Prabodhanm Weekly

Pages

Search

2022 നവംബര്‍ 18

3277

1444 റബീഉല്‍ ആഖിര്‍ 23

മൂന്ന് അബദ്ധങ്ങള്‍

സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി

പ്രവാചകനെ അനുസരിക്കുന്നതിന്റെയും പിന്തുടരുന്നതിന്റെയും വിവക്ഷ-2

പ്രവാചകത്വത്തിന്റെ പദവികള്‍ മനസ്സിലാക്കുന്നതില്‍ തഅ്‌ലീമാതെ ഖുര്‍ആന്‍ എഴുതിയ അസ്‌ലം ജിറാജ്പൂരിക്ക് അബദ്ധങ്ങള്‍ പിണഞ്ഞിട്ടുണ്ട്. 
1. ചില ഖുര്‍ആന്‍ സൂക്തങ്ങള്‍ തെറ്റായി മനസ്സിലാക്കിയ ഗ്രന്ഥകാരന്‍ പ്രവാചകന്റെ ദൗത്യം കേവലം സന്ദേശമെത്തിക്കലില്‍ പരിമിതമാക്കിയിരിക്കുകയാണ്. അതായത്, സന്ദേശം എത്തിക്കലില്‍ (തപാല്‍ ശിപായിയില്‍) പരിമിതമാക്കിക്കളഞ്ഞു. അതേസമയം, സന്ദേശമെത്തിക്കുക എന്ന റസൂലിന്റെ അവസ്ഥ ജനം ഇസ്‌ലാമില്‍ പ്രവേശിക്കാത്ത കാലത്തോളം മാത്രമാണ്. റസൂലിന്റെ അധ്യാപനം സ്വീകരിക്കാത്തവരെ സംബന്ധിച്ചേടത്തോളം മാത്രമാണത് ബാധകമാകുന്നത്. എന്നാല്‍, ഇസ്‌ലാം ആശ്ലേഷിച്ചു മുസ്‌ലിം ഉമ്മത്തില്‍ കടന്നുവന്നവരെ സംബന്ധിച്ചേടത്തോളം റസൂലിന്റെ നില സന്ദേശമെത്തിക്കുന്നവന്‍ എന്നതല്ല, അവരുടെ തോവ് എന്നതാണ്: ശാസകനും നിയമനിര്‍മാതാവും അധ്യാപകനും ശിക്ഷകനും നിര്‍ബന്ധമായും അനുസരിക്കേണ്ട മാതൃകയുമാണ് അവരെ സംബന്ധിച്ചേടത്തോളം ദൈവദൂതന്‍.
2. ഗ്രന്ഥകാരന്റെ രണ്ടാമത്തെ അബദ്ധം ഇതേ ഒന്നാമത്തെ അബദ്ധത്തിന്റെ തന്നെ ഫലമായുണ്ടായതാണ്. റസൂലിനെ അദ്ദേഹം മുസ്‌ലിംകളുടെയും അമുസ്‌ലിംകളുടെയുമെല്ലാം സന്ദേശവാഹകനാക്കിയപ്പോള്‍, ഖുര്‍ആനില്‍ റസൂലിനെ മുസ്‌ലിംകളുടെ അധ്യാപകനും ശിക്ഷകനും മാതൃകയുമാക്കിയതിന്റെ വിവക്ഷ എന്താണെന്ന് നിര്‍ണയിക്കുന്നതില്‍ അദ്ദേഹം പ്രതിസന്ധിയിലായി. അങ്ങനെ അവസാനം അദ്ദേഹം പ്രവാചകന്റെ ഈ അവസ്ഥകളെയെല്ലാം സന്ദേശമെത്തിക്കുന്നതില്‍ ഉള്‍പ്പെടുത്തി. അതിന്റെ ഫലം എന്തായെന്നോ? സന്ദേശമെത്തിക്കുക എന്ന നില ഒഴികെ ജീവിതത്തില്‍ റസൂലിന്റെ മറ്റു നിലകളെയെല്ലാം അദ്ദേഹത്തിന്റെ സ്വകാര്യ നിലകളാക്കി ചുരുക്കിക്കളഞ്ഞു. അങ്ങനെ അദ്ദേഹം എഴുതുകയാണ്:
