നിരോധിത പി.എഫ്.ഐയുടെ ഭാവി
സെപ്റ്റംബര്‍ 28-ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) യെ നിയമ വിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യു.എ.പി.എ) ഉപയോഗിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രാലയം, എട്ട് പോഷകസംഘടനകളോടൊപ്പം നിരോധിക്കുകയും സംഘടനയുടെ നേതാക്കളടക്കം 250-ല്‍പരം പ്രമുഖരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സ്ഥാപക നേതാക്കളെ ദല്‍ഹി തിഹാര്‍ ജയിലിലും മറ്റുള്ളവരെ അവരുടെ സംസ്ഥാനങ്ങളിലെ ജയിലുകളിലുമാണ് പാര്‍പ്പിച്ചിരിക്കുന്നത്. ജയില്‍ പീഡനത്തെക്കുറിച്ചു പരാതികളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. എന്നാല്‍, രാജ്യവ്യാപകമായി രേഖകളും ഫയലുകളും ഉപകരണങ്ങളും പിടിച്ചെടുത്ത് ഓഫീസുകള്‍ സീല്‍ ചെയ്തിട്ടുണ്ടെന്നാണ് എന്‍.ഐ.എ പുറത്തുവിട്ട വിവരം. യു.എ.പി.എ പ്രകാരമുള്ള സംഘടനാ നിരോധത്തിന്റെ സാധുത പരിഗണിക്കേണ്ടത് അതിനായി രൂപവത്കൃതമാവുന്ന ട്രൈബ്യൂണലാണ്. ഇതു പ്രകാരം ദല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ദിനേശ് കുമാര്‍ ശര്‍മയെ ട്രൈബ്യൂണലിന് നേതൃത്വം നല്‍കാന്‍ നിയോഗിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ പി.എഫ്.ഐയുടെയും പോഷക സംഘടനകളുടെയും നിരോധനത്തിന് കണ്ടെത്തിയ കാരണങ്ങളും നിരോധിത സംഘടനകളുടെ എതിര്‍വാദങ്ങളും തദനുബന്ധ തെളിവുകളും പരിശോധിച്ചു വിലക്കിന്റെ സാധുത തീരുമാനിക്കേണ്ടത് ട്രൈബ്യൂണലാണ്. ആറ് മാസമാണ് ഇതിന് നിശ്ചയിക്കപ്പെട്ട കാലാവധി.
1992-ല്‍ ആര്‍.എസ്.എസ്, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ സംഘടനകളുടെ മേല്‍ നരസിംഹറാവു സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധം ബഹരി ട്രൈബ്യൂണല്‍ പരിശോധിച്ചപ്പോള്‍ ആര്‍.എസ്.എസ് നിരോധത്തെ അസാധുവാക്കുകയും ജമാഅത്ത് നിരോധത്തെ ശരിവെക്കുകയുമാണ് ചെയ്തതെന്ന് ഈയവസരത്തില്‍ ഓര്‍ക്കുന്നത് നന്നാവും. ട്രൈബ്യൂണല്‍ വിധിക്കെതിരെ ജമാഅത്ത് ബോധിപ്പിച്ച അപ്പീല്‍ ഹരജിയുടെ മേല്‍ സുപ്രീംകോടതിയാണ് നിരോധം റദ്ദാക്കിയത്. ഒരു ഘട്ടത്തില്‍ സിമി നിരോധത്തെ ദല്‍ഹി ഹൈക്കോടതിയും ഇവ്വിധം അസാധുവാക്കിയിരുന്നു. സുപ്രീം കോടതിയാണ് പിന്നീട് വിലക്ക് പുനഃസ്ഥാപിച്ചത്. വിലക്കിനും അറസ്റ്റിനുമുള്ള കാരണങ്ങള്‍ എന്‍.ഐ.എ കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിക്കുമ്പോഴേ വ്യക്തമാവൂ. എന്തായാലും ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണം സ്ഥാപിക്കാന്‍ പരിപാടിയിട്ടു, പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ പ്ലാന്‍ ചെയ്തു, ഐ.