Prabodhanm Weekly

Pages

Search

2022 നവംബര്‍ 18

3277

1444 റബീഉല്‍ ആഖിര്‍ 23

ഇസ്‌ലാം തുറന്ന പുസ്തകമാണ്-2 'ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍  പുനരാലോചനകള്‍ക്ക് തയാറാകണം'

ദീര്‍ഘ സംഭാഷണം / ശൈഖ് അഹ്മദ് കുട്ടി ടൊറണ്ടോ /സദ്‌റുദ്ദീന്‍ വാഴക്കാട്   [email protected]

അമേരിക്കയിലും യൂറോപ്പിലുമൊക്കെ മുസ്‌ലിം സമൂഹത്തിന്റെ ജീവിതവും പള്ളികളും തമ്മിലുള്ള ബന്ധം എങ്ങനെയാണ്? ബഹുസ്വര സമൂഹങ്ങളില്‍ പള്ളികള്‍ നിര്‍വഹിക്കേണ്ട ദൗത്യങ്ങള്‍ എന്തൊക്കെയാണ്?

ഓറിയന്റലിസത്തിന്റെ പ്രധാനപ്പെട്ടൊരു പഠന മേഖലയാണ് മുസ്‌ലിം നഗരങ്ങള്‍. ഇസ്‌ലാമിക ചരിത്രത്തില്‍ നഗരമധ്യത്തിലാണ്, ജനവാസ കേന്ദ്രത്തിലാണ് പള്ളികള്‍ നിലകൊണ്ടിരുന്നത്. ജനസമൂഹത്തിന്റെ വൈജ്ഞാനിക, സാംസ്‌കാരിക, ആത്മീയ സിരാ കേന്ദ്രമായിട്ടാണ് പള്ളികള്‍ ഇസ്‌ലാമിക നാഗരികതയില്‍ പ്രവര്‍ത്തിച്ചിരുന്നത്. മാര്‍ക്കറ്റ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെയെല്ലാം അടുത്താണ് പള്ളി. അവിടെനിന്ന് നോക്കിയാല്‍ ഖബറിസ്ഥാന്‍ കാണാനാകും. അതൊരു ഉദ്‌ബോധനമാണ്. എല്ലാറ്റിന്റെയും അവസാനം ഖബറിസ്ഥാനിലാണെന്ന ഉണര്‍ത്തല്‍! ഇതൊരു പ്ലാനിങ്ങിന്റെ ഫലമായി ഉണ്ടായിട്ടുള്ളതാണ്. എന്നാല്‍ ഇന്നോ? പല രാജ്യങ്ങളിലും ഞാന്‍ കണ്ടിട്ടുണ്ട്; ജനങ്ങളുടെ താമസം ഒരു ഭാഗത്ത്, പള്ളി മറ്റൊരു ഭാഗത്ത്, ഖബറിസ്ഥാന്‍ മൂന്നാമതൊരിടത്ത്. ഇന്ന്, പള്ളി ആരാധനക്ക് മാത്രമായിരിക്കുന്നു. നബിയുടെ കാലത്ത്, സാമൂഹിക ജീവിതവുമായി ബന്ധപ്പെട്ട എല്ലാറ്റിന്റെയും കേന്ദ്രമായിരുന്നു പള്ളികള്‍. സാമൂഹിക വികാസവും സമാധാനാന്തരീക്ഷവും പള്ളിയുടെ പ്രധാന ദൗത്യമായിരുന്നു. പള്ളിയുടെ സാംസ്‌കാരിക പരിസരത്തുനിന്ന് മൂല്യങ്ങള്‍ സമൂഹത്തിലേക്ക് പ്രസരണം ചെയ്തിരുന്നു. ഇവയുടെയെല്ലാം പശ്ചാത്തലത്തില്‍ രൂപപ്പെട്ട, നന്മയിലൂന്നിയ, സന്തോഷവും ആനന്ദവും സംഗീതവും സൗന്ദര്യവും നമുക്ക് നഷ്ടപ്പെട്ടുപോയിരിക്കുന്നു. സൗന്ദര്യമുള്ള ഇസ്‌ലാം എവിടെയോ കൈമോശം വന്നില്ലേ? ഇസ്‌ലാമിനോളം സംഗീതാത്മകമായ മറ്റെന്തുണ്ട്? എന്നിട്ടും നാം, സംഗീതത്തെ നിഷിദ്ധമാക്കി!
അമേരിക്കയിലെ പൊതു ഇടങ്ങളില്‍ മുസ്‌ലിം സാന്നിധ്യം സജീവമാണ്. തെരുവുകളില്‍ ഹിജാബ് ധരിച്ച സ്ത്രീകളെ കാണാം. ഇത് സാമൂഹിക സാന്നിധ്യത്തിന്റെ ഒരു അടയാളമാണ്. മറ്റൊന്ന്, വര്‍ധിച്ചു വരുന്ന പള്ളികളാണ്. ടൊറണ്ടോയില്‍ ഞാന്‍ ചെല്ലുമ്പോള്‍ ഒരു പള്ളിയാണ് ഉണ്ടായിരുന്നത്. 'മദര്‍ ഓഫ്  മോസ്‌ക്‌സ്' (Mother of Mosques) എന്ന് അത് അറിയപ്പെട്ടു. ഇന്ന് ഇതേ ടൗണില്‍ നൂറിലേറെ വലിയ പള്ളികള്‍ കാണാം. എല്ലാ പള്ളികളും പ്രാര്‍ഥനക്കെത്തുന്നവരാല്‍ നിറഞ്ഞിരിക്കും. ഇസ്‌ലാമിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജുമുഅക്ക് 1000 പേരെങ്കിലും പങ്കെടുക്കും. ഇഫ്ത്വാറിന് 1500-ലേറെ ആളുകള്‍ ഉണ്ടാവും. പാതിരാത്രി കഴിഞ്ഞ് നടക്കുന്ന ഖിയാമുല്ലൈലിലും പള്ളികള്‍ നിറഞ്ഞിരിക്കും. ജനബാഹുല്യം കാരണം മൂന്ന് തവണയായി ജുമുഅ നടക്കുന്ന പള്ളി ടൊറണ്ടോയിലുണ്ട്. അമേരിക്കയിലും പള്ളികള്‍ പൊതുവേ ജനനിബിഡമാണ്. കാലിഫോര്‍ണിയയില്‍ പോയപ്പോള്‍, ഡോ. മുസമ്മില്‍ സിദ്ദീഖിയുടെ മുപ്പത് ഏക്കറോളം പരന്നുകിടക്കുന്ന ഇസ്‌ലാമിക് സെന്ററിലെ പള്ളിയില്‍ ഞാന്‍ ഖുത്വ്ബ നടത്തുകയുണ്ടായി. ഇതര മതസമുദായങ്ങളില്‍ നിന്ന് ഇസ്‌ലാമിലേക്ക് കടന്നുവന്നിട്ടുള്ളവര്‍ വലിയ ദീനീ പ്രബോധകരായി മാറിയതിന്റെ എത്രയെങ്കിലും ഉദാഹരണങ്ങള്‍ ഇന്ന് ലോകത്തുണ്ട്. നാം കാണുന്ന ഇസ്‌ലാംവിരുദ്ധത ഒരു വശം മാത്രമാണ്. അതിനപ്പുറവും ഇസ്‌ലാമിന് അനുകൂലമായ അവസ്ഥകളും ഇവിടെയെല്ലാമുണ്ട്.  