ഹദീസ് വിജ്ഞാനീയങ്ങളും കൃതഹസ്തരായ ഉസ്താദുമാരും
ഹദീസ് സംബന്ധിച്ച് പലതരം വിവാദങ്ങള്‍ പൗരാണിക കാലം മുതല്‍ നിലവിലുണ്ട്. ഓരോ ഘട്ടത്തിലും ഇസ്‌ലാമിക പണ്ഡിതന്‍മാര്‍ ആ വിവാദങ്ങളില്‍ ഇടപെട്ട് ആവശ്യമായ വിശദീകരണങ്ങള്‍ നല്‍കുകയും വിമര്‍ശനങ്ങള്‍ക്ക് കൃത്യമായ മറുപടികള്‍ പറയുകയും ചെയ്തു വന്നിട്ടുമുണ്ട്. വിശുദ്ധ ഖുര്‍ആനിന്റെ പ്രഥമ വ്യാഖ്യാനവും ഇസ്‌ലാമിന്റെ രണ്ടാമത്തെ പ്രമാണവുമായ ഹദീസിനെ, അതീവ ഗൗരവത്തിലും സൂക്ഷ്മതയോടെയും സമീപിക്കുന്നവര്‍ക്ക് മാത്രമേ സുന്നത്ത്, അഥവാ നബിചര്യ യഥാതഥം മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും വിധികള്‍ക്കാധാരമാക്കാനും സാധിക്കുകയുള്ളൂ. ഏതെങ്കിലും ചില ഹദീസുകള്‍ മാത്രം നോക്കി, അതത് വിഷയങ്ങളിലുള്ള നബിചര്യയെ സംബന്ധിച്ച് വിധി പറയുന്നത് പലപ്പോഴും സൂക്ഷ്മമാകണമെന്നില്ല. ഹദീസുകള്‍ മാത്രമല്ല, ഹദീസ് നിദാന ശാസ്ത്രവും മറ്റും ഇതിന് ആഴത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്. ഈ സൂക്ഷ്മ പഠനത്തിന്റെ അഭാവം, ഹദീസ് വായനയിലെ വൈകല്യങ്ങള്‍ക്ക് പലപ്പോഴും കാരണമാകാറുണ്ട്.
ഹദീസിലെ ഗവേഷണ പഠനത്തിന് പരിശീലനം നല്‍കുന്ന കോഴ്‌സാണ് ദയൂബന്ദ് ദാറുല്‍ ഉലൂമിലെ ദൗറത്തുല്‍ ഹദീസ്. സ്ഥാപനത്തിന്റെ ഏറ്റവും സവിശേഷമായ കോഴ്‌സായിരുന്നു ഇത്. വാപ്പയുടെ പാരമ്പര്യം വഴി എനിക്ക് ലഭിച്ച, ഹദീസ് വിജ്ഞാനീയങ്ങളോടുള്ള കമ്പമാണ് എന്നെ ദൗറത്തുല്‍ ഹദീസിലേക്ക് ആകര്‍ഷിച്ചത്. വാപ്പ ഏഴിമല അഹ്മദ് മുസ്‌ലിയാര്‍ ഹദീസ് പണ്ഡിതനായിരുന്നു. ഹദീസ് പണ്ഡിതനായ തന്റെ ഉസ്താദ് ഹസന്‍ മുസ്‌ലിയാരില്‍ നിന്നാണ് ഈ വിജ്ഞാന ശാഖയില്‍ അദ്ദേഹത്തിന് താല്‍പര്യമുണ്ടായത്. അങ്ങനെ, താവഴിയായി കിട്ടിയതാണ് എനിക്ക് ഹദീസ് പഠനവാഞ്ഛ എന്ന് വേണമെങ്കില്‍ പറയാം.
