Prabodhanm Weekly

Pages

Search

2022 നവംബര്‍ 18

3277

1444 റബീഉല്‍ ആഖിര്‍ 23

ഹിജാബും ടര്‍ബനും കന്യാസ്ത്രീയും  യൂനിഫോമിന്റെ രാഷ്ട്രീയം

ഡോ. പി.എ അബൂബക്കര്‍   [email protected]

കര്‍ണാടകയിലെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കുന്നത് നിരോധിക്കുന്ന  സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെതിരെ സമര്‍പ്പിച്ച അപ്പീലുകളില്‍ സുപ്രീം കോടതി ഏകകണ്ഠമല്ലാത്ത വിധി പുറപ്പെടുവിച്ചതോടെ പ്രശ്‌നം വിശാല ബെഞ്ചിന്റെ പരിധിയിലായിരിക്കുകയാണല്ലോ. ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ച് സര്‍ക്കാര്‍ തീരുമാനം ശരിവച്ചപ്പോള്‍ ജസ്റ്റിസ് സുധാന്‍ഷു ധൂലിയ അത് തള്ളിക്കളഞ്ഞു. 'അഭിപ്രായത്തില്‍ ഭിന്നതയുണ്ട്. ഞാന്‍ അപ്പീലിനെതിരെ നിലപാടെടുത്തു. ഞാന്‍ അപ്പീല്‍ തള്ളുന്നു' ജസ്റ്റിസ് ഗുപ്ത പറഞ്ഞു. എന്നാല്‍ ജസ്റ്റിസ് ധൂലിയ അപ്പീല്‍ അനുവദിച്ചു. വിശാല ബെഞ്ചില്‍ എന്താണ് വിധി വരുന്നത് എന്ന കാര്യം അവ്യക്തമാണെങ്കിലും ഈ കേസില്‍ കര്‍ണാടക സര്‍ക്കാര്‍ ഉയര്‍ത്തിയ വാദവും വിധിയില്‍ ജസ്റ്റിസ് സുധാന്‍ഷു ധൂലിയ ചൂണ്ടിക്കാട്ടിയ കാര്യങ്ങളും താരതമ്യം ചെയ്യുന്നത്, ഇന്ത്യ എങ്ങോട്ടാണ് പോകുന്നത് എന്നതിനെക്കുറിച്ച് ഒരേകദേശ ധാരണ ഉണ്ടാവാന്‍ സഹായിക്കും.  പരസ്പരം ഏറ്റുമുട്ടുന്ന രണ്ട് കാഴ്ചപ്പാടുകളെയാണ് ഇവ പ്രതിനിധാനം ചെയ്യുന്നത്. ഹിജാബ് നിരോധനം ശരിവെച്ചുകൊണ്ട് ജസ്റ്റിസ് ഹേമന്ത് ഗുപ്ത പറഞ്ഞ കാര്യങ്ങളും കര്‍ണാടക സര്‍ക്കാറിന്റെ വാദങ്ങളും തമ്മില്‍ വ്യത്യാസമില്ല. കര്‍ണാടക സര്‍ക്കാറിന്റെയും ജസ്റ്റിസ് ധൂലിയയുടെയും നിലപാടുകളാണ് പരസ്പരം ഏറ്റുമുട്ടുന്നത്.
കര്‍ണാടകയിലെ ഹിജാബ് വിവാദത്തിന് രണ്ട് വശങ്ങളാണുള്ളത്; രണ്ടും സംഘ് പരിവാറിന്റെ കൃത്യമായ അജണ്ടകള്‍. മുസ്ലിംകളെയും ക്രിസ്ത്യാനികളെയും അപരവല്‍ക്കരിച്ചുകൊണ്ട് രാഷ്ട്രീയ ഹിന്ദുത്വത്തിന് അടിത്തറയുണ്ടാക്കുകയെന്നതാണ് ഒന്നാമത്തേത്. ചര്‍ച്ചുകള്‍ക്കും ക്രൈസ്തവ പുരോഹിതന്മാര്‍ക്കും കന്യാസ്ത്രീകള്‍ക്കും എതിരെ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടക്കുന്ന ഇന്ത്യന്‍  സംസ്ഥാനങ്ങളിലൊന്നാണ് കര്‍ണാടക. മുസ്‌ലിംകളും ക്രൈസ്തവരുമായി ബന്ധപ്പെട്ട ഏത് ചിഹ്നവും ഇത്തരത്തില്‍ ആക്രമണത്തിന് വിധേയമാകാം. കര്‍ണാടകയിലെ ഈ രണ്ട് വിഭാഗങ്ങളെയും ഭീകരവല്‍ക്കരിച്ചുകൊണ്ട് മറ്റുള്ള ജനവിഭാഗങ്ങളെ ഹിന്ദുത്വത്തിന്റെ ഭാഗമാക്കുക എന്നതാണ് തന്ത്രം. രണ്ടാമത്തെ അജണ്ട,  വിദ്യാഭ്യാസത്തിന്, പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസത്തിന് മുസ്‌ലിംകള്‍ക്ക് അവസരം നിഷേധിക്കുകയെന്നതാണ്. ഒരു ജനസമൂഹത്തിന്റെ ശാക്തീകരണത്തിന്റെ ചവിട്ടുപടിയാണ് അതിലെ അംഗങ്ങള്‍ വിദ്യാസമ്പന്നരാവുക എന്നുള്ളത്. മുസ്‌ലിംകള്‍ ചെറിയ തോതില്‍ വിദ്യാസമ്പന്നരാകുമ്പോള്‍ തന്നെ 'സിവില്‍ സര്‍വീസ് ജിഹാദ്' പോലുള്ള മുറവിളികള്‍ ഉയര്‍ന്നുവരുന്നു. ഇത് ഇന്ത്യന്‍ മുസ്‌ലിംകളുടെ മാത്രം അനുഭവമല്ല. ലോകത്ത് വംശവിദ്വേഷം നിലനിന്ന എല്ലാ പ്രദേശങ്ങളിലും ഇത്തരത്തില്‍ ചില ജനവിഭാഗങ്ങളെ വിദ്യാഭ്യാസരംഗത്തുനിന്ന് അകറ്റിനിര്‍ത്തുന്ന പ്രവണതയുണ്ടായിരുന്നു.