ജീവിതത്തില്‍ സമാധാനം ലഭിക്കുക എല്ലാവരുടെയും ആവശ്യമാണ്, അമേരിക്കയിലെയും യൂറോപ്പിലെയും ജനങ്ങള്‍ക്ക് വിശേഷിച്ചും. ഒരിക്കല്‍ പ്രഭാഷണം കഴിഞ്ഞ്, ഒരു കനേഡിയന്‍ അധ്യാപകന്‍ എന്നോട് ചോദിച്ചു: 'നിങ്ങള്‍ എങ്ങനെയാണ് സമാധാനം കണ്ടെത്തുന്നത്?' ഒരേയൊരു മറുപടിയാണ് പറഞ്ഞത്: 'ഞാന്‍ ദൈവത്തെ ആരാധിക്കുന്നു. പരമാവധി എപ്പോഴും ദൈവത്തെ ഓര്‍ക്കുന്നു- ഇതാണ് എന്റെ സമാധാനത്തിന്റെ അടിസ്ഥാനം.' ഇസ്‌ലാമിലെ ആരാധനകള്‍, ആത്മീയ ജീവിതം അവര്‍ക്ക് പരിചയപ്പെടുത്തണം. മുഹമ്മദ് നബിയുടെ ദൈവസ്മരണ (ദിക്‌റുല്ല) അവരെ സംബന്ധിച്ച് പ്രധാനമാണ്. പള്ളികള്‍ ഇതര മതക്കാര്‍ക്കു കൂടി തുറന്നുകൊടുക്കണം. അവിടെ നടക്കുന്ന കാര്യങ്ങള്‍ കണ്ടനുഭവിക്കാന്‍  എല്ലാവര്‍ക്കും സൗകര്യമുണ്ടാകണം. ജുമുഅയില്‍ പ്രഭാഷകനെ കാണാന്‍ അവസരമുണ്ടാകണം. ഇസ്‌ലാം എല്ലാവരെയും അഡ്രസ് ചെയ്യുന്നുണ്ട്. അയ്യുഹന്നാസ്.... ഓ മനുഷ്യരേ, എന്ത് മനോഹരമായ അഭിസംബോധന. 'നിന്റെ സഹോദരന്റെ മുഖത്ത് നോക്കി പുഞ്ചിരിക്കുക പുണ്യമാണ്' എന്ന് നബി പറഞ്ഞതിന് ഒരുപാട് അര്‍ഥങ്ങളുണ്ട്.
ഇറാഖ് യുദ്ധത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യപ്പെട്ട, മുസ്‌ലിംകളോട് യുദ്ധം ചെയ്യാന്‍ ആഗ്രഹിച്ച ഒരു അമേരിക്കക്കാരന്‍, സൈന്യത്തില്‍ ചേരുന്നതിന് മുമ്പ് മുസ്‌ലിംകളെ കണ്ടു മനസ്സിലാക്കാന്‍ ഒരു പള്ളിയില്‍ ചെന്നു. അയാളുടെ കൈയില്‍ തോക്കുണ്ടായിരുന്നു. പറഞ്ഞു കേട്ടതില്‍നിന്ന് വ്യത്യസ്തമായി അയാള്‍ പള്ളിയില്‍ കണ്ടത് ശാന്തപ്രകൃതരായ മുസ്‌ലിംകളെയാണ്. അയാള്‍, പിന്നെയും രണ്ട് മൂന്ന് ആഴ്ചകള്‍ പള്ളിയില്‍ വന്നു. ഒടുവില്‍ യുദ്ധത്തിന് വേണ്ടിയുള്ള യാത്ര ഉപേക്ഷിച്ചു, ഇസ്‌ലാം സ്വീകരിച്ചു. വളരെ ഉയര്‍ന്ന സ്ഥാനത്താണ് പിന്നീട് അദ്ദേഹം എത്തിപ്പെട്ടത്. ആ കഥ ഞാന്‍ മറ്റൊരിടത്ത് വിശദമായി പറയുന്നുണ്ട്. പള്ളി ആക്രമിക്കാനും മുസ്‌ലിംകളെ എതിര്‍ക്കാനും  വന്നവര്‍, ഇസ്‌ലാമിന്റെ വക്താക്കളായി മാറിയ എത്രയെത്ര അനുഭവങ്ങള്‍. ഗ്വാണ്ടനാമോയില്‍ കടുത്ത പീഡനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ വന്നവരില്‍ ചിലര്‍ തന്നെ ഇസ്‌ലാമിലെത്തിയിട്ടുണ്ട്. ഇമാം ജമീല്‍ അമീനെ കൊലപാതകക്കുറ്റം ചുമത്തി ജയിലില്‍ അടക്കുകയുണ്ടായി. അദ്ദേഹത്തെ കൂടുതല്‍ ടോര്‍ച്ചര്‍ ചെയ്യാനായി ഒരു വെള്ളക്കാരന്‍ മേധാവിയെ നിയമിച്ചു. കളേര്‍ഡ് ആളുകളെ കൊല്ലണമെന്ന് പറയുന്നവരാണ് വൈറ്റ് സുപ്രീമസിയുടെ വക്താക്കള്‍. അതിനനുസരിച്ച ട്രെയ്‌നിംഗ് അവര്‍ക്ക് കിട്ടിയിട്ടുണ്ടാകും. ജമീല്‍ അമീന്‍ പക്ഷേ, അദ്ദേഹത്തെ മനസ്സ് മാറ്റി ഇസ്‌ലാമിലേക്ക് കൊണ്ടുവന്നു. 
സാമൂഹിക സേവന രംഗത്ത് മുസ്‌ലിം സമൂഹം ക്രിയാത്മകമായി വര്‍ത്തിക്കണം. കാരുണ്യത്തിന്റെ പ്രയോഗ രൂപങ്ങള്‍ ജനങ്ങള്‍ക്ക് അനുഭവിക്കാനാകണം. വടക്കേ അമേരിക്കയില്‍ ഇത് ധാരാളം നടക്കുന്നുണ്ട്. ജനാസ സംസ്‌കരണ വേളയില്‍ ഇതര മതക്കാരും സന്നിഹിതരാകാറുണ്ട്. ജുമുഅ ഖുത്വ്ബക്കും നമസ്‌കാരത്തിനും അവര്‍ സാക്ഷികളാകാറുണ്ട്. ഭവനരഹിതര്‍ക്കും തെരുവ് ജീവിതങ്ങള്‍ക്കും വേണ്ടിയുള്ള ഭക്ഷണ വിതരണവും മറ്റു സഹായങ്ങളും ഉദാഹരണം. പള്ളികള്‍ കേന്ദ്രീകരിച്ച്, ലഞ്ച് പാക്കറ്റുകള്‍ തയാറാക്കി അര്‍ഹതപ്പെട്ട ആളുകള്‍ക്ക് നല്‍കിവരുന്നു. ആഴ്ചയിലെ ഭക്ഷണ വിതരണത്തിന്റെ ഗുണഭോക്താക്കള്‍ ഏറെയും ഇതര മതക്കാരാണ്. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പരിപാടികള്‍, വിദ്യാഭ്യാസ ശാക്തീകരണ വര്‍ക്ക്‌ഷോപ്പുകള്‍, കൗണ്‍സലിംഗ്,  ആശുപത്രി സന്ദര്‍ശനം തുടങ്ങിയവ പള്ളികള്‍ കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. ഇത് നമ്മുടെ ബാധ്യതാനിര്‍വഹണമാണ്. അതോടൊപ്പം, സാമൂഹിക ബോധത്തില്‍ ക്രിയാത്മക മാറ്റങ്ങള്‍ കൊണ്ടുവരാവുന്ന നല്ല അനുഭവങ്ങളും ഇത് നല്‍കും. ഒരു വശത്ത് ഇസ്‌ലാമോഫോബിയ ഒരു യാഥാര്‍ഥ്യമായിരിക്കെ തന്നെ, ഏതെങ്കിലും വംശീയവാദികള്‍ മുസ്‌ലിം പള്ളികള്‍ ആക്രമിച്ചാല്‍ അതിനെ പ്രതിരോധിക്കാന്‍ എല്ലാവരും ഒരുമിച്ചു ചേരുന്നത് നമുക്ക് കാണാനാകും. ക്രിസ്ത്യാനികളും ജൂതന്മാരുമൊക്കെ പള്ളി സംരക്ഷിക്കാന്‍ ഒരുമിച്ച് ഇറങ്ങിയ സംഭവം ടൊറണ്ടോ ഡൗണ്‍ടൗണ്‍ മസ്ജിദില്‍ ഉണ്ടായിട്ടുണ്ട്. അമേരിക്കയില്‍ ഒരു മസ്ജിദ് അഗ്‌നിക്കിരയാക്കിയപ്പോള്‍, അത് പുനര്‍നിര്‍മിക്കും വരെ ജുമുഅ നടത്തിയത് ഒരു സിനഗോഗിലായിരുന്നു. 

