മദ്‌റസാ സംവിധാനത്തെ അട്ടിമറിക്കുന്ന അജണ്ടകള്‍
പ്രവാചക നിന്ദാ കേസില്‍ നൂപുര്‍ ശര്‍മയെ പിന്തുണച്ചതിനെച്ചൊല്ലി രാജസ്ഥാനിലെ ഉദയ്പൂരില്‍ കനയ്യ ലാല്‍ എന്നൊരാള്‍ കൊല്ലപ്പെട്ട സംഭവത്തോട് പ്രതികരിക്കവെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മദ്‌റസകളെ കുറിച്ച് നടത്തിയ നിന്ദ്യമായ ഒരു പ്രസ്താവനയുണ്ടായിരുന്നു; ദൈവത്തെ തള്ളിപ്പറയുന്നവരുടെ തല കൊയ്യാനാണ് മദ്‌റസകളില്‍ പഠിപ്പിക്കുന്നതെന്ന്. കനയ്യ ലാലിനെ കൊന്നത് ആരിഫ് മുഹമ്മദ് ഖാന്റെ സ്വന്തം പാര്‍ട്ടിക്കാരാണെന്ന വാര്‍ത്ത പുറത്തുവന്നതുകൊണ്ട് മലയാളക്കരയിലെ മുസ്ലിംകള്‍ പിന്നീട് ഈ പ്രസ്താവനയുടെ പിറകെ പോയില്ല എന്നു മാത്രം. ആരിഫ് മുഹമ്മദ് ഖാന്റെ ജന്മസ്ഥലമായ ബുലന്ദ് ശഹറില്‍ ആറ് മദ്‌റസകളുണ്ട്. തൊട്ടടുത്ത മീറത്ത്, സഹാറന്‍പൂര്‍, ദയൂബന്ദ്, മുസഫര്‍നഗര്‍ തുടങ്ങിയവയെല്ലാം മദ്‌റസകള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത ജില്ലകളാണ്. അദ്ദേഹം കോണ്‍ഗ്രസ്, ജനതാദള്‍, ബി.എസ്.പി ടിക്കറ്റുകളില്‍ തെരഞ്ഞെടുപ്പ് മത്സരിച്ച് ജയിച്ച യു.പിയിലെ ബഹ്റായിച്ച് മണ്ഡലത്തില്‍ മാത്രം 63 മദ്‌റസകളുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഏതാണ്ടെല്ലാ മസ്ജിദിനോടും ചേര്‍ന്ന് ഒരു മദ്‌റസ ഈ ഭാഗങ്ങളില്‍ സാധാരണമായതു കൊണ്ട് രജിസ്റ്റര്‍ ചെയ്യാത്തവയുടെ എണ്ണം ഇതില്‍നിന്നൊക്കെ എത്രയോ കൂടുതലുമായിരിക്കും. കോണ്‍ഗ്രസ് മുതല്‍ ബി.ജെ.പി വരെ അഞ്ച് രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച ആരിഫ് മുഹമ്മദ് ഖാന്‍ ഈ മദ്‌റസകളില്‍ ജീവിതത്തിലൊരിക്കലും കയറിയിട്ടേയില്ല എന്നാണോ വിശ്വസിക്കേണ്ടത്? ഈ പ്രസ്താവന അന്നു നടത്തിയിരുന്നെങ്കില്‍ ഇങ്ങനെയൊരു രാഷ്ട്രീയ ദുരന്തത്തെ ഇന്ത്യ ചുമക്കേണ്ടി വരുമായിരുന്നോ?
2004-ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിനു ശേഷം മത്സരിച്ച കൈസര്‍ഗഞ്ചില്‍ പോലും മുസ്ലിം സമൂഹത്തിന്റെ പിന്തുണയും തേടി അവരുടെ പോക്കറ്റുകളിലൂടെ ആരിഫ് യാത്ര ചെയ്യുന്നത് അദ്ദേഹത്തോടൊപ്പം സഞ്ചരിച്ച് നേരിട്ട് കണ്ടയാളാണ് ഈ ലേഖകന്‍. ആ മനുഷ്യനാണ് തനിക്ക് തെളിയിക്കാനാവാത്ത ഇതുപോലൊരു അസംബന്ധം ഗവര്‍ണര്‍ പദവിയിലിരുന്ന് എഴുന്നള്ളിച്ചത്! രാജീവ് ഗാന്ധിയുടെയും വി.പി സിംഗിന്റെയും മായാവതിയുടെയും ഒപ്പം നടന്ന കാലത്ത് കൈസര്‍ഗഞ്ചിലെയും ബഹ്റായിച്ചിലെയും മദ്‌റസകളില്‍ ഇല്ലാതിരുന്ന എന്ത് സിലബസ് മാറ്റമാണ് ഇങ്ങ് കേരളക്കരയില്‍ ഗവര്‍ണറുദ്യോഗം കിട്ടിയ കാലത്ത് അദ്ദേഹത്തിന് കണ്ടെത്താനായത്?
