Prabodhanm Weekly

Pages

Search

2022 ഡിസംബര്‍ 09

3280

1444 ജമാദുല്‍ അവ്വല്‍ 15

അതിജീവനത്തെ നിസ്സാരവല്‍ക്കരിക്കരുത്

എസ്.എം സൈനുദ്ദീന്‍   [email protected]

പ്രബോധനം വാരികയില്‍ (ലക്കം 3274 ഒക്‌ടോബര്‍ 28) 'അതിജീവനമോ അതിജയമോ?' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച പി.എം.എ ഖാദറിന്റെ നിരീക്ഷണമാണ് ഈ കുറിപ്പിനാധാരം. ഫാഷിസത്തോട് മുസ്ലിംകള്‍ സ്വീകരിക്കേണ്ട സമീപനത്തെ കുറിച്ചുള്ള തന്റെ വീക്ഷണം സമര്‍പ്പിക്കാനുള്ള ശ്രമമാണ് ലേഖകന്‍ ഇതില്‍ പ്രധാനമായും നടത്തുന്നത്. അതിജീവനത്തിനുള്ള മുസ്ലിം ശ്രമങ്ങളെ ഏതോ നിലക്ക് നിസ്സാരവല്‍ക്കരിക്കുന്ന ആശയം പ്രതിധ്വനിപ്പിക്കുന്നുണ്ട് പി.എം.എ ഖാദറിന്റെ ലേഖനം. കൂടാതെ മുസ്ലിംകള്‍ സ്വീകരിക്കേണ്ട സമീപനത്തെ സംബന്ധിച്ച് താന്‍ സമര്‍പ്പിക്കാന്‍ ശ്രമിക്കുന്ന ആശയത്തെ സ്ഥാപിക്കാന്‍ തെറ്റായ സാമൂഹിക, പ്രമാണ വിശകലന രീതി അദ്ദേഹം സ്വീകരിക്കുന്നതായും കാണാം.
   അതു വായിച്ചപ്പോള്‍ തോന്നിയ ചില പ്രശ്‌നങ്ങള്‍ ഇവിടെ ചൂണ്ടിക്കാണിക്കുകയാണ്: ഒന്ന്, അതിജീവിക്കുക എന്നതിന് പകരം അതിജയിക്കുക എന്ന സന്ദേശമാണ് ഖുര്‍ആന്‍ നല്‍കുന്നത് എന്ന് നിരീക്ഷിക്കുന്ന ലേഖകന്‍, തന്റെ കുറിപ്പിന്റെ ആദ്യ പാരഗ്രാഫുകളിലെല്ലാം അതിജീവനം എന്ന പ്രയോഗം ആവര്‍ത്തിച്ച് ഉപയോഗിക്കുന്നുണ്ട് (അതിജീവനത്തിനായി നാം നിരന്തരം നടത്തുന്ന ആഹ്വാനങ്ങള്‍, അതിജീവന സന്ദേശത്തോട് അല്‍പമെങ്കിലും സാദൃശ്യം പുലര്‍ത്തുന്ന, വംശനാശത്തിന്റെ ഭീതിയാണ് അതിജീവനത്തിന്റെ ആഹ്വാനങ്ങളില്‍, അതിജീവനത്തിനായുള്ള മുസ്ലിംകളുടെ ഓരോ രോദനത്തിലും ............... തുടങ്ങിയവ ഉദാഹരണം). പ്രശ്‌നം അതല്ല. അതിജീവിക്കുക എന്നതിന് പകരം അതിജയിക്കുക എന്ന സന്ദേശമാണ് ഖുര്‍ആന്‍ നല്‍കുന്നത് എന്ന് ലേഖകന്‍ വാദിക്കുന്നു. ഖുര്‍ആനിലെ 48:28, 61:9 സൂക്തങ്ങളാണ് തന്റെ വാദത്തിന് ലേഖകന്‍ തെളിവായി ഉന്നയിക്കുന്നത്. എന്നാല്‍, ഈ രണ്ടു സൂക്തങ്ങളും സമൂഹത്തിന്റെ അതിജയിക്കലിനെ സംബന്ധിച്ചല്ല, മറിച്ച് സമൂഹം ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശം മേല്‍ക്കോയ്മ നേടേണ്ടതിനെക്കുറിച്ചാണ് പറയുന്നത്. അതിജയിക്കുക എന്നത് ആശയസംബന്ധിയായതും അതിജീവനം എന്നത് ഒരു സമൂഹത്തിന്റെ രാഷ്ട്രീയ മേല്‍ക്കോയ്മയെ സംബന്ധിച്ചും ആണ് പ്രയോഗിക്കുക. അടിച്ചമര്‍ത്തപ്പെട്ടവരുടെ അതിജീവനം എന്നത്  സാമൂഹിക ശാസ്ത്രപരമായി സര്‍വസാധാരണമായി ഉപയോഗിക്കുന്ന ഒരു പ്രയോഗവുമാണ്.
മേല്‍ പ്രസ്താവിച്ച സൂക്തങ്ങളെ കുറിച്ച് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ നല്‍കുന്ന വിശദീകരണം പരിശോധിച്ചാല്‍, മുസ്ലിം സമുദായത്തിന്റെ അതിജീവനം എന്ന ആശയത്തെ ഈ സൂക്തങ്ങള്‍ നിഷേധിക്കുന്നില്ല എന്നും മനസ്സിലാക്കാം. ദീന്‍ അതിജയിക്കുകയും തല്‍ഫലമായി അതിന്റെ അനുയായികള്‍ മര്‍ദക വിഭാഗങ്ങളെ അതിജീവിക്കുകയും ചെയ്യുക എന്ന പ്രക്രിയയാണ് ഈ സൂക്തങ്ങളും സമാന ആശയത്തില്‍ വരുന്ന മറ്റു സൂക്തങ്ങളും പകര്‍ന്നുനല്‍കുന്ന ആശയം എന്നിരിക്കെ, അതിജീവിക്കുക എന്നതിനെക്കാള്‍ അതിജയിക്കുക എന്നതാണ് ഖുര്‍ആനികമായി ശരിയായ പ്രയോഗം എന്നു വാദിക്കുന്നതില്‍  അര്‍ഥമില്ല.
രണ്ടാമതായി,  ഖുര്‍ആന്‍ 10:87 സൂക്തത്തെ മുന്നില്‍ വെച്ചു അദ്ദേഹം നടത്തുന്ന ചില വിശകലനങ്ങള്‍ പ്രമാണ വിരുദ്ധവും ചരിത്രവിരുദ്ധവുമാണ്. സൂക്തം ഇതാണ്.

