Prabodhanm Weekly

Pages

Search

2022 ഡിസംബര്‍ 09

3280

1444 ജമാദുല്‍ അവ്വല്‍ 15

അതിജീവിക്കുമോ  അന്‍വര്‍ ഇബ്‌റാഹീം?

ഡോ. ആര്‍. യൂസുഫ്   [email protected]

മലേഷ്യന്‍ പാര്‍ലമെന്റിലേക്ക് ഈയിടെ നടന്ന തെരഞ്ഞെടുപ്പ് മുന്‍ വര്‍ഷങ്ങളില്‍ നിന്ന് ഭിന്നമായി മലേഷ്യന്‍ രാഷ്ട്രീയത്തില്‍ പുതിയ ധ്രുവീകരണത്തിന് നിമിത്തമാവും എന്ന ആശങ്ക പൊതുവേ നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം, 1998 മുതല്‍ മലേഷ്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് പുറന്തള്ളാന്‍ വ്യത്യസ്ത രാഷ്ട്രീയ കക്ഷികള്‍ ശ്രമിച്ച അന്‍വര്‍ ഇബ്‌റാഹീം എന്ന മലേഷ്യന്‍ രാഷ്ട്രീയത്തിലെ അതികായന്‍ പ്രധാനമന്ത്രിപദത്തില്‍ അവരോധിക്കപ്പെട്ടു എന്നതാണ്. അന്‍വര്‍ ഇബ്‌റാഹീമിന്റെ പ്രധാനമന്ത്രി പദം അംഗീകരിക്കാനും ഉള്‍ക്കൊള്ളാനും സാധിക്കാത്ത ഒരു വലിയ വിഭാഗം മലേഷ്യയിലുണ്ട്. അതുകൊണ്ടുതന്നെ 'നോ അന്‍വര്‍' എന്ന മുദ്രാവാക്യമാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വ്യത്യസ്ത ധ്രുവങ്ങളില്‍ നിലയുറപ്പിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഏതാണ്ടെല്ലാ മുന്നണികളും ഒരുപോലെ പ്രഖ്യാപിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ പരസ്പരം മത്സരിച്ച അന്‍വര്‍ വിരുദ്ധ ചേരിയിലെ മൂന്ന് മുന്നണികളും തങ്ങളുടെ വോട്ട് ബാങ്ക് വികസിപ്പിക്കാന്‍  തങ്ങളുടെ ആക്രമണത്തിന്റെ കുന്തമുന തിരിച്ചുവെച്ചത് അന്‍വര്‍ ഇബ്‌റാഹീമിന്നും അദ്ദേഹത്തിന്റെ മുന്നണിയിലെ പ്രധാന കക്ഷിയായ ചൈനീസ് വംശജരുടെ പാര്‍ട്ടിയായ ഡി.എ.പിക്കും എതിരെയായിരുന്നു. അവരെല്ലാവരും ഒരുപോലെ ജനങ്ങള്‍ക്ക് നല്‍കിയ തെരഞ്ഞെടുപ്പ് വാഗ്ദാനവും, തൂക്കുപാര്‍ലമെന്റ് രൂപപ്പെടുകയാണെങ്കില്‍ അന്‍വര്‍ ഇബ്‌റാഹീം ഉള്‍ക്കൊള്ളുന്ന മുന്നണിയുടെ ഭാഗമായി നില്‍ക്കില്ല എന്നതായിരുന്നു.  മലേഷ്യയോടൊപ്പം പിന്നീട് ചേര്‍ന്ന  രണ്ട് സംസ്ഥാനങ്ങളായ സബ, സറാവാക്ക് എന്നീ  സംസ്ഥാനങ്ങളില്‍ കുറച്ചുകൂടി സ്വതന്ത്ര സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന മുന്നണികളാണ് ഉണ്ടായിരുന്നത്. പ്രസ്തുത മുന്നണികളും  അന്‍വര്‍ ഇബ്‌റാഹീമിനോടൊപ്പം ചേര്‍ന്ന് ഭരണം പങ്കിടില്ല എന്നു തന്നെയാണ് പ്രഖ്യാപിച്ചത്.
സ്വാഭാവികമായും തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നേടിയാലും അന്‍വര്‍ ഇബ്‌റാഹീമിന് പ്രധാനമന്ത്രിപദം ലഭ്യമാകാന്‍ സാധ്യതയില്ല എന്ന ഒരു പൊതു വിശ്വാസം മലേഷ്യയിലുണ്ടായിരുന്നു. ഈ വിശ്വാസത്തെ തകിടം മറിച്ചുകൊണ്ടാണ് അന്‍വര്‍ ഇബ്‌റാഹീം പ്രധാനമന്ത്രി പദത്തില്‍ അവരോധിതനായിരിക്കുന്നത്. അന്‍വറിനോടൊപ്പം ചേര്‍ന്ന് ഭരണം പങ്കിടില്ല എന്ന് വാദിച്ച പ്രധാനപ്പെട്ട കക്ഷികള്‍ പിന്തുണച്ചതോടെയാണ് 1998-ലും 2020-ലും രണ്ട് സന്ദര്‍ഭങ്ങളില്‍ തന്റെ കൈയില്‍നിന്ന് കവര്‍ന്നെടുക്കപ്പെട്ട പ്രധാനമന്ത്രി പദം അന്‍വര്‍ ഇബ്‌റാഹീമിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികം കാലമായി അവര്‍ എതിര്‍ക്കുന്ന അംനോയുടെ പിന്തുണയാണ് ഇതില്‍ നിര്‍ണായകം  എന്നതാണ് ഇതിലെ ഏറ്റവും വലിയ വൈരുധ്യം.  ഈ വൈരുധ്യങ്ങള്‍ക്കിടയില്‍ അന്‍വര്‍ ഇബ്‌റാഹീമിന് അതിജീവനം സാധ്യമാണോ എന്നതാണ് മലേഷ്യ ഉറ്റു നോക്കുന്നത്.

