Prabodhanm Weekly

Pages

Search

2022 നവംബര്‍ 18

3277

1444 റബീഉല്‍ ആഖിര്‍ 23

മുസ്‌ലിം ഉമ്മത്ത് ആഭ്യന്തര സംഘര്‍ഷങ്ങളില്‍ നഷ്ടപ്പെടുത്തുന്നത്

മമ്മൂട്ടി അഞ്ചുകുന്ന്   [email protected]

അഭിപ്രായ വൈജാത്യങ്ങളും വൈവിധ്യങ്ങളും  ഇസ്‌ലാമിന്റെ സത്തയില്‍ തന്നെ അന്തര്‍ലീനമായതും മുസ്‌ലിം സമൂഹത്തിന്  അതിന്റെ ഗുണ ഫലങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നതുമാണ്.  പ്രവാചക കാലം മുതല്‍ തന്നെ മുസ്‌ലിം സമൂഹത്തില്‍ ശാഖാപരമായ അഭിപ്രായ ഭിന്നതകള്‍ നിലനിന്നിരുന്നു. പില്‍ക്കാലത്തുടനീളം പല കോണുകളില്‍ നിന്നുമുണ്ടായ അഭിപ്രായ ബാഹുല്യവും വീക്ഷണ വ്യത്യാസവുമെല്ലാം  ഉള്‍പ്പെട്ടതാണ് നാളിതു വരെയുള്ള മുസ്‌ലിം ഉമ്മത്തിന്റെ ചരിത്രം. ഇസ്‌ലാമിക ചരിത്രത്തിലെ വിശ്വാസ വൈകല്യം സംഭവിച്ച അവാന്തര വിഭാഗങ്ങളെ മാറ്റിനിര്‍ത്തിയാല്‍ പോലും ഈ വൈജാത്യങ്ങള്‍ പ്രകടമായിത്തന്നെ ചരിത്രത്തില്‍ കാണാന്‍ കഴിയും. വിശ്വാസ, കര്‍മശാസ്ത്ര സരണികളുടെ ഉദ്ഭവവും വികാസവും പരിശോധിച്ചാല്‍ അതിന്റെ അനുരണനങ്ങള്‍ കണ്ടെത്താം. ഇവയെല്ലാം തന്നെ മുസ്‌ലിം സമൂഹത്തിന്റെ പ്രായോഗിക ജീവിതം എളുപ്പമാക്കുകയും ധൈഷണിക വ്യവഹാരങ്ങളെ പുഷ്ടിപ്പെടുത്തുകയുമാണ് ചെയ്തത്. സ്ഥലകാല ഭേദമന്യേ വ്യത്യസ്ത സാഹചര്യങ്ങളില്‍ ഉടലെടുക്കുന്ന സാമൂഹിക മാറ്റങ്ങളോട് കാലികമായി ഇടപെടാന്‍ ഇസ്ലാമിന്റെ കൈവശമുള്ള ഒരു  സുപ്രധാന ടൂളും  ഈ അഭിപ്രായ വൈവിധ്യങ്ങള്‍ തന്നെയാണ്. 
എന്നാല്‍, അഭിപ്രായാന്തരങ്ങള്‍ അതിന്റെ ചിന്താപരവും ഗവേഷണാത്മകവും ധൈഷണികവുമായ തലം  വിട്ട് സമുദായത്തെ വിഭജിക്കുകയും ചേരിതിരിക്കുകയും ചെയ്യുന്ന പുതിയ കാല പ്രവണത ഏറെ അപകടകരമാണ്. വിശ്വാസി സമൂഹം കക്ഷികളായി പിരിഞ്ഞു ഭിന്നിക്കരുതെന്നും അനൈക്യത്തിന്റെ ഇരകളാകരുതെന്നും വിശുദ്ധ ഖുര്‍ആനും പ്രവാചക വചനങ്ങളും ശക്തമായി  താക്കീത് ചെയ്തിട്ടുണ്ട്.  അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കാനും ഭിന്നിക്കാതിരിക്കാനുമുള്ള നിര്‍ദേശങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ താക്കീതിന്റെ രൂപത്തില്‍ തന്നെയാണ് വന്നിട്ടുള്ളത്. അല്ലാഹുവിന്റെ പാശം  മുറുകെ പിടിക്കാന്‍ പറയുന്നിടത്ത്, പാശം എന്നതിന്റെ വിവക്ഷ മുസ്‌ലിംകളുടെ പൊതു കൂട്ടായ്മയാണെന്ന് ഇബ്‌നു മസ്ഊദ് (റ) വിശദീകരിക്കുന്നുണ്ട്.
