Prabodhanm Weekly

Pages

Search

2022 നവംബര്‍ 18

3277

1444 റബീഉല്‍ ആഖിര്‍ 23

രണ്ട് മഹദ് വ്യക്തിത്വങ്ങള്‍

പി.പി അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി

 

1. ടി.എം സാവാന്‍ കുട്ടി
ജീവിതം ദര്‍ശനം
എഡി. സി.വി ശ്രീജിത്ത്
പ്രസാ: ഡിസൈന്‍ പബ്ലിഷേഴ്‌സ്, തലശ്ശേരി
വില: 200

2. ജസ്റ്റിസ് വി. ഖാലിദ്
പ്രകാശം പരത്തിയ ജീവിതം
എഡി. ഡോ. പി.ടി അബ്ദുല്‍ അസീസ്
പ്രസാ: സര്‍ സയ്യിദ് കോളേജ് പബ്ലിക്കേഷന്‍ ഡിവിഷന്‍
വില: 280


രണ്ട് സ്മരണികകളെക്കുറിച്ചാണ് ഈ കുറിപ്പ്. മുസ്‌ലിം ലീഗിന്റെ ആദ്യകാല നേതൃത്വത്തിലുണ്ടായിരുന്ന, പല തവണ ഇടപഴകാന്‍ അവസരമുണ്ടായിട്ടുള്ള ബഹുമാന്യ വ്യക്തിത്വമാണ് അഡ്വ. ടി.എം സാവാന്‍ കുട്ടി. അതുകൊണ്ടുതന്നെ ഈ സ്മരണിക താല്‍പര്യപൂര്‍വമാണ് വായിച്ചത്. അദ്ദേഹം വിടവാങ്ങി പതിനേഴ് സംവത്സരങ്ങള്‍ക്കു ശേഷമാണ് ഇങ്ങനെ ഒരു സ്മരണിക തലശ്ശേരിയില്‍ നിന്ന് ഇറങ്ങുന്നത്. സാവാന്‍ കുട്ടിയോടൊപ്പം പ്രവര്‍ത്തിച്ച, അദ്ദേഹത്തെ പല നിലക്കും അനുഭവിച്ച ധാരാളം വ്യക്തിത്വങ്ങള്‍ മണ്‍മറഞ്ഞതിനു ശേഷമാണ് ഇറങ്ങിയതെന്ന പരിമിതി സ്മരണികക്കുണ്ട്.
ഇതിന്റെ എഡിറ്റര്‍ സി.വി ശ്രീജിത്തിന്റെ മുഖമൊഴി, വഖ്ഫ് ബോര്‍ഡ് മെമ്പര്‍ അഡ്വ. പി.വി സൈനുദ്ദീന്റെ പ്രൗഢമായ സമര്‍പ്പണക്കുറിപ്പ് എന്നിവയടക്കം നാല്‍പത്തിയേഴ് ലേഖനങ്ങള്‍ ഇതിലുണ്ട്. കൂടാതെ സാവാന്‍ കുട്ടി സാഹിബിന്റെ ഒമ്പത് കൊച്ചു കുറിപ്പുകളും. സ്മര്യപുരുഷന്റെ ബന്ധുക്കള്‍, ഇപ്പോള്‍ കേരള ഹൈക്കോടതി ജഡ്ജിയായ അദ്ദേഹത്തിന്റെ പുത്രന്‍ ജസ്റ്റിസ് മുഹമ്മദ് നിയാസ്, ജസ്റ്റിസ് എം. ഫാത്വിമാ ബീവി, പി.എസ്.സി ചെയര്‍മാനായിരുന്ന എം.കെ സക്കീര്‍, മലയാള മനോരമ മുന്‍ റസിഡന്റ് എഡിറ്റര്‍ കെ. അബൂബക്കര്‍, പത്രപ്രവര്‍ത്തകരായ ടി.പി ചെറൂപ്പ, ടി.സി മുഹമ്മദ്, നവാസ് പൂനൂര്, കുഞ്ഞമ്മദ് വാണിമേല്‍, എഴുത്തുകാരനായ എം.എന്‍ കാരശ്ശേരി, എ.പി കുഞ്ഞാമു തുടങ്ങി പലരുടെയും ലേഖനങ്ങള്‍ നല്ലൊരു വായനാനുഭവമാണ്.