''അദ്ദേഹം തോന്നുംപടി സംസാരിക്കുന്നവനല്ല. അതൊക്കെയും ബോധനം ചെയ്യപ്പെടുന്ന വഹ്‌യ് മാത്രമാണ് (അന്നജ്മ് 3,4) എന്ന ഖുര്‍ആന്‍ സൂക്തത്തിന്റെ വിവക്ഷ, അദ്ദേഹം എന്തൊക്കെ സംസാരിക്കുന്നുവോ അതൊക്കെ ദിവ്യബോധനമാണ് എന്നല്ല. എന്തുകൊണ്ടെന്നാല്‍, അവിശ്വാസികള്‍ നിരാകരിച്ചിരുന്നത്, ദൈവത്തിന്റെ വചനങ്ങളാണ് ഖുര്‍ആന്‍ എന്ന ഖുര്‍ആന്റെ അവകാശവാദത്തെയാണ്. അദ്ദേഹം എന്തെല്ലാം പറയുന്നുവോ അതെല്ലാം ദിവ്യവെളിപാടാണ് എന്ന് പറഞ്ഞത് ഇതിനെക്കുറിച്ചാണ്. പരിശുദ്ധകളായ പ്രവാചക പത്‌നിമാരോടോ അല്ലെങ്കില്‍ വീട്ടിനു പുറത്തുള്ള ഇതര വിഭാഗങ്ങളോടോ നടത്തുന്ന സംസാരത്തെക്കുറിച്ച് വഹ്‌യാണെന്ന യാതൊരു അവകാശവാദവുമുണ്ടായിരുന്നില്ല. സത്യനിഷേധികള്‍ക്കിടയില്‍ അതേക്കുറിച്ച് ചര്‍ച്ചയുമുണ്ടായിരുന്നില്ല.''
'റസൂലിന്റെ ദൗത്യം ദൈവിക സന്ദേശം എത്തിക്കല്‍ മാത്രമാണെന്നും റസൂലിനെ അനുസരിക്കുകയെന്നാല്‍ തിരുമേനി കൊണ്ടുവന്ന അല്ലാഹുവിന്റെ സന്ദേശമനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതാണെന്നും, നമ്മുടെ റസൂല്‍ അല്ലാഹുവിന്റെ വേദമായ ഖുര്‍ആന്റെ മാത്രം പ്രബോധകനാണെന്നുമുള്ള' ഗ്രന്ഥകാരന്റെ വാചകങ്ങളുമായി മേല്‍ ഉദ്ധരിച്ച വാക്യങ്ങള്‍ ചേര്‍ത്തുവായിച്ചാല്‍ ഗ്രന്ഥകാരന്റെ വാദം താഴെ പറയുന്നതാണെന്നാണ് നമുക്ക് മനസ്സിലാവുക: അബ്ദുല്ലായുടെ മകന്‍ മുഹമ്മദിനെ റസൂല്‍ എന്ന നിലയിലും, അബ്ദുല്ലായുടെ മകന്‍ മുഹമ്മദിനെ മനുഷ്യന്‍ എന്ന നിലയിലും രണ്ടായി കാണേണ്ടതാണ്. റസൂല്‍ എന്ന നിലയില്‍ തിരുമേനി നല്‍കുന്ന ഖുര്‍ആനികാധ്യാപനങ്ങളും ഖുര്‍ആന്‍ അനുസരിച്ചുള്ള വിധികളും ഗ്രന്ഥകാരന്റെ അടുക്കല്‍ അനുസരണത്തിനര്‍ഹം തന്നെ. എന്നാല്‍, മനുഷ്യന്‍ എന്ന നിലയിലുള്ള തിരുമേനിയുടെ വാക്കുകളും പ്രവൃത്തികളുമെല്ലാം ഒരു മനുഷ്യന്‍ എന്ന നിലക്കുള്ളത് മാത്രമാണ്. അവ അല്ലാഹുവിങ്കല്‍ നിന്നുള്ളതാണെന്നും പിഴവില്‍നിന്നും അബദ്ധത്തില്‍നിന്നും മുക്തമാണെന്നുമുള്ളത് ഗ്രന്ഥകാരന് സമ്മതമല്ല. അവയില്‍, മാന്യ ഗ്രന്ഥകാരന്‍ മുസ്‌ലിം സമുദായത്തിന് യാതൊരു അനുകരണീയ മാതൃകയും കാണുന്നില്ല.
