മാറുന്ന കാലാവസ്ഥയും മാറാത്ത നിലപാടുകളും
കുറിപ്പ് /
2015-ല്‍ പാരീസില്‍ ചേര്‍ന്ന കാലാവസ്ഥാ ഉച്ചകോടി 2022-ല്‍ ഈജിപ്തിലെ ശറമുശ്ശൈഖില്‍ എത്തിയതിനിടയിലുള്ള ഏഴു വര്‍ഷങ്ങളിലാണ് ലോക ചരിത്രത്തില്‍ ഏറ്റവും ചൂട് രേഖപ്പെടുത്തിയതെന്ന് ലോക കാലാവസ്ഥാ സംഘടന വ്യക്തമാക്കുന്നു. ഈ വര്‍ഷങ്ങളില്‍ അതി തീവ്ര കാലാവസ്ഥാ സംഭവങ്ങളുടെ പരമ്പരകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആവര്‍ത്തിച്ചരങ്ങേറിയത്. കാലാവസ്ഥാ വ്യതിയാനമെന്നത് കാല്‍പനികമല്ലെന്നും കണ്‍മുന്നില്‍ കണ്ടുകൊണ്ടിരിക്കുന്ന അനുഭവ യാഥാര്‍ഥ്യമാണെന്നും ഇക്കാലയളവ് നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്തു.
വലിയൊരു മാറ്റത്തിന്റെ വക്കിലാണ് നാമിപ്പോള്‍. നാളിതുവരെ കണ്ടിട്ടില്ലാത്ത വിധം അതി തീവ്ര മഴയും അസഹ്യമായ ചൂടും കാട്ടു തീയും ചുഴലിക്കാറ്റും കടല്‍ നിരപ്പ് ഉയരലുമൊക്കെയായി ഭൂമി പ്രതിസന്ധിയുടെ തുരങ്കത്തിലേക്ക് കടന്നിരിക്കുന്നു. ആഗോള താപന ഫലമായി പ്രളയവും വരള്‍ച്ചയും ജനജീവിതത്തിന് വലിയ വെല്ലുവിളിയായിക്കഴിഞ്ഞു. പലയിടങ്ങളിലും ഉഷ്ണവാതവും കൊടുങ്കാറ്റും വെള്ളപ്പൊക്കവും അടിക്കടി ഉണ്ടാകുന്നു. ആര്‍ട്ടിക്കിലെ ഹിമം ഉരുകിത്തീര്‍ന്നുകൊണ്ടിരിക്കുന്നു. കടല്‍ ചൂട് പിടിച്ച് അതിന്റെ നിരപ്പ് ഉയരുന്നു. ലോകത്തിലെ തന്നെ ഏറ്റവും ചൂടേറിയ കടലായി അറേബ്യന്‍ സമുദ്ര മേഖല മാറിക്കഴിഞ്ഞു. ഈ നൂറ്റാണ്ടിന്റെ പകുതിയോടെ 15 മുതല്‍ 30 സെന്റീമീറ്റര്‍ വരെ കടല്‍ ഉയരുമെന്നാണ് കണക്ക്. ഇത് ദ്വീപ് രാഷ്ട്രങ്ങളെ വെള്ളത്തിനടിയിലാക്കുമെന്ന് ഭയക്കണം. താപനില വര്‍ധനവ് ഇന്നത്തെ നിലയില്‍ തുടര്‍ന്നാല്‍ 2040 ആകുമ്പോഴേക്കും ആഗോള ജനസംഖ്യയില്‍ പകുതിയോളം പേര്‍ താപ തീവ്രതയുടെ ഇരകളായി മാറും. പ്രതിവര്‍ഷം മരണ നിരക്ക് ഒരു കോടിയോളവുമെത്തിയേക്കാം.