യൂറോപ്പിലെ ജൂത ക്വാട്ട

യൂറോപ്യന്‍  രാജ്യങ്ങളില്‍ ഒരുകാലത്ത്  നിലനിന്നിരുന്ന  ജൂത ക്വാട്ട ആണ് ഏറ്റവും നല്ല ഉദാഹരണം. ജൂതന്മാര്‍ക്ക് വിവിധ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുന്നതിനോ നിരസിക്കുന്നതിനോ വേണ്ടി രൂപകല്‍പ്പന ചെയ്ത വിവേചനപരമായ വംശീയ ക്വാട്ടയാണ് ജൂത ക്വാട്ട. വികസിത രാജ്യങ്ങളില്‍ ഇത്തരം ക്വാട്ടകള്‍ 19-ഉം 20-ഉം നൂറ്റാണ്ടുകളില്‍ വ്യാപകമായിരുന്നു. ഉന്നത വിദ്യാഭ്യാസരംഗത്താണ്  ജൂത ക്വാട്ട പലപ്പോഴും ശക്തമായി നിലനിന്നത്. ഇത്തരത്തില്‍ ഇന്ത്യന്‍ മുസ്‌ലിംകളെ ഉന്നത വിദ്യാഭ്യാസ രംഗത്തുനിന്ന് എങ്ങനെയൊക്കെ അകറ്റിനിര്‍ത്താം എന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ സംഘ് പരിവാര്‍ വൃത്തങ്ങളില്‍ സജീവമാണ്. ഇന്ത്യയിലെ മറ്റുള്ള ജനവിഭാഗങ്ങളിലെന്നതുപോലെ മുസ്‌ലിം സമൂഹത്തിലും മതാചാരങ്ങള്‍ പിന്തുടരുന്നവരാണ് കൂടുതല്‍. അതുകൊണ്ടുതന്നെ അവരെ പൊതുസ്ഥാപനങ്ങളില്‍ നിന്നും വിദ്യാഭ്യാസ രംഗത്തുനിന്നും മാറ്റിനിര്‍ത്താനുള്ള ഏറ്റവും നല്ല ആയുധമായി മതത്തെ ഉപയോഗപ്പെടുത്താം എന്നാണ് അവരുടെ കണക്കുകൂട്ടല്‍. വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ മുസ്‌ലിം പുരുഷന്മാര്‍ക്ക് സിഖുകാരെപ്പോലെ കൃത്യമായ ചിട്ടയില്ലാത്തതിനാല്‍ വസ്ത്രത്തിന്റെ പേരില്‍ അവരെ ഒഴിവാക്കാനാവില്ല. എന്നാല്‍, സ്ത്രീകളുടെ കാര്യം അങ്ങനെയല്ല. മാത്രമല്ല, കേരളവും കര്‍ണാടകയും ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അടുത്തകാലത്തായി കണ്ടുവരുന്ന ഒരു പ്രവണത  ആണ്‍കുട്ടികളെക്കാള്‍ കൂടുതലായി പെണ്‍കുട്ടികള്‍ വിദ്യാഭ്യാസരംഗത്ത് മുന്നേറുന്നുവെന്നതാണ്.
ഈ സാഹചര്യത്തിലാണ് കര്‍ണാടകയിലെ ഹിജാബ്  പ്രശ്‌നം ഉണ്ടാവുന്നത്. ഈ വിവാദത്തില്‍ ആദ്യാവസാനം സംഘ് പരിവാര്‍ ഉയര്‍ത്തിയ വാദങ്ങള്‍ പരിശോധിച്ചാല്‍ നമുക്ക് ചില നിഗമനങ്ങളില്‍ എത്തിച്ചേരാനാവും: മതപരമായ വസ്ത്രങ്ങള്‍ സ്‌കൂളുകളില്‍ അനുവദിക്കില്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു അവര്‍ പ്രശ്‌നമുണ്ടാക്കിയത്. എന്നാല്‍, പ്രശ്‌നം കേസായി കോടതിയിലെത്തിയപ്പോള്‍ വാദം