എല്ലാവരെയും ചേര്‍ത്തു നിര്‍ത്തിയ പ്രവാചകന്‍
ലോകത്ത് ഏറ്റവും കൂടുതല്‍ സ്‌നേഹിക്കപ്പെടുന്ന, ആദരിക്കപ്പെടുന്ന, അംഗീകരിക്കപ്പെടുന്ന, അനുകരിക്കപ്പെടുന്ന വ്യക്തി ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ; മുഹമ്മദ് നബി (സ). ലോക ജനസംഖ്യയുടെ അഞ്ചിലൊന്ന് വരുന്ന വിശ്വാസികള്‍ സ്വന്തത്തെക്കാളും സ്വന്തം മാതാപിതാക്കളെക്കാളും ജീവിതപങ്കാളികളെക്കാളും മക്കളെക്കാളും ഭൂമിയിലെ മറ്റെന്തിനെക്കാളും അദ്ദേഹത്തെ സ്‌നേഹിക്കുന്നു. അവരെല്ലാം അതിരാവിലെ ഉറക്കില്‍ നിന്നുണരുമ്പോള്‍ അദ്ദേഹം പഠിപ്പിച്ച പ്രാര്‍ഥന ചൊല്ലി തങ്ങളെ ഉണരാന്‍ അനുഗ്രഹിച്ച അല്ലാഹുവെ വാഴ്ത്തുന്നു. പിന്നീട് പ്രാഥമികാവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിനായി ടോയ്ലറ്റില്‍ പോകുമ്പോള്‍ അദ്ദേഹം ആവശ്യപ്പെട്ട പോലെ ആദ്യം ഇടതുകാല്‍ എടുത്തുവെക്കുന്നു. അദ്ദേഹം പഠിപ്പിച്ച, എല്ലാ പ്രയാസങ്ങളും ദൂരീകരിക്കാനുള്ള പ്രാര്‍ഥന ചൊല്ലുന്നു. തിരിച്ചുവരുമ്പോള്‍ വലതുകാല്‍ എടുത്തുവെക്കുന്നു. അദ്ദേഹം അല്ലാഹുവെ വാഴ്ത്തിയ പോലെ അവരും അവനെ വാഴ്ത്തുന്നു. തുടര്‍ന്ന് വലതു കൈകൊണ്ട് ചായക്കോപ്പയെടുത്ത് അതിന്റെ ദാതാവായ ദൈവത്തിന്റെ നാമം ഉരുവിട്ട് അത് കുടിക്കുന്നു. പൂര്‍ത്തീകരിക്കുമ്പോള്‍ എല്ലാറ്റിനും അനുഗ്രഹിച്ച അല്ലാഹുവെ സ്തുതിക്കുന്നു. ഇതിലെല്ലാം പ്രവാചക മാതൃക പിന്തുടരുന്നു.
ഇങ്ങനെ, നടത്തത്തിലും ഇരുത്തത്തിലും കിടത്തത്തിലും ഉറക്കത്തിലും ഉണര്‍ച്ചയിലും തീനിലും കുടിയിലും സംസാരത്തിലും പ്രവൃത്തിയിലും സമീപനത്തിലും സമ്പ്രദായത്തിലും സ്വഭാവത്തിലും പെരുമാറ്റത്തിലും ആചാരാനുഷ്ഠാനങ്ങളിലും ആരാധനാ ചടങ്ങുകളിലും വ്യക്തിജീവിതത്തിലും കുടുംബഘടനയിലും സാമൂഹിക ഇടപാടുകളിലും സാംസ്‌കാരിക നിലപാടുകളിലും അവരെല്ലാം അന്ത്യപ്രവാചകനായ മുഹമ്മദ് നബിയെ പൂര്‍ണമായും സ്‌നേഹാദരപൂര്‍വം പിന്തുടരുന്നു. ലോകത്ത് ഒരൊറ്റ നേതാവും ഭരണാധികാരിയും വിപ്ലവകാരിയും പരിഷ്‌കര്‍ത്താവും ഇവ്വിധം അനുകരിക്കപ്പെടുന്നില്ല; പിന്തുടരപ്പെടുന്നില്ല. അതുതന്നെയായിരിക്കാം ഇസ്‌ലാം വിമര്‍ശകരെ അസൂയാലുക്കളാക്കുന്നതും അദ്ദേഹത്തിനെതിരെ അതിരൂക്ഷമായ ആക്ഷേപ ശകാരങ്ങളും വ്യാജാരോപണങ്ങളും പരിഹാസങ്ങളും പ്രചരിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതും.
