മലേഷ്യയില്‍ ഇനി അന്‍വര്‍ യുഗം
പരിഷ്‌കരണവാദിയും മുന്‍ ഉപ പ്രധാനമന്ത്രിയുമായ അന്‍വര്‍ ഇബ്‌റാഹീം ഇതാദ്യമായി പ്രധാന മന്ത്രി പദവിയിലെത്തിയതാണ് മലേഷ്യയിലെ പതിനഞ്ചാം പൊതു തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. നേരത്തെ ഈ പദവിയില്‍ എത്തേണ്ടിയിരുന്ന നേതാവായിരുന്നു അന്‍വര്‍ ഇബ്‌റാഹീം എന്നതില്‍ സംശയമില്ല. ലൈംഗികാപവാദത്തില്‍ പെടുത്തി വര്‍ഷങ്ങളോളം ജയിലഴിക്കുള്ളില്‍ തളക്കപ്പെട്ടെങ്കിലും പ്രതിസന്ധികള്‍ കടുത്ത നിശ്ചയദാര്‍ഢ്യത്തോടെ നേരിട്ടാണ് അദ്ദേഹം വലിയ രാഷ്ട്രീയ വിജയം നേടിയിരിക്കുന്നത്.
ദക്ഷിണ പൂര്‍വേഷ്യന്‍ രാഷ്ട്രീയത്തിലെ നെല്‍സണ്‍ മണ്ടേലയായി പോലും വിശേഷിപ്പിക്കപ്പെടുന്ന അന്‍വര്‍ ഇബ്‌റാഹീമിന്റെ തിരിച്ചുവരവ് ഉജ്ജ്വലമായിരുന്നു. മലയ് ദേശീയത ശക്തമായ രാജ്യത്ത് പീപ്പ്ള്‍സ് ജസ്റ്റിസ് പാര്‍ട്ടി (പി.കെ.ആര്‍) എന്ന രാഷ്ട്രീയ സംവിധാനവുമായി രംഗത്തുവന്ന മുന്‍ ഇസ്‌ലാമിസ്റ്റ് കൂടിയായ അന്‍വറിന് ലഭിച്ച ജനപിന്തുണ പുതിയ മാറ്റങ്ങള്‍ക്ക് വഴിതുറക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ഒരു മുന്നണിക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ലെങ്കിലും 82 സീറ്റുകളുമായി അന്‍വര്‍ ഇബ്‌റാഹീമിന്റെ പകാതന്‍ ഹാരപന്‍ (പി.എച്ച്) സഖ്യമാണ് മുന്നിലെത്തിയത്. മുന്‍ പ്രധാനമന്ത്രി മുഹിയുദ്ദീന്‍ യാസീന്‍ നേതൃത്വം നല്‍കുന്ന പെരിക്കാത്ത നാഷനല്‍ (പി.എന്‍) 73 സീറ്റുമായി തൊട്ടു പിറകില്‍ സ്ഥാനം പിടിച്ചു. 222 അംഗങ്ങളുള്ള പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷത്തിന് 112 സീറ്റാണ് വേണ്ടത്. അര നൂറ്റാണ്ടിലേറെ രാജ്യം ഭരിച്ച ഏറ്റവും പഴക്കമുള്ള യുനൈറ്റഡ് മലയ് നാഷനല്‍ ഓര്‍ഗനൈസേഷന്‍ (അംനോ) നേതൃത്വം നല്‍കുന്ന ബാരിസാന്‍ നാഷനല്‍ (ബി.എന്‍) സഖ്യം 30 സീറ്റുകളോടെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് മലേഷ്യന്‍ രാഷ്ട്രീയത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ സൂചനയാണ്.
