Prabodhanm Weekly

Pages

Search

2022 ഒക്‌ടോബര്‍ 21

3273

1444 റബീഉല്‍ അവ്വല്‍ 25

ഖുര്‍ആനും ശാസ്ത്രവും: താരതമ്യ പഠനത്തിന് ഒരുത്തമ വിജ്ഞാനകോശം

ഒ. മുഹമ്മദ് ശരീഫ്, ദോഹ

പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളെക്കുറിച്ച് പഠിക്കാനും ചിന്തിക്കാനും അവയില്‍ നിന്ന് ഗുണപാഠങ്ങളുള്‍ക്കൊള്ളാനും ആഹ്വാനം ചെയ്യുന്നുണ്ട് വിശുദ്ധ ഖുര്‍ആന്‍. ഭൗതിക നാസ്തികത ആധുനിക ശാസ്ത്രത്തെ അടിത്തറയാക്കി ദൈവ വിശ്വാസത്തെ പുറംതള്ളി ആധിപത്യമുറപ്പിക്കാന്‍ ശ്രമിക്കുന്ന വര്‍ത്തമാന കാലത്ത് ഖുര്‍ആനിലെ ശാസ്ത്ര സൂചനകളുടെ പ്രാധാന്യം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. ഖുര്‍ആനിലെ ശാസ്ത്ര സൂചനകള്‍ക്ക് പുറമെ, ചരിത്ര വിവരണങ്ങളും അവയുമായി ബന്ധപ്പെട്ട ഭൂപ്രദേശങ്ങളും പഠന-ബോധന-ആലേഖന മാര്‍ഗങ്ങളും മറ്റു മാനവിക വിഷയങ്ങളും ക്രോഡീകരിക്കുകയും, മള്‍ട്ടി കളര്‍ ചിത്രസഹിതം ക്യു.ആര്‍. സ്‌കാന്‍ റഫറന്‍സ് സൗകര്യത്തോടെ വിശദീകരിക്കുകയും ചെയ്യുന്ന  കൃതിയാണ് ഡോ. പി.കെ അബ്ദുര്‍റസാഖ് സുല്ലമി രചിച്ച ഖുര്‍ആന്‍ ശാസ്ത്ര വിജ്ഞാനകോശം. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് അസോസിയേറ്റ് പ്രഫസറായി വിരമിച്ച ഗ്രന്ഥകാരന്‍ 'ഖുര്‍ആന്‍ വ്യാഖ്യാനത്തിലെ നൂതന പ്രവണതകള്‍' എന്ന വിഷയത്തില്‍ കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഖുര്‍ആന്‍-ശാസ്ത്ര താരതമ്യമാണ് അദ്ദേഹത്തിന്റെ പ്രധാന പഠന മേഖല. ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന ചരിത്ര പ്രദേശങ്ങള്‍ തേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഡോ. കമാല്‍ പാഷയുമൊത്ത് അദ്ദേഹം യാത്ര നടത്തുകയും ഖുര്‍ആനിന്റെ ചരിത്ര ഭൂമികളിലൂടെ എന്ന ഡോക്യുമെന്ററി പുറത്തിറക്കുകയും ചെയ്തിട്ടു്.
അബ്ബാസിയ ശാസ്ത്രജ്ഞന്‍മാരുടെ ഗ്രന്ഥരചനകളാണ് തനിക്ക് പ്രചോദനമായതെന്ന് ഗ്രന്ഥകര്‍ത്താവ് എഴുതുന്നു.