ഏഴു പതിറ്റാണ്ട് പ്രായമുള്ള പി.എസ്.സിയെപ്പറ്റി പലവിധ പരാതികളും വിമര്‍ശനങ്ങളും പരക്കെ ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍, സാവാന്‍ കുട്ടി സാഹിബ്, കേരളം കണ്ട പി.എസ്.സി ചെയര്‍മാന്മാരില്‍ ഏറെ തലയെടുപ്പോടെ തെളിഞ്ഞ വ്യക്തിത്വമായി വേറിട്ട് നില്‍ക്കുന്നു. പി.എസ്.സി ചെയര്‍മാനായി ഇപ്പോള്‍ പടിയിറങ്ങിയ അഡ്വ. എം.കെ സക്കീര്‍ രേഖപ്പെടുത്തുന്നത് കാണുക: ''അദ്ദേഹം പി.എസ്.സി മെമ്പര്‍ എന്ന നിലക്ക് പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ കരുതിവെച്ച പരിഷ്‌കരണ നടപടികള്‍ നടപ്പില്‍ വരുത്താന്‍ മറ്റൊരു പഠനം ആവശ്യമായി വന്നില്ല.''
പി.എസ്.സി അംഗമായും പിന്നീട് ചെയര്‍മാനായും ഒരു ദശകത്തിലേറക്കാലം പ്രാഗത്ഭ്യത്തോടെ പ്രവര്‍ത്തിച്ച സാവാന്‍ കുട്ടി പിന്നീട് എം.എസ്.എസ് നേതാവെന്ന നിലക്കും ശോഭിച്ചിരുന്നു. പി.എസ്.സിയില്‍ സി.ഒ.ടി കുഞ്ഞിപ്പക്കി സാഹിബിന്റെയും മുസ്‌ലിം ലീഗില്‍ സി.എച്ച് മുഹമ്മദ് കോയയുടെയും പിന്‍ഗാമിയായ സാവാന്‍ കുട്ടി കെ.എം സീതി സാഹിബിന്റെ ജീവിതകഥ, പിന്‍ഗാമികള്‍ക്ക് പ്രചോദനമേകും വിധം തയാറാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആഭിമുഖ്യത്തിലുള്ളതായിരുന്നു അറഫാ പബ്ലിക്കേഷന്‍സ്.
തലശ്ശേരി മുനിസിപ്പാലിറ്റിയിലേക്ക് എതിരില്ലാതെയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. പിന്നീട് ചെയര്‍മാനായപ്പോള്‍ ഏറ്റവും കുറഞ്ഞ യാത്രാപ്പടി പറ്റിയ ചെയര്‍മാന്‍ എന്ന ഖ്യാതിയും അദ്ദേഹത്തിനുണ്ട്.
ധൂര്‍ത്തിനെയും ദുര്‍വ്യയത്തെയും വളരെയേറെ എതിര്‍ത്ത സ്മര്യപുരുഷന്‍ ആഡംബരങ്ങളില്‍ നിന്നും ആര്‍ഭാടങ്ങളില്‍നിന്നും പരമാവധി അകലം പാലിച്ചു. ഇക്കാലത്തെ പല നേതാക്കള്‍ക്കും അദ്ദേഹത്തില്‍നിന്ന് പലതും സ്വാംശീകരിക്കാനുണ്ട്. ഇത്തരം വ്യക്തിത്വങ്ങളുടെ ചരിത്രം പുത്തന്‍ തലമുറക്ക് ദിശാബോധവും പ്രചോദനവും പകര്‍ന്നുനല്‍കും.