ചരിത്രത്തില്‍ അനൈക്യത്തിന്റെ വേരുകള്‍ ചികഞ്ഞാല്‍, മതമല്ല രാഷ്ട്രീയവും രാഷ്ട്രീയാധികാരവുമായിരുന്നു എക്കാലത്തെയും അടിസ്ഥാന പ്രശ്‌നം എന്ന് കാണാവുന്നതാണ്.  കിടമത്സരങ്ങള്‍ക്കിടയില്‍ സമുദായം  കഷണങ്ങളായി ചിതറുന്നതും തദ്ഫലമായി മതപരമായ ചൈതന്യവും രാഷ്ട്രീയ സുസ്ഥിരതയുമെല്ലാം നഷ്ടപ്പെടുന്നതും ചരിത്രത്തില്‍ ധാരാളമായി വായിക്കാന്‍ കഴിയും. മുസ്ലിം സ്‌പെയിനിന്റെ പതനചരിത്രം നാം എത്രയോ തവണ അയവിറക്കിയതും, അതില്‍നിന്ന് പാഠം  ഉള്‍ക്കൊള്ളാനുള്ള ഉണര്‍ത്തലുകള്‍ കാലങ്ങളായി നാം വരികളിലൂടെയും മൊഴികളിലൂടെയും നടത്തിവരുന്നതുമാണ്. സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വി, മുസ്‌ലിം നാഗരികതക്ക് സംഭവിച്ച ഈ തകര്‍ച്ചയെ മുസ്‌ലിംകളുടെ മാത്രമല്ല, ലോകത്തിന് തന്നെ വലിയ നഷ്ടമുണ്ടാക്കിയ സംഭവവികാസമായി  തന്റെ പ്രസിദ്ധമായ മാദാ ഖസിറല്‍ ആലമു ബിന്‍ഹിത്വാത്വില്‍ മുസ്‌ലിമീന്‍ (മുസ്‌ലിംകളുടെ പതനം കൊണ്ട് ലോകത്തിന് നഷ്ടമായതെന്ത്?) എന്ന ഗ്രന്ഥത്തില്‍ വിശേഷിപ്പിക്കുന്നുണ്ട്.
പുതിയ കാലത്തും അനൈക്യവും  കക്ഷിത്വവും  മുസ്‌ലിംകളില്‍ വലിയ വെല്ലുവിളിയായി നിലനില്‍ക്കുന്നു എന്നതാണ് ദുഃഖകരമായ  വസ്തുത. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍, വിശിഷ്യാ ഉത്തരേന്ത്യന്‍ പ്രദേശങ്ങളില്‍ മുസ്‌ലിംകള്‍ക്കിടയിലെ വിവിധ സാമൂഹിക ശ്രേണികള്‍ തമ്മിലും വിവിധ അധികാര കേന്ദ്രങ്ങള്‍ തമ്മിലുമൊക്കെ ഭിന്നതകള്‍ നിലനിന്നിരുന്നുവെങ്കിലും സമുദായത്തെ നെടുകെപ്പിളര്‍ക്കുന്ന ഒന്നായി അത് രൂപപ്പെട്ടത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ്. ദയൂബന്ദി പ്രസ്ഥാനവും അതിന്റെ അമരത്തുണ്ടായിരുന്ന പണ്ഡിതരും മതനവോത്ഥാന പ്രവര്‍ത്തനങ്ങളുമായി രംഗത്തു വരികയും അത് ബഹുജനങ്ങളെ വലിയ തോതില്‍ സ്വാധീനിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇതിനെ മതത്തെ തന്നെ പരിഷ്‌കരിക്കുന്ന  പ്രസ്ഥാനമായും  പാരമ്പര്യ നിഷേധമായും വ്യാഖ്യാനിച്ചുകൊണ്ട് അവര്‍ക്കെതിരെ തക്ഫീര്‍ വാദവുമായി ബറേല്‍വി  പ്രസ്ഥാന സ്ഥാപകന്‍  അഹ്മദ്  റസാ ഖാന്‍  രംഗത്തു വന്നതോടെ ഭിന്നതയുടെ പുതിയൊരു തലം  ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ രൂപപ്പെട്ടു.  കഴിഞ്ഞ ഒരു നൂറ്റാണ്ടായി ഉത്തരേന്ത്യയിലെ  ഒട്ടു മിക്ക ഭാഗങ്ങളിലും കുടില്‍ തൊട്ട് കൊട്ടാരം വരെ ഈ ഭിന്നിപ്പ് പ്രകടമാണ്. ക്രിയാത്മകമായ ഒട്ടേറെ സംരംഭങ്ങള്‍ക്ക് ഈ പിളര്‍പ്പ് വലിയ തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.  ഇന്ത്യാ വിഭജനത്തിന്റെ പാപഭാരവും  കൂടി സമുദായത്തിന്റെ   തലയില്‍ കെട്ടിവെച്ചതോടെ പ്രതിസന്ധിയുടെ ആഴം ഏറെ വര്‍ധിച്ചു. വര്‍ത്തമാന കാല ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യം നില കൂടുതല്‍ വഷളാക്കുകയാണ് ചെയ്യുന്നത്.
