Prabodhanm Weekly

Pages

Search

22 സെപ്റ്റംബര് 02

3266

1444 സഫര് 06

സാമൂഹിക സംഘാടന രീതികളും പാഠ്യപദ്ധതികളും ജെന്‍ഡര്‍ പൊളിറ്റിക്‌സിന്റെ  പരീക്ഷണ ശാലകളാകുമ്പോള്‍

ശിഹാബ് പൂക്കോട്ടൂര്‍   [email protected]

 

സാമൂഹിക സംഘാടന സംവിധാനങ്ങളും വിദ്യാഭ്യാസ രീതികളും ജെന്‍ഡര്‍ പൊളിറ്റിക്സിന്റെ പരീക്ഷണശാലകളാക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. പാഠ്യപദ്ധതി ചട്ടക്കൂടിലെ നിര്‍ദേശങ്ങള്‍ പൊതു ചര്‍ച്ചക്കായി സമര്‍പ്പിച്ചിരിക്കുകയാണെന്ന് പറയുമ്പോഴും ഇതിലെ പല നിര്‍ദേശങ്ങളും കലാലയങ്ങളില്‍ നടപ്പാക്കി തുടങ്ങിയിട്ടുണ്ട്.
കേരള പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ സമൂഹ ചര്‍ച്ച എന്ന കുറിപ്പിന്റെ ആമുഖത്തില്‍, 'ലിംഗ നീതി, ലിംഗ സമത്വം, ലിംഗാവബോധം എന്നിവ ഉളവാകാനാവശ്യമായ അംശങ്ങള്‍ പാഠ്യപദ്ധതിയില്‍ വലിയ തോതില്‍ ഉണ്ടാകേണ്ടതുണ്ട്' (2022 പാഠ്യപദ്ധതി ചട്ടക്കൂട്, പേജ് 5) എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 'സ്‌കൂള്‍ പാഠപുസ്തകങ്ങള്‍, പഠന ബോധന രീതികള്‍, കളിസ്ഥലം എന്നിവ ജെന്‍ഡര്‍ ഓഡിറ്റിംഗിന് വിധേയമാക്കണം. ഇതിനു സഹായകമായ രീതിശാസ്ത്രം വികസിപ്പിക്കണം' (പേജ് 17).
ലിംഗാവബോധം സൃഷ്ടിക്കുന്നതിലൂടെ ലിംഗത്തിന്റെ പേരില്‍ അനുഭവിക്കുന്ന വിവേചനങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമമല്ല നടക്കുന്നത്. മറിച്ച്, ലിംഗരാഹിത്യമെന്ന അവസ്ഥയിലേക്ക് സമൂഹത്തെ എത്തിക്കാനാണ് യത്നിക്കുന്നത്. സ്ത്രീ, പുരുഷന്‍ എന്ന സങ്കല്‍പം ഇല്ലാതാക്കി ലിംഗ രാഹിത്യ ബോധത്തിലേക്ക് നയിക്കുന്നതാണ് പുരോഗമനമെന്ന് ഇതിലൂടെ സിദ്ധാന്തിക്കുകയാണ് ചെയ്യുന്നത്. ക്ലാസ്സില്‍ ഇരു വിഭാഗങ്ങള്‍ക്കും പ്രത്യേകം ഇരിപ്പിടങ്ങള്‍ പാടില്ല, ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക സ്പോര്‍ട്സ്, കലോത്സവങ്ങള്‍, വസ്ത്രങ്ങള്‍, ടോയ്ലറ്റുകള്‍ എന്നിവയുടെ ആവശ്യമില്ല എന്നും പറയുന്നു. ഫലത്തില്‍ ശാരീരിക ക്ഷമതയുള്ളവന്റെ മേല്‍ക്കൈ തിരിച്ചു കൊണ്ടുവരാനുള്ള ആസൂത്രിത ശ്രമങ്ങളാണ് ഇതിലൂടെ നടക്കുന്നത്. യഥാര്‍ഥത്തില്‍ ആണ്‍-പെണ്‍ സ്വത്വബോധം നിലനിര്‍ത്തിക്കൊണ്ടുതന്നെ ആരോഗ്യകരമായ അന്തരീക്ഷം