Prabodhanm Weekly

Pages

Search

2022 മെയ് 20

3252

1443 ശവ്വാല്‍ 19

വിധവ എവിടെയാണ് ഇദ്ദ ഇരിക്കേണ്ടത്?

മാലാനാ റദിയ്യുല്‍ ഇസ്‌ലാം നദ്‌വി

പ്രശ്‌നവും വീക്ഷണവും
 


എന്റെ വലിയ അമ്മാവന്‍ മരണപ്പെട്ടു. അദ്ദേഹത്തിന്റ വീട് ചെറുതായത് കൊണ്ട് മയ്യിത്ത് കൊണ്ട് വന്നത് അദ്ദേഹത്തിന്റെ ഒരു സഹോദരിയുടെ വീട്ടിലേക്കാണ്. അദ്ദേഹത്തിന്റെ വീട്ടുകാരും അങ്ങോട്ട് വന്നു. മരിച്ചയാളുടെ വിധവക്ക് ഈ ഭര്‍തൃ സഹോദരിയുടെ വീട്ടില്‍ ഇദ്ദ ഇരിക്കാന്‍ പറ്റുമോ? സ്വന്തം വീട്ടില്‍ തന്നെ ഇദ്ദ ഇരിക്കണമെന്നുണ്ടോ?
ഒരു വ്യക്തി മരണപ്പെടുന്നതോടു കൂടി അദ്ദേഹത്തിന്റെ വിധവ നാലു മാസവും പത്തുദിവസവും  ഇദ്ദ ആചരിക്കണം എന്നതാണ്  അല്ലാഹുവിന്റെ വിധി.  'നിങ്ങളില്‍നിന്ന് ഇണകളെ വിട്ട് മരണപ്പെട്ടു പോകുന്നവര്‍ - അവരുടെ ഭാര്യമാര്‍ നാലുമാസവും പത്ത് ദിവസവും തങ്ങളെ സ്വയം തടഞ്ഞു വെക്കേണ്ടതാണ്' (അല്‍ബഖറ: 234). ആ സ്ത്രീ ഭര്‍ത്താവിനോടൊപ്പം താമസിച്ചിരുന്നത് എവിടെയാണോ അവിടെത്തന്നെയാണ് അവര്‍ ഇദ്ദ ആചരിക്കേണ്ടതും. എന്തെങ്കിലും ന്യായമായ ഒഴികഴിവ് ഉണ്ടെങ്കിലല്ലാതെ അവര്‍ക്ക് ഭര്‍ത്തൃഗൃഹത്തില്‍ നിന്ന് വിട്ടുപോയി ഇദ്ദ അനുഷ്ഠിക്കാവതല്ല. അബൂ സഈദില്‍ ഖുദ്രിയുടെ സഹോദരി ഫരിയാ ബിന്‍ത് മാലിക് വിധവയായപ്പോള്‍ നബിതിരുമേനിയുടെ സമക്ഷത്തിങ്കല്‍ ചെന്നു തന്റെ മാതാപിതാക്കളുടെ വീട്ടില്‍ ഇദ്ദ ആചരിക്കുന്നതിനു അനുമതി ചോദിച്ചു. ആദ്യം അനുമതി നല്‍കിയ നബി തിരുമേനി ഉടനെതന്നെ അവരെ തിരിച്ചുവിളിച്ച് ആ കാലയളവ് പൂര്‍ത്തിയാകും വരെ സ്വന്തം ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ കഴിച്ചുകൂട്ടാന്‍ ആജ്ഞാപിച്ചു (അബൂദാവൂദും തിര്‍മിദിയും റിപ്പോര്‍ട്ട് ചെയ്ത ഹദീസ്).