അന്‍വര്‍ ഇബ്‌റാഹീമിന്റെ രാഷ്ട്രീയ പരിണാമങ്ങള്‍

1980 മുതല്‍ 1998 വരെ മലേഷ്യന്‍ രാഷ്ട്രീയത്തിലെ ജനകീയ താരവും 1998 മുതല്‍ വില്ലനും ആയി പ്രതിഷ്ഠിക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് അന്‍വര്‍ ഇബ്‌റാഹീം. ഒരു രാഷ്ട്രീയക്കാരനായല്ല അന്‍വര്‍ ഇബ്‌റാഹീം മലേഷ്യന്‍ സാമൂഹിക മണ്ഡലത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു ഇസ്‌ലാമിക യുവജന നേതാവും സാമൂഹിക മാറ്റത്തെ കുറിച്ച് കൃത്യമായ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുന്ന  യുവ ആക്ടിവിസ്റ്റും എന്ന നിലക്കാണ് അന്‍വര്‍ ഇബ്‌റാഹീമിന്റെ അരങ്ങേറ്റം. എഴുപതുകളില്‍ ഇസ്‌ലാമിക ലോകത്തുണ്ടായ ഉണര്‍വും മാറ്റവും ഉള്‍ക്കൊള്ളും വിധമുള്ള ഇസ്‌ലാമികവല്‍ക്കരണ പ്രക്രിയക്ക് നേതൃത്വം കൊടുക്കാന്‍ മലേഷ്യയിലെ വ്യത്യസ്ത രാഷ്ട്രീയ കക്ഷികള്‍ ശ്രമിക്കുന്നില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് പടിഞ്ഞാറന്‍ കലാലയങ്ങളില്‍നിന്ന് ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ പരിചയപ്പെടാന്‍ അവസരം ലഭിച്ച ചെറുപ്പക്കാര്‍ ചേര്‍ന്ന് അങ്കതന്‍ ബലിയ ഇസ്‌ലാം മലേഷ്യ (ABIM) എന്ന ഇസ്‌ലാമിക യുവജന പ്രസ്ഥാനത്തിന് രൂപം നല്‍കിയത്.  മലേഷ്യയിലെ സുശക്തമായ ഈ ഇസ്‌ലാമിക യുവജന പ്രസ്ഥാനത്തിന്റെ സാരഥി എന്ന നിലയിലാണ് 80-കളില്‍ അന്‍വര്‍ ഇബ്‌റാഹീം ജ്വലിച്ചു നിന്നത്.
അക്കാലത്ത് മലേഷ്യന്‍ രാഷ്ട്രീയത്തില്‍ മലയ് വംശജരുടെ രാഷ്ട്രീയ പ്രസ്ഥാനമായി നിലവിലുണ്ടായിരുന്നത് അംനോ, പാസ് എന്നീ രണ്ട് സംഘങ്ങളാണ്. ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് മലേഷ്യയെ മോചിപ്പിക്കാനുള്ള സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് രൂപംകൊണ്ട മലയ് വംശജരുടെ ദേശീയ രാഷ്ട്രീയ പ്രസ്ഥാനമാണ് യുനൈറ്റഡ് മലായ്‌സ് നാഷനല്‍ ഓര്‍ഗനൈസേഷന്‍  (UMNO) അഥവാ അംനോ. കൊളോണിയല്‍ കാലഘട്ടത്തില്‍ ബ്രിട്ടീഷ്‌വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അംനോ  മലേഷ്യയുടെ ഇസ്‌ലാമികവല്‍ക്കരണത്തിനുതകുന്ന സമീപനമല്ല സ്വീകരിക്കുന്നത് എന്ന വിമര്‍ശനത്തോടെ 1951-ല്‍ അംനോവിലെ മതപണ്ഡിതന്മാര്‍ ദേശീയ പ്രസ്ഥാനത്തില്‍ നിന്ന് രാജിവെക്കുകയും പാന്‍ മലേഷ്യന്‍ ഇസ്‌ലാമിക് പാര്‍ട്ടി (PMIP) എന്ന പേരില്‍ ഒരു പുതിയ സംഘത്തിന് രൂപം നല്‍കുകയും ചെയ്തു. ഇതാണ് പില്‍ക്കാലത്ത് വികസിച്ച് പാസ് ആയി രൂപാന്തരപ്പെടുന്നത്. സ്വാതന്ത്ര്യാനന്തരം മറ്റെല്ലാ മുസ്‌ലിം നാടുകളിലും സംഭവിച്ചതുപോലെ ദേശീയ പ്രസ്ഥാനമായ അംനോവിനാണ് അധികാര പങ്കാളിത്തം ലഭിച്ചത്. മലേഷ്യയുടെ ചരിത്രത്തില്‍ 1957-ല്‍ സ്വാതന്ത്ര്യം നേടിയത് മുതല്‍ 2018 -21 വരെയുള്ള ചുരുങ്ങിയ കാലം മാറ്റിനിര്‍ത്തിയാല്‍ മലേഷ്യ ഭരിച്ചത് അംനോവിന്റെ  നേതൃത്വത്തിലുള്ള മുന്നണിയായിരുന്നു.
മലയ് വംശജര്‍ക്കിടയില്‍ അംനോവിനെതിരെ രൂപപ്പെട്ട ഏറ്റവും വലിയ പ്രതിപക്ഷ സാന്നിധ്യം സ്വാതന്ത്ര്യ നാളുകള്‍ മുതല്‍ പാസ് തന്നെയായിരുന്നു.  എന്നാല്‍ '70-കളില്‍ അബീം (ABIM) രൂപം കൊണ്ടതോടെ മലയ് വംശജരുടെ ഇസ്‌ലാമിക മുഖം അബീം കൈയേല്‍ക്കുന്ന സ്ഥിതിവിശേഷമുണ്ടായി. അക്കാലത്ത് അബീമിന്റെ സാരഥി എന്ന നിലയില്‍ അന്‍വര്‍  ഇബ്‌റാഹീമിന്റെ കരിസ്മാറ്റിക് വ്യക്തിത്വത്തെ മുന്‍നിര്‍ത്തി അബീം നടത്തിയ രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ മലേഷ്യന്‍ രാഷ്ട്രീയത്തില്‍ അംനോവിന്  എതിരെയുള്ള ഏറ്റവും വലിയ ഇസ്‌ലാമിക പ്രതിപക്ഷം എന്ന നിലയിലേക്ക് അബീമിനെ വളര്‍ത്തി.  