്ങളെ കൊന്നൊടുക്കിയതാരാണ്? നിക്കരാഗ്വോയിലും കമ്പൂച്ചിയയിലും ലക്ഷങ്ങളെ കൊന്നൊടുക്കിയവര്‍ മുസ്‌ലിംകളായിരുന്നോ? കൊറിയ, ദക്ഷിണാഫ്രിക്ക ഇങ്ങനെ തുടങ്ങി പല നാടുകളിലുമായി ലക്ഷക്കണക്കിനു മനുഷ്യരെ കൊന്നൊടുക്കിയതിന്റെ പിന്നില്‍ ഇസ്‌ലാമിന് എന്തു പങ്കാണുള്ളത്? ഇന്ത്യയില്‍ തന്നെ നോക്കിയാല്‍, ഇവിടെ നടന്ന പ്രമാദമായ രാഷ്ട്രീയ കൊലകള്‍ നടത്തിയത് ആരൊക്കെയായിരുന്നു? രാഷ്ട്രപിതാവായ ഗാന്ധിജിയെ കൊന്നത് മുസ്‌ലിം ആയിരുന്നോ? ഇന്ദിരാഗാന്ധിയെ കൊന്നത് മുസ്‌ലിം ആയിരുന്നോ? രാജീവ് ഗാന്ധിയെ കൊന്നതാരായിരുന്നു?'
ഇങ്ങനെയുള്ള വിശദീകരണങ്ങള്‍ കേട്ട പി. ഗോവിന്ദപ്പിള്ള ചോദിച്ചു: 'എന്തുകൊണ്ട് ഈ സത്യം നിങ്ങള്‍ ലോകത്തോട് പറയുന്നില്ല?'
മനസ്സിലായ ഒരു യാഥാര്‍ഥ്യത്തെ അംഗീകരിക്കാനുള്ള അദ്ദേഹത്തിന്റെ സന്നദ്ധത ശ്രദ്ധേയമായി തോന്നി. ലോകത്തിലെ പ്രധാന മതങ്ങളെയും ദര്‍ശനങ്ങളെയും വിമര്‍ശനാത്മകമായി പഠിച്ച പണ്ഡിതനായിരുന്നുവല്ലോ പി. ഗോവിന്ദപ്പിള്ള. അദ്ദേഹവുമായി ബന്ധപ്പെട്ട് വായിച്ച ഒരു ചോദ്യോത്തരമാണ് ഓര്‍മ വരുന്നത്. അദ്ദേഹത്തോട് ആരോ ചോദിച്ചു: 'ഒരു മതം തെരഞ്ഞെടുക്കേണ്ടി വന്നാല്‍ താങ്കള്‍ ഏത് മതമായിരിക്കും തെരഞ്ഞെടുക്കുക?'
അദ്ദേഹത്തിന്റെ മറുപടി: 'മത വിശ്വാസിയല്ല ഞാന്‍. ഏതെങ്കിലും മതത്തെ പിന്തുടരണമെന്ന് ഇപ്പോള്‍ ആഗ്രഹിക്കുന്നുമില്ല. എങ്കിലും ചോദ്യം സാങ്കല്‍പികമായതുകൊണ്ട് ഉത്തരവും അങ്ങനെയാവട്ടെ. നിര്‍ബന്ധമായും ഒരു മതം തെരഞ്ഞെടുക്കേണ്ടി വന്നാല്‍ ഞാന്‍ ഇസ്ലാം മതം സ്വീകരിക്കും.'
