റുഷ്ദി വേട്ടക്കാര്‍ ഇസ്‌ലാമിന്റെ രക്ഷകരോ?
ഏറക്കാലം കാണാമറയത്ത് കഴിഞ്ഞ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ സല്‍മാന്‍ റുഷ്ദി പൊടുന്നനെ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നതും ഞെട്ടിക്കുന്നതും ന്യൂയോര്‍ക്കിലെ ഷൗത്വോക്വയില്‍ സാഹിത്യ സംഗമത്തിനെത്തിയപ്പോള്‍ ഒരു കൊലയാളി അദ്ദേഹത്തിന്റെ ജീവനെടുക്കാന്‍ തുനിഞ്ഞ ഖാദുക സംഭവത്തോടെയാണ്. ആഗസ്റ്റ് 12-ന് ഹാദി മത്വര്‍ എന്നു പേരായ ലബനീസ് വംശജന്‍ കഠാര കൊണ്ട് കഴുത്തിലും വയറ്റിലുമായി 10 തവണ കുത്തി റുഷ്ദിയെ വീഴ്ത്തുകയായിരുന്നു. മരണവേദനയാല്‍ പിടയുന്ന റുഷ്ദിയെ സമ്മേളന സംഘാടകര്‍ ഉടനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങാനുള്ള സാധ്യത തന്നെ കുറവാണെന്ന വാര്‍ത്തയാണ് തുടക്കത്തില്‍ വന്നുകൊണ്ടിരുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം ആശുപത്രി അധികൃതര്‍ നല്‍കിയ വിവരം അദ്ദേഹം കുറേശ്ശ സംസാരിക്കുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്യുന്നുണ്ടെന്നാണ്. മുമ്പും വധശ്രമങ്ങളെ അതിജീവിച്ചയാളാണ് സല്‍മാന്‍ റുഷ്ദി. ഇത്തവണയും അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവരാനാണിട. യു.എസ്.എയിലെ ന്യൂജഴ്സിയില്‍ താമസിക്കുന്ന സല്‍മാന്‍ റുഷ്ദിയുടെ ജീവന്‍ അപായപ്പെടുത്താന്‍ ശ്രമിച്ചതും ന്യൂജഴ്സിക്കാരന്‍ തന്നെയായ 24-കാരനാണ് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. താന്‍ ആരുടെയും പ്രേരണയോ സഹായമോ ഇല്ലാതെ ഒറ്റക്ക് ചെയ്ത കൃത്യമാണതെന്നാണ് അയാളുടെ വിശദീകരണം. ദ സാത്താനിക് വേഴ്സസ് (സാത്താനിക വചനങ്ങള്‍) എന്ന തന്റെ നാലാമത്തെ കൃതി 1988-ല്‍ പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ചതോടെയാണ് നോവലിസ്റ്റായ സല്‍മാന്‍ റുഷ്ദി മുസ്ലിം ലോകത്തിന്റെ പൊതുവായ പ്രതിഷേധത്തിനും രോഷത്തിനും ഇരയായത്. പ്രവാചകനെയും അവിടുത്തെ പത്നിമാരെയും ശിഷ്യന്മാരെയും അപഹസിക്കുന്നതാണ് പ്രസ്തുത നോവല്‍ എന്ന കാരണത്താല്‍ ഇറാന്റെ ആത്മീയ നേതാവ് ആയത്തുല്ലാ റൂഹുല്ലാ ഖുമൈനി 1989 ഫെബ്രുവരി 14-ന് നോവലിസ്റ്റിനു വധശിക്ഷ വിധിച്ച് ഫത്വ പുറപ്പെടുവിച്ചതോടെ ആഗോളതലത്തില്‍ അതിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നു. റുഷ്ദിക്കു മാത്രമല്ല പുസ്തകത്തിന്റെ പ്രസാധകര്‍ക്കും മരണശിക്ഷ വിധിച്ചത്, മുസ്ലിംകളുടെ പവിത്ര വിശ്വാസങ്ങളെ അധിക്ഷേപിക്കാന്‍ മേലില്‍ ആരും ധൈര്യപ്പെടാതിരിക്കാനാണ് എന്ന് ഖുമൈനി തെഹ്റാന്‍ റേഡിയോയിലൂടെ ലോകത്തെ അറിയിച്ചു. ദൗത്യ നിര്‍വഹണത്തില്‍ ഏര്‍പ്പെട്ടവര്‍ കൊല്ലപ്പെട്ടാല്‍ അവര്‍ സ്വര്‍ഗാവകാശികളായിത്തീരും എന്ന വാഗ്ദാനവും അദ്ദേഹം നല്‍കി. ഇതോടെ റുഷ്ദിയുടെ ജീവന്‍ അപകടത്തിലാണെന്ന് മനസ്സിലാക്കിയ ബ്രിട്ടന്‍ അദ്ദേഹത്തെ ഒളിവില്‍ പാര്‍പ്പിക്കുകയായിരുന്നു. ഒമ്പത് വര്‍ഷത്തോളം നോവലിസ്റ്റിന് പുറത്തിറങ്ങാന്‍ സാധ്യമായില്ലെന്ന് മാത്രമല്ല, മാറി മാറി താമസിക്കേണ്ടിയും വന്നു. ഇറാന്‍ വിപ്ലവം കാരണം ലോകത്തെ സുന്നി മുസ്ലിംകളില്‍ ശീഇസത്തിന്റെ രണോത്സുകത സൃഷ്ടിച്ച ഭീതി അകറ്റാനും ലോക മുസ്ലിംകളുടെ അനുഭാവം പിടിച്ചുപറ്റാനുമാണ് ഖുമൈനി റുഷ്ദിക്ക് നേരെ വധാഹ്വാനം നടത്തിയതെന്ന ആരോപണം അന്നുയര്‍ന്നിരുന്നു.
