ഇങ്ങനെയൊക്കെയാണ് ദുരിതക്കടലിലെ വിധവാ ജീവിതം
വിഷന്‍-2026 പ്രോജക്ടിന്റെ സ്ത്രീ ശാക്തീകരണ വിഭാഗമാണ് TWEET (The Women Education and Empowerment Trust). വിധവാ സംരക്ഷണം അതിന്റെ സുപ്രധാന പരിപാടികളിലൊന്നാണ്. അതിന്റെ ഭാഗമായി മനഃശാസ്ത്ര കൗണ്‍സലിംഗ് നല്‍കാന്‍ വേണ്ടിയാണ് ദല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയില്‍, കലാപം മൂലം വിധവകളാക്കപ്പെട്ട സ്ത്രീകളെ കാണുന്നതും അവരുമായി സംസാരിക്കുന്നതും. ഏതൊരു കലാപത്തിന്റെയും യുദ്ധത്തിന്റെയും ബാക്കിപത്രങ്ങളാണല്ലോ വിധവകളും അനാഥരായ കുഞ്ഞുങ്ങളും. അവരാണ് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കേണ്ടിവരുന്നത്. കലാപം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് പുറമെ നിലവിലുള്ള സാമൂഹിക വ്യവസ്ഥിതി അവരുടെ മുറിവുകളില്‍ മുളക് പുരട്ടുന്നു. കരളലിയിപ്പിക്കുന്ന അനുഭവങ്ങളുണ്ട് അവര്‍ക്ക് പങ്കുവെക്കാന്‍.......
കലാപം നടന്ന ദിവസം ഓര്‍ത്തെടുത്തപ്പോള്‍ അനീസയുടെ കണ്ണ് നിറഞ്ഞു. കുഞ്ഞിന് ചീസ് കൊണ്ടുവരാന്‍ അവളെയും കൂട്ടി പോയതായിരുന്നു ഭര്‍ത്താവ്. കടകളെല്ലാം അടഞ്ഞുകിടക്കുന്നത് കണ്ട്, മകളെ വീട്ടിലാക്കി, എന്താണ് കാര്യമെന്ന് തിരക്കിയിട്ട് വരാമെന്ന് പറഞ്ഞ് പോയി. സി.എ.എ/എന്‍.ആര്‍.സി പ്രതിഷേധ സമരം നടക്കുന്ന സ്ഥലത്ത് എല്ലാവരെയും ആട്ടിയോടിക്കുന്നതാണ് കണ്ടത്. ഒരു സ്ത്രീയുടെ കൈയില്‍ നിന്ന് ഒരാള്‍ ഖുര്‍ആന്‍ മുസ്ഹഫ് എടുത്തെറിയുന്നതും കണ്ടു. അതെടുക്കാന്‍ പോയ അദ്ദേഹത്തെ വെടിവെച്ചു വീഴ്ത്തി. ആ സമയത്ത്, മൂന്നു മാസം ഗര്‍ഭിണിയായിരുന്നു അനീസ. സംഭവം അവളെ ശാരീരികമായും മാനസികമായും തളര്‍ത്തി. മൂന്നു മാസത്തോളം അവള്‍ ബോധമില്ലാതെ കിടന്നു. ഗര്‍ഭം അലസിപ്പോയി.....
അവള്‍ തന്റെ രണ്ടു മക്കളോടൊപ്പം ഭര്‍തൃ പിതാവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് താമസിക്കുന്നത്. ആ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്ന് ലഭിക്കുന്ന വാടക കൊണ്ട് കുടുംബത്തിന്റെ ചെലവ് കഴിഞ്ഞുപോകുന്നു. അവളെ വീട്ടില്‍നിന്ന് ഒഴിവാക്കാന്‍ ഭര്‍തൃവീട്ടുകാര്‍ പരമാവധി ശ്രമിച്ചു. വീണ്ടും വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു. മക്കളുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലയായിരുന്ന അവള്‍ക്കതിന് സമ്മതമായിരുന്നില്ല. കുട്ടികളെ സ്‌കൂളിലാക്കാന്‍ പോയ അവള്‍ ആവശ്യമില്ലാതെ കറങ്ങിനടക്കുകയാണെന്നും മറ്റും പറഞ്ഞ് അവളുടെ സദാചാരത്തെ ചോദ്യം ചെയ്തു. ദുരാരോപണങ്ങള്‍ വിലപ്പോവാതെ വന്നപ്പോള്‍ ഭര്‍തൃവീട്ടുകാര്‍ അടങ്ങി.