തൊണ്ണൂറ്റി ഏഴാം വയസ്സിലും അധികാരമോഹവുമായി ഇറങ്ങിയ മുന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദിന്റെ വാട്ടര്‍ലൂ കൂടിയായിരുന്നു ഈ തെരഞ്ഞെടുപ്പ്. ഇരുപത്തിരണ്ടു കൊല്ലം തുടര്‍ച്ചയായും 2018 മുതല്‍ 2020 വരെ മറ്റൊരു രണ്ട് വര്‍ഷവും മലേഷ്യ ഭരിച്ച മഹാതീര്‍ ഇത്തവണ പുതിയ പാര്‍ട്ടിയും മുന്നണിയുമായാണ് രംഗത്തുവന്നത്. എന്നാല്‍, അദ്ദേഹത്തിന്റെ മുന്നണി (ജി.റ്റി.എ) മത്സരിച്ച 125 സീറ്റുകളിലും ദയനീയമായി പരാജയപ്പെട്ടു. സിറ്റിംഗ് മണ്ഡലമായ ലംഗാവിയില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മഹാതീറിന് കെട്ടിവെച്ച കാശുപോലും കിട്ടിയില്ല. ഇതാദ്യമായി പരാജയമറിഞ്ഞ മുന്‍ പ്രധാനമന്ത്രിക്ക് നാലായിരത്തില്‍പരം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. വിജയിച്ച പി.എന്‍ സ്ഥാനാര്‍ഥി സുഹൈമി അബ്ദുല്ലക്ക് കിട്ടിയത് കാല്‍ലക്ഷത്തിലേറെ വോട്ടുകള്‍. മഹാതീറിന്റെ മകന്‍ മുഖ്രിസിനും കെട്ടിവെച്ച കാശ് പോയി.
പാസിന്റെ മുന്നേറ്റം
പാസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന പാര്‍ട്ടി ഇസ്ലാം സെ മലേഷ്യ എന്ന ഇസ്ലാമിക പാര്‍ട്ടിയാണ് ഈ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്തത്. നാല്‍പത്തൊമ്പത് സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ പാസ് 2018-ലെ 18 സീറ്റുകളില്‍നിന്നാണ് ഈ കുതിപ്പ് നടത്തിയത്. നാലു പാര്‍ട്ടികള്‍ ഉള്‍പ്പെട്ട മുന്നണിയില്‍ അന്ന് പാസ് മാത്രമാണ് വിജയിച്ചത്. അംനോയില്‍ പ്രവര്‍ത്തിച്ചിരുന്ന മുസ്ലിം പണ്ഡിതന്മാര്‍ ചേര്‍ന്ന് രൂപവത്കരിച്ച പാസ് മലേഷ്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണ് നടത്തിയത് എന്നതില്‍ സംശയമില്ല. മലയ് വംശജര്‍ക്ക് ഭൂരിപക്ഷമുള്ള നാല് വടക്കന്‍ സംസ്ഥാനങ്ങളിലാണ് പാസിന് കാര്യമായ സ്വാധീനമുള്ളത്. അതില്‍ കെലന്തന്‍, തെരന്‍ഗാനു, കെദ സംസ്ഥാനങ്ങളുടെ ഭരണം നിയന്ത്രിക്കുന്നത് പാര്‍ട്ടിയാണ്. എന്നാല്‍, ക്യാബിനറ്റില്‍ ചേരാനുള്ള പ്രധാനമന്ത്രി അന്‍വര്‍ ഇബ്‌റാഹീമിന്റെ ക്ഷണം പാസ് നിരസിച്ചിരിക്കുകയാണ്. വോട്ടര്‍മാരോടും മുന്നണിയോടുമുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിന് പ്രതിപക്ഷത്തിരിക്കാനാണ് തീരുമാനമെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
സര്‍ക്കാരില്‍ ചേരുന്നതോടെ തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഇസ്‌ലാമിക രാഷ്ട്രീയത്തോട് നീതിചെയ്യാനാവില്ലെന്നാണ്, ഈജിപ്തിലെ ഇഖ്വാന്‍ പ്രസ്ഥാനത്തോട് ആഭിമുഖ്യമുള്ള പാസിന്റെ നിലപാട്. വ്യത്യസ്ത മത വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്നതോടൊപ്പം 64 ശതമാനം മുസ്ലിംകള്‍ അധിവസിക്കുന്ന മലേഷ്യയെ യഥാര്‍ഥ ഇസ്‌ലാമിക രാഷ്ട്രമായി പരിവര്‍ത്തിപ്പിക്കുകയാണ് പാസിന്റെ ലക്ഷ്യം.
മലയ് ദേശീയതയോടും ഇസ്ലാമിനോടുമുള്ള താല്‍പര്യം വോട്ടര്‍മാരില്‍ ഒട്ടും കുറഞ്ഞിട്ടില്ലെന്ന് പാസിന്റെ വന്‍ മുന്നേറ്റം വ്യക്തമാക്കുന്നു. വോട്ടിംഗ് പ്രായം 21-ല്‍നിന്ന് 18 ആക്കിയതിനുശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. അതിനാല്‍, യുവ വോട്ടര്‍മാര്‍ ധാരാളമായി സമ്മതിദാനാവകാശം രേഖപ്പെടുത്തിയിരുന്നു. നഗരങ്ങളെക്കാള്‍ ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലും നല്ല സ്വാധീനമുറപ്പിക്കാന്‍ പാസിന് കഴിഞ്ഞെന്ന് ഇലക്ഷന്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. ചെറുപ്പക്കാരും സ്ത്രീകളും ധാരാളമായി പാര്‍ട്ടി സ്ഥാനാര്‍ഥികളെ തുണച്ചു.