എണ്‍പതുകളില്‍ പാസുമായി ചേര്‍ന്ന് അബീം നടത്തിയ രാഷ്ട്രീയ നീക്കങ്ങളും അബീം നേതാക്കള്‍ പാസ് ബാനറില്‍ മത്സരിച്ചതും  അംനോവിനെയും, അതിന്റെ അന്നത്തെ അധ്യക്ഷനും പ്രധാനമന്ത്രിയുമായ മഹാതീര്‍ മുഹമ്മദിനെയും വല്ലാതെ അസ്വസ്ഥപ്പെടുത്തി. ഇസ്‌ലാമിനെ ഒരു ആചാര മതമായി കാണുന്ന മതേതര സമീപനത്തിന് പകരം അതിനെ ഒരു പ്രത്യയശാസ്ത്രമായും സാമൂഹിക ജീവിതത്തിന്റെ അവിഭാജ്യ ഘടകമായും കാണുന്ന രാഷ്ട്രീയ ചുവടുമാറ്റത്തിലേക്ക് അവര്‍ക്ക്  മാറേണ്ടി വന്നു എന്നതാണ് ഇതിന്റെ ഫലം. പാസ് മുന്നോട്ടുവെക്കുന്ന പരമ്പരാഗത രാഷ്ട്രീയ ഘടനക്ക് പകരം, ഇസ്‌ലാമിനെ ബഹുമത വംശീയ സമൂഹമായ മലേഷ്യയില്‍ ആവിഷ്‌കരിക്കാനുള്ള, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയമാണ് തങ്ങള്‍ മുന്നോട്ടുവെക്കുന്നതെന്ന അവകാശവാദം ഉന്നയിച്ചുകൊണ്ട് ഇസ്‌ലാമികവല്‍ക്കരണത്തിന്റെ വക്താക്കള്‍ക്കും അംനോവിന്റെ ഭാഗമാകാം എന്ന് മഹാതീര്‍ പ്രഖ്യാപിക്കുന്നത് അങ്ങനെയാണ്. ജനപിന്തുണ ചോര്‍ന്നുപോകുന്ന അംനോവിന് പിന്തുണ ലഭിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ഇസ്‌ലാമാണെന്നും  അല്ലാത്തപക്ഷം രാഷ്ട്രീയ അന്ത്യത്തിന് നിമിത്തമാകും എന്നുമുള്ള തിരിച്ചറിവില്‍ നിന്നാണ് മഹാതീര്‍ ഈ നിലപാട് സ്വീകരിച്ചത് എന്ന വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്.
എന്നാല്‍,  എണ്‍പതുകളില്‍ ലോകവ്യാപകമായി ശക്തിപ്പെട്ട ഇസ്‌ലാമിക നവജാഗരണവും, പടിഞ്ഞാറന്‍ നവകൊളോണിയല്‍ നയത്തിനെതിരായ ബഹുജന വികാരവും മഹാതീറിനെയും സ്വാധീനിച്ചിരുന്നുവെന്നും, പ്രസ്തുത സ്വാധീനം നിമിത്തമാണ് രാഷ്ട്രീയ സമീപനത്തില്‍ ചില മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ മഹാതീര്‍ മുന്നോട്ടുവന്നെതന്നും വിശദീകരിക്കുന്നവരുണ്ട്.
ഈ പശ്ചാത്തലത്തിലാണ് 1982-ല്‍ അനുചരന്മാരെയും പ്രതിയോഗികളെയും ഒരുപോലെ  അത്ഭുതപ്പെടുത്തിക്കൊണ്ട് അന്‍വര്‍ ഇബ്‌റാഹീം അബീമിന്റെ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് മഹാതീര്‍ മുഹമ്മദിന്റെ  ക്ഷണം സ്വീകരിച്ച് അംനോവില്‍ ചേരുന്നത്. അബീമിന്റെ നേതൃനിരയിലും അനുയായികളിലുമുള്ള ഒട്ടനവധി പേര്‍ അംനോവിലേക്ക് ചേക്കേറി. ഇതോടെ, മലേഷ്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ഉറച്ച ശബ്ദമായ അബീം ഏതാണ്ട് നിഷ്പ്രഭമായി എന്നു തന്നെ പറയാം. തുടര്‍ന്നങ്ങോട്ട് അന്‍വര്‍  ഇബ്‌റാഹീമിനെ മുന്‍നിര്‍ത്തി മഹാതീര്‍ നടത്തിയ രാഷ്ട്രീയ നീക്കങ്ങള്‍ പ്രധാനമായും കേന്ദ്രീകരിച്ചത് ഇസ്‌ലാമിന്റെ ഒരേയൊരു ശബ്ദമായി അംനോവിനെ പ്രതിഷ്ഠിക്കാനാണ്.
അന്‍വര്‍ ഇബ്‌റാഹീമിന്റെയും അനുയായികളുടെയും ചുവടുമാറ്റം, സ്വാതന്ത്ര്യലബ്ധി മുതല്‍ ഇസ്‌ലാമികവല്‍ക്കരണത്തിന് ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന പാസിന് മുന്നില്‍ വലിയ പ്രതിസന്ധി തന്നെയാണ് സൃഷ്ടിച്ചത്. അന്‍വര്‍ ഇബ്‌റാഹീമിനെ മുന്‍നിര്‍ത്തി ഇസ്‌ലാമികവല്‍ക്കരണത്തിന്റെ മുന്നണിപ്പോരാളിയാകാന്‍ മഹാതീര്‍ നടത്തിയ ശ്രമം ഒരു പരിധിവരെ വിജയം കണ്ടു എന്നു പറയാം. പാസിനെ സമകാലിക യാഥാര്‍ഥ്യങ്ങളുമായി സമരസപ്പെടാന്‍ പറ്റാത്ത പാരമ്പര്യ വാദികളുടെ പിന്തിരിപ്പന്‍ പ്രസ്ഥാനം എന്ന് വിശേഷിപ്പിച്ചാണ് മഹാതീര്‍ നേരിട്ടത്. ഇസ്‌ലാമികവല്‍ക്കരണത്തിന്റെ ശക്തനായ വക്താവായി സ്വയം അവരോധിതനായ മഹാതീര്‍ മുഹമ്മദ്  ഇസ്‌ലാമിക് ബാങ്കിംഗ്, ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, ഒ.ഐ.സി പങ്കാളിത്തം തുടങ്ങിയ നിലപാടുകളിലൂടെ ഇസ്‌ലാമിക ലോകത്തിന്റെ ശക്തനായ പ്രതീകമാവാന്‍ നടത്തിയ ശ്രമം ഏറക്കുറെ വിജയിച്ചു. അന്‍വര്‍ ഇബ്‌റാഹീമിനെ കൂടെ നിര്‍ത്തി മഹാതീര്‍ നടത്തിയ രാഷ്ട്രീയ നീക്കങ്ങള്‍ കാരണം മലേഷ്യന്‍ രാഷ്ട്രീയത്തില്‍ എണ്‍പതുകളില്‍ ജ്വലിച്ചു നിന്നിരുന്ന പാസും അഭീമിനെപ്പോലെ ഏറക്കുറെ ചിത്രത്തില്‍ നിന്ന് നിഷ്പ്രഭമാവാന്‍ തുടങ്ങി. ഒരു കാലത്ത് പാസിന്റെ കൂടെയുണ്ടായിരുന്ന അതേ മുഖം തന്നെയാണ് ഈ ഘട്ടത്തില്‍ അവര്‍ക്ക് ഒരു ഭീഷണിയായി മാറിയത് എന്ന് ചുരുക്കം. 

