മുലായം സിംഗ് ബാക്കിവെച്ചതെന്ത്?
സമാജ്വാദി പാര്‍ട്ടിയുടെ അന്തരിച്ച രക്ഷാധികാരി മുലായം സിംഗ് യാദവിന് നല്‍കാനാവുന്ന ഏറ്റവും ഉചിതമായ വിശേഷണം എന്തായിരിക്കും? ജാതി രാഷ്ട്രീയത്തിന്റെ മതേതര ആചാര്യന്‍ എന്ന് വേണമെങ്കില്‍ പറയാം. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതീവ സൂത്രശാലിയായ നേതാവെന്നും അദ്ദേഹത്തെ വിളിക്കാം. ഭരണം പിടിക്കാനായി എന്തു വൃത്തികേടും ചെയ്യുന്ന പുതിയ കാലത്തെ 'ചാണക്യ'രിലൊരാളല്ല, പോയ തലമുറയുടെ രാഷ്ട്രീയ സംസ്‌കാരം കാത്തുസൂക്ഷിച്ച അവസാനത്തെ നേതാക്കളിലൊരാളായിരുന്നു മുലായം. തന്റെ രാഷ്ട്രീയ പാര്‍ട്ടിക്ക് എന്താണ് ആവശ്യമെന്ന തീരുമാനമെടുക്കുമ്പോള്‍ പലപ്പോഴും അദ്ദേഹം അടിസ്ഥാനവും ആദര്‍ശവുമൊക്കെ മാറ്റിവെച്ചിട്ടുണ്ട്. അധികാരം തന്നെയായിരുന്നു എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയുമെന്ന പോലെ സമാജ്വാദിയുടെയും അവസാന തേട്ടം. അതുകൊണ്ടു തന്നെ ചരിത്രം അദ്ദേഹത്തോട് വലിയ കരുണയൊന്നും കാണിക്കണമെന്നുമില്ല. പക്ഷേ, സാധാരണക്കാരുടെ നേതാജി ആയിരുന്നു മുലായം. ഇന്ത്യന്‍ മുസ്ലിംകളെ സംബന്ധിച്ചേടത്തോളം അവരെ പ്രായോഗികമായി മികച്ച രീതിയില്‍ ഉള്‍ക്കൊണ്ട നേതാവ്. ചുരുക്കം കിണറുകളും ഒരു പ്രൈമറി സ്‌കൂളും മാത്രം ഉണ്ടായിരുന്ന സൈഫായി ഗ്രാമത്തില്‍ നിന്നാണ് അദ്ദേഹം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വിശാല ഭൂമികയിലേക്ക് സൈക്കിളും ചവിട്ടിയെത്തിയത്. അക്ഷരാര്‍ഥത്തില്‍ തന്നെ, അക്കാലത്ത് മുലായം സൈക്കിള്‍ ചവിട്ടിപ്പോയ വഴികള്‍ ഇന്ന് റബറൈസ്ഡ് റോഡുകള്‍ ആയിട്ടുണ്ടാവാം. സൈഫായി യു.പിയിലെ അതിമനോഹരമായ ഗ്രാമീണ പട്ടണങ്ങളിലൊന്നായി മാറുകയും ചെയ്തിട്ടുണ്ടാവാം. പക്ഷേ, സോഷ്യലിസത്തെ കുറിച്ച് മുലായവും അദ്ദേഹത്തിന്റെ പൂര്‍വസൂരികളും കണ്ട സ്വപ്നങ്ങളൊന്നും ഇന്ത്യയില്‍ നടപ്പായില്ല. അദ്ദേഹത്തിന്റെ യു.പി ഇന്ന് മതേതരത്വത്തിന്റെ ശവപ്പറമ്പുമാണ്. ജാതി രാഷ്ട്രീയം തന്നെയാണ് അടിത്തറയെങ്കിലും ഹിന്ദുമത വിശ്വാസികളായ വലിയൊരു സമൂഹത്തെ മുസ്ലിംകളുമായി കൂട്ടിയിണക്കി നിര്‍ത്തി എന്നതു തന്നെയാണ് മുലായത്തിന്റെ ഏറ്റവും വലിയ നേട്ടം.