നിലനിര്‍ത്തുകയാണ് കലാലയങ്ങളില്‍ ആവശ്യം. സന്തുലിതമായ വിദ്യാലയാന്തരീക്ഷം തല്ലിപ്പൊളിക്കരുത്. പോരായ്മകളുണ്ടെങ്കില്‍ നികത്തി ആരോഗ്യകരമായ ബന്ധങ്ങള്‍ സ്ഥാപിക്കുകയാണ് വേണ്ടത്. അവകാശങ്ങളില്‍ സമത്വമാവശ്യപ്പെടുന്നതു പോലെ (വോട്ടവകാശം, തുല്യവേതനം...) പ്രകൃതിദത്തമായ പ്രത്യേകതകള്‍ മാറ്റാനോ, ഒന്നാക്കാനോ ശ്രമിക്കുന്നത് സന്തുലിതമായ സമൂഹഘടനക്ക് മാരകമായ പരിക്കേല്‍പിക്കും. ഈ യാഥാര്‍ഥ്യം വിസ്മരിക്കുന്നത് സ്വത്വ നിരാസമാണ്. സ്ത്രീ വിവേചനത്തിനെതിരെ 'വുമണ്‍ ഫ്രണ്ട്ലി' സംവിധാനങ്ങള്‍ക്ക് വേണ്ടി മുറവിളി കൂട്ടിയവര്‍ തന്നെ തങ്ങളുടെ സ്വത്വനിരാസ പദ്ധതിക്കു വേണ്ടി വാദിക്കുന്നത് പരിഹാസ്യമാണ്.
പുരുഷനെ പുരുഷനായും സ്ത്രീയെ സ്ത്രീയായും അംഗീകരിക്കുന്നതിലൂടെ മാത്രമാണ് വിവേചനങ്ങള്‍ക്ക് അറുതിവരുത്താന്‍ കഴിയൂ. അഥവാ, സ്ത്രീ സ്ത്രീയായതിന്റെ പേരിലോ, പുരുഷന്‍ പുരുഷനായതിന്റെ പേരിലോ നീതി നിഷേധിക്കപ്പെടരുത്. 'സ്ത്രീകള്‍ക്ക് ബാധ്യതകള്‍ ഉള്ളതുപോലെ തന്നെ ന്യായ പ്രകാരം അവര്‍ക്ക് അവകാശങ്ങളും കിട്ടേണ്ടതുണ്ട്' (2:228) എന്ന ഖുര്‍ആന്റെ പ്രഖ്യാപിത തത്ത്വം ഇവിടെ ശ്രദ്ധയര്‍ഹിക്കുന്നു.
കേരള പാഠ്യപദ്ധതി ചട്ടക്കൂടുകളിലെ പതിനാറാം തലക്കെട്ട് 'ലിംഗ സമത്വത്തില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസം' ആണ്. 'ഇന്നലെകളില്‍ ആണ്‍, പെണ്‍ എന്ന വിഭാഗങ്ങളെ പരിഗണിച്ചാണ് ലിംഗ സമത്വത്തെക്കുറിച്ച് പറഞ്ഞതെങ്കില്‍, മറ്റു ലിംഗ വിഭാഗങ്ങളെയും (LGBT Queer) പരിഗണിച്ചാവണം ഇനിയുള്ള വിദ്യാഭ്യാസം' (പേജ് 71) എന്ന് ശീര്‍ഷകത്തിന് താഴെ എഴുതിയിട്ടുണ്ട്. തുടക്കത്തില്‍ പ്രതിപാദിച്ച ലിംഗാവബോധം പാഠ്യപദ്ധതിയുടെ അനിവാര്യതയായി വിലയിരുത്തുമ്പോള്‍ ഉണ്ടാവുന്ന തുടര്‍ച്ചയാണ് വ്യത്യസ്ത ലിംഗ വിഭാഗങ്ങള്‍ എന്നത്. ക്ലാസ് മുറികളില്‍ ഇവരിലാര്‍ക്കും അസമത്വത്തിന്റെ അരക്ഷിതാവസ്ഥ സൃഷ്ടിക്കരുതെന്ന നിര്‍ദേശവും തുടര്‍ന്ന് വരുന്നുണ്ട്. പാഠപുസ്തകങ്ങള്‍ പരമ്പരാഗത കാഴ്ചപ്പാടുകളില്‍നിന്ന് മാറി ശാസ്ത്രീയാവബോധം സൃഷ്ടിക്കുന്നതാവണമെന്ന പാഠ്യപദ്ധതിയുടെ ചട്ടക്കൂടിനെ തന്നെ നിരാകരിക്കുന്നതാണ് ഒട്ടും ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത ലിംഗ വിഭാഗങ്ങള്‍ എന്ന കാറ്റഗറി. ഹെറ്റ്റോ നരേറ്റീവില്‍ (ദ്വിലിംഗ പൊതുബോധം) നിന്ന് ക്വിയര്‍ നോര്‍മേറ്റീവി(ഭിന്ന ലൈംഗികബോധം)ലേക്ക് സമൂഹത്തെ നയിക്കുന്നതാണ് സര്‍ക്കാര്‍ പാഠ്യപദ്ധതിയിലെ നിര്‍ദേശങ്ങള്‍.  