ദുരൂഹമായ രാഷ്ട്രീയ നാടകങ്ങള്‍

മഹാതീര്‍-അന്‍വര്‍ കൂട്ടുകെട്ട് മലേഷ്യന്‍ രാഷ്ട്രീയ ഭൂപടത്തില്‍ ശ്രദ്ധേയമായ ചില മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുകയും മഹാതീറില്‍നിന്ന് അന്‍വര്‍ ഇബ്‌റാഹീം അധികാരം ഏറ്റെടുക്കുമെന്ന് പലരും ധരിച്ചിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പെട്ടെന്ന് 1998-ല്‍ മഹാതീര്‍ ഉപ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പാര്‍ട്ടി പദവികളില്‍ നിന്നും അന്‍വര്‍ ഇബ്‌റാഹീമിനെ നീക്കി, സദാചാര വിരുദ്ധ പ്രവര്‍ത്തനവും അഴിമതിയും ആരോപിച്ച് അറസ്റ്റ് ചെയ്യുന്നത്. മലേഷ്യന്‍ രാഷ്ട്രീയത്തില്‍ ആ നടപടി  സൃഷ്ടിച്ച കോലാഹലങ്ങള്‍ ഇന്നും കെട്ടടങ്ങിയിട്ടില്ല. മഹാതീര്‍ മുഹമ്മദ്, അന്‍വര്‍ ഇബ്‌റാഹീമിനെതിരെ സ്വീകരിച്ച ഈ നടപടിയുടെ കാരണം ഇന്നും ദുരൂഹമായി അവശേഷിക്കുന്നു. അന്‍വര്‍ ഇബ്‌റാഹീമിന് ചുറ്റും വളര്‍ന്നുവന്ന യുവനിര തനിക്കും തന്റെ രാഷ്ട്രീയ നിലപാടുകള്‍ക്കും എതിരെ നിലകൊള്ളും എന്ന ഭയത്തില്‍നിന്നാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടത് എന്ന വിമര്‍ശനം പൊതുവേ നിലനില്‍ക്കുന്നുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തില്‍ രാഷ്ട്രീയമായി പുറന്തള്ളപ്പെട്ട അന്‍വര്‍ ഇബ്‌റാഹീമിനും അനുചരന്മാര്‍ക്കും ആശ്വാസത്തിന്റെ പിടിവള്ളിയായി മാറിയത്, അന്‍വര്‍ ഇബ്‌റാഹീമിനെ ഉപയോഗപ്പെടുത്തി മഹാതീര്‍ മലേഷ്യന്‍ രാഷ്ട്രീയത്തില്‍നിന്ന് പിഴുതെറിയാന്‍ ശ്രമിച്ച പാസ് എന്ന മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ ഉസ്താദ് നിക് അബ്ദുല്‍ അസീസ് ആയിരുന്നു.  അന്‍വര്‍ ഇബ്‌റാഹീമിനെ പുറത്താക്കിയ നടപടി തെരഞ്ഞെടുപ്പ് വിഷയമാക്കി   ഉയര്‍ത്തിക്കാട്ടി 1999- ലെ പൊതു തെരഞ്ഞെടുപ്പില്‍ അന്‍വറിനോടുള്ള സഹതാപ തരംഗം ഉപയോഗപ്പെടുത്തി മലയ് വംശജര്‍ക്ക് ആധിപത്യമുള്ള മൂന്ന് സംസ്ഥാനങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കാനും പാര്‍ലമെന്റില്‍ 30 സീറ്റുകള്‍ കരസ്ഥമാക്കി ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായി മാറാനും പാസിന് സാധിച്ചു. അന്‍വര്‍ ഇബ്‌റാഹീമിനെതിരെ താന്‍ നടത്തിയ രാഷ്ട്രീയ നീക്കങ്ങള്‍ പാസിന് അനുകൂലമായി മാറുന്നു എന്ന് തിരിച്ചറിഞ്ഞ മഹാതീര്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവെക്കുകയും മത മുഖമുള്ള അബ്ദുല്ലാ ബദാവിയെ പാര്‍ട്ടി അധ്യക്ഷനാക്കുകയും പ്രധാനമന്ത്രി പദത്തില്‍ അവരോധിക്കുകയും ചെയ്തു. മതകീയ മുഖമുള്ള ഈ രാഷ്ട്രീയ നേതാവിനെ ഉപയോഗപ്പെടുത്തി, അന്‍വര്‍ ഇബ്‌റാഹീം രൂപം നല്‍കിയ പാര്‍ട്ടി കാ ആദിലാന്‍ റഇയ്യതിനെയും (People's Justice Party) പാസിനെയും ദുര്‍ബലപ്പെടുത്താമെന്ന കണക്ക് കൂട്ടല്‍ പിഴച്ചില്ല. അഞ്ചു വര്‍ഷത്തിനുശേഷം '94-ല്‍ നടന്ന പാര്‍ലമെന്റ്  തെരഞ്ഞെടുപ്പില്‍ പാസിന്റെ സീറ്റുകള്‍ 30-ല്‍ നിന്ന്  മൂന്നായി കുറഞ്ഞു. അന്‍വറിന്റെ പാര്‍ട്ടിക്ക് പാര്‍ട്ടി പ്രസിഡന്റ് കൂടിയായ  ഭാര്യ വാന്‍ അസീസയെ മാത്രമാണ് ജയിപ്പിക്കാനായത്.  17 സീറ്റ് നേടിയ ഡി.എ.പി മുഖ്യ പ്രതിപക്ഷമാവുകയും ചെയ്തു.