എന്തുകൊണ്ട്?
എന്തുകൊണ്ടാണ് ജനമനസ്സുകളില്‍ അദ്ദേഹത്തിന് സമാനതകളില്ലാത്ത സ്ഥാനവും സ്‌നേഹവും ആദരവും അംഗീകാരവും ലഭിക്കുന്നത്? അങ്ങനെ ചെയ്യാന്‍ അല്ലാഹു ആജ്ഞാപിച്ചതു കൊണ്ടാണെന്ന് വേണമെങ്കില്‍ പറയാം. അത് ശരിയുമാണ്. എന്നാല്‍, അതിനെല്ലാം അര്‍ഹമായിത്തീരുമാറ് മറ്റാരെക്കാളും അദ്ദേഹം അവരെ സ്‌നേഹിച്ചു. അവരോട് ഗുണകാംക്ഷ പുലര്‍ത്തി. അവര്‍ക്കുവേണ്ടി നിലകൊണ്ടു. ലോകത്തെ അവസാനത്തെ മനുഷ്യനെപ്പോലും അദ്ദേഹം ഹൃദയം നിറയെ സ്‌നേഹിച്ചു. അവരെ തന്റെ സഹോദരന്മാരെന്ന് വിശേഷിപ്പിച്ചു. അവരെ കാണാന്‍ അതിയായി ആഗ്രഹിച്ചു. അത് തുറന്നു പറയുകയും ചെയ്തു. അവിടുന്ന് പറഞ്ഞു: 'എനിക്ക് എന്റെ സഹോദരന്മാരെ കാണാന്‍ കൊതിയാവുന്നു.' അനുയായികള്‍ ചോദിച്ചു: 'ഞങ്ങളല്ലേ അങ്ങയുടെ സഹോദരന്മാര്‍?' പ്രവാചകന്‍ പ്രതിവചിച്ചത് ഇങ്ങനെ: 'നിങ്ങള്‍ എന്റെ സഖാക്കള്‍. പിന്നാലെ വരുന്ന നൂറ്റാണ്ടുകളില്‍ എന്റെ പാത പിന്തുടരുന്നവരാണ് എന്റെ സഹോദരന്‍മാര്‍.'
പെണ്‍കുഞ്ഞുങ്ങളെ അപമാനഭാരം ഭയന്ന് ജീവനോടെ കുഴിച്ചുമൂടിയിരുന്ന ചില ഗോത്രങ്ങള്‍ അന്നുണ്ടായിരുന്നു. ഖൈസ് ബ്‌നു ആസ്വിം എന്ന ഒരൊറ്റയാള്‍ തന്റെ എട്ട് പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടിയതായി പ്രവാചകനോട് പറയുകയുണ്ടായി. ഇങ്ങനെ ജീവനോടെ കുഴിച്ചുമൂടപ്പെട്ട ഒരു പെണ്‍കുട്ടിയുടെ കഥ കേട്ട് പ്രവാചകന്റെ കവിള്‍ തടങ്ങളിലൂടെ ഒലിച്ചിറങ്ങി താടി രോമങ്ങളെ നനച്ച് ഇറ്റിറ്റു വീണ കണ്ണുനീര്‍ത്തുള്ളികളെ തുടര്‍ന്ന് അവതീര്‍ണമായ 'കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടിയോട് ഏതൊരു പാപത്തിന്റെ പേരിലാണ് താന്‍ വധിക്കപ്പെട്ടതെന്ന് ചോദിക്കുമ്പോള്‍' എന്ന വേദവാക്യത്തിലെ കടുത്ത താക്കീത് കഴിഞ്ഞ പതിനാലര നൂറ്റാണ്ടുകളായി എത്രയേറെ കോടി പെണ്‍കുട്ടികളുടെ ജീവനാണ് രക്ഷിച്ചത്!