എന്നാല്‍, മനുഷ്യനെന്ന നിലയിലുള്ള അബ്ദുല്ലായുടെ മകന്‍ മുഹമ്മദും, റസൂല്‍ എന്ന നിലയിലുള്ള അബ്ദുല്ലായുടെ മകന്‍ മുഹമ്മദും തമ്മില്‍ ഗ്രന്ഥകാരന്‍ നടത്തുന്ന ഈ വിവേചനം ഖുര്‍ആനില്‍ യാതൊരു തെളിവുമില്ലാത്തതാണ്. ഖുര്‍ആനില്‍ തിരുമേനിക്ക് ഒരേയൊരു നിലപാട് മാത്രമേ വിവരിക്കുന്നുള്ളൂ; റസൂലും നബിയും എന്ന നിലയിലുള്ളതാണത്.1 എപ്പോള്‍ അല്ലാഹു തിരുമേനിയെ പ്രവാചക പദവിയാല്‍ അനുഗ്രഹിച്ചുവോ അന്ന് മുതല്‍ ഭൗതിക ജീവിതത്തിന്റെ അന്ത്യശ്വാസം വരെ എന്നെന്നും ഓരോ നിമിഷത്തിലും തിരുമേനി ദൈവദൂതന്‍ തന്നെയാണ്. തിരുമേനിയുടെ എല്ലാ വാക്കുകളും പ്രവൃത്തികളും ദൈവദൂതന്‍ എന്ന നിലക്കുള്ളത് തന്നെ. ആ നിലയില്‍ തിരുമേനി പ്രബോധകനും അധ്യാപകനുമായിരുന്നു. ശിക്ഷകനും സംസ്‌കരിക്കുന്നവനുമായിരുന്നു. ന്യായാധിപനും ഭരണാധിപനുമായിരുന്നു. ഇമാമും അമീറുമായിരുന്നു. എത്രത്തോളമെന്നാല്‍, തിരുമേനിയുടെ സ്വകാര്യ ജീവിതവും കുടുംബ ജീവിതവും പൊതു ജീവിതവുമടക്കം ജീവിതത്തിന്റെ എല്ലാ വ്യവഹാരങ്ങളും ഇതേ നിലക്കുള്ളത് തന്നെയായിരുന്നു. ഈ നിലകളിലെല്ലാം തിരുമേനിയുടെ വിശുദ്ധ ജീവിതം ഒരു സമ്പൂര്‍ണ മനുഷ്യന്റേതും ഭക്തനായ മുസ്‌ലിമിന്റേതും സത്യസന്ധനായ വിശ്വാസിയുടേതുമായിരുന്നു. അല്ലാഹുവിന്റെ സംതൃപ്തിയും പരലോക വിജയവും നേടാനാവശ്യമായ ഉത്തമ മാതൃകയായി എല്ലാ വ്യക്തികള്‍ക്കും അല്ലാഹു നിര്‍ണയിച്ചു കൊടുത്ത അനുകരണീയമായ ജീവിത മാതൃകയായിരുന്നു അത്. 'അല്ലാഹുവിനെയും പരലോകത്തെയും ആഗ്രഹിക്കുന്നവര്‍ക്കെല്ലാം ദൈവദൂതനില്‍ ഉത്തമ മാതൃകയുണ്ട്' (അല്‍ അഹ്‌സാബ് 21). തിരുമേനിയുടെ പ്രവാചകത്വത്തിനും ആളത്തത്തിനും നേതൃത്വത്തിനുമിടയില്‍ വ്യത്യാസം കല്‍പിക്കുന്ന നേരിയൊരു സൂചന പോലും ഖുര്‍ആനില്‍ എവിടെയും