Prabodhanm Weekly

Pages

Search

22 സെപ്റ്റംബര് 02

3266

1444 സഫര് 06

മെറിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്പ്

റഹീം ചേന്ദമംഗല്ലൂര്‍ [email protected]

മെറിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്പ്

പ്രഫഷണല്‍, ടെക്നിക്കല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നല്‍കുന്ന മെറിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. രണ്ടര ലക്ഷം രൂപയാണ് വാര്‍ഷിക വരുമാന പരിധി. അപേക്ഷകര്‍ മുന്‍ പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. കോഴ്സ് ഫീ, മെയിന്റനന്‍സ് അലവന്‍സ് ഇനത്തില്‍ പ്രതിവര്‍ഷം 30,000 രൂപ വരെ സ്‌കോളര്‍ഷിപ്പ് ലഭിക്കും. https://scholarships.gov.in/ എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായിട്ടാണ് അപേക്ഷ നല്‍കേണ്ടത്. അവസാന തിയ്യതി 2022 ഒക്‌ടോബര്‍ 31. 


നോര്‍ക്ക സ്‌കോളര്‍ഷിപ്പോടെ പഠനം

നോര്‍ക്ക റൂട്‌സ് സ്‌കോളര്‍ഷിപ്പോടെ ഇന്‍ഫര്‍മേഷന്‍ & കമ്യൂണിക്കേഷന്‍ ടെക്‌നോളജി (ഐ.സി.ടി) അക്കാദമി ഓഫ് കേരള നല്‍കുന്ന തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. മെഷീന്‍ ലേര്‍ണിങ് & ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ സയന്‍സ് & അനലിറ്റിക്സ്, സൈബര്‍ സെക്യൂരിറ്റി അനലിറ്റിക്സ്, സോഫ്റ്റ് വെയര്‍ ടെസ്റ്റിംഗ്, ഫുള്‍ സ്റ്റാക്ക് ഡെവലപ്പ്‌മെന്റ് തുടങ്ങി ആറു മാസം ദൈര്‍ഘ്യമുള്ള  കോഴ്‌സുകളാണുള്ളത്. കോഴ്സ് ഫീസിന്റെ 75 ശതമാനം നോര്‍ക്ക സ്‌കോളര്‍ഷിപ്പ് ലഭിക്കും. https://ictkerala.org/  എന്ന വെബ്‌സൈറ്റിലൂടെ 2022 സെപ്റ്റംബര്‍ 10-നകം രജിസ്റ്റര്‍ ചെയ്യണം. സെപ്റ്റംബര്‍ 17-നാണ് സ്‌കോളര്‍ഷിപ്പ് ടെസ്റ്റ് നടക്കുക. യോഗ്യതാ  മാനദണ്ഡങ്ങള്‍, പ്രായപരിധി തുടങ്ങിയ വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.    

ബീഗം ഹസ്‌റത്ത് മഹല്‍ നാഷണല്‍ സ്‌കോളര്‍ഷിപ്പ്

ന്യൂനപക്ഷ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്കായുള്ള ബീഗം ഹസ്റത്ത് മഹല്‍ നാഷണല്‍ സ്‌കോളര്‍ഷിപ്പിന് (പഴയ പേര് മൗലാനാ ആസാദ് സ്‌കോളര്‍ഷിപ്പ്) അപേക്ഷ ക്ഷണിച്ചു. 9,10, +1,+2 ക്ലാസ്സുകളിലെ, മുന്‍ ക്ലാസില്‍ 50 ശതമാനം മാര്‍ക്കോ തത്തുല്യമായ ഗ്രേഡോ ലഭിച്ച, രണ്ട് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള രക്ഷിതാക്കളുടെ മക്കള്‍ക്ക് അപേക്ഷ നല്‍കാം. https://scholarships.gov.in/ എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ നല്‍കേണ്ട  അവസാന തീയതി 2022 സെപ്റ്റംബര്‍ 30. തെരഞ്ഞെടുക്കപ്പെടുന്ന 9,10 ക്ലാസ്സിലെ വിദ്യാര്‍ഥികള്‍ക്ക് 5000 രൂപയും, +1,+2 വിദ്യാര്‍ഥികള്‍ക്ക് 6000 രൂപയുമാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. അര്‍ഹരായവരുടെ സ്‌കോളര്‍ഷിപ്പ് തുക നേരിട്ട് ബാങ്ക് അക്കൗണ്ടില്‍ എത്തും. ഓരോ ക്ലാസ്സിലേക്കും പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം.

ഐ.ഐ.ഐ.സിയില്‍ പി.ജി ഡിപ്ലോമ കോഴ്‌സുകള്‍

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ & കണ്‍സ്ട്രക്ഷന്‍ (IIIC) നല്‍കുന്ന വിവിധ പി.ജി ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ്, ഇന്റീരിയര്‍ ഡിസൈന്‍ & കണ്‍സ്ട്രക്ഷന്‍, ഡിജിറ്റല്‍ പ്രൊജക്റ്റ് മാനേജ്‌മെന്റ്, അര്‍ബന്‍ പ്ലാനിങ് & മാനേജ്‌മെന്റ്, റോഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ്, ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി എന്‍ജിനീയറിംഗ്, എം.ഇ.പി സിസ്റ്റംസ് & മാനേജ്‌മെന്റ് എന്നീ കോഴ്‌സുകള്‍ക്ക് സെപ്റ്റംബര്‍ 17 വരെ ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കും. ഒരു വര്‍ഷമാണ് കോഴ്സ് കാലാവധി. യോഗ്യതാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്: www.iiic.ac.in. ഫോണ്‍: +91807980000. സൂപ്പര്‍വൈസറി, ടെക്നീഷ്യന്‍ ലെവല്‍ കോഴ്സുകള്‍ക്കും ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. 

