ഡോ. നജാത്തുല്ലാ സിദ്ദീഖി കല്ലുകൊണ്ട് കണ്ണാടി പണിത വലിയ മനുഷ്യന്‍
ഒരു കാലഘട്ടത്തെ രൂപപ്പെടുത്തുന്നതില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച് ഡോ. നജാത്തുല്ലാ സിദ്ദീഖിയും അല്ലാഹുവിലേക്ക് യാത്രയായിരിക്കുന്നു. ജീവിതത്തില്‍ ഉയര്‍ന്ന ലക്ഷ്യബോധവും വ്യക്തി പ്രഭാവവുമുള്ള മഹാന്മാരുടെ ഏറ്റവും വലിയ സവിശേഷത, അവര്‍ മനുഷ്യരാശിക്ക് തികച്ചും പുതിയതും അതുല്യവുമായ സംഭാവനകള്‍ നല്‍കുന്നവരായിരിക്കും എന്നതാണ്. ലോകത്തിന് അറിയാവുന്ന കാര്യങ്ങള്‍ ആവര്‍ത്തിച്ച് ഉരുവിടുന്നതില്‍ ഒരു അത്ഭുതവുമില്ല. പരീക്ഷിച്ച വഴികളിലൂടെ മുന്നേറാന്‍ ഒരു വലിയ മനുഷ്യന്റെ പിന്തുണയും മാര്‍ഗദര്‍ശനവും നമുക്ക് ആവശ്യവുമില്ല. എല്ലാവര്‍ക്കും അറിയാവുന്ന കുറിപ്പടികള്‍ നിര്‍ദേശിക്കാന്‍ ജ്ഞാനിയായ ഒരു വൈദ്യന്റെ പരിശോധനയും മേല്‍നോട്ടവും ആവശ്യമില്ലല്ലോ. നാം ഇതുവരെ ചിന്തിച്ചിട്ടില്ലാത്ത ആശയങ്ങളും തന്ത്രങ്ങളും വഴികളും പറഞ്ഞുതരുന്നവരാണ് വലിയ മനുഷ്യര്‍. അജ്ഞതയാല്‍ ലക്ഷ്യസ്ഥാനം നഷ്ടപ്പെട്ടവര്‍ക്ക് വഴികാണിച്ചുതരുന്നവരാണവര്‍. അവര്‍ നല്‍കുന്നത് അമൂല്യവും അപൂര്‍വവുമായ കുറിപ്പടികളായിരിക്കും. ആ കുറിപ്പടികള്‍ ലഭിക്കാത്തതിനാല്‍ തങ്ങള്‍ക്ക് ബാധിച്ച രോഗം ഭേദമാക്കാനാവാതെ നിരാശരായി കഴിഞ്ഞുകൂടുന്നവര്‍ക്ക് ആശ്വാസത്തിന്റെ ചികിത്സയാണവര്‍ നല്‍കുക. 'കണ്ടുപിടിത്തങ്ങളുടെ ലോകത്ത് ജിവിക്കുന്നവരാണ് പുതിയ കണ്ടുപിടിത്തങ്ങള്‍ നടത്തുക. കാലം അതിന്റെ ഭ്രമണപഥത്തില്‍ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുകയും ചെയ്യും.'
വിടപറഞ്ഞ ഡോ. നജാത്തുല്ലാ സിദ്ദീഖി പുതിയ കണ്ടുപിടിത്തങ്ങളുടെ ലോകത്ത് സഞ്ചരിച്ച വ്യക്തിത്വമായിരുന്നു. പുതിയ വഴികള്‍ തേടിയുള്ള യാത്രകളായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ജീവിത യാത്രയില്‍ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളുടെയും പ്രതിസന്ധികളുടെയും കുരുക്കുകളഴിക്കാനുള്ള അന്വേഷണങ്ങളാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. എന്നാല്‍, പുതിയ വഴികള്‍ തേടിയുള്ള അദ്ദേഹത്തിന്റെ യാത്രകളും അന്വേഷണങ്ങളും, അല്ലാമാ ഇഖ്ബാല്‍ ഭയപ്പെട്ടതുപോലെ അപകടച്ചുഴികള്‍ നിറഞ്ഞതായിരുന്നില്ല. കിഴക്ക് പടിഞ്ഞാറിനെ അനുകരിച്ച് പുതിയ വഴികള്‍ അന്വേഷിക്കുന്ന കാലത്താണ് പടിഞ്ഞാറിനെ അന്ധമായി അനുകരിച്ച് പുതിയ അന്വേഷണങ്ങള്‍ നടത്തുന്ന പ്രവണതകളെ ഇഖ്ബാല്‍ ഭയപ്പാടോടെ കണ്ടിരുന്നത്.
