Prabodhanm Weekly

Pages

Search

2022 നവംബര്‍ 18

3277

1444 റബീഉല്‍ ആഖിര്‍ 23

ത്രിശൂലമുനകള്‍ മദ്‌റസകള്‍ക്ക് നേരെ

'മദ്‌റസകളെയും അവയിലെ വിദ്യാര്‍ഥികളെയും രക്ഷിച്ചെടുക്കാന്‍'  യു.പിയിലെ ആദിത്യനാഥ് ഗവണ്‍മെന്റ് സര്‍വെ നടത്തുമെന്ന് പ്രഖ്യാപിച്ചത് വലിയ വിവാദമായിരിക്കുകയാണല്ലോ. മറു ചോദ്യങ്ങള്‍ ധാരാളമായി വന്നപ്പോള്‍ യു.പിയിലെ ന്യൂനപക്ഷ കാര്യമന്ത്രി ദാനിഷ് ആസാദ് അന്‍സാരി ഇതൊരു സാദാ നടപടിക്രമമാണെന്ന് വിശദീകരിച്ച് രംഗത്തുവന്നു. സ്വകാര്യ മേഖലയില്‍ നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്ന നിലക്ക് അവയുടെ കരിക്കുലം, അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും എണ്ണം, ഏതെങ്കിലും ഗവണ്‍മെന്റ് ഏജന്‍സികളില്‍ നിന്ന് സഹായ ധനം കൈപ്പറ്റുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കുക മാത്രമാണ് ചെയ്യുന്നത് എന്നായിരുന്നു വിശദീകരണം. അപ്പോള്‍ ചോദ്യമുയര്‍ന്നു: ഇത്തരം സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്നത് മുസ്‌ലിംകള്‍ മാത്രമല്ലല്ലോ, ഹിന്ദുക്കളും ക്രിസ്ത്യാനികളും ബൗദ്ധരുമൊക്കെ നടത്തുന്നില്ലേ? അവയ്‌ക്കൊന്നും സര്‍വെ വേണ്ടേ? മദ്‌റസകളുടെ സര്‍വെക്കിറങ്ങുന്നവര്‍ സ്വകാര്യ മേഖലയിലുള്ള ഹിന്ദു മതപാഠശാലകളും മഠങ്ങളും ധര്‍മശാലകളും സര്‍വെ നടത്താന്‍ തയാറാകുമോ? ഈ ചോദ്യങ്ങള്‍ക്കൊന്നും മറുപടിയില്ല. നേരത്തെ പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞു കൊണ്ടിരിക്കുന്നു.
മദ്‌റസകളുടെ കണക്കും ബുക്കും നോക്കുന്നത് അവയുടെ നില മെച്ചപ്പെടുത്താനോ അവയെ ഏതെങ്കിലും നിലക്ക് സഹായിക്കാനോ അല്ലെന്ന് എല്ലാവര്‍ക്കുമറിയാം. 'ചട്ടപ്രകാര'മല്ലെങ്കില്‍ സ്ഥാപനം അടച്ചുപൂട്ടുമെന്ന ഭീഷണിയാണ് ഔദ്യോഗിക പ്രസ്താവനകളില്‍ മുഴങ്ങുന്നത്. ലോക പ്രശസ്ത ഇസ്‌ലാമിക സ്ഥാപനമായ ദയൂബന്ദ് ദാറുല്‍ ഉലൂമിലേക്ക് വരെ ഭീഷണിക്കത്ത് പോയിട്ടുണ്ട്. സ്ഥാപനങ്ങള്‍ക്ക് ഗവണ്‍മെന്റ് വക സഹായമുണ്ടെങ്കില്‍ അത് നിര്‍ത്തുമെന്ന സൂചനയും പ്രസ്താവനകള്‍ വരികള്‍ക്കിടയില്‍ വായിച്ചാല്‍ തിരിച്ചറിയാനാകും. യഥാര്‍ഥത്തില്‍, ഉത്തരേന്ത്യയിലെയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെയും മദ്‌റസകള്‍ വഖ്ഫ് സ്വത്തുക്കള്‍ കൊണ്ടും ഉദാരമതികളുടെ സഹായങ്ങള്‍ കൊണ്ടും നിലവില്‍ വന്നവയാണ്. അവയെ കൊണ്ടുനടത്തുന്നതും ആ സ്രോതസ്സുകള്‍ തന്നെ. ഇതൊന്നും ഭരണചക്രം തിരിക്കുന്നവര്‍ക്കും അറിയാത്തതല്ല. എന്നിട്ടും ബി.