പാസിനെ കൂടി ഉള്‍പ്പെടുത്തി ദേശീയ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതോടെ ഭരണ രംഗത്ത് ഉണ്ടാകാനിടയുള്ള വിമര്‍ശനങ്ങളില്‍നിന്ന് രക്ഷപ്പെടാമെന്ന അന്‍വറിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടിയേറ്റിരിക്കുകയാണ്. മലയ്, ഇസ്‌ലാമിക രാഷ്ട്രീയത്തിന് മലേഷ്യയില്‍ ഇന്നും വേരുകളുണ്ടെന്നതിന് തെളിവാണ് പാസിന്റെ വന്‍ വിജയമെന്നാണ് യൂനിവേഴ്സിറ്റി പുത്ര മലേഷ്യയിലെ അസോസിയേറ്റ് പ്രഫസര്‍ മുഹമ്മദ് ഇസാനി മുഹമ്മദ് സൈന്‍ അഭിപ്രായപ്പെടുന്നത്.
ഭാരിച്ച ദൗത്യം
മലേഷ്യയെ പ്രതിസന്ധികളില്‍നിന്ന് കരകയറ്റുകയെന്ന ഭാരിച്ച ദൗത്യമാണ് അന്‍വര്‍ ഇബ്‌റാഹീമിനു മുന്നിലുള്ളത്. 2018-ലെ തെരഞ്ഞെടുപ്പില്‍ അന്‍വറിന്റെ മുന്നണിയാണ് ഭരണത്തിലേറിയതെങ്കിലും അംനോയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറാണ് അവസാന രണ്ടു വര്‍ഷം രാജ്യം ഭരിച്ചത്. മുന്‍ പ്രധാനമന്ത്രി നജീബ് റസാഖിന്റെ ഭരണത്തില്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച അംനോക്കും അവരുടെ മുന്നണിക്കും ഭരിക്കാനുള്ള മാന്‍ഡേറ്റ് ഉണ്ടായിരുന്നില്ലെങ്കിലും അന്‍വര്‍ ഇബ്‌റാഹീമിന്റെ നേതൃത്വത്തിലുള്ള ഭരണ മുന്നണിയിലെ പ്രതിസന്ധി മുതലെടുത്തും മലയ് ദേശീയത ഊതി വീര്‍പ്പിച്ചും സര്‍ക്കാര്‍ രൂപവത്കരിക്കുകയായിരുന്നു. അതാവട്ടെ, രാജ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു.
മലേഷ്യയുടെ ഏറ്റവും വലിയ ഭീഷണിയായി മാറിയ അഴിമതിക്കെതിരെ ശക്തമായ നിലപാടുള്ള നേതാവെന്ന നിലയില്‍ അന്‍വറിലൂടെ ഒരു മാറ്റമുണ്ടാകുമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നു. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയുടെ പേരില്‍ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖ് ജയിലിലാണ്.
കോവിഡ് കാലത്ത് അഭിമുഖീകരിച്ച പ്രതിസന്ധിയില്‍നിന്ന് രാജ്യം കരകയറിയിട്ടില്ല. വര്‍ധിച്ച ജീവിതച്ചെലവും കറന്‍സിയുടെ ഇടിവും ജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. സാധാരണക്കാരന്റെ പ്രശ്ന പരിഹാരത്തിനായിരിക്കും തന്റെ പ്രഥമ പരിഗണനയെന്ന് അന്‍വര്‍ വ്യക്തമാക്കിയിട്ടുണ്ട്. അവശ്യ വസ്തുക്കള്‍ക്ക് സബ്സിഡി അനുവദിക്കും. രാജ്യത്തെ ഭൂരിപക്ഷമായ മലയ് വംശജര്‍ക്ക് പരിഗണന നല്‍കിക്കൊണ്ട് തന്നെ എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ചുകൊണ്ടു പോകാനാണ് ആഗ്രഹിക്കുന്നതെന്ന് അന്‍വര്‍ പറയുന്നു. പ്രമുഖ ന്യൂനപക്ഷമായ ചൈനീസ് വംശജരുടെ സംഘടനയായ ഡെമോക്രാറ്റിക് ആക്ഷന്‍ പാര്‍ട്ടി (ഡി.എ.പി) അന്‍വറിന്റെ മുന്നണിയിലെ പ്രധാന ഘടക കക്ഷിയാണ്.
