Prabodhanm Weekly

Pages

Search

2022 നവംബര്‍ 18

3277

1444 റബീഉല്‍ ആഖിര്‍ 23

വെടിയേറ്റ ഇംറാനും പാക് ഡെമോക്രസിയുടെ ഭാവിയും

എ.ആര്‍

2010-ന് ശേഷം പാകിസ്താനെ കശക്കിയെറിഞ്ഞ മഹാ പ്രളയമായിരുന്നു കഴിഞ്ഞ ജൂണ്‍ മധ്യം മുതല്‍ ആഴ്ചകളോളം സിന്ധ്, ബലൂചിസ്താന്‍ പ്രവിശ്യകളെ പിടിയിലൊതുക്കിയത്. മൂന്ന് കോടി മുപ്പത് ലക്ഷം മനുഷ്യരെ ദുരിതക്കടലിലാഴ്ത്തിയ പ്രളയത്തില്‍ 639 കുട്ടികളടക്കം 1717 പേര്‍ക്ക് ജീവഹാനി നേരിട്ടു. 12,867 പേര്‍ക്ക് പരിക്കേറ്റു. 21 ലക്ഷം ആളുകളെ ഭവനരഹിതരാക്കി എന്നാണ് കണക്ക്. രാജ്യത്തിന്റെ 12 ശതമാനം വരുന്ന 75,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായെന്ന് യു.എന്‍ ഉപഗ്രഹ സെന്റര്‍ വെളിപ്പെടുത്തുന്നു. 11,63,605 കന്നുകാലികള്‍ ചത്തൊടുങ്ങി എന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 22,000 വിദ്യാലയങ്ങള്‍ നിലംപൊത്തുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തു. മൊത്തം 40 ബില്യന്‍ ഡോളറിന്റെ നാശനഷ്ടങ്ങളാണ് കണക്കാക്കപ്പെടുന്നത്.
സ്വതേ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താന് ഇത്രത്തോളം ഭീമമായ നഷ്ടം നികത്തിയെടുക്കാനോ പ്രളയ ബാധിതരെ പുനരധിവസിപ്പിക്കാനോ, നാടിന്റെ നട്ടെല്ല് തകര്‍ത്ത ആഘാതത്തില്‍ നിന്ന് മോചനം നേടാനോ അടുത്ത കാലത്തൊന്നും എളുപ്പമല്ലെന്ന് വ്യക്തം. എങ്കിലും, ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം വീണ്ടും വന്ന മഹാ പ്രകൃതിദുരന്തത്തിന്റെ ആഘാതങ്ങളില്‍നിന്ന് രാജ്യത്തെ സാവധാനമെങ്കിലും വീണ്ടെടുക്കാനുള്ള സത്വര യത്‌നങ്ങള്‍ക്ക് സര്‍ക്കാറും ജനങ്ങളും സര്‍വം മറന്ന് ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്നാണ് സ്വാഭാവികമായും പ്രതീക്ഷിക്കപ്പെടുക. പക്ഷേ, യഥാര്‍ഥത്തില്‍ സംഭവിക്കുന്നതോ? മുക്കാല്‍ നൂറ്റാണ്ടിനു ശേഷവും പ്രായപൂര്‍ത്തി എത്തിയിട്ടില്ലാത്ത പാര്‍ലമെന്ററി ജനാധിപത്യത്തെ പൂര്‍വാധികം രോഗാതുരമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍ ലജ്ജാകരമായ വഴക്കും വക്കാണവും മൂര്‍ഛിപ്പിക്കുകയാണ്. മോരും മുതിരയും പോലെ ഒരിക്കലും തമ്മില്‍ ചേരാത്ത പാകിസ്താന്‍ മുസ്‌ലിം ലീഗും (നവാസ് ശരീഫ്) പീപ്പ്ള്‍സ് പാര്‍ട്ടിയും (പി.പി.പി) മൗലാനാ ഫസലുര്‍റഹ്മാന്റെ ജംഇയ്യത്തു ഉലമായെ ഇസ്‌ലാമും മറ്റു ഈര്‍ക്കിള്‍ പാര്‍ട്ടികളും ഒത്തുചേര്‍ന്ന് പാകിസ്താന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് (പി.