ഒരു രാജ്യത്തിന്റെ സര്‍ഗാത്മക പ്രതിരോധം
'വിശ്വ മാനവികതയിലേക്ക് പന്ത് തട്ടി ഖത്തര്‍' എന്ന ഡോ. താജ് ആലുവയുടെ കവര്‍ സ്റ്റോറി വായിച്ചു. മുന്‍വിധികളോടെ ഒരു രാജ്യത്തിന്റെ പിന്നാലെ കൂടിയ അസഹിഷ്ണുക്കളോടും ആഢ്യ മനസ്സുകളോടും എത്ര മെയ്വഴക്കത്തോടെയാണ് ആ രാജ്യവും അവിടത്തെ ജനതയും പ്രതിരോധം തീര്‍ത്ത് മുന്നേറിയത് എന്ന് ശത്രുക്കള്‍ പോലും അടക്കം പറയുന്നുണ്ട്. സകല ദുര്‍ഗന്ധങ്ങളെയും പുറന്തള്ളാന്‍ മികവുറ്റ ഊദ് പുകച്ച പ്രതീതിയില്‍ സര്ഗാത്മകമായിരുന്നു കാല്പന്തുത്സവത്തിന്റെ തിളക്കമാര്‍ന്ന തുടക്കം. എതിരാളികളുടെ സകല ഗൂഢ കരുനീക്കങ്ങളെയും നന്മയുടെ വക്താക്കള്‍ എങ്ങനെ നേരിടണമെന്നിന് വേറിട്ട ശൈലി കാണിച്ചുതരികയാവാം ഖത്തര്‍.
കാഴ്ചയില്‍ എത്ര ഭീകരമാണെങ്കിലും ഭീമാകാരനാണെങ്കിലും മൂര്‍ച്ചയുള്ള അസ്ത്രം മര്മത്തില് കൊണ്ടാല്‍ പിടഞ്ഞ് വീഴുകയെന്നതാണ് പ്രകൃതി നിയമം. ആധുനിക സാങ്കേതിക വിദ്യകളുടെ കെട്ടു കാഴ്ചകളില്‍ മനസ്സ് തളരാതെ, സകല വര്‍ഗ, വര്‍ണ കാഴ്ചപ്പാടുകളുടെയും നിര്‍മിത ദര്‍ശന വൈകൃതങ്ങളുടെയും മുഖവും മുഖംമൂടിയും തച്ചുടക്കാനാകുന്ന മൂര്‍ച്ചയുള്ള അസ്ത്രങ്ങള്‍ ആവനാഴിയിലുള്ളവര് പരിഭവിക്കേണ്ടവരും പരിഭ്രമിക്കേണ്ടവരും അല്ല; ദിശ കാണിക്കാന്‍ നിയോഗിക്കപ്പെട്ടവരാണെന്നതാണ് സത്യം.
സമൂഹത്തില്‍ കാണുന്ന എല്ലാവിധ തിന്മകള്‍ക്കുമെതിരില്‍ വിരല്‍ ചൂണ്ടി തെരുവില്‍ കലഹിക്കേണ്ട കാലമാണിത്. തുറന്നു പറഞ്ഞാല്‍ സകല പൊയ്മുഖങ്ങളെയും പ്രതീകങ്ങളെയും പ്രതിബിംബങ്ങളെയും ചോദ്യം ചെയ്ത് കഴുത്തില്‍ കോടാലി തൂക്കി സര്‍ഗാത്മകമായി പ്രതികരിച്ച ഇബ്റാഹീമുകളാകാന് വിശ്വാസികള്‍ക്ക് സാധിക്കണം. അതിമനോഹരമായ സര്‍ഗാത്മകതയുടെ കാല്‍പന്തുത്സവ വിരുന്നൂട്ട് ഇതിനുള്ള പ്രേരണയും പ്രചോദനവുമാകട്ടെ.
