Prabodhanm Weekly

Pages

Search

2022 ഒക്‌ടോബര്‍ 21

3273

1444 റബീഉല്‍ അവ്വല്‍ 25

ഒരു സമരവും ചെറുതല്ല

യാസീന്‍ വാണിയക്കാട്

എന്‍മകജെ ഗ്രാമത്തിന്റെ ആകാശവിതാനത്തിലൂടെ ആ പക്ഷി ഒച്ചവെച്ച് പറന്നു. വട്ടമിട്ട് പറക്കുന്ന ഭീമാകാരനായ ആ യന്ത്രപ്പക്ഷിയുടെ ചിറക് തല്ലിപ്പറക്കല്‍ കണ്ട്, താഴെ മണ്ണില്‍ ചവിട്ടിനിന്ന് കൈവീശിക്കാണിക്കാനും ഫ്‌ളൈയിംഗ് കിസ്സ് നല്‍കാനും ആരോഗ്യമുള്ള, വൈകല്യം ബാധിക്കാത്ത അസംഖ്യം ബാല്യങ്ങള്‍ ആ ഗ്രാമത്തിന് സ്വന്തമായി ഉണ്ടായിരുന്നു. അവരുടെ കൗതുകങ്ങള്‍ക്ക് മേല്‍ ചിറക് വീശി ആ പക്ഷി വന്നും പോയുമിരുന്നു, കാലങ്ങളോളം.
പറക്കലിനൊപ്പം അത് മഴയും വര്‍ഷിച്ചു. എന്‍ഡോസള്‍ഫാന്‍ വിഷമഴ! ആ മഴ, ആ കൊച്ചുഗ്രാമത്തിന് സമ്മാനിച്ചത് തീരാദുരിതങ്ങളായിരുന്നു; തോരാകണ്ണുനീരിന്റെ തുലാപ്പെയ്ത്തായിരുന്നു; വറുതിയുടെ, വേദനയുടെ, നിസ്സഹായതയുടെ, അനീതിയുടെ വര്‍ഷപ്പെരുക്കങ്ങളായിരുന്നു.
അരുവികളെ, കിണറുകളെ, കുളങ്ങളെ എല്ലാ ജലസ്രോതസ്സുകളുടെയും നാവിന്‍ തുമ്പില്‍ അത് വിഷമിറ്റിച്ചുകൊടുത്തു. അത് അടുക്കളയിലെ കൂജയിലിരുന്ന് തണുത്തു. മുല ചുരത്തുന്ന അമ്മമാര്‍ പിന്നീടറിഞ്ഞു, എന്റെ കുട്ടിക്ക് ഞാന്‍ ആവോളം ചുരത്തിയത് കൊടിയ വിഷം കലര്‍ന്ന സ്തന്യമായിരുന്നെന്ന്. മുല മുറിച്ചുകളയാന്‍ അവര്‍ക്ക് ഒരുവേള തോന്നിയിട്ടുണ്ടെങ്കില്‍ കുറ്റം പറയാനാകില്ല. മധുരമെന്ന് കരുതി അത് ഈമ്പി വളര്‍ന്ന കുഞ്ഞുങ്ങളെ പിന്നീട് നാം കാണുന്നത് തല മാത്രം വളരുന്നതും, ഉടല്‍ ശോഷിക്കുന്നതും, അംഗ, ബുദ്ധിവൈകല്യം ബാധിച്ച സ്ഥിതിയിലുമാണ്. ആ വിഷമഴ കടുത്ത ഹോര്‍മോണ്‍ തകരാറുകളും ജനിതക വൈകല്യങ്ങളും ആ ജനതക്ക് സമ്മാനിച്ചിട്ട് പോയി. അവരുടെ ബാല്യവും കൗമാരവും യൗവനവും ദുരിതക്കയങ്ങളിലൂടെ മറുകര കാണാതെ നീന്തി; ദശകങ്ങളോളം.
പറങ്കിമാവിന്‍ തോട്ടങ്ങളിലെ അണ്ടി മാത്രം വൈകല്യം കൂടാതെ നമ്മുടെ തീന്‍മേശകളില്‍ കയറിക്കൂടി. സാള്‍ട്ട് ആന്റ് പെപ്പറില്‍ വറുത്തെടുത്തും, മുളകുപൊടിയില്‍ എരിവു നീറ്റിയും, ബിരിയാണിയില്‍ വിതറിയും നാമതിനെ ഒഴിവാക്കാനാവാത്ത അടുക്കള വിഭവമായി കണ്ടു. എന്‍മകജെ നമ്മുടെ അണപ്പല്ലില്‍ കിടന്ന് ഞെരിയുന്നതും നിലവിളിക്കുന്നതും നാമറിയാതെ പോയി.