പ്രധാനമന്ത്രിയെന്ന നിലയില്‍ സ്വയം മാതൃകയാവാനും അന്‍വര്‍ ഇബ്‌റാഹീം തീരുമാനിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പ്രതിമാസ വേതനമായ 80,000 റിംഗിറ്റ് (ഉദ്ദേശം 17,000 ഡോളര്‍) സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയ അന്‍വര്‍ കാബിനറ്റിലെ മറ്റു അംഗങ്ങളും തന്റെ പാത പിന്തുടരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വ്യവസായ ഗ്രൂപ്പുകളുമായി നല്ല ബന്ധമുള്ളതിനാല്‍ അധികാരത്തിലേറിയാല്‍ ധാരാളം വിദേശ നിക്ഷേപം രാജ്യത്ത് എത്തിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ അന്‍വര്‍ വാഗ്ദാനം നല്‍കിയിരുന്നു. അന്‍വര്‍ ധനമന്ത്രിയായിരുന്ന കാലത്താണ് ലോകത്തെ ഏറ്റവും വളര്‍ച്ചയുള്ള സമ്പദ്ഘടനകളില്‍ ഒന്നായി മലേഷ്യ മാറിയത്.
രാഷ്ട്രീയ എതിരാളികളെയും സര്‍ക്കാറിലേക്ക് ക്ഷണിക്കുക വഴി സ്ഥിരതയുള്ള ഭരണം കാഴ്ചവെക്കാമെന്നാണ് അന്‍വറിന്റെ കണക്കുകൂട്ടല്‍. തനിക്ക് ശത്രുക്കളില്ലെന്നും രാജ്യ പുരോഗതിക്കുവേണ്ടി വിട്ടുവീഴ്ചകള്‍ക്ക് തയാറാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്നാല്‍, പുതിയ പ്രധാനമന്ത്രിയുടെ ഈ വിട്ടുവീഴ്ചാ മനോഭാവം ദോഷം ചെയ്തേക്കുമെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. തട്ടിക്കൂട്ടിയുണ്ടാക്കിയ കേവല ഭൂരിപക്ഷത്തിന്റെ പിന്‍ബലത്തില്‍ അധികാരത്തിലെത്തിയതിനാല്‍ സര്‍ക്കാറിനെ നിലനിര്‍ത്താന്‍ പലതും അദ്ദേഹത്തിന് ബലികഴിക്കേണ്ടി വന്നേക്കാം. ഏതു പാര്‍ട്ടിയുടെ ജനവിരുദ്ധ ഭരണത്തിനെതിരെയായിരുന്നു യൗവന കാലത്ത് താന്‍ പ്രക്ഷോഭം നയിച്ചത്, അതേ പാര്‍ട്ടിയില്‍ (അംനോ) ചേര്‍ന്ന് ദീര്‍ഘകാലം മന്ത്രിയായതും, തന്നെ ജയിലിലടച്ച് രാഷ്ട്രീയ ഭാവി നശിപ്പിക്കാന്‍ ശ്രമിച്ച മഹാതീറുമായി വീണ്ടും സഖ്യത്തിലായി 2018-ല്‍ അദ്ദേഹത്തെ പ്രധാനമന്തിയാക്കിയതും അന്‍വറിന്റെ ആദര്‍ശ രാഷ്ട്രീയത്തിന്മേല്‍ പതിഞ്ഞ കറയാണെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു.