ഒരു 'രാഷ്ട്രീയക്കാര'ന്റെ അവസരവാദപരമായ പ്രസ്താവന എന്നതിലപ്പുറം ഇതിനൊരു അസാധാരണമായ മാനം കൂടിയുണ്ട്. ഭരണഘടനയുടെ സംരക്ഷണത്തിനു വേണ്ടി മാത്രം നിയോഗിക്കപ്പെട്ട പദവിയിലിരുന്നാണ് ഈ നെറികേട് അദ്ദേഹം വിളിച്ചു പറഞ്ഞത്. അദ്ദേഹമല്ലാതെ ഈ പദവിയിലിരുന്ന ബി.ജെ.പിയുടെ മുസ്ലിം ഗവര്‍ണറര്‍മാരായ സിക്കന്ദര്‍ ഭക്തോ, നജ്മ ഹിബത്തുല്ലയോ ഒന്നും ഇത്ര തരം താണ രീതിയില്‍ പറഞ്ഞിട്ടില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലക്ക് ബി.ജെ.പി കഴിഞ്ഞ എത്രയോ കാലമായി മദ്‌റസകളെ ടാര്‍ജറ്റ് ചെയ്യുന്നുണ്ടായിരിക്കാം. പക്ഷേ, രാഷ്ട്രപതിമാരോ ഗവര്‍ണര്‍മാരോ ഇത്രത്തോളം തരം താഴ്ന്നിട്ടില്ല. ബി.ജെ.പിയുടെ പ്രധാനമന്ത്രി, മുഖ്യമന്ത്രി പദവികളെ മാറ്റിനിര്‍ത്താവുന്നതേയുള്ളൂ. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം വിലക്കാനുള്ള വിശാല അജണ്ടയുടെ ഭാഗമായി ഹിജാബ് നിരോധിച്ച ബസവരാജ് ബൊമ്മയും, മുസ്ലിം പള്ളികളിലെ മൈക്കും സ്പീക്കറുമെടുത്ത് ആശുപത്രികള്‍ക്ക് കൊടുക്കാന്‍ ആവശ്യപ്പെട്ട ആദിത്യനാഥും, പൗരത്വം തന്നെ ചോദ്യം ചെയ്യാന്‍ നടക്കുന്ന മോദി-അമിത്ഷാ പ്രഭൃതികളുമൊക്കെ സവിശേഷമായ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ ഉല്‍പ്പന്നങ്ങള്‍ മാത്രമാണ്. ബി.ജെ.പിയുടെ അസം വിദ്യാഭ്യാസ മന്ത്രി ഹേമന്ത ബിശ്വ ശര്‍മയെ പോലുള്ളവര്‍ മദ്‌റസാ വിദ്യാഭ്യാസം നവീകരിക്കണമെന്നല്ല, മദ്‌റസ എന്ന വാക്കു തന്നെ ഇന്ത്യയില്‍ നിരോധിക്കണമെന്ന അഭിപ്രായക്കാരാണ്. ഉന്നൗവ് മണ്ഡലത്തിലെ ബി.ജെ.പി പാര്‍ലമെന്റംഗം ആയിരുന്ന സാക്ഷി മഹാരാജ് ആണ് മദ്‌റസകളെ കുറിച്ച് ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ജുഗുപ്സാവഹമായ പരാമര്‍ശം നടത്തിയ ബി.ജെ.പി നേതാവ്. മൃഗങ്ങളെ അറുത്തുകിട്ടുന്ന പണം ഉപയോഗിച്ച് മദ്‌റസകള്‍ ലൗ ജിഹാദ് നടത്താന്‍ ഫണ്ട് കൊടുക്കുന്നുണ്ട് എന്നാണ് 2014-ല്‍ കന്നൗജില്‍ നടത്തിയ ഒരു റാലിയില്‍ ഇയാള്‍ പറഞ്ഞത്. സിഖ് യുവതിയെ വശീകരിച്ചാല്‍ 11 ലക്ഷവും ഹിന്ദു യുവതിയാണെങ്കില്‍ 10 ലക്ഷവും ജൈന യുവതികളെ പ്രണയ വിവാഹം നടത്തിയാല്‍ 7 ലക്ഷവും വീതവും മുസ്ലിം യുവാക്കള്‍ക്ക് ലഭിക്കുന്നുണ്ട് എന്ന ഒരു കണക്കും അദ്ദേഹം അവതരിപ്പിച്ചു. ഇതൊക്കെ ഏത് ബി.ജെ.പിക്കാരനും പറയാവുന്ന ആരോപണങ്ങളാണ്. പക്ഷേ, അതല്ലല്ലോ ഭരണഘടന സംരക്ഷിക്കാന്‍ ചുമതലപ്പെട്ട ഗവര്‍ണറുടെ കാര്യം.
ബി.ജെ.പി എന്ന പാര്‍ട്ടി രാഷ്ട്ര ഭരണം കൈകാര്യം ചെയ്യുന്ന ഈ പൊതുരീതിയിലാണ് പ്രശ്നങ്ങളുള്ളത്. ശീഈ വഖ്ഫ് ബോര്‍ഡ് ചെയര്‍മാനും യു.പി ബി.ജെ.പിയിലെ മുസ്ലിം മുഖവുമായ വസീം റിസ്വി ഈയടുത്ത കാലത്ത് പ്രധാനമന്ത്രിക്കയച്ച ഒരു കത്തില്‍, രാജ്യത്തെ എല്ലാ മദ്‌റസകളും അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. മദ്‌റസകളില്‍ പഠിക്കുന്നവര്‍ ഭീകര സംഘടനകളില്‍ ചേരുന്നുണ്ടെന്നാണ് വസീം റിസ്വി തന്റെ ആവശ്യത്തെ സാധൂകരിക്കാനായി ഉന്നയിച്ച ആരോപണം. ഈ ആവശ്യം തള്ളിക്കൊണ്ട് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനം ശ്രദ്ധിക്കുക: 'ചില ഭ്രാന്തന്മാര്‍ മദ്‌റസകളെ കുറിച്ച് പലതും പറയുന്നുണ്ട്. ഗവണ്‍മെന്റിനോ പാര്‍ട്ടിക്കോ അങ്ങനെയൊരു അഭിപ്രായമില്ല. മദ്‌റസകള്‍ രാജ്യത്തിന്റെ പുരോഗതിയില്‍ നിര്‍ണായകമായ പങ്കു വഹിച്ചവയാണ്; സ്വാതന്ത്ര്യ സമരത്തിലടക്കം. ഞാനും മദ്‌റസയില്‍ പഠിച്ച ആളാണ്. എന്നിട്ട് ഭീകര വാദിയാവുകയല്ല ചെയ്തത്. ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിരിക്കാം. അതിന്റെ അടിസ്ഥാനത്തില്‍ എല്ലാ മദ്‌റസകളെയും കുറ്റപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല' - നഖ്വി ചൂണ്ടിക്കാട്ടി. അവിടത്തെ അധ്യാപകര്‍ക്ക് സമയത്തിന് ശമ്പളം കിട്ടുന്നുണ്ടോ, ഇല്ലേ എന്നതാണ് നടക്കേണ്ട ചര്‍ച്ചയെന്നു കൂടി അദ്ദേഹം പറഞ്ഞുവെക്കുമ്പോള്‍ കേട്ടു നില്‍ക്കുന്നവര്‍ക്ക് സ്വന്തം തലക്ക് ഒരു കിഴുക്ക് കൊടുക്കാനാണ് ആദ്യം തോന്നുക.