സാമൂഹികവും, സാംസ്‌കാരികവും രാഷ്ട്രീയവുമായ വെല്ലുവിളികളെ അതിജീവിക്കാന്‍ മുസ്‌ലിം ലോകത്തിന്റെ മുന്നിലുള്ള വഴികള്‍ എന്തൊക്കെയാണ്? പ്രതിസന്ധികളില്‍ പിടിച്ചുനില്‍ക്കാനും വരുംലോകത്തെ നയിക്കാനും മുസ്‌ലിം ഉമ്മത്ത് ഏതെല്ലാം തലങ്ങളില്‍ സ്വയം മാറേണ്ടതുണ്ട്? എന്തെല്ലാം മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്?

അല്ലാഹുവിലുള്ള കരുത്തുറ്റ വിശ്വാസം, അറിവ്, ഇസ്‌ലാമിനെ അവതരിപ്പിക്കാനുള്ള യുക്തിജ്ഞാനം, മനക്കരുത്ത്, വ്യക്തിത്വം തുടങ്ങിയവ വളര്‍ത്തിയെടുക്കുകയാണ് അതിജീവനത്തിന് മുസ്‌ലിം ഉമ്മത്തിന്റെ അടിസ്ഥാന യോഗ്യതകള്‍. ആത്മീയ വളര്‍ച്ച വളരെ പ്രധാനമാണ്. മൂല്യശോഷണവും ആത്മീയതാ ദാരിദ്ര്യവും മുസ്‌ലിം സമൂഹം ഗൗരവത്തില്‍ കണ്ട് പരിഹരിക്കണം. അല്ലാഹുവുമായുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് പ്രഥമവും പ്രധാനവുമായിട്ടുള്ളത്. മുഹമ്മദ് നബിയുടെ ആത്മീയ ജീവിതം, ദിക്‌റുകള്‍; നാം കൂടുതല്‍ പഠിക്കണം, പകര്‍ത്തണം. റസൂല്‍ എപ്പോഴും അല്ലാഹുവെ സ്മരിക്കുമായിരുന്നുവെന്ന് ഹദീസില്‍ കാണാം. ഇത് നാം  വികസിപ്പിച്ചെടുത്താല്‍ ജീവിതത്തില്‍ സമാധാനമുണ്ടാകും. 
അപരവല്‍ക്കരിക്കപ്പെട്ട, അടിച്ചമര്‍ത്തപ്പെട്ട ഒരു ജനത എങ്ങനെയാണ് അതിജീവിക്കുന്നത്, എങ്ങനെയാണ് പിന്നീട് ലോകത്തെ നിയന്ത്രിക്കുന്നത് എന്നതിന് ജൂതന്മാരില്‍ നിന്ന് ചില പാഠങ്ങള്‍ പഠിക്കാനുണ്ട്. ഒരു കാലത്ത്, No Dogs, No Jews എന്ന് കനഡയില്‍ ബോര്‍ഡുകള്‍ ഉണ്ടായിരുന്നു. അമേരിക്കയിലും യൂറോപ്പിലും ജൂതന്മാര്‍ വലിയ അവഗണനയും പീഡനവും സഹിച്ചിരുന്നു. പക്ഷേ, ഇന്ന് ഒരാളും അത് ചെയ്യില്ല. കാരണം, ജൂതന്മാര്‍ എല്ലാ മേഖലകളിലും വൈദഗ്ധ്യവും ആധിപത്യവും നേടിക്കഴിഞ്ഞു. ചില യൂനിവേഴ്‌സിറ്റികളില്‍ ഇസ്‌ലാമിക് സ്റ്റഡീസ് ഡിപ്പാര്‍ട്ടുമെന്റില്‍ വരെ ജൂതന്മാര്‍ പ്രഫസര്‍മാരായിട്ടുണ്ട്. നോബല്‍ സമ്മാനം നേടുന്നവരില്‍ വലിയൊരു വിഭാഗം ജൂതന്മാരാണ്. 
എന്തുകൊണ്ട് മുസ്‌ലിം സമൂഹം വ്യത്യസ്ത മേഖലകളില്‍ വൈദഗ്ധ്യം നേടി രംഗത്ത് വരുന്നില്ല? 'പരിപൂര്‍ണതയോടെ (Perfection/ഇത്ഖാന്‍) കര്‍മങ്ങള്‍ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു' എന്ന് ഒരു നബിവചനമുണ്ട്. കര്‍മങ്ങളില്‍ ഇത്ഖാനും ഇഹ്‌സാനും ഉണ്ടാകണം. കര്‍മങ്ങളുടെ സൗന്ദര്യമാണ് ഇസ്‌ലാം. ഇമാം ബുഖാരി പറഞ്ഞല്ലോ; ഞാന്‍ അല്ലാഹുവിനെ കണ്ടുമുട്ടുമ്പോള്‍ അവന്റെ മുന്നില്‍ തന്റെ കഠിനാധ്വാനത്തിന്റെ സ്‌നേഹസമര്‍പ്പണം പ്രതിനിധാനം ചെയ്യാനാണ് ആഗ്രഹിക്കുന്നത്. തന്റെ കര്‍മത്തില്‍ അത്രമേല്‍, ശ്രദ്ധയും സൂക്ഷ്മതയും അദ്ദേഹം പുലര്‍ത്തിയിട്ടുണ്ട്. പ്രധാനപ്പെട്ട മൂല്യമാണ് ഇഹ്‌സാന്‍. ബൗദ്ധിക രംഗത്ത്, കര്‍മമണ്ഡലങ്ങളില്‍, അല്ലാഹുവുമായുള്ള ബന്ധത്തില്‍... എല്ലാറ്റിലും ഇഹ്‌സാന്‍ ഉണ്ടാകണം. മുഹാസബയും മുറാഖബയും നമ്മുടെ പ്രകൃതമായി മാറണം. ഒാരോരുത്തരും തങ്ങളുടെ പ്രവര്‍ത്തനങ്ങളെ സ്വയം വിചാരണ ചെയ്യണം. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ശരിയാകാം എന്നപോലെ, തെറ്റുമാകാം. നമ്മള്‍ മാത്രമാണ് ശരി എന്നാണ് പലരും ചിന്തിക്കുന്നത്. നമ്മുടെ എതിരാളികളില്‍ നിന്ന് നമുക്ക് പലതും പഠിക്കാനുണ്ട് എന്ന് ഇമാം ഗസാലി നമ്മെ ഓര്‍മിപ്പിച്ചിട്ടുണ്ട്. നമ്മുടെ തെറ്റുകള്‍ കണ്ടെത്താന്‍ സഹായിക്കുക കൂടിയാണ് എതിരാളികള്‍. 'എന്റെ തെറ്റുകള്‍ എന്നോട് പറയുന്നത് നിങ്ങള്‍ എനിക്ക് തരുന്ന വലിയ സമ്മാനമാണ്' എന്ന് ഉമറുബ്‌നുല്‍ ഖത്ത്വാബ് പറയുകയുണ്ടായി. ഇമാം ശാഫിഈ ഒരാളുമായി സംവാദത്തിലേര്‍പ്പെടുമ്പോള്‍, 'അദ്ദേഹം പറഞ്ഞത് ശരിയാകാം, തന്റെ മറുപക്ഷത്തുള്ള ആളില്‍ നിന്ന് തനിക്ക് പഠിക്കാനുണ്ട്' എന്ന് ചിന്തിച്ചിരുന്നു. 