Prabodhanm Weekly

Pages

Search

22 സെപ്റ്റംബര് 02

3266

1444 സഫര് 06

വംശ  വിദ്വേഷത്തിന്റെ അക്കാദമിക വ്യവഹാരങ്ങള്‍

പ്രഫ. ഇര്‍ഫാന്‍ അഹ്മദ് 

പ്രതികരണം /


'ശത്രു വിജയം കണ്ടാല്‍ മരിച്ചവര്‍ പോലും സുരക്ഷിതമാകില്ലെന്ന് ബോധ്യമുള്ള ചരിത്രകാരന് മാത്രമേ ഗതകാലത്തെ കുറിച്ച് പ്രതീക്ഷയുടെ നാമ്പ് പകരാനാകൂ. ഈ ശത്രു വിജയം വരിക്കുന്നത് അവസാനിച്ചിട്ടൊന്നുമില്ല.'
(ബെഞ്ചമിന്‍- ‘Thesis on the Philosophy of History’)

ഇരുപത്തിയഞ്ച് ഹിന്ദു 'അക്കാദമിക വിശാരദര്‍' ഒപ്പുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്ത്, പണ്ഡിതരായ അബുല്‍ അഅ്‌ലാ മൗദൂദിക്കും സയ്യിദ് ഖുത്വ്ബിനും നല്‍കിയ അസാധാരണ മാധ്യമ ശ്രദ്ധക്ക് നന്ദി. അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി (എ.എം.യു), ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ, ഹംദര്‍ദ് യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ 'ജിഹാദി കരിക്കുലത്തിന് സമ്പൂര്‍ണ വിലക്ക്' ആവശ്യപ്പെട്ടുള്ള കത്തില്‍ പറയുന്നത് 'ഹിന്ദു സമൂഹത്തിനും സംസ്‌കാരത്തിനും നേരെ നടക്കുന്ന ഒടുക്കമില്ലാത്ത ആക്രമണങ്ങള്‍ ഈ 'ഇസ്‌ലാമിക' യൂനിവേഴ്‌സിറ്റികളിലെ അധ്യാപനങ്ങളുടെ സൃഷ്ടിയാണെന്നാണ്. കത്തിലുടനീളം മൗദൂദിയിലാണ് ഊന്നല്‍.
കേട്ടപാതി എ.എം.യു അതിവേഗം മൗദൂദിക്കൊപ്പം ഖുത്വ്ബിന്റെ പുസ്തകങ്ങളും സിലബസില്‍നിന്ന് നീക്കി; കത്തില്‍ ഖുത്വ്ബിനെ കുറിച്ച പരാമര്‍ശം പോലുമില്ലെങ്കിലും. വിലക്ക് റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം ഖുത്വ്ബിനെ 'തുര്‍ക്കിക്കാരനും' മൗദൂദിയെ 'പാകിസ്താനി'യുമെന്നാണ് വിശേഷിപ്പിച്ചത്. വസ്തുത പക്ഷേ, ഖുത്വ്ബ് (മരണം 1966) ഈജിപ്ഷ്യനും, മൗദൂദി (1903-1979) ഇന്ത്യന്‍-പാകിസ്താനിയുമാണ്.
വിലക്ക് ആവശ്യപ്പെട്ടുള്ള കത്ത് നിറയെ വിദ്വേഷമാണ്. ദുരുപദിഷ്ട ലക്ഷ്യങ്ങളോടെ അത് അവലംബമാക്കുന്നത് തെറ്റിദ്ധാരണാജനകമായ സ്രോതസ്സുകളെയാണ്. മുന്നോട്ടുവെക്കുന്നതാകട്ടെ, സംഭവിക്കാന്‍ സാധ്യത പോലുമില്ലാത്ത ഗൂഢാലോചനാ സിദ്ധാന്തവും. ഒട്ടും അക്കാദമിക ധാരണ പുലര്‍ത്താത്ത, മൗദൂദിയുടെ സമ്പന്നമായ പാണ്ഡിത്യത്തെ കുറിച്ച് വെളിച്ചം ലഭിക്കാത്ത ഒന്ന്. കത്തിന് കൈയടിക്കണം. പക്ഷേ, കാള്‍ ഷ്മിറ്റിന്റെ ശത്രു- മിത്ര രാഷ്ട്രീയത്തിലെന്ന പോലെ ചേരിതിരിച്ച്, ശുദ്ധ വിഷം തുപ്പിയിരുന്ന കൊളോണിയല്‍ കാല വിവരണങ്ങളെയും തോല്‍പിച്ചതിനാണെന്നു മാത്രം.