മറ്റൊന്നായി. ഹിജാബിന് ഇസ്‌ലാംമതവുമായി യാതൊരു ബന്ധവുമില്ലെന്നാണ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കര്‍ണാടക സര്‍ക്കാര്‍ വാദിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂനിഫോം യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ നടപ്പാക്കപ്പെടേണ്ടതാണെന്ന വാദമാണ് രണ്ടാമതുയര്‍ത്തിയത്.  ഒന്നാമത്തെ വാദം ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ വ്യക്തമായ ലംഘനമാണ്. കര്‍ണാടക ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അവര്‍ ഉയര്‍ത്തിപ്പിടിച്ചത് വസ്ത്രധാരണവുമായി ബന്ധപ്പെട്ട ഇസ്‌ലാമിക തത്ത്വങ്ങളുടെ ഒരു വ്യാഖ്യാനമാണ്. അതാവട്ടെ ന്യൂനപക്ഷ വ്യാഖ്യാനമാണ് താനും.
മതങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വരുമ്പോള്‍ ഒരേ മതവിഭാഗത്തിലോ ഒരു മതഗ്രന്ഥം പിന്തുടരുന്നവരിലോ ഉള്ള വ്യത്യസ്തമായ വ്യാഖ്യാനങ്ങളെയും അഭിപ്രായ വ്യത്യാസങ്ങളെയും എങ്ങനെ പരിഗണിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ കീഴ്‌വഴക്കങ്ങള്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. അതിന്റെയൊക്കെ ലംഘനമാണ് കര്‍ണാടക ഹൈക്കോടതി വിധി. ക്രമസമാധാനത്തിനോ സമൂഹത്തിന്റെ സുരക്ഷിതത്വത്തിനോ ഭീഷണിയില്ലെങ്കില്‍, ഒരു മതത്തിനകത്തെ അംഗീകൃതമായ എല്ലാ വായനകളും പരിഗണിക്കപ്പെടേണ്ടതാണ്. ദേശീയ സുരക്ഷിതത്വത്തിന് ഭീഷണിയാവുന്നതോ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ മതത്തിന്റെ  പേരില്‍ പ്രോത്സാഹിപ്പിക്കുന്നതോ ആയ വായനകള്‍ മാത്രമേ നിരാകരിക്കേണ്ടതുള്ളൂ. ഇന്ത്യ ഒരു സെക്യുലര്‍ രാജ്യമാണെന്നും ഇവിടെ ഏതു മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കും സ്വന്തം മതവിശ്വാസവും അതുമായി ബന്ധപ്പെട്ട ചിട്ടകളും ഉപേക്ഷിക്കാതെ തന്നെ പൂര്‍ണമായ പൗരത്വത്തോടു കൂടി ജീവിക്കാമെന്നും പറയുന്നതിന്റെ അര്‍ഥം, ഏതെങ്കിലും മതഗ്രന്ഥത്തിന്റെ ഏതെങ്കിലും ഒരു വ്യാഖ്യാനത്തിന് നാം ഔദ്യോഗിക പരിവേഷം നല്‍കുന്നുവെന്നല്ല.  ഒന്നിലധികം വ്യാഖ്യാനങ്ങളും ഉള്‍പ്പിരിവുകളും ഇല്ലാത്ത ഒരു മതദര്‍ശനവും ഇന്ന് ഭൂമുഖത്തില്ല.