സയ്യിദ് മൗദൂദിയെ പോലെ അദ്ദേഹവും പ്രാചീന പാരമ്പര്യങ്ങളുടെ തടവുകാരനായിരുന്നില്ല. ആധുനികതയുടെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചം അദ്ദേഹത്തെ കൗതുകപ്പെടുത്തുകയുമുണ്ടായില്ല. ഡോ. നജാത്തുല്ലായെ വ്യത്യസ്തനാക്കിയത് ഈ ഘടകങ്ങള്‍ തന്നെയാണ്. പാശ്ചാത്യര്‍ വരച്ചുവെച്ച അതിരുകള്‍ക്കപ്പുറത്ത് ചിന്തിക്കാന്‍ കഴിയാത്ത ആധുനികര്‍ക്ക് മുന്നില്‍ അദ്ദേഹം വേറിട്ടുനിന്നു. സ്തംഭനാവസ്ഥ സൃഷ്ടിച്ച അന്ധമായ പാരമ്പര്യവാദം ശക്തിപ്രാപിച്ച അക്കാലത്ത് പടിഞ്ഞാറിനെ ചാണിന് ചാണായി അനുകരിക്കുന്ന മാനസികാവസ്ഥയില്‍ നിന്നുള്ള മോചനത്തിന്റെ ഉജ്ജ്വല സന്ദേശം കൂടിയാണ് അദ്ദേഹം പകര്‍ന്നു നല്‍കിയത്. ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തെ സംബന്ധിച്ച അദ്ദേഹത്തിന്റെ ആധികാരിക പഠനങ്ങളാണെങ്കിലും, ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനം സ്വീകരിക്കേണ്ട സ്ട്രാറ്റജികളും നയനിലപാടുകളുമായി ബന്ധപ്പെട്ട ബൗദ്ധിക വ്യവഹാരങ്ങളാണെങ്കിലും മിതത്വവും സന്തുലിതത്വവും പ്രതിഫലിക്കുന്നതാണ് അദ്ദേഹത്തിന്റെ ഇടപെടലുകള്‍ എന്ന് കാണാം.
വിദ്യാര്‍ഥി കാലഘട്ടത്തില്‍, ഡോ. നജാത്തുല്ലാ സിദ്ദീഖിയെ ആദ്യമായി പരിചയപ്പെടുന്നത് സ്വാഭാവികമായും അദ്ദേഹത്തിന്റെ ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട പുസ്തകങ്ങളിലൂടെയായിരുന്നു. സാമ്പത്തിക ശാസ്ത്രം ഒരു തലത്തിലും പഠിച്ചിട്ടില്ലാത്ത പതിനൊന്നാം ക്ലാസ് സയന്‍സ് വിദ്യാര്‍ഥിക്ക്, സാമ്പത്തിക ശാസ്ത്രത്തിന്റെയും ബാങ്കിംഗിന്റെയും ആശയങ്ങള്‍ ഉള്‍ക്കൊള്ളുക എളുപ്പമായിരുന്നില്ല. എന്നാല്‍, ഡോ. സാഹിബിന്റെ പുസ്തകങ്ങള്‍ ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തെ പരിചയപ്പെടുത്തുക മാത്രമല്ല ചെയ്തത്; മറിച്ച്, സാമ്പത്തിക ശാസ്ത്രത്തില്‍ താല്‍പര്യം ജനിപ്പിക്കുക കൂടി ചെയ്തു. സയ്യിദ് മൗദൂദിയുടെ ഗ്രന്ഥങ്ങള്‍ വിജ്ഞാനത്തിന്റെയും പഠനത്തിന്റെയും ചിന്തകളുടെയും ഇസ്ലാമികവല്‍ക്കരണത്തെ പ്രോജ്വലമാക്കുന്നതായിരുന്നു. സയ്യിദ് മൗദൂദി നിര്‍വഹിച്ച ഈ മഹാ ദൗത്യത്തോടൊപ്പം ചേര്‍ത്തുവെക്കാന്‍ സാധിക്കുന്ന എന്തെങ്കിലും മൂര്‍ത്തമായ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍, അത് ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തിന്റെ മേഖലയാണെന്ന് നിസ്സംശയം പറയാന്‍ സാധിക്കും. ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് എന്ന് അഭിമാനപൂര്‍വം വിശേഷിപ്പിക്കാന്‍ എന്തുകൊണ്ടും അര്‍ഹനായ ഡോ. നജത്തുല്ലാ സിദ്ദീഖിക്കാണ് ഈ രംഗത്തെ സംഭാവനകളുടെ മുഴുവന്‍ ക്രെഡിറ്റും നല്‍കാന്‍ സാധിക്കുക. 'മുഖല്ലിദുകളുടെ പൂര്‍ണതയല്ല മുജ്തഹിദുകളുടെ പൂര്‍ണത' എന്ന സയ്യിദ് മൗദൂദിയുടെ വാക്യം എന്റെ മനസ്സില്‍ എപ്പോഴും പ്രതിധ്വനികളുണ്ടാക്കിയിരുന്നു. ഈ പ്രയോഗത്തിന്റെ പ്രായോഗിക മാതൃക എന്ന നിലയില്‍, അന്തരിച്ച ഡോ. നജാത്തുല്ലാ സിദ്ദീഖിയുടെ ചിത്രമാണ് എന്റെ മനസ്സിലേക്ക് എപ്പോഴും കടന്നുവരാറുള്ളത്.
ഇസ്ലാമിക പ്രസ്ഥാനവുമായി ബന്ധപ്പെട്ട സാഹിത്യ കൃതികള്‍ ഗൗരവത്തോടെ പഠിക്കാന്‍ ശ്രമിക്കുന്ന കാലമായിരുന്നു അത്. ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ദാര്‍ശനികവും ചിന്താപരവുമായ വശങ്ങളിലൂന്നി സയ്യിദ് മൗദൂദി എഴുതിയ ഗ്രന്ഥങ്ങളെല്ലാം ഏറെ ആകര്‍ഷകവും ചിന്താമണ്ഡലങ്ങളെ ത്രസിപ്പിക്കുന്നതുമായിരുന്നു എന്ന കാര്യത്തില്‍ എതിരഭിപ്രായമില്ല. എന്നാല്‍, സ്വതന്ത്ര ഇന്ത്യയില്‍ ഈ സങ്കല്‍പ്പങ്ങളിലൂന്നി ഇസ്ലാമിക പ്രസ്ഥാനത്തെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്ന ചോദ്യത്തിന് തൃപ്തികരമായ ഉത്തരം അക്കാലത്ത് ലഭ്യമായ പ്രസ്ഥാന സാഹിത്യങ്ങളില്‍ വിരളമായിരുന്നു. സയ്യിദ് മൗദൂദിയുടെ ഗ്രന്ഥങ്ങളില്‍ ചിലത്, നിലനില്‍ക്കുന്ന രാഷ്ട്രീയ സംഘട്ടനങ്ങള്‍ സംബന്ധിച്ചുള്ളതായിരുന്നെങ്കില്‍ മറ്റു ചിലത് തികച്ചും തത്ത്വാധിഷ്ഠിതമായ സംവാദങ്ങളായിരുന്നു. അക്കാലത്ത് ഈ വിഷയവുമായി ബന്ധപ്പെട്ട് പല സുഹൃത്തുക്കളുമായും മുതിര്‍ന്നവരുമായും നിരവധി ചര്‍ച്ചകളും സംവാദങ്ങളും നടന്നതായി ഞാന്‍ ഓര്‍ക്കുന്നു. പക്ഷേ, മനസ്സിനെ തൃപ്തിപ്പെടുത്താന്‍ കഴിയുന്ന ഒരു തലത്തിലേക്ക് എത്തിച്ചേരാന്‍ അതൊന്നും സഹായകമായില്ല എന്നതാണ് സത്യം.