അന്‍വറിന്റെ മഴവില്‍ സഖ്യം

ഈ ഘട്ടത്തിലാണ് തന്റെ രാഷ്ട്രീയ പരീക്ഷണങ്ങള്‍ക്ക് പുതിയ ഭാവം പകര്‍ന്നുകൊണ്ട് അന്‍വര്‍ ഇബ്‌റാഹീം ചില പുതിയ പരീക്ഷണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. മലേഷ്യന്‍ രാഷ്ട്രീയത്തില്‍ അംനോവിന്റെ വംശീയ രാഷ്ട്രീയത്തിനെതിരെ വ്യത്യസ്ത മത-വംശീയ വിഭാഗങ്ങളെ കോര്‍ത്തിണക്കുന്ന ഒരു പുതിയ രാഷ്ട്രീയം മുന്നോട്ട് വെച്ചുകൊണ്ട് മാത്രമേ തനിക്ക് അതിജീവിക്കാനാവൂ എന്ന് അന്‍വര്‍ തിരിച്ചറിഞ്ഞു. അന്നു വരെ രണ്ട് വ്യത്യസ്ത ധ്രുവങ്ങളിലായി നിലയുറപ്പിച്ച് അംനോവിനെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാറുള്ള  പാര്‍ട്ടികളായിരുന്നു പാസും ചൈനീസ് വംശജരുടെ പാര്‍ട്ടിയായി അറിയപ്പെടുന്ന ഡി.എ.പിയും. ഈ രണ്ടു പാര്‍ട്ടികളെയും ഒരേ പ്ലാറ്റ്‌ഫോമില്‍ അണിനിരത്തുന്ന രാഷ്ട്രീയ പരീക്ഷണത്തിന് മാത്രമേ മുന്നേറ്റം സാധ്യമാവൂ എന്ന് അന്‍വര്‍ ഇബ്‌റാഹീം മനസ്സിലാക്കി. അങ്ങനെയാണ് ഇരു പാര്‍ട്ടികളുമായും ചേര്‍ന്ന് ഒരു പുതിയ മുന്നണിയുമായി അദ്ദേഹം രംഗത്തുവന്നത്.  2008-ല്‍  പാര്‍ലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും നടന്ന ഇലക്ഷനില്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടാനായില്ലെങ്കിലും അഞ്ച് സംസ്ഥാനങ്ങളില്‍ അംനോവിന്റെ അടിത്തറയിളക്കി ഈ മുന്നണി വിജയം നേടി. മലേഷ്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഒരു മാറ്റമായിരുന്നു ഈ വിജയം. സ്വാഭാവികമായും വംശീയ രാഷ്ട്രീയത്തിനെതിരെ ബഹുസ്വര ജനാധിപത്യത്തെ കുറിച്ച പുതിയ കാഴ്ചപ്പാടുകള്‍ പങ്കുവെക്കാന്‍ ഈ രാഷ്ട്രീയ മാറ്റം കാരണമായി.
2013-ല്‍ നടന്ന ഇലക്ഷനിലും ഈ  ബഹുസ്വര രാഷ്ട്രീയവുമായി അന്‍വര്‍ ഇബ്‌റാഹീം മുന്നോട്ടു പോയെങ്കിലും, ചൈനീസ് വംശീയ പാര്‍ട്ടിയായ ഡി.എ.പിയോടുള്ള പാസിന്റെയും അന്‍വര്‍ ഇബ്‌റാഹീമിന്റെയും കൂട്ടുകെട്ടിനെ മലയ് വംശജര്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായി ചിത്രീകരിച്ചുകൊണ്ട് അംനോ നടത്തിയ പ്രചാരണത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഈ മുന്നണിക്ക് സാധിച്ചില്ല. പൊതുവേ മലേഷ്യയില്‍ ഭരണമാറ്റം പ്രതീക്ഷിച്ച പ്രസ്തുത ഇലക്ഷനില്‍ 51 ശതമാനം വോട്ടുകള്‍ നേടി പ്രതിപക്ഷം കരുത്ത് തെളിയിച്ചെങ്കിലും ഭൂരിപക്ഷം സീറ്റുകളും അംനോ നേതൃത്വം നല്‍കുന്ന മുന്നണിക്ക് ലഭിച്ചു.  ഇതേ തുടര്‍ന്നുണ്ടായ രാഷ്ട്രീയ ചലനങ്ങളും, മലയ് വംശജരുടെ അവകാശ നിഷേധങ്ങളിലേക്ക് നയിക്കുന്ന സമീപനമാണ് അന്‍വര്‍ ഇബ്‌റാഹീമും പാസും സ്വീകരിക്കുന്നത് എന്ന പ്രചാരണങ്ങളും പ്രതിപക്ഷ മുന്നണിയുടെ ഭദ്രത നശിപ്പിക്കാന്‍ നിമിത്തമായി.  ഈ ഘട്ടത്തിലാണ്, പാസിലെ പുരോഗമന മുഖം എന്ന് വിശേഷിപ്പിക്കാവുന്ന നിക് അബ്ദുല്‍ അസീസ് എന്ന അമരക്കാരന്‍ ഈ ലോകത്തോട് വിടപറയുന്നതും നേതൃത്വം ഉസ്താദ് ഹാദി ഏറ്റെടുക്കുന്നതും. 
തുടര്‍ന്ന് പാസ് രാഷ്ട്രീയത്തിലും മുന്നണിയിലും വ്യത്യസ്തമായ ചില കാഴ്ചപ്പാടുകള്‍ രൂപം കൊള്ളുകയുണ്ടായി. 2013-ലെ തെരഞ്ഞെടുപ്പില്‍ പാസിനുണ്ടായ നഷ്ടത്തിന്റെ പ്രധാനപ്പെട്ട കാരണം ചൈനീസ് പാര്‍ട്ടിയായ ഡി.എ.പിയോടൊപ്പമുള്ള സഖ്യമാണെന്നും, പ്രസ്തുത പാര്‍ട്ടിയുടെ വംശീയ മുഖത്തോട് കടുത്ത വിയോജിപ്പുള്ളവരാണ് മലയ് വംശജരെന്നും, അതുകൊണ്ട് അവരില്‍ നിന്ന് അകലം പാലിച്ചുകൊണ്ടുള്ള  രാഷ്ട്രീയ ഫോര്‍മുലയാണ് കരണീയം എന്നും വാദിച്ചുകൊണ്ട് പാസിലെ  പരമ്പരാഗത പണ്ഡിതന്മാര്‍ രംഗത്തുവന്നു.  