Prabodhanm Weekly

Pages

Search

2022 ഒക്‌ടോബര്‍ 21

3273

1444 റബീഉല്‍ അവ്വല്‍ 25

സ്വഹാബികള്‍ പൊട്ടിക്കരഞ്ഞ ദിനം

ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്

عَنْ أَنَسِ بْنِ مَالِكٍ، قَالَ: "لَمَّا كَانَ اليَوْمُ الَّذِي دَخَلَ فِيهِ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ المَدِينَةَ أَضَاءَ مِنْهَا كُلُّ شَيْءٍ، فَلَمَّا كَانَ اليَوْمُ الَّذِي مَاتَ فِيهِ أَظْلَمَ مِنْهَا كُلُّ شَيْءٍ، وَمَا نَفَضْنَا عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْأَيْدِي وَإِنَّا لَفِي دَفْنِهِ حَتَّى أَنْكَرْنَا قُلُوبَنَا" وقال الترمذي: "هَذَا حَدِيثٌ غَرِيبٌ صَحِيحٌ". الترمذي (3618)

അനസുബ്‌നു മാലിക് (റ) പറഞ്ഞു: 'അല്ലാഹുവിന്റെ റസൂല്‍ മദീനയില്‍ വന്ന ദിവസം മദീനയാകെ പ്രകാശപൂരിതമായി. പ്രവാചകന്‍ മരണമടഞ്ഞ ദിവസം മദീനയാകെ അന്ധകാരത്തിലായി. പ്രവാചകനെ മറമാടിയ കൈകളില്‍നിന്ന് മണ്ണ് കുടഞ്ഞപ്പോള്‍ ഞങ്ങള്‍ ഞങ്ങളുടെ ഹൃദയങ്ങളെ നിഷേധിക്കുന്ന സ്ഥിതിയിലായി.' (തിര്‍മിദി, അഹ്മദ്)