അതേസമയം, ഇന്ത്യന്‍ മുസ്‌ലിം മുഖ്യധാരയില്‍ നിന്ന് വ്യത്യസ്തമായ മതകീയ സംസ്‌കാരമായിരുന്നു ആദ്യ കാലം മുതല്‍ തന്നെ കേരളത്തില്‍ നിലനിന്നിരുന്നത്.  ഉത്തരേന്ത്യയില്‍ ഇസ്‌ലാമിലേക്ക്  ഒട്ടേറെ പേര്‍ പരിവര്‍ത്തനം ചെയ്‌തെങ്കിലും  ജാതീയമായ വേര്‍തിരിവുകള്‍ പലയിടത്തും നിലനിന്നിരുന്നു. ആ സ്വാധീനം കൂടി പില്‍ക്കാലത്തെ വിഭാഗീയതകളില്‍ പ്രതിഫലിച്ചതായി കാണാം.
എന്നാല്‍, കേരളത്തില്‍ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്ക് മുസ്‌ലിം സമൂഹത്തില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. വിഖ്യാതരായ പണ്ഡിതരുടെ  നേതൃപാടവവും കേരളീയ മുസ്ലിംകള്‍ക്ക് വലിയ അനുഗ്രഹമായി. അധിനിവേശ ശക്തികളോട് മൂന്ന് നൂറ്റാണ്ടോളം  പൊരുതിനിന്നിട്ടും മുസ്‌ലിം സമൂഹത്തില്‍ എടുത്തു പറയാവുന്ന ഭിന്നതകള്‍ ഉരുത്തിരിയുകയുണ്ടായില്ല. കൊണ്ടോട്ടി കേന്ദ്രമായി ശീഈ സാന്നിധ്യമുണ്ടായിരുന്നുവെങ്കിലും ആ ചിന്താധാര അത്രയൊന്നും ജനകീയത കൈവരിക്കാത്തതിനാല്‍ സമൂഹത്തെ കാര്യമായി അത് ബാധിച്ചിരുന്നില്ല.
ഇരുപതാം നൂറ്റാണ്ടോടെയാണ് കേരളത്തില്‍ ആശയപരമായ വൈവിധ്യങ്ങള്‍ പ്രകടമായിത്തുടങ്ങുന്നത്. കടുത്ത സംവാദ പരിസരങ്ങളില്‍ വിഹരിക്കുന്ന വ്യത്യസ്ത ആദര്‍ശ ധാരകള്‍ രംഗം കീഴടക്കിയെങ്കിലും, ആധുനിക സംഘാടന രീതിശാസ്ത്രങ്ങളുടെ കടമെടുപ്പും അവയെ  ക്രിയാത്മകമായും ഫലപ്രദമായും  വിനിയോഗിച്ചതും സേവന മേഖലയില്‍ അത്തരം ശാസ്ത്രീയ രീതികളെ പ്രയോജനപ്പെടുത്തിയതുമെല്ലാം  കൂട്ടിയും കിഴിച്ചും നോക്കിയാല്‍ സമൂഹത്തിനു നേട്ടമായിരുന്നു എന്ന് കാണാം.  പൊതുവെയുള്ള മെച്ചപ്പെട്ട ജീവിത സാഹചര്യവും ജനങ്ങളുടെ മനോഭാവവുമെല്ലാം മലയാളക്കരയെ എന്നും വേറിട്ട് നിര്‍ത്തി.  മത-സാംസ്‌കാരിക പരിസരങ്ങളുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല.