ഇസ്ലാം 'ആതംഗവാദ'മാണെന്ന് പറയാന്‍ ഒരു കാലത്ത് ബി.ജെ.പി ഏറ്റവുമധികം ഉപയോഗിച്ച വാടകക്കോളാമ്പിയായിരുന്നു മുഖ്താര്‍ അബ്ബാസ് നഖ്വി. അതേ നഖ്വിയാണ് പാര്‍ട്ടിയുടെ വേറൊരു ശിയാമുഖമായ റിസ്വിയെ തള്ളിപ്പറഞ്ഞത്. ഈ രണ്ടു പ്രസ്താവനകളും അടിസ്ഥാനപരമായി ബി.ജെ.പിയുടേതു തന്നെയായാണ് മനസ്സിലാക്കേണ്ടത്. മുസ്ലിം യുവാക്കളുടെ ശാക്തീകരണത്തിന് തന്റെ സര്‍ക്കാര്‍ എല്ലാ ശ്രമവും നടത്തുമെന്നും ഒരു കൈയില്‍ ഖുര്‍ആനും മറു കൈയില്‍ ലാപ്ടോപ്പുമായി അവരെ കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും 2018-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രഖ്യാപിച്ചത് ഓര്‍മയില്ലേ? ഈ വര്‍ഷം മെയ് മാസത്തില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലെടുത്ത തീരുമാന പ്രകാരം ഇനി മുതല്‍ പുതിയ മദ്‌റസകള്‍ക്ക് ഗ്രാന്റുകള്‍ അനുവദിക്കേണ്ടതില്ലെന്ന് ആദിത്യനാഥ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് അപ്പോള്‍ എങ്ങനെയാണ് വിശദീകരിക്കാനാവുക? ഹിന്ദിഭാഷ കടമെടുത്താല്‍ 'കത്നിയും കര്‍നി'യും തമ്മിലുള്ള അന്തരമാണ് മൊത്തത്തില്‍ തല മുതല്‍ വാലു വരെ ആ പാര്‍ട്ടിയില്‍ കാണാനുള്ളത്. അതായത്, ചൊല്ലും ചെയ്ത്തും തമ്മിലുള്ള അന്തരം. മദ്‌റസകളെ ഒരു വായ കൊണ്ട് ഭീകരവാദ നഴ്സറികളെന്ന് അധിക്ഷേപിച്ചുകൊണ്ടിരിക്കുന്നതും മറു ഭാഗത്ത് ആവശ്യം വരുമ്പോള്‍ അവയെ പ്രകീര്‍ത്തിക്കുന്നതും ഒരേ പാര്‍ട്ടി തന്നെയാവുമ്പോഴുണ്ടാകുന്ന ഈ ആശയക്കുഴപ്പം, രാജ്യത്തെ മദ്‌റസകളിലേക്ക് മക്കളെ പറഞ്ഞയക്കുന്നവരുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നില്ല എന്നാണോ ബി.ജെ.പി കരുതുന്നത്?
വാക്കൊന്ന് പ്രവൃത്തി മറ്റൊന്ന്!
ന്യൂനപക്ഷ മന്ത്രാലയം സഭയില്‍ അവതരിപ്പിച്ച കണക്കുകള്‍ പ്രകാരം ഇന്ന് ഇന്ത്യയില്‍ 24,010 മദ്‌റസകളാണുള്ളത്. 4878 എണ്ണം രജിസ്റ്റര്‍ ചെയ്യാത്തവയാണ്. പക്ഷേ, രാജ്യത്തുടനീളം മദ്‌റസകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം കുറയുകയാണ് ചെയ്യുന്നത്. ഉദാഹരണത്തിന് ഉത്തര്‍പ്രദേശിനെ എടുക്കുക. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട മദ്‌റസകളില്‍ 2017-ല്‍ 3.71 ലക്ഷം വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നിടത്ത് 2018-ല്‍ രജിസ്റ്റര്‍ ചെയ്തവര്‍ 2.7 ലക്ഷവും 2019-ല്‍ 2.06 ലക്ഷവും 2020-ല്‍ 1.82 ലക്ഷവും ഏറ്റവുമൊടുവില്‍ കഴിഞ്ഞ വര്‍ഷം 1.68 ലക്ഷവുമായി ചുരുങ്ങി. പകുതിയിലേറെയാണ് അഞ്ചു വര്‍ഷത്തിനിടയില്‍ ഉണ്ടായ ഇടിവ്. ഓരോ വര്‍ഷവും ശരാശരി 40,000 വീതം വിദ്യാര്‍ഥികള്‍ എണ്ണത്തില്‍ കുറഞ്ഞുവരികയാണുണ്ടായത്. എന്തുകൊണ്ടിത് സംഭവിക്കുന്നു? വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും ഒരുപോലെ ഭയം സൃഷ്ടിക്കുകയാണ് ആദിത്യനാഥ് ചെയ്യുന്നത്. 5000-ത്തില്‍ പരം മദ്‌റസകള്‍ ഇതിനകം യു.പിയില്‍ അടച്ചുപൂട്ടിച്ചു. നിസ്സാരമായ ക്രമക്കേടുകളുടെ പേരിലാണ് പലയിടത്തും താഴുവീണത്. എന്നാല്‍ കടലാസില്‍ മാത്രം നിലനിന്ന, മായാവതിയുടെ കാലത്ത് അംഗീകാരം കൊടുത്ത ചില മദ്‌റസകളും ഇക്കൂട്ടത്തിലുണ്ട്. വിവരങ്ങള്‍ കൃത്യമായി അപ്ഡേറ്റ് ചെയ്യാത്തതിന്റെ പേരില്‍ അടച്ചുപൂട്ടിച്ചവയുമായി തട്ടിച്ചു നോക്കുമ്പോള്‍ വളരെ തുഛമാണ് ഈ തട്ടിപ്പുകാരുടെ എണ്ണം. യു.പിയിലെ മദ്‌റസകളിലൂടെ നിലവില്‍ തലങ്ങും വിലങ്ങും ജില്ലാഭരണകൂടങ്ങളുടെ പിണിയാളുകള്‍ ഓടിനടക്കുന്നുണ്ട്. മദ്‌റസാ നടത്തിപ്പിന് എവിടെ നിന്ന് പണം വരുന്നു, എന്താണ് സിലബസ്, എവിടെ നിന്നാണ് കുട്ടികള്‍ വരുന്നത്, ആരാണ് അധ്യാപകര്‍ എന്നും മറ്റുമുള്ള കാര്യങ്ങള്‍ സര്‍ക്കാറിന് കൃത്യമായി വിവരം നല്‍കണമെന്നാണ് ചട്ടം. അതിലൊന്നും ഒരു തെറ്റുമില്ലെന്നു മാത്രമല്ല ഏതാണ്ടെല്ലാ മദ്‌റസകളും യു.പിയില്‍ ചെയ്തുവരുന്ന കാര്യങ്ങളുമാണത്. യു.പിയിലാണ് രാജ്യത്ത് ഏറ്റവുമധികം രജിസ്റ്റര്‍ ചെയ്യപ്പെട്ട മദ്‌റസകളുള്ളതും.