'അദ്ദേഹം ശരിയാകാം, ഞാന്‍ തെറ്റാകാം' എന്ന് ചിന്തിക്കാന്‍ കഴിയുന്നത് അല്ലാഹുവുമായുള്ള ബന്ധംകൊണ്ടാണ്. താന്‍ മാത്രം ശരിയാണെന്ന് പറയാന്‍ സാധിക്കാത്ത വിധം കര്‍മങ്ങള്‍ അല്ലാഹുവില്‍ സമര്‍പ്പിക്കുകയാണ്. അല്ലാഹുവല്ലാത്ത മറ്റൊന്നും മുന്നിലില്ലാത്ത അവസ്ഥ! 'അവന്‍ പിടിക്കുന്ന കൈയും കാണുന്ന കണ്ണുമെല്ലാം അല്ലാഹുവായിത്തീരുന്നു! ഈ അവസ്ഥയിലേക്ക് നാം വികസിക്കണം. നമ്മുടെ പണ്ഡിതന്മാരും വിദ്യാര്‍ഥികളും ഈ തലത്തിലേക്ക് ഉയരണം. ആഇശ (റ) മൂന്നാം തലമുറയെ നോക്കി പറയുന്ന ഒരു കാര്യം വളരെ പ്രധാനമാണ്: 'നിങ്ങള്‍ ആരാധനകള്‍ നടത്തുന്നുണ്ട്; പക്ഷേ, വിനയം ചോര്‍ന്നുപോയിരിക്കുന്നു.' ആരാധനകളുടെ ആത്മാവാണ് വിനയം. തെറ്റുകള്‍ തിരുത്താനും മറ്റുള്ളവരില്‍ നിന്ന് പഠിക്കാനും വിനയം നമ്മെ പര്യാപ്തരാക്കുന്നു. 'തങ്ങളുടെ നേതാക്കളെ മുസ്‌ലിം സമൂഹം ചോദ്യം ചെയ്യാതിരിക്കുകയും, നേതാക്കള്‍ വിമര്‍ശനം സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നത് മുസ്‌ലിം സമൂഹത്തിന്റെ തകര്‍ച്ചയുടെ കാരണമാണ്' എന്ന് ഉമറുബ്‌നുല്‍ ഖത്ത്വാബ് പറഞ്ഞതും ഓര്‍മിപ്പിക്കട്ടെ. 
വലിയ ശക്തിയാണ് ഇന്ന് ലോക മുസ്‌ലിംകള്‍. പക്ഷേ, ഐക്യവും ആസൂത്രണവും ഇല്ലാത്തതാണ് പ്രശ്‌നം. സ്ട്രാറ്റജിക് പ്ലാനിങ്ങ് ഇല്ല. അസൂത്രണത്തിന് സമാനമായ മറ്റൊരു ബുദ്ധിയുമില്ല (ലാ അഖ്‌ല കത്തദ്ബീര്‍) എന്നൊരു തത്ത്വമുണ്ട്. ഇസ്‌ലാം വിരോധികളുടെ ആസൂത്രണം ആയിരം വര്‍ഷത്തേതാണ്. മുസ്‌ലിം ഉമ്മത്തിന്റെതോ? മുഹമ്മദ് നബി മികച്ച ആസൂത്രകനായിരുന്നു. മര്‍ദനം സഹിച്ച് വന്ന അമ്മാറുബ്‌നു യാസിറിനോട്, ഹീറയില്‍ നിന്ന് ഒരു സ്ത്രീ ഒറ്റക്ക് വന്ന്, കഅ്ബയില്‍ ത്വവാഫ് ചെയ്യുന്ന കാലത്തെക്കുറിച്ചാണ് നബി (സ) സംസാരിച്ചത്. ആ കാലത്തേക്കു വേണ്ട പ്ലാന്‍ പ്രവാചകന്റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍ച്ചേര്‍ന്നിരുന്നു എന്നര്‍ഥം. നാം താല്‍ക്കാലിക പദ്ധതികളുടെ (Short Term Plans) വക്താക്കളാണ്. ഇതാണ് നമ്മുടെ ഏറ്റവും വലിയ ദൗര്‍ബല്യം. നബിയുടെ പ്ലാനിങ്ങിനെക്കുറിച്ച് നന്നായി ഗവേഷണങ്ങള്‍ നടത്തണം. ചെറിയ ചെറിയ വിഷയങ്ങളില്‍ മുസ്‌ലിം സമുദായത്തിന്റെ ഊര്‍ജം പാഴാക്കുന്നത് നിര്‍ത്തണം. മുന്‍ഗണനകള്‍ സംബന്ധിച്ച വിവേചന ശക്തി നമുക്ക് നഷ്ടപ്പെട്ടുപോയിരിക്കുന്നു. യൂസുഫുല്‍ ഖറദാവിയുടെ ഫിഖ്ഹുല്‍ ഔലവിയ്യാത്ത് (മുന്‍ഗണനകളുടെ ഫിഖ്ഹ്) വളരെ പ്രധാനപ്പെട്ടൊരു കാഴ്ചപ്പാടാണ് മുന്നോട്ടു വെക്കുന്നത്. 'നിര്‍ബന്ധങ്ങള്‍ പൂര്‍ത്തീകരിക്കും വരെ അല്ലാഹു ഐഛിക കര്‍മങ്ങള്‍ സ്വീകരിക്കില്ല' എന്നൊരു ഉപദേശം അബൂബക്ര്‍ സ്വിദ്ദീഖ് ഉമറുബ്‌നുല്‍ ഖത്ത്വാബിന് നല്‍കിയിട്ടുണ്ട്. മുസ്‌ലിം ഉമ്മത്ത് അനിവാര്യമായ അടിസ്ഥാനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ഊര്‍ജം വ്യയം ചെയ്യേണ്ടത്. ആത്മീയവും സാംസ്‌കാരികവുമായ വികാസം, ബൗദ്ധിക വളര്‍ച്ച, ദീര്‍ഘകാല-ഹ്രസ്വകാല പദ്ധതികളുടെ ആസൂത്രണം തുടങ്ങിയവയൊക്കെ മുസ്‌ലിം ഉമ്മത്തിന് സാമൂഹികമായ നിര്‍ബന്ധങ്ങളാണ്. മുസ്‌ലിം ലോകത്തെ കുറേ നൂറ്റാണ്ടുകളായി അലസത പിടികൂടിയിരിക്കുകയാണ്. ഇതില്‍ മാറ്റം വരണം. 
അറിവ് ഏറ്റവും വലിയ ശക്തിയാണ്. അറിവില്‍ നാം മുന്നിലെത്തണം. വിമര്‍ശനാത്മക ചിന്ത (Critical Thinking) വികസിപ്പിച്ചെടുക്കണം. നല്ല ചോദ്യങ്ങള്‍ ഉയര്‍ത്തണം. 'ഉത്തരങ്ങള്‍ കണ്ടെത്തുന്നതിന് മുമ്പ് ചോദ്യങ്ങള്‍ ക്രമപ്പെടുത്താന്‍ പഠിക്കണം, എന്നിട്ട് അവക്ക് ഉത്തരം നല്‍കാന്‍ ശ്രമിക്കണ'മെന്ന് ഇമാം അബൂഹനീഫ പറഞ്ഞിട്ടുണ്ട്. നല്ല ചോദ്യങ്ങള്‍ ഉന്നയിക്കാനായാല്‍ നാം നല്ല ഉത്തരങ്ങളിലേക്ക് എത്തിച്ചേരും. നാം ഒരു ഗവേഷണ പ്രബന്ധം തയാറാക്കണമെങ്കില്‍, ആദ്യം തിസീസ് പ്രൊപ്പോസല്‍ സമര്‍പ്പിക്കണം. എന്ത്, എന്തിന്, എങ്ങനെ? ഇതാണ് തിസീസ് പ്രൊപ്പോസല്‍ അഡ്രസ് ചെയ്യേണ്ട ചോദ്യങ്ങള്‍. ഇങ്ങനെ ചോദ്യങ്ങള്‍ ഉന്നയിച്ചാണ് മുസ്‌ലിം സമൂഹം സമകാലിക പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടത്.