എസ് തുടങ്ങിയ ഭീകര സംഘടനകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തു മുതലായ കാരണങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. പ്രഥമ ദൃഷ്ട്യാ സംശയാസ്പദമാണീ ആരോപണങ്ങള്‍. എന്നാല്‍, കൈവെട്ടും കൊലപാതകങ്ങളും ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ പി.എഫ്.ഐയുടെ പങ്ക് സ്ഥിരീകരിക്കപ്പെട്ടതാണ്. അത്തരം അത്യാചാരങ്ങളിലേര്‍പ്പെട്ട മറ്റു തീവ്രവാദി സംഘടനകളും രാജ്യത്ത് സജീവമാണെന്നിരിക്കെ നിരോധം അവക്കു കൂടെ ബാധകമാക്കേണ്ടതല്ലേ എന്ന ചോദ്യമാണ് ചില മതേതര പാര്‍ട്ടികള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഏകപക്ഷീയമായ നടപടി പ്രതിഷേധാര്‍ഹമാണെന്നാണ് അവരുടെ പ്രതികരണം. ഇതില്‍ ശരിയുണ്ടെന്നിരിക്കെ, ദീര്‍ഘമായ ആസൂത്രണത്തിനൊടുവില്‍ സകല പഴുതുമടച്ചു ഫാഷിസ്റ്റ് സ്വഭാവമുള്ള ഒരു ഭരണകൂടം നടപ്പാക്കിയ നിരോധം അവര്‍ പുനഃപരിശോധിക്കുമെന്ന പ്രതീക്ഷ തന്നെ അസ്ഥാനത്താണ്. 'വാഴ മുള്ളിന്മേല്‍ വീണാലും മുള്ള് വാഴമേല്‍ വീണാലും കേട് വാഴക്ക്' എന്ന പഴമൊഴി വിസ്മരിക്കാതെ വേണം പി.എഫ്.ഐ നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ഭൂതവും വര്‍ത്തമാനവും ഭാവിയും വിലയിരുത്താന്‍.
ഇന്ത്യന്‍ ഭരണഘടന പ്രകാരം ഒരു മത നിരപേക്ഷ ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ. ജാതി, മത, സമുദായ വ്യത്യാസം കൂടാതെ എല്ലാ ജാതി വിഭാഗങ്ങള്‍ക്കും വിശ്വാസ, ചിന്താ, ആവിഷ്‌കാര, സംഘടനാ സ്വാതന്ത്ര്യങ്ങള്‍ തുല്യ അളവില്‍ ഉറപ്പ് നല്‍കുന്നതാണ് ഇന്ത്യന്‍ ഭരണഘടനയുടെ സവിശേഷത. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ 1975-'77 കാലത്ത് രാജ്യത്തിന്റെ മേല്‍ അടിച്ചേല്‍പിച്ച അടിയന്തരാവസ്ഥ ഒഴിച്ചുനിര്‍ത്തിയാല്‍ 2014 വരെ ഭരണഘടനാ ദത്തമായ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും ഒട്ടൊക്കെ നിലനിന്നിരുന്നു താനും. പക്ഷേ, 1926-ല്‍ നിലവില്‍ വന്ന രാഷ്ട്രീയ സ്വയം സേവക് സംഘ് ഏകശിലാ മുഖമായ ഹിന്ദുത്വത്തിന്റെ ഭൂമികയില്‍ രാജ്യത്തെ പൂര്‍ണമായും ഒരു ഹിന്ദു രാഷ്ട്രമാക്കാനുള്ള ആസൂത്രിത പരിപാടികളില്‍ ഏര്‍പ്പെട്ടിരുന്നു എന്നുള്ളതും അനിഷേധ്യമാണ്. ക്രിസ്ത്യാനികളും മുസ്‌ലിംകളും കമ്യൂണിസ്റ്റുകാരും രാജ്യത്തോട് കൂറ് പുലര്‍ത്താനാവാത്ത വൈദേശിക ചിന്താഗതിക്കാരാണെന്ന് വിധിയെഴുതി മാറ്റിനിര്‍ത്തി അഖണ്ഡ ഭാരത സങ്കല്‍പം സാക്ഷാത്കരിക്കാനുള്ള തീവ്ര യത്‌ന പരിപാടി പ്രകാരമാണ് ആര്‍.എസ്.എസും ആ കുടുംബത്തില്‍ പിറന്ന മറ്റു സംഘടനകളും ഇതഃപര്യന്തം പ്രവര്‍ത്തിച്ചുവന്നത്.