മദ്‌റസകളെ വ്യവസ്ഥാപിതമാക്കി നടത്താന്‍ സഹായിക്കാനാണ് സര്‍ക്കാര്‍ ഈ അന്വേഷണങ്ങള്‍ നടത്തുന്നതെന്നാണ് ഇതെ കുറിച്ച് മുഖ്താര്‍ അബ്ബാസ് നഖ്വി പറയുന്നത്. എന്നാല്‍, സംഭവിക്കുന്നതോ? അവയുടെ സാമ്പത്തിക സോഴ്സുകളില്‍ പിടിമുറുക്കുകയും മദ്‌റസാ നടത്തിപ്പുകാരെ കള്ളക്കേസുകളില്‍ കുടുക്കുകയുമാണ്. മദ്‌റസകള്‍ക്ക് സംഭാവന നല്‍കുന്നവര്‍ക്ക് ഇ.ഡിയുടെ നോട്ടീസ് കൊടുക്കുക, അങ്ങനെയുള്ളവരുടെ സ്ഥാപനങ്ങള്‍ റെയ്ഡ് ചെയ്യുക തുടങ്ങിയതെല്ലാം നിയമം നടപ്പാക്കുന്നതിന്റെ ഭാഗമാണെന്ന് വാദിച്ചു നില്‍ക്കാനും ബി.ജെ.പിക്ക് എളുപ്പവുമുണ്ട്. അതായത്, നിയമരാഹിത്യത്തെ മാത്രമാണ് അവര്‍ എതിരിടുന്നതെന്ന്! പക്ഷേ, ആത്യന്തികമായി മദ്‌റസാ വിദ്യാഭ്യാസ രംഗത്ത് ഗുണപരമായ എന്ത് മാറ്റം ബി.ജെ.പി കൊണ്ടുവന്നു എന്നതാണ് ചോദ്യം.
ക്രമാനുഗതമായ ഈ കൊഴിഞ്ഞുപോക്കിന് ഗുരുതരമായ ഒരു മറുവശം കൂടിയുണ്ട്. കേരളത്തില്‍ മനസ്സിലാക്കപ്പെടുന്ന മട്ടില്‍ കുട്ടികളുടെ അവധിസമയ മതപാഠശാലകളല്ല ഉത്തരേന്ത്യയിലെ മദ്‌റസകള്‍. പൊതുധാരാ വിദ്യാഭ്യാസം കിട്ടാക്കനിയായ ഉത്തരേന്ത്യന്‍ മുസ്ലിം സമൂഹത്തിന്റെ സമാന്തര വിദ്യാഭ്യാസ ശൃംഖലയാണത്. സര്‍ക്കാര്‍ മേഖലയും സ്വകാര്യ മേഖലയും ദരിദ്രരായ മുസ്ലിംകള്‍ക്ക് അപ്രാപ്യമായി നിലകൊള്ളുമ്പോള്‍ ഫീസും ഭക്ഷണവും സൗജന്യമായി നല്‍കിയാണ് മദ്‌റസകള്‍ വിദ്യാര്‍ഥികളെ ഏറ്റെടുക്കുന്നത്. സര്‍ക്കാറിന്റെ ഗ്രാന്റ് ലഭിക്കുന്ന മദ്‌റസകളുണ്ടെങ്കിലും മഹാഭൂരിപക്ഷത്തിനും സമുദായത്തിന്റെ സ്വദഖയാണ് ആശ്രയം. അതേസമയം ഈ മദ്‌റസകള്‍ പൂര്‍ണമായും സ്വതന്ത്രവുമല്ല. യു.പി, മധ്യപ്രദേശ്, ബിഹാര്‍, ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെ രജിസ്റ്റര്‍ ചെയ്യപ്പെട്ട മദ്‌റസകള്‍ നേര്‍ക്കുനേരെ സര്‍ക്കാറിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. അതായത്, അവിടത്തെ മദ്‌റസാ വിദ്യാഭ്യാസ ബോര്‍ഡിന്റെ പരീക്ഷ പാസാകുന്നവര്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിന് യൂനിവേഴ്സിറ്റികളെ സമീപിക്കാനുള്ള അര്‍ഹതയുണ്ടാവുമെന്നര്‍ഥം. രണ്ടാം ക്ലാസു മുതല്‍ മദ്‌റസയില്‍ പഠിച്ച് 2019-ല്‍ സിവില്‍ സര്‍വീസ് പരീക്ഷ ജയിച്ചു കയറിയ ശാഹിദ് റസാ ഖാനെ പോലെയുള്ളവരുടെ അടിസ്ഥാനം കൂടിയാണ് മദ്‌റസകള്‍. പിതാവിന്റെ ദാരിദ്ര്യമായിരുന്നു റസയെ ഏഴാം വയസ്സില്‍ ബിഹാറിലെ ഗയയിലുള്ള മദ്‌റസയിലെത്തിച്ചത്. അതിനു ശേഷമാണ് ജെ.എന്‍.യുവിലേക്കും സിവില്‍ സര്‍വീസിലേക്കും അയാള്‍ എത്തിപ്പെടുന്നത്. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ രീതിയില്‍ സേവനം ചെയ്യുന്ന എത്രയോ പേര്‍ ഇങ്ങനെയുണ്ട്.