ആശയ വൈവിധ്യങ്ങള്‍  മലയാളി മുസ്‌ലിമിനെപ്പോലെ പ്രയോജനപ്പെടുത്തിയവര്‍ വിരളമായിരിക്കും. ഒരു ഭാഗത്ത് സംവാദങ്ങള്‍ കൊടുമ്പിരിക്കൊള്ളുമ്പോഴും മറുഭാഗത്ത്  നിര്‍മാണാത്മകമായ ഒട്ടേറെ സംരംഭങ്ങള്‍  നടന്നുവന്നിരുന്നു. മത-ഭൗതിക വിദ്യാഭ്യാസം, സ്ത്രീ വിദ്യാഭ്യാസം, നവജാഗരണ യത്‌നങ്ങള്‍, രാഷ്ട്രീയ മുന്നേറ്റങ്ങള്‍ എന്നിവയിലെല്ലാം അവരവര്‍ മറ്റുള്ളവരുടെ വിടവുകള്‍ നികത്തി സമൂലമായ ഒരു സാമൂഹിക മുന്നേറ്റത്തില്‍ പങ്കാളികളായി. പാരമ്പര്യ ധാരയുടെ നേതാവായി അറിയപ്പെട്ടിരുന്ന സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങള്‍ക്കൊപ്പമായിരുന്നു, പുരോഗമന പ്രസ്ഥാന നേതാക്കള്‍ എന്നറിയപ്പെട്ട കെ.എം സീതി സാഹിബും കെ.എം മൗലവിയുമെല്ലാം വിവിധ ഇടങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചത്. മൂവരും നല്ല സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായിരുന്നു. 
കാലാന്തരത്തില്‍ മദ്‌റസാ പ്രസ്ഥാനവും സമന്വയ വിദ്യാഭ്യാസ സംരംഭങ്ങളുമായി  പാരമ്പര്യ ധാരയില്‍ നിന്നുള്ള  വിപ്ലവാത്മക ചലനങ്ങള്‍ക്ക് മലയാളക്കര സാക്ഷ്യം വഹിക്കുകയുണ്ടായി.
ഈ അധ്വാനങ്ങളുടെയെല്ലാം ഫലം കൊയ്തത് പുതിയ തലമുറയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളില്‍ അക്കാദമിക് രംഗത്ത് സ്വപ്‌ന തുല്യമായ നേട്ടമാണ് മലയാളി മുസ്‌ലിം കൈവരിച്ചുകൊണ്ടിരിക്കുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഗള്‍ഫ് കുടിയേറ്റം ഇവിടത്തെ സാമ്പത്തിക നിലയെ ഏറക്കുറെ ഭദ്രമാക്കി. ഒട്ടേറെ സംരംഭകരും സമ്പന്നരും ഇന്ന് സമുദായത്തിലുണ്ട്. നിരവധി വിദ്യാഭ്യാസ സംവിധാനങ്ങളും തൊഴില്‍ ദാതാക്കളുമുണ്ട്.  രാഷ്ട്രീയമായും സാമൂഹികമായും വ്യത്യസ്ത തലങ്ങളില്‍  സമ്മര്‍ദ ശക്തികളാകാനും അവര്‍ക്ക് കഴിയുന്നു. ദേശീയ രാഷ്ട്രീയത്തിലെ  ബദല്‍ തരംഗങ്ങളില്‍ മലയാളി മുസ്‌ലിമിന്റെ (വലിയൊരളവില്‍ വിദ്യാര്‍ഥികളുടെ)  ഇടപെടലുകളും ചിന്താപരമായ സംഭാവനകളും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നു.  മത രംഗത്തും  കേരള മോഡല്‍ ചര്‍ച്ചയാണ്. എല്ലാ മുസ്‌ലിം സംഘടനകളുടെയും ഏറ്റവും സുസംഘടിതരായ ആശയ വാഹകര്‍ മലയാളികളാണെന്ന് പറയാവുന്ന സ്ഥിതിയാണ്. ഇസ്‌ലാമിക വൈജ്ഞാനിക വ്യവഹാരങ്ങളിലും മലയാളി മുസ്‌ലിംകള്‍ എത്രയോ മുന്നിലാണ്. ഇന്ത്യന്‍ മുസ്‌ലിമിന്റെ പ്രത്യാശയുടെ തുരുത്തായിത്തന്നെ ഇന്ന് കേരളം നിലനില്‍ക്കുന്നുണ്ട്. ഒട്ടേറെ പരിമിതികളും  പ്രശ്‌നങ്ങളും ബാക്കിയുണ്ടെങ്കിലും ലോക മുസ്‌ലിംകള്‍ക്കിടയില്‍ മലയാളി മുസ്‌ലിമിന്റെ പ്രഭാവം അത്ര ചെറുതല്ല.