മതമനുസരിച്ച് കുടുംബസങ്കല്‍പങ്ങള്‍ വെച്ചുപുലര്‍ത്തുന്ന വിശ്വാസികള്‍ ധാരാളമുള്ള സമൂഹ ഘടനയില്‍ അവരെക്കൂടി പ്രതിനിധാനം ചെയ്യുന്ന ഒരു ഭരണകൂടം തീര്‍ത്തും നിരുത്തരവാദപരമായ സമീപനമാണ് വിദ്യാഭ്യാസ സംവിധാനങ്ങളില്‍ പുലര്‍ത്തുന്നത്.
സാമൂഹിക സംവിധാനങ്ങളില്‍ ഇപ്പറഞ്ഞ ലിംഗാവബോധം കൊണ്ടുവരാന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കേരളത്തില്‍ തുടങ്ങിയതാണ് ജെന്‍ഡര്‍ റിസോഴ്സ് സെന്ററുകള്‍. പതിനാല് ജില്ലകളിലായി 707 ജെന്‍ഡര്‍ റിസോഴ്സ് സെന്ററുകള്‍ കുടുംബശ്രീ ആരംഭിക്കുകയും അവയില്‍ 140 ജെന്‍ഡര്‍ റിസോഴ്സ് സെന്ററുകളെ മാതൃകാ സെന്ററുകളായി തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു. ജെന്‍ഡര്‍ റിസോഴ്സ് സെന്ററുകള്‍ക്ക് നല്‍കിയിട്ടുള്ള പരിശീലന സഹായിയില്‍ ലക്ഷ്യമായി പറയുന്നത്, 'സെക്സ്, ജെന്‍ഡര്‍ തമ്മിലുള്ള ആശയപരമായ വ്യത്യാസം മനസ്സിലാക്കുക, ലിംഗസമത്വം, ലിംഗ നീതി എന്നിവ പരിചയപ്പെടുത്തുക' എന്നിവയാണ് (പേജ് 12). ഇത് കൈമാറുന്നത് ചോദ്യങ്ങള്‍, ചര്‍ച്ച, പ്രശ്നോത്തരി എന്നിവയിലൂടെയാണ്. സ്ത്രീയെക്കുറിച്ചും പുരുഷനെക്കുറിച്ചുമുള്ള സമൂഹത്തിലെ ധാരണകള്‍, സ്ത്രീയെക്കുറിച്ച് പൊതുവെ പറയുന്ന വാക്യങ്ങള്‍ എന്നിവ പഠനവിധേയമാക്കുന്നതാണ് ആദ്യത്തെ പരിശീലന പരിപാടി. ഇതിലൂടെ കുടുംബം, വിവാഹം, സ്ത്രീ ജീവിതം എന്നിവയെ പ്രശ്നവത്കരിക്കുകയും, ഇവ തകരുന്നതിലൂടെ മാത്രമാണ് സ്ത്രീ സമൂഹത്തിന് പുരോഗതിയും അന്തസ്സുമുണ്ടാകുന്നതെന്ന് ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. നേരിട്ട് ഇത്തരം തീരുമാനങ്ങള്‍ പറയുന്നതിന് പകരം ഓരോ പഠിതാവിന്റെയും ബോധത്തില്‍ ഈ ചിന്താരീതി ബോധപൂര്‍വം സൃഷ്ടിക്കുന്നു. ജെന്‍ഡര്‍ റിസോഴ്സ് സെന്ററുകളിലൂടെ സമൂഹ ഘടനയില്‍ വിള്ളല്‍ വീഴ്ത്തുന്ന ചിന്താഗതികളും ആക്ടിവിറ്റികളും വ്യാപകമാക്കാന്‍ ശ്രമിക്കുന്നു. കുടുംബ മൂല്യങ്ങളും വിശ്വാസങ്ങളും വെച്ചു പുലര്‍ത്തുന്നവര്‍ക്ക് പോലും ഇത്തരം സംവിധാനങ്ങള്‍ നിരര്‍ഥകമാണെന്ന വിചാരം ശക്തിപ്പെടുന്നു.