ജനകീയ നേതാവ്
എന്നാല്‍, അന്‍വര്‍ ഇബ്‌റാഹീമിന് മലേഷ്യയെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. ആറു പതിറ്റാണ്ടോളം രാജ്യം ഭരിച്ച അംനോ നേതൃത്വം നല്‍കുന്ന ബാരിസാന്‍ നാഷനല്‍ മുന്നണിയെ പരാജയപ്പെടുത്തി 2018-ല്‍ പ്രതിപക്ഷം അധികാരത്തിലേറിയത് മുഴുവന്‍ പ്രവചനങ്ങളും നിഷ്പ്രഭമാക്കിക്കൊണ്ടായിരുന്നു. കാരാഗൃഹത്തില്‍ കിടന്നാണ് അന്‍വര്‍ ഇബ്‌റാഹീം പകാതന്‍ ഹാരപാന് നേതൃത്വം നല്‍കിയത്. 222 പാര്‍ലമെന്റ് സീറ്റുകളില്‍ 121-ല്‍ സഖ്യം വിജയിച്ചപ്പോള്‍ ഭരണ മുന്നണിക്ക് 79 സീറ്റുകളേ ലഭിച്ചുള്ളൂ. അതിനു മുമ്പത്തെ തെരഞ്ഞെടുപ്പില്‍ നേടിയ 133 സീറ്റുകളില്‍നിന്നാണ് അവര്‍ 79-ലേക്ക് കൂപ്പുകുത്തിയത്. ഇത്തവണ അത് 34 ആയി ചുരുങ്ങിയതോടെ ഒരു കാര്യം വ്യക്തമായി: അഴിമതിയും സ്വജനപക്ഷപാതവും മുഖമുദ്രയായി മാറിയ ഗ്രാന്റ് ഓള്‍ഡ് പാര്‍ട്ടിയോട് മലേഷ്യന്‍ ജനതക്കുള്ള താല്‍പര്യം നഷ്ടപ്പെട്ടിരിക്കുന്നു.
2018-ല്‍ അന്‍വര്‍ ഇബ്‌റാഹീമിന്റെ പാര്‍ട്ടി 50 സീറ്റുകളുമായി പകാതന്‍ ഹാരപാനിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. മഹാതീറിന്റെ മലേഷ്യന്‍ യുനൈറ്റഡ് ഇന്‍ഡിജനസ് പാര്‍ട്ടിക്ക് 13 സീറ്റുകളാണ് കിട്ടിയത്. അന്‍വറിന്റെ ജയില്‍ മോചനത്തിന് ശ്രമിക്കുമെന്നും അദ്ദേഹം പുറത്തുവന്നാല്‍ പ്രധാനമന്ത്രി പദവി കൈമാറുമെന്നുമായിരുന്നു മഹാതീറിന്റെ പ്രഖ്യാപനം. രണ്ടു വര്‍ഷത്തിനുശേഷം അന്‍വറിന് പ്രധാനമന്ത്രി പദവി കൈമാറുമെന്ന് മുന്നണിക്കും മഹാതീര്‍ ഉറപ്പ് നല്‍കുകയുണ്ടായി. എന്നാല്‍, അദ്ദേഹം വാക്കു പാലിച്ചില്ല. 2020 നവംബറില്‍ ഏഷ്യാപസഫിക് ഇക്കണോമിക് കോണ്‍ഫറന്‍സിനു ശേഷം സ്ഥാനമൊഴിയാമെന്ന ഉറപ്പും ലംഘിച്ചു. മൂന്നു മാസത്തിനുശേഷം ഫെബ്രുവരി 24-ന് മുന്നണി നേതാക്കളോട് ആലോചിക്കാതെ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു മഹാതീര്‍. ഭരണപക്ഷത്തെ ചില എം.പിമാരെ ചാക്കിലാക്കി അംനോയുടെ നേതൃത്വത്തിലുള്ള മുന്നണി പുതിയ സര്‍ക്കാര്‍ രൂപവത്കരിച്ചതോടെ അന്‍വറിന്റെ പ്രതീക്ഷ അസ്തമിച്ചു.
താന്‍ പ്രധാനമന്ത്രിയാവാതിരിക്കാന്‍ ഉന്നത തലങ്ങളില്‍ ചരടുവലി നടന്നുവെന്നും താന്‍ നേരിട്ട് അറിയുന്ന ഒരു മലയ് വംശജന്‍ ഉള്‍പ്പെടെയുള്ള കോടീശ്വരന്മാരും ചില അഴിമതി വീരന്മാരും അതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ദി നാഷനല്‍ തായ്ലന്റ് ദിനപത്രവുമായുള്ള അഭിമുഖത്തില്‍ അന്‍വര്‍ ഇബ്‌റാഹീം തുറന്നടിച്ചു. വംശീയ കാര്‍ഡും തനിക്കെതിരെ ഉപയോഗിച്ചു. മലയ് വംശജരുടെ താല്‍പര്യം സംരക്ഷിക്കുന്നയാളല്ല താനെന്നായിരുന്നു ഒരു വശത്തുനിന്നുള്ള ആരോപണം. മുപ്പത്-നാല്‍പത് വര്‍ഷം മുമ്പ് ചൈനീസ് സ്‌കൂളുകള്‍ക്കെതിരെ താന്‍ നിലകൊണ്ടുവെന്ന് ആ വിഭാഗവും പ്രചരിപ്പിച്ചു. മഹാതീറും മുന്നണിയിലെ ഘടക കക്ഷികളും തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും അന്‍വര്‍ ആരോപിക്കുകയുണ്ടായി. എങ്കിലും കുതിരക്കച്ചവടത്തിനൊന്നും ശ്രമിക്കാതെ പുതിയ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷയര്‍പ്പിക്കുകയായിരുന്നു അന്‍വര്‍.