ബ്രിട്ടീഷ് കോളനി വാഴ്ചക്കെതിരായ ദേശീയ സ്വാതന്ത്ര്യ സമരത്തില്‍ ക്രിയാത്മകമായി ഇടപെടാനോ സര്‍വരും തുല്യ പങ്കാളികളായ ഒരു ജനാധിപത്യ രാഷ്ട്ര നിര്‍മിതിക്കായി പ്രവര്‍ത്തിക്കാനോ ഹിന്ദു രാഷ്ട്ര വാദികള്‍ തയാറില്ലായിരുന്നു. ദ്വിരാഷ്ട്ര സിദ്ധാന്തം പ്രാവര്‍ത്തികമാക്കാനുള്ള യത്‌നത്തില്‍ ഹിന്ദു-മുസ്‌ലിം ധ്രുവീകരണ ശക്തികള്‍ തുല്യ പങ്കാളികളായിരുന്നു എന്നതും ചരിത്ര സത്യം. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ സമുന്നത നേതാക്കളില്‍ തന്നെയും ഹിന്ദു രാഷ്ട്ര വാദത്തോട് അനുഭാവം പുലര്‍ത്തിയവരുടെ സാന്നിധ്യം നിഷേധിക്കാനാവില്ല. അതുകൊണ്ടു കൂടി, 1947-ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടുകയും മതനിരപേക്ഷ ജനാധിപത്യ ഭരണഘടന നിലവില്‍ വരികയും ചെയ്തിട്ടും രാഷ്ട്രത്തെ ഹിന്ദുത്വവത്കരിക്കാന്‍ പ്രതിജ്ഞാബദ്ധരായ പ്രസ്ഥാനം ശക്തിപ്പെട്ടതേയുള്ളൂ. കശ്മീര്‍ പ്രശ്‌നം എന്ന കീറാമുട്ടി ഇന്ത്യ-പാകിസ്താന്‍ ശാത്രവത്തെ രൂക്ഷമാക്കിക്കൊണ്ടേവരികയും ഇരു രാജ്യങ്ങളും 1948-ലും 1965-ലും 1971-ലും 1999-ലും സായുധരായി ഏറ്റുമുട്ടുകയും ചെയ്തത് പരോക്ഷമായി ഭൂരിപക്ഷ വര്‍ഗീയതയെ ശക്തിപ്പെടുത്തി എന്നതും വസ്തുതയാണ്. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലശേഷം മത നിരപേക്ഷതയെ ദുര്‍ബലമാക്കുന്ന പ്രവണതകളാണ് ശക്തിപ്പെട്ടതും. 1990-കളില്‍ കോണ്‍ഗ്രസ്സിനുണ്ടായ ശക്തിക്ഷയം ഭൂരിപക്ഷ വര്‍ഗീയതയുടെ വളര്‍ച്ചക്ക് പൂര്‍വാധികം കരുത്തേകി. ഈ പശ്ചാത്തലമാണ് നടേ പറഞ്ഞ അരക്ഷിതബോധം മുസ്‌ലിം ന്യൂനപക്ഷത്തില്‍ ചിലരെയെങ്കിലും മാറി ചിന്തിപ്പിച്ചത്.
പക്ഷേ, പ്രത്യക്ഷത്തില്‍ അവരുടെ വൈകാരിക ചിന്തക്ക് എന്തൊക്കെ ന്യായീകരണമുണ്ടായിരുന്നാലും അതിന്റെ ഭവിഷ്യത്തും പ്രത്യാഘാതങ്ങളും ആപത്കരവും വിനാശകരവുമാണെന്ന് വിവേകമതികള്‍ക്ക് ബോധ്യപ്പെടാവുന്നതേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് സാമുദായിക പ്രതിരോധ ഭൂമികയില്‍ ശാക്തീകരണത്തിനുള്ള ചിന്ത രൂപപ്പെടുന്നു എന്നു കണ്ടപ്പോള്‍ തന്നെ അതിന്റെ ഭവിഷ്യത്തും പരിണതിയും സവിസ്തരം പ്രതിപാദിച്ചുകൊണ്ടുള്ള ലേഖനം 1996 ജനുവരി 30, 31 തീയതികളിലെ മാധ്യമം ദിനപത്രത്തില്‍ ഈയുള്ളവന്‍ എഴുതിയത്. 'ബോംബ് സംസ്‌കാരം നല്‍കുന്ന ആപല്‍ സൂചനകള്‍' എന്ന തലക്കെട്ടിലുള്ള സുദീര്‍ഘ ലേഖനത്തിലെ അവസാന ഭാഗം ഈയവസരത്തില്‍ ഉദ്ധരിക്കുന്നത് പ്രസക്തമാവും:
''ഇന്ത്യന്‍ മുസ്‌ലിംകളിലെ സായുധ ജിഹാദ് വാദക്കാര്‍- അവര്‍ ആരായിരുന്നാലും, എത്ര കുറച്ചായിരുന്നാലും -സ്വയം ആലോചിക്കേണ്ടതും മറുപടി കാണേണ്ടതുമായ ചില പ്രശ്‌നങ്ങളുണ്ട്:
ഒന്നാമത്, രാജ്യത്ത് ഭരണഘടനാനുസൃതമായും ജനാധിപത്യപരമായും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുണ്ട്. പൗരന്മാരുടെ ജീവ-ധനമാനാദികളുടെ സംരക്ഷണവും ക്രമസമാധാന പാലനവും ഭരണകൂടങ്ങളുടെ പ്രാഥമിക ചുമതലകളാണ്. ചുമതലകള്‍ നിറവേറ്റുന്നതില്‍ ഭാഗികമായോ പൂര്‍ണമായോ പരാജയപ്പെടുന്ന ഭരണകൂടങ്ങളുണ്ടാവാം. എങ്കില്‍ അവയെ സമാധാനപരമായി താഴെ ഇറക്കാനോ മാറ്റാനോ ഉള്ള മാര്‍ഗങ്ങളും ഭരണഘടന വ്യവസ്ഥ ചെയ്തിരിക്കുന്നു. അതാണ് തെരഞ്ഞെടുപ്പുകള്‍. 1975-ല്‍ രാജ്യത്ത് അടിയന്തരാവസ്ഥ അടിച്ചേല്‍പിച്ച് ഉരുക്കു മുഷ്ടിയിലൂടെ അടക്കിഭരിച്ച ശ്രീമതി ഇന്ദിരാഗാന്ധിയുടെ ഭരണകൂടത്തെ താഴെയിറക്കാന്‍ കിട്ടിയ ഒന്നാമത്തെ അവസരം ഉത്തരേന്ത്യയിലെ നിരക്ഷരരായ ഗ്രാമീണരും മുസ്‌ലിം ന്യൂനപക്ഷവും ഉപയോഗിച്ചത് ബാലറ്റിലൂടെയായിരുന്നു. ജനാധിപത്യ ഭരണഘടനയും അത് അനുശാസിക്കുന്ന രാഷ്ട്രീയ മാറ്റത്തിന്റെ മാര്‍ഗങ്ങളും നിലനില്‍ക്കെ, ചെയ്യാനുള്ളത് ഫാഷിസത്തിനെതിരെ ജനാധിപത്യ-ദുര്‍ബല-ന്യൂനപക്ഷ വിഭാഗങ്ങളുടെ കൂട്ടായ്മ കെട്ടിപ്പടുക്കുകയാണ്. അതിനുള്ള സുവര്‍ണാവസരമാണ് ആസന്നമായ തെരഞ്ഞെടുപ്പ്. ഈ വഴിക്ക് ഒരു ശ്രമവും നടത്താതെ സമുദായ നേതാക്കളെന്ന് സ്വയം അവകാശപ്പെടുന്നവരും ജനങ്ങളെ വഴികാട്ടേണ്ട മതപണ്ഡിതന്മാരും സ്ഥാപിത താല്‍പര്യങ്ങള്‍ക്കു വേണ്ടി വോട്ടു കച്ചവടത്തിനു പോവുന്നു എന്നതാണ് പ്രശ്‌നം. അവര്‍ക്കെതിരെ ജനങ്ങളെ ബോധവത്കരിക്കുകയും അണിനിരത്തുകയുമാണ് സ്വരക്ഷയെക്കുറിച്ചും സുരക്ഷയെക്കുറിച്ചും വിചാരമുള്ളവര്‍ വേണ്ടത്. സമുദായത്തിനുള്ളില്‍ നടക്കേണ്ട വിചാര വിപ്ലവത്തിനും ധാര്‍മിക പരിവര്‍ത്തനത്തിനും ബോംബും തോക്കും 'ജിഹാദ്' പ്രസംഗങ്ങളും പകരം നില്‍ക്കില്ല.