മനുഷ്യരുടെ ഇടപെടലാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ മുഖ്യ കാരണമെന്നതിനാല്‍ അതിന്റെ പരിഹാരവും അവരുടെ ഭാഗത്ത് നിന്ന് തന്നെ വേണം എന്ന ആലോചനയില്‍നിന്നാണ് 1995 മുതല്‍ കാലാവസ്ഥാ ഉച്ചകോടികള്‍ നടന്നുവരുന്നത്. ബര്‍ലിനിലും ബാലിയിലും ക്യോട്ടോയിലും ദോഹയിലുമൊക്കെയുള്ള ഒത്തുചേരലുകളില്‍നിന്ന് ഉരുത്തിരിഞ്ഞതാണ് 2015-ലെ പാരീസ് കരാര്‍. ഈ ഉടമ്പടിയനുസരിച്ച് ശരാശരി താപ വര്‍ധനവ് വ്യാവസായിക വിപ്ലവത്തിന് മുമ്പുള്ളതിനെക്കാള്‍ 1.5 ഡിഗ്രി സെല്‍ഷ്യസിലധികം കടക്കാതെ നിയന്ത്രിച്ചു നിര്‍ത്തണമെന്നതായിരുന്നു. പാരീസ് പ്രോട്ടോകോള്‍ അനുസരിച്ച് മുന്നോട്ടു നീങ്ങിയാല്‍ തന്നെയും താപനം നിയന്ത്രിച്ച്, കാലാവസ്ഥാ മാറ്റത്തെ പിടിച്ചുനിര്‍ത്തി വരുതിയിലാക്കുക അസാധ്യമാണെന്നാണ് പിന്നീട് പുറത്തുവിട്ട ആഗോള കാലാവസ്ഥാ വ്യതിയാന റിപ്പോര്‍ട്ടി(IPCC)ല്‍ ആറാം പതിപ്പില്‍ പറയുന്നത്. നിലവിലുള്ള അവസ്ഥ തുടരുകയാണെങ്കില്‍ നൂറ്റാണ്ടിന്റെ അവസാനത്തോടെ 2.7 ഡിഗ്രി താപ വര്‍ധന സാധ്യതയാണ് കണക്കാക്കപ്പെടുന്നത്. പാരീസ് ഉടമ്പടി പ്രകാരമുള്ള കാര്‍ബണ്‍ കുറക്കല്‍ നയം നൂറ് ശതമാനം പിന്തുടരുകയാണെങ്കില്‍ തന്നെ ലക്ഷ്യസാക്ഷാത്കാരം അസാധ്യമായിരിക്കും. അതില്‍ വീഴ്ച വരുത്തിയാലുള്ള പ്രത്യാഘാതങ്ങള്‍ എത്ര വലുതായിരിക്കുമെന്ന് പറയുകയും വേണ്ട.
കാലാവസ്ഥാ മാറ്റത്തിന്റെ ഈ ഭയാനക പശ്ചാത്തലത്തിലാണ് ജോ ബൈഡന്‍, റിഷി സുനക്, ഇമ്മാനുവല്‍ മാക്രോണ്‍, ഒലാഫ് ഷോള്‍സ് തുടങ്ങിയ രാഷ്ട്രത്തലവന്മാരും നയതന്ത്ര കൂടിയാലോചനാ വിദഗ്ധരും ശാസ്ത്രജ്ഞരുമടങ്ങുന്ന ആയിരക്കണക്കിന് പ്രതിനിധികള്‍ 14 ദിവസം ഈജിപ്തിലെ ശറമുശ്ശൈഖില്‍ കാലാവസ്ഥാ ഉച്ചകോടി (Cop27)യില്‍ ഒരുമിച്ചിരുന്നത്. ഉച്ചകോടിയെ അഭിസംബോധന ചെയ്ത് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു: ''കാലാവസ്ഥാ ദുരന്തത്തിലേക്കുള്ള ആക്‌സിലേറ്ററില്‍ നിന്ന് കാലെടുക്കാതെ, നരകത്തിലേക്കുള്ള ഹൈവേയിലൂടെയാണ് നാം കടന്നുപോകുന്നത്. ഇനി നമ്മുടെ മുന്നില്‍ ഒരു പോംവഴിയേ ഉള്ളൂ. സഹകരിക്കുക; അല്ലെങ്കില്‍ നശിക്കുക.'' പക്ഷേ, യാതൊരു കര്‍മപരിപാടികളും ആവിഷ്‌കരിക്കാതെയാണ് ഈ ഉച്ചകോടിയും സമാപിച്ചത്. ഗ്ലാസ്‌ഗോ ഉച്ചകോടിക്ക് ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി, കൂടുതല്‍ ഫലപ്രദമായ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ട ഈ സന്ദിഗ്ധ ഘട്ടത്തില്‍ കുറേ തര്‍ക്ക വിഷയങ്ങളില്‍ അഭിരമിച്ച് പ്രതിനിധികള്‍ പിരിഞ്ഞുപോവുകയായിരുന്നു.