ദാറുല്‍ ഉലൂമിലെ ദിനരാത്രങ്ങള്‍
1963-'65 കാലത്താണ് ഞാന്‍ ദയൂബന്ദ് ദാറുല്‍ ഉലൂമില്‍ വിദ്യാര്‍ഥിയാകുന്നത്. ഹദീസിലെ സവിശേഷ പഠനമായിരുന്നു (തഖസ്സ്വുസ്വ്) പ്രധാന ലക്ഷ്യം. അതിനായി, ദൗറത്തുല്‍ ഹദീസില്‍ പ്രവേശനം നേടി. ആ വര്‍ഷം കേരളത്തില്‍ നിന്ന് നാല്‍പ്പത് വിദ്യാര്‍ഥികള്‍ ദയൂബന്ദില്‍ പ്രവേശനം തേടി എത്തിയിരുന്നു. പള്ളിദര്‍സുകളിലും വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തിലും പഠിച്ചവരായിരുന്നു പലരും. ചിലര്‍ മുദര്‍രിസുമാരായി പ്രവര്‍ത്തിക്കുന്നവരും. നാലോ അഞ്ചോ പേരൊഴികെ എല്ലാവര്‍ക്കും ഫൈനല്‍ ക്ലാസില്‍ പ്രവേശനം ലഭിച്ചു എന്നാണ് ഓര്‍മ. നെല്ലിക്കുത്ത് ഇസ്മാഈല്‍, തെക്കുനിന്നുള്ള അലി ഖാസിമി, കാടേരി കുടുംബത്തില്‍പെട്ട ഒന്നോ രണ്ടോ പേര്‍... ഇവരില്‍ പലരും മുതിര്‍ന്നവരായിരുന്നു. ഞങ്ങള്‍ നാലോ അഞ്ചോ പേര്‍ ചെറുപ്പമാണ്. പേരുകേട്ട മുദര്‍രിസായിരുന്ന കുട്ടി മുസ്‌ലിയാരുടെ മകന്‍ മുഹമ്മദ് അസ്‌ലം എന്റെ ജൂനിയറായിരുന്നു. ഞാന്‍ ഒരു വര്‍ഷം കൊണ്ട് ദൗറത്തുല്‍ ഹദീസ് കോഴ്‌സ് പൂര്‍ത്തീകരിച്ച ശേഷം, തക്മിലത്തുല്‍ ഫുനൂന്‍ എന്ന മറ്റൊരു കോഴ്‌സില്‍ ചേര്‍ന്ന് അവിടത്തന്നെ തുടര്‍ന്നു. മലയാളി വിദ്യാര്‍ഥികള്‍ പൊതുവെ ഒരു കോഴ്‌സ് പൂര്‍ത്തീകരിച്ച്, ബിരുദം നേടി തിരിച്ചുപോരുകയാണ് പതിവ്. പക്ഷേ, ഞാനും എന്റെ സഹപാഠിയായിരുന്ന നെല്ലിക്കുത്ത് ഇസ്മാഈലും തക്മിലത്തുല്‍ ഫുനൂന്‍ കോഴ്‌സ് കൂടി ചെയ്യാന്‍ തീരുമാനിച്ചു. മറ്റു രണ്ടു മലയാളികള്‍ കൂടി ഉണ്ടായിരുന്നു എന്നാണ് ഓര്‍മ.
എട്ടു വര്‍ഷം ദൈര്‍ഘ്യമുള്ളതായിരുന്നു അന്ന് ദയൂബന്ദിലെ പൂര്‍ണമായ കോഴ്‌സ്. സ്‌കൂള്‍ ഏഴാം ക്ലാസ് കഴിഞ്ഞ ശേഷമോ മറ്റോ ആണ് വിദ്യാര്‍ഥികള്‍ക്ക് ദാറുല്‍ ഉലൂമിലെ ഒന്നാം വര്‍ഷത്തില്‍ പ്രവേശനം നല്‍കിയിരുന്നത്. മറ്റു ദീനീ കലാലയങ്ങളില്‍ പഠിച്ചു വരുന്നവര്‍ക്ക്, പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍, യോഗ്യതയനുസരിച്ച് ഉയര്‍ന്ന ക്ലാസുകളില്‍ അഡ്മിഷന്‍ നല്‍കുന്നതായിരുന്നു രീതി. ദൗറത്തുല്‍ ഹദീസിലെ സവിശേഷ പഠനം അവസാന വര്‍ഷത്തിലാണ്. മറ്റു സ്ഥാപനങ്ങളില്‍ പഠിച്ചുവരുന്നവര്‍ക്ക് നിശ്ചിത പരീക്ഷ പാസായാല്‍ ഈ കോഴ്‌സില്‍ ചേരാം. അല്ലെങ്കില്‍, താഴെ ക്ലാസുകളില്‍ പ്രവേശനം ലഭിക്കും. ദൗറത്തുല്‍ ഹദീസിന് താഴെ മൗഖൂഫ് അലൈഹി എന്നൊരു ക്ലാസുണ്ട്. ഇതില്‍ കുറച്ച് കിതാബുകള്‍ പഠിപ്പിക്കുമായിരുന്നു.