അന്ന് അവള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാത്തതിനാല്‍ ഭര്‍ത്താവിന്റെ ജ്യേഷ്ഠന്റെ അക്കൗണ്ട് വഴിയാണ് ദല്‍ഹി സര്‍ക്കാറില്‍നിന്ന് ലഭിച്ച നഷ്ടപരിഹാരത്തുക സ്വീകരിച്ചത്. അതില്‍ നിന്ന് 5 ലക്ഷം രൂപ അവളുടെ സഹോദരന്‍ അവളുടെ പേരില്‍ ഒരു ബിസിനസ്സില്‍ നിക്ഷേപിച്ചു, അവശേഷിക്കുന്ന 5 ലക്ഷം രൂപ ഭര്‍ത്താവിന്റെ ജ്യേഷ്ഠന്റെ പക്കല്‍ തന്നെയാണ്. 'കഭി മാം ബാപ് നഹി സോചഹോഗ കി അപ്‌നി ബേടി കി സിന്ദഗി മേം ഇസ് തരീകെ സെ കുച്ച് ഹോഗാ?' (സ്വന്തം മകളുടെ ജീവിതത്തില്‍ ഇതുപോലെ സംഭവിക്കുമെന്ന് മാതാപിതാക്കള്‍ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാകില്ല). ഉണ്ടെങ്കില്‍ അവര്‍ എന്നെ പഠിപ്പിക്കുമായിരുന്നു, സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തയാക്കുമായിരുന്നു. താന്‍ അതുകൊണ്ടാണ് മക്കളുടെ പഠനത്തിന് ഇത്ര പ്രാധാന്യം കൊടുക്കുന്നതെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ ഒരു സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്നു, ക്ലാസ്സില്‍ ഒന്നാമതാണ്, സ്‌കൂളിനു ശേഷം ട്യൂഷനും പോകുന്നുണ്ട് - അവള്‍ അഭിമാനത്തോടെ പറഞ്ഞു. അനീസയെ പോലുള്ള ഫീനിക്‌സ് പക്ഷികളിലാണ് പ്രതീക്ഷയുടെ നാമ്പ്.
സൈറ- പ്രസവത്തിനു വേണ്ടി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യേണ്ട ദിവസമാണ് അവള്‍ എന്നെ കാണാന്‍ വന്നത്. നിറവയറുമായി കൗണ്‍സലിംഗിനു വന്ന സൈറയെ ചുറ്റിപ്പറ്റി അവളുടെ അമ്മായിയമ്മയും നില്‍ക്കുന്നത് കണ്ട് എനിക്കെന്തോ പന്തികേട് തോന്നി. അമ്മായിയമ്മയെ ഒരു വിധം അനുനയിപ്പിച്ച് പറഞ്ഞയച്ച ശേഷമാണ് അവളോട് സംസാരിച്ചത്. സൈറയും ഭര്‍ത്താവും മൂന്നു മക്കളും ജീവിച്ചിരുന്നത് ഉപ്പയും ഉമ്മയും അനിയനും അനിയത്തിയുമെല്ലാം ഉള്ള തറവാട്ടു വീട്ടിലായിരുന്നു. അവളുടെ ഭര്‍ത്താവിന്റെ വരുമാനമായിരുന്നു ആ കുടുംബത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സ്. ഒട്ടും പ്രതീക്ഷിക്കാതെയാണ് കലാപമുണ്ടാകുന്നതും ഭര്‍ത്താവ് മരണപ്പെടുന്നതും. ഇദ്ദ കാലം കഴിഞ്ഞ ഉടനെ ഭര്‍തൃവീട്ടുകാര്‍ അദ്ദേഹത്തിന്റെ അനിയനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു തുടങ്ങി. അവള്‍ക്കു തീരെ താല്‍പര്യമുണ്ടായിരുന്നില്ല; പക്ഷേ, വേറെ വഴിയില്ലായിരുന്നു; മൂന്ന് മക്കള്‍, സ്വന്തമായി വീടില്ല, ജോലിയില്ല, സമ്പാദ്യമില്ല, സ്ത്രീധനമായി ലഭിച്ചതെല്ലാം പുരുഷന്റെയും അവന്റെ വീട്ടുകാരുടെതും. സ്വന്തം വീട്ടിലാണെങ്കില്‍ ഉപ്പയും ഉമ്മയും പ്രായമായി, സാമ്പത്തികമായി സഹായിക്കാന്‍ അവരെക്കൊണ്ടുമാവില്ല. ദല്‍ഹി സര്‍ക്കാറില്‍ നിന്ന് നഷ്ടപരിഹാരമായി ലഭിച്ച പണം അവള്‍ക്കു കാണാന്‍ പോലും കഴിഞ്ഞില്ല. ഭര്‍ത്താവിന്റെതായി എന്തൊക്കെ ഉണ്ടായിരുന്നുവെന്നോ തനിക്കും മക്കള്‍ക്കും അവകാശപ്പെട്ടതെന്തായിരുന്നുവെന്നോ ഒന്നും അവള്‍ക്കറിയില്ല....
ഈയൊരു സാഹചര്യത്തിലാണ് അവള്‍ ഭര്‍ത്താവിന്റെ അനിയനെ വിവാഹം കഴിക്കുന്നത്. മനമില്ലാ മനസ്സോടെയാണ് അവള്‍ ഈ വിവാഹത്തിന് സമ്മതിച്ചതെങ്കിലും രണ്ടു വയസ്സുള്ള കുഞ്ഞു മകന്‍ 'അബ്ബു' എന്ന് വിളിക്കാന്‍ തുടങ്ങിയതോടെ അവളുടെ മനസ്സ് മാറിത്തുടങ്ങി. ഭര്‍ത്താവ് ഒരു ഗാര്‍മെന്റ് ഫാക്ടറി നടത്തുന്നു. വീട് വെക്കണം. എന്തെങ്കിലും സ്വന്തമായി വരുമാന മാര്‍ഗമുണ്ടാക്കണം... ഇതാണവളുടെ ആഗ്രഹം.
പുറത്ത് ജോലിക്ക് പോയി പതിവില്ലാത്ത സ്ത്രീകള്‍ സാഹചര്യങ്ങളുടെ സമ്മര്‍ദം കാരണം കൊച്ചു കൊച്ചു പരീക്ഷണങ്ങള്‍ നടത്തി ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ പാടുപെടുന്ന കാഴ്ചകളും നമുക്കിവിടെ കാണാം. ഭര്‍ത്താവിന്റെ കുടുംബവീട്ടിലെ ഒരു മുറിയിലാണ് സീമയും അവളുടെ മൂന്നു മക്കളും കഴിഞ്ഞുകൂടുന്നത്. നാല് സഹോദരന്മാരും അവരുടെ കുടുംബങ്ങളും ഉമ്മയും ഉപ്പയുമടങ്ങുന്ന ഭര്‍തൃവീട്ടുകാരുടെ സഹായം അവള്‍ക്കില്ല. സ്വന്തം മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ല. എപ്പോഴെങ്കിലും സഹായമെത്തിക്കുന്ന സ്വന്തം സഹോദരന്മാരെയും അവള്‍ക്കു മുഴുവനായി ആശ്രയിക്കാന്‍ വയ്യ. അങ്ങനെയാണവള്‍ മാര്‍ക്കറ്റില്‍നിന്ന് റോ മെറ്റീരിയല്‍ വാങ്ങി ബെല്‍റ്റുണ്ടാക്കി കടയില്‍ കൊടുക്കാന്‍ തുടങ്ങിയത്. അതില്‍ നിന്ന് അവള്‍ക്കു ദിവസവും അമ്പതു രൂപയോ അറുപതു രൂപയോ ലഭിക്കും. 'വിഷന്‍-2026' വഴി ലഭിക്കുന്ന വിധവാ പെന്‍ഷനും കുട്ടികള്‍ക്ക് ലഭിക്കുന്ന ഓര്‍ഫന്‍ സ്‌കോളര്‍ഷിപ്പും അവര്‍ക്ക് വലിയ താങ്ങാണ്.