എനിക്കു പറയാനുള്ളത്, ഈ ഭീകരത നിറഞ്ഞ കത്താണ്, മൗദൂദിയുടെ പുസ്തകങ്ങളല്ല ഒരു ജനാധിപത്യ രാജ്യം മാറ്റിനിര്‍ത്തേണ്ടിയിരുന്നത് എന്നാണ്.
25 'അക്കാദമിക വിശാരദരു'ടെ കത്തില്‍ അക്കാദമികമായി എന്തുണ്ട്? മൗദൂദിയെ ജിഹാദി ഇസ്‌ലാമിന്റെ പ്രഭവകേന്ദ്രമെന്ന് കത്ത് വിളിക്കുന്നു. 'ലോകത്തെവിടെയും മുസ്‌ലിംകളല്ലാത്തവരുടെ വംശഹത്യക്ക് മൗദൂദി ആഹ്വാനം ചെയ്യുന്നു'വെന്ന് വിഷം വമിക്കുന്ന മറ്റൊരു ആരോപണം.
അതിലെ വിവരമില്ലായ്മയെ നമുക്ക് സമ്മതിക്കാം. അദ്ദേഹത്തിന്റെ രചനകള്‍ നിരോധിക്കണമെന്ന കത്തിലെ ആവശ്യം മുന്‍നിര്‍ത്തി ചോദിക്കാനുള്ളത്, മൗദൂദി ജനിക്കും മുമ്പ് സംഭവിച്ച തെറ്റുകള്‍ക്ക് എങ്ങനെയാണ് അദ്ദേഹം ഉത്തരവാദിയാകുക? കത്തിനു ശേഷം അലീഗഢ് വാഴ്‌സിറ്റി വൈസ് ചാന്‍സ്‌ലര്‍ക്ക് അയച്ച മധു കിഷ്‌വറിന്റെ കുറിപ്പില്‍ ഇതിന് ഉത്തരമുണ്ട്. 'എ.എം.യുവിന്റെത് കാപട്യമാണെന്നും ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വങ്ങളും വിധികളും അറിയാവുന്നതിനാല്‍ ഞങ്ങള്‍ ഇനിയും നിഷ്‌കളങ്കരായി തുടരില്ലെന്നു'മാണ് അതിലെ വരികള്‍. എന്നുവെച്ചാല്‍ പ്രശ്‌നം മൗദൂദിയല്ല, ഇസ്‌ലാം തന്നെയാണ്.
ഈ ഭാഗം വായിക്കാം:
''ഇന്ന്, ഇസ്‌ലാമിസ്റ്റുകള്‍ 'കാഫിറുകളാ'യി ഉന്നം വെക്കുന്നവര്‍.. ഉപഭൂഖണ്ഡത്തില്‍ എണ്ണമറ്റ ഹിന്ദു കൂട്ടക്കുരുതികള്‍ നടത്തിയ ഈ ഹിംസാത്മക പ്രത്യയശാസ്ത്രം... വിദേശികളായ മുസ്‌ലിം അധിനിവേശകര്‍.. നടത്തിയത് വാക്കുകളിലൊതുങ്ങാത്തത്ര ക്രൂരതകളാണ്... മുസ്‌ലിംകളല്ലാത്തവരെ നിര്‍ബന്ധിച്ച് മത പരിവര്‍ത്തനം നടത്തി, ലക്ഷക്കണക്കിനു ഹിന്ദുക്കള്‍ക്കു മേല്‍ സര്‍വനാശം വിതച്ചു, അവരുടെ ആരാധനാലയങ്ങള്‍ നശിപ്പിച്ചു, അവ മസ്ജിദുകളും ശവകുടീരങ്ങളുമാക്കി, നമ്മുടെ വിശുദ്ധ ദേവന്മാരുടെയും ദേവിമാരുടെയും മൂര്‍ത്തികളെ തച്ചുടച്ചു, ലക്ഷക്കണക്കിന് ഹിന്ദു സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊുപോയി ലൈംഗിക അടിമകളാക്കി വില്‍പന നടത്തി.''
വെറുപ്പിന്റെ വാക്കുകള്‍ തുടരുന്നു:
''രാജ്യാന്തര തലത്തില്‍ അറിയപ്പെട്ട അല്‍ഖാഇദ, ഐസിസ്, ഹമാസ്, ഹിസ്ബുല്ല, മുസ്‌ലിം ബ്രദര്‍ഹുഡ്, താലിബാന്‍ തുടങ്ങിയവയൊക്കെയും മൗദൂദിയുടെ അടിസ്ഥാന ദര്‍ശനങ്ങളില്‍നിന്നു തന്നെയാണ് ഇപ്പോഴും പ്രചോദനം സ്വീകരിക്കുന്നത്'.