രാഷ്ട്രീയത്തില്‍ പക്ഷേ, അദ്ദേഹം അവസരവാദിയായിരുന്നു. എല്ലാ സോഷ്യലിസ്റ്റുകളെയും പോലെ കോണ്‍ഗ്രസിന്റെ കടുത്ത വിമര്‍ശകനായാണ് മുലായവും രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ജസ്വന്ത് നഗറില്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി 1967-ല്‍ തന്റെ 28ാ-മത്തെ വയസ്സില്‍ മത്സരരംഗത്തിറങ്ങിയ മുലായം സിംഗ് യാദവ് കന്നിയങ്കത്തില്‍ നേടിയത് ഒരു ലക്ഷത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ സ്വാഭാവികമായും മുലായം ജയിലിലായി. 1970-കളുടെ ഒടുവില്‍ അന്നത്തെ യു.പി മുഖ്യമന്ത്രി ചൗധരി ചരണ്‍സിംഗിന്റെ ലോക്ദളുമായി മുലായം ബന്ധം സ്ഥാപിക്കുന്നതാണ് കണ്ടത്. ഹേമവതി നന്ദന്‍ ബഹുഗുണയെ പോലുള്ള തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പോലും ഇന്ദിരയോടു കലഹിച്ച് ലോക്ദളിലെത്തിയ കാലം. 1980-ല്‍ ലോക്ദളിന്റെ യു.പി അധ്യക്ഷനായി മുലായം തെരഞ്ഞെടുക്കപ്പെട്ടു. പക്ഷേ, 1986-ല്‍ ബഹുഗുണ ദേശീയ തലത്തില്‍ പാര്‍ട്ടി പിടിച്ചടക്കിയപ്പോള്‍ ചരണ്‍ സിംഗിന്റെ മകന്‍ അജിത് സിംഗിനെ ഐ.എ.എസ് രാജിവെപ്പിച്ച് ലോക്ദളിന്റെ ജനറല്‍ സെക്രട്ടറിയാക്കി. പാര്‍ട്ടിക്കകത്ത് മുലായം കുടുംബചേരിയോടൊപ്പം നിന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അജിത് സിംഗുമായി തെറ്റി ബഹുഗുണയോട് കൂറു പ്രഖ്യാപിച്ചു. അതോടെ അജിത് സിംഗ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും യു.പിയിലെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും നീക്കുകയും ചെയ്തു. അങ്ങനെയാണ് ബഹുഗുണയും മുലായമും പാര്‍ട്ടി പിളര്‍ത്തിയത്. മുലായം യു.പിയിലെ വിമത ഘടകത്തിന്റെ അധ്യക്ഷനായി മാറി. ഒടുവില്‍ തന്റെ പാര്‍ട്ടിയെ ജനതാദളില്‍ ലയിപ്പിച്ച് അങ്ങോട്ടു ചാടി വി.പി സിംഗിന്റെ അനുയായിയായി. ഈ ബന്ധത്തിലൂടെ 1989-ല്‍ യു.പിയുടെ മുഖ്യമന്ത്രിയാവുകയും ചെയ്തു. അന്ന് ബി.ജെ.പിയായിരുന്നു ജനതാദളിനെ കേന്ദ്രത്തിലും യു.പിയിലും പുറമെ നിന്നു പിന്തുണച്ചത്.