ഭര്‍ത്താവിന്റെ ഉപ്പയുടെ പേരിലുള്ള കെട്ടിടത്തിന്റെ ഒരു നിലയിലാണ് സിമ്രാനും രണ്ടു മക്കളുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. ഭര്‍ത്താവിന്റെ മൂന്നു സഹോദരന്മാര്‍ ഈ കെട്ടിടത്തിന്റെ മറ്റു നിലകളിലായി താമസിക്കുന്നു. അവള്‍ക്കു കിട്ടിയ നഷ്ട പരിഹാരത്തുകയില്‍ നിന്ന് നാല് ലക്ഷം ഭര്‍ത്താവിന്റെ കടം വീട്ടുന്നതിനായി നീക്കിവെച്ചു. ബാക്കി ആറു ലക്ഷം രൂപ ഭര്‍ത്താവിന്റെ ഉപ്പ അവളുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചു. ഇന്ന് ഭര്‍ത്താവിന്റെ ഉമ്മയും ഉപ്പയും അവളുടെ ഉമ്മയും ജീവിച്ചിരിപ്പില്ല. അതോടുകൂടി കുടുംബത്തില്‍ നിന്നുള്ള സാമ്പത്തിക സഹായവും നിന്നു. വീട് അവളുടെയോ മക്കളുടെയോ പേരിലല്ല.....മക്കളുടെ പഠനവും ദൈനംദിന ആവശ്യങ്ങളും നിറവേറ്റാന്‍ എന്തെങ്കിലും ജോലി ലഭിച്ചിരുന്നെങ്കില്‍ എന്നവള്‍ ആശിക്കുന്നു. മരിച്ചു പോയ മകന്റെ കുടുംബത്തിനു വേണ്ടി ആ ഉപ്പ ചുരുങ്ങിയത് അവര്‍ താമസിക്കുന്ന നിലയിലെ ഫ്‌ളാറ്റെങ്കിലും അവരുടെ പേരിലാക്കിയിരുന്നെങ്കില്‍ ...!
ദല്‍ഹി സര്‍ക്കാറില്‍ നിന്ന് ലഭിച്ച നഷ്ടപരിഹാരത്തുക കൊണ്ടാണ് ജുവൈരിയ ലോനിയില്‍ (ദല്‍ഹിയോടടുത്ത് യു.പി യിലെ ഗാസിയാബാദ് ജില്ലയുടെ പരിധിയില്‍ വരുന്ന സ്ഥലം) ഒരു ചെറിയ വീട് വെച്ചത്. ഇപ്പോള്‍ അവള്‍ കുട്ടികളുമായി അവിടെ താമസിക്കുന്നു. ഭര്‍ത്താവിന്റെ കുടുംബത്തില്‍ നിന്ന് യാതൊരു പിന്തുണയുമില്ല; 'ബഹു ബേട്ടെ കേലിയേ ഥി, അഭി വോ നഹി ഹെ, ബഹു ഭി നഹി ചാഹിയേ.....' (മരുമകള്‍ മകന് വേണ്ടിയായിരുന്നു; ഇപ്പോള്‍ അവനില്ല, ഇനി അവളുടെയും ആവശ്യമില്ല) എന്നായിരുന്നു സഹായം ചോദിച്ചു ചെന്ന അവളോട് ഭര്‍തൃവീട്ടുകാര്‍ പറഞ്ഞത്. ജുവൈരിയയുടെ നാല് മക്കളില്‍ മൂത്ത മകന്‍ ആഭരണപ്പെട്ടി നിര്‍മാണം പഠിക്കുന്നു. ഭര്‍ത്താവും ഇതേ ജോലിയാണ് ചെയ്തിരുന്നത്. മറ്റു കുട്ടികള്‍ സ്‌കൂളില്‍ പോകുന്നു. വീട്ടു ചെലവിനു വേണ്ടി ലോവര്‍ (ഹീംലൃ) സ്ടിച്ച് ചെയ്തു കടകളില്‍ കൊടുത്തിരുന്നു; ഇപ്പോള്‍ അതിനും മാര്‍ക്കറ്റ് ഇല്ല. 'വിഷന്‍-2026' -ല്‍ നിന്ന് ലഭിക്കുന്ന അനാഥ സ്‌കോളര്‍ഷിപ്പും വിധവാ പെന്‍ഷനുമാണ് തനിക്ക് പിന്തുണയെന്ന് അവള്‍ പറയുന്നു.