പള്ളിദര്‍സില്‍ ദീര്‍ഘകാലം പഠിച്ചവര്‍ അതിനൊരു വിരാമം കുറിക്കാനാണ് ദയൂബന്ദിലും വെല്ലൂരും ഹൈദരാബാദ് നിളാമിയ്യയിലും മറ്റു സമാന സ്ഥാപനങ്ങളിലും ഉപരിപഠനത്തിന് പോയിരുന്നത്. ദയൂബന്ദ് ദാറുല്‍ ഉലൂം സലഫി ആഭിമുഖ്യമുള്ള സ്ഥാപനമാണ് എന്നറിഞ്ഞു കൊണ്ടാണ് കേരളത്തില്‍ നിന്ന് പാരമ്പര്യ-സമസ്ത ധാരയിലുള്ളവര്‍ അവിടെ പഠിക്കാനെത്തിയിരുന്നത്. കേരളത്തിന് പുറത്ത് പോയി പണ്ഡിത പട്ടം നേടുക എന്നതായിരുന്നു അവരുടെ ഒരു ലക്ഷ്യം. പണ്ഡിത പരിവേഷം ഉണ്ടാക്കാനായി പഠനം കഴിഞ്ഞ് വരുമ്പോള്‍ കറുത്ത കോട്ടും മറ്റും തയ്പ്പിച്ച് ധരിക്കുമായിരുന്നു. പക്ഷേ, ദയൂബന്ദില്‍ നിന്ന് അങ്ങനെയുള്ള കോട്ട് നല്‍കാറുണ്ടായിരുന്നില്ല. ദയൂബന്ദിലെ ഡിഗ്രിയെടുക്കാനായി വിദേശ രാജ്യത്ത് നിന്ന് വരുന്നവര്‍ക്ക് ഒരു തലപ്പാവ് നല്‍കാറുണ്ടായിരുന്നു. വെല്ലൂരില്‍ നിന്നാണ് കോട്ട് കൊടുത്തിരുന്നത്. തബ്‌ലീഗ് ജമാഅത്ത് ഇവിടെ വ്യാപകമായി രംഗപ്രവേശം ചെയ്ത ശേഷമാണ്, സമസ്തയുടെ ധാരയിലുള്ളവര്‍ ദയൂബന്ദിനെക്കുറിച്ച് ചിന്തിക്കുന്നത്. അതൊരു സലഫി സ്ഥാപനമാണെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തുന്നതും പിന്നീടാണ്. പില്‍ക്കാലത്ത്, കേരളത്തില്‍ നിന്ന് തബ്‌ലീഗുകാര്‍ ധാരാളമായി അവിടെ പഠിക്കാന്‍ പോകുന്ന സാഹചര്യവുമുണ്ടായി. അതിപ്പോഴും തുടരുന്നുണ്ട്.
പ്രധാന ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ തഫ്‌സീറുല്‍ ബൈദാവിയും ഹദീസ് ഗ്രന്ഥമായ മിശ്കാത്ത് തുടങ്ങിയവയും വായിപ്പിച്ചും ചില ചോദ്യങ്ങള്‍ ചോദിച്ചുമായിരുന്നു ദൗറത്തുല്‍ ഹദീസിലേക്കുള്ള പ്രവേശന പരീക്ഷ. എഴുത്ത് പരീക്ഷയും ഉണ്ടായിരുന്നു എന്നാണ് ഓര്‍മ. നിശ്ചിത പരീക്ഷ പാസായ എനിക്ക്, ആഗ്രഹിച്ചതു പോലെ ഹദീസിലെ തഖസ്സ്വുസ്വിന് അവസരം ലഭിച്ചു. ദയൂബന്ദിലെ പ്രവേശന പരീക്ഷക്ക് മഖാമാത്തുല്‍ ഹരീരി എന്ന കിതാബും പരിശോധിക്കും എന്ന് കേട്ടിരുന്നു. പള്ളി ദര്‍സില്‍ നിന്ന് ഞാനത് പഠിച്ചിരുന്നില്ല. ദയൂബന്ദ് യാത്രക്ക് തയാറെടുക്കുമ്പോള്‍, മഖാമാത്തുല്‍ ഹരീരി വായിക്കാന്‍ ഞാന്‍ ആദ്യം പോയത് മാവൂരിനടുത്ത പാഴൂരിലെ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ അടുത്താണ്. ഹൈദരാബാദ് നിളാമിയ്യ മദ്‌റസയില്‍ പഠിച്ച് ആക്കോടോ മറ്റോ, പള്ളിദര്‍സില്‍ ദീര്‍ഘകാലം മുദര്‍രിസായിരുന്ന അദ്ദേഹം, അബുല്‍ ഖൈര്‍ മൗലവിയുടെ ഉസ്താദാണ്. ദര്‍സ് നിര്‍ത്തി, അസുഖമായി വീട്ടില്‍ കഴിയുന്ന കാലമായതിനാല്‍ എനിക്ക് കിതാബ് വായിച്ചു തരാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. പിന്നീട് ഞാന്‍ പോയത് വാഴക്കാട് കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരുടെ അടുത്താണ്. 'നിനക്ക് അമ്മാവന്റെ അടുത്ത് നിന്ന് വായിച്ചു കൂടേ' എന്ന് ചോദിച്ച് അദ്ദേഹം എന്നെ തിരിച്ചയച്ചു. അമ്മാവന്‍ എം.ടി അബ്ദുര്‍റഹ്മാന്‍ മൗലവിയെയാണ് അദ്ദേഹം ഉദ്ദേശിച്ചത്. പിന്നീട് പല ശര്‍ഹുകളും നോക്കി ഞാനത് സ്വയം പഠിക്കുകയായിരുന്നു. പ്രവേശന പരീക്ഷക്ക് ഇതൊക്കെ ചോദിക്കാം എന്ന് പ്രതീക്ഷിച്ചിരുന്നു. നേരത്തെ വായിച്ചതിനാല്‍ പരീക്ഷയില്‍ പ്രയാസപ്പെടേണ്ടി വന്നില്ല.
സ്വിഹാഹുസ്സിത്തയിലെ ഗ്രന്ഥങ്ങള്‍; സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം, തിര്‍മിദി, അബൂദാവൂദ്, നസാഈ, ഇബ്‌നു മാജ എന്നീ കിതാബുകള്‍ക്ക് പുറമെ, ശര്‍ഹു മആനില്‍ ആസാര്‍, ത്വഹാവി, ഹുജ്ജത്തുല്ലാഹില്‍ ബാലിഗ തുടങ്ങിയവയും ദൗറത്തുല്‍ ഹദീസില്‍ പഠിക്കാനുണ്ടായിരുന്നു. സ്വഹീഹുല്‍ ബുഖാരിയും സ്വഹീഹു മുസ്‌ലിമും മുഴുവന്‍ പഠിപ്പിക്കും. ശാ വലിയ്യുല്ലാഹിദ്ദഹ്‌ലവിയുടെ കൃതികളും ഞങ്ങള്‍ക്ക് മുത്വാലഅ ചെയ്യാനുണ്ടായിരുന്നു.
ഉസ്താദുമാര്‍
പ്രായം ചെന്നവരായിരുന്നു പൊതുവെ ദൗറത്തുല്‍ ഹദീസിലെ ഉസ്താദുമാര്‍. അതുകൊണ്ട് തന്നെ വിഷയത്തില്‍ തഴക്കവും പഴക്കവുമുള്ളവരായിരുന്നു അവര്‍. പലരും ഹാഫിളുകളുമായിരുന്നു. അതിന്റെ അനുഗ്രഹവും ഓര്‍മശക്തിയും അവരില്‍ കാണാം. ആകര്‍ഷകമായ ക്ലാസ് എടുത്തിരുന്ന അധ്യാപകനാണ് അല്ലാമാ മുഹമ്മദ് ഇബ്‌റാഹീമുല്‍ ബല്‍യാവി. സുനനുത്തിര്‍മിദിയാണ് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചിരുന്നത്. ഒരിക്കല്‍ അദ്ദേഹം നടത്തിയ പരീക്ഷയില്‍ എനിക്ക് 50-ല്‍ 45 മാര്‍ക്ക് കിട്ടുകയുണ്ടായി. ഉത്തര്‍പ്രദേശിലെ ബല്‍യാ സ്വദേശിയായ അദ്ദേഹം മൗലാനാ റശീദ് അഹ്മദ് ഗങ്കോഹി, മൗലാനാ അബ്ദുല്‍ ഗഫ്ഫാര്‍ സാഹിബ്, മൗലാനാ ഹകീം ജമീലുദ്ദീന്‍ തുടങ്ങിയവരുടെ ശിഷ്യനാണ്. ദയൂബന്ദ് ദാറുല്‍ ഉലൂമില്‍ പഠിച്ച് അവിടത്തന്നെ അധ്യാപകനാവുകയായിരുന്നു ഉസ്താദ് ബല്‍യാവി. ദാറുല്‍ ഉലൂം അഅ്‌സംഗഢ്, മദ്‌റസ ആലിയ ഫതേഹ്പൂര്‍ തുടങ്ങിയ സ്ഥാപനങ്ങളിലും അദ്ദേഹം പഠിപ്പിച്ചിട്ടുണ്ട്. അറുപത് വര്‍ഷത്തിലേറെ നീണ്ടുനിന്ന അധ്യാപന ജീവിതത്തിലൂടെ മൂന്ന് തലമുറകളെയാണ് അദ്ദേഹം പഠിപ്പിച്ചത്.