എന്നാല്‍ സ്ത്രീക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ ഇദ്ദ കാലയളവ് കഴിച്ചുകൂട്ടുന്നതിന് ന്യായമായ വല്ല പ്രതിബന്ധവും ഉണ്ടെങ്കില്‍, ഉദാഹരണമായി,  ആ വീട്  വാടക വീടാണ്, ഉടമസ്ഥന്‍ അത് ഒഴിവാക്കി കൊടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നു അല്ലെങ്കില്‍ തന്റെ കൂടെ താമസിക്കാന്‍ അവര്‍ക്ക് മറ്റൊരാളുമില്ല, അവര്‍ ഒറ്റക്ക് താമസിക്കുന്നത് അവരുടെ അഭിമാനം, സ്വത്ത്, ജീവന്‍ എന്നിവക്കെല്ലാം ഭീഷണിയാവും അതുമല്ലെങ്കില്‍ അവര്‍ പരസഹായം ആവശ്യമുള്ള ആളാണ് - ഇത്തരം ഘട്ടങ്ങളില്‍ അവര്‍ക്ക് മറ്റേതെങ്കിലും സ്ഥലത്ത് ഇദ്ദ കാലം കഴിച്ചുകൂട്ടാവുന്നതാണ്.
ദുഃഖാചരണ കാലം എന്റര്‍ടെയ്ന്‍മെന്റിനുള്ള അവസരം പോലെ  ഒരിക്കലും കണ്ടുകൂടാത്തതാണ്. കുറച്ചുദിവസം മകന്റെ വീട്ടില്‍, കുറച്ചു ദിവസം മകളുടെ വീട്ടില്‍, കുറച്ചുനാള്‍ സഹോദരിയുടെ കൂടെ ഇങ്ങനെ പലയിടങ്ങളിലായി ഇദ്ദ കാലം കഴിച്ചു കൂട്ടുന്നതിനു പകരം എവിടെയാണോ അവര്‍ താമസമാക്കിയത് അവിടെ തന്നെയാണ് ആ കാലം പൂര്‍ത്തിയാകും വരെ അവര്‍ കഴിച്ചു കൂട്ടേണ്ടത്. ഭര്‍ത്താവ് മരണപ്പെടുന്നത്  അകലെയേതോ ദേശത്ത് വെച്ചാണ്, അവിടെ തന്നെ അദ്ദേഹം മറമാടപ്പെടുകയും ചെയ്തു എങ്കില്‍ അവര്‍ ഭര്‍ത്താവിനോടൊപ്പം എവിടെയാണോ കഴിച്ചു കൂട്ടിയിരുന്നത് അവിടേക്ക് തിരിച്ചുവന്ന് ഇദ്ദ കാലം കഴിച്ചു കൂട്ടുകയാണ് വേണ്ടത്. മറമാടപ്പെട്ട ഉടനെത്തന്നെ അവിടം വിട്ടു പോകണമെന്നില്ല. സൗകര്യമനുസരിച്ച് കുറച്ച് അവിടെ കഴിച്ചു കൂട്ടി വീട്ടിലെത്താനുള്ള സത്വര നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്.