കാണാന്‍ സാധിക്കുകയില്ല. അപ്പോള്‍, എങ്ങനെ ഇങ്ങനെയൊരു വ്യത്യാസം കല്‍പിക്കാനാകും? തിരുമേനി ദൈവത്തിന്റെ ദൂതനാണെങ്കില്‍ തിരുമേനിയുടെ മുഴു ജീവിതവും ശരീഅത്ത് അനുസരിച്ചായിരിക്കല്‍ അനിവാര്യമത്രെ. ദൈവിക നിയമത്തിന്റെ പ്രതിനിധാനമായിരിക്കണം ആ ജീവിതം. അല്ലാഹുവിന്റെ തൃപ്തിക്ക് വിരുദ്ധമായ യാതൊരു പ്രവൃത്തിയും ചലനവും തിരുമേനിയില്‍ നിന്ന് ഉണ്ടാകാവതല്ല.
അന്നജ്മ് അധ്യായത്തില്‍ (2) ഇക്കാര്യത്തിലേക്ക് ചൂണ്ടിക്കൊണ്ടാണ് 'നിങ്ങളുടെ കൂട്ടുകാരന് വഴിതെറ്റുകയോ അദ്ദേഹം ദുര്‍മാര്‍ഗിയാവുകയോ ചെയ്തിട്ടില്ല'  എന്ന് പറഞ്ഞിട്ടുള്ളത്. ദേഹേഛ പ്രകാരം സംസാരിക്കുകയില്ല   എന്നും 'അദ്ദേഹത്തിന്റെ സംസാരം വഹ്‌യല്ലാതെ ഒന്നുമല്ല'  എന്നും  അതിശക്തനായ ഒരധ്യാപകനാണ് അദ്ദേഹത്തെ പഠിപ്പിച്ചിട്ടുള്ളത്   എന്നുമൊക്കെ പറഞ്ഞിട്ടുള്ളതിന്റെ ഉള്‍സാരം അതത്രെ. എന്നാല്‍, അവിശ്വാസികള്‍ തള്ളിക്കളഞ്ഞ, ഖുര്‍ആന്‍ ദിവ്യബോധനമാണെന്ന അവകാശവാദത്തെക്കുറിച്ചാണ് ഈ സൂക്തങ്ങളിലൊക്കെ പറഞ്ഞിരിക്കുന്നതെന്നാണ് ഗ്രന്ഥകാരന്‍ പറയുന്നത്. പക്ഷേ, ഈ സൂക്തങ്ങളിലൊരിടത്തും ഖുര്‍ആനിലേക്ക് നേരിയൊരു സൂചന പോലും എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല.  എന്നതിലെ  എന്ന സര്‍വനാമം പ്രവാചകന്റെ സംസാരത്തിലേക്കാണ് സൂചന നല്‍കുന്നത്.  എന്നതില്‍ അതിന്റെ വ്യക്തമായ പരാമര്‍ശം കാണാം. ഈ സൂക്തങ്ങളിലൊരിടത്തും പ്രവാചകന്റെ സംസാരത്തെ ഖുര്‍ആനുമായി മാത്രം ബന്ധിപ്പിക്കുന്ന യാതൊന്നും എടുത്തുകാണിക്കാന്‍ കഴിയുകയില്ല. പ്രവാചകന്റെ സംസാരം എന്ന് വ്യവഹരിക്കാവുന്ന ഏതു കാര്യവും പരാമൃഷ്ട സൂക്തങ്ങളുടെ അടിസ്ഥാനത്തില്‍ വഹ്‌യും, ദേഹേഛയില്‍നിന്ന് മുക്തവുമായിരിക്കും. റസൂലിനെ ഏത് സമുദായത്തിലേക്കാണോ അയച്ചിട്ടുള്ളത് അവര്‍ക്ക് റസൂല്‍, ദുര്‍മാര്‍ഗത്തില്‍ നിന്നും ദേഹേഛയില്‍നിന്നും വഴികേടില്‍നിന്നും സുരക്ഷിതനാണെന്ന് പൂര്‍ണ സമാധാനമുണ്ടായിരിക്കണം എന്നതിനാലാണ് ഇക്കാര്യം