പ്രമുഖ ഹദീസ് പണ്ഡിതന്‍ ഫഖ്‌റുദ്ദീന്‍ അഹ്മദ് ഹസനായിരുന്നു ഞങ്ങളുടെ ശൈഖുല്‍ ഹദീസ്. സ്വഹീഹുല്‍ ബുഖാരിയാണ് അദ്ദേഹം ക്ലാസെടുത്തിരുന്നത്. അക്കാലത്ത് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ പ്രസിഡന്റായിരുന്നു അദ്ദേഹം. ഗുജറാത്തില്‍ കുറെക്കാലം ദര്‍സ് നടത്തിയ ശേഷമാണ് അദ്ദേഹം ദയൂബന്ദില്‍ എത്തിയത്. രണ്ട് മണിക്കൂറിലേറെ സമയം ഒരേയിരിപ്പില്‍ അദ്ദേഹം ക്ലാസെടുക്കുമായിരുന്നു. സിലബസനുസരിച്ച് സ്വഹീഹുല്‍ ബുഖാരി പൂര്‍ണമായും പഠിപ്പിക്കണം. അതിനിടക്ക് ചോദ്യങ്ങളും ചര്‍ച്ചകളുമൊക്കെ ഉണ്ടാകും. ഒരിക്കല്‍ മലയാളി വിദ്യാര്‍ഥികളില്‍ ഒരാള്‍ ഗോളശാസ്ത്ര സംബന്ധിയായ ഒരു ചോദ്യം ഉന്നയിച്ചു. ചന്ദ്രനിലേക്കുള്ള യാത്രയും ഗോള ശാസ്ത്രവുമായി ബന്ധപ്പെട്ട ചില ചര്‍ച്ചകളുമൊക്കെ നടക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ആ ചോദ്യം. 'ചന്ദ്രനിലൊന്നും ആരും പോയിട്ടില്ല, ഖാഫ് മലയില്‍ പോയി വന്നതാണ്' എന്നും മറ്റുമായിരുന്നു അക്കാലത്ത് ചിലര്‍ ഇതേക്കുറിച്ച് പറയാറുണ്ടായിരുന്നത്! ഈ ചോദ്യത്തിന് ശൈഖുല്‍ ഹദീസിന്റെ മറുപടി ഏതാണ്ട് ഇങ്ങനെയായിരുന്നു: 'ഗോളശാസ്ത്രവുമായി ബന്ധപ്പെട്ട് കിതാബുകളില്‍ കാണുന്ന ചില ചര്‍ച്ചകളൊക്കെ, പഴയ ഗ്രീക്ക് ഗ്രന്ഥങ്ങളില്‍ നിന്നും മറ്റും ഉദ്ധരിച്ചിട്ടുള്ളതാണ്. അവയൊന്നും ഖുര്‍ആനും സുന്നത്തുമായി യോജിക്കുന്നതാകണം എന്നില്ല. പലതും ഖുര്‍ആന്റെ വിവരണത്തിന് എതിരുമാണ്. മുഅ്ജിസത്ത് അഥവാ അമാനുഷ കാര്യങ്ങള്‍ക്ക്, മുംകിനാത്ത് അഥവാ സാധ്യമായ കാര്യങ്ങളുമായാണ് ബന്ധം. അസാധ്യമായ (മുഹാല്‍) കാര്യങ്ങളുമായി മുഅ്ജിസത്തിന് ബന്ധമില്ല. സംഭവിക്കാന്‍ സാധ്യതയുള്ളത് എന്ന അര്‍ഥത്തിലാണ് നബി(സ)യുടെ ഇസ്‌റാഅ്, മിഅ്‌റാജുകളെ നാം കാണേണ്ടത്. പഴയ ഗോളശാസ്ത്രത്തില്‍ പറയുന്ന സിദ്ധാന്തങ്ങള്‍ ഇതിനെതിരാണ്.' - ഇതായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. അക്കാലത്തെ ശാസ്ത്ര വിഷയങ്ങളും മറ്റും വായിക്കുന്ന ആളായിരുന്നു അദ്ദേഹമെന്ന് ഈ വിവരണത്തില്‍ നിന്ന് മനസ്സിലാക്കാം. മാത്രമല്ല, 'ലാ ഖലാ, വലാ മലാ' എന്നൊരു തത്ത്വം അന്ന് പറയാറുണ്ടായിരുന്നു. വാനലോകം ശൂന്യമല്ല, ഭൂമിയില്‍ നിന്ന് അങ്ങോട്ട് പോകാന്‍ കഴിയില്ല. അകത്തേക്ക് പ്രവേശനം സാധ്യമാകാത്ത രീതിയില്‍ ഗോളങ്ങള്‍ ഒന്ന് മറ്റൊന്നിനോട്, ഉള്ളിത്തൊലി പോലെ പൊതിഞ്ഞ് നില്‍ക്കുന്നതാണ്, ഘനീഭവിച്ച അവസ്ഥയാണ് ഉപരിലോകത്തുള്ളത് - ഇതൊക്കെയാണ് ഈ സിദ്ധാന്തത്തിന്റെ പൊരുളെന്ന് തോന്നുന്നു.