وَأَوْحَيْنَآ إِلَىٰ مُوسَىٰ وَأَخِيهِ أَن تَبَوَّءَا لِقَوْمِكُمَا بِمِصْرَ بُيُوتًۭا وَٱجْعَلُوا۟ بُيُوتَكُمْ قِبْلَةًۭ وَأَقِيمُوا۟ ٱلصَّلَوٰةَ ۗ وَبَشِّرِ ٱلْمُؤْمِنِينَ
'മൂസാക്കും അദ്ദേഹത്തിന്റെ സഹോദരന്നും നാം ബോധനം നല്‍കി: നിങ്ങളിരുവരും നിങ്ങളുടെ ജനതക്കായി ഈജിപ്തില്‍ ഏതാനും വീടുകള്‍ തയ്യാറാക്കുക. നിങ്ങളുടെ വീടുകളെ നിങ്ങള്‍ ഖിബ്ലകളാക്കുക. നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. സത്യവിശ്വാസികളെ ശുഭവാര്‍ത്ത അറിയിക്കുകയും ചെയ്യുക' (യൂനുസ് 87). ഈ സൂക്തത്തെ മുന്നില്‍വെച്ചു ലേഖകന്‍ നടത്തുന്ന നിരീക്ഷണം ഇങ്ങനെ: 'ഈജിപ്തില്‍തന്നെ വീടുകള്‍ പണിയാനും ആ വീടുകളെ ആരാധനാ മന്ദിരങ്ങളാക്കാനുമുള്ള സവിശേഷമായ കല്‍പന. ഏകനായ ദൈവത്തെ ആരാധിക്കാന്‍ പൊതു ദേവാലയങ്ങള്‍ പണിയാതെ വീടുകളില്‍ ഒതുങ്ങാനുള്ള ഈ ദിവ്യ ബോധനം മാത്രമാണ് അതിജീവന സന്ദേശത്തോട് അല്‍പമെങ്കിലും സാദൃശ്യം പുലര്‍ത്തുന്ന ദൈവ കല്‍പന.' ഈ നിരീക്ഷണത്തിന് വസ്തുതകളുടെയോ യാഥാര്‍ഥ്യങ്ങളുടെയോ  പിന്‍ബലമില്ല. താന്‍ നിരൂപിച്ചുവെച്ച ചില ആശയങ്ങളിലേക്ക് ഖുര്‍ആനെ വലിച്ചിഴയ്ക്കുകയാണ് ലേഖകന്‍ ചെയ്യുന്നത്. ഈ സൂക്തത്തിന്റെ വിശദീകരണത്തില്‍ പ്രമുഖരായ മുഫസ്സിറുകള്‍ എന്തു പറഞ്ഞു എന്ന് പരിശോധിക്കുന്നത് ഇത്തരുണത്തില്‍ അനിവാര്യമാണ്.
സയ്യിദ് മൗദൂദി എഴുതുന്നു: 'ഈ ആയത്തിന്റെ ഉദ്ദേശ്യത്തില്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ അഭിപ്രായാന്തരമുണ്ട്. ആയത്തിലെ വാക്കുകളെപ്പറ്റിയും അവയുടെ പശ്ചാത്തലത്തെപ്പറ്റിയും ചിന്തിക്കുമ്പോള്‍ മനസ്സിലാകുന്നത് ഇതാണ്: ഈജിപ്ഷ്യന്‍ ഭരണകൂടത്തിന്റെ മുഷ്‌കും ഇസ്റാഈല്യരുടെത്തന്നെ വിശ്വാസദൗര്‍ബല്യവും കാരണം ജൂതവംശജരും ഈജിപ്തുകാരുമായ മുസ്ലിംകളില്‍നിന്ന് നമസ്‌കാരം സംഘടിതമായി നിര്‍വഹിക്കുന്ന സമ്പ്രദായം മാഞ്ഞുപോയിരുന്നു. അവരുടെ അണികള്‍ ശിഥിലീകൃതമാകാനും അവരില്‍ ദീനിന്റെ ആത്മാവ് മരിച്ചുപോകാനും വലിയ ഒരളവോളം