പുതിയ രാഷ്ട്രപതിക്ക് കടമകള്‍ നിറവേറ്റാനാകുമോ?
മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പിറകെ, പുതിയ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുര്‍മു തന്നില്‍ അര്‍പ്പിതമായ കടമകള്‍ നിറവേറ്റപ്പെടുമെന്ന് പ്രതീക്ഷിക്കാമോ?
ദലിതനായ മുന്‍ രാഷ്ട്രപതിയുടെ കാലത്ത് രാജ്യത്തുടനീളം 2300-ഓളം ദലിതുകളാണ് സവര്‍ണരാല്‍ കൊലചെയ്യപ്പെട്ടത്. 4000-ത്തോളം ആദിവാസികളും അവരുടെ കൊലക്കത്തിക്കിരയാവുകയുണ്ടായി. തന്റെ കാലത്താണ് സ്വാതന്ത്ര്യാനന്തരം ഏറ്റവുമധികം ദലിത്-ഗോത്രവര്‍ഗ ഹത്യകള്‍ നടമാടിയതെങ്കിലും ഈ ക്രൂരതക്കെതിരെ ചെറുവിരലനക്കാന്‍ പോലും അദ്ദേഹത്തിനായില്ല.
കോവിന്ദിനെ ഒരിക്കല്‍ ക്ഷേത്രത്തില്‍ കയറ്റുന്നതിന് പോലും വിലക്കേര്‍പ്പെടുത്തിയത്, തങ്ങള്‍ അധഃസ്ഥിത വിഭാഗത്തില്‍ പെട്ട വ്യക്തിക്ക് പരമോന്നത പദവി നല്‍കി ആദരിച്ചുവെന്ന് ഇപ്പോള്‍ ഊറ്റം പറയുന്ന സംഘ്പരിവാറുകാരായിരുന്നു. അയോധ്യയിലെ രാമക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തിയപ്പോള്‍ ദലിതനായ കോവിന്ദിനെ അകലെ മാറ്റിനിര്‍ത്തിയവരാണിവര്‍. പൂജാകര്‍മങ്ങള്‍ നടത്തിയ 108 സന്യാസിമാരില്‍ ഒറ്റ ദലിതനോ ആദിവാസിയോ ഉണ്ടായിരുന്നില്ല! പുതിയ രാഷ്ട്രപതിക്ക് വ്യത്യസ്തമായ അംഗീകാരം ഉണ്ടാവുമെന്ന് ജാതി ഭ്രാന്തിന്റെ അപ്പോസ്തലന്മാര്‍ നാട് വാഴുമ്പോള്‍ പ്രതീക്ഷിക്കുന്നത് മൗഢ്യമായിരിക്കും.
സ്വാതന്ത്ര്യലബ്ധിക്ക് ശേഷം, ഏഴ് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും, പുതിയ ടെക്‌നോളജിയും വിവര സാങ്കേതിക വിദ്യയും പുരോഗമന ചിന്തകളും വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന നവയുഗം പിറന്നിട്ടും ആദിവാസി-ദലിത് വിഭാഗത്തിലെ മഹാഭൂരിപക്ഷവും അകറ്റി നിര്‍ത്തപ്പെടുകയും ദുരിതം പേറുകയും ചെയ്യുകയാണ്. രാജ്യത്തെ 13 കോടിയോളം പേരും ദാരിദ്ര്യത്തിലാണ്. അവരുടെ ആവാസ കേന്ദ്രങ്ങള്‍ അധികാരം വാഴുന്നവരുടെ മൗനാനുവാദത്തോടെ കോര്‍പ്പറേറ്റുകള്‍ കൈയേറ്റം നടത്തുകയാണ്. മഹത്തായ നമ്മുടെ ഭരണഘടന മുന്നോട്ടുവെക്കുന്ന മൗലികാവകാശങ്ങളെയും ജനാധിപത്യ-മതേതര മൂല്യങ്ങളെയും തൃണവല്‍ഗണിച്ചുകൊണ്ട്, പൗരത്വ ഭേദഗതി നിയമവും കശ്മീരിന്റെ പ്രത്യേക പദവിയുടെ നിഷ്‌കാസനവും അടിച്ചേല്‍പ്പിച്ച് മുന്നോട്ടു പോകുന്ന കേന്ദ്രസര്‍ക്കാറിന്റെ നടപടികള്‍ക്കെതിരെ നിശ്ശബ്ദത പാലിച്ച മുന്‍ രാഷ്ട്രപതിയുടെ നിലപാട് തന്നെയാണ് 'കൊമ്പന്‍ പോയ വഴിയെ മോഴയും' എന്ന മട്ടില്‍ പുതിയ രാഷ്ട്രപതിയും സ്വീകരിക്കുന്നതെങ്കില്‍ 'വഞ്ചി തിരുനക്കരെ തന്നെ' നില്‍ക്കുമെന്ന കാര്യം സുനിശ്ചിതമാണ്.