മുലായത്തിന്റെ ഈ ആദ്യകാല രാഷ്ട്രീയ പരീക്ഷണങ്ങള്‍ക്ക് മാത്രമാണ് സോഷ്യലിസവുമായി ഏതോ പ്രകാരത്തില്‍ ബന്ധമുണ്ടായിരുന്നത്. അധികാരത്തിലേറിയതിനു ശേഷമുള്ള കാലത്ത് ജാതി രാഷ്ട്രീയമായിരുന്നു അദ്ദേഹത്തിന്റെ അടിത്തറ. സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ അതില്‍ വലിയൊരളവില്‍ മുസ്ലിം താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെട്ടിരുന്നു എന്നു മാത്രം. മതേതര രാഷ്ട്രീയം എന്ന കാനാന്‍ ഭൂമിയിലേക്ക് മുസ്ലിംകളെ കോണ്‍ഗ്രസില്‍ നിന്ന് ആട്ടിത്തെളിച്ചു കൊണ്ടുവന്ന നേതാവായിരുന്നു മുലായം സിംഗ്. അതുകൊണ്ടു തന്നെ മതേതരത്വത്തോടും മുസ്ലിംകളോടും അടിസ്ഥാനപരമായ പ്രതിബദ്ധത അദ്ദേഹത്തിനുണ്ടായിരുന്നു; പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ പാര്‍ട്ടി മാര്‍ക്കറ്റിനും മൃദുഹിന്ദുത്വത്തിനുമൊക്കെ വഴങ്ങിയെങ്കിലും. ഇന്ദിരാഗാന്ധി കൊല്ലപ്പെടുകയും രാജീവ് ഗാന്ധി പ്രധാനമന്ത്രിയാവുകയും ചെയ്തതാണ് മുലായത്തിന്റെയും അതോടൊപ്പം മുസ്ലിം സമൂഹത്തിന്റെയും രാഷ്ട്രീയ ഭൂമികയിലെ നിര്‍ണായകമായ നിരവധി നീക്കങ്ങള്‍ക്ക് വഴിയൊരുങ്ങിയത്. ഷാബാനു കേസും അയോധ്യയിലെ ശിലാന്യാസവും രാജീവ് ഗാന്ധി കൈകാര്യം ചെയ്ത രീതി മുസ്ലിം സമൂഹത്തെ കോണ്‍ഗ്രസില്‍ നിന്ന് അകറ്റുന്നതിനും അതിനെതിരെ നിലകൊണ്ട വ്യക്തി എന്ന നിലയില്‍ മുലായത്തിന് മുസ്ലിം ജനസാമാന്യത്തിന്റെ പിന്തുണ ലഭിക്കുന്നതിനും കാരണമായി. 1989-ല്‍ മുലായം യു.പിയില്‍ മുഖ്യമന്ത്രിയായത് നാരായണ്‍ ദത്ത് തിവാരി നയിച്ച കോണ്‍ഗ്രസിനെ സംസ്ഥാനത്ത് തവിടുപൊടിയാക്കിയാണ്. അവിടെ നിന്നിങ്ങോട്ട് കോണ്‍ഗ്രസ് ഒരിക്കലും യു.പിയില്‍ പച്ച തൊട്ടിട്ടില്ല. മുസ്ലിംകളും യാദവരും ചേര്‍ന്ന് സംസ്ഥാനത്തെ പുതിയ രാഷ്ട്രീയ അച്ചുതണ്ട് ശക്തിയായി മാറി. മറുഭാഗത്ത് ദലിതരെയും പസ്മാന്താ വിഭാഗങ്ങള്‍ എന്നറിയപ്പെടുന്ന അതിപിന്നാക്ക മുസ്ലിംകളെയും കൂട്ടിച്ചേര്‍ത്ത് കാന്‍ഷിറാം-മായാവതി ടീമും കോണ്‍ഗ്രസിന്റെ പതനം ഉറപ്പു വരുത്തുന്നതില്‍ തങ്ങളാലാവത് ചെയ്തു.