കാരണമായിത്തീര്‍ന്നതും അതുതന്നെയായിരുന്നു. അതിനാല്‍, പ്രസ്തുത സമ്പ്രദായം പുനഃസ്ഥാപിക്കാനും അതിനുവേണ്ടി ഈജിപ്തില്‍ ചില പ്രത്യേക മന്ദിരങ്ങള്‍ നിര്‍മിക്കാനും അവിടെ സംഘടിത നമസ്‌കാരം ഏര്‍പ്പെടുത്താനും ഹ. മൂസാ(അ)ക്ക് കല്‍പന നല്‍കി. കാരണം, വഴിതെറ്റി ഛിദ്രിച്ചുപോയ മുസ്ലിം സമൂഹത്തില്‍ ദീനീ ചൈതന്യം പുനരുജ്ജീവിപ്പിക്കാനും ശിഥിലമായിപ്പോയ അവരുടെ ശക്തികളെ വീണ്ടും കേന്ദ്രീകരിക്കാനും ഉള്ള ഇസ്ലാമിക യത്നത്തിന്റെ പ്രഥമ കാല്‍വെപ്പ് അനിവാര്യമായും സംഘടിത നമസ്‌കാര സമ്പ്രദായം പുനഃസ്ഥാപിക്കുക എന്നതുതന്നെയായിരിക്കണം.
'ആ മന്ദിരങ്ങളെ ഖിബ്ലയാക്കുക' എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം എന്റെ അഭിപ്രായത്തില്‍ ഇതാണ്: ആ മന്ദിരങ്ങളെ ജനങ്ങളുടെയെല്ലാം അവലംബകേന്ദ്രമായി നിശ്ചയിക്കണം. അതിന്റെ ഉടനെ 'നമസ്‌കാരം നിലനിര്‍ത്തുക' എന്ന് പറഞ്ഞതിന്റെ താല്‍പര്യം, ഓരോരുത്തരും താന്താങ്ങളുടെ സ്ഥലങ്ങളില്‍വെച്ച് വെവ്വേറെ നമസ്‌കരിക്കുന്നതിനുപകരം നിര്‍ണിതസ്ഥലങ്ങളില്‍ ഒരുമിച്ചുകൂടി നമസ്‌കാരം നിര്‍വഹിക്കണമെന്നാണ്. കാരണം, ഖുര്‍ആന്റെ സാങ്കേതിക ഭാഷയില്‍ ഇഖാമതുസ്സ്വലാത്ത് -നമസ്‌കാരം നിലനിര്‍ത്തല്‍- എന്ന് പറയുന്നതിന്റെ താല്‍പര്യത്തില്‍ അനിവാര്യമായും നമസ്‌കാരം സംഘടിതമായിരിക്കണമെന്നതും ഉള്‍പ്പെടുന്നുണ്ട്. വിശ്വാസികളെ ഗ്രസിച്ച നിരാശയും ഭീതിയും അപകര്‍ഷതാബോധവും എല്ലാം ദൂരീകരിക്കുക, അവരെ പ്രതീക്ഷാനിര്‍ഭരരാക്കുക, അവര്‍ക്ക് മനക്കരുത്തുണ്ടാക്കുക, ധൈര്യമേകുക എന്നീ അര്‍ഥങ്ങളെല്ലാം 'സുവിശേഷമറിയിക്കുക' എന്ന് പറഞ്ഞതില്‍ ഉള്‍പ്പെടുന്നുണ്ട്'' (തഫ്ഹീമുല്‍ ഖുര്‍ആന്‍/ യൂനുസ്: 87/ 84,85 വ്യാഖ്യാനക്കുറിപ്പുകള്‍).