കാലാവസ്ഥാ മാറ്റത്തിന് ഉത്തരവാദികളായ വികസിത-സമ്പന്ന രാജ്യങ്ങള്‍, പാരിസ്ഥിതിക ദുരന്തങ്ങള്‍ക്ക് കൂടുതല്‍ ഇരകളാക്കപ്പെടുന്ന ദരിദ്ര-ദ്വീപ് രാഷ്ട്രങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഒരു ഫണ്ട് നല്‍കാന്‍ തത്ത്വത്തില്‍ തീരുമാനമായതൊഴിച്ചാല്‍ ഉച്ചകോടിയുടെ മറ്റു അജണ്ടകളെല്ലാം അവഗണിക്കപ്പെട്ടു. ഈ ഫണ്ട് തന്നെ എത്രത്തോളം പ്രായോഗികമാണ് എന്ന ചോദ്യം ഉയര്‍ത്തപ്പെട്ടിട്ടുണ്ട്. ഫണ്ട് വിഹിതം ഉള്‍പ്പെടെ ഒന്നിലും വ്യക്തതയില്ല. സമ്പന്ന രാജ്യങ്ങള്‍ ഈ ബാധ്യത ഏതളവില്‍ ഏറ്റെടുക്കുമെന്നും അറിഞ്ഞുകൂടാ.
കഴിഞ്ഞവര്‍ഷത്തെ ഗ്ലാസ്‌ഗോ ഉച്ചകോടി തീരുമാനങ്ങളുടെ ഫലപ്രാപ്തി അവലോകനം ചെയ്ത് പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളും എന്നത് Cop27--ന്റെ പ്രധാന അജണ്ടകളിലൊന്നായിരുന്നെങ്കിലും ആ വഴിക്കൊന്നും ചര്‍ച്ച പോയില്ല. വ്യവസായവത്കരണം ശക്തിപ്പെടുന്നതിന് മുമ്പുണ്ടായിരുന്നതിനെക്കാള്‍ 1.5 ഡിഗ്രി സെല്‍ഷ്യസിലും താപനില വര്‍ധിക്കാതെ നോക്കുകയെന്ന പാരീസ് ഉച്ചകോടിയിലെ പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് ഈ ഉച്ചകോടിയും ചെയ്തത്. ആഗോള താപനത്തിനിടയാക്കുന്ന കല്‍ക്കരി, പെട്രോളിയം പോലുള്ള ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം 2025-നകം പടിപടിയായി വെട്ടിക്കുറക്കുമെന്ന തീരുമാനം എത്രത്തോളം പ്രയോഗവത്കരിക്കപ്പെട്ടു എന്നും അന്വേഷിക്കുകയുണ്ടായില്ല. ഉച്ചകോടി ചര്‍ച്ചകളില്‍ ആദ്യാവസാനം ഇടപെട്ട ഇന്ധന കമ്പനികളുടെ പ്രതിനിധികള്‍ 'കല്‍ക്കരി ഉപയോഗം ഘട്ടം ഘട്ടമായി ഇല്ലാതാക്കുക' എന്ന മുന്‍ തീരുമാനം, 'ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടുവരിക' എന്നാക്കി മാറ്റുന്നതില്‍ വിജയിക്കുകയും ചെയ്തു. പരിസ്ഥിതി മലിനീകരണത്തിന് മുഖ്യ കാരണക്കാരായ കൊക്കക്കോളയും ജനറല്‍ മോട്ടോഴ്‌സുമൊക്കെ ഉച്ചകോടിയുടെ സ്‌പോണ്‍സര്‍മാരായി രംഗത്തുണ്ടായിരുന്നുവെന്നത് 'കാലാവസ്ഥാ വ്യതിയാന' ചര്‍ച്ചയുടെ പരിഹാസ്യത തുറന്നു കാട്ടുന്നതായിരുന്നു.
ആഗോള താപനത്തിനും കാലാവസ്ഥാ മാറ്റത്തിനും കാരണക്കാരായ, ഫോസില്‍ ഇന്ധനങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിട്ടുള്ള അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങളാണ് ഈ പ്രതിസന്ധിക്ക് മുഖ്യ കാരണക്കാരെങ്കിലും ആ ഉത്തരവാദിത്വം അവര്‍ ഏറ്റെടുക്കാന്‍ തയാറല്ല. നാളിതുവരെയുള്ള ഉച്ചകോടി തീരുമാനങ്ങളെ അവര്‍ സമര്‍ഥമായി അട്ടിമറിക്കുകയും ചെയ്തു. ഭൗതിക വിഭവങ്ങള്‍ അമിതമായി ചൂഷണം ചെയ്യേണ്ടിവരുന്ന വികസന മാതൃകയും ഉപഭോഗ ശീലങ്ങളും അതേപടി നിലനിര്‍ത്തിക്കൊണ്ട് ആഗോള സമൂഹം നേരിടുന്ന കാലാവസ്ഥാ പ്രതിസന്ധിക്ക് പരിഹാരം കാണാമെന്നത് വ്യാമോഹം മാത്രമാണ്.
Comments