എന്നാല്‍, മാറിയ  രാഷ്ട്രീയ പരിതഃസ്ഥിതിയില്‍ അതിജീവനം അത്ര എളുപ്പമല്ല എന്നത് നാം തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നത്  പ്രധാനപ്പെട്ട ചോദ്യമാണ്. ഒരു നൂറ്റാണ്ട് മുമ്പ് മലബാര്‍ സമരാനന്തരമുള്ള വിഭവ ശൂന്യതയില്‍ നിന്ന് ഒരു സമൂഹത്തെ നിര്‍മിച്ചെടുക്കുക എന്ന ശ്രമകരമായ ദൗത്യമായിരുന്നു മുന്‍ തലമുറയിലെ മഹാമനീഷികള്‍ നിര്‍വഹിച്ചതെങ്കില്‍ ഇന്ന് അതിജീവിക്കുക എന്നതു കൂടി നമ്മുടെ അജണ്ടയുടെ സുപ്രധാന ഭാഗമാണ്. വ്യക്തിഗതമായും പ്രാസ്ഥാനികമായുമെല്ലാം നമുക്ക് ഒരു ആത്മവിചാരണക്ക് സമയമായിരിക്കുന്നു. രാജ്യത്ത് പുതിയ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങള്‍ ഉരുത്തിരിഞ്ഞു വന്ന പശ്ചാത്തലത്തില്‍  നമ്മുടെ മുന്‍ഗണനാ പട്ടിക പുനഃക്രമീകരണത്തിന് വിധേയമാക്കേണ്ടതുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്  പരസ്പര വിശ്വാസവും ഐക്യബോധവും വര്‍ധിപ്പിക്കുക എന്നതു തന്നെയാണ്.
ഒരേ ആദര്‍ശത്തിലുള്ളവര്‍  നിസ്സാര കാര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു  ഭിന്നിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാന കാല പരിതഃസ്ഥിതി എത്ര ദയനീയമാണ് എന്ന തിരിച്ചറിവുണ്ടാകണം.  കഴിഞ്ഞ പതിറ്റാണ്ടുകളില്‍ പിളര്‍ന്ന സംഘടനകളുടെയും ഇപ്പോള്‍ ആഭ്യന്തര ഭിന്നതയുടെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നവയുടെയുമെല്ലാം പിന്നാമ്പുറ കാരണങ്ങള്‍, ഒട്ടും ആദര്‍ശപരമോ സംവാദാത്മകം  പോലുമോ അല്ല എന്നതാണ്  ദുഃഖസത്യം. പലതും അധികാരത്തര്‍ക്കം  മാത്രമാണെന്ന് പറഞ്ഞാല്‍ അധികമാവില്ല. വിട്ടുവീഴ്ചാ മനോഭാവം  ഇല്ലാതാവുമ്പോള്‍ പുതിയ പുതിയ കഷണങ്ങളെ കൂടി ഈ സമുദായശരീരം താങ്ങേണ്ടി വരുന്നു. ഇത് മൂലമുണ്ടാകുന്ന പരിക്ക് പുതിയ കാലത്ത് അത്ര ചെറുതോ നിസ്സാരമോ അല്ല. ഐക്യവും ഒരുമയുമുണ്ടെങ്കില്‍  സമ്മാനമായി വാഗ്ദത്തം ചെയ്യപ്പെട്ട വിജയത്തില്‍ നിന്ന്, അകലം കൂടിക്കൊണ്ടേയിരിക്കുന്നു. ഇത് അതിലുള്‍പ്പെട്ട സംഘങ്ങളെ മാത്രമല്ല, സമുദായത്തെ ഒന്നാകെ ബാധിക്കും. അതിന്റെ  പ്രത്യാഘാതങ്ങള്‍ തലമുറകളോളം നിലനില്‍ക്കും.