അതായത്, ലേഖകന്‍ വാദിക്കുന്നതു പോലെ, ഏകനായ ദൈവത്തെ ആരാധിക്കാന്‍ പൊതു ദേവാലയങ്ങള്‍ പണിയാതെ വീടുകളില്‍ ഒതുങ്ങിക്കൂടാനുള്ള കല്‍പ്പനയല്ല ഖുര്‍ആന്‍ സൂക്തങ്ങള്‍. മറിച്ച്, മതപരവും ആത്മീയവുമായ രംഗങ്ങളില്‍ ആ ജനതയ്ക്ക് സംഭവിച്ച ഭ്രംശത്തില്‍ നിന്ന് അവരെ വിമോചിപ്പിക്കുന്നതിനാവശ്യമായ കര്‍മ രേഖ സമര്‍പ്പിക്കുകയാണ്. പൂര്‍വികരായ മുഫസ്സിറുകളും (ഇമാം ത്വബരി, റാസി, ഇബ്‌നു കസീര്‍) ഈ വീക്ഷണം തന്നെയാണ് ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ പറയുന്നതും.
മൂന്നമതായി, 'അതിജീവനത്തിനായുള്ള മുസ്ലിംകളുടെ ഓരോ രോദനത്തിലും ത്വാഗൂത്തുകള്‍ സന്തോഷിക്കുന്നുണ്ടായിരിക്കണം. ഭീതിപ്പെടുത്തുക എന്നത് ഫാഷിസത്തിന്റെ പ്രധാന തന്ത്രവും ആയുധവുമാണ്' എന്ന് ലേഖകന്‍ നിരീക്ഷിക്കുന്നു. എന്താണ് ഈ രോദനം? ഫാഷിസത്തിനെതിരായ സംസാരമാണോ? പ്രചാരണമാണോ? രാഷ്ട്രീയ പ്രവര്‍ത്തനമാണോ? എന്നാല്‍, ഇതൊന്നും വില കുറച്ച് കാണേണ്ട പ്രവര്‍ത്തനങ്ങളല്ല. ഭരണകൂട ഭീകരതയ്ക്കും ഫാഷിസത്തിനും എതിരെ നടക്കുന്ന നിയമ വിധേയവും ജനാധിപത്യപരവുമായ പ്രതിരോധങ്ങളാണ്. ത്വാഗൂത്തുകളെ സന്തോഷിപ്പിക്കാതിരിക്കാന്‍ അതെല്ലാം നിര്‍ത്തി വെക്കണമെന്നാണോ?
നാലാമതായി, മുസ്ലിം വംശഹത്യ ഇന്ത്യയില്‍ നടക്കുകയില്ല എന്നാണ് ലേഖകന്‍ സമര്‍ഥിക്കുന്നത്. കാരണം, ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം ജനസംഖ്യ ഇന്‍ഡോനേഷ്യ കഴിഞ്ഞാല്‍ ഇന്ത്യയിലാണുള്ളത് എന്നതാണ് ന്യായം. അവരെ ഒന്നടങ്കം ഇല്ലായ്മ ചെയ്യാന്‍ വന്യമായ സ്വപ്‌നങ്ങളില്‍ പോലും സാധ്യമല്ല എന്നും  എഴുതുന്നു. വംശഹത്യയെ കുറിച്ച തെറ്റായ കാഴ്ചപ്പാടോ ധാരണക്കുറവോ ആണ് ഇത്തരമൊരു  നിഗമനത്തില്‍ അദ്ദേഹത്തെ കൊണ്ടുചെന്നെത്തിച്ചത്. പല പണ്ഡിതന്മാരും പ്രഭാഷകന്മാരും നേതാക്കളും ഈ അബദ്ധം പറയുന്നത് കേള്‍ക്കാന്‍ ഇടയായിട്ടുണ്ട്. എന്താണ് വംശഹത്യ എന്ന് അല്‍പം വിശദീകരിക്കേണ്ടതുണ്ട്.
പൂര്‍ണമായ ഉന്മൂലനം നടത്തിയാലാണ് വംശഹത്യ സാധ്യമാവുക എന്നും മുസ്ലിംകളെ അങ്ങനെ ഏലിീരശറല ചെയ്യാനാവില്ല എന്നും ചിലരെങ്കിലും വാദിക്കുന്നുണ്ട്.  