ഖുര്‍ആനില്‍ ഇപ്രകാരം വ്യക്തമായി പറഞ്ഞിരിക്കുന്നത്. റസൂലില്‍നിന്ന് പുറപ്പെടുന്ന ഏത് കാര്യവും ദൈവത്തിങ്കല്‍ നിന്നുള്ളതാണെന്ന് അവര്‍ അറിഞ്ഞിരിക്കണം. അല്ലാത്ത പക്ഷം, ഏതെങ്കിലുമൊരു കാര്യത്തിലെങ്കിലും അത് ദൈവത്തിങ്കല്‍നിന്നല്ല, സ്വാഭീഷ്ട പ്രകാരമാണ് എന്ന സംശയം ജനിക്കുകയാണെങ്കില്‍ റസൂലിന്റെ പ്രവാചകത്വത്തിന്റെ വിശ്വാസ്യത ചോര്‍ന്നു പോകുന്നതാണ്. ഇക്കാര്യമാണ് അവിശ്വാസികള്‍ നിരാകരിച്ചിരുന്നത്. റസൂലിന് ഭ്രാന്താണെന്നായിരുന്നു (അല്ലാഹുവിങ്കല്‍ ശരണം) അവര്‍ മനസ്സിലാക്കിയിരുന്നത്. അല്ലെങ്കില്‍, ആരോ തിരുമേനിയെ പഠിപ്പിക്കുകയാണെന്ന് അതല്ലെങ്കില്‍ സ്വന്തം മനസ്സില്‍ നിന്ന് കാര്യങ്ങള്‍ കെട്ടിയുണ്ടാക്കി പറയുകയാണെന്ന്. അല്ലാഹു ഈ സൂക്തങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ഇത്തരം തെറ്റിദ്ധാരണകള്‍ നീക്കിയിരിക്കുകയാണ്. നിങ്ങളുടെ കൂട്ടുകാരന് പിഴക്കുകയോ മാര്‍ഗഭ്രംശം സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമായ ഭാഷയില്‍ ഇവിടെ പറഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ ജിഹ്വയില്‍നിന്ന് എന്തു പുറപ്പെട്ടാലും അത് സത്യമായിരിക്കും. അത് നമ്മില്‍നിന്നുള്ളതായിരിക്കും. ഏതെങ്കിലും മനുഷ്യനോ പിശാചോ അദ്ദേഹത്തെ പഠിപ്പിച്ചു വിടുന്നതല്ല അത്. ഇക്കാര്യം തന്നെയാണ് തന്റെ പരിശുദ്ധ ജിഹ്വയിലേക്ക് സൂചന നല്‍കിക്കൊണ്ട് 'അതില്‍നിന്ന് സത്യമല്ലാതെ പുറപ്പെടുകയില്ല' എന്ന് പ്രവാചകനും  പറഞ്ഞിരിക്കുന്നത്.
ഖേദകരമെന്ന് പറയട്ടെ, തഅ്‌ലീമാത്തെ ഖുര്‍ആന്റെ കര്‍ത്താവിന് ഈ യാഥാര്‍ഥ്യം സമ്മതമല്ല. അദ്ദേഹം പറയുകയാണ്: ''തിരുമേനി വീടകങ്ങളില്‍ വെച്ച് പരിശുദ്ധ പത്‌നിമാരോട് നടത്തുന്നതോ, പുറത്തു വെച്ച് മറ്റുള്ളവരുമായി നടത്തുന്നതോ ആയ സംഭാഷണങ്ങള്‍ വഹ്‌യാണെന്ന് അവകാശപ്പെട്ടിരുന്നില്ല. അവിശ്വാസികള്‍ക്ക് അത് ചര്‍ച്ചാ വിഷയവുമായിരുന്നില്ല.'' എന്നാല്‍, തിരുമേനി