ഒ.ബി.സി സമുദായങ്ങള്‍ക്ക് 27 ശതമാനം സംവരണം ശിപാര്‍ശ ചെയ്യുന്ന മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് ചെങ്കോട്ടയില്‍ നിന്ന് 1990-ലെ സ്വാതന്ത്ര്യ ദിന പ്രഭാഷണത്തില്‍ അന്നത്തെ പ്രധാനമന്ത്രി വി.പി സിംഗ് പ്രഖ്യാപിക്കുമ്പോള്‍ മുലായം സിംഗായിരുന്നു ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രി. ജനതാദളുമായുള്ള ബി.ജെ.പിയുടെ ബന്ധം അവസാനിക്കുന്നത് അങ്ങനെയാണ്. മണ്ഡലിനെ നേരിടാന്‍ രാമ ജന്മഭൂമി തര്‍ക്കവുമായി ഹിന്ദുത്വ സംഘടനകള്‍ തെരുവിലിറങ്ങിയ 1990-'91 കാലത്ത് കര്‍സേവകരെ വെടിവെച്ചും അയോധ്യയില്‍ കര്‍ശനമായ നിരോധനാജ്ഞ നടപ്പാക്കിയുമൊക്കെ മുലായം സിംഗ് മുസ്ലിം മനസ്സില്‍ ചിരപ്രതിഷ്ഠ നേടി. 'മൗലാനാ മുലായം സിംഗ്' എന്നാണ് അദ്ദേഹത്തെ ബി.ജെ.പി പരിഹസിച്ചത്. കേന്ദ്രത്തിലും യു.പിയിലും നല്‍കി വന്ന പിന്തുണ ബി.ജെ.പി പിന്‍വലിച്ചപ്പോള്‍ മുലായം കോണ്‍ഗ്രസുമായി ചില വിട്ടുവീഴ്ചകള്‍ക്ക് തയാറായി. അങ്ങനെയാണ് ജനതാദള്‍ വിട്ട് ചന്ദ്രശേഖറിന്റെ ജനതാദള്‍ സെക്യുലര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതും, അതുവരെ താന്‍ എതിര്‍ത്തു പോന്ന കോണ്‍ഗ്രസിനെ ഒപ്പം കൂട്ടി ചന്ദ്രശേഖറിനെ പ്രധാനമന്ത്രിയാക്കിയതും. കഷ്ടിച്ച് ഒരു വര്‍ഷം തികയുന്നതിനിടെ നിസ്സാര കാരണത്തെച്ചൊല്ലി കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടെ യു.പിയില്‍ മുലായവും വീണു. 1991-ല്‍ രാജ്യം പൊതു തെരഞ്ഞെടുപ്പിലേക്കു നീങ്ങി. കോണ്‍ഗ്രസുമായുള്ള കലിപ്പില്‍ 1991-ല്‍ യു.പിയില്‍ ഒറ്റക്കു മല്‍സരിച്ച മുലായം പക്ഷേ, പരമദയനീയമായാണ് തോറ്റത്. രാജ്യം മുഴുക്കെ ആളിപ്പടര്‍ന്ന രാമക്ഷേത്ര പ്രക്ഷോഭത്തിന്റെ വേലിയേറ്റത്തില്‍ കല്യാണ്‍ സിംഗിന്റെ നേതൃത്വത്തില്‍ ഇതാദ്യമായി ഒരു ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറുകയും ചെയ്തു. 399 സീറ്റില്‍ മത്സരിച്ച മുലായത്തിന്റെ പാര്‍ട്ടിക്ക് വെറും 34 സീറ്റിലാണ് ജയിക്കാനായത്.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുലായം സിംഗ് യാദവ് കാണിച്ച ഭാവനാസമ്പന്നമായ ഒരു നീക്കം ഇതിനു ശേഷമുള്ള കാലത്താണുണ്ടായത്. ബാബരി മസ്ജിദ് തകര്‍ക്കാന്‍ ഒത്താശ ചെയ്ത കല്യാണ്‍ സിംഗ് സര്‍ക്കാറിനെ രാഷ്ട്രപതി പിരിച്ചുവിട്ടതിനു ശേഷം വന്ന തെരഞ്ഞെടുപ്പില്‍ മുലായമും മായാവതിയും ഒരുമിച്ചുനില്‍ക്കാന്‍ തീരുമാനിച്ചു. ചന്ദ്രസ്വാമിയെ ഇന്നാരും ഓര്‍ക്കുന്നില്ലെങ്കിലും ഐതിഹാസികമായ ഈ കൂട്ടുകെട്ട് രൂപപ്പെടുത്തുന്നതില്‍ ഈ വിവാദ ദിവ്യന് പങ്കുണ്ടായിരുന്നു. ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭൂരിപക്ഷം ലഭിക്കാതെ ഭരണത്തില്‍നിന്നു പുറത്തായി. മുലായം സിംഗിന്റെ രാഷ്ട്രീയത്തിലെ ഏറ്റവും മികച്ചതും മോശപ്പെട്ടതുമായ രണ്ട് നീക്കങ്ങളും ഈ കൂട്ടുകെട്ടുമായി ബന്ധപ്പെട്ടതാണ്. ഒരു ഭാഗത്ത്, എല്ലാ ദിവസവുമെന്നോണം തന്റെ പിന്തുണയുടെ ബലം മുലായമിനെ ഓര്‍മിപ്പിക്കാന്‍ നടക്കുന്ന മായാവതി. മറുഭാഗത്ത്, കാന്‍ഷിറാമിന്റെ നിരന്തര ബ്ലാക്ക്‌മെയിലിംഗും പരസ്യമായ അവഹേളനങ്ങളും. കൂട്ടുകെട്ടുകളുടെയും മുന്നണികളുടെയും ആശാനായിട്ടും മുലായമിന് ഈ ബന്ധം മുന്നോട്ടു കൊണ്ടുപോകാനായില്ല. മായാവതി അതിനിടക്ക് ബി.ജെ.പിയുമായി രഹസ്യ ചര്‍ച്ച ആരംഭിച്ചിരുന്നു. ലഖ്നൗ ഗസ്റ്റ് ഹൗസില്‍ ബ്രഹ്മദത്ത് ദ്വിവേദിയുമായി മായാവതി ചര്‍ച്ച നടത്തിക്കൊണ്ടിരുന്ന മുറിയിലേക്ക് സമാജ്വാദി പ്രവര്‍ത്തകര്‍ ഇടിച്ചു കയറി ഇരുവരെയും പൂട്ടിയിട്ടതോടെ കൂട്ടുകെട്ടിന്റെ അവസാനമായി. അതിനു ശേഷമാണ് യു.പി രാഷ്ട്രീയം വിട്ട് മുലായം ദേശീയ രാഷ്ട്രീയത്തിലേക്ക് ചേക്കേറുന്നതും കേന്ദ്ര പ്രതിരോധ മന്ത്രിയായി മാറുന്നതും. മുലായം തന്റെ എം.എല്‍.എമാരെ റാഞ്ചാന്‍ ശ്രമിക്കുന്നുവെന്നാണ് മായാവതി സംശയിച്ചത്. അവരെ വിശ്വാസത്തിലെടുക്കുന്നതില്‍ മുലായം പരാജയപ്പെട്ടതിലൂടെ ബി.ജെ.പി വിരുദ്ധ ഒ.ബി.സി -മുസ്ലിം -ദലിത് സഖ്യത്തിന്റെ വിശാലമായ സാധ്യതകളാണ് യു.പിയില്‍ എന്നന്നേക്കുമായി ഇല്ലാതായത്. ഈ കൂട്ടുകെട്ട് മരണമണിയാണെന്നറിയുന്ന ബി.ജെ.പി അവസരം മുതലെടുക്കുകയും ചെയ്തു. മായാവതിക്ക് ആദ്യം മുഖ്യമന്ത്രി പദവി നല്‍കിയാല്‍ ഈ പ്രശ്നം ഒഴിവാക്കാമായിരുന്നുവെന്ന് നിരീക്ഷച്ചവരുണ്ട്. പക്ഷേ, അവരുടെ പ്രകൃതം പ്രവചനാതീതമായിരുന്നു. സഖ്യം നിലനിര്‍ത്തുന്നതില്‍ അന്ന് മുലായം വിജയിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ, ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി മറ്റൊന്നായേനെ. ഒരുവേള വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാറുകള്‍ രൂപപ്പെടുമായിരുന്നില്ല.
ബി.ജെ.പിയുമായി ചേര്‍ന്ന് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി ഭരണം തുടങ്ങിയതിനു ശേഷമുള്ള കാലത്ത് ജാതിരാഷ്ട്രീയ സംഘടനകള്‍ കൂണുപോലെ മുളച്ചു പൊന്തി തെരഞ്ഞെടുപ്പു ഗോദയില്‍ ഗുസ്തി പിടിക്കാനെത്തുന്നതാണ് ഇന്ത്യ കണ്ടത്. അധികാരമാണ് വലുതെന്നും അതിന് ആര് സഹായിച്ചാലും അവരെ പിന്തുണക്കുമെന്നും ഏതാണ്ടെല്ലാ പ്രാദേശിക രാഷ്ട്രീയ സംഘടനകളും ഒരു തത്ത്വമായി അംഗീകരിച്ചു. ബി.എസ്.