അറബ് ലോകത്ത് എന്ത് കൊണ്ട് സ്വേഛാധിപത്യം പെറ്റുപെരുകുന്നു?
നിലവിലെ അറബ് രാഷ്ട്രീയ സ്ഥിതി പരിശോധിക്കുമ്പോള്‍ ലോകത്ത് മറ്റൊരു മേഖലയിലും കാണാത്ത വിധത്തില്‍ അറബ് ലോകത്ത് ഏകാധിപത്യം പിടിമുറുക്കിയതായാണ് കാണാന്‍ കഴിയുക. ഇത് ഉയര്‍ത്തുന്ന ഒരുപാട് ചോദ്യങ്ങളുണ്ട്. അതേസമയം സ്വാതന്ത്ര്യവും അന്തസ്സും സംരക്ഷിക്കാന്‍ വലിയ മുറവിളികളും ബലിദാനങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്ന മേഖലയുമാണത്. എന്നിട്ടും എന്തുകൊണ്ടാണ് സ്വേഛാധിപത്യവും ഏക വ്യക്തി ഭരണവും ഇവിടെ പെരുകിക്കൊണ്ടിരിക്കുന്നത്? ഒരു സ്വേഛാധിപതി കളമൊഴിയുമ്പോള്‍ അയാളേക്കാള്‍ ക്രൂരനായ മറ്റൊരാള്‍ പകരം വരുന്നത് എന്തുകൊണ്ട്? അറബ് രാഷ്ട്രീയ ശരീരത്തെ കാര്‍ന്നുതിന്നുന്ന ഈ മാരക വ്യാധിക്കടിപ്പെട്ട് കഴിയാന്‍ തന്നെയാണോ അറബ് ലോകത്തിന്റെ വിധി? എന്തുകൊണ്ടാണ് ഈ മേഖല മാറ്റത്തോടും പൗരസ്വാതന്ത്ര്യത്തോടും പുറന്തിരിഞ്ഞ് നില്‍ക്കുന്നത്?
സ്വാതന്ത്ര്യവും ജനായത്ത ഭരണവും വേണമെന്ന് ആവശ്യപ്പെടുന്നവരില്‍ മുന്‍നിരയില്‍ തന്നെയുണ്ട് അറബ് ജനത. മറ്റേതൊരു ജനതകളേക്കാളും അതിന് വേണ്ടി നിരവധി ബലിയര്‍പ്പണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നവരുമാണ് അവര്‍. ഇവിടെ നിന്ന് രാഷ്ട്രീയ കാരണങ്ങളാല്‍ ആട്ടിയോടിക്കപ്പെടുന്നവരുടെയും ജയിലിലടക്കപ്പെടുന്നവരുടെയും എണ്ണമെടുത്താല്‍ നമുക്കത് ബോധ്യമാകും. സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി ശബ്ദമുയര്‍ത്തിയ അറബ് വസന്ത വിപ്ലവങ്ങള്‍ നമ്മുടെ മുന്നിലുണ്ടല്ലോ. ഏകാധിപത്യ ഭരണകൂടങ്ങളെ തൂത്തെറിയാനാണ് അവ ആഹ്വാനം ചെയ്തത്.