മദ്‌റസാ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ഥികളുടെ എണ്ണം കുറയുമ്പോള്‍ അപ്പുറത്ത് പൊതുവിദ്യാഭ്യാസ ബോര്‍ഡിലേക്ക് ഈ വിദ്യാര്‍ഥികള്‍ അധികമായി എത്തിപ്പെട്ടു എന്നല്ല അര്‍ഥമാക്കേണ്ടത്. അത്രയും പേര്‍ വിദ്യാഭ്യാസ മേഖലയില്‍ നിന്ന് പുറന്തള്ളപ്പെട്ടു എന്നാണ്. ഒരു കൈയില്‍ ഖുര്‍ആനും മറ്റേ കൈയില്‍ ലാപ്ടോപ്പും സ്വപ്നം കാണാന്‍ പറയുന്നവര്‍ക്ക് തന്നെയാണ് ഈ സാഹചര്യം എന്തുകൊണ്ടുണ്ടായി എന്ന് വിശദീകരിക്കേണ്ട ബാധ്യത. നേരെയാക്കുമെന്ന് പ്രഖ്യാപിച്ച ജനാധിപത്യം മുതല്‍ സാമ്പത്തികം വരെയുള്ള മേഖലകളെയെല്ലാം തകര്‍ത്തുതരിപ്പണമാക്കിയ മോദി സര്‍ക്കാറിന്റെ പ്രവര്‍ത്തന ശൈലി മുന്നില്‍വെച്ചു നോക്കുമ്പോള്‍ മദ്‌റസാ വിദ്യാഭ്യാസ പദ്ധതിയെ മാത്രമായി അവര്‍ 'പുഷ്ടിപ്പെടുത്തേണ്ട' കാര്യമൊന്നും കാണുന്നുമില്ല.
മദ്‌റസകളെ ആധുനികവല്‍ക്കരിക്കുക എന്നത് ജീവിത ദൗത്യമായി കൊണ്ടുനടന്ന യു.പിയിലെ മതപണ്ഡിതന്‍ മൗലാനാ കലീം സിദ്ദീഖി കഴിഞ്ഞ പതിനൊന്ന് മാസമായി മീറത്തിലെ ജയിലില്‍ കഴിയുകയാണ്. അദ്ദേഹം അഞ്ച് ലക്ഷം പേരെ നിര്‍ബന്ധിച്ചു മതംമാറ്റിയെന്നും അതിനായി വിദേശത്തു നിന്ന് മൂന്ന് കോടി രൂപ സ്വീകരിച്ചെന്നുമാണ് പോലീസിന്റെ ആരോപണം. അഞ്ചു ലക്ഷം പേരെ നിര്‍ബന്ധിച്ചു മതം മാറ്റുക എന്നൊക്കെ പറയുമ്പോള്‍ അതിന്റെ യുക്തിഭദ്രത പോലും പുതിയ ഇന്ത്യയില്‍ ചോദ്യം ചെയ്യപ്പെടുന്നില്ല. ഈ യക്ഷിക്കഥകളുടെ യാഥാര്‍ഥ്യം എന്തായിരുന്നാലും അദ്ദേഹത്തിന്റെ കീഴിലുള്ള ഷാ വലിയ്യുല്ലാ ട്രസ്റ്റിന്റെ കീഴില്‍ 300-ഓളം മദ്‌റസകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. പൊതു വിദ്യാഭ്യാസ പദ്ധതികളുമായി ഏറ്റവുമധികം ചേര്‍ന്നുനില്‍ക്കുന്ന സിലബസായിരുന്നു അവരുടേത്. കലീം സിദ്ദീഖി അറസ്റ്റിലായതോടെ തന്നെ ട്രസ്റ്റിന്റെ കീഴിലുള്ള മിക്ക മദ്‌റസകളുടെയും പ്രവര്‍ത്തനം വഴിമുട്ടി. അദ്ദേഹത്തിന്റെതു മാത്രമല്ല, സിദ്ദീഖിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഏതു സ്ഥാപനത്തെയും ആദിത്യനാഥ് സര്‍ക്കാറിന്റെ പോലീസ് ഭയപ്പെടുത്തുന്ന അവസ്ഥയെത്തി. കലീം സിദ്ദീഖി നല്‍കിയ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ഫുല്ലത്തിലെ വിഷന്‍ ഇന്റനാഷണല്‍ അക്കാദമിയില്‍ തേരാപ്പാര കയറിയിറങ്ങി അവിടത്തെ പെറ്റികണക്കുകളെഴുതിയ വൗച്ചറുകള്‍ പോലും ഭൂതക്കണ്ണാടി വെച്ച് പരിശോധിച്ചത് ഉദാഹരണം. ഖുര്‍ആന്‍ മനപ്പാഠമാക്കല്‍ അഥവാ ഹിഫ്ളുല്‍ ഖുര്‍ആന്‍ കോഴ്സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികളുടെ ഐ.ക്യു നിലവാരം ശാസ്ത്രീയമായി പഠിച്ച് അവരെ കണക്കും സയന്‍സും അഭ്യസിപ്പിച്ച് അല്‍ഭുതങ്ങള്‍ സൃഷ്ടിച്ച സ്ഥാപനമാണിത്. നൂറ്റുക്ക് നൂറ് ശതമാനമാണ് അവിടത്തെ സി.ബി.എസ്.സി പരീക്ഷാജയം. അതായത്, മൗലവിമാരെ 'മിസ്റ്റര്‍'മാരാക്കുകയും അവരെ രാജ്യത്തിന് ഗുണകരമായ രീതിയില്‍ മാറ്റിയെടുക്കുകയും ചെയ്യുന്ന, നരേന്ദ്ര മോദി സ്വപ്നം കണ്ടതുപോലെയുള്ള സ്ഥാപനം. ഈ സ്‌കൂളിനെ ബി.ജെ.പി ഭരണകൂടം പ്രോല്‍സാഹിപ്പിക്കുകയല്ല, മറിച്ച് തകര്‍ക്കാനാണ് കരുക്കള്‍ നീക്കിയതെന്ന് നിസ്സംശയം പറയാനാവും. ഇപ്പോഴും അത് തുടരുന്നുമുണ്ട്.