മുസ്‌ലിം സമുദായത്തെ  ബാധിക്കുന്ന ഒരു പുതിയ വെല്ലുവിളി ഉയര്‍ന്നുവന്നാല്‍ അതിനെ ഒന്നിച്ചു നിന്ന്  അഭിമുഖീകരിക്കാന്‍  ഐക്യവും പരസ്പര വിശ്വാസവും ഏറെ പ്രധാനമാണ്. തമ്മില്‍ തമ്മിലുള്ള  എല്ലാ വിധ അഭിപ്രായ ഭിന്നതകളും പരിഹരിച്ചു കൊണ്ടുള്ള ഐക്യം അസാധ്യമാണ് എന്ന ബോധ്യത്തില്‍ നിന്ന് വേണം പരസ്പര വിശ്വാസം നിലനിര്‍ത്താന്‍. അഭിപ്രായ വൈജാത്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുള്ള ഐക്യം മാത്രമാണ് പ്രായോഗികം.  വിഷയാധിഷ്ഠിതമായി  സമുദായത്തിന്റെ പൊതു പ്ലാറ്റ്‌ഫോമുകള്‍ രൂപപ്പെടുത്തുക,  ഒന്നിച്ചു നിന്ന് അവകാശ സമരങ്ങള്‍ നടത്തുക തുടങ്ങി ഈയിടെ കണ്ട  ആശ്വാസദായകമായ  മുന്നേറ്റങ്ങള്‍ക്ക് നേരെ കണ്ണടച്ചുകൊണ്ടല്ല ഇത് പറയുന്നത്. സംവാദ ശൈലികളിലും  ഗുണകരമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട് എന്നതും ശരിതന്നെയാണ്.
സമുദായ സംഘടനകളുടെ ഉദ്ഭവ പശ്ചാത്തലങ്ങളും  ചരിത്രത്തിലെ ശരി-തെറ്റുകളും പോസ്റ്റ്‌മോര്‍ട്ടം ചെയ്തു എപ്പോഴും ശിക്ഷ വിധിച്ചുകൊണ്ടിരിക്കുന്ന ശൈലിക്ക് വലിയ തോതില്‍ മാറ്റം വന്നെങ്കിലും, പുതിയ  കാലത്ത് ഇതര പ്രസ്ഥാനങ്ങളുടെ സമീപനങ്ങളോടും നിലപാടുകളോടും വലിയ തോതിലുള്ള അസഹിഷ്ണുതയാണ് മിക്ക സംഘടനകളും അതിന്റെ വക്താക്കളും ഇപ്പോഴും വെച്ചു പുലര്‍ത്തുന്നത് എന്നത് കാണാതിരുന്നു കൂടാ. മതപരമായ കാര്യങ്ങളിലുള്ളത് പോകട്ടെ, ഫാഷിസത്തോടുള്ള പ്രായോഗിക സമീപനത്തിലുള്ള  ഐക്യം പോലും നമുക്ക് സാധ്യമാകുന്നില്ല. ഇക്കാര്യത്തില്‍ പരസ്പരം മനസ്സിലാക്കാനോ ചര്‍ച്ച ചെയ്യാനോ അല്ല, ചാപ്പ  കുത്താനും മറ്റുള്ളവരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യാനുമാണ് നമുക്ക് താല്‍പര്യം.
മറു വശത്ത് ഭരണകൂട ഭാഷ്യങ്ങള്‍ക്കൊപ്പിച്ചു സംസാരിക്കുകയും തങ്ങളല്ലാത്തവരെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നതില്‍ ആനന്ദിക്കുകയും ചെയ്യുന്നവരുണ്ട്. ആദര്‍ശങ്ങള്‍ക്കും സംഘടനകള്‍ക്കും അപ്പുറത്ത് ഇത്തരം പ്രവണതകളുടെ അപകടം മനസ്സിലാവാത്തത്, വിശാലമായ സമുദായം എന്ന പ്ലാറ്റ്‌ഫോമിന്റെ അനിവാര്യതയും അതില്‍ തങ്ങള്‍ക്കുള്ള ഉത്തരവാദിത്വവും ഇനിയും തിരിച്ചറിയാത്തതുകൊണ്ട് മാത്രമാണ്.  മതപരമായ അറിവിനൊപ്പം സാമൂഹിക ബോധവും രാഷ്ട്രീയ ബോധവും നമ്മുടെ നേതൃത്വങ്ങള്‍ക്ക് അനിവാര്യമാണെന്ന തിരിച്ചറിവ് പ്രയോഗവത്കരിക്കാന്‍ നാം ഇനിയുമെത്രയോ സഞ്ചരിക്കണം.