പി നേതാവ് മായാവതിയെ മുഖ്യമന്ത്രി കസേരയില്‍ നോക്കുകുത്തിയാക്കി നിര്‍ത്തിയ ബി.ജെ.പി ഒരു ഭാഗത്ത് അവരുടെ വോട്ടുബാങ്കായ ദലിതുകളെയും, മറുഭാഗത്ത് മുലായത്തോടൊപ്പം നില്‍ക്കുന്ന ഒ.ബി.സികളെയും ആകര്‍ഷിക്കാനുള്ള നീക്കങ്ങള്‍ക്ക് തുടക്കമിട്ടു. എന്‍.ഡി.എ എന്ന സംവിധാനത്തിനകത്ത് ബി.ജെ.പിയോടൊപ്പം ശരദ് യാദവും ജോര്‍ജ് ഫെര്‍ണാണ്ടസുമൊക്കെ കസേരയിട്ടിരിക്കുന്ന കാലമെത്തി. അധികാരത്തിനു വേണ്ടി സോഷ്യലിസ്റ്റുകള്‍ പാര്‍ട്ടിക്കകത്തും കടിപിടി കൂടാനാരംഭിച്ചു. ദേവഗൗഡക്കു ശേഷം മുലായം പ്രധാനമന്ത്രിയാകുന്ന സാധ്യത തെളിഞ്ഞപ്പോള്‍ ലാലുവും ശരദും ചന്ദ്രബാബു നായിഡുവും ചേര്‍ന്ന് സഖ്യത്തിനകത്ത് പാരപണിഞ്ഞു. അന്ന് മുന്നണിക്കകത്ത് നടന്ന രഹസ്യ വോട്ടെടുപ്പില്‍ ജി.കെ മൂപ്പനാര്‍ക്ക് 20-ഉം മുലായത്തിന് 120-ഉം വോട്ടുകള്‍ ലഭിച്ചിരുന്നുവെന്നാണ് കേള്‍വി. അങ്ങനെയാണ് ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയായി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്ത്, ഐ.കെ ഗുജ്റാളിനെ കൊണ്ടുവരുന്നത്. ജനതാദള്‍ അധ്യക്ഷസ്ഥാനത്തേക്ക് ലാലുവിനെതിരെ ശരദ് യാദവ് മല്‍സരിച്ചതോടെ ബിഹാറിലെ യാദവരുടെ ഇടയില്‍ പിളര്‍പ്പ് പ്രത്യക്ഷമായി തന്നെ പുറത്തുവന്നു. യു.പിയിലും ഒ.ബി.സികളില്‍ കുര്‍മികളും കുശവാഹകളും മൗര്യകളും സൈനികളുമൊക്കെയായി മുലായത്തിന്റെ ജാതിവോട്ട് ബാങ്ക് പിളര്‍ത്തി പുതിയ പാര്‍ട്ടികള്‍ രൂപവത്കരിക്കാന്‍ തുടങ്ങി. മായാവതിയോടൊപ്പമുണ്ടായിരുന്ന ദലിതുകളും ചിതറാനാരംഭിച്ചു. പ്രത്യേകിച്ച്, ഒരു ആദര്‍ശവുമായും തനിക്ക് ബന്ധമില്ലെന്ന് അടിവരയിടുന്ന നീക്കങ്ങള്‍ മുലായം സിംഗിന്റെ തന്നെ ഭാഗത്തുനിന്നുണ്ടായി. ബാബരി മസ്ജിദ് തകര്‍ത്ത കല്യാണ്‍ സിംഗ് ബി.ജെ.പിയുമായി ഇടഞ്ഞ് ഭാരതീയ ക്രാന്തി ദള്‍ എന്ന പുതിയ പാര്‍ട്ടിയുണ്ടാക്കിയപ്പോള്‍ സമാജ്വാദി പാര്‍ട്ടി അദ്ദേഹത്തെ ഒപ്പം കൂട്ടി 2009-ല്‍ തെരഞ്ഞെടുപ്പ് നേരിട്ടു. 1991-ല്‍ മുലായത്തിനെതിരെ ബി.ജെ.പി കൊണ്ടുവന്ന ഒ.ബി.സി മുഖമായിരുന്നു ഈ കല്യാണ്‍ സിംഗ്. നഷ്ടപ്പെട്ടു തുടങ്ങിയ തന്റെ ഒ.ബി.സി പിന്തുണ അതേ കല്യാണ്‍ സിംഗിന്റെ ജാതിക്കാരായ ലോധ് രജപുത്തുകളിലൂടെ തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് മുലായം ഈ പരീക്ഷണത്തിനൊരുമ്പെട്ടത്. എന്നിട്ടൊടുവില്‍ 2010-ല്‍ മുസ്ലിംകളോട് അതിന്റെ പേരില്‍ മാപ്പും പറഞ്ഞു.