ജീവിത കാലത്ത് തന്നെ
സ്വത്ത് ദാനം ചെയ്യാമോ?

ഞാന്‍ വിവാഹം കഴിച്ചത് മതനിഷ്ഠയുള്ള ഒരു കുടുംബത്തില്‍ നിന്നാണ്. ഇപ്പോള്‍ എനിക്ക് 66 വയസ്സ്. ഭാര്യയും രണ്ടു പെണ്‍കുട്ടികളുമുണ്ട്. പുറമെ മൂന്ന് സഹോദരന്മാരും രണ്ടു സഹോദരികളും. അവരെല്ലാവരും നല്ല സാമ്പത്തിക ഭദ്രത ഉള്ളവരാണ്, അല്‍ഹംദുലില്ലാഹ്. എനിക്ക് എന്റെ ഉടമസ്ഥതയിലുള്ള സ്വത്ത് എന്റെ ഭാര്യക്കും കുട്ടികള്‍ക്കും ജീവിതകാലത്തുതന്നെ ദാനം നല്‍കാമോ? അവരെ അതിന്റെ ഉടമസ്ഥര്‍ ആക്കാമോ?
ഒരാളുടെ അധീനതയിലുള്ള പ്രോപ്പര്‍ട്ടി മറ്റൊരാളുടെ ഉടമസ്ഥതയില്‍ ആക്കുന്നതിന് ഇസ്‌ലാമിക ശരീഅത്തില്‍ മൂന്ന് രീതികള്‍ ഉണ്ട്. അനന്തരാവകാശം ആണ്  ഒരു രീതി. അതായത് മരണപ്പെട്ട ശേഷം  ഒരാളുടെ ഉടമസ്ഥതയിലുള്ള മുഴുവന്‍ സ്വത്തുക്കളും അദ്ദേഹത്തിന്റെ അനന്തരാവകാശികള്‍ക്കിടയില്‍ വീതിക്കപ്പെടുക. വസ്വിയ്യത്ത് ആണ് രണ്ടാമത്തെ രീതി. അതിന് രണ്ട് ഉപാധികള്‍ ഉണ്ട്. ഒന്ന്, വസ്വിയ്യത്ത് അനന്തരാവകാശികള്‍ക്ക് അല്ലാതിരിക്കുക. രണ്ട്, വസ്വിയത്ത് ചെയ്യപ്പെടുന്നത് മൂന്നിലൊന്നില്‍ കൂടുതല്‍ സ്വത്ത്  ആവാതിരിക്കുക. ദാനം നല്‍കുകയാണ് മൂന്നാമത്തെ രീതി. അതായത് ജീവിതകാലത്തു തന്നെ ഒരാള്‍ തന്റെ സ്വത്ത് ദാനമായി നല്‍കുക.
ശരീഅത്ത് അനുസരിച്ച് ഒരാള്‍ക്ക് തന്റെ ഉടമസ്ഥതയിലുള്ള സ്വത്ത് ഇഷ്ടാനുസാരം കൈകാര്യം ചെയ്യാനുള്ള അവകാശമുണ്ട്. പക്ഷേ അനന്തരാവകാശികള്‍ക്ക് സ്വത്ത് വിഹിതം തടയുക,അല്ലെങ്കില്‍ അവര്‍ക്ക് എന്തെങ്കിലും നഷ്ടം വരുത്തുക എന്ന  ഉദ്ദേശ്യത്തോടുകൂടി ആര്‍ക്കെങ്കിലും സ്വത്ത് ദാനം നല്‍കുന്നത് ശരിയല്ല. മക്കള്‍ക്ക് ദാനം നല്‍കുകയാണെങ്കില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യം ആയിട്ടാണ് നല്‍കേണ്ടത്. അവര്‍ക്കിടയില്‍ യാതൊരു വ്യത്യാസവും കല്‍പ്പിക്കപ്പെടാവതല്ല.
ഭാര്യക്കും പെണ്‍കുട്ടികള്‍ക്കും  സ്വത്ത് ദാനം നല്‍കാന്‍ ഉദ്ദേശിക്കുന്ന ആള്‍ ഭാര്യക്ക് എത്രയാണോ നല്‍കാന്‍ ഉദ്ദേശിക്കുന്നത് അത് ഭാര്യയുടെ പേരില്‍  എഴുതി കൊടുക്കുക. ബാക്കി വരുന്നത് രണ്ടു പെണ്‍കുട്ടികള്‍ക്കും തുല്യമായി വീതിക്കുക. ഇതാണ് അതിന്റെ രീതി.
ദാനം നല്‍കപ്പെട്ട സ്വത്തിന്റെ ഉടമാവകാശം പൂര്‍ണമായും ദാനം നല്‍കിയ ആളില്‍നിന്ന് ദാനം നല്‍കപ്പെട്ട ആളിലേക്ക് നീങ്ങും. അഥവാ ദാനം നല്‍കിയ ആള്‍ക്ക് അതിന്മേല്‍ ഒരു അവകാശവും ഉണ്ടായിരിക്കുന്നതല്ല. തന്റെ പുരയിടം ഏതെങ്കിലും വ്യക്തിക്ക് ദാനമായി നല്‍കിയാല്‍ നല്‍കപ്പെട്ട ആളുടെ അനുമതിയോടെ മാത്രമേ പിന്നെ അയാള്‍ക്ക് ആ പുരയിടത്തില്‍ താമസിക്കാന്‍ സാധിക്കുകയുള്ളൂ.

ആ മകന് പിതാവിന്റെ
അനന്തരസ്വത്തില്‍ അവകാശമില്ലേ?