മുസ്‌ലിം സ്ത്രീയുടെ ഹിജാബ് ഇന്ന് ലോകത്ത് വലിയ വിവാദ വിഷയമാണല്ലോ. നോര്‍ത്ത് അമേരിക്കയിലെ ഹിജാബ് അനുഭവങ്ങള്‍ എങ്ങനെയാണ്?

അമ്പത് വര്‍ഷത്തിലേറെയായി ഞാന്‍ കനഡയില്‍ ജീവിക്കുന്നു. മുസ്‌ലിം സ്ത്രീക്ക് ഹിജാബ് ധരിച്ച് അവിടെ ജീവിക്കാന്‍ പൊതുവില്‍ പ്രയാസമൊന്നും ഇല്ല. പൊതു ഇടങ്ങളില്‍ ഹിജാബ് ധരിച്ച ധാരാളം സ്ത്രീകളെ കാണാം. എന്നാല്‍, മുഖം മറയ്ക്കുന്ന നിഖാബ് ഇതില്‍നിന്ന് വ്യത്യസ്തമാണ്. ഞാനൊരു അമുസ്‌ലിമാണെന്ന് സങ്കല്‍പ്പിക്കുക. അഥവാ, ഒരു ഇതര മതക്കാരന്റെ കണ്ണിലൂടെ നിഖാബിനെ നിരീക്ഷിച്ചാല്‍, എനിക്കൊരിക്കലും മുഖം മൂടി പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വസ്ത്രം ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ശരീരം മുഴുവന്‍ മൂടിയ ഒരു രൂപം തെരുവില്‍ ഇങ്ങനെ നടക്കുക! ഇതിനെ ഇസ്‌ലാമികമായി ന്യായീകരിക്കാന്‍ പറ്റില്ല. ഇസ്‌ലാമിക ശരീഅത്തില്‍ സ്ത്രീ മുഖം മറയ്ക്കുന്നത് നിര്‍ബന്ധമല്ല. ഭൂരിപക്ഷം ഖുര്‍ആന്‍ വ്യാഖ്യാതാക്കളും പണ്ഡിതന്മാരും ഇത് വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തിത്വം തിരിച്ചറിയാന്‍ മുഖം തുറന്നിടണം എന്നാണ് നിയമം. ഹജ്ജില്‍ മുഖം മറയ്ക്കാന്‍ പാടില്ലെന്ന നിയമം എന്തുകൊണ്ടാണ്? നിര്‍ബന്ധമായും മുഖം മറയ്ക്കണം എന്നാണെങ്കില്‍, അന്യപുരുഷന്മാര്‍ സംഗമിക്കുന്ന ഹജ്ജിലല്ലേ നിഖാബ് നിര്‍ബന്ധമാക്കേണ്ടത്? 
ചിലര്‍ ഇതില്‍ അനാവശ്യമായ വാശി പിടിക്കുന്നുണ്ട്. കോടതിയില്‍, ആളെ തിരിച്ചറിയാന്‍ പോലും മുഖം തുറന്നിടില്ല എന്ന് വാദിച്ച അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്തുമാത്രം അപകടകരമാണിത്! മുഖം മറച്ച്, മുസ്‌ലിം സ്ത്രീയായി വന്ന് കൊള്ള നടത്തിയ സംഭവം വരെ ഉണ്ടായിട്ടുണ്ട്. പൊതുസ്ഥലത്ത് നിഖാബ് ഒരു അവകാശമായി പ്രഖ്യാപിക്കുന്നതിന്റെ കൂടി അനന്തര ഫലമാണിത്. ദീനില്‍ നിര്‍ബന്ധമല്ലാത്ത കാര്യത്തിന് വാശിപിടിച്ച്, നിര്‍ബന്ധപൂര്‍വം നിഖാബ് ധരിക്കുന്നത് ഇന്നത്തെ ചുറ്റുപാടില്‍ ഗുണമല്ല ചെയ്യുക. ഇസ്‌ലാമില്‍ നിര്‍ബന്ധമല്ലാത്ത കാര്യത്തിന്റെ പേരില്‍, ഇസ്‌ലാമിനുമേല്‍ തെറ്റായ പ്രതിഛായ ഉണ്ടാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
എന്നാല്‍, അനിവാര്യമായ ഹിജാബില്‍ വിട്ടുവീഴ്ച ചെയ്യാന്‍ പാടില്ല. ഹിജാബിനെതിരെ ചിലയിടങ്ങളില്‍ പ്രചാരണമുണ്ട്. അത് സ്വാഭാവികമാണ്. അതിന്റെ പേരില്‍ നാം പാനിക് ആകേണ്ടതില്ല. നിയമം അനുശാസിക്കുന്ന ഹിജാബ് ധരിക്കാന്‍ നാം ബാധ്യസ്ഥരാണ്. പക്ഷേ, ഒരു കാര്യം മനസ്സിലാക്കണം. ഹിജാബ് എന്നാല്‍ അറബി വസ്ത്രമല്ല. മറയ്ക്കാന്‍ നിര്‍ദേശിക്കപ്പെട്ട ശരീര ഭാഗങ്ങള്‍ വൃത്തിയായും ഭംഗിയായും മറയുന്ന, ലൂസായ, നേരിയതല്ലാത്ത ഏതു വസ്ത്രവും ഹിജാബായി സ്വീകരിക്കാം. ഒരു പ്രത്യേക രൂപത്തിലുള്ള വസ്ത്രം ഇസ്‌ലാം നിര്‍ദേശിച്ചിട്ടില്ല. നബി(സ) ഒരു യൂനിഫോം നിശ്ചിയിച്ചിട്ടുമില്ല. ഒരു വസ്ത്ര സംസ്‌കാരമാണ് പഠിപ്പിച്ചത്. യൂറോപ്പിലും അമേരിക്കയിലുമൊക്കെ വ്യത്യസ്ത രൂപങ്ങളിലുള്ള ഇസ്‌ലാമിക വസ്ത്രങ്ങള്‍ സ്ത്രീകള്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരം വിഷയങ്ങളില്‍, സാഹചര്യങ്ങള്‍ മനസ്സിലാക്കി, പ്രയാസങ്ങള്‍ ലഘൂകരിച്ച് ഫത്‌വ നല്‍കാന്‍ പണ്ഡിതന്മാര്‍ തയാറാകണം. ഡോ. യൂസുഫുല്‍ ഖറദാവിയുടെ ഏറ്റവും വലിയ പ്രത്യേകത, മധ്യമ നിലപാടും (വസത്വിയ്യ), എളുപ്പമാക്കലും (തയ്‌സീര്‍) ആയിരുന്നു. 