ഇസ്‌ലാമിലെ ഏറ്റവും ശ്രേഷ്ഠമായ ആരാധനയായ നമസ്‌കാരം നിര്‍വഹിക്കുമ്പോള്‍ പോലും കുഞ്ഞ് കരഞ്ഞാല്‍ അത് ലഘൂകരിക്കണമെന്ന് പ്രവാചകന്‍ പഠിപ്പിക്കുകയുണ്ടായി.
യുദ്ധക്കളത്തില്‍ വെച്ച് ശത്രുക്കളുടെ കുട്ടികള്‍ കൊല്ലപ്പെട്ട വിവരമറിഞ്ഞപ്പോള്‍ അവര്‍ക്കു വേണ്ടി കണ്ണീര്‍ വാര്‍ക്കുകയും, യുദ്ധഭൂമിയില്‍ വെച്ച് പോലും കുട്ടികളെയും സ്ത്രീകളെയും വൃദ്ധന്മാരെയും ആയുധമില്ലാത്തവരെയും പിന്തിരിഞ്ഞ് പോകുന്നവരെയും പുരോഹിതന്മാരെയും കൊല്ലരുതെന്ന് കല്‍പ്പിക്കുകയും ചെയ്ത മറ്റേത് ഭരണാധികാരിയും സര്‍വസൈന്യാധിപനുമാണുള്ളത്! അദ്ദേഹം നല്‍കിയ കല്‍പ്പന കാരണം എത്രയെത്ര കുഞ്ഞുങ്ങളും സ്ത്രീകളും വൃദ്ധന്മാരും പുരോഹിതരുമായിരിക്കും രക്ഷപ്പെട്ടിട്ടുണ്ടാവുക! കുട്ടികളോട് കരുണ കാണിക്കാത്തവര്‍ നമ്മില്‍ പെട്ടവനല്ലെന്നും സ്വന്തം കുഞ്ഞിനെ ചുംബിക്കാത്തവന്‍ കരുണ ഇല്ലാത്തവനാണെന്നും മറ്റുമുള്ള പ്രവാചകാധ്യാപനങ്ങള്‍ കാരണമായി എണ്ണിയാലൊടുങ്ങാത്ത കുഞ്ഞുങ്ങള്‍ക്കായിരിക്കും മാതാപിതാക്കളുടെ സ്‌നേഹ, കാരുണ്യ, വാത്സല്യപൂര്‍ണമായ പരിലാളന ലഭിച്ചിട്ടുാവുക. മാതാപിതാക്കളുടെ പ്രീതിയിലാണ് അല്ലാഹുവിന്റെ പ്രീതിയെന്നും അവരുടെ കോപത്തിലാണ് അല്ലാഹുവിന്റെ കോപമെന്നുമുള്ള പ്രവാചകന്റെ പ്രഖ്യാപനം കാരണമായി അവഗണിക്കപ്പെടുമായിരുന്ന കോടാനുകോടി മാതാപിതാക്കളാണ് മക്കളുടെ സ്‌നേഹാദരവുകള്‍ക്കും ഉയര്‍ന്ന പരിഗണനകള്‍ക്കും അര്‍ഹരായത്. മാതാവിനെ ചുമന്ന് കിലോമീറ്ററുകളോളം സഞ്ചരിക്കുന്നത് അവര്‍ സഹിച്ച ത്യാഗത്തിന് പകരമാവില്ലെന്ന് പഠിപ്പിച്ച പ്രവാചകനോളം സ്ത്രീകളെ പരിഗണിച്ച മറ്റാരാണുള്ളത്!