ഇതിനിടയില്‍ അന്‍വര്‍ ഇബ്‌റാഹീമിന് നേരെ വീണ്ടും ഉയര്‍ന്നുവന്ന ചില ആരോപണങ്ങളും ഈ ചിന്തക്ക് ആക്കം കൂട്ടി. അദ്ദേഹത്തിന്റെ ബഹുസ്വര രാഷ്ട്രീയമെന്ന കാഴ്ചപ്പാട് ഇസ്‌ലാമികവല്‍ക്കരണത്തിന്റെ നിരാകരണമാണ് എന്ന പ്രചാരണങ്ങളും ഉസ്താദ് ഹാദി അടക്കമുള്ളവരുടെ പ്രധാനപ്പെട്ട ഒരു വിമര്‍ശനമായിരുന്നു. ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ അന്‍വര്‍ ഇബ്‌റാഹീം നടത്തുന്ന പല നീക്കങ്ങളിലും മുന്നണിയിലെ പ്രധാന കക്ഷിയായ പാസിനെ പരിഗണിക്കുന്നില്ല എന്നും, പാസിനോടുള്ളതിനെക്കാള്‍ കൂടുതല്‍ ചായവ് ഡി.എ.പിയോടാണ് അന്‍വര്‍ ഇബ്‌റാഹീമിനുള്ളതെന്നുമുള്ള വിമര്‍ശനവും ചില കോണുകളില്‍ നിന്ന് ഉയര്‍ന്നുവരികയുണ്ടായി.  എന്നാല്‍, പാസിലെ ഉലമാ ഗ്രൂപ്പ് എന്നറിയപ്പെടുന്ന ഈ വിഭാഗത്തിന്റെ നിലപാടുകളെ വിമര്‍ശിച്ചും ചോദ്യം ചെയ്തും ചെറുപ്പക്കാരുടെയും പ്രഫഷനലുകളുടെയും നേതൃത്വത്തില്‍ മറ്റൊരു വിഭാഗവും രംഗത്തുവന്നിരുന്നു. അന്‍വര്‍ ഇബ്‌റാഹീമില്‍ മലേഷ്യയുടെ രക്ഷകനെ കാണുന്ന ഈ വിഭാഗം അന്‍വര്‍ വിഭാഗം എന്ന പേരിലാണ് അറിയപ്പെട്ടത്.  ഈ രണ്ടു വിഭാഗവും തമ്മിലുള്ള ആഭ്യന്തര സംഘര്‍ഷങ്ങള്‍ പാസ് എന്ന മുസ്‌ലിം രാഷ്ട്രീയ കക്ഷിയുടെ കെട്ടുറപ്പിനെ പ്രതികൂലമായി ബാധിക്കുകയും തുടര്‍ന്ന് നടന്ന പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ അന്‍വര്‍ അനുകൂല നേതാക്കന്മാരെയെല്ലാം വെട്ടിനിരത്തി ഉലമാ ഗ്രൂപ്പ് പാര്‍ട്ടിയില്‍ അവരുടെ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.
പാസിന്റെ ഏറ്റവും മാതൃകാ വ്യക്തിത്വമായിരുന്ന ഉസ്താദ് നിക് അബ്ദുല്‍ അസീസിന്റെ തണലില്‍ വളര്‍ന്നുവന്ന പ്രഫഷനല്‍ നിരയിലെ എല്ലാവരും  പാര്‍ട്ടി പദവികളില്‍നിന്ന് ഒഴിവാക്കപ്പെട്ടു. പാര്‍ട്ടിയില്‍ പിടിമുറുക്കിയ പുതിയ നേതൃത്വമാകട്ടെ അന്‍വര്‍ ഇബ്‌റാഹീമിനോടും ഡി.എ.പിയോടും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് പകരം, പാസ് മലയ് വംശജരുടെ സംരക്ഷകര്‍ എന്ന നിലയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്ന  അഭിപ്രായക്കാരായിരുന്നു. ഉസ്താദ് അബ്ദുല്‍ ഹാദിയുടെ പല കാഴ്ചപ്പാടുകളും അന്‍വര്‍ ഇബ്‌റാഹീം മുന്നോട്ട് വെക്കുന്ന കാഴ്ചപ്പാടുകളില്‍ നിന്ന് ഏറെ അകലം പാലിക്കുന്നതായിരുന്നു. ഇത്തരം അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായതിനെത്തുടര്‍ന്ന്  പാസ് അന്‍വര്‍ ഇബ്‌റാഹീമിന്റെ മുന്നണിയില്‍നിന്ന് പുറത്തുപോവുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ അന്‍വര്‍ അനുകൂല വിഭാഗം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് അമാന പാര്‍ട്ടി എന്ന പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന് രൂപം നല്‍കിയിരുന്നു.  പ്രസ്തുത രാഷ്ട്രീയ പ്രസ്ഥാനം അന്‍വര്‍ ഇബ്‌റാഹീം നേതൃത്വം നല്‍കുന്ന മുന്നണിയുടെ ഭാഗമായതോടെ  തങ്ങളില്‍നിന്ന് വിഘടിച്ചു പോയവര്‍ക്ക് പരിഗണന നല്‍കുന്ന അന്‍വര്‍ ഇബ്‌റാഹീമിനെ തങ്ങളുടെ മുഖ്യ പ്രതിയോഗിയായി പാസ് കാണുകയായിരുന്നു. മലേഷ്യന്‍ രാഷ്ട്രീയത്തില്‍ ഒരു പുതിയ പ്രഭാതത്തിന് കാരണമായിത്തീരാവുന്ന ചൈനീസ് വംശജരും ഇന്ത്യന്‍ വംശജരും മലയ് വംശജരും ഒന്നിച്ചുനില്‍ക്കുന്ന, അന്‍വര്‍ ഇബ്‌റാഹീം സ്വപ്‌നം കണ്ട മഴവില്‍ സഖ്യത്തിന്റെ തകര്‍ച്ചക്ക് ഇത്തരം നടപടികള്‍ കാരണമായി.