വംശഹത്യയുടെ ചരിത്രം ഈ നിഗമനം ശരിവെക്കുന്നില്ല. എന്താണ് വംശഹത്യ? മുന്‍കൂട്ടി തയാറാക്കിയ പദ്ധതിപ്രകാരം ഏതെങ്കിലും ഗോത്ര, വര്‍ഗ, മത, ഭാഷാ, സംസ്‌കാര, ദേശീയ വിഭാഗങ്ങളെ ഉന്മൂലനം ചെയ്യുന്ന പ്രക്രിയയാണ് വംശഹത്യ (Genocide). കൃത്യമായി തയാറാക്കിയ ഹിംസാത്മകമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഏതെങ്കിലും പ്രത്യേക വിഭാഗത്തെ പൂര്‍ണമായും ഇല്ലാതാക്കുകയോ നശിപ്പിക്കുകയോ ആണ് വംശഹത്യയുടെ ലക്ഷ്യം. ഐക്യരാഷ്ട്ര സംഘടന 1948 ഡിസംബര്‍ 9 -ന് അംഗീകരിച്ചതും 1951 ജനുവരി 12 -ന് നടപ്പില്‍ വന്നതുമായ Resolution 260 (III) പ്രകാരം, വംശഹത്യ എന്നാല്‍ താഴെപ്പറയുന്ന കുറ്റങ്ങളില്‍ ഏതെങ്കിലും ഒരു ദേശീയ, വംശ, ഗോത്ര, മത വിഭാഗങ്ങള്‍ക്കെതിരെ പ്രയോഗിച്ചാല്‍ അത് വംശഹത്യയായി കാണണമെന്നാണ്.
1. അംഗങ്ങളെ കൊല്ലുക.
2. അംഗങ്ങള്‍ക്ക് മാനസികമോ ശാരീരികമോ ആയ ഗൗരവമുള്ള പരിക്കേല്‍പ്പിക്കുക.
3. ജീവിക്കാന്‍ ആവശ്യമായ ഭൗതികസാഹചര്യങ്ങള്‍ മനഃപൂര്‍വമായി ഭാഗികമായോ മുഴുവനായോ നശിപ്പിക്കുക.
4. ജനനത്തെ നിയന്ത്രിക്കുക.
5. നിര്‍ബന്ധമായി കുട്ടികളെ ഒരു കൂട്ടത്തില്‍ നിന്ന് മറ്റൊന്നിലേക്കു മാറ്റുക.
മേല്‍ സൂചിപ്പിച്ച അഞ്ച് കാര്യങ്ങളും ഇന്ത്യന്‍ മുസ്ലിംകളില്‍ സംഭവിച്ചുകഴിഞ്ഞു. തങ്ങള്‍ അഭിമുഖീകരിച്ചു കഴിഞ്ഞതിനെ പ്രശ്‌നവല്‍ക്കരിക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ ഭയവും ഭീതിയും ഒരു സമുദായത്തെ ബാധിച്ചിരിക്കുന്നു എന്നതു തന്നെ എത്ര ഭയാനകമായ സ്ഥിതിവിശേഷമാണ്!
അതുകൊണ്ട് മുസ്ലിംകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മക്കീ /മദനീ മാതൃകയല്ല നാം അന്വേഷിക്കേണ്ടത്. രാജ്യവും സമുദായവും അകപ്പെട്ട പ്രതിസന്ധികളെ കുറിച്ച് ആഴത്തില്‍ പഠിച്ച് പുതിയ സാഹചര്യം മുന്നില്‍വെച്ച് കൃത്യതയുള്ള ആശയവും കര്‍മപദ്ധതിയും ആവിഷ്‌കരിക്കുകയാണ്, അതിജീവനമായാലും അതിജയിക്കലായാലും അത് നേടിയെടുക്കാനുള്ള വഴി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് - 15-21
ടി.കെ ഉബൈദ്‌

ഹദീസ്‌

അഭൗതിക ജ്ഞാനം അല്ലാഹുവിന് മാത്രം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