ഡി.എം) എന്ന പേരില്‍ മുന്നണിയുണ്ടാക്കി നാഷനല്‍ അസംബ്ലിയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്ന് പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ പാകിസ്താന്‍ തഹ്‌രീകെ ഇന്‍സാഫ് (പി.ടി.ഐ) പാര്‍ട്ടിയെ അധികാരഭ്രഷ്ടരാക്കി. നവാസ് ശരീഫിന്റെ സഹോദരന്‍ ശഹ്ബാസ് ശരീഫാണ് മുന്നണിയുടെ പ്രധാനമന്ത്രി. പ്രതികാര ദാഹത്തോടെ തെരുവിലിറങ്ങിയ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഇംറാന്‍ ഖാന്‍, തട്ടിക്കൂട്ട് സര്‍ക്കാര്‍ രാജിവെച്ച് ഉടന്‍ പൊതു തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നയിക്കുകയാണ്. ഇംറാന്‍ ഖാന്‍ പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ വിദേശാതിഥികള്‍ കാഴ്ചവെച്ച സമ്മാനങ്ങള്‍ പൊതു ഖജനാവിന് വിട്ടുകൊടുത്തില്ലെന്ന പരാതിയിന്മേല്‍ ഇലക്ഷന്‍ കമീഷന്‍ അദ്ദേഹത്തെ കഴിഞ്ഞ മാസമാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യനാക്കി പ്രഖ്യാപിച്ചത്. നാഷനല്‍ അസംബ്ലിയിലെ ഒഴിവുവന്ന ആറ് സീറ്റുകളിലും മത്സരിച്ച ഇംറാന്‍ ഖാന്‍ മൊത്തം സീറ്റുകളും തൂത്തുവാരി ജനപിന്തുണ തെളിയിച്ചതിനെ തുടര്‍ന്നായിരുന്നു ഇലക്ഷന്‍ കമീഷന്റെ അയോഗ്യതാ ഉത്തരവ്. പക്ഷേ, ഇസ്‌ലാമാബാദ് ഹൈക്കോടതി അത് റദ്ദാക്കിയതോടെ ഇംറാന്‍ ഖാന് പുതുജീവന്‍ കൈവന്നു. വന്‍ ജനസഞ്ചയത്തെ നയിച്ചുകൊണ്ട് പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി തലസ്ഥാനത്തേക്ക് ലോംഗ് മാര്‍ച്ച് നടത്തുകയായിരുന്ന ഇംറാന്‍ ഖാന്റെ നേരെ പൊടുന്നനെ നിറയൊഴിച്ചു കൊണ്ടാണ് പ്രതിയോഗികള്‍ ഇതിനെ നേരിട്ടത്. കാലിന് പരിക്കേറ്റ് ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്ന ഇംറാന്‍ ഖാന്‍ ഇതിനെല്ലാം ഉത്തരവാദികള്‍ പട്ടാളവും പി.ഡി.എമ്മുമാണെന്ന് ആരോപിക്കുന്നു. തന്റെ കഥകഴിക്കാന്‍ ഒരു പട്ടാളത്തിനും സാധ്യമല്ലെന്ന് തുറന്നടിച്ചു ലോംഗ് മാര്‍ച്ച് ഉടന്‍ പുനരാരംഭിക്കാനുള്ള പുറപ്പാടിലാണ് ഈ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍. അദ്ദേഹത്തെ പോലെ ജനപിന്തുണ തെളിയിക്കാന്‍ പ്രതിയോഗികള്‍ക്കാവുന്നില്ലെന്നത് വസ്തുതയാണ്. തന്നെ തുരത്തിയത്  സൈനിക മേധാവി ജനറല്‍ ഖമര്‍ ബജ്‌വയാണെന്നും അതിന്റെ പിന്നില്‍ അമേരിക്കയാണെന്നുമാണ് ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഉറക്കെ പറഞ്ഞുകൊണ്ടിരിക്കുന്നത്. സൈനിക മേധാവിയാകട്ടെ നിഷ്പക്ഷത അവകാശപ്പെടുകയും ചെയ്യുന്നു. മുന്‍ പി.