അങ്ങനെയിരിക്കെയാണ് ഡോക്ടര്‍ സാഹിബിന്റെ ഇസ്ലാമി നശാത്ത് സാനിയ കി രാഹ് (ഇസ്ലാമിക നവോത്ഥാനത്തിന്റെ വഴി) എന്ന പേരില്‍ രചിക്കപ്പെട്ട ചെറിയൊരു പുസ്തകം എവിടെനിന്നോ എനിക്ക് ലഭിച്ചത്. ഈ പുസ്തകം, ഇസ്ലാമിക പ്രസ്ഥാന മാര്‍ഗത്തില്‍ ചിന്തിക്കുന്ന ഒരു ചെറുപ്പക്കാരന്‍ എന്ന നിലയില്‍ മനസ്സിനെ അലട്ടിക്കൊണ്ടിരുന്ന ആശയക്കുഴപ്പങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്നതില്‍ വലിയ തോതില്‍ വിജയിക്കുകയുണ്ടായി. ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ഭൂപടം പൂര്‍ണമായും പ്രകാശിപ്പിക്കുന്നതായിരുന്നു ഈ കൊച്ചു കൃതി. പിന്നീട് ചില കൂട്ടിച്ചേര്‍ക്കലുകളോടെ ഈ പുസ്തകം തഹ്രീകെ ഇസ്ലാമി അസ്റെ ഹാസിര്‍ മേം (ആധുനിക കാലത്തെ ഇസ്ലാമിക പ്രസ്ഥാനം) എന്ന പേരില്‍ പുനഃപ്രസിദ്ധീകരിച്ചു. ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന പുസ്തകങ്ങളില്‍ ഒന്നാണിത്. ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പാത വെട്ടിത്തെളിക്കുന്നതില്‍ ഈ പുസ്തകം ശ്രദ്ധേയവും നിര്‍ണായകവുമായ പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.
ഈ അനുഭവങ്ങളെല്ലാം സ്വാഭാവികമായും, ഡോ. നജാത്തുല്ലാ സിദ്ദീഖി എന്ന അതുല്യ പ്രതിഭയോട് എന്തെന്നില്ലാത്ത സ്നേഹവും ആദരവും ഹൃദയത്തില്‍ രൂപപ്പെടാന്‍ കാരണമായി. പ്രസ്ഥാന ചിന്തകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് വളര്‍ന്നുവരുന്ന ഒരാള്‍ എന്ന നിലയില്‍ മനസ്സിനകത്ത് അദ്ദേഹം ചിരപ്രതിഷ്ഠ നേടുകയായിരുന്നു. എനിക്കദ്ദേഹത്തെ കാണാന്‍ വലിയ ആഗ്രഹമുണ്ടായിരുന്നെങ്കിലും പല കാരണങ്ങളാല്‍ വര്‍ഷങ്ങളോളം ആ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായില്ല. 1999-ല്‍ എസ്.ഐ.ഒവിന്റെ ദേശീയ പ്രസിഡന്റായിരിക്കെ അദ്ദേഹം അലീഗഢ് മുസ്‌ലിം യൂനിവേഴ്സിറ്റി സന്ദര്‍ശിക്കുകയുണ്ടായി. ആ സന്ദര്‍ഭത്തിലാണ് അദ്ദേഹത്തെ നേരില്‍ കാണാനുള്ള അവസരം ഒത്തുവന്നത്. മനസ്സില്‍ ചിരകാലാഭിലാഷമായി സൂക്ഷിക്കുന്ന ആ സന്ദര്‍ശനത്തിനായി ഞാന്‍ അലീഗഢിലേക്ക് പോയി. അദ്ദേഹവുമായുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു അതെങ്കിലും വര്‍ഷങ്ങളായി അടുത്തറിയുന്നവരെന്ന പോലെ ദീര്‍ഘമായി അദ്ദേഹത്തോട് സംസാരിക്കുകയും മനസ്സ് തുറന്ന ആശയക്കൈമാറ്റങ്ങള്‍ നടത്തുകയും ചെയ്തു. ആ കൂടിക്കാഴ്ചയിലൂടെ ഞങ്ങള്‍ക്കിടയില്‍ ബന്ധം സുദൃഢമായി.