ജെ.പി ഭരണകൂടങ്ങള്‍ മദ്‌റസകള്‍ക്കെതിരെ തിരിയുന്നത് എന്തുകൊണ്ടാണ്? പല ലക്ഷ്യങ്ങളുണ്ട്: അതിലൊന്ന്, ആ സ്ഥാപനങ്ങള്‍ നടത്തുന്ന സമുദായത്തിന്റെ ദേശക്കൂറില്‍ സംശയം ജനിപ്പിക്കുക എന്നതാണ്. സ്വാതന്ത്ര്യ സമരത്തില്‍ ഏറ്റവുമധികം ബലിയര്‍പ്പണങ്ങള്‍ നടത്തിയ ഒരു സമുദായത്തോടാണ്, ആ സമരത്തില്‍ ഒരു പങ്കും വഹിച്ചിട്ടില്ലാത്തവര്‍ ദേശക്കൂറിന്റെ സര്‍ട്ടിഫിക്കറ്റ് ചോദിക്കുന്നത് എന്നതാണിതിലെ വിരോധാഭാസം. പള്ളികളിലെ ഇമാമുമാര്‍ക്കും മദ്‌റസകളിലെ അധ്യാപകര്‍ക്കും ഭീകരമുദ്ര ചാര്‍ത്തുന്നതും അപൂര്‍വമല്ല. ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നാല്‍ മതി, തെളിവില്ലെങ്കിലും അവരെ അറസ്റ്റ് ചെയ്യാം!
കേരളത്തിലെ മദ്‌റസകള്‍ പോലെയല്ല ഉത്തരേന്ത്യന്‍ മദ്‌റസകള്‍. അവ മുഴുനീള മദ്‌റസകളാണ്. അവയില്‍ പഠിക്കുന്നവര്‍ മിക്കവാറും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നും പഠിക്കുന്നുണ്ടാവില്ല. പ്രാഥമിക സ്‌കൂളുകള്‍ പോലും ഇല്ലാത്ത ഉത്തരേന്ത്യന്‍ ഗ്രാമങ്ങളുണ്ട്. അവിടങ്ങളിലെ മുസ്‌ലിംകളും അമുസ്‌ലിംകളുമായ വിദ്യാര്‍ഥികളുടെ അത്താണിയാണ് ഇത്തരം മദ്‌റസകള്‍. അവ അടച്ചു പൂട്ടുന്നത് ദരിദ്രരായ ഗ്രാമീണര്‍ക്ക് വിദ്യ നിഷേധിക്കുന്നതിന് തുല്യമാവും. സ്വാതന്ത്ര്യത്തിന്റെ മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും ഗ്രാമീണ ഇന്ത്യക്ക് വിദ്യാഭ്യാസം എന്ന പൗരന്റെ മൗലികാവകാശം പോലും തടയുന്ന ഭരണകൂടങ്ങളാണ്, അല്‍പ്പമൊരാശ്വാസം നല്‍കുന്ന ഇത്തരം ദുര്‍ബല സംവിധാനങ്ങളെപ്പോലും ശ്വാസം മുട്ടിച്ച് ഇല്ലാതാക്കുന്നത്. അതിനാല്‍, ഇത്തരം കുത്സിത നീക്കങ്ങളെ ചെറുത്തേ പറ്റൂ. അതേസമയം പരിഷ്‌കരിക്കാത്ത കരിക്കുലവും സിലബസും, വേണ്ടത്ര പരിശീലനം കിട്ടാത്ത അധ്യാപകര്‍, അശാസ്ത്രീയ പഠന രീതികള്‍... ഇങ്ങനെ ഒരുപാട് പരാതികള്‍ ഈ മദ്‌റസകളെക്കുറിച്ചുണ്ട് താനും. നടത്തിപ്പുകാര്‍ തന്നെ ആ ന്യൂനതകള്‍ സമ്മതിക്കുന്നുമുണ്ട്. അതിനാല്‍, ഈ മദ്‌റസകളുടെ പഠന നിലവാരം മെച്ചപ്പെടുത്താനുള്ള യത്‌നങ്ങളും സമാന്തരമായി സമുദായത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടിയിരിക്കുന്നു.
 

Comments

Other Post

ഹദീസ്‌

സ്വര്‍ഗം ഉറപ്പാക്കിയ പത്താളുകള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ- 49-53