'മുസ്‌ലിം തീവ്രവാദം' ചര്‍ച്ച ചെയ്യുമ്പോള്‍ ഓര്‍മയില്‍ വരുന്ന വേറെയും ധാരാളം കാര്യങ്ങളുണ്ട്. ഇറാഖിലെ ആറു ലക്ഷം കുട്ടികള്‍ ഉള്‍െപ്പടെ പതിനൊന്നു ലക്ഷത്തെ കൊന്നൊടുക്കിയത് തീവ്രവാദത്തിന്റെ പേരിലായിരുന്നു. അഫ്ഗാനിസ്താനില്‍ നടന്ന നരനായാട്ടും ഇതേ പേര് പറഞ്ഞായിരുന്നല്ലോ. ഇങ്ങനെയുള്ള എത്രയെത്ര സംഭവങ്ങള്‍ കഴിഞ്ഞു പോയിട്ടുണ്ട്.
ഇന്ത്യയില്‍ തന്നെ നോക്കിയാല്‍, മുസ്ലിംകളുടെ പേരില്‍ നടന്ന പല ബോംബ് സ്‌ഫോടനങ്ങളുടെയും പിന്നില്‍ മുസ്‌ലിംകള്‍ ആയിരുന്നില്ല എന്ന് പിന്നീടാണല്ലോ തെളിഞ്ഞത്.
മാലേഗാവ് സ്‌ഫോടനം, സംഝോതാ എക്‌സ്പ്രസ്സ് സ്‌ഫോടനം, അജ്മീര്‍ സ്‌ഫോടനം ഇങ്ങനെ തുടങ്ങി ചെറുതും വലുതുമായ എത്രയെത്ര സംഭവങ്ങള്‍. നിരന്തരം ഇത്തരം വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കെ, ഇസ്‌ലാം ഇങ്ങനെ അല്ലാതിരുന്നിട്ടും മുസ്‌ലിംകള്‍ എന്താണിങ്ങനെ എന്നൊക്കെ ചിന്തിച്ചു പോയ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്.     
ഇസ്‌ലാമിനെ പഠിച്ചപ്പോള്‍ മനസ്സിലായത്, മനുഷ്യത്വം വറ്റിവരണ്ട ആധുനിക ലോകത്തെ കണ്ണുതുറപ്പിക്കാന്‍ മാത്രം ഗംഭീരമാണ് ഇസ്ലാമിലെ യുദ്ധ നിയമങ്ങള്‍ പോലും എന്നാണ്. ഒന്നാം ഖലീഫ അബൂബക്ര്‍ സ്വിദ്ദീഖ് തന്റെ സൈന്യത്തിനു നല്‍കിയ നിര്‍ദേശങ്ങള്‍ വായിച്ചപ്പോള്‍ അത്ഭുതപ്പെട്ടു പോയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ കവാടത്തില്‍ തങ്കലിപികള്‍ കൊണ്ട് എഴുതി വെക്കേണ്ടതാണിത് എന്നു പോലും തോന്നി. അദ്ദേഹം സൈന്യത്തിനു നല്‍കിയ നിര്‍ദേശങ്ങളുടെ ചുരുക്കം ഇതാണ്:
'ആരാധനക്ക് വേണ്ടി ഒഴിഞ്ഞിരിക്കുന്നവരെ നിങ്ങള്‍ വധിക്കരുത്' എന്ന് ഉപദേശിച്ച അദ്ദേഹം തുടര്‍ന്നു: 'ഞാന്‍ നിങ്ങളെ പത്ത് കാര്യങ്ങള്‍കൊണ്ട് വസ്വിയ്യത്ത് ചെയ്യുകയാണ്: സ്ത്രീകളെ വധിക്കരുത്. കുട്ടികളെ കൊല്ലരുത്. വൃദ്ധരെ കൊലപ്പെടുത്തരുത്. ഫലവൃക്ഷങ്ങള്‍ മുറിക്കരുത്. വീടുകള്‍ നശിപ്പിക്കരുത്. ഭക്ഷിക്കാനല്ലാതെ മൃഗങ്ങളെ അറുക്കരുത്. ഈത്തപ്പനകള്‍ നശിപ്പിക്കരുത്. നിങ്ങള്‍ ഭിന്നിക്കരുത്. നിങ്ങള്‍ ചതിക്കരുത്. ഭീരുത്വം കാണിക്കരുത്.'
