Prabodhanm Weekly

Pages

Search

2022 നവംബര്‍ 18

3277

1444 റബീഉല്‍ ആഖിര്‍ 23

ഇബ്‌റാഹീം മുനീര്‍  വിടവാങ്ങി

അബൂ സ്വാലിഹ

ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ ഉപാധ്യക്ഷനും ആക്ടിംഗ് കാര്യദര്‍ശിയുമായിരുന്ന ഇബ്‌റാഹീം മുനീര്‍ വിടവാങ്ങി. 85 വയസ്സായിരുന്നു. ലണ്ടനില്‍ വെച്ചാണ് അന്ത്യം. അര നൂറ്റാണ്ടുകാലമായി ലണ്ടനില്‍ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു. 1937 - ജൂണ്‍ ഒന്നിന് ഈജിപ്തിലെ മന്‍സ്വൂറ നഗരത്തില്‍ ജനിച്ച അദ്ദേഹം കയ്‌റോ യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ് ബിരുദം നേടിയത്. 'ഇഖ്‌വാനെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമം നടത്തി' എന്നാരോപിച്ച് 1965-ല്‍ അന്നത്തെ ഈജിപ്ഷ്യന്‍ പ്രസിഡന്റ് ജമാല്‍ അബ്ദുന്നാസിര്‍ ഇബ്‌റാഹീം മുനീറിനെ ജയിലിലടച്ചു. പത്ത് വര്‍ഷമാണ് ജയിലില്‍ കഴിഞ്ഞത്. ജയില്‍ വാസം കഴിഞ്ഞ് നേരെ പോയത് കുവൈത്തിലേക്കാണ്. അവിടെ അഞ്ച് വര്‍ഷം തങ്ങിയ ശേഷമാണ് ബ്രിട്ടനിലെത്തിയത്. 1995-ല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ യൂറോപ്യന്‍ വക്താവായി. അതേവര്‍ഷം തന്നെ ഇഖ്‌വാന്റെ അന്താരാഷ്ട്ര സമിതിയില്‍ അംഗമാവുകയും ചെയ്തു. ഇഖ്വാന്റെ കാര്യദര്‍ശി മുഹമ്മദ് ബദീഇനെ ഈജിപ്ഷ്യന്‍ ഏകാധിപതി അബ്ദുല്‍ ഫത്താഹ് സീസി ജയിലിലടച്ചതിനാല്‍ അദ്ദേഹത്തിന്റെ ചുമതലകള്‍ വഹിച്ചുവന്നിരുന്നത് മഹ്മൂദ് ഇസ്സത്ത് ആയിരുന്നു. 2020-ല്‍ അദ്ദേഹവും അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ് ആക്ടിംഗ് അധ്യക്ഷനായി ഇബ്‌റാഹീം മുനീറിന് ചുമതലയേല്‍ക്കേണ്ടി വന്നത്.