എസ്സന്‍ഷ്യല്‍ റിലീജ്യസ് പ്രാക്ടീസ്

കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ആശ്രയിച്ച പ്രധാനപ്പെട്ട ഒരു പിടിവള്ളി എസ്സന്‍ഷ്യല്‍ റിലീജ്യസ്  പ്രാക്ടീസ് എന്ന സങ്കല്‍പമാണ്. 1954-ല്‍ 'ശിരൂര്‍ മഠം' കേസില്‍ സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ചാണ് 'അത്യാവശ്യം' എന്ന സിദ്ധാന്തം ആവിഷ്‌കരിച്ചത്. മതത്തിന്റെ അനിവാര്യവും അവിഭാജ്യവുമായ മതപരമായ ആചാരങ്ങളെ മൗലികാവകാശങ്ങള്‍ക്ക് കീഴില്‍ സംരക്ഷിക്കുന്നതിനായി സുപ്രീം കോടതി  വികസിപ്പിച്ചെടുത്ത സിദ്ധാന്തമാണിത്. മതത്തിന്റെ തുടക്കത്തില്‍ ഇല്ലാത്ത, പിന്നീട് ഏതെങ്കിലും താല്‍പര്യത്തിനുവേണ്ടി  കൂട്ടിച്ചേര്‍ത്ത കാര്യങ്ങള്‍ക്ക് മതം പ്രാക്ടീസ് ചെയ്യാനുള്ള മൗലികാവകാശത്തിന്റെ പരിരക്ഷ നല്‍കാനാവില്ല. എന്നാല്‍, ഹിജാബ് പരിഗണിക്കപ്പെടേണ്ടത് മറ്റൊരു വിധത്തിലാണ്. അതിന് മാതൃകയാക്കാവുന്ന കീഴ്‌വഴക്കങ്ങള്‍ മുമ്പ് ഇന്ത്യന്‍ കോടതികളില്‍ ഉണ്ടായിട്ടുണ്ട്. അവയില്‍ ലാന്‍ഡ്മാര്‍ക്ക് ജഡ്ജ്‌മെന്റ് എന്നുതന്നെ പറയാവുന്ന ഒന്നാണ് ഋാാമിൗലഹ ്. ടമേലേ ീള ഗലൃമഹമ കേസിലെ വിധി.
1985 ജൂലൈയില്‍, ഇന്ത്യയുടെ ദേശീയ ഗാനമായ 'ജനഗണമന' ആലപിക്കാന്‍ വിസമ്മതിച്ചതിന് മൂന്ന് കുട്ടികളെ അവരുടെ സ്‌കൂളില്‍നിന്ന് പുറത്താക്കി.  അവരുടെ പിതാവ് കേരള സംസ്ഥാന ഹൈക്കോടതിയില്‍ ഒരു റിട്ട് ഹരജി നല്‍കി. പുറത്താക്കല്‍ ഇന്ത്യന്‍ ഭരണഘടനയുടെ 19, 25 വകുപ്പുകള്‍ പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനുമുള്ള അവകാശങ്ങളുടെ ലംഘനമാണെന്ന് വാദിച്ചു. ദേശീയ ഗാനത്തിലെ 'വാക്കുകളോ ചിന്തകളോ' മതപരമായ ബോധ്യങ്ങളെ വ്രണപ്പെടുത്താന്‍ പ്രാപ്തമല്ലെന്ന് കണ്ടെത്തി കോടതി കേസ് തള്ളി.
ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ 136 അനുസരിച്ച്, പിതാവ് പിന്നീട് ഇന്ത്യന്‍ സുപ്രീം കോടതിയില്‍ പ്രത്യേക അനുമതി ഹരജി ഫയല്‍ ചെയ്തു. ദേശീയ ഗാനം ആലപിക്കാത്തതിന്റെ പേരില്‍ സ്‌കൂള്‍കുട്ടികളെ പുറത്താക്കിയത് അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് സുപ്രീം കോടതി കണ്ടെത്തി. യഹോവ സാക്ഷികളുടെ മതവിശ്വാസത്തിന് എതിരായതുകൊണ്ട് ഇന്ത്യന്‍ ദേശീയ ഗാനം ആലപിക്കാന്‍ വിസമ്മതിച്ച മൂന്നു സ്‌കൂള്‍കുട്ടികളെ സ്‌കൂളില്‍നിന്ന് പുറത്താക്കിയത്, ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ 19 പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിനും, ആര്‍ട്ടിക്ക്ള്‍ 25 പ്രകാരം മതസ്വാതന്ത്ര്യത്തിനുമുള്ള തങ്ങളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് അവരുടെ പ്രതിനിധി വാദിച്ചു. ഈ വാദം കോടതി അംഗീകരിക്കുകയാണുണ്ടായത്.
ഇവിടെ നാം കണക്കിലെടുക്കേണ്ട രണ്ട് വസ്തുതകളുണ്ട്: നമ്മുടെ ദേശീയതയുടെ പ്രതീകങ്ങളില്‍ ഒന്നായ ദേശീയഗാനം പാടാതിരിക്കാനുള്ള അവകാശമാണ് കോടതി അനുവദിച്ചുകൊടുത്തത് എന്നതാണ് ഒന്നാമത്തേത്.  യഹോവ സാക്ഷികള്‍ പിന്തുടരുന്ന അതേ ബൈബിള്‍ അനുസരിച്ച് ജീവിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന മറ്റുള്ള ക്രൈസ്തവവിഭാഗങ്ങള്‍ യാതൊരു മടിയുമില്ലാതെ ദേശീയഗാനം പാടുന്നുണ്ട് എന്നതാണ് രണ്ടാമത്തേത്. ഒരു മതഗ്രന്ഥത്തിന് ഒന്നിലധികം വ്യാഖ്യാനങ്ങളുണ്ടെങ്കില്‍ അവയെയെല്ലാം അംഗീകരിക്കുകയാണ് സെക്യുലര്‍ രാജ്യം ചെയ്യേണ്ടതെന്ന സന്ദേശമാണ് ഇതിലൂടെ കോടതി ഉയര്‍ത്തിപ്പിടിച്ചത്.  അവഗണിക്കാവുന്ന വിധം ജനസംഖ്യയില്‍ കുറവുള്ള യഹോവ സാക്ഷികളുടെ മതവ്യാഖ്യാനത്തെ ഇവിടെ കോടതി അംഗീകരിക്കുകയാണ്. അതാവട്ടെ, ദേശീയഗാനം പാടാതിരിക്കുക എന്ന കാര്യത്തിലാണ് താനും.
ഹിജാബിന്റെ കാര്യത്തില്‍ ലോകത്തും ഇന്ത്യയിലുമുള്ള ബഹുഭൂരിപക്ഷം മുസ്‌ലിംകള്‍ പിന്തുടരുന്ന ഒരു മതവ്യാഖ്യാനമാണ് തള്ളപ്പെട്ടത്. അതാവട്ടെ ഇന്ത്യന്‍ ദേശീയതക്കോ പൊതുസമൂഹത്തിനോ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതല്ല താനും. ഹിജാബിന്റെ കാര്യത്തിലുള്ള കര്‍ണാടക സര്‍ക്കാര്‍ വാദത്തിന് ബാബരി മസ്ജിദിന്റെ കാര്യത്തിലുള്ള ഹിന്ദുത്വവാദികളുടെ നിലപാടുകളുമായി ഒരുപാട് സാമ്യതകളുണ്ട്. പള്ളി തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയവര്‍ തന്നെയാണ് മുസ്‌ലിംകള്‍ക്ക് ആരാധന നടത്താന്‍ പള്ളി ആവശ്യമില്ലെന്ന് കോടതിയില്‍ വാദിച്ചത്. ഹിജാബിന്റെയും ബാബരി മസ്ജിദിന്റെയും കാര്യത്തിലുള്ള വാദം പൊതുമാനദണ്ഡം ആവുകയാണെങ്കില്‍ അജ്മീറും നിസാമുദ്ദീനും ഉള്‍പ്പെടെ ഏത് ദര്‍ഗയും പിടിച്ചെടുക്കാം. കാരണം,  ഖുര്‍ആനില്‍ ദര്‍ഗകളില്ല. അവ അനിസ്‌ലാമികമാണെന്ന് വാദിക്കുന്നവരും ധാരാളമുണ്ട്.