സ്വേഛാധിപത്യത്തിന്റെ അനന്തരമെടുപ്പില്‍ നിന്ന് രക്ഷപ്പെടാനുള്ള അറബ് രാഷ്ട്രീയത്തിന്റെ ഉത്ക്കടാഭിലാഷമാണ് നാം അറബ് വസന്തത്തില്‍ കണ്ടത്. 2011-ല്‍ തൂനിസിലാണ് അറബ് വസന്തത്തിന്റെ തുടക്കം. തുനീഷ്യക്കാര്‍ ഉയര്‍ത്തിയ അതേ മുദ്രാവാക്യങ്ങളുമായി അത് പിന്നീട് ഈജിപ്ത്, ലിബിയ, സിറിയ, യമന്‍ തുടങ്ങിയ നാടുകളിലേക്ക് പടര്‍ന്നു. ഇന്നെന്താണ് സ്ഥിതി? ആ വിപ്ലവം പറ്റേ നിന്നു പോയിരിക്കുന്നു എന്നു മാത്രമല്ല, വിപ്ലവത്തിന്റെ മുമ്പുള്ള അവസ്ഥയേക്കാള്‍ മോശമായ രീതിയിലേക്ക് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നു. തുനീഷ്യന്‍ പ്രസിഡന്റ് ഖൈസ് സഈദ് ഏല്‍പ്പിച്ചു കൊണ്ടിരിക്കുന്ന പോപുലിസ്റ്റ് പ്രഹരങ്ങള്‍ ശൈശവാവസ്ഥയിലുള്ള തുനീഷ്യന്‍ ജനാധിപത്യത്തെയും തകര്‍ക്കുകയാണ്. അറബ് വസന്തത്തില്‍ ഒടുവില്‍ ബാക്കിയായിരുന്നത് തുനീഷ്യന്‍ ജനാധിപത്യ ക്രമമായിരുന്നല്ലോ. സ്വേഛാധിപത്യത്തിന്റെ ഒരു വട്ടം ഇതോടെ പൂര്‍ത്തിയായിരിക്കുന്നു. ഈ പ്രതിവിപ്ലവത്തിനെതിരെ പലയിടങ്ങളിലും കനത്ത പ്രതിഷേധമുയരുന്നുണ്ടെന്നത് നിഷേധിക്കുന്നില്ല.
2011 ജനുവരി 26-ന് വിപ്ലവത്തെ തുടര്‍ന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക് പുറത്താക്കപ്പെട്ടപ്പോള്‍, അവിടത്തെ സൈന്യം ഒരു ജനാധിപത്യ സിവിലിയന്‍ ഭരണകൂടത്തെ അധികാരമേല്‍പ്പിക്കാന്‍ നിര്‍ബന്ധിതരായി. ഈ ഭരണകൂടത്തിന്റെ ആയുസ്സ് ഒന്നര വര്‍ഷം മാത്രമായിരുന്നു. അപ്പോഴൊക്കെയും കാണാമറയത്ത് കടിഞ്ഞാണ്‍ പിടിച്ചിരുന്നത് സൈന്യം തന്നെ. പല കളികളും മറക്കപ്പുറത്ത് അരങ്ങേറിക്കൊണ്ടിരുന്നു. അങ്ങനെ സൈനികനായ ഒരുത്തന്‍ തലപ്പത്തേക്ക് കയറി. ഈജിപ്തില്‍ അടുത്ത കാലത്തൊന്നും ഇത്ര ക്രൂരനും തനി സ്വേഛാധിപതിയുമായ ഒരാള്‍ അധികാരത്തിലേറിയിട്ടില്ല. ലിബിയയില്‍ മുഅമ്മര്‍ ഖദ്ദാഫിയുടെ ഭരണം നിഷ്‌ക്രമിച്ചപ്പോള്‍ കുറച്ചു കാലത്തേക്കാണെങ്കിലും രാഷ്ട്രീയമായ ഒരു തുറന്നിടലും വികാസവും ദൃശ്യമായി. വൈകാതെ ലിബിയ ആഭ്യന്തര യുദ്ധത്തിലേക്ക് വഴുതി വീണു. കിഴക്കന്‍ ലിബിയയില്‍ കേണല്‍ ഖലീഫ ഹഫ്തര്‍ എന്നൊരാള്‍ ഉയര്‍ന്നുവന്നു. ഈജിപ്തിലെ സീസിയുടെ ഒരു കാര്‍ബണ്‍ കോപ്പി. യമനിലെ യുവജന വിപ്ലവം വലിയ പ്രതീക്ഷകള്‍ നല്‍കിക്കൊണ്ടിരുന്നപ്പോഴാണ് ചില ഗള്‍ഫ് രാഷ്ട്രങ്ങളുടെ ഇടപെടല്‍ ഉണ്ടാവുന്നത്. അവിടെയും അതിവിനാശകരമായ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഗോത്ര, വംശീയ പോരാട്ടമായി അത് കെടുതികള്‍ വിതച്ചുകൊണ്ടിരിക്കുന്നു. സിറിയയിലും അന്താരാഷ്ട്ര - മേഖലാ ശക്തികള്‍ കളത്തിലിറങ്ങിയ യുദ്ധമാണ് നടന്നുകൊണ്ടിരിക്കുന്നത്. അവര്‍ ഗോത്ര, വംശീയ ചേരിതിരിവുകളെ മുതലെടുക്കുകയും ചെയ്യുന്നു. തുനീഷ്യയില്‍ ഭരണഘടനാ ജീവിതം ഒരു പതിറ്റാണ്ടിലധികം പിടിച്ചു നിന്നു. ഇപ്പോള്‍ പ്രസിസന്റ് സ്ഥാനത്തുള്ള ഖൈസ് സഈദ് എല്ലാ ജനാധിപത്യ സംവിധാനങ്ങളെയും തച്ചുതകര്‍ക്കുകയാണ്. മുഴുവന്‍ അധികാരങ്ങളും അയാള്‍ കൈപ്പിടിയിലൊതുക്കിയിരിക്കുന്നു. ഭരണഘടനയില്ല, പാര്‍ലമെന്റില്ല, നിരീക്ഷണ സ്ഥാപനങ്ങളില്ല. വടക്കനാഫ്രിക്കയിലെ പുതിയ ഖദ്ദാഫിയായി അയാള്‍ മാറിക്കൊണ്ടിരിക്കുന്നു.
സ്വാഭാവികമായും ഓറിയന്റലിസ്റ്റ് താവഴിയില്‍ വരുന്ന ചില പാശ്ചാത്യ രാഷ്ട്രീയക്കാരും ഗവേഷകരും, ഈ ഏകാധിപത്യ പ്രവണത മേഖലയുടെ കള്‍ച്ചര്‍ തന്നെയാണ് എന്ന് വാദിച്ചുറപ്പിക്കുന്നതില്‍ ആത്മരതി അനുഭവിക്കുന്നവരാണ്. മേഖലയില്‍ ഒരു ജനാധിപത്യ മാറ്റം സാധ്യമല്ലെന്നും വ്യക്തി സര്‍വാധിപത്യത്തിനേ അവിടെ വളരാനൊക്കൂ എന്നും അവര്‍ പറയും. ആശയപരമായി നോക്കിയാലും സംഭവ യാഥാര്‍ഥ്യങ്ങള്‍ പരിശോധിച്ചാലും ഈ വാദത്തില്‍ കഴമ്പൊന്നുമില്ലെന്ന് കണ്ടെത്താനാവും. ഒരേ പാറ്റേണിലുള്ള രാഷ്ട്രീയ സംസ്‌കാരം എന്നൊന്ന് യഥാര്‍ഥത്തില്‍ ഇല്ല. ഏക രാഷ്ട്രീയ സംസ്‌കാരം എന്ന് പറയപ്പെടുന്നത് തന്നെ വ്യത്യസ്ത സംസ്‌കാരങ്ങളും പലതരം ആവിഷ്‌കാരങ്ങളും അടങ്ങിയതായിരിക്കും. വിപരീത ദിശകളിലേക്ക് സഞ്ചരിക്കുന്ന സംസ്‌കാരങ്ങളെ വരെ ആ 'ഒറ്റ സംസ്‌കാര'ത്തില്‍ നമുക്ക് കാണാന്‍ കഴിയും. ഇസ്‌ലാമിക ദര്‍ശനവും സംസ്‌കാരവും അടിയാധാരങ്ങളായിട്ടുള്ള നിരവധി നാടുകള്‍ സ്വേഛാധിപത്യത്തില്‍ നിന്ന് മാറി ജനാധിപത്യത്തിന്റെ വഴിയില്‍ സഞ്ചരിക്കുന്നുണ്ടല്ലോ. ഇന്തോനേഷ്യ, മലേഷ്യ, തുര്‍ക്കി, സെനഗള്‍, നൈജീരിയ പോലുള്ള നാടുകള്‍ ഉദാഹരണം. എന്നിട്ടും എന്തുകൊണ്ട് അറബ് നാടുകള്‍ ജനാധിപത്യത്തോട് പുറന്തിരിഞ്ഞ് നിന്ന് അപവാദമായി നിലകൊള്ളുന്നു?