പ്രായാധിക്യമുണ്ടായിരുന്നെങ്കിലും അന്ത്യം ആകസ്മികമായിരുന്നു. മരണത്തിന് തൊട്ടു മുമ്പ് വരെ, ഈജിപ്തിലെ രാഷ്ട്രീയത്തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചാ യോഗത്തില്‍ സംബന്ധിക്കുകയുണ്ടായി. ഇഖ്‌വാനികളായ തടവുകാരെ മാത്രമല്ല, എല്ലാ തടവുകാരെയും മോചിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇഖ്‌വാന്‍ അധികാര മത്സരത്തിനില്ല എന്ന അദ്ദേഹത്തിന്റെ വിവാദത്തിനിടയാക്കിയ പ്രസ്താവന ഈ പശ്ചാത്തലത്തില്‍ വേണം മനസ്സിലാക്കാന്‍. തന്റെ നാടും പ്രസ്ഥാനവും കടന്നുപോകുന്ന അതിഗുരുതരമായ സ്ഥിതിവിശേഷത്തില്‍നിന്നുള്ള മോചനമാര്‍ഗത്തെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ചിന്ത മുഴുവനും. അതിനു വേണ്ടി പലതരം നീക്കങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ആ യത്‌നങ്ങള്‍ പുറത്ത് പറയാതെ രഹസ്യമാക്കി വെക്കുകയാണ് അദ്ദേഹത്തിന്റെ രീതി. പതിറ്റാണ്ടുകളോളം പുറം രാജ്യങ്ങളിലെ ഇഖ്‌വാന്റെ സെക്രട്ടറിയായിരിക്കെ ബ്രിട്ടനിലും മറ്റു പാശ്ചാത്യ രാജ്യങ്ങളിലും നിരവധി ഇസ്‌ലാമിക് സെന്ററുകളും ജംഇയ്യകളും അദ്ദേഹത്തിന്റെ ശ്രമഫലമായി ഉയര്‍ന്നുവന്നിട്ടുണ്ട്. ഇഖ്‌വാനെതിരെ ബില്യനുകള്‍ ചെലവഴിച്ച് കള്ളാരോപണങ്ങള്‍ അഴിച്ചു വിട്ട് സംഘടനയെ ഭീകരപ്പട്ടികയില്‍ പെടുത്താന്‍ ചില രാഷ്ട്രങ്ങള്‍ കൊണ്ടുപിടിച്ച് ശ്രമിച്ചെങ്കിലും ഇബ്‌റാഹീം മുനീറിന്റെ നേതൃത്വത്തില്‍ അതിനെതിരെ ശക്തമായ പ്രതിരോധം തീര്‍ത്തു. 2016-ല്‍ ബ്രിട്ടന്‍ ഔദ്യോഗികമായി ഭീകരപ്പട്ടിക പുറത്ത് വിട്ടപ്പോള്‍ അതില്‍ ഇഖ്‌വാന്റെ പേരില്ലായിരുന്നു. നാനാഭാഗത്തു നിന്നും ആക്രമിക്കപ്പെട്ടുകൊണ്ടിരുന്ന ഇഖ്‌വാന്ന് വലിയ ആശ്വാസമായിരുന്നു കള്ള പ്രചാരണങ്ങളെ ഈ വിധം പ്രതിരോധിക്കാനായത്.
ഏകാധിപത്യ ഭരണകൂടങ്ങളുടെ അടിച്ചമര്‍ത്തല്‍ കാരണം ശിഥിലമായിപ്പോയ സംഘടനാ സംവിധാനത്തെ ഏറക്കുറെ ഏകോപിപ്പിക്കാനായി എന്നതുതന്നെയാണ് അദ്ദേഹത്തിന്റെ വലിയ നേട്ടം. തുര്‍ക്കി ഇഖ്‌വാന്‍, ബ്രിട്ടനിലെ ഇഖ്‌വാന്‍ എന്നിങ്ങനെ സംഘടന പിളര്‍പ്പിന്റെ വക്കിലാണെന്ന എതിരാളികളുടെ പ്രചാരണത്തെ പുതിയ പോഷക വിംഗുകളുണ്ടാക്കി സംഘടനക്ക് നവോന്മേഷം നല്‍കിയാണ് അദ്ദേഹം നേരിട്ടത്. യുവാക്കള്‍ക്ക് ധാരാളമായി സംഘടനാ ചുമതലകള്‍ നല്‍കി. 