ചരിത്രത്തിലെന്നും സമൂഹത്തെ നെടുകയും കുറുകെയും കീറിമുറിച്ച് പിന്നാക്ക സമൂഹങ്ങളെ അടിച്ചമര്‍ത്തി അടിമ സമാനരാക്കുന്ന വംശീയതക്കെതിരെ, മനുഷ്യരെല്ലാവരും ഒരേ ദൈവത്തിന്റെ സൃഷ്ടികളും ഒരേ മാതാപിതാക്കളുടെ മക്കളുമാണെന്നും അവരെല്ലാം ചീര്‍പ്പിന്റെ പല്ലുകള്‍ പോലെ സമന്മാരാണെന്നും പ്രഖ്യാപിച്ച് അത് പ്രയോഗവല്‍ക്കരിച്ച പ്രവാചകന്‍ കഴിഞ്ഞ പതിനാലര നൂറ്റാണ്ടുകളായി ബിലാലുബ്‌നു റബാഹ് തൊട്ട് മാല്‍ക്കം എക്‌സും മുഹമ്മദലിയുമുള്‍പ്പെടെ എത്ര കോടി പ്രാന്തവല്‍കൃതരായ മനുഷ്യരെയാണ് മഹത്വത്തിന്റെ ഉന്നതങ്ങളിലേക്കുയര്‍ത്തിയതെന്ന് ആര്‍ക്കും തിട്ടപ്പെടുത്താനാവില്ല.
ദമ്പതികള്‍ പരസ്പരം നോക്കിയാല്‍ അല്ലാഹു ഇരുവരെയും കാരുണ്യത്തോടെ കടാക്ഷിക്കുമെന്നും പരസ്പരം കൈകോര്‍ത്താല്‍ അവരുടെ പാപങ്ങള്‍ കൊഴിഞ്ഞു പോകുമെന്നും അവര്‍ക്കിടയിലെ ലൈംഗിക ബന്ധം പരലോകത്ത് പ്രതിഫലാര്‍ഹമായ പുണ്യകര്‍മമാണെന്നും പറഞ്ഞ പ്രവാചകനെക്കാള്‍ ദാമ്പത്യ സ്‌നേഹത്തിന്റെ പാഠം പഠിപ്പിച്ച മറ്റാരുണ്ട്!
ഖദീജ, അലിയ്യിബ്‌നു അബീത്വാലിബ്, അബ്ദുര്‍റഹ്മാനിബ്‌നു ഔഫ്, ത്വല്‍ഹ, സുബൈര്‍ തുടങ്ങി ഒട്ടേറെ മഹദ് വ്യക്തികളെ സ്വഭാവ മഹിമ കൊണ്ട് തന്റെ ആദര്‍ശ വലയത്തിലേക്ക് അടുപ്പിച്ചെടുത്ത മുഹമ്മദ് നബിയെപ്പോലെ ഉത്തമ സ്വഭാവങ്ങളുടെ ഉടമയായി ആരുണ്ട്!
പണിയായുധങ്ങളെടുത്ത് തങ്ങളോടൊപ്പം കിടങ്ങ് കുഴിക്കുകയും ആഹാരമൊരുക്കാന്‍ വിറക് കൊണ്ടുവന്ന് തരികയും താന്‍ വരുമ്പോള്‍ എഴുന്നേറ്റു നില്‍ക്കരുതെന്ന് കല്‍പ്പിക്കുകയും യുദ്ധരംഗത്ത് പോലും അനുയായികളുടെ അഭിപ്രായം മാനിച്ച് ഉഹുദു വേളയില്‍ മദീനക്ക് പുറത്തു പോവുകയും ചെയ്ത പ്രവാചകനെക്കാള്‍, കൂടെയുള്ളവരോട് ചേര്‍ന്നു നിന്ന മറ്റൊരു നേതാവിനെയും കാലം കാഴ്ചവെച്ചിട്ടില്ല.