എട്ട് പെണ്‍മക്കളുടെ ഉമ്മയാണ് ഹഫ്‌സ. രണ്ടു ചെറിയ കുട്ടികളൊഴികെ എല്ലാവരും സ്‌കൂളില്‍ പോകുന്ന പ്രായം. കുടുംബത്തിലെ എല്ലാമായിരുന്നു അവളുടെ ഭര്‍ത്താവ്. കുടുംബ ബിസിനസ്സായി അദ്ദേഹം തുടങ്ങിയ പ്ലാസ്റ്റിക് കമ്പനി വളരെ നല്ല നിലയില്‍ നടന്നുവരികയായിരുന്നു. അതിനിടക്കാണ് കലാപത്തില്‍ ഭര്‍ത്താവ് കൊല്ലപ്പെടുന്നത്. അദ്ദേഹത്തിന്റെ മരണ ശേഷം സ്വത്തിന്റെ കാര്യത്തില്‍ ഭര്‍തൃവീട്ടുകാരുമായി പിണങ്ങി. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ഒരു നിലയിലാണ് ഹഫ്‌സയും മക്കളും താമസിക്കുന്നത്. അവള്‍ക്കും മക്കള്‍ക്കും സ്വത്ത് നല്‍കാന്‍ തയാറാകാത്തതും, കെട്ടിടം വില്‍ക്കാന്‍ പദ്ധതിയിടുന്നതും കാരണം അവര്‍ തമ്മില്‍ പ്രശ്‌നങ്ങളായി. ഒരു സന്നദ്ധ സംഘടനയുടെ സഹായത്തോടെ വീടിനു ചേര്‍ന്ന് ചെറിയൊരു കട നടത്തി അവള്‍ കുടുംബം പോറ്റാന്‍ നോക്കിയപ്പോള്‍ ഭര്‍ത്താവിന്റെ ഉപ്പ അതും ഇല്ലാതാക്കി. ഭര്‍ത്താവിന്റെ സഹോദരനാണ് ഇന്ന് ബിസിനസ് നോക്കി നടത്തുന്നത്. തുടക്കത്തില്‍ മൂന്ന് മാസം 15,000 രൂപ വീതം ലഭിച്ചു. ഇപ്പോള്‍ അവര്‍ ഹഫ്‌സക്ക് ഒന്നും നല്‍കുന്നില്ല. അവള്‍ ഉത്തര്‍പ്രദേശിലെ സമ്പല്‍ സ്വദേശിനിയാണ്. പ്രായമായ മാതാപിതാക്കളും മൂന്നു സഹോദരിമാരും ഒരു സഹോദരനുമുണ്ട്. സഹോദരന്‍ പള്ളിയില്‍ ഇമാമാണ്. അവിടെ നിന്ന് ലഭിക്കുന്ന ശമ്പളം അവന്റെ കുടുംബം നോക്കാനേ തികയൂ. നല്ല സാമ്പത്തിക ചുറ്റുപാടില്‍ കഴിഞ്ഞ കുടുംബം പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഒന്നുമില്ലാത്തവരായി. മക്കള്‍ നന്നായി പഠിക്കും. മൂത്ത മകളുടെ പഠനം ഒരു വിദ്യാഭ്യാസ സ്ഥാപനം ഏറ്റെടുത്തു നടത്തുന്നത് ഏറെ ആശ്വാസമാണ്. സ്വന്തം പ്രയാസങ്ങള്‍ ആരോടും പറഞ്ഞിട്ട് കാര്യമില്ലെന്ന ഭാവമായിരുന്നു ഹഫ്‌സക്ക്. എല്ലാവരും വന്നു കേട്ട് പോകും. ചുറ്റുപാടുകളില്‍ നിന്ന് സഹായ ഹസ്തം ലഭിക്കാതെ വരുമ്പോഴുള്ള സ്വയം എരിഞ്ഞുതീരല്‍.