നിര്‍ബന്ധിതാവസ്ഥയില്‍ യുദ്ധം ചെയ്യേണ്ടി വന്നാല്‍ പാലിക്കേണ്ട മര്യാദകളാണിതൊക്കെ. ഇതു മാത്രമല്ല, ശത്രുക്കളോട് സന്ധിക്ക് സാധ്യതയുണ്ടെങ്കില്‍ യുദ്ധം ചെയ്യാന്‍ പാടില്ല. ശത്രു നിരായുധനാണെങ്കിലും ഏറ്റുമുട്ടാന്‍ പാടില്ല. യുദ്ധത്തില്‍ പോലും ഇത്രയും മാനവിക മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ പഠിപ്പിക്കുന്ന ഒരു ദര്‍ശനത്തിന്റെ പേരില്‍ എങ്ങനെയാണ് തീവ്രവാദമുണ്ടാവുക എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. യഥാര്‍ഥ ഇസ്‌ലാമിന്റെ പേരില്‍ അത് അസാധ്യമാണ്.
മുസ്ലിംകളായ അറബിക്കച്ചവടക്കാര്‍ക്ക് നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഭാരതവുമായി കച്ചവട ബന്ധങ്ങള്‍ ഉണ്ടായിരുന്നുവല്ലോ. അവരുമായി തദ്ദേശീയര്‍ക്ക് ഏറ്റുമുട്ടേണ്ടി വന്ന സംഭവങ്ങള്‍ ചരിത്രത്തില്‍ കണ്ടിട്ടില്ല. നേരെ മറിച്ച്, അവരുടെ പെരുമാറ്റത്തിലും ആത്മാര്‍ഥതയിലും ആകൃഷ്ടരാവുകയാണ് ചെയ്തത്. എന്തായിരിക്കും അതിനു കാരണം? ഈ ചിന്ത നേരത്തെ മനസ്സില്‍ മുള പൊട്ടിയിരുന്നു. അതേ സമയം, പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ബ്രിട്ടീഷുകാരുമൊക്കെ വന്നതോടെ  ചിത്രം മാറി. ഒരു ചരിത്ര വിദ്യാര്‍ഥി എന്ന നിലക്ക് ഇക്കാര്യം പ്രത്യേകമായിത്തന്നെ നിരീക്ഷിച്ചിട്ടുണ്ട്. അവര്‍ നടത്തിയതു പോലെ കൊള്ളയും കൊലയും അറബികള്‍ നടത്തിയിട്ടില്ല. ഇതൊരു കൗതുകമായി മുമ്പേ തോന്നിയ കാര്യമാണ്. ഇസ്‌ലാമിനെ അടുത്തറിഞ്ഞപ്പോഴാണ് ആ കൗതുകത്തിന്റെ പൊരുള്‍ തിരിച്ചറിഞ്ഞത്.
എന്നാല്‍, 'മുസ്‌ലിം പേരു'ള്ള ചില രാജാക്കന്മാരുടെ അക്രമങ്ങള്‍ ചരിത്രത്തിലുണ്ട്. അതിനു കാരണം അവര്‍ മുസ്ലിംകളായിരുന്നു എന്നതല്ല; അവര്‍ രാജാക്കന്മാരായിരുന്നു എന്നതാണ്. അവരില്‍ യഥാര്‍ഥ ഇസ്‌ലാം ഇല്ലായിരുന്നു എന്നതും കാരണമാണ്. ഇസ്‌ലാമിക ദര്‍ശനത്തിന്റെ രാഷ്ട്രീയ സങ്കല്‍പത്തില്‍ ഏകാധിപത്യ രാജവാഴ്ച എന്നൊന്നില്ല. അതിനാല്‍, രാജാക്കന്മാരുടെ വീഴ്ചകള്‍ അവരുടേത് മാത്രമാണ്; ഇസ്‌ലാമിന്റേതല്ലതന്നെ.