പണ്ഡിതന്മാരാണല്ലോ മുസ്‌ലിം സമൂഹത്തിന് നേതൃത്വം നല്‍കേണ്ട ഒരു വിഭാഗം. പുതിയ കാലത്തെ പണ്ഡിതന്മാരുടെ ശക്തിയും ദൗര്‍ബല്യങ്ങളും എന്തൊക്കെയാണ്?

കാലത്തെ അറിഞ്ഞ് ഇസ്‌ലാമിനെ അവതരിപ്പിക്കാന്‍ പണ്ഡിതന്മാര്‍ക്ക് കഴിയണം. അഖീദയും ഫിഖ്ഹും മാത്രമല്ല ഇസ്‌ലാം. ഇല്‍മുല്‍ കലാമിന്റെയും ഫിഖ്ഹിന്റെയും വിശദമായ ചര്‍ച്ചകളും തര്‍ക്കങ്ങളും പണ്ഡിതന്മാര്‍ക്കിടയില്‍ നടക്കുന്നു. അവ മുസ്‌ലിം പൊതുജനങ്ങളെയും സ്വാധീനിക്കുന്നു. യഥാര്‍ഥത്തില്‍, ഖുര്‍ആന്‍ പഠിപ്പിക്കുന്ന അഖീദയുണ്ട്. വളരെ മനോഹരവും ആകര്‍ഷകവുമാണത്. ഈ പ്രപഞ്ചത്തെ ഒരു പാഠപുസ്തകമായാണ് ഖുര്‍ആന്‍ ചിത്രീകരിക്കുന്നത്. തൗഹീദിന്റെ തെളിവുകള്‍ എത്ര മനോഹരമായാണ് ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്.  എന്നാല്‍, ഇല്‍മുല്‍ കലാമിലെ ചര്‍ച്ച അതില്‍നിന്നെല്ലാം എത്രയോ വിദൂരമാണ്. രണ്ട് വായനകള്‍ ഖുര്‍ആന്‍ പഠിപ്പിക്കുന്നു. പ്രകൃതി വായന (Reading of Nature), പാഠവായന (Reading of Scripture). ഇത് നാം യഥാവിധി പഠിപ്പിക്കുന്നുണ്ടോ? പ്രകൃതിയുമായുള്ള ബന്ധവും നഷ്ടപ്പെട്ടു പോയിരിക്കുന്നു. ഇസ്‌ലാമിക ചരിത്രത്തില്‍ നഗരങ്ങള്‍ വികസിപ്പിച്ചത് പ്രകൃതിയെ നശിപ്പിക്കാതെ ആയിരുന്നു. പക്ഷികള്‍ പറക്കുന്നത് തടസ്സപ്പെടുത്താത്ത നിര്‍മാണങ്ങള്‍ ആവണമെന്ന്  വരെ ശ്രദ്ധിച്ചിരുന്നു. ഇന്ന് നിര്‍മാണങ്ങളെല്ലാം മുതലാളിത്ത സംസ്‌കാരത്തെ അനുകരിച്ചുള്ളതാണ്. ഇസ്‌ലാമിക നിര്‍മാണ രീതികള്‍, ഇസ്‌ലാമിക് ആര്‍കിടെക്ച്വര്‍ നാം പൊതുവില്‍ സ്വീകരിക്കുന്നില്ല. ഫിഖ്ഹ് ഇപ്പോള്‍ ബാഹ്യനിയമങ്ങളിലാണ് ഊന്നുന്നത്. എന്നാല്‍, ആ നിയമങ്ങള്‍ക്കപ്പുറം കര്‍മങ്ങളുടെ ആത്മാവുണ്ട്. പില്‍ക്കാലത്ത് അത് പഠിപ്പിച്ചത് തസ്വവ്വുഫാണ്. ഇസ്‌ലാമിന്റെ സൗന്ദര്യമുണ്ട് യഥാര്‍ഥ തസ്വവ്വുഫില്‍. അത് നാം കൈയൊഴിഞ്ഞു. 
പുതിയ പ്രശ്‌നങ്ങള്‍ സംബന്ധിച്ച ഫത്‌വകളാണ് മറ്റൊന്ന്. ഒരു അന്ധ സ്ത്രീയുടെ ഗൈഡായ, പരിശീലനം നേടിയ നായക്ക് പ്രവേശനം നല്‍കുന്ന വിഷയം ഉദാഹരണം. രാത്രി യാത്ര ചെയ്യുകയായിരുന്ന അന്ധ സ്ത്രീയുടെ ഗൈഡായ നായക്ക് പ്രവേശനം നിഷേധിച്ചതിന്റെ പേരില്‍ ഒരു പാകിസ്താനീ ഡ്രൈവര്‍ക്കെതിരെ കേസ് വരികയുണ്ടായി. തനിക്ക് നായ ഹറാമാണ് എന്ന വാദമാണ് അയാള്‍ കോടതിയില്‍ ഉയര്‍ത്തിയത്! ഇത്തരമൊരു സാഹചര്യത്തില്‍, ട്രെയ്ന്‍ഡ് ഡോഗിന് പ്രവേശനം നല്‍കുന്നത് എങ്ങനെ ഹറാമാകും? വിദഗ്ധാഭിപ്രായം തേടിയപ്പോള്‍, നായക്ക് പ്രവേശനം നല്‍കണം എന്നാണ് കോടതിയില്‍ ഞാന്‍ വിശദീകരിച്ചത്. ഇതൊരു ഉദാഹരണമാണ്. സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിലെ ദീനീ വിധികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കേവല ഫത്‌വയല്ല, ഇസ്‌ലാമിനെ സംബന്ധിച്ച സന്ദേശമാണ് നാം സമൂഹത്തിന് കൈമാറുന്നത്. ഗ്വാണ്ടനാമോയില്‍ നാലു വര്‍ഷത്തോളം നഗ്‌നനായി തടവിലിടപ്പെട്ട ഒരാള്‍. നമസ്‌കരിക്കാന്‍ സൗകര്യമുണ്ടെങ്കില്‍, നഗ്‌നത മറയ്ക്കാന്‍ പറ്റിയില്ലെങ്കിലും നമസ്‌കരിക്കണോ? അതല്ല, നാലു വര്‍ഷം നമസ്‌കരിക്കാതിരിക്കണോ? അപ്പോള്‍ അസാധ്യമായ ശര്‍ത്വ് മാറ്റിവെച്ച് സാധ്യമായ കര്‍മം അനുഷ്ഠിക്കുകയല്ലേ വേണ്ടത്? തുണ്ടം തുണ്ടമായി വെട്ടിമുറിക്കപ്പെട്ട, മയ്യിത്ത് ലഭിക്കാത്ത ഒരാളുടെ ജനാസ നമസ്‌കാരം മറ്റൊരു ഉദാഹരണം. ഇതൊന്നും സാങ്കല്‍പ്പിക വിഷയങ്ങളല്ല, സംഭവ ലോകത്തെ യാഥാര്‍ഥ്യങ്ങളാണ്.
ഫിഖ്ഹിന്റെ വിശാല വായന ഒരു വിഷയം തന്നെയാണ്. കുടുസ്സാര്‍ന്ന വായനകള്‍ കൊണ്ട് നമുക്ക് കാലത്തെ അഭിമുഖീകരിക്കാന്‍ കഴിയില്ല. കേരളത്തിലെ ചില പണ്ഡിതന്മാരുടെ ഫിഖ്ഹീ നിലപാടുകള്‍, ഫത്‌വകള്‍ കാണുമ്പോള്‍ എനിക്ക് സങ്കടം തോന്നാറുണ്ട്. ഓരോ കാലത്തിന്റെയും പ്രശ്‌നങ്ങളെ മനസ്സിലാക്കിയാണ് ഫത്‌വകള്‍ നല്‍കേണ്ടത്. ഇമാം ഇബ്‌നുല്‍ ഖയ്യിം പറഞ്ഞതുപോലെ, പഴയ കിതാബുകളില്‍ എഴുതിവെച്ചത് ഉദ്ധരിക്കുന്നത് ഫത്‌വയല്ല. പഴയകാല കിതാബുകളില്‍ രേഖപ്പെടുത്തിയ വിഷയങ്ങളുടെ കാരണങ്ങള്‍ മനസ്സിലാക്കി, പുതിയ റൂളിങ് കൊടുക്കണം, അതാണ് ഫത്‌വ. തത്തയുടേതുപോലുള്ള ആവര്‍ത്തനത്തെ (ജമൃൃീശേിഴ) ഫത്‌വയെന്ന് വിശേഷിപ്പിക്കാന്‍ പറ്റില്ല. പണ്ഡിതന്റെ വിശേഷണമായി മുമ്പ് പറഞ്ഞിരുന്നത് 'കിതാബ് അറിയുന്നയാള്‍' എന്നതായിരുന്നു. കിതാബുകള്‍ മനപ്പാഠമാക്കിയ, അവ ഉദ്ധരിക്കാന്‍ അറിയുന്നതുകൊണ്ട് മാത്രം ഒരാളെ ഫത്‌വ നല്‍കാന്‍ കഴിയുന്ന പണ്ഡിതനായി അംഗീകരിക്കാന്‍ പറ്റില്ല. ഇത് തഖ്‌ലീദാണ്. മുഖല്ലിദിനെ നമുക്ക് മുജ്തഹിദ് എന്ന് വിശേഷിപ്പിക്കാന്‍ പറ്റില്ലല്ലോ. പക്ഷേ, സബാത്ത്, തത്വവ്വുര്‍ എന്നിവയും ഇജ്തിഹാദ്, തഖ്‌ലീദ് എന്നിവയും വൈരുധ്യാത്മകമാകാതെ സമന്വയിപ്പിക്കാന്‍ കഴിയുന്നതാണ്. അതിന് നാം പരിശ്രമിക്കണം. പണ്ഡിതന്മാരെ വാര്‍ത്തെടുക്കുന്നതിലും പരിശീലനം നല്‍കുന്നതിലും ഒരു റീ ഓറിയന്റേഷന്‍ 
ആവശ്യമാണ്. അതിനുള്ള കരുത്ത് നാം ആര്‍ജിക്കണം. പാരമ്പര്യത്തിലെ ഗുണവശങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ, വലിയ പുനരാലോചനകള്‍ നടത്തേണ്ടതുണ്ട്. ഫിഖ്ഹിന്റെ പുനരാവിഷ്‌കാരം സാധ്യമാക്കണം. ഓരോ കാലഘട്ടത്തിലെയും പണ്ഡിതന്മാര്‍ ചെയ്തത് ഇതാണ്. പഴയ ഉലമാക്കളെ പകര്‍ത്തിവെക്കുകയായിരുന്നില്ല, അവരെ അംഗീകരിക്കേണ്ടതില്‍ അംഗീകരിച്ച്, പുതിയ വഴികള്‍ തുറക്കുകയായിരുന്നു. ഈ തുറവികള്‍ പുതിയ കാലത്തുണ്ടാകണം.

ഇരുപതാം നൂറ്റാണ്ടില്‍ ഇസ്‌ലാമിക ഉണര്‍വുകളെ രൂപപ്പെടുത്തിയതും ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ത്യാഗപൂര്‍ണമായി അതിനെ മുന്നോട്ട് നയിച്ചതും ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനങ്ങളാണ്. പക്ഷേ, ഇവയുടെ സമീപകാല പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷാനിര്‍ഭരമാണോ? ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഏതെല്ലാം തലത്തില്‍ മാറേണ്ടതുണ്ട് എന്നാണ് അഭിപ്രായം?