നബി(സ) മക്കയില്‍ നിന്ന് പലായനം ചെയ്ത് മദീനയിലെത്തിയ ദിവസമായിരുന്നു വിശ്വാസികളെ ഏറെ സന്തോഷിപ്പിച്ചത്. അവിടുന്ന് വിടവാങ്ങിയ ദിവസം സ്വഹാബാക്കളെ അത്യധികം ദുഃഖത്തിലാഴ്ത്തുകയും ചെയ്തു. ഇക്കാര്യമാണ് അനസുബ്‌നു മാലിക് (റ) വ്യക്തമാക്കുന്നത്. നബി (സ)യും അബൂബക്ര്‍ സ്വിദ്ദീഖ് (റ)വും മക്കയില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ടെന്ന് അറിഞ്ഞത് മുതല്‍ അല്ലാഹുവിന്റെ റസൂലിനെ കാണാന്‍ കൊതിപൂണ്ട് നില്‍ക്കുകയായിരുന്നു മദീന. തങ്ങളുടെ പ്രതീക്ഷയും സ്വപ്‌ന നായകനുമായ പ്രവാചകനെ വരവേല്‍ക്കാന്‍ അഞ്ഞൂറിലധികം വരുന്ന അവര്‍ എല്ലാവിധ തയാറെടുപ്പുകളും നടത്തി. ദിവസവും പ്രഭാതം മുതല്‍ തന്നെ ആഗമനം പ്രതീക്ഷിച്ച് സ്വീകരിക്കാനായി പുറത്തിറങ്ങിനിന്നു.
ഒരു ദിവസം കാത്തുനില്‍പ്പിനൊടുവില്‍ എല്ലാവരും വീട്ടിലേക്കു മടങ്ങിയ സമയത്തായിരുന്നു പ്രവാചകന്‍ മദീനയിലേക്കു കടന്നുവന്നത്. ഈ കാഴ്ച ആദ്യമായി കണ്ടത് ഒരു ജൂതനായിരുന്നു. എല്ലാവരും പുറത്തിറങ്ങി പ്രവാചകരെ സ്വീകരിക്കാന്‍ മുന്നോട്ടുവന്നു. പ്രവാചകന്‍ ഒരു മരച്ചുവട്ടില്‍ ഇരിക്കുകയായിരുന്നു. തൊട്ടടുത്തുതന്നെ സ്വിദ്ദീഖും(റ) ഉണ്ട്. ആദ്യമായി കാണുകയായതിനാല്‍ അധികമാളുകള്‍ക്കും ഇതില്‍ പ്രവാചകന്‍ ആരാണെന്നു വേര്‍തിരിച്ചു മനസ്സിലായില്ല. ഇതറിഞ്ഞ സ്വിദ്ദീഖ് (റ) എഴുന്നേറ്റുനിന്ന് കൈയിലുണ്ടായിരുന്ന വസ്ത്രംകൊണ്ട് പ്രവാചകന് മറ പിടിച്ചുകൊടുത്തു. അപ്പോള്‍ ആളുകള്‍ പ്രവാചകരെ തിരിച്ചറിഞ്ഞു. ജനങ്ങള്‍  തക്ബീര്‍ മുഴക്കി സ്വാഗതമരുളി. കുട്ടികള്‍ ഈണത്തില്‍ പാട്ടു പാടി. എല്ലാ മുഖങ്ങളിലും ആശ്വാസത്തിന്റെ പുഞ്ചിരി വിടര്‍ന്നു. അവരെ സംബന്ധിച്ചേടത്തോളം ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷം കൈവന്ന ദിവസമായിരുന്നു അത്.
എന്നാല്‍, തിരുമേനിയുടെ മരണ ദിവസമായ ഹിജ്‌റ 11, റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച സ്വഹാബാക്കള്‍ ദുഃഖത്താല്‍ പൊട്ടിത്തകര്‍ന്ന ദിനമായിരുന്നു. നബി(സ)യെയും അവിടുന്ന് കൊണ്ടുവന്ന ആദര്‍ശത്തെയും സ്വന്തത്തെക്കാളും സ്നേഹിച്ച അനുചരന്മാര്‍ക്ക് പ്രവാചകന്റെ മരണം അങ്ങേയറ്റം മനോവേദനയുണ്ടാക്കി. ചിലര്‍ക്കത് ഉള്‍ക്കൊള്ളാനേ സാധിച്ചില്ല. 'ഞങ്ങള്‍ ഞങ്ങളുടെ ഹൃദയങ്ങളെ നിഷേധിക്കുന്ന സ്ഥിതിയിലായി' എന്ന പ്രയോഗത്തിന്റെ വ്യാഖ്യാനം ഇങ്ങനെയാണ്: പ്രവാചകന്റെ വിയോഗം എന്നാല്‍ വഹ്‌യിന്റെ നിലക്കല്‍ കൂടിയാണ്. പ്രവാചക സാന്നിധ്യമില്ലാതായപ്പോള്‍ തങ്ങള്‍ തീര്‍ത്തും മറ്റൊരു അവസ്ഥയിലായിപ്പോയി എന്നാണ് സ്വഹാബികള്‍ പരിഭവിക്കുന്നത്.