സ്വന്തം മകള്‍ ഫാത്വിമ കുറ്റം ചെയ്താല്‍ അവരെയും ശിക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് പണത്തിനും പദവിക്കുമനുസരിച്ച് നീതിയെ ചായാനും ചരിയാനും അനുവദിക്കാത്ത ന്യായാധിപന്‍ കൂടിയായിരുന്നു മുഹമ്മദ് നബി. അദ്ദേഹത്തിലൂടെ ഒരു ജൂതന് നീതി നിഷേധിക്കപ്പെടുമോ എന്ന അവസ്ഥ ഉണ്ടായപ്പോള്‍ അല്ലാഹു അതില്‍ ഇടപെട്ടു. ഖുര്‍ആനിലെ നാലാം അധ്യായം 105 മുതല്‍ 113 വരെയുള്ള സൂക്തങ്ങളിലൂടെ നീതി നടപ്പാക്കപ്പെട്ടു.
സഹജീവികള്‍ക്ക് സ്വര്‍ഗം ലഭിക്കാതെ നരകാവകാശികളാകുമോയെന്ന് ആശങ്കിച്ച് ഖിന്നനായി ആത്മനാശത്തോളമെത്തിയ മുഹമ്മദ് നബിയോളം ജനങ്ങളോട് ഗുണകാംക്ഷ പുലര്‍ത്തിയ സത്യപ്രബോധകരുണ്ടാവില്ല. അദ്ദേഹം തന്റെ ജീവിതത്തില്‍ അനുഭവിച്ച എല്ലാ കഷ്ടപ്പാടുകളും ദുരിതങ്ങളും അവര്‍ക്ക് വേണ്ടിയായിരുന്നു.
ശത്രുക്കളോടും കാരുണ്യം
തന്നെയും തന്റെ അനുയായികളെയും കഠിനമായി ദ്രോഹിക്കുകയും കൊടും പീഡയേല്‍പ്പിക്കുകയും ചെയ്ത ശത്രുക്കള്‍ക്കെല്ലാം അദ്ദേഹം മാപ്പ് കൊടുത്തു. മക്കയില്‍ നീണ്ട പതിമൂന്ന് വര്‍ഷക്കാലം ഈ അക്രമമര്‍ദനങ്ങള്‍ തുടര്‍ന്നപ്പോള്‍ പ്രതികാരം ചെയ്യാന്‍ അനുവാദം ചോദിച്ചവരോട് അരുതെന്നും അവര്‍ക്ക് മാപ്പ് നല്‍കാനാണ് താന്‍ കല്‍പ്പിക്കപ്പെട്ടതെന്നും മറുപടി പറഞ്ഞു. അപ്പോഴും അവര്‍ക്ക് സാധ്യമായ എല്ലാ ഉപകാരങ്ങളും ചെയ്തുകൊടുത്തു. മക്കയോട് വിടപറയും വരെ അവരുടെ സ്വത്തുക്കള്‍ സൂക്ഷിച്ച് സംരക്ഷിച്ചത് അദ്ദേഹമായിരുന്നു. ഹിജ്‌റ പുറപ്പെടും മുമ്പേ അവ തിരിച്ചുകൊടുക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഇങ്ങനെ ശത്രുക്കളെ പോലും തന്നോട് ചേര്‍ത്തു നിര്‍ത്തി.