MANUUയില്‍ ഡിഗ്രി, പി.ജി വിദൂര പഠനം

മൗലാനാ ആസാദ് നാഷനല്‍ ഉര്‍ദു യൂനിവേഴ്‌സിറ്റി (MANUU) വിദൂര വിദ്യാഭ്യാസ വിഭാഗം നല്‍കുന്ന എം.എ ഉര്‍ദു, എം.എ ഇംഗ്ലീഷ്, എം.എ ഇസ്ലാമിക് സ്റ്റഡീസ്, എം.എ ഹിസ്റ്ററി, എം.എ അറബിക്, എം.എ ഹിന്ദി,  ബി.എ, ബി.കോം കോഴ്സുകള്‍ക്കും, ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ ടീച് ഇംഗ്ലീഷ്, ഡിപ്ലോമ ഇന്‍ ജേര്‍ണലിസം & മാസ് കമ്യൂണിക്കേഷന്‍ കോഴ്സുകള്‍ക്കും അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ്, ഹിന്ദി ഭാഷാ കോഴ്‌സുകള്‍ ഒഴികെയുള്ളവക്ക് അപേക്ഷിക്കുന്നവര്‍ ഉര്‍ദു ഒരു ഭാഷയായി പഠിച്ചവരായിരിക്കണം. പത്താം ക്ലാസ്സ് യോഗ്യതയുള്ളവര്‍ക്ക് ആറ് മാസത്തെ ഫങ്ഷണല്‍ ഇംഗ്ലീഷ്, പ്രൊഫിഷ്യന്‍സി ഇന്‍ ഉര്‍ദു കോഴ്സുകള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. വിശദമായ വിജ്ഞാപനം http://www.manuu.ac.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. 2022 ഒക്‌ടോബര്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാന്‍ അവസരമുണ്ട്. അഡ്മിഷന്‍ ലിങ്ക്: https://manuuadmission.samarth.edu.in/, ഫോണ്‍: 04023008463. ഇ-മെയില്‍: [email protected].

സ്‌കോളര്‍ഷിപ്പോടെ ഡിഗ്രി പഠിക്കാം

അക്കാദമിക മികവ് പുലര്‍ത്തുന്ന മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കാം. അംഗീകൃത കോളേജ്/യൂനിവേഴ്‌സിറ്റിയില്‍ റഗുലര്‍ ഡിഗ്രി ചെയ്യുന്നവര്‍ക്കും മെഡിക്കല്‍, എന്‍ജിനീയറിംഗ് ഉള്‍പ്പെടെയുള്ള പ്രഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ പ്ലസ്ടുവിന് 80 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. കുടുംബ വാര്‍ഷിക വരുമാന പരിധി നാലര ലക്ഷം രൂപയാണ്. 50 ശതമാനം സ്‌കോളര്‍ഷിപ്പുകള്‍ പെണ്‍കുട്ടികള്‍ക്കായി നീക്കിവെച്ചതാണ്. അപേക്ഷകര്‍ പ്ലസ്ടു സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ വെരിഫിക്കേഷന് വേണ്ടി, പഠിക്കുന്ന സ്ഥാപനത്തില്‍ സമര്‍പ്പിക്കണം. https://scholarships.gov.in/ എന്ന വെബ്‌സൈറ്റ് വഴി 2022 ഒക്‌ടോബര്‍ 31 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. ബിരുദ പഠനത്തിന് 12,000 രൂപയും, പി.ജി പഠനത്തിന് 20,000 രൂപ വരെയുമാണ് വാര്‍ഷിക സ്‌കോളര്‍ഷിപ്പ്. എസ്.സി/എസ്.ടി/ഒ.ബി.സി/ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് സംവരണമുണ്ട്. ഫോണ്‍: 011- 20862360, ഇ-മെയില്‍: [email protected] .

എല്‍.എല്‍.ബി, എല്‍.എല്‍.എം പ്രവേശന പരീക്ഷ

ലോ പ്രവേശന പരീക്ഷക്ക് (ക്ലാറ്റ് 2023) അപേക്ഷ ക്ഷണിച്ചു. 45 ശതമാനം മാര്‍ക്കോടെ പ്ലസ്ടുവാണ് എല്‍.എല്‍.ബി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത. എല്‍.എല്‍.എം പ്രോഗ്രാമുകള്‍ക്ക് 50 ശതമാനം മാര്‍ക്കോടെ എല്‍.എല്‍.ബി നേടിയിരിക്കണം. അവസാന വര്‍ഷ പ്ലസ്ടു, എല്‍.എല്‍.ബി വിദ്യാര്‍ഥികള്‍ക്കും അപേക്ഷ നല്‍കാം. https://conosrtiumofnlus.ac.in/clat-2023/  എന്ന വെബ്‌സൈറ്റിലൂടെ നവംബര്‍ 13 വരെ അപേക്ഷ സമര്‍പ്പിക്കാം. 2022 ഡിസംബര്‍ 18-നാണ് പരീക്ഷ. ഫോണ്‍: 08047162020. രാജ്യത്തെ 22-ല്‍ പരം ദേശീയ നിയമ സര്‍വകലാശാലകളില്‍ ക്ലാറ്റ് റാങ്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം. 
99463 18054
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ- 8-11
ടി.കെ ഉബൈദ്‌

ഹദീസ്‌

അഭിവാദ്യത്തിന്റെ ഉദാത്ത രീതി
സഈദ് ഉമരി മുത്തനൂര്‍/ [email protected]