നമ്മുടെ സംഘടനകളോ അതിന്റെ വക്താക്കളോ രൂപം നല്‍കിയ വിദ്യാഭ്യാസ സംരംഭങ്ങളും ഇതര സംവിധാനങ്ങളും വലിയ മുന്നേറ്റം കൈവരിച്ചതും അതിന്റെ ഗുണ ഫലങ്ങള്‍ സമൂഹത്തില്‍ വ്യാപിച്ചതുമെല്ലാം ആഘോഷിക്കപ്പെടുന്ന നേട്ടങ്ങളാവുമ്പോഴും  അതു സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ ഉടലെടുക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു. ഒരു മേശക്ക് ഇരു പുറവുമിരുന്നു പരിഹരിക്കാവുന്ന തെറ്റിദ്ധാരണകള്‍ വലിയ തോതിലുള്ള  ചര്‍ച്ചകളിലേക്കും പരസ്പരമുള്ള പോര്‍വിളികളിലേക്കും എത്തിക്കുന്ന പക്വതക്കുറവ് ഒരിക്കലും സംഭവിച്ചു കൂടാത്തതാണ്. ഭിന്നതക്ക് ആക്കം കൂട്ടാന്‍ കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്നവരെ അവഗണിക്കുകയാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ആദ്യം ചെയ്യേണ്ടത്.  വൈകാരികതയെക്കാള്‍ പ്രായോഗിക പരിഹാരങ്ങളിലാണ് പുതിയ കാലത്ത് നാം വിശ്വാസമര്‍പ്പിക്കേണ്ടത്.
മത സംഘടനകള്‍ അടിയന്തരമായി ചെയ്യേണ്ടത്, ആഭ്യന്തരമായി പറയേണ്ട കാര്യങ്ങള്‍ പരസ്യപ്പെടുത്താതിരിക്കാനുള്ള വിവേകവും സൂക്ഷ്മതയും ആര്‍ജിക്കലാണ്. ഭിന്നിപ്പുകള്‍ക്ക് ആക്കം കൂട്ടുന്ന എത്രയെത്ര വീഡിയോ ബൈറ്റുകളാണ് ദിനം പ്രതി സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്! വീഡിയോ കവറേജുകള്‍ എവിടെയൊക്കെ വേണം, വേണ്ട എന്ന ഔചിത്യബോധമുണ്ടായാല്‍ സംഘടനകള്‍ക്ക് മാത്രമല്ല സമുദായത്തിനും, മറുപടി നല്‍കി പാഴാക്കുന്ന കുറേ സമയം ലാഭിക്കാം. മാന്യവും ക്രിയാത്മകവുമായ സോഷ്യല്‍ മീഡിയാ സംസ്‌കാരം സമുദായം പരിശീലിക്കേണ്ടതുണ്ട്. ഇതര  വിശ്വാസങ്ങളോട് പോലും എങ്ങനെ വര്‍ത്തിക്കണമെന്ന് വ്യക്തമായ മാര്‍ഗനിര്‍ദേശം നല്‍കിയ ഒരു വേദഗ്രന്ഥത്തിന്റെ അനുയായികള്‍ക്ക്  പരസ്പരം എങ്ങനെ ഇടപെടണമെന്നുള്ള  തിരിച്ചറിവ് നഷ്ടപ്പെടുന്നത്  ഏറെ സങ്കടകരമാണ്. വിശുദ്ധ ഖുര്‍ആന്‍  ഇക്കാര്യത്തില്‍ നല്‍കിയ നിര്‍ദേശങ്ങള്‍ തങ്ങളുടെ അനുയായികള്‍ എത്രത്തോളം പരിഗണിക്കുന്നുണ്ട് എന്ന് സംഘടനാ നേതൃത്വങ്ങള്‍ സ്വയം വിചാരണ നടത്തണം. ഒരേ സംഘടനയില്‍ പെട്ടവരുടെ ആഭ്യന്തര തര്‍ക്കങ്ങള്‍ പോലും എത്ര മോശമായ ഭാഷയിലും ശൈലിയിലുമാണ് കൈകാര്യം ചെയ്യപ്പെടുന്നത് എന്നു  നോക്കിയാല്‍, ഒരു സാമൂഹിക മാധ്യമ സംസ്‌കാരം രൂപപ്പെടുത്തേണ്ടതിന്റെ അനിവാര്യത ചെറുതല്ല എന്ന് ബോധ്യപ്പെടും.