എന്റെ ഒരു  സുഹൃത്തുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്. ഈ പ്രശ്‌നത്തിന് ശരീഅത്തിന്റെ വെളിച്ചത്തില്‍ ദയവായി മാര്‍ഗനിര്‍ദ്ദേശം നല്‍കിയാലും. അദ്ദേഹത്തിന് രണ്ട് ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളും ഉണ്ട്. മൂത്ത മകന്‍ ഉപരിപഠനത്തിന് അമേരിക്കയില്‍ പോയി അവിടെ വെച്ച് അവന്‍ തന്റെ മാതാപിതാക്കളുടെ അറിവോ സമ്മതമോ കൂടാതെ  മുസ്‌ലിമല്ലാത്ത  ഒരു അമേരിക്കന്‍ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു.. എന്റെ സുഹൃത്ത് മകന്റെ ഈ  വിഷയത്തില്‍ ഒട്ടും തൃപ്തനല്ല. ഇത് ദീന്‍ അല്ല, അതുകൊണ്ടുതന്നെ അനന്തരാവകാശത്തില്‍ അവന് അവകാശവുമില്ല എന്നാണ് അദ്ദേഹം പറയുന്നത്. ഈ നിലപാട് ശരിയാണോ? അദ്ദേഹത്തിന്റെ മകന്‍ മുസ്‌ലിമല്ലാത്ത ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചതുകൊണ്ട് പിതാവിന്റെ അനന്തരാവകാശത്തിന് അര്‍ഹനല്ലാതായിത്തീരുമോ? ശരീഅത്തിന്റെ വെളിച്ചത്തില്‍  മറുപടി നല്‍കിയാലും.
ഒരു മുസ്‌ലിം പുരുഷനു  മുസ്‌ലിമല്ലാത്ത സ്ത്രീയെ വിവാഹം കഴിക്കാന്‍ പാടുള്ളതല്ല എന്നതാണ് ഇസ്‌ലാമിക ശരീഅത്തിന്റെ അധ്യാപനം. ഖുര്‍ആന്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്:
''ബഹുദൈവവിശ്വാസിനികളെ നിങ്ങള്‍ ഒരിക്കലും വേള്‍ക്കാതിരിക്കുക; അവര്‍ വിശ്വസിക്കുന്നതുവരെ. സത്യവിശ്വാസിനിയായ ദാസിയാകുന്നു കുലീനയായ ബഹുദൈവവിശ്വാസിനിയെക്കാളുത്തമം - അവള്‍ നിങ്ങളെ മോഹിപ്പിക്കുന്നുണ്ടെങ്കിലും''  (അല്‍ ബഖറ 221).
വേദക്കാരായ ക്രൈസ്തവ, ജൂത സമുദായക്കാരുടെ വിഷയത്തില്‍ ഇക്കാര്യത്തില്‍ അല്‍പം ഇളവു നല്‍കപ്പെട്ടിട്ടുണ്ട്. മുസ്‌ലിം പെണ്‍കുട്ടിയെ ജൂത, ക്രൈസ്തവ പുരുഷന്മാര്‍ക്ക് ഒരിക്കലും വിവാഹം ചെയ്തു കൊടുക്കാവതല്ല. എന്നാല്‍, മുസ്ലിം പുരുഷന് ജൂത, ക്രൈസ്തവ സമുദായങ്ങളിലെ സ്ത്രീയെ വിവാഹം കഴിക്കാന്‍ ശരീഅത്ത് അനുവാദം നല്‍കുന്നു. അല്ലാഹു പറയുന്നു: ''എല്ലാ നല്ല വസ്തുക്കളും ഇന്ന് നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. വേദം നല്‍കപ്പെട്ടവരുടെ ഭക്ഷണം നിങ്ങള്‍ക്ക് അനുവദനീയമാണ്. നിങ്ങളുടെ ഭക്ഷണം അവര്‍ക്കും അനുവദനീയമാണ്. സത്യവിശ്വാസിനികളില്‍ നിന്നുള്ള പതിവ്രതകളായ സ്ത്രീകളും, നിങ്ങള്‍ക്ക് മുമ്പ് വേദം നല്‍കപ്പെട്ടവരില്‍ നിന്നുള്ള പതിവ്രതകളായ സ്ത്രീകളും - നിങ്ങളവര്‍ക്ക് വിവാഹമൂല്യം നല്‍കിക്കഴിഞ്ഞിട്ടുണ്ടെങ്കില്‍ - (നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു). നിങ്ങള്‍ വൈവാഹിക ജീവിതത്തില്‍ ഒതുങ്ങി നില്‍ക്കുന്നവരായിരിക്കണം'' (അല്‍ മാഇദ 05).