എന്തുകൊണ്ട് മദ്‌റസകള്‍?
2006-ല്‍ പുറത്തു വന്ന കണക്കുകള്‍ പറയുന്നത് മുസ്ലിംകളുടെ ജനസംഖ്യാനുപാതികമായ 14 ശതമാനത്തില്‍ നിന്ന് 9.36 ശതമാനം മാത്രമാണ് പ്രാഥമിക വിദ്യാഭ്യാസം നേടുന്നത് എന്നാണ്. മദ്‌റസകളിലേക്ക് പോകുന്നത് വേറെ വഴിയില്ലാത്തതു കൊണ്ടു കൂടിയാണ്. അവിടെ നിന്നു പഠിച്ചിറങ്ങുന്നവരില്‍ മഹാഭൂരിപക്ഷവും പള്ളികളിലും മദ്‌റസകളിലും നിസ്സാര ശമ്പളക്കാരായി ജീവിതം ഹോമിച്ചു തീര്‍ക്കുകയാണ്. അവരെ പഠിപ്പിക്കുന്നതും അവര്‍ക്ക് ജീവിത മാര്‍ഗം നല്‍കുന്നതും 90 ശതമാനം കേസുകളിലും ഇന്ത്യയിലെ മുസ്ലിം സമുദായമാണ്. സര്‍ക്കാര്‍ ചെലവില്‍ നടക്കുന്ന വിരലിലെണ്ണാവുന്ന മദ്‌റസകള്‍ ചൂണ്ടിക്കാട്ടിയാണ് ഇതൊരു രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നത്. എന്നാല്‍, അത്തരം മദ്‌റസകളില്‍ മിക്കയിടത്തും നിലവില്‍ സംസ്ഥാന സര്‍ക്കാറിന്റെ സിലബസ് അംഗീകരിച്ചു കഴിഞ്ഞ സ്ഥിതിക്ക് ആഗ്രഹിക്കുന്നുവെങ്കില്‍ ഏതു വിദ്യാര്‍ഥിക്കും ഇവിടെ പഠിക്കാവുന്നതുമാണ്. ഗ്രാമീണ മേഖലയില്‍ അപൂര്‍വമായെങ്കിലും പ്രാഥമിക വിദ്യാഭ്യാസത്തിന് മദ്‌റസകളെ ആശ്രയിക്കുന്ന ഹിന്ദുക്കളുമുണ്ട്. ഉദാഹരണത്തിന്, ആഗ്രക്കു സമീപം ദറൗത്ത എന്ന ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന മുഈനുല്‍ ഇസ്ലാം മദ്‌റസ. അഞ്ച് വര്‍ഷം മുമ്പെ ഈ ലേഖകന്‍ മുഈനുല്‍ ഇസ്ലാം മദ്‌റസ സന്ദര്‍ശിക്കുകയും ആ പ്രദേശത്തെ ഹിന്ദുക്കളുമായി നേരില്‍ സംസാരിക്കുകയും ചെയ്തതാണ്. അവിടെ കണക്കും സയന്‍സുമൊക്കെ പഠിപ്പിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ഹിന്ദുക്കള്‍ പൂര്‍ണ മനസ്സോടെയാണ് മക്കളെ അങ്ങോട്ടയക്കുന്നത്. അവരില്‍ ചിലര്‍ ഒരു കാര്യം കൂടി എടുത്തുപറഞ്ഞു, ഗവണ്‍മെന്റ് സ്‌കൂളില്‍ പോയാല്‍ കിട്ടാത്ത സംസ്‌കാര മര്യാദകളും അവിടെ പഠിപ്പിക്കുന്നുണ്ടെന്ന്. ദലിത് ഗ്രാമത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ദാരിദ്ര്യവും തന്നെ ആയിരിക്കാം അവരുടെയും കാരണം. പക്ഷേ, രണ്ട് സമൂഹങ്ങളും പങ്കുവെച്ചത് ഒരേ ദുര്‍വിധിയാണെന്ന് മറക്കരുത്. അടിസ്ഥാന വിദ്യാഭ്യാസ മേഖലയില്‍ സൗകര്യങ്ങളുടെ അഭാവവും ദാരിദ്ര്യവുമൊക്കെ മുസ്ലിംകളും ദലിതരും ഒരുപോലെ നേരിടുന്ന പ്രതിസന്ധികളാണ്.
മദ്‌റസകള്‍ നവീകരിക്കേണ്ടതുണ്ടോ?