എന്നാല്‍, ഖുമൈനിയുടെ അനുയായികളെ സംബന്ധിച്ചേടത്തോളം എന്ത് വില കൊടുത്തും നടപ്പാക്കേണ്ട അലംഘനീയ ഫത്വയാണ് ഇറാന്റെ ഭരണഘടനാ ദത്തമായ 'വിലായതുല്‍ ഫഖീഹി'ന്റെ പിന്‍ബലമുള്ള ഉത്തരവ്. മുഹമ്മദ് ഖാത്തമി ഇറാന്‍ പ്രസിഡന്റായിരുന്നപ്പോള്‍ 1998-ല്‍ ഖുമൈനിയുടെ ഫത്വ നടപ്പാക്കേണ്ടതില്ലെന്ന നിലപാടെടുത്തിരുന്നുവെങ്കിലും, ഖുമൈനിയുടെ പിന്‍ഗാമി അലി ഖാംനഈ ഇമാമിന്റെ മതവിധി അലംഘനീയമാണെന്ന് പ്രഖ്യാപിച്ചതോടെ റുഷ്ദിവേട്ട സജീവമായി തുടര്‍ന്നു. 'സുന്നി' ലോകത്തും അതിന്റെ അനുരണനങ്ങളുണ്ടായി. മുര്‍ത്തദ്ദായ (മതഭ്രഷ്ടന്‍) റുഷ്ദി വധാര്‍ഹനാണെന്നായിരുന്നു പല മത പണ്ഡിതന്മാരുടെയും ഫത്വകള്‍. കശ്മീരി മുസ്ലിം വംശജനായ അനീസ് അഹ്മദ് റുഷ്ദിയാണ് സല്‍മാന്‍ റുഷ്ദിയുടെ പിതാവ് എന്നത് ശരിയാണ്. മാതാവായ നെഗിന്‍ ഭട്ട് മുസ്ലിമായിരുന്നോ എന്ന് വ്യക്തമല്ല. അതെന്തായാലും, തനിക്ക് മതമില്ലെന്നും നിരീശ്വരവാദിയാണെന്നും പ്രഖ്യാപിച്ച സല്‍മാന്‍ റുഷ്ദി മതഭ്രഷ്ടനാവുന്നതിന്റെ രസതന്ത്രം പിടികിട്ടാത്തതാണ്. അത്തരക്കാരെ ഇല്ലാതാക്കാന്‍ മുര്‍ത്തദ്ദിന്റെ ശിക്ഷ ആയുധമാക്കാമോ എന്ന കാര്യത്തില്‍ ന്യായമായ ഭിന്നാഭിപ്രായത്തിന് പ്രസക്തിയുണ്ട്. അല്‍ അസ്ഹര്‍ യൂനിവേഴ്സിറ്റി പുറപ്പെടുവിച്ച ഫത്വയില്‍ സല്‍മാന്‍ റുഷ്ദിയെ വധാര്‍ഹനായി അംഗീകരിച്ചിട്ടില്ല. ഇനി വാദത്തിനു വേണ്ടി അയാളുടെ മതഭ്രഷ്ട് സ്ഥിരീകരിക്കപ്പെട്ടാല്‍ തന്നെ, ഇസ്ലാമിക് സ്റ്റേറ്റില്‍ ഒരാളില്‍ മതപരിത്യാഗം ആരോപിക്കപ്പെട്ടാല്‍ അയാളെ കോടതി മുമ്പാകെ ഹാജരാക്കി ആരോപണം ശരിയായിരുന്നു എന്ന് ബോധ്യപ്പെട്ടാല്‍ അയാള്‍ക്ക് പുനര്‍ വിചിന്തനത്തിന് അവസരം നല്‍കിയ ശേഷം തന്റെ മതനിഷേധത്തില്‍ അയാള്‍ ഉറച്ചുനിന്നാല്‍ മാത്രം നടപ്പാക്കേണ്ടതാണ് മരണ ശിക്ഷ എന്നാണ് ഈ വിഷയത്തില്‍ വധശിക്ഷ വേണമെന്ന് അഭിപ്രായമുള്ളവര്‍ പോലും പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇവിടെയോ? 