യശശ്ശരീരനായ ഡോ. നജാത്തുല്ലാ സിദ്ദീഖിയുടെ സ്വഭാവ സവിശേഷതകളില്‍ ഒന്നാമതായി എടുത്തുപറയേണ്ടത്, ഏറ്റെടുക്കുന്ന ദൗത്യം എന്തായാലും അതിനെ സമഗ്രതയോടെ സമീപിക്കാനുള്ള അദ്ദേഹത്തിന്റെ വഴക്കമായിരുന്നു. വിശ്വസ്തതയും ദൃഢചിത്തതയും അദ്ദേഹത്തിന്റെ എല്ലാ ഇടപെടലുകളിലും അനുഭവപ്പെടും. പതിനഞ്ചാമത്തെയോ പതിനാറാമത്തെയോ വയസ്സിലാണ് അദ്ദേഹം ഇസ്ലാമിക പ്രസ്ഥാനത്തെ തന്റെ പ്രവര്‍ത്തന മണ്ഡലമായി തെരഞ്ഞെടുക്കുന്നത്. പിന്നീടങ്ങോട്ട് തന്റെ ജീവിതം മുഴുവനായി ഇസ്ലാമിക മാര്‍ഗത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിക്കുകയായിരുന്നു. ഡോ. സാഹിബ് വിവിധ വ്യക്തികളുമായി നടത്തിയ കത്തിടപാടുകളുടെ ശേഖരം, അദ്ദേഹത്തോട് കൂടുതല്‍ വ്യക്തിബന്ധം പുലര്‍ത്തുന്ന പരിമിത വൃത്തത്തില്‍ മാത്രം വിതരണം ചെയ്യുന്നതിനായി പ്രസിദ്ധീകരിച്ചിരുന്നു. അദ്ദേഹം പലര്‍ക്കായി എഴുതിയ ഈ ശേഖരത്തിലുള്ള കത്തുകള്‍ വായിക്കുമ്പോള്‍, പതിനഞ്ചാം വയസ്സ് മുതല്‍ എഴുപത്തിയഞ്ച് വയസ്സ് വരെ (പ്രസ്തുത ശേഖരം പ്രസിദ്ധീകരിക്കുന്നതു വരെ) ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തിലേക്ക് അദ്ദേഹത്തെ നയിച്ച ധീരവും ആവേശകരവുമായ ചുവടുവെപ്പുകളുടെ ആശയപരിസരം എന്തായിരുന്നുവെന്ന് തെളിഞ്ഞ് വരും.
കൗമാരപ്രായത്തില്‍ തന്നെ അക്കാലത്തെ ലോകോത്തര സാമ്പത്തിക വിദഗ്ധരുമായി അദ്ദേഹം ആശയവിനിമയം നടത്തുകയും അവരോട് നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുകയുമായിരുന്നു. നമ്മെയെല്ലാം അത്ഭുതപ്പെടുത്തുന്ന ധാരാളം ചിന്തകളും കാഴ്ചപ്പാടുകളും മനസ്സില്‍ നിറച്ചുവെച്ച ഈ ചെറുപ്പക്കാരന്‍, താന്‍ തെരഞ്ഞെടുത്ത ഈ മേഖലയില്‍ മഹത്തായതും അതുല്യവുമായ പലതും ചെയ്യാന്‍ പോവുകയാണെന്ന് ഓരോ കത്ത് വായിക്കുമ്പോഴും നമുക്ക് തോന്നും. അദ്ദേഹം വിദ്യാര്‍ഥിയായിരിക്കെ തന്നെ ഇംഗ്ലീഷില്‍ ഇസ്ലാമിക് തോട്ട് എന്ന പേരില്‍ ഒരു മാസിക പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയിരുന്നു. അദ്ദേഹത്തിന്റെ ആദ്യകാല ഇടപെടലുകളുടെ രേഖകള്‍ സമാഹരിച്ച ഫയലുകള്‍ കാണാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. അതിലൂടെ കണ്ണോടിക്കുമ്പോള്‍, ഒരു യുവമനസ്സിന്റെ സര്‍ഗാത്മകതയും പുതിയൊരു ലോകവും നാഗരികതയും കെട്ടിപ്പടുക്കാനുള്ള അഭിനിവേശവും അതിനാവശ്യമായ ദാര്‍ശനിക കരുത്തും നിശ്ചയദാര്‍ഢ്യവും ഓരോ വരിയിലും കാണാം.