ഇണയും തുണയും സഖിയും സഹധര്‍മിണിയുമായി നിലകൊണ്ട ഖദീജയും എല്ലാ സംരക്ഷണവും നല്‍കിപ്പോന്ന പിതൃവ്യന്‍ അബൂത്വാലിബും പരലോകം പ്രാപിച്ചതോടെ മക്കയില്‍ ജീവിതം ദുസ്സഹമായപ്പോള്‍ ത്വാഇഫില്‍ പോയി അവിടത്തെ അടുത്ത ബന്ധുക്കളോട് അഭയം ചോദിച്ചു. അവര്‍ അഭയം നല്‍കിയില്ലെന്ന് മാത്രമല്ല, ആട്ടിയോടിക്കുകയും മനസ്സിനും ശരീരത്തിനും മുറിവേല്‍പ്പിക്കുകയും ചെയ്തു. അപ്പോഴും അവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനെ അദ്ദേഹം അനുകൂലിച്ചില്ല. എന്നല്ല, അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുകയാണുണ്ടായത്. ഇതായിരുന്നു പ്രവാചകന്‍.
മക്കയോട് വിടപറഞ്ഞ് മദീനയിലെത്തിയിട്ടും സൈ്വരം നല്‍കാതെ അവിടത്തെ നവജാത ഇസ്‌ലാമിക രാഷ്ട്രത്തെ തകര്‍ക്കാനും തന്നെയും അനുയായികളെയും വകവരുത്താനും യുദ്ധം ചെയ്യുകയും പ്രിയപ്പെട്ടവരെ ക്രൂരമായി കൊലപ്പെടുത്തുകയും തന്നെ പരിക്കേല്‍പ്പിക്കുകയും ചെയ്ത മക്കയിലെ ശത്രുക്കള്‍ ഹിജ്‌റ അഞ്ചാം വര്‍ഷം കടുത്ത ദാരിദ്ര്യത്തിലകപ്പെട്ടു. അവര്‍ പട്ടിണി കൊണ്ട് പൊറുതിമുട്ടി. വിവരമറിഞ്ഞ പ്രവാചകന്‍ മദീനയിലെ തന്റെ പള്ളിയിലെ പ്രസംഗ പീഠത്തില്‍ കയറി സംഭവം വിശദീകരിക്കുകയും മക്കയിലെ തങ്ങളുടെ സഹോദരന്മാരെ സഹായിക്കേണ്ടതുണ്ടെന്ന് പറയുകയും അതിനായി അവരുടെ വീടുകളിലെ ഭക്ഷ്യധാന്യങ്ങള്‍ കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹം അതെല്ലാം ശേഖരിച്ച് അംറുബ്‌നു ഉമയ്യ വശം ശത്രുക്കളുടെ നേതാവായിരുന്ന അബൂസുഫ്‌യാന് കൊടുത്തയച്ചു. ഇത്രയും കൊടിയ ശത്രുക്കളുടെ വേദന പോലും ആത്മവേദനയായി അനുഭവിച്ച മറ്റൊരു മനുഷ്യ സ്‌നേഹിയും ചരിത്രത്തിലുണ്ടാവാനിടയില്ല.