കാര്യഗൗരവത്തോടെ ഈ വിഷയം പഠിക്കണമെന്നുണ്ടെങ്കില്‍, ഏറ്റവും ചുരുങ്ങിയത് അറബ് മേഖലയുടെ കഴിഞ്ഞ നൂറ്റാണ്ടിലെ രാഷ്ട്രീയ ചരിത്രമെങ്കിലും നാം പഠിക്കണം. ജിയോ സ്ട്രാറ്റജിക് ആയ വിവരങ്ങളും ശേഖരിക്കണം. അറബ് രാഷ്ട്രങ്ങളുടെ ഘടന തന്നെ നോക്കുക. അവ പൊതുവെ ദുര്‍ബലമായ ഘടനയില്‍ ശിഥിലമായി കിടക്കുകയാണ്. ഇതാണ് സ്വേഛാധിപത്യം തഴച്ചു വളരാന്‍ വളക്കൂറുള്ള മണ്ണൊരുക്കുന്നത്. തൊട്ടയല്‍പക്ക നാടുകളായ ഇറാനിലും തുര്‍ക്കിയിലും ഇതല്ല സ്ഥിതി. ഇന്നത്തെ അറബ് രാഷ്ട്രങ്ങള്‍, പ്രത്യേകിച്ച് കിഴക്കന്‍ അറേബ്യയില്‍ ഉള്ളവ ജന്മമെടുക്കുന്നത്, ഒന്നാം ലോകയുദ്ധത്തെ തുടര്‍ന്ന് ഉസ്മാനിയാ സാമ്രാജ്യം തകര്‍ന്നതിന് ശേഷമുള്ള ചില ശക്തികളുടെ രാഷ്ട്രീയക്കളികളുടെ ഭാഗമായാണ്. എവിടെയും രാഷ്ട്രീയവും സാമൂഹികവുമായ ശൈഥില്യവും പിളര്‍പ്പും മാത്രമുണ്ടായിരുന്ന കാലം. സാധാരണഗതിയില്‍ ഒരു ആധുനിക രാഷ്ട്രം രൂപം കൊള്ളുമ്പോള്‍ അതിന് പിന്നില്‍ ആ ഭൂപ്രദേശത്തിനകത്തെ പൗര ശക്തികളും ആഭ്യന്തരമായ ശാക്തിക സന്തുലനവുമൊക്കെ വലിയ പങ്കുവഹിക്കാറുണ്ട്. എന്നാല്‍ അറബ് രാഷ്ട്രങ്ങള്‍, പ്രത്യേകിച്ചും കിഴക്കന്‍ അറേബ്യയില്‍ ഉള്ളവ ഇതിന്റെയൊന്നും ഫലമായി രൂപപ്പെട്ടതല്ല. ചില വിദേശ ശക്തികള്‍ തദ്ദേശീയരായ ശൈഖുമാരെയും പ്രമാണിമാരെയും ഗോത്ര നേതാക്കളെയും കൂട്ട് പിടിച്ചാണ് അവ തട്ടിപ്പടച്ചുണ്ടാക്കിയിരിക്കുന്നത്.
മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ആധുനിക അറബ് രാഷ്ട്രങ്ങളുടെ പിറവിയില്‍ ജനറ്റിക്കലായി തന്നെ തകരാറുകളുണ്ട്. ശൈഥില്യവും ഭിന്നതകളും അവയുടെ കൂടപ്പിറപ്പാണ്. അങ്ങനെയുള്ള ഒരു രാഷ്ട്ര സമുച്ചയം പ്രശ്‌നങ്ങളും പ്രതിസന്ധികളും മാത്രമേ ഉല്‍പ്പാദിപ്പിക്കൂ. എന്തെങ്കിലും മാറ്റവും പരിഷ്‌കരണവും കൊണ്ടുവരുന്നത് തന്നെ അത്തരം രാഷ്ട്രങ്ങളില്‍ അതിസങ്കീര്‍ണ പ്രക്രിയയായിരിക്കും. പലതരം ജിയോ സ്ട്രാറ്റജിക് പ്രശ്‌നങ്ങളും മാരകമായ വംശീയ പ്രവണതകളും ഉടലെടുക്കും. പലതരം ഗോത്ര, വംശീയ ശാക്തിക സന്തുലനത്തിലായിരിക്കും രാഷ്ട്രം തന്നെ നിലനില്‍ക്കുന്നത്. പരിഷ്‌കരണങ്ങള്‍ ആ സന്തുലനത്തെ തകിടം മറിക്കുമെന്നതിനാല്‍ രാഷ്ട്രത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാവുന്നു. ഇറാഖിലും സിറിയയിലും ഒരു പരിധി വരെ യമനിലും ലബനാനിലും ചില ഗള്‍ഫ് രാജ്യങ്ങളിലും വരെ നാമിത് കാണുന്നുണ്ട്.
ഈ അവസ്ഥ ഓരോ അറബ്‌നാട്ടിലും ഭിന്നമായ അളവിലും തോതിലുമാണ്. ചില കാര്യങ്ങളില്‍ ആധുനിക ഈജിപ്ത് വ്യത്യസ്തത പുലര്‍ത്തുന്നു എന്ന് പറയാം. അവര്‍ക്ക് താരതമ്യേന സ്വന്തമായി ഒരു രാഷ്ട്രീയ ഐഡന്റിറ്റിയുണ്ട്. ജനബാഹുല്യവും ചരിത്രത്തില്‍ നിര്‍വഹിച്ച റോളുകളും അവര്‍ക്ക് അനുകൂലമാണ്. പക്ഷേ യുദ്ധങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധികളും സയണിസ്റ്റ് രാഷ്ട്രത്തിന്റെ അയല്‍പക്ക നാടെന്ന നിലക്കുള്ള കനത്ത വന്‍ശക്തി ഇടപെടലുകളും അവര്‍ക്ക് തിരിച്ചടിയായി. ഇതെല്ലാം കാരണമായി ഈജിപ്ഷ്യന്‍ രാഷ്ട്രീയത്തില്‍ സൈന്യത്തിനുള്ള പിടിത്തം അതി ശക്തമായിരുന്നു. സൈന്യം എല്ലാറ്റിനെയും നിയന്ത്രിച്ചു. ആയതിനാല്‍ ഈജിപ്തിന് അറബ് രാഷ്ട്രീയത്തിന് മാര്‍ഗദര്‍ശനം നല്‍കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, പ്രതിസന്ധികളുടെ പ്രഭവ കേന്ദ്രങ്ങളിലൊന്നായി അത് മാറുകയും ചെയ്തു. കുറേക്കൂടി മെച്ചപ്പെട്ട നിലയിലാണ് 'അല്‍ മഗ്‌രിബുല്‍ അറബി' എന്നറിയപ്പെടുന്ന വടക്കനാഫ്രിക്കന്‍ രാജ്യങ്ങള്‍. പക്ഷേ ഈ രാജ്യങ്ങളിലെ ഹിംസാത്മകമായ ഫ്രഞ്ച് ഇടപെടല്‍ ഇവിടങ്ങളിലെ ജനാധിപത്യ മാറ്റത്തിന് വലിയ വിലങ്ങ്തടിയാണ്. അള്‍ജീരിയ - മൊറോക്കോ തമ്മില്‍ത്തല്ലും ലിബിയന്‍ പ്രതിസന്ധിയും അവരെയും പ്രശ്‌നച്ചുഴിയിലേക്ക് തള്ളിവിടുന്നു.