യഥാര്‍ഥ അക്കാദമിക വിശാരദരില്‍ ഒരാള്‍പോലും ഇതുപോലുള്ള സാമാന്യവത്കരണം നടത്തില്ല; അതും, തെളിവിന്റെ കണിക പോലും നിരത്താനില്ലാതെ. അക്കാദമിക യുക്തിബോധത്തിന്റെ പരിസരത്തുപോലും നില്‍ക്കുന്നതല്ല ഈ രീതിശാസ്ത്രം. ഉയര്‍ന്ന പാണ്ഡിത്യത്തിന്റെ കാര്യം പിന്നെ പറയാനുമില്ല. ശുദ്ധ കുയുക്തികള്‍ മാത്രമാണിവ.
''ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അവശേഷിക്കുന്ന കാല്‍പാടുകളും തച്ചുടച്ചുകളയാനും, തദ്ദേശീയ ജനതയെ ജനസംഖ്യാ അധിനിവേശം വഴി ഇല്ലാതാക്കാനു'മാണ് മൗദൂദിയും മുസ്‌ലിംകളും ശ്രമിക്കുന്നതെന്നും കത്ത് പറയുന്നു. ആന്‍ഡേഴ്‌സ് ബ്രെവികും ബ്രെന്റണ്‍ ടറാന്റും മറ്റു ക്രിസ്ത്യന്‍ വംശീയ സംഘടനകളും തോറ്റുപോകുന്ന ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍.
മൗദൂദി, പ്രത്യയശാസ്ത്രം, പ്രേരണ, തീവ്രവാദം എന്നിവ തമ്മിലുള്ള ബന്ധത്തിലെ (അ)യുക്തി നോക്കിയാല്‍ ദലൈ ലാമയുടെ പുസ്തകങ്ങളും നിരോധിക്കപ്പെടണമെന്നുവരും. വധശിക്ഷ നടപ്പാക്കപ്പെട്ട, ഓം ഷിന്റികിയോ തീവ്രവാദി പ്രസ്ഥാനത്തിന്റെ നേതാവ് ഷോകോ അസാഹര അദ്ദേഹത്തെ ഇന്ത്യയിലെത്തി കണ്ടിരുന്നു. അസാഹര 'ശക്തനായ മതനേതാവാ'ണെന്നായിരുന്നു ദലൈ ലാമ വാഴ്ത്തിയത്. മറ്റു മാര്‍ഗേണയും അദ്ദേഹം ഓം ഷിന്റികിയോക്ക് പിന്തുണ നല്‍കി. ഭാഗികമെങ്കിലും അസാഹര ബുദ്ധിസത്തില്‍നിന്നും ഹിന്ദൂയിസത്തില്‍നിന്നുമാണ് പ്രചോദനമുള്‍ക്കൊണ്ടിരുന്നത്. സംഘടനയുടെ പേരിലെ ഓം പോലും വേദത്തില്‍നിന്നു വന്നതാണ്. മൗദൂദിയുടെ വിഷയത്തില്‍ സ്വീകരിച്ച യുക്തി അസാഹര- ദലൈ ലാമ എന്നിവരുടെ ഹിന്ദൂയിസം- ബുദ്ധിസം- തീവ്രവാദം ബന്ധത്തിലും ചേര്‍ത്തുപറയാവുന്നതല്ലേ?
'തെളിവാ'യി കത്തില്‍ ഉദ്ധരിക്കുന്നത് ഇസ്‌ലാംഭീതിയുടെ വക്താക്കളായ വി.എസ് നയ്‌പോളിനെയും ഒപ്പം പ്രവീണ്‍ സ്വാമിയുടെ റിപ്പോര്‍ട്ടുകളെയുമാണ്. ഇസ്‌ലാമിനോടുള്ള വെറുപ്പിന് പേരുകേട്ട നയ്‌പോള്‍ വിളിക്കപ്പെട്ടിരുന്നത് തന്നെ 'ആഗോള ഹിന്ദുത്വയുടെ ഭാഗ്യചിഹ്‌ന'മെന്നാണ്. പ്രവീണ്‍ സ്വാമി, സുല്‍ത്താന്‍ ഷാഹീന്‍ (ഇരുവരെയും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്) തുടങ്ങിയ മാധ്യമ പ്രവര്‍ത്തകരുടെ 'ജ്ഞാനം' 9/11 നു ശേഷം രൂപപ്പെട്ട ഇസ്‌ലാമിനെ സുരക്ഷാഭീഷണിയായി അവതരിപ്പിക്കുന്നതിന്റെ ഭാഗമാണ്. അതാകട്ടെ, സൈനിക-വ്യാവസായിക-മാധ്യമ അവിശുദ്ധ കൂട്ടുകെട്ടിന്റെയും ഇസ്‌ലാമിനെ കുറിച്ച പാണ്ഡിത്യത്തിനു പകരം വിജ്ഞാന വിരോധത്തിന്റെയും ഭാഗമാണ്.