'പട്ടിണി കിടക്കുന്ന കോടികളിലൊരാള്‍ക്ക് കുറച്ചിട മഹാ വിരുന്ന് കൊടുത്തതു കൊണ്ട് മഹാ ജനസമൂഹത്തിന്റെ വിശപ്പിന് പരിഹാരമാവുമോ?' എന്ന, പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്റെ ചോദ്യം പുതിയ രാഷ്ട്രപതിയുടെ കാര്യത്തില്‍ ഏറെ അന്വര്‍ഥമല്ലേ?
ഇങ്ങനെയൊക്കെയാണ് നമ്മുടെ കേരളം
മുഹമ്മദലി കൂട്ടായി
കേരളത്തിലേക്കിപ്പോള്‍ സ്വര്‍ണം കടത്തുന്നതും ചിലര്‍ പിടിക്കപ്പെടുന്നതും നിത്യ സംഭവമായിട്ടുണ്ട്. ഈ ചക്കരക്കുടത്തില്‍ കൈയിട്ടു നക്കുന്നവരില്‍ വിമാനത്താവളത്തിലെ ജോലിക്കാര്‍ വരെയുണ്ട്. കട്ടവന്‍ പിടിക്കപ്പെടാതെ പുറത്തു കടന്നാല്‍, അവനെത്തട്ടി, സ്വര്‍ണം കവരാന്‍ സാഹസികരായ യുവാക്കള്‍ പുറത്ത് കാത്തുനില്‍ക്കുന്നുണ്ടാകും. പിന്നെ, അവന്‍ വീട്ടിലെത്തില്ല. സ്വര്‍ണം ഇവരെ ഹിംസ്രജന്തുക്കളാക്കുന്നു. ഇത്തരം ഹിംസ്ര ജന്തുക്കള്‍ കേരളത്തില്‍ ഉദ്യോഗസ്ഥരിലും ജനപ്രതിനിധികളിലും ഉണ്ട്. നയതന്ത്ര ചാനല്‍ വഴിയും മറ്റും കടത്തുന്ന സ്വര്‍ണവും നമ്മുടെ നാട്ടില്‍ വലിയ വിവാദമായിരുന്നല്ലോ. കല്യാണ വേളയില്‍ പെണ്‍ ശരീരം അലങ്കരിക്കാനാണ് സാധാരണക്കാര്‍ സ്വര്‍ണം ഉപയോഗിക്കുന്നത്. ആ സ്വര്‍ണം തന്നെ പെണ്ണിന്റെ കൊലക്കയറായിത്തീരുന്നു. കല്യാണം ഉറപ്പിക്കും മുമ്പുതന്നെ പെണ്‍വീട്ടുകാര്‍ പെണ്ണിന് കൊടുക്കുന്ന സ്വര്‍ണത്തിന്റെ കണക്ക് മറുപക്ഷത്തിന് നല്‍കണം. പെണ്ണും പൊന്നും ബന്ധപ്പെട്ടവയാണ്. ഈ ആഭരണ ഭ്രമം ഒന്നവസാനിപ്പിച്ചിരുന്നെങ്കില്‍!
കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച, കനകവും കാമിനിയുമായി ബന്ധപ്പെട്ട കഥകളാണ് ഇന്നത്തെ ചര്‍ച്ചാ വിഷയം. ഉദ്യോഗസ്ഥരും മന്ത്രിമാരും രാഷ്ട്രീയക്കാരും യു.എ.ഇ കോണ്‍സുലേറ്റും മറ്റും കഥാപാത്രങ്ങളാണ്. പലവട്ടം കടത്തിയ സ്വര്‍ണത്തിന് കണക്കില്ലത്രെ! ആ സ്വര്‍ണചാക്കുകള്‍ ഇപ്പോള്‍ എവിടെയാണ്? അത് എവിടെയാണ് മറഞ്ഞിരിക്കുന്നത്! പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് ഇപ്പോള്‍ കേരളത്തില്‍നിന്ന് വീശുന്ന കാറ്റില്‍ സുഗന്ധദ്രവ്യങ്ങളുടെയും ഏലാവള്ളികള്‍ വീശുന്ന കാറ്റിന്റെയും സുഗന്ധമില്ല. കേരളത്തിലെ സ്വര്‍ണക്കടത്തിന്റെ നാറിയ കാറ്റാണ് വീശുന്നത്. കള്ളിന്റെയും കഞ്ചാവിന്റെയും ഗന്ധമാണെങ്ങും! ലൗ ജിഹാദും നാര്‍ക്കോട്ടിക്ക് ജിഹാദും പറഞ്ഞു നടക്കുന്നവരും സ്വന്തം മക്കളെ എറിഞ്ഞു കൊല്ലുന്ന അമ്മമാരും പ്രേമനൈരാശ്യത്താല്‍ പെണ്‍കുട്ടികളെ വെട്ടിക്കൊല്ലുന്ന കാമുകന്മാരും അഴിമതിക്കാരായ ഉദ്യോഗസ്ഥരും നിറയുന്നു. കലാലയങ്ങളിലും, വീടുകളില്‍ പോലും പെണ്‍മക്കള്‍ സുരക്ഷിതരല്ലാതായിരിക്കുന്നു. തട്ടിപ്പുകാരും വെട്ടിപ്പുകാരും ലഹരിക്കാരും സുഖമായി വസിക്കുന്ന കാലം. കണ്ണൂരില്‍ പതിനാറുകാരനായ ഹൈസ്‌കൂള്‍ വിദ്യാര്‍ഥി മയക്കുമരുന്നു നല്‍കി പീഡിപ്പിച്ച പെണ്‍കുട്ടികള്‍ ഡസനോളം! ഇതിലേക്ക്, മന്ത്രി പറഞ്ഞ യൂനിഫോം സംസ്‌കാരവും ഒന്നിച്ചിരുത്തവും കൂടി വന്നാല്‍!