മദ്‌റസകള്‍ നവീകരിക്കുക എന്ന കേന്ദ്രസര്‍ക്കാറിന്റെ ലക്ഷ്യം ആത്മാര്‍ഥമാണെന്ന് സമ്മതിക്കുക. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് അവരുടെ പാര്‍ട്ടി നേതാക്കളില്‍ നിന്നും, ഗവര്‍ണര്‍ പദവികളിലുള്ളവരില്‍ നിന്നു പോലും ഉത്തരവാദിത്വശൂന്യമായ പ്രസ്താവനകള്‍ പുറപ്പെടുന്നു? എന്തുകൊണ്ട് നിസ്സാരമായ കാരണങ്ങളെ ചൊല്ലി മദ്‌റസകള്‍ അടച്ചുപൂട്ടാന്‍ നീക്കങ്ങള്‍ നടക്കുന്നു? നാഷണല്‍ കൗണ്‍സില്‍ ഓഫ് മൈനോരിറ്റി എജുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ചുമതലയിലുണ്ടായിരുന്ന മുന്‍ ജസ്റ്റിസ് എം.എസ്.എ സിദ്ദീഖി ഈയിടെ ഒരു അഭിമുഖത്തില്‍, ഈ നവീകരണ പ്രക്രിയക്ക് പ്രധാനമന്ത്രി എത്രത്തോളമാണ് പ്രാധാന്യം നല്‍കുന്നതെന്ന് എടുത്തുപറയുന്നുണ്ട്. സാമൂഹിക നീതിയുമായും അവസര സമത്വവുമായുമൊക്കെ ബന്ധപ്പെടുത്തിയാണ് അദ്ദേഹം ഈ വിഷയത്തെ സമീപിക്കുന്നത്. പക്ഷേ, ആധുനികവല്‍ക്കരണമെന്ന പേരില്‍ മതപരമല്ലാത്ത വിഷയങ്ങള്‍ക്ക് സിലബസുണ്ടാക്കി കൊടുക്കുന്നതില്‍ ഒതുങ്ങുകയാണ് കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും സര്‍ക്കാറുകള്‍. മൗലവിമാരെപ്പോലെ തുഛമായ ശമ്പളത്തിന് പൊതുവിഷയങ്ങളും ശാസ്ത്രവും പഠിപ്പിക്കാന്‍ മദ്‌റസകളില്‍ അധ്യാപകരെ കിട്ടാത്ത പ്രശ്നമുണ്ട്. അടച്ചു പൂട്ടാനുള്ള ഇണ്ടാസ് അയച്ചുകൊടുക്കുക എന്നല്ലാതെ അധ്യാപകനെ ആരും നിയമിച്ചു കൊടുക്കുന്നില്ല. വിദേശത്തു നിന്ന് പണം സ്വീകരിച്ചു കൊണ്ട് മതപാഠശാലകള്‍ മുന്നോട്ടു കൊണ്ടുപോവുന്നതാകട്ടെ ഏതാണ്ട് അസാധ്യമായിക്കഴിഞ്ഞു.
ഉത്തരാഖണ്ഡില്‍ സര്‍ക്കാറിന്റെ ഗ്രാന്റിന് അര്‍ഹതയുള്ള 146 മദ്‌റസകളാണുള്ളത്. പക്ഷേ, 2017 മുതല്‍ 2022 വരെ ഒറ്റ മദ്‌റസക്കും ഇത് നല്‍കിയിട്ടില്ല. അതേസമയം, അധ്യാപകര്‍ക്ക് ശമ്പളം നല്‍കാത്തതടക്കം ചൂണ്ടിക്കാട്ടി ഈ മദ്‌റസകള്‍ അടച്ചു പൂട്ടാനൊരുങ്ങുകയാണ് ബി.ജെ.പി സര്‍ക്കാര്‍. സംസ്ഥാന വിദ്യാഭ്യാസ വകുപ്പില്‍ മദ്‌റസകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന നിബന്ധനയും മദ്‌റസകള്‍ക്ക് തടസ്സമാകുന്നുണ്ട്. പക്ഷേ, അങ്ങനെയൊരു വ്യവസ്ഥ ഇതുവരെ ഉത്തരാഖണ്ഡില്‍ ഉണ്ടായിരുന്നില്ല. അസമില്‍ മദ്‌റസകളെ ആറു മാസത്തിനകം സ്‌കൂളുകളാക്കി പരിവര്‍ത്തിപ്പിക്കുമെന്നും അവിടങ്ങളില്‍ സംസ്ഥാന സര്‍ക്കാറിന്റെ സിലബസ് നടപ്പാക്കുമെന്നും പ്രഖ്യാപിച്ചു കഴിഞ്ഞു. ഇവയില്‍ പലതും ബ്രിട്ടീഷ് കാലം മുതല്‍ പ്രവര്‍ത്തിക്കുന്നവയാണ്. സ്‌കൂളുകളായി മാറുന്ന ഈ മദ്‌റസകളില്‍ ഇനി മുതല്‍ അറബി ഭാഷ പഠിപ്പിക്കില്ല എന്നാണ് സര്‍ക്കാര്‍ നിലപാട്. 614 മദ്‌റസകള്‍ക്കാണ് ഇവിടെ സര്‍ക്കാര്‍ നാമമാത്രമായ ധനസഹായം നല്‍കുന്നത്. അതേസമയം 2000-ത്തിലധികം മദ്‌റസകള്‍ അസമിലുണ്ട്. അവയിലും സിലബസ് പരിഷ്‌കരണം നടപ്പാക്കുമെന്നാണ് ബി.ജെ.പി സര്‍ക്കാറിന്റെ ഭീഷണി. മദ്‌റസകള്‍ അടച്ചുപൂട്ടുന്നതിനൊപ്പം സംസ്ഥാനത്തെ വിരലിലെണ്ണാവുന്ന സംസ്‌കൃത പാഠശാലകളെയും ഉള്‍പ്പെടുത്തി ഈ നീക്കത്തെ ന്യായീകരിക്കുകയാണ് ഹേമന്ത ബിശ്വ ശര്‍മ. ഇതു രണ്ടും ഒന്നല്ലെന്നും സംസ്‌കൃത പാഠശാല സ്‌കൂളാക്കുന്നതിനെ അതിന്റെ നടത്തിപ്പുകാര്‍ സ്വാഗതം ചെയ്യുകയാണെന്നതുമാണ് വസ്തുത. മതേതര രാജ്യത്ത് സര്‍ക്കാര്‍ ചെലവില്‍ മതപാഠങ്ങള്‍ അഭ്യസിപ്പിക്കേണ്ടതില്ലെന്നാണ് ശര്‍മയുടെ വാദം. ഗവണ്‍മെന്റ് സ്‌കൂളുകളില്‍ ഇനി മുതല്‍ അറബി ടീച്ചര്‍മാരെ നിയമിക്കുന്നതും നിര്‍ത്തലാക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