പാസിന്റെ തിരിച്ചു നടത്തം

2013 മുതല്‍ 2018 വരെ മലേഷ്യ ഭരിച്ച നജീബ് അബ്ദുര്‍റസാഖ് കടുത്ത അഴിമതി ആരോപണത്തെത്തുടര്‍ന്ന് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് വരെ വെല്ലുവിളി നേരിട്ട പശ്ചാത്തലത്തില്‍ നജീബ് അബ്ദുര്‍റസാഖിനെതിരെ സമര മുഖങ്ങള്‍ തുറക്കുന്നതിന് പകരം, പാസിന്റെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ അന്‍വര്‍ ഇബ്‌റാഹീമിനെയും പാര്‍ട്ടിയെയും ക്ഷീണിപ്പിക്കാന്‍ ലക്ഷ്യം വെച്ചുള്ളതായിരുന്നു. മലയ് വംശജര്‍ക്ക് ആധിപത്യമുള്ള രാഷ്ട്രീയ ഘടനയില്‍ അഴിമതിയും കെടുകാര്യസ്ഥതയും സ്വജന പക്ഷപാതിത്വവും കാരണമാണ് മലയ് വംശജര്‍ പല രംഗങ്ങളിലും പുറന്തള്ളപ്പെടുന്നത് എന്ന വിമര്‍ശനത്തെ അംഗീകരിക്കുന്നതിന് പകരം, മലയ് വംശജര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഡി.എ.പിയുടെ വളര്‍ച്ചയാണെന്ന നിലപാടാണ് ഉസ്താദ് അബ്ദുല്‍ ഹാദി സ്വീകരിച്ചത്. തങ്ങളില്‍നിന്ന് വിഘടിച്ചുപോയ അമാന പാര്‍ട്ടിയുടെ രാഷ്ട്രീയ അസ്തിത്വം പിഴുതെറിയാന്‍ വേണ്ടി കൂടിയാണ് ഇതുപോലെയുള്ള അതിശക്തമായ പ്രചാരണങ്ങള്‍ക്ക് പാസ് നേതൃത്വം നല്‍കിയത് എന്ന് കരുതുന്നവരുണ്ട്. പാസ് മുന്നണിയില്‍ നിന്ന് വിട്ടുപോയതോടെ അന്‍വര്‍ ഇബ്‌റാഹീമിന്റെ നേതൃത്വത്തിലുള്ള  പ്രതിപക്ഷ മുന്നണിക്ക് മലയ് വംശജരുടെ വോട്ടുകള്‍ ഗണ്യമായി ചോരും എന്ന് എല്ലാവരും പ്രതീക്ഷിച്ച അനുകൂല സാഹചര്യത്തിലാണ് 2018-ലെ പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെടുന്നത്. പ്രസ്തുത തെരഞ്ഞെടുപ്പില്‍ അഴിമതി ആരോപണത്തിന് വിധേയനായ നജീബ് റസാഖിനെ പുറത്താക്കാന്‍ വേണ്ടി തന്റെ രാഷ്ട്രീയ പ്രതിയോഗിയായ അന്‍വര്‍ ഇബ്‌റാഹീമുമായി കൈകോര്‍ക്കാന്‍, അംനോവില്‍ നിന്ന് രാജിവെച്ച് ബെര്‍സാതു എന്ന പാര്‍ട്ടി രൂപവത്കരിച്ച മഹാതീര്‍ വരെ മുന്നോട്ട് വന്നപ്പോള്‍ അന്‍വറുമായും ഡി.എ.പിയുമായും സഹകരിക്കില്ല എന്ന നിലപാടായിരുന്നു പാസിന്റേത്. പാസ് ഒറ്റക്ക് മത്സരിച്ചു 18 സീറ്റ് നേടി സ്വാധീനം തെളിയിച്ച ഈ തെരഞ്ഞെടുപ്പിലാണ് മഹാതീര്‍- അന്‍വര്‍ കൂട്ടുകെട്ട് ഭരണം പിടിച്ചെടുക്കുന്നത്.
ഭരണം കിട്ടിയാല്‍ ആദ്യ രണ്ടു വര്‍ഷം മഹാതീറും പിന്നീട് അന്‍വര്‍ ഇബ്‌റാഹീമും പ്രധാനമന്ത്രി സ്ഥാനം കൈയാളും എന്നതായിരുന്നു വ്യവസ്ഥ. മലേഷ്യയുടെ അറുപത് വര്‍ഷത്തെ ചരിത്രം തിരുത്തി മഹാതീര്‍-അന്‍വര്‍ കൂട്ടുകെട്ട് ഭരണം പിടിച്ചെടുത്തു. പക്ഷേ, എന്നും അന്‍വറില്‍ തന്റെ പ്രതിയോഗിയെ കണ്ട മഹാതീര്‍ താന്‍ നല്‍കിയ പ്രധാന വാഗ്ദാനം പാലിക്കുന്നതിന് പകരം അന്‍വറിന്റെ പാര്‍ട്ടിയില്‍ അന്‍വറിനെ ദുര്‍ബലപ്പെടുത്താനാണ് ശ്രമിച്ചത്. അതിനുവേണ്ടി പ്രസ്തുത പാര്‍ട്ടിയുടെ ഡെപ്യൂട്ടി പ്രസിഡന്റിന് മന്ത്രിസഭയില്‍ മുന്തിയ പരിഗണന നല്‍കുകയും പാര്‍ട്ടി പ്രസിഡന്റ് അന്‍വറിനെ വെല്ലുവിളിക്കും വിധം വളര്‍ത്തിക്കൊണ്ടുവരികയും ചെയ്തു. അധികാരക്കൈമാറ്റം എന്ന വാഗ്ദാനം പാലിക്കാതിരിക്കാന്‍ മഹാതീര്‍ നടത്തിയ ഈ നീക്കമാണ് 2018-ലെ ജനാഭിപ്രായം അട്ടിമറിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. പാസ് ആകട്ടെ, ഡി.എ.പിയെയും അന്‍വറിനെയും മഹാതീര്‍ അകറ്റി നിര്‍ത്തിയാല്‍ മഹാതീറിന് നിരുപാധിക പിന്തുണ നല്‍കാമെന്നും പ്രഖ്യാപിച്ചു. ഒരര്‍ഥത്തില്‍ പാസിന്റെ ഈ നിലപാടും മഹാതീറിന് അന്‍വര്‍ വിരുദ്ധ നീക്കത്തില്‍ കരുത്തു പകര്‍ന്നിരുന്നു. പിന്നീട് പാസും അംനോവും  മഹാതീറിന്റെ പാര്‍ട്ടിയിലെ  ചിലരും ചേര്‍ന്നാണ്  ഭരണം അട്ടിമറിച്ചത്.
അങ്ങനെ അന്‍വര്‍ ഇബ്‌റാഹീം എന്ന ഒരു വില്ലനെയും ഡി.എ.പിയുടെ  ചൈനീസ്  ആധിപത്യത്തെയും ചൂണ്ടിക്കാട്ടി ജനവിധി അട്ടിമറിക്കപ്പെട്ടു. പ്രതിപക്ഷത്തുള്ള പാസും അംനോവും ഭരണ മുന്നണിയുടെ ഭാഗമായി. ഈ ഒരു കുറുമുന്നണി തന്നെ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഒന്നിച്ച് മത്സരിക്കണം എന്നതായിരുന്നു പാസിന്റെ നിലപാട്. അതോടു കൂടി അന്‍വര്‍ ഇബ്‌റാഹീം, അമാന പാര്‍ട്ടി, ഡി.എ.പി തുടങ്ങിയ തങ്ങളുടെ മൂന്ന് പ്രതിയോഗികളെയും ഒരുപോലെ തുരത്താനാവും എന്ന വിശ്വാസക്കാരനായിരുന്നു ഉസ്താദ് അബ്ദുല്‍ ഹാദി. സ്വാതന്ത്ര്യം ലഭിച്ച നാള്‍ മുതല്‍ തങ്ങളുടെ രാഷ്ട്രീയ പ്രതിയോഗികളായി പാസ് മുദ്രയടിക്കാറുള്ള അംനോവിനോടും അഴിമതിയില്‍ മുങ്ങിയ അംനോവിന്റെ ഭരണാധികാരികളോടും വിട്ടുവീഴ്ച ചെയ്താലും, ചൈനീസ് വംശജരുടെ പാര്‍ട്ടിക്ക് അമിത പ്രാധാന്യം നല്‍കുന്ന അന്‍വര്‍ അധികാരത്തില്‍ വരരുതെന്ന പാസ് പ്രസിഡന്റിന്റെ കാഴ്ചപ്പാട് മലയ് ജനവിഭാഗങ്ങള്‍ക്കിടയില്‍ ഒരു പുതിയ രാഷ്ട്രീയ ധ്രുവീകരണത്തിന് തന്നെ നിമിത്തമായി. മലയ് വംശജരുടെ വോട്ട് അന്‍വര്‍ ഇബ്‌റാഹീമിന് നിഷേധിക്കാന്‍ വേണ്ടി, അദ്ദേഹം ഇസ്രായേല്‍ ഏജന്റാണ് എന്നു വരെയുള്ള പ്രചാരണങ്ങള്‍ക്ക് മലേഷ്യ സാക്ഷ്യം വഹിച്ചു.  നാല് മുന്നണികളായി നടന്ന ബഹു കോണ മത്സരത്തില്‍ ഒരു നിലക്കും മലയ് വോട്ടുകള്‍ അന്‍വര്‍ ഇബ്‌റാഹീമിന്റെ മുന്നണിക്ക് ലഭിക്കാതിരിക്കാനാണ് ഈ പ്രചാരണങ്ങളെല്ലാം നടത്തിയത്.