കുടുംബ
കേസുകളില്‍ ബോധവല്‍ക്കരണം
അനിവാര്യം
അഡ്വ. അഹ്മദ് മീര്‍സാ / 807557101
കഴിഞ്ഞ ഒരു വര്‍ഷമായി കൊല്ലം ജില്ലയിലെ വിവിധ കുടുംബകോടതികളില്‍ ജൂനിയര്‍ അഭിഭാഷകനായി കേസുകളില്‍ വാദം പറയാന്‍ അവസരം ലഭിക്കുകയുണ്ടായി. ഗൗരവത്തോടെ കാണേണ്ട ചില കണക്കുകളും പ്രതികരണങ്ങളും മാമൂലുകളും അപ്പോള്‍ ശ്രദ്ധയില്‍ പെടുകയുണ്ടായി. 1937-ല്‍ പാസാക്കിയതാണ് മുസ്‌ലിം വ്യക്തി നിയമ (ശരീഅത്ത്) ആപ്ലിക്കേഷന്‍ ആക്ട്. മുസ്‌ലിം ജനവിഭാഗങ്ങള്‍ തമ്മിലുള്ള വിവാഹം, വിവാഹമോചനം, അനന്തരാവകാശം, പരിപാലനം, മഹര്‍, രക്ഷാകര്‍ത്തവ്യം, ഇഷ്ടദാനം, ട്രസ്റ്റ്, ട്രസ്റ്റ് വസ്തുവകകള്‍, വഖ്ഫ്, മറ്റു വ്യക്തിപരമായ ഇടപാടുകള്‍ എല്ലാം ഈ നിയമം അനുസരിച്ചാണ് നിര്‍ണയിക്കപ്പെടേണ്ടത്. നിയമത്തിന്റെ കാഴ്ചപ്പാടില്‍ ഇതു സംബന്ധിച്ച വ്യക്തത വരുത്താന്‍ ഒരു ഉദാഹരണം സൂചിപ്പിക്കാം. രാജ്യത്തിന്റെ ക്രിമിനല്‍ നടപടികള്‍ നിയന്ത്രിക്കുന്നത് ഇന്ത്യന്‍ ക്രിമിനല്‍ ആക്ട് 1860, അഥവാ Indian Penal Code 1860(IPC) എന്ന നിയമമാണ്. ജാതി-മത-ഭേദമന്യേ ഈ നിയമം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. എന്നാല്‍, സിവില്‍ നടപടികളുമായി ബന്ധപ്പെട്ട് പല ജനവിഭാഗങ്ങള്‍ക്ക് അവരുടെതായ വ്യക്തി നിയമങ്ങള്‍ നിലവിലുണ്ട്. ഉദാ:-Hindu Marriage Act 1955, Hindu Succession Act 1956, Indian Christian Marriage Act 1872, Parsi Marriage and Divorce Act 1936, Muslim Shariat (Application) Act 1937.......etc
അവരവരുടെ സ്വത്വം സംരക്ഷിക്കാനും വിവിധ വിഷയങ്ങളില്‍, തങ്ങളുടെ വേദഗ്രന്ഥങ്ങള്‍ നിര്‍ദേശിക്കുന്നതിനനുസരിച്ചുള്ള വിധി വിലക്കുകള്‍ പാലിക്കാനും സംരക്ഷിക്കാനും മേല്‍സൂചിപ്പിച്ച നിയമങ്ങള്‍ ഇന്ത്യയിലെ പൗരന്‍മാര്‍ക്ക് അവകാശം നല്‍കുന്നുണ്ട്.
ഭരണഘടനയുടെ 3-ാം ഭാഗം Article 25 മുതല്‍ Article 30 വരെ, സ്വന്തം അസ്തിത്വവും ആദര്‍ശവും സംരക്ഷിക്കാനും പ്രചരിപ്പിക്കാനുമുള്ള നിയമങ്ങള്‍ കൃത്യമായി 'മൗലിക അവകാശം' എന്ന തലക്കെട്ടില്‍ ഇന്ത്യയുടെ സ്വതന്ത്ര ഭരണഘടനയില്‍ നിര്‍വചിച്ചിട്ടുണ്ട്. ഇതെല്ലാം നാം ഗൗരവത്തില്‍ മനസ്സിലാക്കണമെന്ന് പറയുന്നത്, ഇനി വരുന്ന ഇന്ത്യയില്‍ എന്തെല്ലാം മാറ്റങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട് എന്ന് വിശകലനം ചെയ്യാന്‍ കൂടിയാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വംശീയ ഉന്മൂലനാഹ്വാനം നടത്തുന്ന പോപുലിസ്റ്റ് ഭരണസംവിധാനം മാത്രമല്ല വിഷയമാകേണ്ടത്. ഒരു സമുദായം എന്ന നിലയില്‍ ജനങ്ങള്‍ക്കിടയില്‍ മതപരമായ, വ്യക്തിപരമായ, സാമൂഹികമായ വിഷയങ്ങളില്‍ കാണപ്പെടുന്ന വൈരുധ്യങ്ങള്‍ കൂടി ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.