സ്പോര്‍ട്സിന്റെ സംസ്കാരം
ഇ.എം ഹസൈനാര്‍, കോതമംഗലം 9745106024
2020 ടോകിയോ ഒളിംപിക്സിലെ ഗ്ലാമര്‍ ഇനമായ ഹൈജംപ് ഫൈനല്‍ മത്സരം നടക്കുന്നു. ഇറ്റലിയുടെ ഗ്യാന്മാര്കോ ടാംബെരിയും ഖത്തറിന്റെ മുഅ്തസ് ഈസാ ബര്‍ഷിമും തമ്മിലാണ് പൊരിഞ്ഞ പോരാട്ടം. രണ്ടു പേരും 2.37 മീറ്റര്‍ ഉയരം കീഴടക്കുന്നു. ഒരിക്കല്‍ കൂടി റഫറി കൊടുത്ത ചാന്‍സിലും രണ്ടുപേരും ഒരേ പെര്‍ഫോമന്‍സ് കാഴ്ചവച്ചപ്പോള്‍ 2.39 മീറ്ററിന് ഒരു ചാന്‍സും കൂടി റഫറി നല്കുന്നു. 2016 റിയോ ഒളിംപിക്സില്‍ തന്റെ കാലിനേറ്റ സാരമായ പരിക്കിന്റെ വേദനയുള്ളതിനാല്‍ 2.39 മീറ്റര്‍ ചാടിക്കടക്കാന്‍ കഴിയില്ലെന്ന് ഉറപ്പിച്ച് ടാംബെരി മത്സരത്തില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചു. ലോകം ശ്വാസമടക്കി നിന്ന നിമിഷം. തനിക്ക് സ്വര്‍ണം ഉറപ്പായിരിക്കെ ഖത്തര്‍ താരം ബര്‍ഷിം റഫറിയോട് ചോദിക്കുന്ന മനോഹരമായ ഒരു ചോദ്യമുണ്ട്; ഈ മെഡല്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കുമായി പങ്കുവെക്കാമോ? താങ്കള്‍ സമ്മതിക്കുമെങ്കില്‍ അങ്ങനെ ചെയ്യാമെന്ന് റഫറി. അങ്ങനെ സ്വര്‍ണമെഡല്‍ അവര്‍ ഇരുവരും പങ്കുവെച്ചു. ഖത്തര്‍ എന്ന കൊച്ചു രാജ്യം സ്പോര്‍ട്സിലെ തര്‍ബിയത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ ലോകത്തിന് പഠിപ്പിച്ചു കൊടുക്കുകയായിരുന്നു ബര്‍ഷിമിലൂടെ. കളിക്കപ്പുറം മാനുഷികതയുടെ, അനുകമ്പയുടെ, സഹജീവി സ്നേഹത്തിന്റെ, ചേര്‍ത്തുപിടിക്കലിന്റെ, പങ്കുവെപ്പിന്റെ തുല്യതയില്ലാത്ത മാതൃകയാണ് ബര്‍ഷിം എന്ന വലിയ മനുഷ്യന് അവിടെ കാഴ്ചവെച്ചത്. മനുഷ്യ സ്നേഹം മനസ്സില്‍ നട്ടു നനച്ച ഒരു ഹൃദയത്തിന്റെ നനു നനപ്പാണ് അവിടെ പ്രകടമായത്.
സ്പോര്‍ട്സ് എന്നാല്‍ കേവലം കളികളല്ലെന്നും കളികള്‍ക്കപ്പുറം മൂല്യ ബദ്ധമായ മാനസിക ബന്ധങ്ങളുടെ ഇഴപിരിയാത്ത ഉള്‍ച്ചേരലുകളുടെ കൂടി പേരാണെന്നുമുള്ള സന്ദേശം ബര്‍ഷിം കളിക്കളത്തിനപ്പുറത്തേക്ക് പ്രസരിപ്പിക്കുകയായിരുന്നു. അപരന്റെ വേദനയില്‍നിന്ന് മുതലെടുക്കാനും വീഴ്ച വിജയമാക്കാനും തക്കം പാര്‍ത്തിരിക്കുന്ന കഴുകക്കൂട്ടത്തില്‍നിന്ന് ഇത്തരം വേറിട്ടൊരു സമീപനം അപ്രതീക്ഷിതമായിരുന്നു. എതിര് ടീമിലെ ഏറ്റവും കരുത്തനെ ഉന്നം വെച്ച് ചവിട്ടി വീഴ്ത്താനും പരിക്കേല്പിച്ച് കളിയില്‍ നിന്ന് പുറത്താക്കാനും കാണിക്കുന്ന ഹീന വ്യഗ്രത കായികമത്സരങ്ങളുടെ ധാര്‍മികതയില്‍നിന്ന് ബഹുദൂരമകലെയാണ്.