രണ്ടാമതായി, റിസോഴ്സ് പേഴ്സണ്‍ വിശദീകരിച്ച് പഠിപ്പിക്കേണ്ടത് പ്രായോഗിക ജെന്‍ഡര്‍ ആവശ്യങ്ങളും തന്ത്രപരമായ ജെന്‍ഡര്‍ ആവശ്യങ്ങളുമാണ് (പേജ് 19). നിലവിലെ സാമൂഹിക വ്യവസ്ഥിതികളോട് ചേര്‍ന്നുനിന്ന്, സമൂഹത്തില്‍ നിലനില്‍ക്കുന്ന ജെന്‍ഡര്‍ റോളുകളില്‍ തുടര്‍ന്നുകൊണ്ടുതന്നെ നേടിയെടുക്കാവുന്ന കാര്യങ്ങളാണ് പ്രായോഗിക ജെന്‍ഡര്‍ ആവശ്യങ്ങള്‍ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. നിലനില്‍ക്കുന്ന സാമൂഹിക പദവിയെ അവ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍, നിലനില്‍ക്കുന്ന വ്യവസ്ഥിതിയെ ചോദ്യം ചെയ്തുകൊണ്ടും അവയില്‍ മാറ്റം വരുത്തിക്കൊണ്ടും നേടിയെടുക്കാവുന്ന ആവശ്യങ്ങളാണ് തന്ത്രപരമായ ജെന്‍ഡര്‍ ആവശ്യങ്ങള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ പ്രവര്‍ത്തന രീതിയിലൂടെ സമൂഹത്തില്‍ നടക്കുന്ന / നടന്ന ഓരോന്നിനെയും ലിംഗപദവി സംവേദനക്ഷമതയിലൂടെ വിലയിരുത്തുകയും അത്തരം സര്‍വേകള്‍ നടത്തുകയും ചെയ്യണമെന്നാണ് നിര്‍ദേശിക്കുന്നത്. സാധാരണ സ്ത്രീകളായ പഠിതാക്കളിലൂടെ ലിംഗപരമായ അരക്ഷിതാവസ്ഥക്ക് കാരണമാകുന്ന നിലവിലെ കുടുംബ സംവിധാനത്തെ പ്രശ്നവത്കരിക്കുന്ന തീരുമാനങ്ങളിലേക്കും തീര്‍പ്പുകളിലേക്കും എത്തിക്കുന്നതായിരിക്കും പ്രസ്തുത സെന്ററുകളിലൂടെ നടപ്പാക്കപ്പെടുക.
2021-ല്‍ കുടുംബശ്രീ പുറത്തിറക്കിയ 'ആരോഗ്യകരമായ ബന്ധങ്ങള്‍ പഠന സഹായി'യിലും ലിംഗ രാഷ്ട്രീയത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. മൂന്നാമത്തെ അധ്യായത്തിന്റെ പേര് തന്നെ ജെന്‍ഡര്‍ സാമൂഹികവത്കരണം എന്നാണ്. സാമൂഹികപരമായി ജെന്‍ഡര്‍ എങ്ങനെ നിര്‍മിക്കപ്പെട്ടു എന്ന് തിരിച്ചറിയുക, അറിഞ്ഞും അറിയാതെയും നമ്മള്‍ എങ്ങനെ ഈ പ്രക്രിയയുടെ ഭാഗമാകുന്നു എന്ന് ബോധ്യപ്പെടുക, ജെന്‍ഡര്‍ അന്യായമാണെന്ന് വ്യക്തമാക്കുക തുടങ്ങിയവയാണ് ഈ അധ്യായത്തിന്റെ ലക്ഷ്യങ്ങളായി ചേര്‍ത്തിട്ടുള്ളത്. കുടുംബവും വിവാഹവും സ്ത്രീയുടെ സ്വാതന്ത്ര്യത്തിനും നീതിക്കും തടസ്സമാണെന്ന സന്ദേശം ഓരോ വരിയിലൂടെയും കൈമാറ്റം ചെയ്യപ്പെടുന്നു. ഈ പുസ്തകത്തില്‍ നല്‍കിയിട്ടുള്ള ഓരോ ആക്ടിവിറ്റികളിലും ഈ ആശയത്തെ പ്രമോട്ട് ചെയ്യുന്ന രീതികളാണ് കാണാനാവുക.