സിലബസ് പരിഷ്‌കരണം മുതല്‍ അധ്യാപകരുടെ വേതന വ്യവസ്ഥകള്‍ വരെ നിരവധി പ്രശ്നങ്ങളിലൂടെയാണ് മദ്‌റസാ വിദ്യാഭ്യാസം കടന്നു പോകുന്നത്. എന്നാല്‍, മദ്‌റസാ നടത്തിപ്പുകാരുടെ ഭാഗത്തും ചില അരുതായ്കകളുണ്ടെന്നത് കൂട്ടത്തില്‍ ചൂണ്ടിക്കാണിക്കാതിരിക്കാനാവില്ല. മദ്‌റസയിലെ സിലബസ് എന്തെന്ന് വ്യക്തമാക്കാന്‍ ബിഹാര്‍, ബംഗാള്‍, അസം, ഉത്തരാഖണ്ഡ് മുതലായ സംസ്ഥാനങ്ങളിലെ മദ്‌റസകളില്‍ ചിലത് തയാറാവുന്നില്ലെന്ന പരാതി ഉയരുന്നുണ്ട്. ഭീകരതയാണ് സിലബസെന്ന ആക്ഷേപത്തിന് വളംവെച്ചു കൊടുക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. രജിസ്ട്രേഷന് സന്നദ്ധമാവാതെ മടിച്ചു നില്‍ക്കുന്നവരും ഒരുപാടുണ്ട്. ഇല്ലാത്ത മദ്‌റസകളുടെ പേരില്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഫണ്ട് തട്ടിയെടുക്കുന്ന മദ്‌റസകളും ഉണ്ടെന്ന് ആക്ഷേപമുയരുന്ന സാഹചര്യത്തില്‍ രജിസ്ട്രേഷനുമായി സഹകരിക്കലാണ് മദ്‌റസാ പ്രസ്ഥാനത്തിന്റെ തന്നെ ഭാവിക്ക് നല്ലത്. ഒരു കെട്ടിടം പോലും സ്വന്തമായില്ലാത്ത വ്യാജന്മാര്‍ മദ്‌റസകള്‍ക്ക് മൊത്തത്തില്‍ ചീത്തപ്പേരുണ്ടാക്കുന്ന സാഹചര്യത്തില്‍ വിശേഷിച്ചും ഇത് അനിവാര്യമാകുന്നുണ്ട്.
മദ്‌റസാ നവീകരണമെന്നത് കുറെ നിയമങ്ങള്‍ നടപ്പാക്കുക മാത്രമല്ല. സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തുകയും ദേശീയ ഗാനം ആലപിക്കുകയും കമ്പ്യൂട്ടര്‍, കണക്ക്, സയന്‍സ്, ചരിത്രം എന്നിവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ പൊതുധാരയിലെത്തുമെന്ന മൗഢ്യമാണ് ആദ്യം തകരേണ്ടത്. കമ്പ്യൂട്ടര്‍ കിട്ടിയ മദ്‌റസകളില്‍ എത്രയെണ്ണത്തിന് കരന്റ് ബില്‍ അടക്കാനുള്ള ശേഷിയുണ്ട്? എത്ര മദ്‌റസകള്‍ക്ക് അത് പഠിപ്പിക്കാനുള്ള അധ്യാപകരെ പുറത്തു നിന്ന് ശമ്പളം കൊടുത്ത് നിയമിക്കാന്‍ കഴിയാറുണ്ട്? എത്ര വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ മദ്‌റസകളില്‍ സന്നദ്ധ സേവനം നടത്താറുണ്ട്? അതിലേറെ പ്രധാനമാണ് ഈ വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളാന്‍ സമൂഹത്തെ പാകപ്പെടുത്തുക എന്നത്. ദല്‍ഹിയിലെ മദ്‌റസാ വിദ്യാര്‍ഥികളെ കുറിച്ച് ഈയിടെ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ പറയുന്നത്, പുറത്തെ പാര്‍ക്കുകളിലേക്ക് ഒറ്റക്ക് പോയി കളിക്കാനുള്ള ധൈര്യം അവര്‍ക്കില്ല എന്നാണ്. സ്‌കൂള്‍ മേളകളിലോ സ്പോര്‍ട്സ് മല്‍സരങ്ങളിലോ സര്‍ക്കാര്‍ ചടങ്ങുകളിലോ അവര്‍ ഒരിക്കലും ക്ഷണിക്കപ്പെടുന്നില്ല. സൂര്യ നമസ്‌കാരത്തിന്റെയും യോഗാഭ്യാസത്തിന്റെയും പ്രാധാന്യം ഓര്‍മപ്പെടുത്തി വിദ്യാഭ്യാസ വകുപ്പില്‍ നിന്നു വരുന്ന ഇണ്ടാസുകളും അറിയിപ്പുകളും ശാസ്ത്ര കോണ്‍ഫറന്‍സിനെ കുറിച്ചോ സ്പെല്‍ബീ മല്‍സരങ്ങളെ കുറിച്ചോ കോഡിംഗ് കോഴ്സുകളെ കുറിച്ചോ വരാറില്ല. രാജ്യത്തെ വിദ്യാര്‍ഥികളെ പ്രധാനമന്ത്രിയോ മന്ത്രിമാരോ ക്ഷണിച്ചു വരുത്തുന്ന ചടങ്ങുകളില്‍ മദ്‌റസകളില്‍ നിന്നുള്ളവരെ കാണാറില്ല. എന്തിനധികം, താജ്മഹലിലോ കുത്തബ് മിനാറിലോ വിനോദ യാത്രക്കെത്തുന്നവരുടെ പട്ടികയില്‍ മദ്‌റസാ വിദ്യാര്‍ഥികളെ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? മറ്റേത് വിദ്യാര്‍ഥിയെയും പോലെ പൊതുസമൂഹത്തിലേക്ക് ഇറങ്ങിവരാനുള്ള ആത്മവിശ്വാസം നമ്മുടെ വ്യവസ്ഥ മദ്‌റസാ വിദ്യാര്‍ഥികളില്‍ സൃഷ്ടിക്കുന്നില്ലെങ്കില്‍ പിന്നെയെന്ത് ദേശീയോദ്ഗ്രഥനം?
98684 28544
Comments