മറ്റൊരു മൗദൂദി
മൗദൂദിയെ പരമാവധി വിഷലിപ്തമായി അവതരിപ്പിക്കാനുള്ള തിടുക്കത്തില്‍ അദ്ദേഹം ഉള്‍ക്കൊണ്ട ബഹുമുഖ വ്യക്തിത്വത്തെ കുറിച്ച് കത്ത് നിശ്ശബ്ദത പാലിക്കുന്നു. ഇന്ത്യയിലെ ഔറംഗാബാദില്‍ ജനിച്ച് പാകിസ്താനില്‍ മറവു ചെയ്യപ്പെട്ട അദ്ദേഹം അബുല്‍ കലാം ആസാദിനെപ്പോലെ കൗമാരത്തിലേ പ്രതിഭയുടെ പേരില്‍ നാടറിഞ്ഞവരില്‍ പെടുന്നയാളാണ്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെയും ഹിന്ദു മഹാസഭയുടെയും നേതാവ് മദന്‍ മോഹന്‍ മാളവ്യയുടെ ജീവചരിത്രം 16-ാം വയസ്സില്‍ പ്രസിദ്ധീകരിച്ച വ്യക്തിത്വമാണ്. 'ജീവിതം സ്വന്തം സമുദായത്തിനും രാജ്യത്തിനുമായി സമര്‍പ്പിച്ച, ഹിന്ദു മതം നല്‍കിയ ഏറ്റവും പ്രഗല്‍ഭരായ സന്തതികളിലൊരാള്‍' എന്നായിരുന്നു മൗദൂദി മാളവ്യയെ വിശേഷിപ്പിച്ചത്.
മൗദൂദി ഗാന്ധിയുടെ ജീവചരിത്രവും എഴുതി. പുസ്തകം പിന്നീട് ബ്രിട്ടീഷ് ഭരണകൂടം കണ്ടുകെട്ടി. 1947 ഏപ്രിലില്‍ ജമാഅത്തെ ഇസ്‌ലാമി സമ്മേളനത്തില്‍ ഗാന്ധി പറഞ്ഞത്, 'നിങ്ങളുടെ പ്രഭാഷണം സസൂക്ഷ്മം ശ്രവിച്ച എനിക്ക് ഏറെ സന്തോഷം തോന്നി' എന്നായിരുന്നു.
മൗദൂദിയെ  മതമൗലികവാദിയായി അവതരിപ്പിക്കാന്‍ കത്തില്‍ ശ്രമം നടത്തിയ സാഹചര്യത്തില്‍, ഒരു സാമ്പത്തിക ചിന്തകനായും അദ്ദേഹത്തെ മനസ്സിലാക്കല്‍ അനിവാര്യമാണ്. 1920-ല്‍ എഴുതിയ കൊളോണിയലിസത്തിന് ഒരു വിമര്‍ശനം എന്ന പുസ്തകത്തില്‍ രാജ്യത്തെ വിഭവങ്ങള്‍ എങ്ങനെ കൊള്ളയടിക്കപ്പെട്ടുവെന്നും അത് എങ്ങനെ രാജ്യത്തെ പാപ്പരാക്കിയെന്നും അദ്ദേഹം എഴുതി. ആഗോള കുത്തക മുതലാളിത്തത്തിന്റെ തുടര്‍ച്ചയായാണ് ഇവിടെയും തൊഴിലാളി വര്‍ഗ ചൂഷണമെന്ന് അദ്ദേഹം വാദിച്ചു. തൊഴിലാളി യൂനിയന്‍ പ്രസ്ഥാനത്തിനും അദ്ദേഹം പിന്തുണ നല്‍കി. 1930-കളുടെ മധ്യത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയം സമ്പൂര്‍ണ പരിവര്‍ത്തനത്തിന് വിധേയമായി. മൗദൂദിയിലും ആ മാറ്റങ്ങള്‍ കണ്ടു.
മൗദൂദിക്ക് കോണ്‍ഗ്രസ് ഭരണം ഒരു 'ഹിന്ദുരാജി'ന് തുല്യമായിരുന്നു. കോണ്‍ഗ്രസ്- ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് കൂട്ടുകെട്ടില്‍ മനംമടുത്ത് അദ്ദേഹം 'ഇസ്‌ലാമിസ'ത്തിലേക്ക് തിരിഞ്ഞു.
1938-ല്‍ അദ്ദേഹം എഴുതി:
