നിയമ സംവിധാനങ്ങള്‍ അട്ടിമറിക്കപ്പെടുകയാണോ?
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, ഗാന്ധി ജയന്തി പോലുള്ള അവസരങ്ങളില്‍, അതീവ ഗുരുതരമല്ലാത്ത കുറ്റം ചെയ്ത് ശിക്ഷ അനുഭവിക്കുന്നവര്‍ക്ക്, ശിക്ഷാ കാലയളവിലുള്ള അവരുടെ നല്ല നടപ്പു കൂടി പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കി വിട്ടയക്കാറുണ്ട്. ഒരുപാട് മാനദണ്ഡങ്ങള്‍ പാലിച്ചേ ശിക്ഷയിളവ് പ്രഖ്യാപിക്കാവൂ എന്നാണ് ചട്ടം. ഇതിന്റെ മറ പിടിച്ചാണ് ഗുജറാത്ത് ഗവണ്‍മെന്റ് ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍, 2002-ലെ ഗുജറാത്ത് വംശഹത്യയില്‍ ഇരുപത്തിയൊന്നുകാരിയായ ബില്‍ക്കീസ് ബാനുവിനെ കൂട്ട ബലാത്സംഗം ചെയ്യുകയും ബില്‍ക്കീസിന്റെ മൂന്നുവയസ്സുകാരിയായ മകളെ പാറയിലടിച്ച് തല ചിതറിക്കുകയും ബില്‍ക്കീസിന്റെ മാതാവ് ഉള്‍പ്പെടെ മറ്റു പതിമൂന്ന് പേരെ കൂട്ടക്കൊല നടത്തുകയും ചെയ്തതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട പതിനൊന്ന് കൊടുംകുറ്റവാളികളെ വിട്ടയച്ചത്. സംഭവം നടക്കുമ്പോള്‍ ബില്‍ക്കീസ് അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. ഗ്രാമം ആക്രമിക്കപ്പെട്ടപ്പോള്‍ ജീവനും കൊണ്ടോടിയ ബില്‍ക്കീസിനെയും ഒപ്പമുള്ളവരെയും അവരുടെ അയല്‍വാസികള്‍ തന്നെയാണ് ഈ വിധം പൈശാചികമായി വേട്ടയാടിയത്. കൂട്ട ബലാത്സംഗത്തിനിരയായ ബില്‍ക്കീസ് ബാനു മരിച്ചെന്ന് കരുതിയാണ് അക്രമികള്‍ ഉപേക്ഷിച്ചു പോയത്. പക്ഷേ അവര്‍ അതിജീവിച്ചു; ഈ കൊടും ക്രൂരത ലോകത്തോടു വിളിച്ച് പറയാനായി. രാജ്യമനസ്സാക്ഷിയെ ഞെട്ടിച്ചു ഗുജറാത്ത് ഭരണകൂടത്തിന്റെ ഈ നടപടി! പതിവിന് വിപരീതമായി പല മാധ്യമങ്ങളും അതിശക്തമായി ഇതിനെതിരെ പ്രതികരിച്ചു. രാജ്യത്തെ പ്രമുഖരായ ആറായിരം പേരാണ് കഴിഞ്ഞ ആഗസ്റ്റ് 18-ന് വിട്ടയക്കല്‍ നടപടി റദ്ദ് ചെയ്യാന്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടത്. സകല മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയ ഗുജറാത്ത് ഭരണകൂടത്തിന്റെ ഈ വഴിവിട്ട നീക്കം തടയപ്പെടാത്ത പക്ഷം അത്യന്തം ഹീനമായ ഒരു കീഴ്‌വഴക്കമാണ് സൃഷ്ടിക്കപ്പെടുകയെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നീതി നിഷേധത്തിനെതിരെയുള്ള പോരാട്ടത്തിന്റെ അപൂര്‍വ മാതൃകയാണ് ബില്‍ക്കീസ് ബാനു. ഏത് വിധേനയും കുറ്റവാളികളെ രക്ഷിച്ചെടുക്കാനുള്ള ഭഗീരഥ പ്രയത്‌നത്തിലായിരുന്നു സംസ്ഥാന ഭരണകൂടം തുടക്കം മുതലേ. ഇത്ര ഭീകരമായ ഒരു കുറ്റകൃത്യം നടന്നിട്ടും എഫ്.