Prabodhanm Weekly

Pages

Search

2022 മെയ് 20

3252

1443 ശവ്വാല്‍ 19

പ്രത്യാശയുടെ വിത്തുകള്‍ മുളപ്പിക്കുന്ന മഴ

ശമീര്‍ബാബു കൊടുവള്ളി

വിശുദ്ധവേദത്തിന്റെ ഓരോ വശവും മനോഹരമാണ്. അതിന്റെ അക്ഷരം, പദം, സാഹിത്യം, ആശയം തുടങ്ങി എല്ലാം സുന്ദരമാണ്. വിശുദ്ധവേദം ദൈവികമായതിനാലാണ് അത്രമേല്‍ സ്വത്വത്തെ അത് ത്രസിപ്പിക്കുന്നത്. മനുഷ്യന്റെ മുഴുവന്‍ ഭാവനകള്‍ക്കും അപ്പുറമുള്ള അധ്യാത്മികമായ ശില്‍പ്പത്തിലാണ് അതിന്റെ ആവിഷ്‌ക്കാരം. അത് ഒരേ സമയം എഴുത്തും(കിതാബ്) സംസാര(കലാം)വുമാണ്.  വിശുദ്ധവേദത്തിന് തുല്യം വിശുദ്ധവേദം മാത്രം.
വിശുദ്ധവേദത്തിന് ഒത്തിരി വ്യാഖ്യാന ഗ്രന്ഥങ്ങള്‍ ഓരോ കാലത്തും വിരചിതമായിട്ടുണ്ട്. രചനാ രീതിയിലും ഉള്ളടക്കത്തിലും സമീപനത്തിലുമൊക്കെ അവ വൈവിധ്യം പുലര്‍ത്തുന്നു. ഇബ്‌നുകസീറിന്റെ തഫ്‌സീറുല്‍ ഖുര്‍ആനില്‍ അളീം, മുഹമ്മദ് അസദിന്റെ മെസ്സേജ് ഓഫ് ഖുര്‍ആന്‍, സയ്യിദ് മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്‍ എന്നിവ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ ചിലതാണ്. അവ കൂടാതെ, വിശുദ്ധവേദത്തെ അധികരിച്ച് ധാരാളം സ്വതന്ത്ര കൃതികളും രചിക്കപ്പെട്ടിട്ടുണ്ട്. ഖുര്‍ആനിന്റെ സാഹിത്യം, കല, സൗന്ദര്യം എന്നിവ പ്രമേയങ്ങളായി വരുന്ന സയ്യിദ് ഖുതുബിന്റെ അത്തസ്‌വീറുല്‍ ഫന്നി ഫില്‍ ഖുര്‍ആന്‍ എന്ന കൃതി ഉദാഹരണമാണ്. വിശുദ്ധവേദത്തിലെ കഥകള്‍, ഉപമകള്‍, ചരിത്രം, ഭാഷ, കോര്‍വ തുടങ്ങി ഓരോ വിഷയത്തെ സംബന്ധിച്ചും നിരവധി കൃതികളാണ് പുറത്തുവന്നിട്ടുള്ളത്. ഭൂമിയിലെ വൃക്ഷങ്ങള്‍ പേനകളും സമുദ്രങ്ങള്‍ അവക്കുള്ള മഷികളുമായി ദൈവ വചനങ്ങള്‍ക്ക് വിശദീകരണം എഴുതിയാല്‍പോലും, ദൈവ വചനങ്ങളുടെ പൊരുളുകള്‍ അനന്തമായി ശേഷിക്കുമെന്നത് ഒരു യാഥാര്‍ഥ്യമാണ്.
വിശുദ്ധവേദത്തെ അധികരിച്ചുള്ള ഈടുറ്റ സംഭാവനകളുടെ കൂട്ടത്തിലേക്ക് ചേര്‍ത്തുവെക്കാവുന്നതാണ് കൂര ബുക്‌സ് പ്രസിദ്ധീകരിച്ച അബ്ദുല്‍ ഹഫീദ് നദ്വിയുടെ 'ഖുര്‍ആന്‍ മഴ' എന്ന രചന. ഈ രചനക്ക് ഒരു പുതുമയുണ്ട്. വിശുദ്ധവേദം മുപ്പത് ഭാഗങ്ങളിലായാണല്ലോ ദൈവം സംവിധാനിച്ചിരിക്കുന്നത്. ഈ രചനയും ഗ്രന്ഥകാരന്‍ സംവിധാനിച്ചിരിക്കുന്നത് മുപ്പത് ഭാഗങ്ങളിലായാണ്. ഓരോ ഭാഗത്തും ആ ഭാഗത്തിന്റെ സാരസത്ത ലളിതവും വൈജ്ഞാനികവുമായ രീതിയില്‍ ഇതള്‍വിരിയുന്നു. 'ഖുര്‍ആന്‍ മഴ'യുടെ മുപ്പത് ഭാഗങ്ങളിലൂടെ പ്രജ്ഞ കയറിയിറങ്ങുമ്പോള്‍, വിശുദ്ധവേദത്തിന്റെ മുഴുചിത്രം വായനക്കാരുടെ മുമ്പില്‍ അനാവൃതമാവുന്നു.
