പൊളിക്കലിനെതിരെ ഡോക്യുമെന്ററി പ്രതിരോധം
ഡോക്യുമെന്ററി
സംഘ് പരിവാര്‍ ഫാഷിസം രാഷ്ട്രീയ മൂര്‍ത്തത കൈവരിക്കുമ്പോള്‍ ഇന്ത്യന്‍ സാമൂഹിക മണ്ഡലം കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. ജാതി വിവേചനങ്ങളും വര്‍ഗീയാഹ്വാനങ്ങളും ധ്രുവീകരണ അജണ്ടകളുമൊക്കെ പയറ്റി അധികാരത്തിലെത്തിയ ഫാഷിസ്റ്റ് ശക്തികളെ പഴയ വീക്ഷണ കോണില്‍ നിന്നു കൊണ്ട് മാത്രം ഇനിയും വിശകലനം ചെയ്താല്‍ മതിയാവുകയില്ല. ഇത്തരത്തില്‍, അധികാര രാഷ്ട്രീയത്തിലെ സംഘ്പരിവാര്‍ ഫാഷിസത്തിന്റെ രൂപഭാവങ്ങള്‍ വ്യക്തമാക്കുന്ന ഏറ്റവും സമകാലികമായ ഡോക്യുമെന്റേഷന്‍ ആണ് മക്തൂബ് മീഡിയ പുറത്തിറക്കിയ Erazed: Documentary on India's Bulldozer Justice Against Muslim Dissent.
പൗരത്വ പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ ചെറുതും വലുതുമായ മുസ്‌ലിം വിഷയങ്ങളിലുള്ള പ്രതിഷേധങ്ങളിലൊക്കെയും ഭാഗഭാക്കായ ആളുകളെ ഭരണകൂടം തെരഞ്ഞുപിടിച്ച് വേട്ടയാടുന്നത് നമ്മള്‍ കാണുന്നു. പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്ത ആളുകളെയും വേട്ടയാടിക്കൊണ്ടിരിക്കുന്നു. പ്രക്ഷോഭങ്ങളുടെ തുടക്കത്തില്‍ തന്നെ അറസ്റ്റിലായ ഷര്‍ജീല്‍ ഇമാമിനെ പോലുള്ളവര്‍ ഇന്നും ജയിലിലാണ്. അതിന്റെ തുടര്‍ച്ചയില്‍ മുസ്‌ലിംകളുടേതടക്കമുള്ളവരുടെ ദൈനംദിന ജീവിതത്തില്‍ ഭരണകൂടം ധിക്കാരത്തോടെ ഇടപെടുന്നു. ഒരു ഭാഗത്ത് വംശീയ ഉന്മൂലന പദ്ധതികള്‍ക്ക് നിയമപ്രാബല്യം ലഭിക്കാന്‍ നീക്കങ്ങള്‍ നടത്തുന്നതോടൊപ്പം, മറുഭാഗത്ത് സാധാരണ മുസ്‌ലിമിന്റെ നിത്യജീവിതത്തെ പോലും അസ്ഥിരപ്പെടുത്തി, ഇവിടെ ഇനി ഒരു ദിവസംപോലും ജീവിക്കാന്‍ സാധിക്കില്ല എന്ന് അവര്‍ക്ക് തോന്നുന്ന വിധത്തില്‍ ഭരണകൂട മെഷിനറികളെ ദുരുപയോഗം ചെയ്യുന്നു. അതിന്റെ ഭാഗമായാണ്, വിവിധ പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നവരെ തെരഞ്ഞു പിടിച്ച് അവരുടെ സ്വത്തും സമ്പാദ്യങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നത്. ഇതിന്റെ നേര്‍ക്കാഴ്ചയാണ് ഈ ഡോക്യുമെന്ററിയില്‍. വീടുകളും കടകളും ബുള്‍ഡോസര്‍ കൊണ്ടുവന്ന് തകര്‍ക്കുമ്പോള്‍ അവിടങ്ങളിലുള്ള സാധന സാമഗ്രികള്‍ പോലും എടുത്തു മാറ്റാനുള്ള സാവകാശമോ അനുവാദമോ നല്‍കുന്നില്ല. അഥവാ, തകര്‍ക്കുക മാത്രമല്ല പുനരധിവാസത്തിന് പോലും സാധ്യത നല്‍കാത്ത വിധം ഇല്ലാതാക്കുക എന്നതാണ് അവരുടെ പദ്ധതി. മുസ്‌ലിം പ്രതിഷേധങ്ങളോട് ഭരണകൂടത്തിന് ഇനി ഒരൊറ്റ നിലപാടേയുള്ളൂ എന്നര്‍ഥം.