'കുറ്റവാളി'യെ തെരഞ്ഞുപിടിച്ചു കൊല്ലാന്‍ ഓരോരുത്തര്‍ ഇറങ്ങിത്തിരിച്ചു സ്വയം ശിക്ഷ നടപ്പാക്കുകയാണ്. റുഷ്ദിയെക്കാള്‍ എത്രയോ മടങ്ങാണ് ഈ 'സ്വര്‍ഗാവകാശികള്‍' ഇസ്ലാമിന് ഏല്‍പിച്ചിരിക്കുന്ന ആഘാതം. ഇസ്ലാമില്‍ അസഹിഷ്ണുതയും മതഭ്രാന്തും ഭീകരതയും ലോക വ്യാപകമായി ആരോപിക്കപ്പെടാന്‍ ഈ സംഭവം നിമിത്തമായിത്തീര്‍ന്നിട്ടുണ്ട്.
മറ്റൊരു കാര്യം കൂടി: മാജിക്കല്‍ റിയലിസവും ചരിത്രവും കൂട്ടിച്ചേര്‍ത്ത് ദ സാത്താനിക് വേഴ്സസ് വായിച്ചവരും മനസ്സിലാക്കിയവരും എത്ര പേരുണ്ടാവും ഈ വേട്ടക്കാരില്‍? ഖുമൈനിയടക്കം ഒരാളുമുണ്ടാവില്ലെന്ന് വിശ്വസിക്കാനാണ് ന്യായം. പുസ്തകം ആദ്യം ഇന്ത്യയിലും തുടര്‍ന്ന് പല മുസ്ലിം രാജ്യങ്ങളിലും നിരോധിക്കപ്പെട്ടു എന്നത് നേരാണ്. അതു പക്ഷേ, ക്രമസമാധാന പ്രശ്നം മുന്‍നിര്‍ത്തിയാവാനാണ് സാധ്യത. പി.ജെ ആന്റണിയുടെ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകം കേരളത്തില്‍ വിലക്കപ്പെട്ടത് ഇ.കെ നായനാരുടെ നേതൃത്വത്തില്‍ ഇടതു സര്‍ക്കാര്‍ വാഴുമ്പോഴാണ്. ഒരു വിഭാഗം ക്രൈസ്തവര്‍ ബഹളം വെച്ചതാണ് കാരണം. ലജ്ജ എഴുതിയ തസ്ലീമാ നസ്റീന് അള്‍ട്രാ സെക്യുലര്‍ ഹസീന വാജിദ് ബംഗ്ലാദേശ് ഭരിക്കുമ്പോഴും സ്വദേശത്തേക്ക് മടങ്ങിക്കൂടാ. മത രാഷ്ട്ര വാദികളെന്ന് മുദ്രകുത്തി ഒരുവക ജമാഅത്തെ ഇസ്ലാമി നേതാക്കളെ മുഴുവന്‍ തൂക്കിലേറ്റി, സംഘടനയെ അടിച്ചൊതുക്കിയ ശേഷവും ഇതാണവസ്ഥ. ഇന്നും ഇന്ത്യയില്‍ കഴിയുന്ന തസ്ലീമക്കെതിരെ ഒരു മുസ്ലിം പണ്ഡിതനോ സംഘടനയോ വധാഹ്വാനം മുഴക്കിയതായും അറിയില്ല. സല്‍മാന്‍ റുഷ്ദിയെ വധിക്കാന്‍ ശ്രമിച്ച മതഭ്രാന്തന്റെ ചെയ്തിയെ അപലപിക്കുന്നതോടൊപ്പം തന്നെ, അവസരത്തില്‍നിന്ന് മുതലെടുത്ത് ഇസ്ലാമിനെയും ഇസ്ലാമിക സംഘടനകളെയും മുഴുക്കെ ഭീകര മുദ്ര കുത്തുന്ന പ്രചാരണം നീതീകരിക്കാനാവാത്ത മുതലെടുപ്പാണ്.
Comments