യൂനിഫോമിന്റെ 'അനിവാര്യത' 

കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ ഉയര്‍ത്തിയ  മറ്റൊന്ന് യൂനിഫോമിന്റെ അനിവാര്യതയാണ്. മനുഷ്യന്റെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് വസ്ത്രധാരണം. ചരിത്രത്തിന്റെ നാള്‍വഴികളില്‍ മതവും രാഷ്ട്രീയാധിപത്യവും അതിന്റെ ഹിംസാത്മകരൂപങ്ങളായ നാസിസം, ഫാഷിസം തുടങ്ങിയവയും മനുഷ്യന്റെ വസ്ത്രധാരണത്തില്‍ അവയുടെതായ രീതികള്‍ അടിച്ചേല്‍പ്പിച്ചിട്ടുണ്ട് എന്നതിനാല്‍ തന്നെ വസ്ത്ര സ്വാതന്ത്ര്യമെന്നത് സ്വാതന്ത്ര്യത്തിന്റെ പൊതുനിര്‍വചനത്തില്‍ നിന്ന് വെട്ടിമാറ്റാന്‍ പറ്റാത്ത ഒന്നാണ്.
പ്രാഥമികമായി മനുഷ്യനെ മൃഗങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്ന പ്രധാനപ്പെട്ട പ്രത്യേകതയാണ് വസ്ത്രം.  സാംസ്‌കാരിക പരിണാമമാണ് വസ്ത്രധാരണം മനുഷ്യന് അനിവാര്യതയാക്കി മാറ്റിയത്. പിന്നീടത്  പലതിന്റെയും അടയാളങ്ങളായി മാറി. വംശപരവും ലിംഗപരവുമായ അസമത്വവും അടിമത്തവുമൊക്കെ ചരിത്രത്തിന്റെ വിവിധ ദശകളില്‍ വസ്ത്രംകൊണ്ട് അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. പല സമൂഹങ്ങളിലും അടിമകള്‍ക്ക് മറ്റുള്ളവരുടെ രീതിയില്‍ വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ടായിരുന്നില്ല. ഇന്ത്യയില്‍ അവര്‍ണ ജനവിഭാഗങ്ങളുടെ അവസ്ഥയും ഇതുതന്നെയായിരുന്നു. കേരളത്തിലെ 'മാറുമറയ്ക്കല്‍ സമരം' പ്രസിദ്ധമാണല്ലോ. നാസി ജര്‍മനിയില്‍ ജൂതന്മാരുടെ വസ്ത്രധാരണത്തിന് പ്രത്യേക തരത്തിലുള്ള നിഷ്‌കര്‍ഷകള്‍ ഉണ്ടായിരുന്നു.
ഇത്തരത്തില്‍ മാനവ വിരുദ്ധമായ എല്ലാ ആശയങ്ങളും വസ്ത്രധാരണത്തെ ആയുധമാക്കിയിരുന്നതിനാല്‍ തന്നെ മനുഷ്യന്റെ വസ്ത്രസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും മതനിരപേക്ഷതക്കും വേണ്ടി നിലകൊള്ളുന്ന സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു. ഇക്കാരണത്താല്‍ തന്നെ  വസ്ത്രസ്വാതന്ത്ര്യത്തിന് വിലക്കോ ചട്ടങ്ങളോ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന ഏകാധിപതികള്‍ പലപ്പോഴും പരോക്ഷമായ മാര്‍ഗങ്ങളാണ് അവലംബിക്കുന്നത്. തൊഴില്‍/ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂനിഫോമിന്റെ രീതിയിലും ഇത്തരം നിര്‍ബന്ധങ്ങള്‍ കടന്നുവരാം. ഭരണഘടനാപരമായി ഇന്ത്യ ഒരു സെക്യുലര്‍ രാജ്യമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനുമൊക്കെ  ഇവിടെ ചട്ടങ്ങളുണ്ട്. മതസ്വാതന്ത്ര്യവും വസ്ത്രസ്വാതന്ത്ര്യവുമൊക്കെ അത്തരം ചട്ടങ്ങളുടെ പരിധിയില്‍ വരും. അതുകൊണ്ടുതന്നെ ചട്ടങ്ങള്‍ പെട്ടെന്ന് മാറ്റിയെഴുതാന്‍ പറ്റാത്ത സാഹചര്യത്തില്‍ അധികാരികള്‍ വേറെ വഴി നോക്കുകയാണ് ചെയ്യുക.  