കൊന്നവര്‍ക്കും കൊല്ലപ്പെട്ടവര്‍ക്കും സ്വര്‍ഗം
പ്രവാചകന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട പിതൃവ്യനായിരുന്നു ഹംസ (റ). അദ്ദേഹത്തെ ഉഹുദ് യുദ്ധത്തില്‍ ക്രൂരമായി കൊലപ്പെടുത്തിയത് വഹ്ശിയാണ്. അബൂസുഫ്‌യാന്റെ ജീവിതപങ്കാളി ഹിന്ദ് ആവശ്യപ്പെട്ടതനുസരിച്ച് അയാള്‍ ഹംസ(റ)യുടെ നെഞ്ച് പിളര്‍ത്തി കരളെടുത്ത് അവര്‍ക്ക് കൊണ്ടുപോയി കൊടുത്തു. കോപം തീര്‍ക്കാനായി അവരത് കടിച്ചു തുപ്പി. എന്നിട്ടും പ്രവാചകന്‍ ഹിന്ദിനും വഹ്ശിക്കും മാപ്പ് കൊടുത്തു. അതേ യുദ്ധത്തിലാണ്, എഴുപതിലേറെ മദീനാ നിവാസികളെ സന്മാര്‍ഗത്തിലേക്ക് നയിച്ച പ്രവാചകന്റെ ഏറ്റവും പ്രിയപ്പെട്ട അരുമ ശിഷ്യന്‍ മിസ്വ്അബ് ബ്‌നു ഉമൈര്‍ ക്രൂരമായി വധിക്കപ്പെട്ടത്. എന്നിട്ടും ആ യുദ്ധത്തിന് നേതൃത്വം നല്‍കിയ ഖാലിദ് ബ്‌നുല്‍ വലീദിന് മാപ്പ് കൊടുക്കുക മാത്രമല്ല, 'അല്ലാഹുവിന്റെ വാള്‍' എന്ന അപരനാമം അദ്ദേഹത്തിന് നല്‍കുകയും ചെയ്തു. തനിക്കെതിരെയുള്ള യുദ്ധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അബൂസൂഫ്‌യാന് മാപ്പ് നല്‍കിയതോടൊപ്പം മക്കാ വിജയ വേളയില്‍ അദ്ദേഹത്തിന്റെ വീട് അഭയ കേന്ദ്രമായി പ്രഖ്യാപിക്കുകയും ചെയ്തു. വിഷം പുരട്ടിയ വാളുമായി തന്നെ വധിക്കാനെത്തിയ ഉമൈറ് ബ്‌നു വഹബിനും അതിന് അദ്ദേഹത്തെ നിയോഗിച്ച സ്വഫ്‌വാനുബ്‌നു ഉമയ്യക്കും സുമാമത് ബ്‌നു അസാലുമുള്‍പ്പെടെ കൊടിയ ശത്രുക്കള്‍ക്കും അദ്ദേഹം മാപ്പ് നല്‍കി. പ്രവാചകന്‍ ജനങ്ങളെ കൊന്ന് നരകത്തിലയക്കാനല്ല നിയോഗിതനായത്; മറിച്ച് അവരെ നേര്‍വഴിയില്‍ നയിച്ച് സ്വര്‍ഗം നേടിക്കൊടുക്കാനാണ്. കൊന്നവരെയും കൊലയാളികളെയും സ്വര്‍ഗാവകാശികളാക്കാനായിരുന്നു അദ്ദേഹത്തിന്റെ തീവ്ര യജ്ഞം. വിസ്മയകരമായ വിപ്ലവം സൃഷ്ടിക്കാന്‍ സാധിച്ചതും അതിനാലാണ്. അതുകൊണ്ടുതന്നെ ശത്രുക്കളെപ്പോലും അകറ്റിനിര്‍ത്താതെ ചേര്‍ത്തുനിര്‍ത്തുകയാണ് അദ്ദേഹം ചെയ്തത്.
പട്ടിണിയും പേടിയുമില്ലാത്ത ലോകം
പ്രവാചകന്‍ വിശുദ്ധ കഅ്ബയുടെ തണലില്‍ പുതപ്പ് തലയണയായുപയോഗിച്ച് കിടന്നുറങ്ങുകയായിരുന്നു. അപ്പോള്‍, മര്‍ദനം സഹിക്കാനാവാതെ പ്രയാസപ്പെട്ടുകൊണ്ടിരുന്ന ഖബ്ബാബുള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ സമീപിച്ചു. അവര്‍ ചോദിച്ചു: 'ഞങ്ങള്‍ക്ക് വേണ്ടി താങ്കള്‍ സഹായമര്‍ഥിക്കുന്നില്ലേ?' അതിന് മറുപടിയായി, സത്യപാതയില്‍ പൂര്‍വികര്‍ അനുഭവിച്ച അത്യുജ്ജ്വലങ്ങളായ ത്യാഗങ്ങളും കഷ്ടനഷ്ടങ്ങളും എടുത്തു പറഞ്ഞ ശേഷം അവരെ പിറക്കാനിരിക്കുന്ന പുതു ലോകത്തെക്കുറിച്ച് ശുഭവാര്‍ത്ത അറിയിക്കുകയാണുണ്ടായത്. അദ്ദേഹം പറഞ്ഞു: 'അല്ലാഹു സത്യം, ഇക്കാര്യം അല്ലാഹു പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും. സന്‍ആയില്‍ നിന്ന് ഹദ്‌റമൗത് വരെ അല്ലാഹുവിനെയും ആടിനെ വേട്ടയാടുന്ന ചെന്നായയെയുമല്ലാതെ മറ്റൊന്നിനെയും ഭയപ്പെടാതെ ഒരു യാത്രക്കാരിക്ക് സഞ്ചരിക്കാന്‍ സാധിക്കുവോളം! പക്ഷേ, നിങ്ങള്‍ ധൃതികാണിക്കുകയാണ്' (ബുഖാരി).