ജസ്റ്റിസ് വി. ഖാലിദിന്റെ സ്മരണിക ഇറക്കിയിട്ടുള്ളത്, സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ഉത്തര കേരളത്തിലെ പ്രശസ്ത സ്ഥാപനമായ സര്‍ സയ്യിദ് കോളേജിന്റെ പ്രസാധന വിഭാഗമാണ്. ഈ കോളേജിന്റെ സംസ്ഥാപനത്തില്‍ മുഖ്യ പങ്ക് വഹിക്കുകയും അതീവ ശ്രദ്ധയോടെ അതിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ഫലപ്രദമായി ഇടപെടുകയും ചെയ്ത ക്രാന്തദര്‍ശിയാണ് ഖാലിദ് സാഹിബ്. ബഹളമയമായ ശൈലി ഒട്ടുമില്ലാത്ത, നിശ്ശബ്ദ, നിസ്വാര്‍ഥ വ്യക്തിത്വമാണ് ഖാലിദ് സാഹിബ് എന്നത് അദ്ദേഹവുമായി ബന്ധപ്പെട്ടപ്പോഴെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്. ഖാലിദ് സാഹിബിനെ സാമാന്യം ചുരുങ്ങിയ രീതിയില്‍ അറിയാന്‍ മാത്രമേ ഈ സ്മരണിക സഹായകമാവുകയുള്ളൂ. ഭാവി തലമുറക്ക്, വിശിഷ്യാ നിയമ വിദ്യാര്‍ഥികള്‍ക്ക് ഉപകരിക്കും വിധമുള്ള നല്ലൊരു പഠനം ഖാലിദ് സാഹിബിനെപ്പറ്റി ഇനിയും നടക്കേണ്ടതായിട്ടുണ്ട്.
മലപ്പുറം ഗവ. ഹൈസ്‌കൂളിലെ അധ്യാപകനായി ആരംഭിച്ച് പ്രശസ്തനായ വക്കീല്‍, ഹൈക്കോടതി ജഡ്ജി, സുപ്രീം കോടതി ജഡ്ജി, ആക്ടിംഗ് ഗവര്‍ണര്‍, തമിഴ്‌നാട് പോലീസ് കമീഷന്‍ അംഗം, റെയില്‍വേ ട്രൈബ്യൂണല്‍ അംഗം തുടങ്ങി പല വിധ മേഖലകളില്‍ വിജയകരമായി വിരാജിച്ച ഖാലിദ് സാഹിബിന്റെ അനുഭവങ്ങള്‍ വിശദമായി രേഖപ്പെടുത്താതെ പോയത് വലിയ നഷ്ടം തന്നെയാണ്. ഇക്കാര്യം അദ്ദേഹം വിശ്രമ ജീവിതം നയിക്കുമ്പോള്‍ ഒന്നിലധികം തവണ സൂചിപ്പിച്ചപ്പോള്‍ ചിരിച്ചു ഒഴിഞ്ഞു മാറുകയാണുണ്ടായത്.
ജസ്റ്റിസ് കെ.ടി തോമസ്, ജസ്റ്റിസ് എം. ഫാത്വിമാ ബീവി, ജസ്റ്റിസ് ചേറ്റൂര്‍ ശങ്കരന്‍ നായര്‍, ജസ്റ്റിസ് എ. മുഹമ്മദ് മുശ്താഖ്, ജസ്റ്റിസ് പി.കെ ശംസുദ്ദീന്‍, ജസ്റ്റിസ് കൗസര്‍ എടപ്പകത്ത് എന്നിവരും അഡ്വ. ടി. ആസഫലി, അഡ്വ. പി.വി സൈനുദ്ദീന്‍, അഡ്വ. രാം കുമാര്‍, അഡ്വ. പി. മഹ്മൂദ്, ഖാലിദ് സാഹിബിന്റെ പേരക്കുട്ടി ഫാത്വിമാ സക്കീര്‍ തുടങ്ങിയവരുടേതുള്‍പ്പെടെ 34 ലേഖനങ്ങളും ഖാലിദ് സാഹിബിന്റെ മൂന്ന് ലേഖനങ്ങളും അദ്ദേഹവുമായി വി.കെ സുരേഷ് നടത്തിയ അഭിമുഖവും ഒക്കെ അടങ്ങുന്നതാണ് ഇരുനൂറിലേറെ പേജുകളുള്ള ഈ സ്മരണിക. പലരുടെയും ലേഖനങ്ങളായതിനാല്‍ സ്വാഭാവികമായും ആവര്‍ത്തനങ്ങളുണ്ട്. ഖാലിദ് സാഹിബിനെ പറ്റി വിശദവും സമഗ്രവുമായ കൃതി ഇംഗ്ലീഷില്‍ തയാറാക്കാന്‍ അദ്ദേഹത്തിന്റെ കുടുംബം ശ്രമിക്കുന്നുണ്ടെന്നാണറിവ്.
ഭരണാധികാരികളുടെ അപ്രീതി ഖാലിദ് സാഹിബ് ഭയന്നിരുന്നില്ല. സുപ്രീം കോടതി ജഡ്ജിയും മുന്‍ ഗവര്‍ണറുമായിരുന്ന ജസ്റ്റിസ് ഫാത്വിമാ ബീവി കുറിച്ചതിങ്ങനെ: ''ജുഡീഷ്യറിയില്‍നിന്നും പിരിഞ്ഞവരെ ഗവര്‍ണര്‍മാരാക്കാന്‍ തീരുമാനമുണ്ടായപ്പോള്‍ ഉയര്‍ന്നുവന്ന മൂന്ന് പേരുകളിലൊന്ന് ജസ്റ്റിസ് ഖാലിദിന്റേതായിരുന്നു. എന്നാല്‍ പൊതു പ്രതീക്ഷക്ക് വിരുദ്ധമായി, ഇന്ദിരാ കേസ് പ്രതികളുടെ ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസിന്റെ  അനിഷ്ടത്തിന് പാത്രമായതിനാലാണ് ആ അവസരം അദ്ദേഹത്തിന് നഷ്ടമായത്.''
കെ.ടി തോമസ് എഴുതിയതിങ്ങനെ: ''... നീതിയുക്തവും മാനുഷികവുമായിരുന്നു ജസ്റ്റിസ് ഖാലിദിന്റെ വിധികളുടെ സവിശേഷത. ആളുകള്‍ക്കനുകൂലമായി നിയമത്തെ എങ്ങനെ വളച്ചെടുക്കാം എന്നതായിരുന്നു അതിന്റെ പ്രത്യേകത. സാധാരണ പലരും നിയമത്തെ വളക്കാന്‍ ശ്രമിക്കുമ്പോള്‍ ഒടിഞ്ഞുപോകാറുണ്ട്. പക്ഷേ, ഖാലിദ് വളരെ സൂക്ഷിച്ച് ഒടിയാതെ തന്നെ കാര്യങ്ങള്‍ കൈകാര്യം ചെയ്തു.''
 

Comments

Other Post

ഹദീസ്‌

സ്വര്‍ഗം ഉറപ്പാക്കിയ പത്താളുകള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ- 49-53