അത്തരത്തില്‍ അധികാരികളുടെ അവസാനത്തെ അത്താണിയായിത്തീരുന്ന ഒന്നാണ് തൊഴിലിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന യൂനിഫോമുകള്‍.
യൂനിഫോമിന് നല്ല വശങ്ങളും ചീത്ത വശങ്ങളും ഉണ്ട്. സ്‌കൂള്‍വസ്ത്രമാണ് വിദ്യാര്‍ഥികളില്‍ സ്‌കൂള്‍ സ്വന്തമാണെന്ന ബോധം വളര്‍ത്തുന്ന ആദ്യത്തെ അടയാളം. കുട്ടികള്‍ സ്‌കൂള്‍വസ്ത്രം ധരിക്കുമ്പോള്‍, അവര്‍ ഒരു പ്രത്യേക വിഭാഗത്തില്‍ പെട്ടവരാണെന്ന തോന്നലുണ്ടാകുന്നു. യൂനിഫോം ധരിക്കുന്നത് ഒരു ഐഡന്റിറ്റി സൃഷ്ടിക്കുന്നു, സ്‌കൂള്‍ അധികാരികള്‍ക്കും മറ്റും വിദ്യാര്‍ഥികളെ എളുപ്പത്തില്‍ തിരിച്ചറിയാനാവുന്നു. കുട്ടികളെ കാണാതാവുക തുടങ്ങിയ സംഭവങ്ങളില്‍ ഇത് പ്രധാനമാണ്. ഏറ്റവും പ്രധാനപ്പെട്ടത്, സമ്പന്ന ഗൃഹങ്ങളില്‍നിന്നുള്ള കുട്ടികള്‍ മേത്തരം വസ്ത്രം ധരിച്ചുവരുമ്പോള്‍ ദരിദ്ര ഗൃഹങ്ങളില്‍ നിന്ന് വരുന്ന കുട്ടികള്‍ക്കുണ്ടാവുന്ന മാനസികപ്രയാസം ഒഴിവാക്കാം എന്നതാണ്.
ഇനി യൂനിഫോമിന്റെ നിഷേധാത്മക വശങ്ങളിലേക്ക് കടക്കാം. കള്‍ച്ചറല്‍ സെന്‍സിറ്റിവിറ്റി പലപ്പോഴും പരിഗണിക്കപ്പെടുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. ഇന്ത്യ പോലെ ദേശീയതയുടെ അടിസ്ഥാന ശിലയായി നാനാത്വത്തില്‍ ഏകത്വം നിലനില്‍ക്കുന്ന ഒരു രാജ്യത്ത് യൂനിഫോം എന്ന സങ്കല്‍പമല്ല വേണ്ടത്. ഫാഷിസ്റ്റ് ശക്തികള്‍ ഭരണത്തില്‍ വരുമ്പോള്‍ യൂനിഫോമിനെയും അവര്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കും. പാര്‍ശ്വവത്കൃത സാംസ്‌കാരികതകളെ ഉന്മൂലനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും നല്ല ആയുധമാണ് യൂനിഫോമുകള്‍.  യൂറോപ്യന്‍ നാടുകളിലുണ്ടായിരുന്ന ജൂത ക്വാട്ടയുടെ മാതൃകയില്‍, തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ പൊതുമേഖലയില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും പുറത്താക്കാന്‍, തങ്ങളുടെ മതവിശ്വാസം കാരണമായി അവര്‍ അണിയാന്‍  ആഗ്രഹിക്കാത്ത വസ്ത്ര രൂപങ്ങള്‍ യൂനിഫോമായി അടിച്ചേല്‍പ്പിച്ചാല്‍ മതി. ഇപ്പറഞ്ഞ രണ്ട് ലക്ഷ്യങ്ങളാണ് കര്‍ണാടകയിലെ ഹിജാബ് നിരോധനത്തിന് പിന്നിലുള്ളത്.