രണ്ടാമത്, ഫാഷിസം ഇവിടെ ഒരുനാള്‍ കൊണ്ട് വളര്‍ന്നതല്ല. ആകാശത്തുനിന്ന് പൊട്ടിവിടര്‍ന്നതുമല്ല. നൂറ്റാണ്ടുകളുടെ ചരിത്രം അതിന്റെ പിന്നിലുണ്ട്. എട്ട് നൂറ്റാണ്ടുകാലം ഇന്ത്യ ഭരിച്ചിട്ടും അമുസ്‌ലിംകള്‍ക്ക് മഹാ ഭൂരിപക്ഷമുള്ള ഈ രാജ്യത്തിന് ഇസ്‌ലാമിന്റെ ഏക ദൈവ വിശ്വാസത്തിലധിഷ്ഠിതമായ മാനവിക സാഹോദര്യത്തിന്റെയും സാമൂഹിക നീതിയുടെയും സന്ദേശം പരിചയപ്പെടുത്താനോ പ്രബോധനം ചെയ്യാനോ ഒരു മുസ്‌ലിം ഭരണാധികാരിയും നേരം കണ്ടില്ല. തദ്ഫലമായി ഇസ്‌ലാം ഈ നാട്ടില്‍ തെറ്റിദ്ധരിക്കപ്പെട്ടു. ബ്രിട്ടീഷുകാരുടെ വരവോടെ ഭിന്നിപ്പിച്ചു ഭരിക്കല്‍ ശൈലി തെറ്റിദ്ധാരണകള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തു. ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിക്കേണ്ട നേരത്ത് അകാരണമായോ സകാരണമായോ രൂപപ്പെട്ട സാമുദായിക ധ്രുവീകരണവും വിഭജനവും ഹിന്ദു-മുസ്‌ലിം മനസ്സുകളെ പൂര്‍വാധികം അകറ്റി. ഈ ഭൂമികയാണ് സവര്‍ണ ഫാഷിസത്തിന് വളക്കൂറുള്ള മണ്ണായത്. ഹിറ്റ്‌ലറെ മാതൃകയാക്കി ആത്യന്തിക ആര്യദേശീയതയിലൂന്നിയ ഒരു മഹാ ഭാരതം സ്വപ്‌നം കാണുന്ന ഫാഷിസ്റ്റുകള്‍ തങ്ങളുടെ മാര്‍ഗത്തിലെ മുഖ്യ ശത്രുവായി മുസ്‌ലിം ന്യൂനപക്ഷത്തെ ചിത്രീകരിച്ച് അവര്‍ക്കെതിരെ ഗീബല്‍സിയന്‍ പ്രചാരണം അഴിച്ചുവിടുമ്പോള്‍ ഉപര്യുക്ത ചരിത്ര പശ്ചാത്തലം അവര്‍ക്ക് തുണയാവുന്നു. ഈ പ്രചാരണത്തെ ബുദ്ധിപരമായും ചിന്താപരമായും നേരിടാനും ഇസ്‌ലാമിന്റെ യഥാര്‍ഥവും മാനുഷികവുമായ മുഖം രാജ്യത്തിന് നല്‍കാനുമുള്ള യത്‌നങ്ങള്‍ നിര്‍ഭാഗ്യവശാല്‍ മറുവശത്ത് വേണ്ടയളവിലും ഫലപ്രദമായും നടക്കുന്നില്ല. വിശുദ്ധ ഖുര്‍ആനിലെ യുദ്ധകാല പരിതഃസ്ഥിതിയില്‍ അവതരിച്ച സൂക്തങ്ങള്‍ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് ഖുര്‍ആന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഫാഷിസ്റ്റുകള്‍ കൊല്‍ക്കൊത്ത ഹൈക്കോടതിയില്‍ ഹരജി നല്‍കി. ഹരജി കോടതി തള്ളിയെങ്കിലും അന്യായം പുസ്തകമാക്കി നാടാകെ അവര്‍ പ്രചരിപ്പിച്ചു. ഇതിന് യുക്തമായ ഒരു മറുപടി മുസ്‌ലിം ഭാഗത്തുനിന്നുണ്ടായോ, ഉണ്ടായെങ്കില്‍ ആരെങ്കിലും കണ്ടോ? ചിന്താരംഗത്തെ ഈ ശൂന്യത ഫാഷിസത്തിന് ജനമനസ്സുകളെ മലിനീകരിക്കാന്‍ സുവര്‍ണാവസരമൊരുക്കുകയാണ്....