മറ്റൊന്ന്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി പുറത്തിറക്കിയ ലൈംഗിക-ലിംഗത്വ ന്യൂനപക്ഷങ്ങളെ കുറിച്ചുള്ള കൈപ്പുസ്തകമാണ്. ഇതിന്റെ ആദ്യ ഭാഗം ജെന്‍ഡര്‍ /സെക്സ് പദാവലികളെ പരിചയപ്പെടുത്തുന്നു. ലിംഗത്വം (ജെന്‍ഡര്‍ ഐഡന്റിറ്റി), സ്വവര്‍ഗ ലൈംഗികത (ഹോമോ സെക് ഷ്വാലിറ്റി), ഉഭയ ലൈംഗികത (ബൈ സെക്ഷ്വാലിറ്റി), പുരുഷ സ്വവര്‍ഗ പ്രേമി (ഗേ), സ്ത്രീ സ്വവര്‍ഗ പ്രേമി (ലെസ്ബിയന്‍), ഉഭയ വര്‍ഗ പ്രേമി, ട്രാന്‍സ്‌ജെന്‍ഡര്‍, ട്രാന്‍സ് സ്ത്രീ, ട്രാന്‍സ് പുരുഷന്‍, മിശ്ര ലിംഗര്‍, നിര്‍ലൈംഗികര്‍ തുടങ്ങിയ പദാവലികളെയും വിഭാഗങ്ങളെയും പരിചയപ്പെടുത്തി ഇവയെ വിമര്‍ശിക്കുന്നതും നിരൂപണം ചെയ്യുന്നതും സ്വവര്‍ഗ ഭീതിയും (ഹോമോഫോബിയ) ട്രാന്‍സ് ഭീതിയുമായി ചിത്രീകരിക്കുന്നു. ഭിന്ന ലൈംഗിക സ്വത്വങ്ങളെ നിര്‍ണയിക്കുന്നത് തോന്നലുകളുടെയും ആഗ്രഹങ്ങളുടെയും അടിസ്ഥാനത്തിലാണ്, ശാരീരിക യാഥാര്‍ഥ്യങ്ങളെ വിലയിരുത്തിയിട്ടല്ല. ഈ കൈപ്പുസ്തകത്തില്‍ സമൂഹത്തിന്റെ ലൈംഗിക മനോവികാസത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍ പറയുന്നിടത്ത് ഇങ്ങനെ അടയാളപ്പെടുത്തുന്നു: ''ആണ്‍-പെണ്‍ വിവാഹം എന്ന സ്ഥാപനത്തിലൂടെ കുടുംബവും സമൂഹവും അവരുടെ ലൈംഗിക മനോവികാസത്തിന് ആവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നുണ്ട്. അതിനാല്‍ തന്നെ ഭിന്ന വര്‍ഗ ലൈംഗികതയുള്ള ഭൂരിപക്ഷം ലിംഗത്വ പ്രകടനങ്ങള്‍ക്കും പ്രണയത്തിനും വിവാഹത്തിനും തങ്ങള്‍ക്ക് ജന്മനാ തന്നെയുള്ള സവിശേഷാധികാരത്തെ കുറിച്ച് അത്ര ബോധവാന്മാരല്ല. എന്നാല്‍, ലൈംഗിക മനോവികാസത്തിലൂടെയുള്ള സാമൂഹിക മനോവികാസം നിഷേധിക്കപ്പെട്ട വിഭാഗമാണ് ലൈംഗിക-ലിംഗത്വ ന്യൂനപക്ഷങ്ങള്‍. ഇന്ത്യന്‍ സമൂഹത്തിലെ കുടുംബം, പാര്‍പ്പിടം, വിദ്യാലയം, ജോലിസ്ഥലം എന്നീ അടിസ്ഥാന സ്ഥാപനങ്ങള്‍ എല്ലാം തന്നെ ആണ്‍-പെണ്‍ കുടുംബത്തെയും പ്രണയത്തെയും മാത്രം അംഗീകരിക്കുന്ന തരത്തിലാണ് പരമ്പരാഗതമായി പ്രവര്‍ത്തിച്ചുവരുന്നത്... അതിനാല്‍, ഇതൊരു ആരോഗ്യ-സാമ്പത്തിക പ്രശ്നമായി കണ്ട് ലൈംഗിക ലിംഗത്വ ന്യൂനപക്ഷങ്ങളെ മനസ്സിലാക്കി അംഗീകരിച്ച് അവരെ മുഖ്യധാരയില്‍ കൊണ്ടുവന്ന് കഴിവുറ്റ പൗരന്മാരാക്കിത്തീര്‍ക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്'' (കൈപ്പുസ്തകം, പേജ് 9).