ഭര്‍ത്താവ് പണികഴിപ്പിച്ച ഫ്‌ളാറ്റിലാണ് സനയും നാല് മക്കളും താമസിക്കുന്നത്. ഭര്‍ത്താവിന്റെ മരണ ശേഷമാണ് ഈ ഫ്‌ളാറ്റ് അദ്ദേഹത്തിന്റെ ഉമ്മയുടെ പേരിലാണെന്നറിയുന്നത്. ഭര്‍തൃ വീട്ടുകാര്‍ അവളോടും മക്കളോടും അവിടം വിട്ടുപോകാന്‍ നിര്‍ബന്ധിക്കുന്നു. വഴക്കും വക്കാണവുമായി ദിനരാത്രങ്ങള്‍ കടന്നുപോകുന്നു. മൂന്നു മക്കളുള്ള ഷൈമക്ക് രണ്ടു കുടുംബങ്ങളില്‍ നിന്നും സഹായിക്കാനാരുമില്ല. പുറമെ ജോലിക്ക് പോകാന്‍ ഭര്‍തൃ വീട്ടുകാര്‍ സമ്മതിക്കുന്നില്ല. കാരണം, അദ്ദേഹത്തിന്റെ ഉപ്പ 'ഹാജി'യാണ്. അവരുടെ വീട്ടില്‍നിന്ന് ഒരു സ്ത്രീ ജോലിക്ക് പോയാല്‍ കുടുംബത്തിന് മാനക്കേടാണത്രെ. നഷ്ടപരിഹാരത്തുകകൊണ്ട് വാങ്ങിയ ചെറിയ ഫ്‌ളാറ്റില്‍ നിന്ന് ലഭിക്കുന്ന വാടക കൊണ്ടാണ് കുട്ടികളുടെ പഠനവും മറ്റു വീട്ടു ചെലവുകളും നടന്നുപോകുന്നത്.
വിവാഹ പ്രായമെത്തിയ മകളുടെ വിവാഹം എങ്ങനെ നടത്തുമെന്നാണ് കൂട്ടത്തില്‍ ഏറ്റവും പ്രായം കൂടിയ (66 വയസ്സ്) സാദിയയുടെ വേവലാതി. ഭര്‍ത്താവ് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം എങ്ങനെയെങ്കിലും നടത്തുമായിരുന്നു; പൂര്‍ണ ഉത്തരവാദിത്വം തന്റെ മേല്‍ വരില്ലായിരുന്നു....
അവരുടെ പരിവേദനങ്ങള്‍ അങ്ങനെ തുടരുന്നു....