സിഖ് ടര്‍ബനും കന്യാസ്ത്രീകളുടെ വസ്ത്രവും
ഇവിടെ സംഘ് പരിവാര്‍ വൃത്തങ്ങള്‍ ഉയര്‍ത്തുന്ന  ഒരു ചോദ്യം, സ്‌കൂളില്‍ മാത്രമല്ലേ തട്ടത്തിന് നിരോധനമുള്ളൂ എന്നാണ്. ഒരു കുരുട്ടു ചോദ്യം എന്നതിനപ്പുറം  ഇതിലൊന്നുമില്ല. വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിക്കുന്ന ജനവിഭാഗങ്ങള്‍ ഇന്ത്യയിലുണ്ട്. അതുപോലെ മദ്യം കഴിക്കാത്തവരും ബീഫ് കഴിക്കാത്തവരുമൊക്കെ ഇവിടെ അധിവസിക്കുന്നു. വിശ്വാസപരമായ കാരണങ്ങളാല്‍ ഒരു വിഭാഗം കഴിക്കാത്ത ഭക്ഷണം മാത്രം സ്‌കൂള്‍ കാന്റീനില്‍  വിതരണം ചെയ്തതിനുശേഷം, സ്‌കൂളിനു പുറത്ത്   നിങ്ങളുടെ മതവിശ്വാസമനുസരിച്ചുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ എന്ന് പറയുന്നതു പോലെയാണിത്. ഏതെങ്കിലും മതഗ്രന്ഥത്തിന്റെ ഏതെങ്കിലും വ്യാഖ്യാനമനുസരിച്ച്, ശരീരത്തിന്റെ ഏതെങ്കിലും ഭാഗം മറയ്ക്കുന്നത് നിര്‍ബന്ധമാണെന്ന് ഏതെങ്കിലും വിഭാഗം പരമ്പരാഗതമായി  വിശ്വസിക്കുകയാണെങ്കില്‍, അത് സമൂഹത്തിന്റെ കെട്ടുറപ്പിനും സുരക്ഷിതത്വത്തിനും ഭീഷണിയല്ലാത്തിടത്തോളം കാലം അനുവദിക്കുന്നതാണ് സെക്യുലര്‍ ഇന്ത്യയിലെ കീഴ്വഴക്കം. എല്ലായിടത്തും  യൂനിഫോമിന്റെ ഭാഗമായി സിഖുകാരുടെ ടര്‍ബന്‍ അനുവദിക്കുന്നത് അതിന്റെ അടിസ്ഥാനത്തിലാണ്. കേന്ദ്രീയ വിദ്യാലയങ്ങളില്‍ സിഖ് വിദ്യാര്‍ഥികളുടെ തലപ്പാവിനു പുറമേ മുസ്‌ലിം വിദ്യാര്‍ഥിനികളുടെ ഹിജാബിനും ഈ പരിരക്ഷയുണ്ട്. മതനിരപേക്ഷത നിലനില്‍ക്കുന്ന വിദേശ രാജ്യങ്ങളിലും ഇതുതന്നെയാണ് സ്ഥിതി.  ന്യൂസിലാന്‍ഡില്‍ വനിതാ പോലീസിന്റെ യൂനിഫോമില്‍ ഹിജാബ് അനുവദനീയമാണ്. 
ഹിജാബിനും സിഖ് വിദ്യാര്‍ഥികളുടെ ടര്‍ബനും  പുറമെ ക്രൈസ്തവ സമൂഹത്തിലെ കന്യാസ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യത്തെയും  ഈ കടുംപിടിത്തം ഹനിക്കാന്‍ സാധ്യതയുണ്ട്. കന്യാസ്ത്രീകളായതിനുശേഷം ഭൗതിക വിദ്യാഭ്യാസരംഗത്ത് മുന്നേറുന്നവരുണ്ട്. അവര്‍ സ്ഥാനവസ്ത്രം അണിഞ്ഞു കൊണ്ടുതന്നെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഒരു ചോദ്യം മുസ്‌ലിം പെണ്‍കുട്ടികളെപ്പോലെ ചെറുപ്പത്തില്‍ തന്നെ കന്യാസ്ത്രീകള്‍ തട്ടമിടുന്നില്ലല്ലോ എന്നതാണ്. പ്രായം നോക്കിയല്ല വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ തട്ടം നിരോധിക്കുന്നത്. മുസ്‌ലിം സ്ത്രീകളുടെയും കന്യാസ്ത്രീകളുടെയും തട്ടത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ വ്യത്യാസമുണ്ടാവാം. കന്യാസ്ത്രീകള്‍ സന്യാസിനികളാണ്. കുടുംബജീവിതം ഉള്‍പ്പെടെ സ്വകാര്യ/ ഭൗതിക ജീവിതത്തിന്റെ ഒരുപാട് മേഖലകള്‍ വിലക്കപ്പെട്ടവരാണ്. കന്യാസ്ത്രീകളുടെ വസ്ത്രം ഈ വിലക്കിന്റെ അടയാളമാവാം. എന്നാല്‍, മുസ്‌ലിം സമുദായത്തില്‍ ഇത്തരത്തില്‍ സന്യാസത്തിനും ഭൗതിക ജീവിതത്തിന്റെ നിരാസത്തിനും പവിത്രതയില്ല. ആത്മീയ ജീവിതം നയിക്കാന്‍ ഒരു വിഭാഗവും ഭൗതിക ജീവിതത്തിനായി മറ്റൊരു വിഭാഗവും എന്ന വേര്‍തിരിവില്ല. എല്ലാവരും വസ്ത്രത്തിന്റെ  കാര്യത്തില്‍ മിതത്വം പാലിക്കാന്‍ ബാധ്യസ്ഥരാണ്. കന്യാസ്ത്രീകള്‍ ജോലി ചെയ്ത് എന്തെങ്കിലും സമ്പാദിച്ചാല്‍ അതില്‍ അവര്‍ക്ക് അവകാശമില്ലെന്നും എന്നാല്‍, ജോലി ചെയ്യുന്ന മുസ്‌ലിം സ്ത്രീകളുടെ കാര്യം അങ്ങനെയല്ലെന്നുമുള്ള വ്യത്യാസവും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പക്ഷേ, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തട്ടം നിരോധിക്കപ്പെടുന്നത് ഇവയുടെയൊന്നും അടിസ്ഥാനത്തിലല്ല. നിരോധനം വന്നാല്‍ അത് എല്ലാവര്‍ക്കും ബാധകമാണ്. 
  79076 84224
 

Comments

Other Post

ഹദീസ്‌

സ്വര്‍ഗം ഉറപ്പാക്കിയ പത്താളുകള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ- 49-53