ഇതൊക്കെ എക്കാലത്തെയും മൂരാച്ചികളുടെ ദന്തഗോപുര വേദാന്തങ്ങളാണെന്നും കുരക്കുന്ന പട്ടികളെ വിട്ട് സാര്‍ഥവാഹക സംഘം മുന്നോട്ടുതന്നെ പോകുമെന്നുമാണ് സായുധ ജിഹാദ് വാദികളുടെ പ്രതികരണമെങ്കില്‍ അവസാനമായൊരു ചോദ്യം അവരോടുണ്ട്: ജിഹാദിന്റെ വീര്യം പരമാവധി ഡോസില്‍ അകത്താക്കി ആയുധമെടുത്ത് ശവപ്പുടവ തലയില്‍ കെട്ടി പോര്‍ക്കളത്തിലിറങ്ങിയ പ്രസ്ഥാനങ്ങളിലേതെങ്കിലും ഒന്ന് ലക്ഷ്യം കണ്ടിട്ടുണ്ടോ, വിജയം കൈവരിച്ചിട്ടുണ്ടോ?
ചുരുക്കത്തില്‍, ഒരുപറ്റം മുസ്‌ലിം യുവാക്കളുടെ അപക്വവും വിവേകശൂന്യവുമായ ധര്‍മസമരാവേശവും തജ്ജന്യമായ ബോംബ് സംസ്‌കാരവും നാശത്തിലേക്കുള്ള വഴിയാണ്; അവര്‍ക്കും സമുദായത്തിനും രാജ്യത്തിനും. ഇലക്ഷന്‍ വിളിപ്പാടകലെ നില്‍ക്കെ ഫാഷിസ്റ്റുകളുടെ കൈയില്‍ വടി കൊടുക്കാനേ അവര്‍ക്ക് കഴിയൂ. ഇതില്‍ നിന്നവര്‍ പിന്തിരിയണം. നിയമാനുസൃതവും സമാധാനപരവുമായ സാമൂഹിക പരിവര്‍ത്തനത്തിന് തത്ത്വങ്ങളിലൂന്നി പ്രവര്‍ത്തിക്കുന്നതിനു പകരം വ്യക്തികളുടെ ഉന്മൂലനത്തിലൂടെ ഒന്നും നേടാനാവില്ലെന്നും വിപ്ലവകാരികള്‍ ഈയാംപാറ്റകളെപ്പോലെ സ്വയം എരിഞ്ഞടങ്ങുകയേ ഉള്ളൂ എന്നും, ഖലിസ്ഥാന്‍ വാദികള്‍ മുതല്‍ നക്‌സലുകള്‍ വരെയുള്ളവരുടെ അനുഭവങ്ങളില്‍നിന്നവര്‍ പഠിക്കണം. അതേസമയം, രാജ്യത്ത് ഫാഷിസത്തിന്റെ ഭീഷണമായ വളര്‍ച്ച അതിന്റെ ഇരകളായ ന്യൂനപക്ഷങ്ങളില്‍ ഉളവാക്കുന്ന പ്രത്യാഘാതങ്ങള്‍ അപകടകരമായ ദിശയിലേക്കാണെന്ന് ഭരണകൂടങ്ങളും മതേതര ശക്തികളും കണ്ടെത്തേണ്ട സമയം വൈകി.''
ഇതെഴുതിയത് കാല്‍ നൂറ്റാണ്ട് മുമ്പാണ്. അന്നത് എന്‍.ഡി.എഫിന്റെ ചാലക ശക്തികളെ പ്രകോപിപ്പിക്കുകയും അസ്വസ്ഥരാക്കുകയും ചെയ്തിരുന്നു. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഖുര്‍ആനികാധ്യാപനങ്ങളുടെ വെളിച്ചത്തില്‍ മിലിറ്റന്‍സിയെ മാര്‍ഗമായി അംഗീകരിക്കാന്‍ സാധ്യമല്ല എന്നു തന്നെയാണ് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സുചിന്തിത വീക്ഷണം. ആത്മ രക്ഷാര്‍ഥം ആയുധമേന്താനുള്ള അവകാശം എല്ലാ തത്ത്വസംഹിതകളും ഇന്ത്യന്‍ ശിക്ഷാ നിയമവും തദ്വാരാ കോടതികളും അനുവദിക്കുന്നു എന്ന ന്യായം വ്യക്തികള്‍ക്ക് മാത്രം ബാധകമാണ്. സംഘടിത ഗ്രൂപ്പുകള്‍ക്കും സംഘങ്ങള്‍ക്കും നിയമവാഴ്ച നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ അതനുവദനീയമല്ല.