ഇങ്ങനെ സമ്പാദ്യങ്ങളൊക്കെ നശിപ്പിച്ച ശേഷവും ഭരണകൂടം ഇവരെ വിടാതെ പിടിക്കുന്നുണ്ട്. മറ്റ് അവകാശങ്ങള്‍ ലഭിക്കാതിരിക്കാനും ഇതര ജനവിഭാഗങ്ങളുടെ മനസ്സില്‍ വിദ്വേഷം കത്തിക്കാനുമായി, ഇവര്‍ രാജ്യത്ത് അനധികൃതമായി കുടിയേറിയവരാണ് എന്ന പ്രചാരണം നടത്തി സാമൂഹികമായി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളും നടത്തുന്നു. വലിയൊരു ശതമാനം ഇത്തരത്തില്‍ നടപടികള്‍ നേരിട്ടത് മുസ്‌ലിംകളിലെ പിന്നാക്ക ജനവിഭാഗങ്ങളാണ്. അനധികൃത കുടിയേറ്റക്കാര്‍ എന്ന് മുദ്രകുത്തപ്പെട്ടതോടെ ഒരു ജോലിപോലും ലഭിക്കാതെ എല്ലാംകൊണ്ടും ഇവരുടെ ജീവിതം കൂടുതല്‍ ദുസ്സഹമായിത്തീരുന്നു. അവരുടെ തന്നെ വാക്കുകളില്‍: ''പെരുന്നാള്‍ ദിവസങ്ങളില്‍ പോലും ഞങ്ങളുടേത് മരണ വീട് പോലെയാണ്. ഭക്ഷണമില്ലാതെ എന്ത് പെരുന്നാളാണ്! എത്രകാലം ഞങ്ങള്‍ ഇങ്ങനെ കഴിയേണ്ടി വരും.''
ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് മുമ്പൊക്കെ ഉണ്ടായിരുന്ന ഇത്തരം നീക്കങ്ങളെ യാദൃഛികം എന്നു പറയാമായിരുന്നു. ഇപ്പോഴത് കൃത്യവും ആസൂത്രിതവുമായ ഉന്മൂലന പദ്ധതികള്‍ തന്നെയാണ്. ഏറ്റവും പ്രധാന പ്രശ്‌നം ഇത്തരമൊരു സാമൂഹിക യാഥാര്‍ഥ്യത്തെ അടയാളപ്പെടുത്താനും പ്രതിരോധിക്കാനുമുള്ള സാമൂഹിക-രാഷ്ട്രീയ സംവിധാനങ്ങളൊന്നും തന്നെയില്ല എന്നതാണ്. നിര്‍ണായക ഘട്ടത്തില്‍ ബൃന്ദ കാരാട്ടിനെപ്പോലുള്ള രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ടത് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താന്‍ കൂടുതല്‍ ഉപകാരപ്പെട്ടെങ്കിലും അത് കേവലം ഒറ്റപ്പെട്ട സംഭവം മാത്രമായി മാറുന്നു. സമീപകാലത്ത് നടന്ന ഭരണകൂട തകര്‍ക്കല്‍ നടപടികളൊക്കെ വേണ്ടവിധം നിയമങ്ങള്‍ പാലിച്ചുള്ളതല്ല എന്ന യാഥാര്‍ഥ്യം നിലനില്‍ക്കുമ്പോഴും അതിനെ യഥാസമയം നിയമപരമായി നേരിടാനോ മാധ്യമ ശ്രദ്ധ അതിലേക്ക് കൊണ്ടുവരാനോ കഴിയാതെ പോകുന്നു. ഈയൊരു പശ്ചാത്തലം മുമ്പില്‍ വെച്ചാല്‍, ഈ ഡോക്യുമെന്ററി അനിവാര്യമായ ഒരു ഇടപെടല്‍ തന്നെയാണ് നടത്തുന്നത്.
79074 31299
Comments