ആധുനിക ശാസ്ത്രത്തിന്റെ ആവിര്‍ഭാവത്തിന് നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ പ്രകൃതിപ്രതിഭാസങ്ങളെ സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ ഖുര്‍ആനില്‍ ഉണ്ടായിട്ടും അബ്ബാസിയ കാലഘട്ടത്തിന് ശേഷം മത പണ്ഡിതന്മാരോ മുസ്ലിം ശാസ്ത്രജ്ഞരോ ആ സന്ദേശങ്ങള്‍ക്ക് വലിയ പ്രാധാന്യം കൊടുത്തില്ലെന്നുള്ളത് ഖേദകരമായ വസ്തുതയാണ്. ആധുനിക ശാസ്ത്രം ആ പ്രതിഭാസങ്ങളെ കണ്ടെത്തിയതോടെയാണ് മുസ്ലിംകള്‍ ആ സന്ദേശങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാന്‍ തുടങ്ങിയത്. ശാസ്ത്രം ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത പ്രപഞ്ച രഹസ്യങ്ങളെക്കുറിച്ച സൂചനകള്‍ ഇനിയും ഖുര്‍ആനിലുണ്ടാവാം. ശാസ്ത്രത്തിന് അവ കണ്ടെത്താനായില്ലെങ്കിലും അവയില്‍ നാം വിശ്വസിക്കണം. കണ്ടുപിടിത്തങ്ങളില്‍ ആശ്ചര്യം കൂറുന്നതിനു പകരം, ഖുര്‍ആനും ശാസ്ത്രവും ഒരേ സ്രോതസ്സില്‍നിന്ന് ഉത്ഭവിക്കുന്നതുകൊണ്ടാണ് അവ പരസ്പര പൂരകമാകുന്നതെന്നുമുള്ള തിരിച്ചറിവാണ് നമുക്കുണ്ടാകേണ്ടത്. ഈ ഒരു പശ്ചാത്തലത്തിലാണ് ഖുര്‍ആന്‍ ശാസ്ത്ര വിജ്ഞാന കോശം എന്ന കൃതി ശ്രദ്ധേയമാകുന്നത്. 
ജ്യോതിശ്ശാസ്ത്രം, അന്തരീക്ഷ ശാസ്ത്രം, ഭൗമശാസ്ത്രം, സമുദ്ര ശാസ്ത്രം, രസതന്ത്രം, ഭൗതിക ശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം, ജന്തുശാസ്ത്രം, ആരോഗ്യ ശാസ്ത്രം തുടങ്ങി യന്ത്ര സാങ്കേതിക ശാസ്ത്രം വരെ ഭിന്ന ശാസ്ത്രശാഖകളെ കുറിച്ച ഖുര്‍ആനിക പരാമര്‍ശങ്ങള്‍ മികവാര്‍ന്ന ശൈലിയില്‍ ഗ്രന്ഥത്തില്‍ വിശദീകരിച്ചിക്കുന്നു. ആധുനിക വിജ്ഞാനീയങ്ങളെയും ഇസ്ലാമിക വിജ്ഞാനീയങ്ങളെയും താരതമ്യ പഠനം നടത്തുന്നതിന് ഒരുത്തമ റഫറന്‍സ് ഗ്രന്ഥമാണ് ഈ ഖുര്‍ആന്‍ ശാസ്ത്ര വിജ്ഞാനകോശം.
ഗ്രന്ഥകാരനെ +91 9387844180  എന്ന നമ്പറില്‍ ബന്ധപ്പെടാം (മെസേജുകള്‍ മാത്രം)
പുസ്തകത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ bit.ly/autodetails.


ഖുര്‍ആന്‍ ശാസ്ത്ര വിജ്ഞാനകോശം
പ്രസാധനം: ഇബ്‌നുല്‍ ഹൈസം അക്കാദമി ഓഫ് സയന്‍സ് ആന്റ് സൈന്‍സ്
വിതരണം: എജുമാര്‍ട്ട്
416 പേജ്
(19/26 ക്രൗണ്‍സൈസ്/മള്‍ട്ടികളര്‍)
മുഖവില: 600
പര്‍ച്ചേസ് ലിങ്ക്: imojo.in/qsbook
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ 30-34
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വഹാബികള്‍ പൊട്ടിക്കരഞ്ഞ ദിനം
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്