തന്റെ ചിന്തകളുടെയും ആലോചനകളുടെയും ഫലമായി മനസ്സില്‍ രൂപപ്പെട്ട ഈ സ്വപ്‌നം പിന്നീടങ്ങോട്ടുള്ള അദ്ദേഹത്തിന്റെ യാത്രയില്‍ പ്രധാന ജീവിത ലക്ഷ്യമായി മാറി. ജീവിതമഖിലം ഈ സ്വപ്‌ന സാക്ഷാല്‍ക്കാരത്തിനായി അദ്ദേഹം മാറ്റിവെച്ചു. തന്റെ ജീവിതത്തില്‍ പിന്നീടുണ്ടായ സുപ്രധാന തീരുമാനങ്ങളും ചുവടുവെപ്പുകളുമെല്ലാം ഈ സ്വപ്‌നത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. സ്വന്തം കരിയര്‍ തന്നെ അതിനനുസരിച്ച് മാറ്റിപ്പണിയുകയായിരുന്നു അദ്ദേഹം. സ്വന്തം നാടുപേക്ഷിച്ച് മറ്റൊരു നാട്ടിലേക്ക് ജീവിതം പറിച്ചുനടാനുള്ള സാഹസിക തീരുമാനം അദ്ദേഹമെടുത്തതും തന്റെ മനസ്സിലെ സ്വപ്‌നം പൂവണിയിക്കാനുള്ള അടങ്ങാത്ത ആഗ്രഹത്തിന്റെ ഭാഗമായിട്ടായിരുന്നു. വാര്‍ധക്യത്തിന്റെ അവസാന ഘട്ടം വരെയും അദ്ദേഹത്തിന്റെ ഉത്കണ്ഠകളും വ്യാകുലതകളും ഇതുമായി ബന്ധപ്പെട്ട ചിന്തകളാല്‍ ഏറെ സജീവവുമായിരുന്നു. പതിനാറിന്റെ കളിപ്രായം മുതല്‍ എണ്‍പത്തിയഞ്ചിന്റെ വിശ്രമ ജീവിതത്തിന്റെ നാള്‍ വരെയും ജീവന്റെ നിശ്വാസങ്ങളും, ശരീരത്തിന്റെയും ആത്മാവിന്റെയും സര്‍വ ശക്തിബലങ്ങളും, തന്റെ ഓരോ രക്തത്തുള്ളിയും കരള്‍ തുടിപ്പും തന്റെ മാനസ കൊട്ടാരത്തില്‍ സൂക്ഷിച്ച സ്വപ്‌ന സാക്ഷാല്‍ക്കാരത്തിനായി ആ വലിയ മനുഷ്യന്‍ സമര്‍പ്പിക്കുകയായിരുന്നു.
ഏതൊരാള്‍ക്കും താന്‍ കണ്ടെത്തിയ ജീവിത ലക്ഷ്യം പൂര്‍ത്തീകരിക്കണമെങ്കില്‍ ഒന്നാമതായി ലക്ഷ്യത്തെ കുറിച്ച വ്യക്തമായ ബോധ്യങ്ങളുണ്ടാകണം. അതിനായി ഏകാഗ്രതയോടെ കഠിനാധ്വാനം ചെയ്യണം. ത്യാഗ സന്നദ്ധതയോടെ അതിന്റെ പിറകെ സഞ്ചരിക്കണം. ഇതൊന്നും ഒഴിച്ചുകൂടാവതല്ല. ഒരാള്‍ പിന്തുടരുന്ന ആദര്‍ശം ആ വ്യക്തിയുടെ ഇന്ദ്രിയങ്ങളെ സ്പര്‍ശിക്കുന്നില്ലെങ്കില്‍ പിന്നെ അയാള്‍ക്ക് ഗൗരവമര്‍ഹിക്കുന്ന ഒരു ചുവടുവെപ്പും സാധ്യമല്ല; ഒരു ദൗത്യവും പൂര്‍ത്തീകരിക്കാനുമാകില്ല.