ഇമാം ഇബ്നു റജബ് പറയുന്നു: 'നബി(സ) മരണമടഞ്ഞപ്പോള്‍ മുസ്ലിംകളാകെ ആശയക്കുഴപ്പത്തിലായി. അവരില്‍ ചിലര്‍, മരണപ്പെട്ടോ ഇല്ലയോ എന്ന കാര്യത്തില്‍ പോലും സംശയത്തിലായി. ചിലര്‍ അത് കേട്ടമാത്രയില്‍ ഇരുന്നു പോയി. പിന്നെ, അവര്‍ക്ക് എഴുന്നേല്‍ക്കാനായില്ല. ചിലരുടെ നാവുകള്‍ സംസാരിക്കാന്‍ കഴിയാതെ നിശ്ചലമായി. ചിലര്‍ നബി (സ) ഒരിക്കലും മരിക്കില്ലെന്ന് ഉറപ്പിച്ച് പറയുകയുണ്ടായി' (ലത്വാഇഫുല്‍ മആരിഫ്).
ആഇശ(റ)യില്‍നിന്ന് നിവേദനം: റസൂല്‍ (സ) വഫാതായ സന്ദര്‍ഭത്തില്‍ അബൂബക്ര്‍ (റ) സ്ഥലത്തുണ്ടായിരുന്നില്ല. ഉമര്‍(റ) എഴുന്നേറ്റ് നിന്ന് പറഞ്ഞു: 'അല്ലാഹു സത്യം, റസൂലുല്ലാഹ് വഫാതായിട്ടില്ല.' ആഇശ(റ) പറഞ്ഞു: 'എന്റെ മനസ്സില്‍ അതല്ലാതെ മറ്റൊന്നും ആ സമയത്ത് ഉണ്ടായില്ല.' ഉമര്‍(റ) പറഞ്ഞു: 'അല്ലാഹു തിരുദൂതരെ വീണ്ടും നിയോഗിക്കും, വഫാതായെന്ന് പറയുന്നവരുടെ കൈകാലുകള്‍ ഞാന്‍ മുറിക്കും.' അപ്പോഴാണ് അബൂബക്ര്‍(റ) വന്നതും തിരുനബിയുടെ ശരീരത്തിലുള്ള വസ്ത്രം അല്‍പം മാറ്റി തിരുദൂതരെ ചുംബിച്ചതും. ശേഷം  പറഞ്ഞു: 'എന്റെ മാതാപിതാക്കളെ അങ്ങേക്ക് വേണ്ടി സമര്‍പ്പിക്കുന്നു. താങ്കള്‍ ജീവിച്ചാലും വഫാതായാലും നല്ലത് തന്നെ. എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവന്‍ തന്നെ സത്യം, അല്ലാഹു ഒരിക്കലും താങ്കള്‍ക്ക് രണ്ട് മരണം നല്‍കുകയില്ല.' ശേഷം അവിടെ നിന്നിറങ്ങി അല്ലാഹുവിനെ വാഴ്ത്തുകയും പുകഴ്ത്തുകയും ചെയ്തുകൊണ്ട് പറഞ്ഞു: 'അറിയുക, ആരെങ്കിലും മുഹമ്മദ് നബിയെ ആരാധിച്ചിരുന്നുവെങ്കില്‍ നിശ്ചയം മുഹമ്മദ് വഫാതായിരിക്കുന്നു. ആരെങ്കിലും അല്ലാഹുവിനെ ആരാധിക്കുന്നുവെങ്കില്‍ നിശ്ചയം, അവന്‍ ഒരിക്കലും മരിക്കുകയില്ല.' ശേഷം അദ്ദേഹം ഈ ഖുര്‍ആന്‍ വചനങ്ങള്‍ പാരായണം ചെയ്തു: 'തീര്‍ച്ചയായും നീ മരിക്കുന്നവനാകുന്നു. അവരും മരിക്കുന്നവരാകുന്നു' (അസ്സുമര്‍ 30).
'മുഹമ്മദ് അല്ലാഹുവിന്റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പും ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തെങ്കില്‍ നിങ്ങള്‍ പിറകോട്ട് തിരിച്ചുപോവുകയോ? ആരെങ്കിലും പിറകോട്ട് തിരിച്ചുപോകുന്ന പക്ഷം അല്ലാഹുവിന് ഒരു ദ്രോഹവും അത് വരുത്തുകയില്ല. നന്ദി കാണിക്കുന്നവര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കുന്നതാണ്' (ആലു ഇംറാന്‍ 144).
മരണത്തിന് തൊട്ട് മുമ്പുള്ള ദിനങ്ങളെ സംബന്ധിച്ച് അബ്ദുല്ലാഹിബ്‌നു അബ്ബാസ് (റ) പറയുന്നു: 'റസൂലുല്ലാഹ് (സ) തന്റെ വീടിന്റെ വിരി മാറ്റി നോക്കി. ആ സമയം ജനങ്ങള്‍ അബൂബക്‌റിന്റെ പിന്നില്‍ അണിയണിയായി നില്‍ക്കുകയാണ്. അപ്പോള്‍ അവിടുന്ന് പറഞ്ഞു: 'ഓ ജനങ്ങളേ, പ്രവാചകത്വത്തിന്റെ സന്തോഷ വാര്‍ത്തയില്‍ നിന്ന് സ്വാലിഹായ സ്വപ്നമല്ലാതെ അവശേഷിക്കുന്നില്ല' (ബുഖാരി).
അനസ്(റ)വില്‍നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍ (സ) മരണമടഞ്ഞപ്പോള്‍ ഫാത്വിമ(റ) കരഞ്ഞു: 'എന്റെ ഉപ്പാ, ജിബ്രീല്‍ മരണ വാര്‍ത്തയറിയിക്കുന്നു. എന്റെ ഉപ്പാ, ജന്നത്തുല്‍ ഫിര്‍ദൗസ് ആണ് സങ്കേതം' (നസാഈ).