അബൂദാവൂദ് ക്ലാസെടുത്തിരുന്ന മുദര്‍രിസായിരുന്നു ഫഖ്‌റുല്‍ ഹസന്‍. കഴിവുറ്റ പണ്ഡിതനായിരുന്നു അദ്ദേഹം. ഒരിക്കല്‍ കേരളക്കാര്‍ മൗലൂദ് നടത്തിയപ്പോള്‍ ഇദ്ദേഹം അതിനെ നിശിതമായി വിമര്‍ശിക്കുകയുണ്ടായി. മൗലൂദിനൊന്നും അവിടെ അനുവാദമുണ്ടായിരുന്നില്ല. പക്ഷേ അലി ഖാസിമി, മുഹമ്മദ് അദീബ് മണ്ണാര്‍ക്കാട്, തെക്ക് നിന്നുള്ള മജീദ്, ഞാന്‍ ഉള്‍പ്പെടെ നാലോ അഞ്ചോ കുട്ടികള്‍ ഒഴികെയുള്ള മലയാളി വിദ്യാര്‍ഥികള്‍ അതില്‍ പങ്കെടുത്തിരുന്നു. അവര്‍ മൗലൂദിന് നല്ല സദ്യയൊക്കെ ഉണ്ടാക്കി. ഇത് ഉസ്താദ് ഫഖ്‌റുല്‍ ഹസന്‍ അറിഞ്ഞപ്പോഴാണ് കുട്ടികളെ താക്കീത് ചെയ്തത്. പങ്കെടുക്കാതെ മാറി നിന്ന ഞങ്ങള്‍ ഒറ്റുകൊടുത്തു എന്നായിരുന്നു അവര്‍ കരുതിയത്. ഞാന്‍ ജമാഅത്തെ ഇസ്‌ലാമിക്കാരനാണ് എന്ന ധാരണയും അവര്‍ക്കുണ്ടായിരുന്നു. ഈ വിരോധം അവരുടെ മനസ്സില്‍ കിടന്നു. അങ്ങനെയാണ്, ദയൂബന്ദ് പഠനം കഴിഞ്ഞ ഉടന്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ ഞാന്‍ അധ്യാപകനായപ്പോള്‍ എനിക്കെതിരെ ഇവരില്‍ ചിലര്‍ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരോടും മറ്റും പരാതി പറഞ്ഞത്.
സഹപാഠികള്‍
പ്രമുഖ പണ്ഡിതനും ജംഇയ്യത്തുല്‍ ഉലമായുടെ നേതാവുമായ അര്‍ഷദ് മദനി എന്റെ സഹപാഠിയായിരുന്നു. സാഹിത്യ സമാജങ്ങളിലൊക്കെ അദ്ദേഹം സംസാരിക്കാറുണ്ട്. പില്‍ക്കാലത്ത്, കോഴിക്കോട് ദഅ്‌വാ കോളേജില്‍ നിന്ന് ഉത്തരേന്ത്യന്‍ യാത്ര സംഘടിപ്പിച്ചപ്പോള്‍, വിദ്യാര്‍ഥികളെയുമായി ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോയിട്ടു്. സഹപാഠികളായിരുന്നതിന്റെ പരിചയത്തില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ഞങ്ങള്‍ക്ക് പ്രത്യേക സദ്യയൊക്കെ തരികയുണ്ടായി. ആ സന്ദര്‍ശനം അദ്ദേഹത്തിന് വലിയ സന്തോഷം നല്‍കുന്നതായിരുന്നു. ദാറുല്‍ ഉലൂമിന്റെ ഒരു ഭാഗത്തു തന്നെയായിരുന്നു അന്ന് അദ്ദേഹത്തിന്റെ വീട്. അര്‍ഷദ് മദനിയുടെ വാപ്പ ഹുസൈന്‍ അഹ്മദ് മദനി സ്വാതന്ത്ര്യ സമരത്തില്‍ മുന്നിലുണ്ടായിരുന്നു. ത്വരീഖത്ത് ആശയക്കാരനും ജംഇയ്യത്തുല്‍ ഉലമായുടെയും കോണ്‍ഗ്രസിന്റെയും നേതാവുമായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിച്ച, ദേശീയതയുടെ (ഖൗമിയ്യത്ത്) വക്താവായിരുന്ന അദ്ദേഹം, മൗലാനാ മൗദൂദിയോടും ജമാഅത്തെ ഇസ്‌ലാമിയോടും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ മുഖപത്രമായിരുന്ന അല്‍ജംഇയ്യത്തിന്റെ പത്രാധിപരായിരുന്നല്ലോ ആദ്യം സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി. പിന്നീട് അതുപേക്ഷിച്ച മൗലാനാ മൗദൂദി സ്വന്തമായി തര്‍ജുമാനുല്‍ ഖുര്‍ആന്‍ പത്രം തുടങ്ങി. സങ്കുചിത ദേശീയതയെ എതിര്‍ക്കുകയും, ഇസ്‌ലാമിക ദര്‍ശനത്തെ ഉയര്‍ത്തിപ്പിടിച്ച് പുതിയ നയനിലപാടുകള്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് ജംഇയ്യത്തുല്‍ ഉലമക്കും ഹുസൈന്‍ അഹ്മദ് മദനിക്കും സമാന ചിന്താഗതിക്കാര്‍ക്കും മൗലാനാ മൗദൂദിയോട് എതിര്‍പ്പ് തുടങ്ങിയത്. ദേശീയതയുടെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകണം എന്നതായിരുന്നു ഹുസൈന്‍ അഹ്മദ് മദനിയുടെ നിലപാട്. മുസല്‍മാന്‍ ഔര്‍ മൗജൂദ സിയാസി കശ്മകശ് എന്ന ഗ്രന്ഥത്തില്‍ ഇതിനെ മൗദൂദി വിമര്‍ശിച്ചു. ഈ വിഷയത്തില്‍ അല്ലാമാ ഇഖ്ബാല്‍ മൗലാനാ മൗദൂദിയുടെ പക്ഷത്തായിരുന്നു. ഇഖ്ബാലിന്റെ കുല്ലിയാത്തില്‍, ഹുസൈന്‍ അഹ്മദ് മദനിയെയും ദേശീയതയെയും ഖണ്ഡിച്ചു കൊണ്ട് എഴുതിയ വരികളുണ്ട്.