മറ്റൊരു സംഭവം അരങ്ങേറുന്നത് ഇപ്പോള്‍ വേള്‍ഡ് കപ്പ് നടക്കുന്ന ഖത്തറില്‍ തന്നെ. മെക്സിക്കന്‍ ഗോള്‍കീപ്പര്‍ ഗ്വില്ലര്‍മോ ഒച്ചാവോക്ക് മെക്സിക്കോ മോഡലും റ്റാറ്റൂ ആര്‍ട്ടിസ്റ്റുമായ വന്‍ഡാ എസ്പിനോസ നല്കിയ വിചിത്രമായ ഒരു ഓഫറാണ് സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. ലോക കപ്പില്‍ ജേതാക്കളായി കപ്പ് കൊണ്ടുവന്നാല്‍ ഗോള്‍കീപ്പര്‍ ഒച്ചാവോക്ക് ഒരു നൈറ്റ് ഫ്രീയായി വിട്ടു കൊടുക്കാമെന്നാണ് എസ്പിനോസയുടെ ഓഫര്‍! ഇത് കലാ-കായിക മത്സര വേദികളില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധത്തിന്റെ സാമ്പിള്‍ മാത്രമാണ്. ഇന്ന് മനുഷ്യ സമൂഹത്തില്‍ കാണപ്പെടുന്ന, തികച്ചും രണ്ടു ധ്രുവങ്ങളില്‍ നിലകൊള്ളുന്ന സംസ്കാരങ്ങളുടെ നേര് പരിച്ഛേദമാണ് നാമിവിടെ കണ്ടത്.
ലോക കപ്പിലെ ആദ്യ റൗണ്ട് മത്സരത്തില്‍ ബെല്‍ജിയത്തെ തകര്‍ത്ത മൊറോക്കോ ടീമിലെ അഷ്റഫ് ഹകീമി മത്സരത്തിന്റെ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ നേരെ ഗാലറിയിലേക്കോടി തന്റെ ഉമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്ന മനോഹര വീഡീയോ ലോകം മുഴുവന്‍ പങ്കുവെക്കപ്പെടുകയുണ്ടായി.
ഇത് കുറിക്കുമ്പോള്‍ ബെല്‍ജിയം കത്തുകയാണ്. ലോക ഫുട്ബോള്‍ വേദിയില്‍ കഴിഞ്ഞൊരു മത്സരത്തില്‍ പരാജയപ്പെട്ടതിനാല്‍ ജനങ്ങള്‍ അവിടെ തെരുവുകള്‍ കൈയടക്കി കടകമ്പോളങ്ങള്‍ തല്ലിപ്പൊളിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്യുന്നു. ഫുട്ബോള്‍ ഭ്രമം മൂത്ത് ആരാധനയും അതും കടന്ന് ഭ്രാന്തും ആവുമ്പോഴാണിത് സംഭവിക്കുന്നത്.
കൂട്ടുത്തരവാദിത്വം വളര്‍ത്തിയെടുക്കാനും വിജയപരാജയങ്ങളെ സമചിത്തതയോടെ സമീപിക്കാനും മത്സരങ്ങള്‍ മനുഷ്യനെ പ്രാപ്തനാക്കേണ്ടതാണ്. കാണികളും ഫാന്‍സും കാണിച്ചുകൂട്ടുന്ന കോപ്രായങ്ങളും ഭ്രാന്തമായ ആഹ്ലാദപ്രകടനങ്ങളും അതിരുകടന്ന ആഭാസമായി മാത്രമേ വിവേകമതികള്‍ കാണൂ. അമ്പെയ്ത്ത് മത്സരത്തില്‍ ഏര്‍പ്പെട്ടിരുന്ന രണ്ടു കൂട്ടരുടെ സമീപത്തുകൂെട കടന്നുപോയ പ്രവാചകന് 'നിങ്ങള്‍ തുടര്‍ന്നോളൂ, ഞാന്‍ നിങ്ങളുടെ രണ്ടു കൂട്ടരുടെയും കൂടെയുണ്ടെ'ന്ന് പറഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. കളിയുടെ യഥാര്‍ഥ സ്പിരിറ്റെന്തായിരിക്കണമെന്ന് പ്രവാചകന് നമ്മെ ഇതിലൂടെ പഠിപ്പിക്കുന്നുണ്ട്. വിജയ പരാജയങ്ങളെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ കാണാനും അതേ വികാരത്തോടെ അംഗീകരിക്കാനും ആസ്വദിക്കാനും കഴിയുമ്പോഴാണ് ഒരു യഥാര്‍ഥ സ്പോര്ട്സ്മാനാവുന്നത്.