ഏതവസ്ഥയില്‍ എന്തു ചെയ്താലും അത് പ്രവാചകന്‍ എന്ന നിലയില്‍ ചെയ്യുന്നതാണെന്ന് ഞാന്‍ പറയുന്നു. അതൊക്കെയും വഴികേടില്‍നിന്നും ദുര്‍മാര്‍ഗത്തില്‍നിന്നും മാര്‍ഗഭ്രംശത്തില്‍നിന്നും മുക്തമാണ്. ദേഹേഛയില്‍നിന്ന് പരിശുദ്ധമാണ്. തിരുമേനിയുടെ എല്ലാ വാക്കുകളും പ്രവൃത്തികളും അല്ലാഹു അദ്ദേഹത്തിന് അനുഗ്രഹിച്ചേകിയ അന്യൂന പ്രകൃതിയില്‍നിന്ന് പുറപ്പെടുന്നതും, അല്ലാഹു നിര്‍ണയിച്ചു കൊടുത്ത തഖ്‌വയുടെയും ജീവിത വിശുദ്ധിയുടെയും പരിധികള്‍ വിട്ടുകടക്കാത്തതുമായിരുന്നു. മാനവരാശിക്കാകമാനം തിരുമേനിയില്‍ മാതൃക ഉണ്ടായിരുന്നു. എന്താണ് അനുവദനീയം, എന്താണ് അനുവദനീയമല്ലാത്തത്, ഹറാം ഏതാണ്, ഹലാല്‍ ഏതാണ്, ഏത് വിഷയത്തിലാണ് നമുക്ക് സ്വതന്ത്രമായും സ്വാഭിപ്രായമനുസരിച്ചും പ്രവര്‍ത്തിക്കാവുന്നത്, ഏതിലാണ് നമുക്ക് സ്വാഭിപ്രായവും സ്വാതന്ത്ര്യവുമില്ലാത്തത്, നാം ആജ്ഞകള്‍ അനുസരിക്കേണ്ടതെങ്ങനെ, വിഷയങ്ങള്‍ ശൂറയില്‍ പരസ്പരം ആലോചിച്ചു തീരുമാനമെടുക്കേണ്ടതെങ്ങനെ, നമ്മുടെ ദീനില്‍ ജനാധിപത്യത്തിന് എന്തര്‍ഥമാണുള്ളത് എന്നൊക്കെ നാം മനസ്സിലാക്കുന്നത് തിരുമേനിയില്‍ നിന്നാണ്.
3. ഗ്രന്ഥകാരന്റെ മൂന്നാമത്തെ വന്‍ അബദ്ധം, നേതാവെന്ന ദൈവദൂതന്റെ നിലയെ പ്രവാചകന്‍ എന്ന നിലയില്‍നിന്ന് വേര്‍പ്പെടുത്തി എന്നതാണ്. അതാകട്ടെ ഖുര്‍ആനില്‍ തെളിവില്ലാത്തതുമാണ്. അദ്ദേഹം എഴുതുന്നു: റസൂല്‍ എന്ന നിലക്കുള്ള അനുസരണവും നേതാവ് എന്ന നിലക്കുള്ള അനുസരണവും രണ്ടും രണ്ടാണ്.
(എ) പ്രവാചകത്വ പദവിയെ സംബന്ധിച്ചേടത്തോളം അതില്‍ ആരോടും കൂടിയാലോചിക്കാന്‍ അല്ലാഹുവിന്റെ ദൂതന്‍ ആജ്ഞാപിക്കപ്പെട്ടിട്ടില്ല. മറിച്ച്, പ്രബോധന ബാധ്യത അല്ലാഹുവിന്റെ ഭാഗത്തു നിന്ന് തിരുമേനിയുടെ അനിവാര്യ ചുമതലയാക്കിയിരിക്കുകയാണ്: 'പ്രവാചകരേ, താങ്കളുടെ നാഥങ്കല്‍നിന്ന് ഇറക്കിത്തന്ന സന്ദേശം ജനങ്ങള്‍ക്കെത്തിച്ചു കൊടുക്കുക. അതു ചെയ്യാത്ത പക്ഷം അല്ലാഹുവിന്റെ സന്ദേശം താങ്കള്‍ ജനങ്ങള്‍ക്കെത്തിച്ചു കൊടുത്തിട്ടില്ല' (അല്‍മാഇദ 67).