എന്‍.ഡി.എഫ് 2006-ല്‍ കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും സമാനസ്വഭാവമുള്ള സംഘടനകളെ ചേര്‍ത്തു പോപ്പുലര്‍ ഫ്രണ്ട് ആയി രൂപാന്തരപ്പെട്ട ശേഷം സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടിയും നിലവില്‍ വന്നു. കേരളത്തിന് പുറമെ മറ്റു പതിനഞ്ചോളം സംസ്ഥാനങ്ങളില്‍ സജീവമാണ് ഈ കൂട്ടായ്മകള്‍. അവരുടെ വിദ്യാര്‍ഥി വിഭാഗമായ കാമ്പസ് ഫ്രണ്ടും വനിതാ വിംഗായ വിമന്‍സ് ഫ്രണ്ടും നല്ലൊരു വിഭാഗം യുവതി യുവാക്കളെ അണിനിരത്തി പ്രവര്‍ത്തന രംഗത്തുണ്ടായിരുന്നു. ഇക്കൂട്ടത്തില്‍ രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യപ്പെട്ട എസ്.ഡി.പി.ഐ ഒഴിച്ചുള്ള സംഘടനകളെല്ലാം നിരോധ പട്ടികയിലുണ്ട്. രാഷ്ട്രീയ പാര്‍ട്ടിയെ നിരോധിക്കാന്‍ ഇലക്ഷന്‍ കമീഷന്റെ ശിപാര്‍ശ വേണം. അതത്ര എളുപ്പമല്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പി.എഫ്.ഐ ദീര്‍ഘദൃഷ്ടിയോടെ ആവിഷ്‌കരിച്ച കര്‍മ-സേവന പദ്ധതികള്‍ തടസ്സങ്ങളെ അതിജീവിക്കുമെന്നാണ് കരുതേണ്ടത്. നിശ്ചിത കാലാവധി കഴിഞ്ഞ ഭാരവാഹികളുടെ സ്ഥാനത്ത് പുതുരക്തം കൊണ്ടുവരികയെന്ന സംഘടനാ രീതി നേതാക്കളുടെ സുദീര്‍ഘമായേക്കാവുന്ന ജയില്‍വാസം പോലും ദോഷകരമായി ബാധിക്കാതിരിക്കാന്‍ വഴിയൊരുക്കും. അധഃസ്ഥിതരും അരക്ഷിതരുമായ വലിയൊരു വിഭാഗത്തിന്റെ മാനസിക പിന്തുണ ഭരണകൂട ഭീകരതയെന്ന് വിശേഷിപ്പിക്കാവുന്ന നടപടികള്‍ക്കെതിരെ പി.എഫ്.ഐ ഉറപ്പാക്കിയിട്ടുണ്ട് എന്നു തന്നെയാണ് വിലയിരുത്തേണ്ടത്.
പി.എഫ്.ഐ പോലുള്ള സംഘടനകളുടെ കാര്യത്തില്‍ നിരോധം യഥാര്‍ഥത്തില്‍ പ്രശ്‌നത്തിനുള്ള പരിഹാരമല്ല. ഒരു ജനാധിപത്യ രാജ്യത്തിനു ചേര്‍ന്നതുമല്ല സംഘടനാ നിരോധനം. പി.എഫ്.ഐ രൂപപ്പെട്ടുവന്ന സാഹചര്യവും അവരുടെ എതിര്‍ ചേരിയിലുള്ള സമാന സംഘടനകളും പൂര്‍വാധികം ശക്തിയോടെ നിലനില്‍ക്കുമ്പോള്‍ വിശേഷിച്ചും. സര്‍ക്കാറിന്റെ ഇരട്ടത്താപ്പ് ഇവിടെ ചോദ്യം ചെയ്യപ്പെടും. അതിരുവിട്ട് പ്രവര്‍ത്തിക്കുന്നവരെ സമാധാന മാര്‍ഗത്തിലേക്ക് കൊണ്ടുവരാന്‍ നീതി
പൂര്‍വകമായ സമീപനങ്ങളാണാവശ്യം.
Comments