'സൂക്ഷ്മാലുക്കള്‍ക്കുള്ള സന്മാര്‍ഗമാണീ ഗ്രന്ഥം' എന്ന ശീര്‍ഷകത്തോടെയാണ് ഒന്നാം ഭാഗം ആരംഭിക്കുന്നത്. സൂക്തങ്ങളുടെ ഗാംഭീര്യവും പ്രോജ്വലതയും ഈ ഭാഗത്ത് അനുഭവിക്കാം. ധര്‍മബോധമുള്ളവര്‍ക്കുള്ള മാര്‍ഗദര്‍ശനമാണ് വേദം, മനുഷ്യന്‍ ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധിയാണ്, ദൈവത്തോടുള്ള ബാധ്യതകള്‍ മനുഷ്യന്‍ നിര്‍വഹിക്കണം, ജനങ്ങളുടെ സൈ്വര്യപൂര്‍ണമായ ജീവിതം ഉറപ്പു വരുത്തണം തുടങ്ങി നിരവധി തത്വജ്ഞാനപരമായ ചിന്തകള്‍ ഒന്നാം ഭാഗത്ത് വായനക്കാരന് ആസ്വദിക്കാം.
ഏറെ ആകര്‍ഷണീയമാണ് 'ഇസ്ലാം പ്രകാശമാണ്' എന്ന തലക്കെട്ടിലുള്ള എട്ടാം ഭാഗം. 'കന്നുകാലികള്‍'(അല്‍അന്‍ആം) അധ്യായത്തിലെ 111 മുതല്‍ 165 വരെയുള്ള അവസാന സൂക്തങ്ങളും 'മതില്‍'(അല്‍അഅ്‌റാഫ്) അധ്യായത്തിലെ ഒന്നുമുതല്‍ 87 വരെയുള്ള ആദ്യസൂക്തങ്ങളുമാണ് ഈ ഭാഗം ഉള്‍ക്കൊള്ളുന്നത്. ഇസ്ലാം പ്രകാശമാണ്, ദൈവത്തിന്റെ പ്രകാശം. ആ പ്രകാശത്തെ സ്വാംശീകരിക്കുമ്പോഴാണ് ജീവിതത്തിന് തെളിമയും വിശുദ്ധിയും ലഭിക്കുന്നത്. എന്നാല്‍, ഓരോ സമൂഹത്തിലെയും അസത്യത്തിന്റെ വക്താക്കള്‍ ആ പ്രകാശത്തെ ഊതിയണയ്ക്കാനും എതിര്‍ത്ത് തോല്‍പ്പിക്കാനുമാണ് നിരന്തരം ശ്രമിക്കുന്നത്. ഈ വക യാഥാര്‍ഥ്യങ്ങളെ ആശയം ഒട്ടും ചോരാതെയാണ് ഗ്രന്ഥകാരന്‍ വരച്ചിടുന്നത്.
ഇരുപത്തിനാലാം അധ്യായമാണ് 'ഖുര്‍ആനിന്റെ അവതരണലക്ഷ്യം മാര്‍ഗ ദര്‍ശനമാണ്' എന്ന തലക്കെട്ടില്‍. ഹുബൂത്വ്(നിഷ്ഫലം) എന്ന അറബി ശബ്ദത്തിന്റെ അടിസ്ഥാന അര്‍ഥം ഈ ഭാഗത്ത് വായിക്കാം. വിശുദ്ധവേദത്തിന്റെ അവതരണോദ്ദേശ്യം മാനവികതയുടെ മാര്‍ഗദര്‍ശനമാണെന്ന് സൂചിപ്പിച്ചുകൊണ്ട് ഈ അധ്യായം അവസാനിക്കുന്നു.
അബ്ദുല്‍ ഹഫീദ് നദ്വിയുടെ ഖുര്‍ആന്‍ മഴ, സ്വത്വത്തെയും ആത്മാവിനെയും പ്രജ്ഞയെയും പുളകംകൊള്ളിക്കുന്ന അക്ഷരാര്‍ഥത്തിലുളള മഴയാണ്. മഴപ്പെയ്ത്തിനും വെളിപാട് അവതരണത്തിനും വര്‍ഷിപ്പിക്കലെന്ന അര്‍ഥമുള്ള 'ഇന്‍സാല്‍' എന്ന ഒറ്റപ്പദമാണ് ദൈവം ഉപയോഗിച്ചിട്ടുള്ളതെന്ന് കാണാനാവും. അതെ, വിശുദ്ധവേദം മഴയാണ്: അനുഗ്രഹത്തിന്റെ മഴ; ജീവിതത്തെ നവീകരിക്കുന്ന മഴ; പ്രത്യാശയുടെ വിത്തുകള്‍ക്ക് പിറവിയേകുന്ന മഴ.  


 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-10-12
ടി.കെ ഉബൈദ്‌

ഹദീസ്‌

ഞാനറിയുന്നത് നിങ്ങളറിഞ്ഞിരുന്നുവെങ്കില്‍...
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