''..വിവേകമുള്ള ഒരാള്‍ക്കും ജനാധിപത്യത്തിന്റെ സത്തയോട് വിയോജിക്കാനാകില്ല. പങ്കുവെക്കപ്പെടുന്ന ഭൂമിശാസ്ത്രത്തിന്റെ അവകാശികളെന്ന നിലക്ക്.. നാം ഹിന്ദുക്കള്‍, മുസ്‌ലിംകള്‍, അവര്‍ണര്‍, സിഖുകാര്‍, ക്രിസ്ത്യാനികള്‍ എന്നിവരെല്ലാം ഒറ്റ സമുദായവും ജനാധിപത്യത്തിന്റെ വ്യാകരണവുമാണ്. അവിടെ ഭരണം ഭൂരിപക്ഷ സമുദായത്തിന്റെ ഇച്ഛ മാനിച്ചാകണം. ഇവിടെ ഹിന്ദു ദേശീയവാദവും ഇന്ത്യന്‍ ദേശീയവാദവും ഒരേ അര്‍ഥം പങ്കിടുന്നതായി മാറുന്നു. ഹിന്ദുക്കളില്‍നിന്ന് വ്യത്യസ്തമായി.. ഈ (ജനാധിപത്യ) സാഹചര്യത്തില്‍ ന്യൂനപക്ഷമാണെന്നതിനാല്‍ നമ്മുടെ സാമുദായിക താല്‍പര്യങ്ങള്‍ നിഷേധിക്കപ്പെടും.''
ജനത്തിന്റെ വിശ്വാസം നഷ്ടമായ, തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട അപൂര്‍വം രാഷ്ട്രീയ സൈദ്ധാന്തികരില്‍ ഒരാളായിരുന്നു അദ്ദേഹം.  ജനാധിപത്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത പേരിലായിരുന്നില്ല. തന്റെ പാര്‍ട്ടി പതിവായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച പാകിസ്താനില്‍ 'ഭരണകൂടം ശരീഅത്ത് അടിച്ചേല്‍പിക്കുന്നതാകാതെ, ജനഹിതം നടപ്പാക്കുന്നതാകണം' എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
മൗദൂദി ചിന്തകളിലെ ഗഹനത മാറ്റിനിര്‍ത്തി, അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ നിരോധിക്കാനും ഇസ്‌ലാമിനെ വിഷമയമാക്കി അവതരിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ചെന്നുതൊടുന്നത് ഇന്ത്യ 'തദ്ദേശീയരായ' ഹിന്ദുമതത്തിനു മാത്രമാണെന്നും ഇസ്‌ലാം അതിക്രമത്തിലൂടെ കടന്നുകയറിയ വിദേശിയാണെന്നുമുള്ള 'ദേശീയ' കാഴ്ചപ്പാടിലാണ്. മാളവ്യ 'ഹിന്ദുസ്ഥാന്റെ' പുത്രനാണെന്ന മൗദൂദിയുടെ പരാമര്‍ശം ശ്രദ്ധിക്കുക. ഇന്ത്യക്കു പകരം ഹിന്ദുസ്ഥാന്‍ എന്ന പദപ്രയോഗം കോളനി വിരുദ്ധ ദര്‍ശനത്തിന്റെ തുടര്‍ച്ചയാണ്.
കൊളോണിയല്‍ വിജ്ഞാന രൂപം എങ്ങനെയാണ് എല്ലാം ഉള്‍ക്കൊള്ളുന്ന 'ഹിന്ദുസ്ഥാന്‍' എന്നതിനെ തുടച്ചുനീക്കി, പകരം ഹിന്ദുയിസത്തെ മാത്രമാക്കുന്ന 'ഇന്ത്യ' അവതരിപ്പിച്ചത് എന്ന് ചരിത്രകാരനായ മനാന്‍ ആസിഫ് പറയുന്നുണ്ട്. എന്നിട്ടും, കത്തില്‍ മൗദൂദിയും ഇസ്‌ലാമിക കരിക്കുലങ്ങളും ഇന്ത്യാ വിരുദ്ധമാണ്.