പരേതനായ നജാത്തുല്ലാ സിദ്ദീഖി സാഹിബ് ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തിന്റെ വിത്ത് പാകി. അതിനെ വെള്ളവും വളവും നല്‍കി നനച്ചു വളര്‍ത്തി. കരളിലെ രക്തമെടുത്ത് ആ ചെടിക്ക് വേണ്ട പോഷകങ്ങള്‍ നല്‍കി. അതിനെ പാകമായ ഫലവൃക്ഷമാക്കി വളര്‍ത്തി വലുതാക്കി. ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തെ സംബന്ധിച്ച് അദ്ദേഹം സ്വപ്‌നം കാണുന്ന കാലത്ത് അത് തികച്ചും വൈദേശികമായ ഒരു സങ്കല്‍പ്പം മാത്രമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കത്തുകള്‍ വ്യക്തമാക്കുന്നുണ്ട്. വലിയ സാമ്പത്തിക വിദഗ്ധര്‍ക്ക് പോലും ഇത് തികച്ചും അജ്ഞാതവും അപ്രായോഗികവുമായ ഒന്നായിരുന്നു. പലരും അദ്ദേഹത്തെ പരിഹസിക്കുകയും പുഛിക്കുകയും ചെയ്തു.
എന്നാല്‍, ഇന്ന് ഇസ്ലാമിക സാമ്പത്തിക ശാസ്ത്രം ഒരു അംഗീകൃത ശാസ്ത്രമാണ്. പ്രധാന ലോക സര്‍വകലാശാലകളിലെല്ലാം ഇതിന് സ്ഥിരം ഡിപ്പാര്‍ട്ടുമെന്റുകളുണ്ട്. കോടിക്കണക്കിന് ഡോളര്‍ നിക്ഷേപമുള്ള വലിയ വ്യവസായം ഇസ്ലാമിക സാമ്പത്തിക സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അതിന്റെ ആശയങ്ങളും പ്രായോഗിക രൂപങ്ങളും അതിവേഗം ലോകത്തെ ആകര്‍ഷിക്കുന്നുമുണ്ട്. വളരെ ആത്മാര്‍ഥതയുള്ള തോട്ടക്കാരനെപ്പോലെയാണ് ഡോ. സാഹിബ് ഈ ചെടിയെ പരിപോഷിപ്പിക്കുന്നതില്‍ ശ്രദ്ധിച്ചിരുന്നത്. ചെടിയുടെ വക്കിലും മൂലയിലും പറ്റിപ്പിടിച്ച് വളര്‍ന്നു വന്ന പരാന്നഭോജികളെയും അതിന്റെ വേരുകള്‍ കാര്‍ന്നു തിന്നാന്‍ വന്ന ചിതലുകളെയും, തണ്ടുകള്‍ ഭക്ഷണമാക്കാനെത്തുന്ന വണ്ടുകളെയും തുരത്തിയോടിച്ച് ചെടിയെ അതിന്റെ തനിമയില്‍ വളരാനും പുഷ്ടിപ്പെടുത്താനും അദ്ദേഹം രാപ്പകല്‍ ഭേദമില്ലാതെ കഠിനാധ്വാനം ചെയ്തു. അതിനെ വൃത്തിയായും വെടിപ്പായും സൂക്ഷിച്ചു. ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തെ അതിന്റെ യഥാര്‍ഥ ലക്ഷ്യങ്ങളില്‍നിന്നും ചൈതന്യത്തില്‍ നിന്നും വ്യതിചലിപ്പിച്ച് മുതലാളിത്ത സമ്പദ്വ്യവസ്ഥയുടെ ആലയത്തില്‍ തളച്ചിടാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ അദ്ദേഹം പൊരുതി.