2011-ലെ 'ജനുവരി വിപ്ലവം' മുതല്‍ സംഘടന സ്വീകരിച്ച മുഴുവന്‍ നയങ്ങളെയും വിമര്‍ശനാത്മകമായി നിരൂപണം ചെയ്യുന്ന ഒരു പഠന പദ്ധതിക്കും അദ്ദേഹം തുടക്കം കുറിക്കുകയുണ്ടായി. ബ്രിട്ടനിലെ അരനൂറ്റാണ്ടു കാലത്തെ ജീവിതാനുഭവങ്ങളാണ് ഇതിനൊക്കെ അദ്ദേഹത്തെ പ്രാപ്തനാക്കിയത്.
ഖുത്വുബുല്‍ അറബി എന്ന കോളമിസ്റ്റ് 'അറബി-21' ല്‍ എഴുതിയ അനുസ്മരണ ലേഖനത്തില്‍, ഇബ്‌റാഹീം മുനീറിന് ഇഖ്വാന്റെ മുന്‍ കാര്യദര്‍ശി ഉമര്‍ തിലിംസാനിയുമായി രൂപസാദൃശ്യം മാത്രമല്ല, സ്വഭാവ സാദൃശ്യവുമുണ്ടെന്ന് പറയുന്നുണ്ട്. ഇരുവരും ശാന്ത പ്രകൃതരും പതിഞ്ഞ സ്വരത്തില്‍ കുറച്ച് മാത്രം സംസാരിക്കുന്നവരും, ധാരാളമായി മറ്റുള്ളവരെ കേള്‍ക്കുന്നവരും, വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നവരും, ഭിന്ന സംസ്‌കൃതികളെയും കാഴ്ചപ്പാടുകളെയും വിലമതിക്കുന്നവരും ആയിരുന്നു.
ജമാല്‍ അബ്ദുന്നാസിര്‍ ഒരു പാഠപുസ്തകമാണെന്ന് ഇബ്‌റാഹീം മുനീര്‍ പറയുമായിരുന്നു. ഇഖ്‌വാനെ ഒന്നും അവശേഷിപ്പിക്കാതെ കുഴിച്ചുമൂടാനാണ് നാസിര്‍ ശ്രമിച്ചത്. മുഴുവന്‍ ഭരണകൂട മെഷിനറികളെയും അതിനു വേണ്ടി ദുരുപയോഗം ചെയ്തു. പക്ഷേ, 1967-ലെ കനത്ത യുദ്ധ പരാജയം നാസിറിനെയും അയാള്‍ കെട്ടിപ്പൊക്കിയ സകലതിനെയും കുഴിച്ചുമൂടി. ഇഖ്‌വാന്‍ ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റു. സമീപ ഭാവിയില്‍ ഇതുപോലൊരു പ്രഹരം അബ്ദുല്‍ ഫത്താഹ് സീസി എന്ന ഏകാധിപതിയെ ഇല്ലാതാക്കുമെന്നും ഇഖ്‌വാന്‍ മഹത്തായ ലക്ഷ്യങ്ങളിലേക്കുള്ള അതിന്റെ പ്രയാണം തുടരുമെന്നുമുള്ള വലിയ പ്രത്യാശ ബാക്കിവെച്ചാണ് സാത്വികനായ ഇബ്‌റാഹീം മുനീര്‍ വിടവാങ്ങിയിരിക്കുന്നത്. 