മുലായം എല്ലാവരുമായും സംസാരിക്കുകയും ആരുമായും നിരന്തരമായ ശത്രുത കാത്തുസൂക്ഷിക്കാതിരിക്കുകയും ചെയ്തു എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാല്‍, ഇത് പൂര്‍ണമായും ശരിയല്ല. 1999-ല്‍ വാജ്പേയി സര്‍ക്കാര്‍ ഒരൊറ്റ വോട്ടിന് വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ സോണിയാ ഗാന്ധിക്ക് പ്രധാനമന്ത്രി ആവാമായിരുന്നു. അന്ന് വിദേശ വനിതയെന്ന ആരോപണമുയര്‍ത്തി ആ അവസരം തടഞ്ഞ മുലായം സിംഗ് 1991-ല്‍ തന്റെ സര്‍ക്കാറിനെ മറിച്ചിട്ടതിന് കോണ്‍ഗ്രസിനോടുള്ള കണക്ക് തീര്‍ത്തതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പക്ഷേ, ആണവകരാറിന്റെ കാലത്ത് ഇടതു സംഘടനകള്‍ യു.പി.എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചപ്പോള്‍ മന്‍മോഹന്‍ സര്‍ക്കാറിനെ താങ്ങി നിര്‍ത്തിയത് അതേ മുലായം സിംഗായിരുന്നു. ഈ കരാറിനെ മുലായം പിന്തുണച്ചപ്പോള്‍ തന്റെ വോട്ടുബാങ്കായ മുസ്ലിംകളെ കുറിച്ച് മുലായം നടത്തിയ ഒരു നിരീക്ഷണമുണ്ട്; അവര്‍ ഒരിക്കലും രാഷ്ട്രത്തിന്റെ താല്‍പര്യങ്ങള്‍ക്ക് എതിരു നില്‍ക്കാന്‍ തയാറാവില്ലെന്ന്. ആണവകരാറിന്റെ കാര്യത്തില്‍ മുലായത്തിന് സ്വന്തം വോട്ടുബാങ്കിന്റെ കാര്യത്തിലുണ്ടായിരുന്ന ആ ബോധ്യം അടുത്ത തെരഞ്ഞെടുപ്പ് ശരിവെക്കുകയാണ് ചെയ്തത്. മായാവതിയെക്കാളും കൂടുതല്‍ മുസ്ലിം എം.പിമാരെ 2009-ല്‍ മുലായമാണ് ജയിപ്പിച്ചത്. തൊട്ടു പിറ്റേ വര്‍ഷം നടന്ന അസംബ്ലി തെരഞ്ഞെടുപ്പിലും സമ്പൂര്‍ണ ഭൂരിപക്ഷത്തോടെ സമാജ്വാദിയാണ് ജയിച്ചുകയറിയത്. അങ്ങനെ നോക്കുമ്പോള്‍ യു.പി മുസ്ലിംകള്‍ മുലായമിനെ വിശ്വസിച്ചിരുന്നു എന്നു തന്നെയാണ് അതിന്റെ അര്‍ഥം. മുസ്ലിംകളെയും ഹിന്ദുക്കളെയും തമ്മിലടിപ്പിക്കാനുള്ള സകല അജണ്ടകളും നോക്കിനടത്തുന്ന സമകാലിക ഗവണ്‍മെന്റുകളുടെ കാലത്ത് ഹനുമാന്‍ ഭക്തനായ മുലായം സിംഗ് എതിര്‍ദിശയിലൂടെ സഞ്ചരിച്ച നേതാവായിരുന്നു. മതേതരത്വത്തിന് ഇനി സ്വപ്നം കാണാന്‍ മാത്രം കഴിയുന്ന ഒരു നേതാവ്. കടുത്ത പ്രതിസന്ധികള്‍ നേരിട്ടതിനു ശേഷവും യു.പി മുസ്ലിംകള്‍ ഉവൈസിയെ പോലുള്ള നേതാക്കളുടെ പിന്നില്‍ അണിനിരന്നിട്ടില്ല എന്നതും എടുത്തുപറയേണ്ടതാണ്. ബി.ജെ.പി എതിരാളിയാണ് എന്ന നിലപാടില്‍ മുലായം എന്നും ഉറച്ചുനിന്നു.