മലയാളത്തിലെഴുതുക
ഷാഹിദ് ഖാന്, ഖത്തര്‍ +97455355173
പ്രബോധനത്തിലെ പല ലേഖനങ്ങളിലും ആംഗലേയ വാക്കുകള്‍ ധാരാളമായി മലയാള ലിപിയില്‍ എഴുതിയതായി കാണാം. മലയാളത്തില്‍ നല്ല അര്‍ഥസമ്പുഷ്ടമായ പദങ്ങള്‍ ഉണ്ടായിരിക്കെ എന്തിനിങ്ങനെ എഴുതുന്നു? പ്രബോധനത്തിലെ (3277) 'ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ പുനരാലോചനകള്‍ക്ക് തയാറാകണം' എന്ന ലേഖനത്തില്‍ നിരവധി ഇംഗ്ലീഷ് വാക്കുകള്‍ മലയാള ലിപിയില്‍ എഴുതിയിരിക്കുന്നത് കാണാം. ഇത് വായിക്കണമെങ്കില്‍ ഇംഗ്ലീഷ് - മലയാളം നിഘണ്ടുവില്‍ അര്‍ഥം നോക്കേണ്ട സ്ഥിതിയാണ്. അതുപോലെത്തന്നെ അറബി വാക്കുകളും മലയാള ലിപിയില്‍ ഈ ലേഖനത്തില്‍ പല സ്ഥലത്തായി കണ്ടെത്താന്‍ കഴിയും. മലയാള ഭാഷ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് ഇംഗ്ലീഷ് വാക്കുകള്‍ക്ക് പകരം ഉപയോഗിക്കാന്‍ പുതിയ മലയാള വാക്കുകള്‍ കണ്ടെത്താന്‍ ശ്രമിക്കുക.
അതിജീവന പാഠങ്ങള്‍
ഡോ. അസ്ലം വടകര
അപരവല്‍ക്കരിക്കപ്പെടുന്ന ഒരു ജനതയുടെ ആക്ടിവിസം ഒരു രാജ്യത്ത് എങ്ങനെയാവണമെന്നും ഏത് രീതിയില്‍ മുന്നേറണമെന്നും തന്റെ അമേരിക്കന്‍ അനുഭവങ്ങളില്‍ നിന്ന് അഹ്മദ് കുട്ടി സാഹിബ് സദ്റുദ്ദീന്‍ വാഴക്കാടുമായുള്ള സംഭാഷണത്തിലൂടെ കൃത്യമായി വരച്ചു കാട്ടുന്നുണ്ട്. ഒറ്റപ്പെടലിന്റെ കാലത്ത് പ്രതീക്ഷ നല്കുന്ന പ്രബോധനം വാരികക്ക് അഭിനന്ദനങ്ങള്‍.
അധ്യായ നാമങ്ങളുടെ അര്‍ഥം
പി.പി മുനീര്‍
ഖുര്‍ആന്‍ ബോധനത്തിലും ഖുര്‍ആന്‍ ഭാഷ്യത്തിലുമൊന്നും അധ്യായ നാമങ്ങളുടെ അര്‍ഥം തുടക്കത്തില്‍ പരാമര്‍ശിച്ചു കാണാത്തത് പോരായ്മയായി തോന്നുന്നു.
തെറ്റ് തിരുത്തണം
മമ്മൂട്ടി കവിയൂര്‍
രാജ്യത്ത് രൂപപ്പെട്ടുകഴിഞ്ഞ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ മുസ്ലിം സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കേണ്ട ലേഖനമാണ് മമ്മൂട്ടി അഞ്ചുകുന്ന് എഴുതിയത് (ലക്കം 3277). അദ്ദേഹം അവതരിപ്പിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കാനും തെറ്റ് തിരുത്താനും മുസ്ലിം നേതൃത്വം തയാറായേ മതിയാകൂ.
എ. റശീദുദ്ദീന്‍ എഴുതിയ, 'തെരുവ് രാഷ്ട്രീയത്തിന് മറവിരോഗം ബാധിക്കുമ്പോള്‍' എന്ന ലേഖനം (ലക്കം 3278) നല്ല വിശകലനമായിരുന്നു. ഈ കെട്ട കാലത്ത് ഇങ്ങനെയൊക്കെ എഴുതാന്‍ അസാമാന്യമായ ധൈര്യം വേണം. ലേഖകന്‍ അതുണ്ടെന്നുറപ്പ്. ഭൗതിക താല്പര്യങ്ങള് മാത്രം നിറഞ്ഞ രാഷ്ട്രീയ ജീര്‍ണതയുടെ ഉള്ളുകള്ളികളാണ് ലേഖനത്തില്‍ അനാവരണം ചെയ്തിരിക്കുന്നത്.
Comments