സര്‍വ സുമനസ്സുകളും സ്വപ്‌നം കാണുന്ന, സുരക്ഷിതത്വവും സുഭിക്ഷതയും വിളഞ്ഞുനില്‍ക്കുന്ന സര്‍വസുന്ദരവും ഹൃദയാവര്‍ജകവുമായ, വിവേചനമേതുമില്ലാത്ത സ്വതന്ത്ര ലോകത്തെക്കുറിച്ച പ്രവചനമാണ് അദ്ദേഹം നടത്തിയത്. അത് കേവല പ്രവചനമായിരുന്നില്ല. പുലരാനും പ്രയോഗവല്‍ക്കരിക്കാനുമുള്ള സുന്ദര സ്വപ്‌നമായിരുന്നു. അങ്ങനെ അത് സംഭവിക്കുകയും ചെയ്തു.
സഹോദര സമുദായങ്ങള്‍
പ്രവാചകന്റെ പ്രവേശനത്തോടെ യസ്‌രിബ് മദീനതുന്നബിയായി മാറുകയും ഒരു തുള്ളി ചോര പോലും ചിന്താതെ അവിടെ ഇസ്‌ലാമിക രാഷ്ട്രം പിറവിയെടുക്കുകയും ചെയ്തു. അപ്പോള്‍ അവിടെയുണ്ടായിരുന്ന പതിനായിരം പേരില്‍ ആയിരത്തി അഞ്ഞൂറ് മുസ്‌ലിംകളെ മാത്രമല്ല, അവശേഷിക്കുന്ന മുഴുവന്‍ പൗരന്മാരെയും മദീനാ കരാറിലൂടെ ചേര്‍ത്തുനിര്‍ത്തി. പുറത്തുനിന്ന് വന്ന നജ്‌റാനിലെ ക്രൈസ്തവ സഹോദരന്മാര്‍ക്ക് പോലും സ്വന്തം പള്ളിയില്‍ അവരുടെ ആരാധനാകര്‍മമനുഷ്ഠിക്കാന്‍ അവസരം നല്‍കി അവരെയും തന്റെ സ്‌നേഹസാമ്രാജ്യത്തോട് ചേര്‍ത്തുനിര്‍ത്തി. ജൂതന്റെ മൃതദേഹം കൊണ്ടുപോയപ്പോള്‍ ആദരസൂചകമായി എഴുന്നേറ്റ് നിന്നും ജൂതന്റെ വശം പടയങ്കി പണയം വെച്ചും അവരെപ്പോലും വൈകാരികമായി കൂടെ നിര്‍ത്തി.
ഇതായിരുന്നു അന്ത്യപ്രവാചകന്‍. എല്ലാവരെയു പരമാവധി തന്നോട് ചേര്‍ത്തുനിര്‍ത്തിയ അതിരുകളില്ലാത്ത സ്‌നേഹത്തിന്റെ ആള്‍രൂപം.
Comments