മുലായത്തിന്റെ തെറ്റുകളോട് പക്ഷേ, കാലം പൊറുത്തു കൊടുക്കണമെന്നില്ല. സോഷ്യലിസ്റ്റ് രാഷ്ട്രീയത്തെ വെറും ജാതി രാഷ്ട്രീയമാക്കി മാറ്റിയ അദ്ദേഹത്തിന്റെ ബുദ്ധിശൂന്യതയാണ് നല്ലൊരളവില്‍ ബി.ജെ.പിക്ക് യു.പിയില്‍ വളംവെച്ചു കൊടുത്തത്. കാന്‍ഷി റാമിനു ശേഷമുള്ള കാലത്ത് മായാവതിയും അതു തന്നെയാണ് ചെയ്തത്. ലോഹ്യയെ പോലെ സൈദ്ധാന്തികമായി ഉയര്‍ന്നുനില്‍ക്കാനോ കാലഘട്ടത്തിന്റെ അപകടങ്ങള്‍ വിലയിരുത്തി സ്വന്തം പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കാനോ മുലായത്തിന് കഴിഞ്ഞിട്ടില്ല. ആദര്‍ശ രാഷ്ട്രീയത്തെ ആദ്യം പ്രായോഗികതയിലേക്കും പിന്നീട് സാമുദായികതയിലേക്കും അദ്ദേഹം കൊണ്ടെത്തിച്ചു. ലോഹ്യ സ്വപ്നം കണ്ട സാമൂഹിക വിപ്ലവത്തെ ഇവരെല്ലാം ചേര്‍ന്ന് ജാതി സമവാക്യങ്ങളിലേക്ക് ചുരുക്കിയത് ബി.ജെ.പിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി.
തെരഞ്ഞെടുപ്പ് കാലത്ത് മതേതര മുന്നണി, ജനമുന്നണി എന്നൊക്കെയുള്ള പേരുകളില്‍ ദല്‍ഹിയില്‍ ഒരു കാലത്ത് മുലായമും ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തുമൊക്കെ വിളിച്ചുചേര്‍ക്കാറുണ്ടായിരുന്ന കൂട്ടായ്മകള്‍ ഗൗരവത്തോടെ മുന്നോട്ടു കൊണ്ടുപോകാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നില്ല. എന്നു മാത്രമല്ല, ഈ മുന്നണിയില്‍ ഉള്‍പ്പെട്ടവര്‍ തന്നെ ആര്‍ക്കെതിരെ മത്സരിച്ചോ അവരോടൊപ്പം കാലുമാറിച്ചെന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തെ പരിഹാസ്യമാക്കി മാറ്റുന്നതും പലപ്പോഴും കണ്ടു. ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറുമൊക്കെ മികച്ച ഉദാഹരണങ്ങള്‍. കാലക്രമേണ മതേതര മുന്നണി എന്നത് ഹിന്ദുത്വ ശക്തികളുടെ വിപരീത ശബ്ദമായി മാറി. തെരഞ്ഞെടുപ്പു പ്രചാരണ റാലികളില്‍ സെക്കുലറിസം എന്ന വാക്ക് ഉറക്കെ പറയാനുള്ള ധൈര്യം കോണ്‍ഗ്രസ് പോലും പലയിടത്തും കാണിക്കാതെയായി. ഇന്നുള്ള രീതിയിലാണ് രാഷ്ട്രീയ പ്രക്രിയ മുന്നോട്ടു പോകുന്നതെങ്കില്‍ ബി.ജെ.പിയുടെ മാതൃകയില്‍ മുസ്ലിംകളെ മല്‍സരിപ്പിക്കാന്‍ തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ മടിക്കുന്ന ദിവസങ്ങള്‍ അതിവിദൂരമായിരിക്കില്ല. ഏത് പാര്‍ട്ടിയില്‍ മല്‍സരിച്ചാലും ഹിന്ദുത്വമാണ് അടിസ്ഥാന മുദ്രാവാക്യമെന്നത് പൊതു തത്ത്വമായി അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. ജാതിരാഷ്ട്രീയത്തെ മതരാഷ്ട്രീയം വിഴുങ്ങിയതിന്റെ നേര്‍ചിത്രമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ കണ്ടത്. രാഷ്ട്രീയ അധികാരത്തിന് വേണ്ടിയുള്ള ഒ.ബി.സികളുടെയും ദലിതുകളുടെയും നെട്ടോട്ടം അവസാനിച്ചു തുടങ്ങുന്ന കാലത്താണ് മുലായം സിംഗ് വിടവാങ്ങുന്നത്. അല്ലെങ്കിലും കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി അദ്ദേഹം ചിത്രത്തിലേ ഉണ്ടായിരുന്നില്ലല്ലോ.
Comments