ഇസ്‌ലാമിക പ്രസ്ഥാനങ്ങളെക്കുറിച്ച് ഒരു ബ്ലാങ്കറ്റ് സ്റ്റേറ്റ്‌മെന്റ് നടത്തുന്നത് ശരിയാകില്ല. ഓരോ രാജ്യത്തെയും സാമൂഹിക സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. അതിനനുസരിച്ച നയനിലപാടുകള്‍ അവിടങ്ങളില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ സ്വീകരിക്കുന്നുണ്ട്. നോര്‍ത്ത് അമേരിക്കയിലും യൂറോപ്പിലും വലിയ സേവനങ്ങളാണ് നിര്‍വഹിക്കുന്നത്.
സാമൂഹികാവസ്ഥകള്‍ മനസ്സിലാക്കി നയപരവും ജനങ്ങളില്‍ വിശ്വാസം ജനിപ്പിക്കുന്നതുമായ നിലപാടുകളാണ് കൈക്കൊള്ളുന്നത്. ഇസ്‌ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക, ഇസ്‌ലാമിക് സര്‍ക്കിള്‍ ഓഫ് നോര്‍ത്ത് അമേരിക്ക, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്‌ലാമിക് തോട്ട്  തുടങ്ങിയവയുടെ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. വിദ്യാഭ്യാസം, പ്രബോധനം, സാമൂഹിക സേവനം എന്നിവയാണ് അവരുടെ കര്‍മമണ്ഡലങ്ങള്‍. നിയമ രംഗത്തും പലരും ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. ആശയസംവാദത്തിന്റെ തലങ്ങളില്‍, ഇന്റലക്ച്വല്‍ ഡയലോഗുകളും പ്രധാനമാണ്.
ഇസ്‌ലാമിക ചരിത്രത്തിലെ നവോത്ഥാന നായകരെ പരിശോധിച്ചാല്‍, വലിയ പുനരാലോചനകള്‍ നടത്തിയത് കാണാം. ഒരു നവോത്ഥാന നായകനും പഴയ നായകന്മാരെ അനുകരിക്കുകയോ പിന്തുടരുകയോ അല്ല ചെയ്തത്. ഇമാം ശാഹ് വലിയ്യുല്ലാ ദഹ്‌ലവിയെ ഉദാഹരണമായി എടുക്കാം. അദ്ദേഹം തന്റെ കാലത്തിന്റെ വെല്ലുവിളികളെ നേരിടാന്‍, പുനരാവിഷ്‌കാരങ്ങള്‍ നടത്തുകയായിരുന്നു. നമുക്ക് ശാഹ് വലിയ്യുല്ലായില്‍ നിര്‍ത്താന്‍ പറ്റില്ല. അവിടെ നിന്നും മുന്നോട്ട് നടക്കണമായിരുന്നു. ഇരുപതാം നൂറ്റാണ്ടില്‍ സയ്യിദ് മൗദൂദി നിര്‍വഹിച്ച നവോത്ഥാന ദൗത്യം മഹത്തരമാണ്.
അദ്ദേഹത്തിന്റെ സംഭാവനകള്‍ വിലപ്പെട്ടതാണ്. പക്ഷേ, നാം മൗദൂദിയില്‍ നില്‍ക്കരുത്. മൗദൂദിയില്‍ നിന്നും മുന്നോട്ടു നടക്കണം. മൗദൂദീ ചിന്തകളെ പുനര്‍ വായിക്കണം. അദ്ദേഹം പറഞ്ഞ ശരികളില്‍ നിന്ന്, പുതിയ ശരികളിലേക്ക് നാം എത്തണം. മൗദൂദി സാഹിബ് പാരമ്പര്യത്തെ വിമര്‍ശനാത്മകമായി സമീപിച്ചതുപോലെ, അദ്ദേഹത്തിന് ശേഷം പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍, നാം അദ്ദേഹത്തെയും വിമര്‍ശനാത്മകമായി സമീപിക്കേണ്ടതല്ലേ? അബൂ ഹനീഫക്ക് വേണ്ടി പ്രാര്‍ഥിച്ചുകൊണ്ടു തന്നെ, ഇമാം ശാഫിഈ അദ്ദേഹത്തെ വിമര്‍ശനാത്മകമായി സമീപിച്ചിട്ടുണ്ടല്ലോ. ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍, അവയുടെ ചിന്തകന്മാര്‍, പണ്ഡിതന്മാര്‍ ഈ മാതൃക പിന്തുടരണം.
ആത്മീയതക്ക് കുറച്ചുകൂടി ഊന്നല്‍ നല്‍കേണ്ടതുണ്ട്. വ്യക്തിതലത്തില്‍ അല്ലാഹുവുമായുള്ള ബന്ധം ശക്തിപ്പെടുത്തണം. ദിക്ര്‍, ഔറാദ്, ദുആ വര്‍ധിപ്പിക്കണം. അല്ലാഹുവുമായുള്ള മുനാജാത്ത് ഏറെ പ്രധാനമാണ്. ഇതുവഴി നേടുന്ന ആത്മീയ ശക്തി, സാമൂഹിക പോരാട്ടത്തെ കൂടുതല്‍ ബലപ്പെടുത്തും. ഈമാനികമായ വൈകാരികത ദുര്‍ബലപ്പെടുന്നത് സൂക്ഷിക്കണം. സാമൂഹിക സേവന രംഗത്ത് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ നിര്‍വഹിക്കുന്ന ദൗത്യം വളരെ ശ്ലാഘനീയമാണ്. 
ഇസ്‌ലാമിന്റെ ദയ, കാരുണ്യം തുടങ്ങിയ നന്മകള്‍ മുഴുവന്‍ മനുഷ്യര്‍ക്കും അനുഭവിക്കാന്‍ കഴിയുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതലായി ആവിഷ്‌കരിക്കണം. ഈ രംഗത്ത് ജമാഅത്ത് മുന്നോട്ടുവെച്ച പരിസ്ഥിതി സംരക്ഷണം ഇന്ന് വലിയ ചര്‍ച്ചാ വിഷയമാണല്ലോ. ഇസ്‌ലാമിക ഭൂമികയില്‍ നിന്നുകൊണ്ട് ഇത് നിര്‍വഹിക്കുമ്പോള്‍ കൂടുതല്‍ ഫലം ചെയ്യും. മാത്രമല്ല, ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തിലുള്ള സ്ഥാപനങ്ങള്‍ പരിസ്ഥിതി സൗന്ദര്യത്തിന്റെ പരിപാലന കേന്ദ്രങ്ങളാകണം. സാമൂഹിക പ്രശ്‌നങ്ങളെ പ്രോബ്ലംസായി കാണുന്നതിന് പകരം, സാധ്യതകളും അവസരങ്ങളുമായി സ്വീകരിക്കുന്ന സമീപന രീതി വികസിപ്പിക്കണം. ഇത് പ്രശ്‌നങ്ങളെ പ്രബോധനപരമായിക്കൂടി സമീപിക്കാന്‍ നമ്മെ സഹായിക്കും. 
(അവസാനിച്ചു)
 

Comments

Other Post

ഹദീസ്‌

സ്വര്‍ഗം ഉറപ്പാക്കിയ പത്താളുകള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ- 49-53