 

ചെയ്ത കുറ്റം എന്താണെന്നറിയാതെ....

 

സൈഫുല്ല പറച്ചക്ക് എഴുപത്തിയഞ്ച് വയസ്സായി. പാകിസ്താനി സംരംഭകനാണ്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ നേരത്തെയുണ്ട്. അദ്ദേഹം നിയമ വിരുദ്ധമായി എന്തെങ്കിലും ചെയ്തതിന് ഇന്നേവരെ തെളിവുകളൊന്നുമില്ല. എന്നിട്ടും ഈ മനുഷ്യന്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ ഗ്വാണ്ടനാമോയിലെ ഭീകര നരനായാട്ട്‌കേന്ദ്രത്തില്‍ കഴിഞ്ഞത് നീണ്ട പത്തൊമ്പത് വര്‍ഷം. കഴിഞ്ഞ ഒക്‌ടോബറിലാണ് ഇദ്ദേഹത്തെ ഔദ്യോഗികമായി മോചിപ്പിച്ചത്. പിടികൂടിയപ്പോഴോ മോചിപ്പിച്ചപ്പോഴോ കുറ്റം ഇന്നതായിരുന്നുവെന്നോ, ശിക്ഷയുടെ കാലാവധി തീര്‍ന്നതു കൊണ്ട് വിട്ടയക്കുന്നുവെന്നോ ബന്ധപ്പെട്ടവരാരും പറഞ്ഞില്ല. എന്തിനിത്ര കാലം ഗ്വാണ്ടനാമോയില്‍ നരകയാതന അനുഭവിച്ചു എന്നതിന് ഉത്തരമില്ല. അബദ്ധം പറ്റിയതാണെങ്കില്‍ നഷ്ടപരിഹാരം നല്‍കേണ്ടേ; ഏറ്റവും ചുരുങ്ങിയത് ഒരു ക്ഷമാപണമെങ്കിലും? ഒന്നുമില്ല. കറാച്ചിയിലെ സ്വന്തം വീട്ടില്‍ ജീവനോടെ തിരിച്ചെത്തി എന്നു മാത്രം ആശ്വസിക്കാം.
അല്‍ഖാഇദ ബന്ധമാരോപിച്ച് പല നാടുകളിലുള്ളവരെയാണ് അമേരിക്ക ഗ്വാണ്ടനാമോയിലേക്ക് പിടിച്ചുകൊണ്ടുവന്നത്. അവരില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ വരെ ഉണ്ടായിരുന്നു. അവരില്‍ ഏറ്റവും പ്രായം കൂടിയ ആളായിരുന്നു സൈഫുല്ല പറച്ച. ബിസിനസുകാരനായ ഇദ്ദേഹത്തെ 2003-ല്‍ അമേരിക്കന്‍ എഫ്.ബി.ഐ ഏജന്റുമാര്‍ തന്ത്രപൂര്‍വം തായ്‌ലന്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അവിടെയെത്തിയ പറച്ചയെ അവര്‍ സകല അന്താരാഷ്ട്ര നിയമങ്ങളും കാറ്റില്‍പറത്തി തട്ടിക്കൊണ്ടുപോവുകയും മുഖം തുണികൊണ്ട് മൂടിക്കെട്ടി അഫ്ഗാനിസ്താനിലെത്തിക്കുകയും പിന്നെ ഗ്വാണ്ടനാമോയിലെ വേട്ടനായ്ക്കള്‍ക്ക് കൈമാറുകയുമായിരുന്നു.
അമേരിക്കയില്‍ താമസിക്കുന്ന സൈഫുല്ലയുടെ മകന്‍ ഉസൈറിനെയും 2005-ല്‍ പിടികൂടി മുപ്പത് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. രണ്ട് പേര്‍ക്കുമെതിരെയുള്ള കുറ്റം 'അല്‍ഖാഇദയെ ഭൗതികമായി സഹായിച്ചു' എന്നത് തന്നെ. തെളിവിന്റെ കച്ചിത്തുരുമ്പു പോലും ഇല്ലാത്തതിനാല്‍ പതിമൂന്ന് വര്‍ഷം കഴിഞ്ഞ് 2018-ല്‍ അമേരിക്കയിലെ ഫെഡറല്‍ കോടതി ജഡ്ജ് സിഡ്‌നി സ്റ്റെയ്ന്‍ ഉസൈറിനെ സ്വതന്ത്രനാക്കാന്‍ ഉത്തരവിട്ടു. വിചാരണ നടത്തണമെങ്കില്‍ പുതിയ കേസ് ഫയല്‍ ചെയ്യണമെന്ന് നിര്‍ദേശിച്ചു. രണ്ട് വര്‍ഷം കഴിഞ്ഞ് ഉസൈറിനെതിരെയുള്ള കേസ് പ്രോസിക്യൂഷന് വിട്ടുകളയേണ്ടി വന്നു.
ലോകത്തെ ജനാധിപത്യവും മനുഷ്യാവകാശങ്ങളും പഠിപ്പിക്കുന്ന അമേരിക്കക്ക് ഇതൊക്കെ ആവാം. ആര്‍ക്കും പരാതിയില്ല!! 

Comments

Other Post

ഹദീസ്‌

സ്വര്‍ഗം ഉറപ്പാക്കിയ പത്താളുകള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ- 49-53