തെരഞ്ഞെടുപ്പ് ഫലവും വംശീയ ധ്രുവീകരണത്തിന്റെ ആഴം വ്യക്തമാക്കുന്നുണ്ട്. നഗരങ്ങളിലും വ്യത്യസ്ത വംശീയ വിഭാഗങ്ങള്‍ക്ക് തുല്യ പ്രാധാന്യമുള്ള മണ്ഡലങ്ങളിലും അന്‍വര്‍ ഇബ്‌റാഹീമിന്റെ മുന്നണിക്ക് എളുപ്പം സീറ്റുകള്‍ കരസ്ഥമാക്കാനായി. എന്നാല്‍, മലയ് മുസ്‌ലിംകളില്‍ ഭൂരിഭാഗവും അന്‍വര്‍ ഇബ്‌റാഹീമിനെയല്ല പിന്തുണച്ചത്. പാസും പാസിന്റെ സഖ്യ കക്ഷിയായ മലയ് സെന്‍ട്രിക് പാര്‍ട്ടിയായ ബര്‍സാതുവിനുമാണ് അവര്‍ക്കിടയില്‍ കൂടുതല്‍ പിന്തുണ ലഭിച്ചത്. മഹാതീറിന് ദയനീയ തോല്‍വി ഏറ്റുവാങ്ങേണ്ടി വരികയും അംനോവിന്റെ സീറ്റുകള്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സംഖ്യയായി ചുരുങ്ങുകയു ചെയ്ത ഈ തെരഞ്ഞെടുപ്പില്‍ ഒരര്‍ഥത്തില്‍ പാസ് ഉള്‍ക്കൊള്ളുന്ന മുന്നണിയും അന്‍വര്‍ ഇബ്‌റാഹീം നേതൃത്വം നല്‍കുന്ന മുന്നണിയും ഒപ്പത്തിനൊപ്പമായിരുന്നു എന്ന് പറയുന്നതാവും കൂടുതല്‍ ശരി. കൂടുതല്‍ സീറ്റുകള്‍ അന്‍വര്‍ ഇബ്‌റാഹീം നല്‍കുന്ന മുന്നണിക്കുണ്ടെങ്കിലും 82-ല്‍ 40 സീറ്റും ഡി.എ.പിയുടെതാണ്. 49 സീറ്റ് നേടിയ മലയ് സെന്‍ട്രിക് പാര്‍ട്ടിയായ പാസാണ് ഏറ്റവും വലിയ കക്ഷി. 73 സീറ്റ് നേടിയ പ്രസ്തുത മുന്നണിയിലെ ഏതാണ്ടെല്ലാവരും അംനോവിന്റെയും അന്‍വര്‍ ഇബ്‌റാഹീമിന്റെയും മലയ് വോട്ടുകള്‍ ചോര്‍ത്തി വിജയം ഉറപ്പിച്ചവരാണ്.
'80-കളില്‍ മലയ് മുസ്‌ലിംകളുടെ ആവേശമായിരുന്ന അന്‍വര്‍ ഇബ്‌റാഹീമിന് പ്രസ്തുത ജനതയില്‍ സ്വാധീനം കുറയുന്നു എന്നതിന്റെ തെളിവ് കൂടിയാണ് ഈ തെരഞ്ഞെടുപ്പ്. ഇതിന്റെ ഒരു പ്രധാന കാരണം, ചൈനീസ് ആധിപത്യത്തിന് അദ്ദേഹം വഴങ്ങുന്നു എന്ന ആരോപണം ഉന്നയിച്ച് പ്രതിയോഗികള്‍ നടത്തിയ കടന്നാക്രമണമാണ്. ഈ കടന്നാക്രമണം നടത്തിയവര്‍ കണക്ക് കൂട്ടിയത് തൂക്ക് സഭയില്‍ ആര്‍ക്കും ഭൂരിപക്ഷം ഇല്ലാത്ത സ്ഥിതിക്ക് അംനോവിന്റെയും അന്‍വര്‍ വിരോധികളായ ചെറു കക്ഷികളുടെയും സഹായത്തോടെ അധികാരം പിടിക്കാമെന്നാണ്. ബെര്‍സാതു പ്രസിഡന്റ് മുഹ്‌യുദ്ദീന്‍  യാസീനെ പ്രധാനമന്ത്രിയാക്കാം എന്നാണ് പാസും അന്‍വര്‍ വിരുദ്ധചേരിയും കണക്കു കൂട്ടിയത്. അംനോവിന്റെ സഹായത്തോടെ അധികാരം പിടിക്കാന്‍ നടത്തിയ ഈ  ശ്രമം പരാജയപ്പെട്ടത് അംനോവിലെ നിലവിലുള്ള പ്രസിഡന്റ് അന്‍വര്‍ ഇബ്‌റാഹീമിന് അനുകൂല സമീപനം സ്വീകരിച്ചതു കൊണ്ട് മാത്രമാണ്. അങ്ങനെ തന്റെ മുഖ്യ പ്രതിയോഗികളുടെ സഹായത്തോടെ പ്രധാനമന്ത്രി പദത്തില്‍ അവരോധിതനാവേണ്ട നിസ്സഹായാവസ്ഥയിലാണ് അന്‍വര്‍ ഇബ്‌റാഹീം എത്തിപ്പെട്ടിരിക്കുന്നത്. അംനോവിലെ അന്‍വര്‍വിരുദ്ധ ലോബിയെ മറികടന്ന് പാര്‍ട്ടി പ്രസിഡന്റ് പ്രധാനമന്ത്രിയായി അന്‍വറിനെ പിന്തുണച്ചതിന് പകരമായി അന്‍വര്‍ എന്തൊക്കെ വിട്ടുവീഴ്ചകള്‍, അഴിമതിക്കാരായ അംനോവിലെ ചില നേതാക്കളോട് കാണിക്കേണ്ടി വരും എന്നത് ഒരു വലിയ രാഷ്ട്രീയ സമസ്യ തന്നെയാണ്. അഴിമതി വിരുദ്ധമായ സംശുദ്ധ ഭരണം, ബഹുസ്വര ജനപക്ഷ രാഷ്ട്രീയം തുടങ്ങിയ ആശയങ്ങളെ നിലനില്‍പിനു വേണ്ടി അന്‍വര്‍ ഇബ്‌റാഹീം അവഗണിക്കുകയാണെങ്കില്‍ അത് ഏറ്റവും വലിയ രാഷ്ട്രീയ ദുരന്തം തന്നെയായിരിക്കും.
മലേഷ്യയുടെ ഇസ്‌ലാമികവല്‍ക്കരണം മുഖ്യ ദൗത്യമായി ഒരു കാലത്ത് ഏറ്റെടുത്ത അന്‍വര്‍ ഇബ്‌റാഹീമും പാസും ഇരു ധ്രുവങ്ങളിലായി നിലയുറപ്പിച്ച് നടത്തുന്ന രാഷ്ട്രീയാരോപണ മത്സരങ്ങളും മലേഷ്യന്‍ രാഷ്ട്രീയത്തില്‍ കൂടുതല്‍ അസ്വസ്ഥത വിതക്കാന്‍ തന്നെയാണ് സാധ്യത. ഉസ്താദ് അബ്ദുല്‍ ഹാദിയെ പോലുള്ള തീക്ഷ്ണ നിലപാടുള്ളവരെ തിരുത്താനും, ലോകവ്യാപകമായി മുസ്‌ലിം രാഷ്ട്രീയ നേതൃത്വം സ്വീകരിക്കുന്ന പക്വമായ നിലപാടുകള്‍ക്ക് നിറം പകരാനും പാസിലെ നവ തലമുറക്ക് സാധിക്കുന്നില്ലെങ്കില്‍ മലേഷ്യന്‍ രാഷ്ട്രീയം ഇനിയും കലങ്ങിമറിയാന്‍ തന്നെയാണ് സാധ്യത.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് - 15-21
ടി.കെ ഉബൈദ്‌

ഹദീസ്‌

അഭൗതിക ജ്ഞാനം അല്ലാഹുവിന് മാത്രം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