അജം ഹനൂസ് ന ദാനദ്
റുമൂസെ ദീന്‍ വര്‍ ന....
എന്നിങ്ങനെയാണത് തുടങ്ങുന്നത്.
'ഇന്ത്യാ ഉപഭൂഖണ്ഡം ദീനിന്റെ സന്ദേശം ഇപ്പോഴും ശരിയായ വിധം മനസ്സിലാക്കിയിട്ടില്ല. ഉണ്ടെങ്കില്‍, ഹുസൈന്‍ അഹ്മദ് മദനിയുടെ നിലപാട് വളരെ ആശ്ചര്യകരമാണ്. കാരണം, ദേശീയതയെ മില്ലത്തിന്റെ ഭാഗമായി ഉദ്‌ഘോഷിക്കുകയാണ് അദ്ദേഹം. ഇത് മുഹമ്മദ് നബിയുടെ ചര്യക്ക് ചേരുന്നതല്ല. നബിയെ അനുധാവനം ചെയ്യുക എന്നതാണ് യഥാര്‍ഥ ദീന്‍. നബിയോട് പ്രതിബദ്ധത പുലര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍, പിന്നീടുള്ളത് അബൂലഹബിന്റെ നിലപാടായിരിക്കും.' - ഇതാണ് ഇഖ്ബാല്‍ കവിതയുടെ ആശയം.
ദാറുല്‍ ഉലൂമില്‍ എന്റെ സഹപാഠിയായിരുന്ന നെല്ലിക്കുത്ത് ഇസ്മാഈല്‍ പ്രായത്തില്‍ എന്നെക്കാള്‍ അല്‍പ്പം മുതിര്‍ന്നയാളാണ്. അദ്ദേഹം മഞ്ചേരിയിലും മറ്റും പള്ളിദര്‍സുകളില്‍ പഠിച്ചിട്ടുണ്ട്. 'സമസ്ത സുന്നീ' ആശയക്കാരനും അതിനുവേണ്ടി ശക്തമായി വാദിക്കുന്ന വ്യക്തിയുമായിരുന്ന അദ്ദേഹത്തിന്, അറിവും യോഗ്യതയുമുണ്ടായിരുന്നു. ദയൂബന്ദിലെ മലയാളികളുടെ സമാജത്തില്‍ ജമാഅത്തിനെയും മുജാഹിദിനെയും അദ്ദേഹം എതിര്‍ത്ത് സംസാരിക്കും. ഓരോ ഭാഷക്കാര്‍ക്കും ആഴ്ചയില്‍ വ്യത്യസ്ത സാഹിത്യ സമാജങ്ങള്‍ ഉണ്ടാകുമായിരുന്നു. ഈ സമാജങ്ങളില്‍ ചിലപ്പോള്‍ അഭിപ്രായ ഭിന്നതയുള്ള വിഷയങ്ങളും ചര്‍ച്ചക്ക് വരും. ഞാന്‍ പക്ഷേ, എതിര്‍ത്ത് സംസാരിക്കാനൊന്നും മുതിരാറുണ്ടായിരുന്നില്ല. മലയാളികളില്‍ ഭൂരിപക്ഷവും പാരമ്പര്യവാദക്കാരായിരുന്നു. അതേസമയം, പരസ്യമായി ജമാഅത്തുകാരന്‍ ആയിട്ടില്ലെങ്കിലും, എന്റെ നിലപാട് സമസ്തയുടെതില്‍ നിന്ന് ഭിന്നമാണെന്ന് അവര്‍ക്കെല്ലാം ബോധ്യമുണ്ടായിരുന്നു. പ്രബോധനം വാരിക ഞാന്‍ അവിടെ വരുത്തിക്കാറുണ്ടായിരുന്നു. പ്രബോധനത്തില്‍ വരുന്ന ചില ലേഖനങ്ങള്‍ക്ക് സമസ്തയുടെ പ്രസിദ്ധീകരണത്തില്‍ വരുന്ന മറുപടികളും മറ്റും ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു.