ചുമതലകളെക്കുറിച്ച തിരിച്ചറിവുകളാണ് കൂട്ടായ യത്‌നങ്ങളുടെ അനിവാര്യത ബോധ്യപ്പെടുത്തുക. എന്തിനു വേണ്ടി ഐക്യപ്പെടണം, എന്തുകൊണ്ട് ഭിന്നിക്കരുത് എന്ന ചോദ്യത്തിന് ഉത്തരമായി കൃത്യമായ ബോധ്യവും അവബോധവും വളര്‍ത്തിയെടുക്കണം. ശത്രുക്കളോട് പോലും നീതി പുലര്‍ത്താന്‍ അനുശാസിക്കുന്ന ഒരു വിശ്വാസദര്‍ശനത്തിന്റെ വക്താക്കളോട് പരസ്പരമുള്ള കടമയെയും ചുമതലകളെയും കുറിച്ച് ഉണര്‍ത്തേണ്ടിവരുന്നത് സങ്കടകരമാണ്.  പുതിയ തലമുറ നേരിടുന്ന വിശ്വാസപരമായ സന്ദേഹങ്ങളെയോ മൂല്യച്യുതിയെയോ ഔദ്യോഗിക രൂപംപൂണ്ട ലിബറല്‍  ദര്‍ശനങ്ങളുടെ കടന്നുകയറ്റത്തെയോ അതതിന്റെ  ഗൗരവത്തോടെ   അഭിമുഖീകരിക്കുന്നുണ്ടോ എന്ന ചോദ്യം സ്വന്തത്തോട് നാം ചോദിച്ചുകൊണ്ടിരിക്കണം. അതിനായി  കര്‍മ പദ്ധതികള്‍ രൂപപ്പെടുത്തേണ്ടതുമുണ്ട്.  ഇവയെല്ലാം തിരിച്ചറിഞ്ഞുകൊണ്ട് ആഭ്യന്തര സംവാദങ്ങളുടെ സ്വഭാവത്തില്‍ മാറ്റംവരുത്തി നമ്മുടെ മുന്‍ഗണനാ ക്രമങ്ങളെ പുനഃക്രമീകരിച്ചില്ലെങ്കില്‍ നമുക്ക് വന്നു ഭവിക്കാവുന്ന അപകടം മറ്റാരെക്കാളും കൂടുതല്‍ അവരവരെ തന്നെയാണ് ബാധിക്കുക എന്ന തിരിച്ചറിവുണ്ടാകണം.
മുസ്‌ലിം ജീവിതത്തിന്റെ കേരള മോഡല്‍ ഇന്ത്യയാകെ പരിചയപ്പെടുത്തേണ്ടതുണ്ട്. ആ ഉത്തരവാദിത്വം ക്രിയാത്മകമായി നിര്‍വഹിക്കാന്‍ മത സംഘടനകളുടെ  കാര്‍മികത്വം  അത്യന്താപേക്ഷിതമാണ്. സാമൂഹിക സാഹചര്യങ്ങള്‍ മെച്ചപ്പെട്ടാല്‍ മാത്രമേ അതിജീവനം സാധ്യമാകൂ. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പ്രാഥമിക സ്‌കൂള്‍ വിദ്യാഭ്യാസം പോലും ലഭിക്കാത്തവരായി ലക്ഷക്കണക്കിന് സമുദായ ബാല്യങ്ങള്‍ വര്‍ത്തമാന കാലത്ത് തന്നെയുണ്ട്. ഒരു ദശകത്തിലേറെയായി മലയാളി മുസ്‌ലിം അവരെ വഴികാട്ടുന്ന യത്‌നം തുടങ്ങിയിട്ട്.
പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബിന്റെ  മനസ്സില്‍ വിരിഞ്ഞ വിഷനും ദാറുല്‍ ഹുദാ സംരംഭങ്ങളും, കാരന്തൂര്‍  മര്‍ക്കസിന്റെ കീഴിലെ യത്‌നങ്ങളും,  മുജാഹിദ് സംഘടനകളും, കോഴിക്കോട് ആസ്ഥാനമായ ഔര്‍ ഇന്ത്യ ഫൗണ്ടേഷനും, ഇവിടെ പരാമര്‍ശിക്കപ്പെടാത്ത ഒട്ടനവധി സംവിധാനങ്ങളുമെല്ലാം നടത്തുന്ന ദൗത്യ നിര്‍വഹണങ്ങളെല്ലാം  സ്തുത്യര്‍ഹമെങ്കിലും ആവശ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇനിയും പതിന്മടങ്ങ് വര്‍ധിപ്പിക്കേണ്ടതായിട്ടാണിരിക്കുന്നത്. 
  94477 57806
 

Comments

Other Post

ഹദീസ്‌

സ്വര്‍ഗം ഉറപ്പാക്കിയ പത്താളുകള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ- 49-53