ഐ.ആര്‍ തയാറാക്കാന്‍ പോലും തുടക്കത്തില്‍ പോലീസ് വിസമ്മതിച്ചു. തെളിവുകളോ സാക്ഷികളോ ഇല്ല എന്നാണ് പറഞ്ഞത്. പക്ഷേ, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ബില്‍ക്കീസിനും കുടുംബത്തിനും നീതി ലഭ്യമാക്കാന്‍ വലിയ പോര്‍മുഖങ്ങള്‍ തുറന്നു. ദേശീയ മനുഷ്യാവകാശ കമീഷന്‍ കേസ് സുപ്രീം കോടതിയിലെത്തിച്ചു. കേസ് ഗുജറാത്തില്‍ നടത്തിയാല്‍ ബില്‍ക്കീസിനും കുടുംബത്തിനും നീതി ലഭ്യമാവില്ലെന്ന് കണ്ട് പരമോന്നത കോടതി അതിന്റെ നിയമ വ്യവഹാരങ്ങളൊക്കെ മുംബൈയിലേക്ക് മാറ്റി. മുംബൈ ഹൈക്കോടതി കുറ്റാരോപിതരായ പതിനൊന്ന് പേരെ 2008-ല്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചപ്പോള്‍ ഒരു പരിധിയോളം നീതി ലഭിച്ചുവെന്ന ആശ്വാസത്തിലായിരുന്നു ബില്‍ക്കീസിന്റെ കുടുംബം. കേസ് നടക്കുമ്പോഴും വിധി വന്നതിന് ശേഷവും വധഭീഷണികള്‍ വന്നുകൊണ്ടിരുന്നതിനാല്‍ ആ കുടുംബത്തിന് നിരന്തരം മാറിത്താമസിക്കേണ്ടി വന്നു. നീതിക്കായുള്ള പോരാട്ടത്തില്‍, അവര്‍ക്ക് രാജ്യത്ത് ഒരു സ്ഥിരം മേല്‍വിലാസം പോലും നഷ്ടമായി എന്നര്‍ഥം.
രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ച് വര്‍ഷം പിന്നിട്ട ഈ ആഗസ്റ്റ് പതിനഞ്ചിന് തന്നെ കൊടുംകുറ്റവാളികളെ മോചിപ്പിക്കാനെടുത്ത തീരുമാനം ഗുജറാത്ത് സംസ്ഥാന ഗവണ്‍മെന്റിന്റേതാണെന്ന് ആരും കരുതുന്നില്ല. നിയമ സംവിധാനങ്ങളെ കീഴ്‌മേല്‍ മറിക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് നടക്കുന്നത്. സ്ത്രീ സുരക്ഷയെക്കുറിച്ച് പ്രധാന മന്ത്രി ചെങ്കോട്ടയില്‍ നിന്ന് പ്രസംഗിച്ച് താഴെയിറങ്ങിയപ്പോഴേക്കും, കൂട്ട ബലാത്സംഗം നടത്തിയവര്‍ വിട്ടയക്കപ്പെട്ടുവെങ്കില്‍ അതെന്ത് സന്ദേശമാണ് നല്‍കുന്നത്? കുറ്റകൃത്യങ്ങള്‍ ചെയ്‌തോളൂ, രക്ഷിക്കാന്‍ ആളുണ്ട് എന്നല്ലേ? രാഷ്ട്രീയ നിരീക്ഷകനായ അപൂര്‍വാനന്ദ് ചൂണ്ടിക്കാട്ടിയതു പോലെ, രാജ്യത്തെ മുസ്‌ലിംകള്‍ക്ക് അപവാദമായി (exception) ലഭിക്കുന്ന നീതി ഏത് നിമിഷവും അട്ടിമറിക്കപ്പെടാം എന്ന ഒരു സന്ദേശവും കൂടി ഇത് നല്‍കുന്നില്ലേ?!
Comments