ഇസ്ലാമിക വേരുകളുള്ള രാഷ്ട്രീയ നേതാവാണ് അന്‍വര്‍ ഇബ്‌റാഹീം. 1968-ല്‍ നാഷനല്‍ യൂനിയന്‍ ഓഫ് മലേഷ്യന്‍ മുസ്ലിം സ്റ്റുഡന്റ്സ് എന്ന സംഘടനയുടെ പ്രസിഡന്റായി രംഗത്തുവന്ന അദ്ദേഹം 1971-ല്‍ അങ്കാതന്‍ ബെലിയ ഇസ്ലാം മലേഷ്യ (അബീം) എന്ന ഇസ്ലാമിസ്റ്റ് സംഘടനയുടെ രൂപവത്കരണത്തോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. മലേഷ്യന്‍ ഗ്രാമങ്ങളിലെ ദാരിദ്ര്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പട്ടിണി പ്രക്ഷോഭം നയിച്ച് ജയില്‍വാസം അനുഷ്ഠിച്ച അന്‍വര്‍ 1982-ല്‍ അംനോയില്‍ ചേര്‍ന്നത് അനുയായികളെ അമ്പരപ്പിച്ചു. മഹാതീര്‍ മുഹമ്മദ് പ്രധാനമന്ത്രിയായതിനു തൊട്ടടുത്ത വര്‍ഷമായിരുന്നു ഈ കൂടുമാറ്റം. അംനോയില്‍ ചേര്‍ന്ന അടുത്ത വര്‍ഷം തന്നെ അന്‍വര്‍ ഇബ്‌റാഹീം സാംസ്‌കാരിക, യുവജന, സ്പോര്‍ട്സ് മന്ത്രിയായി.
നേതൃസ്ഥാനത്തേക്ക് താന്‍ കൈപിടിച്ചുയര്‍ത്തിയവരെയൊക്കെ പിന്നീട് താഴെയിടാനും അവര്‍ക്കെതിരെ ഗൂഢാലോചനകള്‍ നടത്തി ജയിലിലടയ്ക്കാനും മടികാണിക്കാതിരുന്ന ആളാണ് മഹാതീര്‍. 1992 മുതല്‍ '98 വരെ അദ്ദേഹം ഉപപ്രധാനമന്ത്രിയായി നിയമിച്ച ധനമന്ത്രികൂടിയായിരുന്ന അന്‍വര്‍ ഇബ്‌റാഹീമിനെ ലൈംഗിക കുറ്റം ചുമത്തി വര്‍ഷങ്ങളോളം കാരാഗൃഹത്തില്‍ അടച്ചത് മഹാതീറിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പാളിച്ചകളില്‍ ഒന്നായിരുന്നു. അന്‍വര്‍ തിളങ്ങിനില്‍ക്കുന്ന കാലത്തായിരുന്നു ഈ നടപടി. ന്യൂസ് വീക്ക് വാരിക 'ഏഷ്യന്‍ ഓഫ് ദി ഇയര്‍' ആയി തെരഞ്ഞടുത്തതിനു തൊട്ടുപിന്നാലെയാണ്, രാഷ്ട്രീയത്തില്‍നിന്ന് കാരാഗൃഹത്തിലേക്ക് അന്‍വര്‍ ഇബ്‌റാഹീം എടുത്തെറിയപ്പെട്ടത്. അന്‍വറിന്റെ വളര്‍ച്ച തന്റെ ഭാവിക്ക് ഗുണകരമാവില്ലെന്ന മഹാതീറിന്റെ ആശങ്കയായിരുന്നു ഇതിനു പിന്നിലെന്ന് പറയപ്പെടുന്നു.