ആഇശ(റ) പറയുന്നു: നബി(സ)യുടെ വഫാതിന് ശേഷം അബൂബക്ര്‍(റ) വരികയും പ്രവാചകന്റെ രണ്ടു കണ്ണുകള്‍ക്കിടയില്‍ തന്റെ ചുണ്ടുകള്‍ വെക്കുകയും രണ്ട് ചെവികള്‍ക്കിടയില്‍ കൈകള്‍ വെക്കുകയും ചെയ്ത് ഇപ്രകാരം പറയുകയുണ്ടായി: 'എന്റെ പ്രവാചകരേ, എന്റെ ഉറ്റ ചങ്ങാതീ, എന്റെ ആത്മ മിത്രമേ' (അഹ്മദ്).
പ്രവാചകന്റെ അന്ത്യനിമിഷങ്ങളെ അനസ് (റ) വിവരിക്കുന്നത് ഇപ്രകാരമാണ്: 'നബിക്ക് രോഗം കഠിനമായപ്പോള്‍ റസൂലിനെ കൂട്ടിപ്പിടിച്ചു കൊണ്ട് ഫാത്വിമ പറയുകയുണ്ടായി: 'എന്റെ ഉപ്പാക്ക് എന്ത് പ്രയാസമാണ്?' അപ്പോള്‍ റസൂല്‍ അവരോട് പറഞ്ഞു: 'ഈ ദിവസത്തിനു ശേഷം നിന്റെ ഉപ്പാക്ക് പ്രയാസമുണ്ടാവില്ല' (ബുഖാരി).
അല്ലാഹുവിന്റെ റസൂല്‍ എത്ര കാലമാണ് രോഗ ബാധിതനായത് എന്ന വിഷയത്തില്‍ അഭിപ്രായാന്തരമുണ്ട്. ഇബ്നു ഹജറില്‍ അസ്ഖലാനി തന്റെ ഫത്ഹുല്‍ ബാരിയില്‍ എഴുതുന്നു: 'നബി (സ) രോഗ ബാധിതനായി എത്ര ദിവസമാണ് കഴിച്ചുകൂട്ടിയതെന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്. പതിമൂന്ന് ദിവസം എന്നാണ് ഭൂരിപക്ഷത്തിന്റെ അഭിപ്രായം.' (ഫത്ഹുല്‍ ബാരി).
ആഇശ(റ) പറയുന്നു: 'എനിക്ക് അല്ലാഹുവിന്റെ വലിയ ഒരു അനുഗ്രഹമായിരുന്നു നബി (സ) എന്റെ വീട്ടില്‍, എന്റെ ദിവസത്തില്‍, എന്റെ മാറിടത്തിനും മടിത്തട്ടിനുമിടയില്‍ കിടന്നാണ് മരണമടഞ്ഞത് എന്നത്. അതുപോലെ  മരണത്തിന് മുമ്പ് എന്റെയും റസൂലിന്റെയും ഉമിനീര്‍ ഒരുമിച്ചുവെന്നതും. അന്നേരം സഹോദരന്‍ അബ്ദുര്‍റഹ്മാന്‍ വന്നു. കൈയില്‍ ഒരു മിസ്വാക്കുമുണ്ടായിരുന്നു. പ്രവാചകന്‍ (സ) ആ മിസ്വാക്കിലേക്ക് നോക്കി. റസൂല്‍ മിസ്വാക്ക് ആഗ്രഹിക്കുന്നുവെന്നെനിക്ക് തോന്നി. ഞാന്‍ ചോദിച്ചു: 'അത് താങ്കള്‍ക്ക് ഞാന്‍ വാങ്ങിച്ചു തരട്ടെയോ?' ശിരസ്സ്‌കൊണ്ട് അതെയെന്ന് ആംഗ്യം കാണിച്ചപ്പോള്‍ ഞാനത് വാങ്ങിക്കൊടുത്തു. അത് പരുപരുത്തതായിരുന്നു. ഞാന്‍ ചോദിച്ചു: 'ഞാനത് മിനുസപ്പെടുത്തിത്തരട്ടെ?' ശിരസ്സ്‌കൊണ്ട് അതെയെന്ന് ആംഗ്യം കാണിച്ചു. ഞാനത് കടിച്ച് മൃദുവാക്കിക്കൊടുത്തു. അവിടുന്ന് തന്റെയരികിലുള്ള പാത്രത്തിലെ വെള്ളത്തില്‍ കൈയിട്ട് തന്റെ മുഖം തടവിക്കൊണ്ട് ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു: 'അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനില്ല. നിശ്ചയം മരണത്തിന് അസഹനീയമായ വേദനയുണ്ട്.' ശേഷം തന്റെ കൈകള്‍ ഉയര്‍ത്തിക്കൊണ്ട് പറഞ്ഞു: 'ഉന്നതരായ കൂട്ടുകാരുടെ അടുത്തേക്ക്.' പിന്നെ മരണമടയുകയും  കൈകള്‍ താഴുകയും ചെയ്തു'' (ബുഖാരി, മുസ്ലിം).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ 30-34
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വഹാബികള്‍ പൊട്ടിക്കരഞ്ഞ ദിനം
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്