പി.പി അധ്യക്ഷ ബേനസീര്‍ ഭൂട്ടോയുടെ കഥ കഴിച്ച പോലെ തന്റെയും കഥ കഴിക്കാനാണ് ശ്രമമെന്നും താനത് വിലവെക്കുന്നില്ലെന്നുമാണ് ഇംറാന്റെ അവകാശവാദം. യുക്രെയ്ന്‍ ആക്രമണത്തെത്തുടര്‍ന്ന് നാറ്റോയും റഷ്യയും തമ്മില്‍ ഏറ്റുമുട്ടല്‍ മൂര്‍ഛിക്കെ ഇംറാന്‍ ഖാന്‍ റഷ്യ സന്ദര്‍ശിച്ചത് അമേരിക്കയെ ചൊടിപ്പിച്ചിട്ടുണ്ടെന്നത് നേരാണ്. ചൈനയുമായുള്ള പാകിസ്താന്റെ കൂട്ടുകെട്ടില്‍ സ്വതേ അമേരിക്കക്കുള്ള നീരസത്തിനിടയിലാണ് റഷ്യന്‍ മേധാവി പുടിനുമായുള്ള ഇംറാന്റെ ചങ്ങാത്ത ശ്രമം. അത് ജോ ബൈഡന് എങ്ങനെ രസിക്കാന്‍! പക്ഷേ, അഫ്ഗാനിസ്താനിലെ ആഭ്യന്തര രംഗം കലങ്ങിമറിഞ്ഞു തന്നെ തുടരവെ പാകിസ്താനുമായുള്ള ബന്ധം വിഛേദിക്കാനുള്ള തീരുമാനത്തിന് അമേരിക്ക തയാറാവാനിടയില്ല. അതുപോലെ ഇപ്പോള്‍ അധികാരത്തിലുള്ള ഇംറാന്റെ പ്രതിയോഗികളും പാക്-ചൈന സൗഹൃദം നിലനിര്‍ത്താനാണ് ശ്രമിക്കുന്നത്. 'ശത്രുവിന്റെ ശത്രു മിത്രം' എന്ന ചിരകാല ഫോര്‍മുല പ്രകാരം മുഖ്യശത്രു ഇന്ത്യക്കെതിരെ ചൈനയുടെ സൗഹൃദം പാകിസ്താനു തുടര്‍ന്നേ മതിയാവൂ. ഭീകരതക്കും ഭീകര നായകര്‍ക്കുമെതിരായ യു.എന്‍ പ്രമേയങ്ങളെ നിര്‍വീര്യമാക്കുന്നത് പാകിസ്താനു വേണ്ടി ചൈനയാണെന്നത് തെളിഞ്ഞുകഴിഞ്ഞ വസ്തുതയാണല്ലോ.
ഉടനടി പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെടുന്ന ഇംറാന്‍ ഖാന്റെ ആവശ്യം ഒരുവേള ന്യായമാണെങ്കില്‍ തന്നെയും ഇതഃപര്യന്തമുള്ള ആ രാജ്യത്തിന്റെ ചരിത്രം ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറും കാലാവധി തികച്ചിട്ടില്ലെന്നതാണെന്നിരിക്കെ, ഇംറാന്‍ പ്രതീക്ഷിക്കുന്ന വിജയം ഇലക്ഷന്‍ സമ്മാനിച്ചാല്‍ തന്നെയും സ്ഥിരതയും ഭദ്രതയും നമ്മുടെ അയല്‍നാടിന് വിധിച്ചിട്ടുണ്ടോ എന്ന് ഇനിയും തെളിഞ്ഞിട്ടു വേണം. ലിയാഖത്ത് അലി ഖാന്‍, സുല്‍ഫീക്കര്‍ അലി ഭൂട്ടോ, സിയാഉല്‍ ഹഖ്, ബേനസീര്‍ ഭൂട്ടോ അടക്കമുള്ള മുന്‍ ഭരണ സാരഥികള്‍ക്ക് നേരിട്ട ദുരന്തങ്ങളെ അതിജീവിക്കാന്‍ ഇംറാന്‍ ഖാന് ഇത്തവണ കഴിഞ്ഞുവെങ്കിലും ഡെമോക്രസിയുടെ മീതെ തൂങ്ങുന്ന വാള്‍ എടുത്തുമാറ്റാന്‍ അദ്ദേഹത്തിന് സാധിക്കുമെങ്കില്‍ അത് പുതിയ ചരിത്രമാവും.
 

Comments

Other Post

ഹദീസ്‌

സ്വര്‍ഗം ഉറപ്പാക്കിയ പത്താളുകള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ- 49-53