തനിക്ക് രാഷ്ട്രീയത്തില്‍ പാളിച്ചകള്‍ പറ്റിയിട്ടുണ്ടാകാമെന്നും, അന്‍വറിനെ പുറത്താക്കുകയും ശിക്ഷിക്കുകയും ചെയ്തത് അതില്‍ ഉള്‍പ്പെടില്ലെന്നുമാണ് മഹാതീര്‍ പല ഘട്ടങ്ങളിലും പറഞ്ഞത്. A Doctor in the House എന്ന പുസ്തകത്തില്‍ അദ്ദേഹം എഴുതി: 'അന്‍വറിനെ പുറത്താക്കിയത് അദ്ദേഹം എന്നെ സ്ഥാനഭ്രഷ്ടനാക്കുമെന്ന ഭയത്താലായിരുന്നു എന്ന വാദത്തിന് ഒരടിസ്ഥാനവുമില്ല. ഗവണ്‍മെന്റില്‍ തുടരാനും എന്റെ പിന്തുടര്‍ച്ചക്കാരനായി പ്രധാനമന്ത്രി പദവി അലങ്കരിക്കാനും അദ്ദേഹം യോഗ്യനല്ലാതായിരുന്നു.'
ജയിലില്‍ അടക്കപ്പെട്ടെങ്കിലും രാഷ്ട്രീയ വനവാസത്തിനില്ലെന്ന് വ്യക്തമാക്കിയാണ് പീപ്പ്ള്‍സ് ജസ്റ്റിസ് പാര്‍ട്ടിക്ക് (പി.കെ.ആര്‍) അന്‍വര്‍ ഇബ്‌റാഹീം രൂപംനല്‍കുന്നത്. ഗൈനക്കോളജിസ്റ്റ് കൂടിയായ ഭാര്യ ഡോ. വാന്‍ അസീസ വാനും മൂത്ത മകള്‍ നൂറുല്‍ ഇസ്സയും ചേര്‍ന്നാണ് അന്‍വറിന്റെ അഭാവത്തില്‍ പാര്‍ട്ടിയെ നയിച്ചത്. 2008-ലെ ഇലക്ഷനില്‍ പക്താന്‍ റക്യാത് എന്ന പേരില്‍ അന്‍വര്‍ രൂപം നല്‍കിയ മുന്നണിയില്‍ ഇസ്ലാമിസ്റ്റുകളായ പാസും ഡി.എ.പിയും ചേര്‍ന്നു. അംനോ നേതൃത്വം നല്‍കുന്ന ബാരിസാന്‍ മുന്നണിക്ക് ചരിത്രത്തില്‍ ഏറ്റവും വലിയ തിരിച്ചടി നല്‍കാന്‍ ഈ സഖ്യത്തിന് കഴിഞ്ഞു. മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് ബാരിസാന് നഷ്ടമായത്. പക്താന്‍ റക്യാത് നേടിയ 82 സീറ്റുകളില്‍ 23-ഉം പാസിന്റെ സംഭാവനയായിരുന്നു. വിവിധ വിഷയങ്ങളിലുണ്ടായ അഭിപ്രായ ഭിന്നതകള്‍ മൂര്‍ഛിച്ചതോടെ പാസ്, അന്‍വറിന്റെ പാര്‍ട്ടിയുമായുള്ള ബന്ധം വിടുകയും 2018-ലെ തെരഞ്ഞെടുപ്പില്‍ പുതിയ മുന്നണി രൂപവത്കരിച്ച് മത്സരിക്കുകയുമായിരുന്നു. പക്താന്‍ റക്യാത് പിരിച്ചുവിട്ട് പക്താന്‍ ഹാരപാന്‍ എന്ന മുന്നണിക്ക് രൂപം നല്‍കിയ അന്‍വറിന്റെ ഇലക്ഷന്‍ തന്ത്രമാണ് പക്ഷേ വിജയിച്ചത്.
അന്‍വറിനെ പുറത്താക്കിയ ശേഷം അബ്ദുല്ല അഹ്മദ് ബദവിയെ ഉപപ്രധാനമന്ത്രിയാക്കിയ മഹാതീര്‍, 2002-ല്‍ തന്റെ റിട്ടയര്‍മെന്റിനുശേഷം അദ്ദേഹത്തെ പ്രധാനമന്ത്രിയുമാക്കി. മലേഷ്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്ന അബ്ദുര്‍റസാഖ് ഹുസൈന്റെ പുത്രന്‍ നജീബ് റസാഖായിരുന്നു മഹാതീറിന്റെ അടുത്ത നോമിനി. പാര്‍ട്ടിയില്‍ തനിക്കുള്ള ഉന്നത സ്ഥാനം മുതലെടുത്ത് അണിയറ പ്രവര്‍ത്തനം തുടങ്ങിയതോടെ നജീബ് റസാഖും മഹാതീറിന്റെ സ്‌കാനിംഗിന് വിധേയനായി.