പില്‍ക്കാലത്ത് ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിക്കാനായി, ഒരിക്കല്‍ ചെറുവാടിയില്‍ നെല്ലിക്കുത്തിനെ കൊണ്ടുവരികയുണ്ടായി. തൗഹീദ് സമഗ്ര പഠനം പോലുള്ള അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ഉദ്ധരിച്ച് ഞാന്‍ ആ പ്രസംഗങ്ങള്‍ക്ക് മറുപടി പറഞ്ഞിട്ടുണ്ട്. ഔലിയാക്കന്‍മാരുടെ അധികാരവും സ്വാധീനവും സമര്‍ഥിക്കുന്നുണ്ട് അദ്ദേഹം തന്റെ പുസ്തകത്തില്‍. 'വല്‍മുദബ്ബിറാത്തി അംറാ' എന്ന ആയത്താണ്, ഇമാം റാസിയുടെ 'വാചകങ്ങള്‍' മുന്‍നിര്‍ത്തി ഒരിടത്ത് തെളിവായി ഉദ്ധരിച്ചിരിക്കുന്നത്! യഥാര്‍ഥത്തില്‍ ആ ഉദ്ധരണികള്‍ ഇമാം റാസിയുടെ നിലപാടല്ല. മറിച്ച്, റാസി പലരുടെയും വാചകങ്ങള്‍ ഉദ്ധരിക്കുക മാത്രമാണ്. 'അവരൊക്കെ ഇങ്ങനെയെല്ലാം പറയുന്നുണ്ട്' എന്നു മാത്രമാണ് ഇമാം റാസി ഉദ്ദേശിച്ചത്. എന്നല്ല, തഫ്‌സീറിലെ പ്രസ്തുത ഭാഗം ഇമാം റാസി എഴുതിയതാണോ എന്നും സംശയമുണ്ട്. ഇതെല്ലാം മറുപടി പ്രസംഗത്തില്‍ സൂചിപ്പിക്കുകയുണ്ടായി.
ദയൂബന്ദ് പോലെ, ഹദീസില്‍ സനദും ഇജാസത്തുമൊക്കെ നല്‍കുന്ന സ്ഥാപനമാണ് സഹാറന്‍പൂരിലെ ജാമിഅ മളാഹിറുല്‍ ഉലൂം. നബി(സ) കാരക്കയും വെള്ളവും സല്‍ക്കരിച്ച ഒരു ഹദീസുണ്ട്. ഇത് സമാന രീതിയില്‍ സ്വഹാബികളും താബിഉകളും തുടര്‍ന്നു വന്നിരുന്നതായി ഒരു സനദും കാണാം. സഹാറന്‍പൂരിലെ നിശ്ചിത ക്ലാസില്‍ പങ്കെടുത്താല്‍ ആ സനദ് ലഭിക്കുമായിരുന്നു. അക്കാലത്ത് ദയൂബന്ദില്‍ പഠിച്ച പലരും ഇങ്ങനെ സനദ് കരസ്ഥമാക്കിയിട്ടുണ്ട്. ഹദീസ് പഠനത്തില്‍ സനദും ഇജാസത്തുമൊക്കെ വളരെ പ്രധാനമായി കാണാറുണ്ട് ചിലര്‍. അതിന്റെ ഭാഗമാണ് ഈ സനദ് വിതരണം. ഇന്ത്യയില്‍, ശാ വലിയ്യുല്ലാഹിദ്ദഹ്‌ലവി മുതല്‍ അങ്ങോട്ടാണ് ഈ സനദ് കടന്ന് പോകുന്നത്. സഹാറന്‍പൂരിലെ ഈ സ്ഥാപനത്തില്‍ ഒരിക്കല്‍ ഞാന്‍ പോയിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ വിമര്‍ശകനായിരുന്ന മൗലാനാ സകരിയ്യ സഹാറന്‍പൂരിലെ ശൈഖുല്‍ ഹദീസ് ആയിരുന്നു. മൗദൂദിയ്യത്ത് എന്ന പേരില്‍ ഒരു ഖണ്ഡന കൃതി എഴുതിയിട്ടുണ്ട് അദ്ദേഹം.
(തുടരും)
Comments