മേല്‍സൂചിപ്പിച്ച മേഖലകളിലെല്ലാം കൃത്യമായ ഇസ്‌ലാമിക മാതൃക നിലവിലുണ്ട്. എന്നാല്‍, അത് പ്രാവര്‍ത്തികമാക്കുന്ന കാര്യത്തില്‍ എത്രത്തോളം സൂക്ഷ്മത പാലിക്കാന്‍ കഴിയുന്നുണ്ട് എന്ന് പരിശോധിക്കണം. ഉദാഹരണത്തിന്, ഞാന്‍ പ്രാക്ടീസ് ചെയ്യുന്ന മേഖലയില്‍ മുസ്‌ലിം സമൂഹത്തില്‍ നിന്നുള്ള കുടുംബക്കേസുകള്‍ ഗണ്യമായി ഉയരുന്നതായാണ് കാണാന്‍ സാധിച്ചത്. ഒരു വിധത്തിലുള്ള ഇസ്‌ലാമിക മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഈ വിഷയങ്ങളെ നാം ഒരു പരിധി വരെ സമീപിക്കുന്നത്.
ഇസ്‌ലാമിക വിവാഹവുമായി ബന്ധപ്പെട്ട ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന വിഷയമാണ് 'മഹര്‍'. സ്ത്രീയുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കുമായി, ജാഹിലിയ്യാ കാലഘട്ടത്തില്‍ നിലനിന്നിരുന്ന ചൂഷണങ്ങള്‍ക്കെതിരെ ഖുര്‍ആനിക നിര്‍ദേശമനുസരിച്ച് പ്രവാചകന്‍ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങളിലൊന്നായിരുന്നു അത്. പക്ഷേ, ഇന്ന് ഇസ്‌ലാമിക സമൂഹങ്ങള്‍ക്കിടയില്‍ ജാഹിലിയ്യാ കാലഘട്ടത്തെക്കാള്‍ മോശമായ രീതിയില്‍, സ്ത്രീധനമെന്ന നീതിരഹിതമായ അനാചാരത്തിന് നിശ്ശബ്ദമായി സമ്മതം കൊടുക്കുകയാണ്. സര്‍വശക്തന്‍ പ്രാധാന്യം നല്‍കിയ മഹറിനെ അതിന്റെ ശരിയായ അര്‍ഥത്തില്‍ നോക്കിക്കാണാതിരിക്കുകയും സൗകര്യം പോലെ അതിനെ ലഘുവായി കാണുകയും ചെയ്യുന്നു.
ഇത്തരം വിഷയങ്ങള്‍, ഞാന്‍ ഉള്‍പ്പെടുന്ന അഭിഭാഷക സമൂഹത്തിന് മറ്റെല്ലാ കേസുകളെപ്പോലെ ഒരു കേസ് മാത്രമായി ഒതുങ്ങിപ്പോകുന്നുണ്ടോ എന്നും പരിശോധിക്കണം. ഇതുമായി ബന്ധപ്പെടേണ്ടി വരുന്ന ജനവിഭാഗങ്ങള്‍ക്ക് വര്‍ഷങ്ങളുടെ സമയനഷ്ടവും ധനനഷ്ടവും ഉണ്ടാകുന്നതിന് പുറമെ, സമാധാനവും സൈ്വര ജീവിതവും നഷ്ടമാവുകയും ചെയ്യുന്നു. ഈ വിഷയങ്ങള്‍ എങ്ങനെ നേരിടണമെന്നും അതിന് എങ്ങനെ പരിഹാരം കണ്ടെത്തണമെന്നുള്ള അര്‍ഥപൂര്‍ണമായ ചര്‍ച്ചകള്‍ ഇനിയെങ്കിലും നാട്ടിലെ പൊതു കൂട്ടായ്മകളിലും മഹല്ല് കമ്മിറ്റികളിലും നടത്തേണ്ടതായിട്ടുണ്ട്.
Comments