ഈ വിഷയവുമായി ബന്ധപ്പെട്ട നിരീക്ഷണത്തില്‍ ശ്രദ്ധേയമായി തോന്നിയ മറ്റൊരു കാര്യമുണ്ട്. ലോക ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്താണ് മുസ്‌ലിംകള്‍. അവ്യക്തമായ പുരാതന ചരിത്രത്തിലേക്ക് പോകാതെ, വ്യക്തമായ ആധുനിക ചരിത്രം മുന്നില്‍ വെക്കുക. എന്നിട്ട്, ലോകത്ത് ഏറ്റവും കൂടുതല്‍ മനുഷ്യക്കുരുതി നടത്തിയ പത്തു പേരെ, അല്ല നൂറു പേരെ അടയാളപ്പെടുത്തുക. അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവര്‍ ആരൊക്കെയായിരിക്കും? ആ ലിസ്റ്റില്‍ എത്ര മുസ്‌ലിംകളുണ്ടാവും? ഇങ്ങനെ നിരീക്ഷിച്ച് പഠിച്ചപ്പോഴും, ആകാശത്തിലെ 'മുസ്‌ലിം തീവ്രവാദ വാര്‍ത്ത'കളും ഭൂമിയിലെ 'മുസ്‌ലിം ജീവിത യാഥാര്‍ഥ്യ'വും തമ്മില്‍ പൊരുത്തപ്പെടുന്നില്ല എന്നാണ് മനസ്സിലായത്.
ഏതെങ്കിലും 'മുസ്‌ലിം പേരു'കള്‍ ആ ലിസ്റ്റില്‍ കണ്ടാല്‍ ആദ്യം നോക്കേണ്ടത് അയാളുടെ ഇസ്‌ലാമുമായുള്ള ബന്ധമാണ്. അപ്പോള്‍ മനസ്സിലാവും 'മുസ്ലിം പേരി'ല്‍ നിലനില്‍ക്കുന്ന ഇസ്ലാമിലെ 'അക്ഷരത്തെറ്റുകളാ'ണ് ആ പേരുകള്‍ എന്ന്.
ഈ പറഞ്ഞതിനര്‍ഥം മുസ്‌ലിം സമുദായത്തില്‍ തീവ്രവാദികള്‍ തീരേ ഇല്ല എന്നൊന്നുമല്ല. ഇസ്‌ലാമിനെ ശരിയായി മനസ്സിലാക്കാത്ത ചിലരില്‍ അത്തരം പ്രവണതകള്‍ കണ്ടേക്കാം. യഥാര്‍ഥ ഇസ്‌ലാം അതിനു കാരണമാവുകയില്ല എന്നത് അനുഭവ യാഥാര്‍ഥ്യമാണ്.
ഇതിത്രയും പറഞ്ഞത് ഒരു സമുദായത്തെ ന്യായീകരിക്കാനല്ല. 'മുസ്ലിം തീവ്രവാദ' പ്രചാരണം ആകാശത്ത് പാറിനടക്കുന്നത് കണ്ടപ്പോള്‍, ഭൂമിയിലേക്ക് നോക്കി യാഥാര്‍ഥ്യം നിരീക്ഷിക്കാനും പഠിക്കാനും നിര്‍ബന്ധിതനായതാണ്. അപ്പോള്‍ കണ്ട യാഥാര്‍ഥ്യമാണ് ഇവിടെ കുറിച്ചത്. ഒരു സമുദായത്തെ അന്ധമായി ന്യായീകരിക്കാന്‍ ഇസ്‌ലാമില്‍ ഒരു പഴുതുമില്ല. കാരണം, ഇസ്‌ലാം ജനങ്ങളുടേതാണ്; ഏതെങ്കിലും സമുദായത്തിന്റേതല്ല.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് - 15-21
ടി.കെ ഉബൈദ്‌

ഹദീസ്‌

അഭൗതിക ജ്ഞാനം അല്ലാഹുവിന് മാത്രം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