എന്നാല്‍, 2013-ലെ തെരഞ്ഞെടുപ്പില്‍ ജയിച്ച് നജീബ് രണ്ടാം വട്ടവും പ്രധാനമന്ത്രിയായതോടെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി. ഗവണ്‍മെന്റ് സബ്സിഡികള്‍ വെട്ടിക്കുറച്ചായിരുന്നു തുടക്കം. ആറു ശതമാനം ജി.എസ്.ടി നടപ്പാക്കി. വിദേശ നിക്ഷേപങ്ങള്‍ക്കുള്ള നിയന്ത്രണം എടുത്തുമാറ്റുകയും മലയ് വംശജര്‍ക്ക് വാണിജ്യ, വ്യവസായ മേഖലകളില്‍ പ്രത്യേക ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇത് ചൈനീസ്, തമിഴ് വംശജരില്‍ വ്യാപകമായ രോഷമുണ്ടാക്കി. രാജ്യദ്രോഹ കുറ്റം ആരോപിച്ച് രാഷ്ട്രീയ നേതാക്കളെ അഴിക്കുള്ളിലാക്കിയ നജീബ്, തനിക്ക് ഭീഷണിയായേക്കാവുന്ന പ്രതിപക്ഷ നേതാവ് അന്‍വര്‍ ഇബ്‌റാഹീമിനെ ലൈംഗിക ആരോപണം കുത്തിപ്പൊക്കി വീണ്ടും ജയിലിലടച്ചു. അന്‍വറിനെ വിട്ടയച്ചതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ നടപടി. 2014 മാര്‍ച്ചില്‍ അന്‍വര്‍ സെലംഗോര്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായ ഘട്ടത്തിലായിരുന്നു ഈ നീക്കം. രാജകീയ മാപ്പിലൂടെ അന്‍വര്‍ ഇബ്‌റാഹീം 2018 മേയില്‍ ജയില്‍ മോചിതനായി.
എന്നാല്‍, മലേഷ്യ കണ്ട ഏറ്റവും ഭീകരമായ അഴിമതിയിലൂടെ നജീബ് അബ്ദുര്‍റസാഖിന്റെ യഥാര്‍ഥ മുഖം ജനമറിഞ്ഞു. തലസ്ഥാനമായ ക്വാലാലമ്പൂരിനെ സാമ്പത്തിക കേന്ദ്രമാക്കാനും വന്‍കിട വിദേശ നിക്ഷേപങ്ങളിലൂടെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താനുമായി 2009-ല്‍ രൂപംകൊണ്ട 1 എം.ഡി.ബി (1 Malaysia Development Berhad) നജീബിന്റെയും കൂട്ടാളികളുടെയും കറവപ്പശുവായിരുന്നു. 1 എം.ഡി.ബി അക്കൗണ്ടില്‍നിന്ന് 450 കോടി ഡോളര്‍ അപ്രത്യക്ഷമായെന്നും അതില്‍ 70 കോടി ഡോളര്‍ നജീബിന്റെ ബാങ്ക് അക്കൗണ്ടിലാണ് നിക്ഷേപിച്ചതെന്നും കണ്ടെത്തി.
നജീബ് റസാഖ് ജയിലിലായെങ്കിലും അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ മലേഷ്യന്‍ രാഷ്ട്രീയത്തെ ക്ലീനാക്കുക എന്ന ദൗത്യത്തില്‍ അന്‍വര്‍ ഇബ്‌റാഹീമിന് എത്രത്തോളം മുന്നോട്ടു പോകാനാവുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. അമേരിക്കയും യൂറോപ്പും ഏഷ്യയും ഒന്നടങ്കം അദ്ദേഹം പ്രധാനമന്ത്രി പദവിയില്‍ എത്തിയതിനെ സ്വാഗതം ചെയ്യുകയുണ്ടായി. ഹ്യൂമണ്‍ റൈറ്റ്സ് വാച്ച് പോലുള്ള മനുഷ്യാവകാശ സംഘടനകളും അന്‍വര്‍ ഇബ്‌റാഹീമില്‍ വലിയ പ്രതീക്ഷ പുലര്‍ത്തുന്നു.
Comments