ഇങ്ങനെ, പൊതുജനങ്ങളുടെ നികുതിപ്പണം കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു ഭരണകൂടം അവരുടെ മൂല്യബോധങ്ങളെ അപ്പാടെ ഉടച്ചുവാര്‍ക്കാന്‍ ശ്രമിക്കുന്നത് ആര്‍ക്കു വേണ്ടിയാണ്? വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി, കുടുംബശ്രീ യൂനിറ്റുകളിലൂടെ ഭൂരിപക്ഷം വരുന്ന കേരളീയരുടെയും കുടുംബ സദാചാര ബോധങ്ങളെ അട്ടിമറിക്കാന്‍ ആരുടെ അച്ചാരമാണ് ഇടതുപക്ഷം വാങ്ങിയിട്ടുള്ളത്? പുരോഗമന നാട്യങ്ങളുടെ പേരില്‍ നടപ്പാക്കുന്ന ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങളില്‍ എത്രത്തോളം ശാസ്ത്രീയതയുണ്ട്? ലിംഗരാഹിത്യമുള്ള ഒരു തലമുറയെ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ വിവേചനങ്ങള്‍ക്ക് അത് എത്രത്തോളം പരിഹാരമാണ്? പാഠ്യപദ്ധതിയില്‍ മാത്രം ഊന്നിയിരുന്ന സാഹിത്യ പരിഷത്ത് തദ്ദേശ സ്വയംഭരണ, സാമൂഹിക  വകുപ്പുകളില്‍ കൂടി പിടിമുറുക്കിയിരിക്കുന്നു. ലിബറല്‍, നാസ്തിക ബോധങ്ങള്‍ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെ മൂല്യങ്ങളെ മാനിക്കാതെ, എതിര്‍പ്പുകളെ വകവെക്കാതെ നടപ്പാക്കാന്‍ കാണിക്കുന്ന വ്യഗ്രത ധാര്‍ഷ്ട്യമല്ലാതെ മറ്റെന്താണ്?
പാഠ്യപദ്ധതി ചട്ടക്കൂട് സമൂഹ ചര്‍ച്ചക്കുള്ള കുറിപ്പാണെന്നാണ് സര്‍ക്കാറിന്റെ ഔദ്യോഗിക വാദം. എന്നാല്‍, അതിലടങ്ങിയ പല ആശയങ്ങളും കലാലയങ്ങളില്‍ നടപ്പാക്കാനുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നേരത്തെ തന്നെ നല്‍കിയിട്ടുണ്ട്. ഇത് പൊതു സമൂഹത്തോടുള്ള വഞ്ചനയാണ്. അതിന്റെ ഉദാഹരണമാണ് കലാലയങ്ങളില്‍ ജെന്‍ഡര്‍ ക്ലബ്ബ് നടപ്പാക്കാനുള്ള നിര്‍ദേശം. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഈ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 'ലിംഗ സമത്വത്തില്‍ അധിഷ്ഠിതമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക, ലിംഗഭേദമില്ലാതെ വിദ്യാര്‍ഥികള്‍ക്ക് പഠനം, വിനോദം, സ്പോര്‍ട്സ്, കല, സാഹിത്യം തുടങ്ങിയ മേഖലകളില്‍ തുല്യ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയാണ് ജെന്‍ഡര്‍ ക്ലബ്ബുകളുടെ ലക്ഷ്യമായി വിദ്യാഭ്യാസ വകുപ്പ് നിര്‍ണയിച്ചിട്ടുള്ളത്' (സര്‍ക്കുലര്‍- വിദ്യാഭ്യാസ വകുപ്പ് 2022). ഒരു ഭാഗത്ത് സമൂഹ ചര്‍ച്ചക്കാണെന്ന് പ്രഖ്യാപിക്കുകയും പിന്‍വാതിലിലൂടെ ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ നടപ്പാക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
രക്ഷിതാക്കളും മത-രാഷ്ട്രീയ-സാമൂഹിക സംഘടനകളുമെല്ലാം ഇതിനെതിരെ ശക്തമായി രംഗത്ത് വരേണ്ടതുണ്ട്. പി.ടി.എ മീറ്റിംഗുകളിലൂടെയും അധ്യാപക ട്രെയ്നിംഗുകളിലുടെയുമാണ് ഈ പദ്ധതികള്‍ നടപ്പാക്കുക. ഇതിനെ ചോദ്യം ചെയ്യാനും മറുവാദങ്ങള്‍ ഉന്നയിക്കാനും സാധിച്ചാല്‍ മാത്രമാണ് ലൈംഗിക അരാജകത്വ വാദങ്ങളെ കലാലയങ്ങളില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കഴിയൂ.