എ.എം.യുവിലെ നിരോധനം
മൗദൂദിയുടെയും ഖുത്വ്ബിന്റെയും ഗ്രന്ഥങ്ങള്‍ നിരോധിക്കാനുള്ള തീരുമാനം അമ്പരപ്പിക്കുന്നതാണ്.
ഒന്നാമതായി, ഈ കത്ത് സംബോധന ചെയ്യേണ്ടിയിരുന്നത് പ്രധാനമന്ത്രിയെ അല്ല, യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമീഷ(യു.ജി.സി)നെ ആയിരുന്നു. യു.ജി.സി ആവശ്യപ്പെട്ടാല്‍  എ.എം.യുവിന് തീരുമാനം നടപ്പാക്കേണ്ടിവരും. അക്കാദമിക തെളിവുകളില്ലാതെ രാഷ്ട്രീയ മാനങ്ങളോടെ നല്‍കിയ ഒരു കത്തിന്റെ പേരില്‍ പുസ്തകങ്ങള്‍ നിരോധിക്കുന്നത് എ.എം.യുവിനെപ്പോലെ മഹത്തായ ഒരു യൂനിവേഴ്‌സിറ്റിക്ക് ചേര്‍ന്നതല്ല. 'ഇന്ത്യന്‍' എന്നതിന്റെ പരിധിയും വ്യാപ്തിയും സംബന്ധിച്ച ഒരു സംവാദം സംഘടിപ്പിക്കുന്നതിന് പകരം എ.എം.യു ഏറെയായി നിലനിര്‍ത്തിയ ബൗദ്ധിക സ്വാതന്ത്ര്യവും അക്കാദമിക സ്വയംഭരണവും ഇത്തരം അനീതിപരവും വിഭജനബുദ്ധിയോടെയുള്ളതുമായ ഒരു ആവശ്യത്തിനു മുമ്പില്‍ ബലികഴിക്കുകയായിരുന്നു.
ലേഖനത്തിന്റെ തുടക്കത്തില്‍ നല്‍കിയ വാള്‍ട്ടര്‍ ബെഞ്ചമിന്റെ വാദം സുരക്ഷയെ കുറിച്ചുള്ളത് മാത്രമല്ല, മരിച്ചവരുടെ വ്യക്തിത്വത്തെ കുറിച്ചുകൂടിയാണ്. പതിവായി വാര്‍ത്തകളിലും ടെലിവിഷന്‍ ചര്‍ച്ചകളിലും തെരുവ് പ്രകടനങ്ങളിലും മറ്റും, മരിച്ചുപോയ ചക്രവര്‍ത്തി ഔറംഗസീബിനെ മോശമായാണ് ചിത്രീകരിച്ചുവരുന്നത്. ഈ 'അക്കാദമിക വിശാരദര്‍' മൗദൂദിയെ വിളിക്കുന്നത് 'ഔറംഗസീബിന്റെ മനസ്സുള്ളയാള്‍' എന്നാണ്.
മണ്‍മറഞ്ഞുപോയ ഔറംഗസീബിനെയും മൗദൂദിയെയും  നിരന്തരമായി ഭീഷണിപ്പെടുത്തുകയാണ്; ഒപ്പം ജീവിച്ചിരിക്കുന്ന നമ്മെയും. 
(വിവ: മന്‍സൂര്‍ മാവൂര്‍)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ- 8-11
ടി.കെ ഉബൈദ്‌

ഹദീസ്‌

അഭിവാദ്യത്തിന്റെ ഉദാത്ത രീതി
സഈദ് ഉമരി മുത്തനൂര്‍/ [email protected]