ദൗര്‍ഭാഗ്യവശാല്‍ പിന്നീട് സാമ്പത്തികവല്‍ക്കരണത്തിന്റെ (Financialisation) ആഗോള പ്രവണതകള്‍ക്ക് ഇസ്ലാമിക സാമ്പത്തിക ശാസ്ത്രവും ഇരയാവുകയാണുണ്ടായത്. സമഗ്രവും സമ്പൂര്‍ണവുമായ സാമ്പത്തിക ശാസ്ത്രം എന്ന അവസ്ഥയില്‍ നിന്ന് ഇസ്ലാമിക് ഫിനാന്‍സ് എന്ന അവസ്ഥയിലേക്കത് ചുരുങ്ങി. പിന്നീട് ഫിനാന്‍സില്‍ നിന്ന് ബാങ്കിംഗിലേക്ക് മാത്രമായി ഒതുങ്ങി. ബാങ്കിംഗില്‍ തന്നെയും ഇക്വിറ്റി അധിഷ്ഠിത (Equtiy based) പങ്കാളിത്തത്തിന്റെ യഥാര്‍ഥ ഇസ്ലാമിക തത്ത്വങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും പകരം, നിയമപരമായ തന്ത്രങ്ങളുടെ സഹായത്തോടെ മുഖ്യധാരാ ബാങ്കിംഗിലെ പ്രധാന പ്രവണതയായി ഗ്രാഫ്റ്റിംഗ് പ്രക്രിയ മാറുകയും ചെയ്തു. ഡോ. സാഹിബ് ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന ഏത് പ്രവണതകളെയും ധീരമായി ചെറുത്തുതോല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. തവര്‍റുഖിനെ(Tawarruq is a financing arrangement where customer will be receiving cash at the end of it for his needs through a series of sale transactions) നെതിരായ അദ്ദേഹത്തിന്റെ നിരന്തരമായ ചെറുത്തുനില്‍പ്പ്ശ്രമങ്ങള്‍ ഇക്കാര്യത്തില്‍ ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്നതാണ്.
അദ്ദേഹത്തിന്റെ അവസാന കാലത്ത്, ഞാന്‍ സംസാരിക്കുമ്പോഴെല്ലാം ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തിന് സംഭവിക്കുന്ന പരിക്കുകളും മുറിവുകളും സംബന്ധിച്ച ഉത്കണ്ഠകളും ആകുലതകളും എനിക്ക് ആ സംസാരത്തില്‍ അനുഭവപ്പെടുകയുണ്ടായി. ഇന്ത്യയിലെ പ്രതികൂലവും പ്രയാസകരവുമായ സാഹചര്യങ്ങളിലും ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള തന്റെ യഥാര്‍ഥ കാഴ്ചപ്പാടുകളെയും നയനിലപാടുകളെയും അടിസ്ഥാനമാക്കി അദ്ദേഹം സാധ്യമായ പല ശ്രമങ്ങളും നടത്തിയിട്ടുണ്ട്. എണ്‍പതോളം ഇസ്ലാമിക സാമ്പത്തിക സ്ഥാപനങ്ങളുടെ ഉപദേഷ്ടാവും അധ്യക്ഷനുമായിരുന്നു അദ്ദേഹം. അസോസിയേഷന്‍ ഫോര്‍ ഇസ്ലാമിക് ഇക്കണോമിക്സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെ സ്ഥാപകന്‍ കൂടിയാണദ്ദേഹം. ഇന്ത്യന്‍ സെന്റര്‍ ഫോര്‍ ഇസ്ലാമിക് ഇക്കണോമിക്സിന്റെ രക്ഷാധികാരിയായി അദ്ദേഹം നിയുക്തനായി. ഈ രംഗത്ത് ഡോ. സാഹിബിന്റെ ജീവിതകാലം മുഴുവന്‍ നീണ്ട പരിശ്രമങ്ങള്‍ ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തിന്റെ ചരിത്രത്തിലെ ഉജ്ജ്വലമായ അധ്യായമായി രേഖപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. മറ്റു അക്കാദമിക് മേഖലകളിലെയും അദ്ദേഹത്തിന്റെ സമാന ശ്രദ്ധയും, നിരന്തരവും ക്ഷമാപൂര്‍വവുമായ പരിശ്രമങ്ങളും യുവ തലമുറക്ക് പ്രചോദനവും കരുത്തും പകരുന്നതാണ് എന്ന് പറയാതിരിക്കാനാകില്ല. പ്രപഞ്ച നാഥന്‍ ഇത്തരം ധീരരായ സഞ്ചാരികളെ ഇസ്ലാമിക വിജ്ഞാന രംഗത്തേക്ക് ഇനിയും നല്‍കുകയും ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തില്‍ സൃഷ്ടിച്ച വിടവ് നികത്തുകയും ചെയ്യുമാറാകട്ടെ എന്ന് ഹൃദയപൂര്‍വം പ്രാര്‍ഥിക്കുന്നു.
(തുടരും)
വിവ: അബ്ദുല്‍ ഹകീം നദ്‌വി
Comments