നേതാവ് എന്ന നിലയിലാണ് ജനങ്ങളോട് കൂടിയാലോചിക്കാന്‍ പ്രവാചകന്‍ ആജ്ഞാപിക്കപ്പെട്ടിട്ടുള്ളത് (ആലു ഇംറാന്‍ 159).
(ബി) റസൂല്‍ എന്ന നിലക്ക് പ്രവാചകനുള്ള അനുസരണം അന്ത്യനാള്‍ വരെ നിലനില്‍ക്കുന്ന ബാധ്യതയാണ്. കാരണം, എന്നേക്കുമുള്ളതാണ് ഖുര്‍ആന്‍. എന്നാല്‍, അമീര്‍ അഥവാ നേതാവെന്ന നിലയില്‍ അദ്ദേഹത്തിനുള്ള അനുസരണം വാക് മൂലം നേരിട്ടുള്ളതാണ്. ''വിശ്വാസികളേ, അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക. അദ്ദേഹത്തില്‍നിന്ന് നിങ്ങള്‍ പിന്തിരിഞ്ഞു കളയരുത്. നിങ്ങള്‍ അദ്ദേഹത്തെ കേള്‍ക്കെ'' (അല്‍ അന്‍ഫാല്‍ 20). നേതൃത്വത്തിന്റെ കടമകള്‍ എപ്പോഴും അടിയന്തര സ്വഭാവമുള്ളതും താല്‍ക്കാലികവുമായിരിക്കും. കാരണം, കാലത്തോടൊപ്പം പരിതഃസ്ഥിതികളും മാറി മാറി വരും. ഇന്ന് നേതാവാകുന്ന ആള്‍ ബദ്ര്‍, ഉഹുദ് എന്നിവയില്‍ പങ്കെടുക്കുമ്പോള്‍ കേവലം കുന്തങ്ങളും വാളുകളും മാത്രം ഉപയോഗിച്ചായിരിക്കില്ല ജിഹാദ് ചെയ്യുക എന്ന് വ്യക്തമാണ്. പ്രത്യുത, നിലവിലുള്ള കാലത്തെ ഉപകരണങ്ങളാണ് ഉപയോഗിക്കുക. നേതാക്കളുടെ കാര്യത്തിലാണെങ്കില്‍ അവരെ എതിര്‍ക്കാനും അവകാശമുണ്ട്.
''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെയും ദൈവദൂതനെയും നിങ്ങളില്‍നിന്നുള്ള ഭരണകര്‍ത്താക്കളെയും അനുസരിക്കുക. വല്ല വിഷയത്തിലും നിങ്ങള്‍ക്കിടയില്‍ തര്‍ക്കമുണ്ടായാല്‍ അത് അല്ലാഹുവിലേക്കും ദൈവദൂതനിലേക്കും മടക്കുക'' (അന്നിസാഅ് 59). 
(തുടരും)
വിവ: വി.എ.കെ


1. 'സ്വാതന്ത്ര്യത്തിന്റെ ഇസ്‌ലാമിക സങ്കല്‍പം' എന്ന നമ്മുടെ മറ്റൊരു ലേഖനത്തില്‍ വന്നിട്ടുള്ളതിന് എതിരാണ് ഇതെന്ന് ഒരാള്‍ക്ക് തോന്നാം. ഈ സംശയത്തിനുള്ള നമ്മുടെ മറുപടി മറ്റൊരു ലേഖനത്തില്‍ വന്നിട്ടുണ്ട്.
 

Comments

Other Post

ഹദീസ്‌

സ്വര്‍ഗം ഉറപ്പാക്കിയ പത്താളുകള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ- 49-53