മിക്ക ആളുകളും തരക്കേടില്ലാത്ത സാമ്പത്തിക ചുറ്റുപാടില്‍ കഴിഞ്ഞുപോന്നവരായിരുന്നു. വീട്ടിലെ കാര്യങ്ങള്‍ നോക്കിനടത്തുന്നതിലുപരി പുറം ലോകത്തെ കുറിച്ച് സ്ത്രീകള്‍ക്ക് വലിയ അറിവുണ്ടായിരുന്നില്ല. പത്താംതരത്തില്‍ കൂടുതല്‍ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരുന്ന ആരും തന്നെ ഇവരിലില്ലായിരുന്നു. സ്ത്രീകള്‍ ജോലി ചെയ്ത് സമ്പാദിക്കുന്നത് പ്രോത്സാഹിപ്പിച്ചിരുന്നില്ല. ഭര്‍ത്താവ് അധ്വാനിച്ചു കൊണ്ടുവരുന്നത് കൊണ്ട് തൃപ്തിപ്പെട്ടു ജീവിച്ചു പോന്നു. വിവാഹ ശേഷം സ്ത്രീകള്‍ സ്വന്തം വീടുമായുള്ള ബന്ധം കുറഞ്ഞുവരികയും (സ്ത്രീകള്‍ക്ക് സ്വന്തം വീട്ടില്‍ നിന്ന് പിന്തുടര്‍ച്ചാവകാശം ലഭിക്കുന്നതും വിരളം) ഭര്‍ത്താവ് മരണപ്പെട്ടതിനു ശേഷം ഭര്‍തൃവീട്ടുകാര്‍ക്കും വേണ്ടാത്തവരാവുകയും ചെയ്യുന്ന അവസ്ഥയാണ് പൊതുവേ ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ കണ്ടുവരുന്നത്. സാമ്പത്തിക സ്രോതസ്സ് ഇല്ലാതാകുമ്പോഴാണല്ലോ സ്വന്തവും ബന്ധവും കൂടുതല്‍ തിരിച്ചറിയുന്നത്! ചിലര്‍ തീരെ പ്രതീക്ഷയില്ലാത്തതുകൊണ്ട് നഷ്ട പരിഹാരമായി ലഭിച്ച തുക ഉപയോഗിച്ച് ഒരു കൂര കെട്ടി മക്കളെയും കൂട്ടി മാറിത്താമസിച്ചു.
ഭര്‍തൃവീട്ടുകാരുടെ ആട്ടും തുപ്പും സഹിച്ച് ഭര്‍ത്താവിന്റെ വീട്ടില്‍ പിടിച്ചുനില്‍ക്കുന്നവരാണ് അധിക പേരും. വേറെ പോകാനിടമില്ലാത്തതു കൊണ്ടും മക്കള്‍ക്കുള്ള അവകാശമെങ്കിലും കിട്ടിയിരുന്നെങ്കിലെന്ന പ്രതീക്ഷകൊണ്ടുമാകാം ഇത്. ചില സ്ത്രീകള്‍ ദല്‍ഹി ഗവണ്‍മെന്റ് നല്‍കിയ നഷ്ടപരിഹാരത്തുക കൊണ്ട് ദല്‍ഹിയുടെ പ്രാന്തപ്രദേശങ്ങളില്‍ ഭൂമി വാങ്ങിയിട്ടുണ്ട്. അതിന്റെ പേപ്പര്‍ ഒറിജിനലാണോ, അവിടെ വീട് വെക്കാന്‍ അനുവാദം ലഭിക്കുമോ എന്നൊന്നുമറിയില്ല. മാധ്യമങ്ങള്‍ വഴി സര്‍ക്കാര്‍ ഈ നഷ്ടപരിഹാരത്തുകക്ക് വേണ്ടതിലധികം പബ്ലിസിറ്റി കൊടുത്തതുകൊണ്ട് തന്നെ മരിച്ച ഭര്‍ത്താക്കന്മാര്‍ കടം തിരികെ നല്‍കേണ്ടവരും ഭൂമിക്കച്ചവടം നടത്തിക്കൊണ്ടിരുന്നവരും സാമ്പത്തിക ലാഭം മോഹിച്ച വീട്ടുകാരും അവരുടെ പിന്നാലെ കൂടി. പര്‍വീന്‍ പറഞ്ഞത് അവളുടെ ഇദ്ദ കാലത്ത് വീട്ടില്‍ വരുന്നവരെ സല്‍ക്കരിക്കാനും മറ്റു ആവശ്യങ്ങള്‍ക്കുമായി നഷ്ടപരിഹാരത്തുകയിലെ സിംഹഭാഗവും ചെലവഴിച്ചുകഴിഞ്ഞു എന്നാണ്. അത്താണി നഷ്ടപ്പെട്ട ഈ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി ലഭിച്ച പത്തു ലക്ഷം രൂപ തുടര്‍ജീവിതത്തിന് സാമ്പത്തിക സ്രോതസ്സായി മാറിയത് വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രം.