ഈ അനുവാദം നബി തിരുമേനിയുടെ കാലഘട്ടത്തിലുള്ള വേദക്കാര്‍ക്ക് മാത്രമുള്ളതാണെന്നാണ് ചില പണ്ഡിതന്മാര്‍ പറയുന്നത്. ഇക്കാലത്ത് അവരുടെ വിശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഒട്ടേറെ കുഴപ്പങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് ഇന്നത്തെ ക്രൈസ്തവ സമുദായങ്ങളില്‍ നിന്നുള്ള സ്ത്രീകളെ വിവാഹം കഴിക്കാന്‍ പുരുഷന്മാര്‍ക്ക് അനുവാദമില്ല എന്നാണവരുടെ വാദഗതി. എന്നാല്‍, ഈ പറയുന്നത് ശരിയല്ല. നബിതിരുമേനിയുടെ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന  ജൂത-ക്രൈസ്തവ സമുദായങ്ങളിലും ധാരാളം തകരാറുകള്‍ ഉണ്ടായിരുന്നു. ബഹുദൈവ വിശ്വാസങ്ങള്‍ അവരിലും പ്രകടമായിരുന്നു. ഖുര്‍ആന്‍ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അവയെല്ലാം ഉള്ളതോടൊപ്പം അവരുടെ സ്ത്രീകളെ വിവാഹം കഴിക്കാനുള്ള അനുവാദവുമുണ്ടായിരുന്നു എന്നതാണ് ശരി. അതിനാല്‍, ഇന്നും അനുവാദം നിലനില്‍ക്കുന്നുണ്ട്.
ഈ ചോദ്യത്തില്‍ പരാമര്‍ശിക്കപ്പെട്ട വ്യക്തി ഏതെങ്കിലും ജൂത, ക്രൈസ്തവ സ്ത്രീയെ വിവാഹം കഴിച്ചു എന്നതുകൊണ്ട് നിഷിദ്ധമൊന്നും ചെയ്തിട്ടില്ല. ഇപ്പോഴും ആ പെണ്‍കുട്ടി നിരീശ്വരവാദിയോ ബഹുദൈവ വിശ്വാസിനിയോ ആണെങ്കില്‍ അവളുമൊന്നിച്ചുള്ള വിവാഹജീവിതം അനുവദനീയമല്ല. എന്നാല്‍ അതോടൊപ്പം ആണ്‍കുട്ടിയെ മതപരിത്യാഗിയായി കണക്കാക്കരുത്. തന്റെ പിതാവിന്റെ അനന്തര സ്വത്ത് അവന് തടയപ്പെടുന്നതുമല്ല. ഒരു മുസ്‌ലിം എന്തെങ്കിലും കാരണത്താല്‍ തന്റെ മകനെക്കുറിച്ച് അതൃപ്തനാണ് എന്നതുകൊണ്ട്, അവനെ, മാതാപിതാക്കള്‍ക്ക് ഉപദ്രവം ഏല്‍പ്പിച്ചവനായി കണ്ട് അനന്തരാവകാശത്തില്‍ നിന്ന് തടയാന്‍ അനുവാദമില്ല. അനന്തരാവകാശം അല്ലാഹു നല്‍കിയ അവകാശമാണ്. അഹിതകരമായ എന്തെങ്കിലും ചെയ്തു എന്നുള്ളത് കൊണ്ട് അവന് ആ അവകാശം നിഷേധിക്കപ്പെടാവതല്ല. 
(സിന്ദഗി നൗ മാസിക, 2022 മാര്‍ച്ച്. വിവ: ഫാത്വിമ സുഹ്‌റ)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-10-12
ടി.കെ ഉബൈദ്‌

ഹദീസ്‌

ഞാനറിയുന്നത് നിങ്ങളറിഞ്ഞിരുന്നുവെങ്കില്‍...
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