ആണ്‍-പെണ്‍ എന്താണെന്നും അതിന്റെ സവിശേഷതകളെന്താണെന്നും, തുല്യ നീതി ഉറപ്പുവരുത്താനുതകുന്ന ബോധങ്ങളും പാഠങ്ങളും സമൂഹത്തിലും കുടുംബത്തിലും വളര്‍ന്നു വരണം. വസ്ത്രധാരണത്തില്‍, ചെറിയ കുട്ടികള്‍ക്ക് നല്‍കുന്ന കളിപ്പാട്ടങ്ങളില്‍, മൊബൈല്‍ ഗെയിമുകളില്‍, വെബ് സീരീസുകളില്‍... ഇതിലെല്ലാം ജെന്‍ഡര്‍ ഫ്ളൂയിഡിറ്റിയുടെയും LGBTQH-ന്റെയും ആശയങ്ങള്‍ നിര്‍ലോഭം ഉള്ളടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തിരിച്ചറിയാന്‍  സാധിക്കണം.
ശക്തവും നീതിപൂര്‍വകവുമായ കുടുംബഘടനയാണ് ആരോഗ്യമുള്ള സമൂഹത്തിനാവശ്യം. മനുഷ്യന്റെ തോന്നലുകള്‍, ഇഛകള്‍ എന്നിവക്കനുസൃതമായ സിദ്ധാന്തങ്ങള്‍ക്ക് ആധികാരികതയുണ്ടായാല്‍ യാഥാര്‍ഥ്യങ്ങള്‍ക്ക് കോട്ടം സംഭവിക്കും. മനുഷ്യ ശരീരത്തിന്റെ സാക്ഷാല്‍ നിയന്താവും അധികാരിയും ദൈവമാണെന്ന ബോധത്തിലൂടെ മാത്രമേ ഊഹാധിഷ്ഠിതമായ പ്രത്യയശാസ്ത്രങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളൂ.
''ഭൂമിയുടെ സംസ്‌കരണത്തിനു ശേഷം ഇനി അതില്‍ നിങ്ങള്‍ നാശമുണ്ടാക്കിതിരിക്കുവിന്‍'' (ഖുര്‍ആന്‍ 7:56) എന്ന സൂക്തത്തിന് ഇമാം റാസി നല്‍കിയ വിശദീകരണം; 'നാശമുണ്ടാവുക വ്യഭിചാരവും സ്വവര്‍ഗരതിയും അപവാദ പ്രചാരണങ്ങളും വഴി മനുഷ്യബന്ധങ്ങള്‍ താറുമാറാകുമ്പോഴാണ്' എന്നാകുന്നു. ലൈംഗിക അരാജകത്വം പ്രാപഞ്ചിക നിയമങ്ങള്‍ക്ക് വരെ പോറലേല്‍പ്പിക്കും. പല തരത്തില്‍ ഔദ്യോഗിക പരിവേഷങ്ങളുടെ അകമ്പടിയോടെ വരുന്ന ഇത്തരം തിന്മകളെ തടയാന്‍ ജാഗ്രത കാണിച്ചേ മതിയാവൂ. 
99468 16996
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ- 8-11
ടി.കെ ഉബൈദ്‌

ഹദീസ്‌

അഭിവാദ്യത്തിന്റെ ഉദാത്ത രീതി
സഈദ് ഉമരി മുത്തനൂര്‍/ [email protected]