വേവലാതികളും പരിഭവങ്ങളും സങ്കടങ്ങളും കേട്ടുകൊണ്ടിരുന്നപ്പോള്‍ പലപ്പോഴും ഒന്നും പറയാനാകാതെ ഞാന്‍ മൗനിയായി....
വിധവകള്‍ എന്നും ഇന്ത്യന്‍ സമൂഹത്തില്‍ അരികുവല്‍ക്കരിക്കപ്പെടുന്ന വിഭാഗമാണ്. മതാധ്യാപനങ്ങളും പ്രത്യയശാസ്ത്രങ്ങളും അവര്‍ക്ക് എത്രത്തോളം സംരക്ഷണം നല്‍കിയാലും, നിലവിലെ സാമൂഹിക വ്യവസ്ഥിതി അതിനു തടയിടുന്നു. കലാപത്തിന്റെയോ മറ്റോ ഇരകളാണെങ്കില്‍ അവഗണനയും പാര്‍ശ്വവത്കരണവും രൂക്ഷമാവുന്നു. ദല്‍ഹി കലാപത്തില്‍ ഇരകളാക്കപ്പെട്ട ഈ സ്ത്രീകളുടെ അനുഭവങ്ങള്‍ സമൂഹത്തോടും സമുദായ നേതൃത്വത്തോടും ചിലത് വിളിച്ചുപറയുന്നുണ്ട്:
* ഇദ്ദ, അതുമായി ബന്ധപ്പെട്ട ഇസ്‌ലാമിക നിയമങ്ങള്‍ എന്നിവയെക്കുറിച്ച് സമുദായത്തെ (സ്ത്രീകളും പുരുഷന്മാരും) ബോധവല്‍ക്കരിക്കണം. വിവരമില്ലായ്മ പല അനര്‍ഥങ്ങള്‍ക്കും കാരണമാകുന്നുണ്ട്.
* ഇസ്‌ലാമിലെ പിന്തുടര്‍ച്ചാവകാശം, പ്രത്യേകിച്ച് വസ്വിയ്യത്ത് പോലുള്ളവ സമുദായത്തെ പഠിപ്പിക്കണം. ഉപ്പ ജീവിച്ചിരിക്കെ മകന്‍ മരണമടഞ്ഞാല്‍ മകന്റെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്താന്‍ ശ്രമിക്കണം.
* സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യവും പ്രചോദനവും നല്‍കുന്നതോടൊപ്പം അവരുടെ സാമ്പത്തിക ഭദ്രതയും ഉറപ്പുവരുത്തുക.
* സ്ത്രീകളുടെ സാമ്പത്തിക സാക്ഷരത ഉറപ്പു വരുത്തുക. സാമ്പത്തിക ക്രയവിക്രയങ്ങള്‍ അവരെ പരിശീലിപ്പിക്കുക.
* ഭര്‍ത്താവിന്റെ സാമ്പത്തിക സ്രോതസ്സ്, വരുമാനം, സമ്പാദ്യം, നിക്ഷേപം, കടം.... തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള വിവരം ഭാര്യയെക്കൂടി അറിയിക്കുക.
* സ്ത്രീകളില്‍ സാമൂഹിക സാഹചര്യങ്ങളെ കുറിച്ച അവബോധം വളര്‍ത്തിയെടുക്കുക.
* നിര്‍ധനരായ വിധവകളുടെ പുനരധിവാസം സാമൂഹിക ബാധ്യതയായി ഏറ്റെടുക്കുക.
(ഈ ഫീച്ചറില്‍ പരാമര്‍ശിക്കപ്പെടുന്ന വ്യക്തികളുടെ പേരുകള്‍ മാറ്റിയിട്ടുണ്ട്)
Comments