എന്‍മകജെ മാത്രമല്ല, കാസര്‍കോടിന്റെ പല ഗ്രാമങ്ങളിലും അത് ദുരിതമഴ പെയ്യിച്ചു. കേരള അസംബ്ലിയില്‍ തുടരെത്തുടരെ വിഷയം ഉന്നയിക്കപ്പെട്ടു. ചെകിടന്റെ ചെവിയില്‍ ഒച്ച വെക്കുന്നതു പോലെ അത് ശൂന്യതയില്‍ ലയിച്ചു. ബഹുജനസമരത്തിന്റെ ചൂടും ചൂരും കാസര്‍കോട്ടേക്ക് ജനശ്രദ്ധ തിരിയാന്‍ കാരണമായി. 2011 മെയ് പതിമൂന്നിനാണ് എന്‍ഡോസള്‍ഫാന്‍ എന്ന മാരകവിഷം ഇന്ത്യയില്‍ നിരോധിച്ചു എന്ന സുപ്രീംകോടതിയുടെ പ്രഖ്യാപനം വരുന്നത്. പക്ഷേ, ഇരകളുടെ ജീവിതത്തിന്റെ നെടുകെയും കുറുകെയും വരഞ്ഞ മുറിവുകള്‍ക്ക് അപ്പോഴേക്കും തിടം വെച്ചിരുന്നു, ഒരു പ്രഖ്യാപനം കൊണ്ട് ഒപ്പാനാകാത്ത വിധം.
3260 പേര്‍... ഇന്നും, അവര്‍ക്ക് അനുവദിച്ച ധനസഹായത്തിന് വേണ്ടി ഭരണകൂടത്തിനു മുന്നില്‍ കൈനീട്ടുകയാണ്. കൈനീട്ടുന്നു എന്നത് അവരെ സംബന്ധിച്ചേടത്തോളം ഒരു ആലങ്കാരിക പ്രയോഗം മാത്രമാണ്. പെന്‍സില്‍ കഷണം പിടിക്കാന്‍, അതൊന്ന് സ്ലേറ്റില്‍ വരയാന്‍ ശേഷിയുള്ള കൈവിരല്‍ പോലും ആ ദുരന്തമഴ, അവരില്‍ നിന്ന് കവര്‍ന്നെടുത്തല്ലോ എന്ന് തിരിച്ചറിയുമ്പോള്‍ നെഞ്ചുനീറിപ്പുകയും. വര്‍ഷപ്പഴക്കങ്ങളുടെ നോവിന്‍ തഴമ്പുമായി ജീവിച്ച മകളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു എന്നത് നാം ഏത് കോളത്തില്‍ പെടുത്തി വായിക്കും! ആ വാര്‍ത്ത നമ്മില്‍ സൃഷ്ടിച്ച ആഘാതത്തെ ഏത് വെള്ളിപ്പച്ച കൊണ്ട് മായ്ച്ചുകളയും!
ദേശീയ മനുഷ്യാവകാശ കമീഷന്റെ ധനസഹായം സംബന്ധിച്ച ഉത്തരവ് വന്ന് ഒരു ദശകം പിന്നിട്ടിട്ടും അവരുടെ വേദനകള്‍ക്കും യാതനകള്‍ക്കും എതിരെ പുറംതിരിഞ്ഞു നില്‍ക്കാന്‍ ഭരണകൂടത്തിന് കഴിയുന്നുവെങ്കില്‍ നമ്മുടെ പ്രക്ഷോഭങ്ങള്‍ക്കും സമരങ്ങള്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കും എന്തോ തകരാറു സംഭവിച്ചു എന്നല്ലേ അത് പറയാതെ പറയുന്നത്!
ഗാന്ധിജയന്തി ദിനത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ ആരംഭം കുറിച്ച മനുഷ്യാവകാശ പ്രവര്‍ത്തകയായ ദയാബായിയുടെ നിരാഹാര സമരം എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പ്രശ്‌നത്തിന്മേലുള്ള അവസാനത്തെ ഇടപെടലാവില്ല. ഭരണകൂടം കണ്ണ് തുറക്കാന്‍ വിമുഖത കാട്ടുന്ന കാലത്തോളം പ്രക്ഷോഭങ്ങള്‍ക്ക് നൈരന്തര്യം സംഭവിക്കേണ്ടതുണ്ട്.
ദയാബായിയുടെ സമരം ചെറിയ സമരമല്ല; നമ്മുടെ പിന്തുണ ചെറിയ പിന്തുണയുമല്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ 30-34
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വഹാബികള്‍ പൊട്ടിക്കരഞ്ഞ ദിനം
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്