രണ്ടാമത്തെ കാരണം മേഖലയിലെ പെട്രോളിന്റെ സ്വാധീനമാണ്. ഒന്നാമത്തെ കാരണത്തേക്കാള്‍ ഒട്ടും അപകടം കുറഞ്ഞതല്ല ഇത്. എന്നല്ല ഒന്നാമത്തേതിനേക്കാള്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതുമാണ്. ജനതതികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും അവര്‍ക്കിടയില്‍ ഐക്യവും രഞ്ജിപ്പും ഉണ്ടാക്കാനും പ്രയോജനപ്പെടുത്തേണ്ടതായിരുന്നു ദൈവം കനിഞ്ഞ് നല്‍കിയ ഈ പ്രകൃതി സമ്പത്ത്. എന്നാല്‍ അറേബ്യന്‍ രാഷ്ട്രീയത്തെ കലക്കി മറിക്കാനും മലിനപ്പെടുത്താനുമാണ് ദശകങ്ങളായി തുടര്‍ച്ചയായി ഈ പെട്രോ ഡോളര്‍ വിനിയോഗിക്കപ്പെടുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ എണ്‍പതുകളില്‍ ഈ ഗള്‍ഫ് പണം ഇറാന്‍- ഇറാഖ് സംഘര്‍ഷം ഊതിക്കത്തിക്കാനും മൊത്തം മേഖലയിലെയും മത-രാഷ്ട്രീയ അന്തരീക്ഷം വിഷമയമാക്കാനും ചെലവിട്ടു. ആര്‍ക്കും ഒരു പ്രയോജനം ചെയ്തിട്ടില്ലാത്ത ഈ നിരര്‍ഥക യുദ്ധത്തിന് വേണ്ടി എത്രയധികം സമ്പത്താണ് ദുര്‍വിനിയോഗം ചെയ്തത്! കുവൈത്ത് ആക്രമിക്കുക എന്ന മാരക മണ്ടത്തരത്തിന് സദ്ദാം ഹുസൈന്‍ മുതിര്‍ന്നപ്പോള്‍ ഇറാഖിനെ തന്നെ നശിപ്പിക്കുക എന്നതായി പെട്രോ ഡോളറിന്റെ ദൗത്യം. അതുവരെ പണവും ആയുധവും നല്‍കി സദ്ദാം ഹുസൈനെ തടിപ്പിച്ച് കൊഴുപ്പിച്ചിരുന്ന ഗള്‍ഫ് അച്ചുതണ്ട് അയാളെ അട്ടിമറിക്കാനാണ് പിന്നെ കച്ചമുറുക്കുന്നത്. അങ്ങനെ അമേരിക്കന്‍ അധിനിവേശം വരുന്നു, ഇറാഖിനെ തകര്‍ക്കുന്നു, മേഖല മൊത്തം അസ്ഥിരമാകുന്നു.
അറബ് വസന്ത വിപ്ലവത്തിന് ശേഷം അതിനെതിരെ പ്രചാരണം നടത്താനും ജനകീയ ഭരണകൂടങ്ങളെ ഒന്നിന് പിറകെ ഒന്നായി അട്ടിമറിക്കാനുമാണ് പെട്രോള്‍ പണം പിന്നീട് ഉപയോഗപ്പെടുത്തിയത്. ആഭ്യന്തര വൈരുധ്യങ്ങളെ കുത്തിയിളക്കി സ്‌ഫോടനാത്മക അന്തരീക്ഷം സൃഷ്ടിക്കാനും പ്രതിവിപ്ലവകാരികളെ രംഗത്തിറക്കാനും മീഡിയയെ വിലയ്‌ക്കെടുക്കാനും ഈ ധനത്തില്‍ നിന്നാണ് നീക്കിവെച്ചത്. ഇറാഖിലെയും അഫ്ഗാനിസ്താനിലെയും പരാജയത്തിനു ശേഷം ഒബാമയുടെ ഭരണകാലത്ത് 2008-ല്‍ തന്നെ അമേരിക്കന്‍ സൈന്യം മേഖലയില്‍ നിന്ന് പിന്‍വാങ്ങാന്‍ തുടങ്ങിയതോടെ സംജാതമായ രാഷ്ട്രീയ അരാജകത്വവും ശൂന്യതയും ഇവര്‍ മുതലെടുക്കാനിറങ്ങിയതും പെട്രോള്‍ പണം ഉപയോഗിച്ചാണ്. പെട്രോ ഡോളര്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന വിനാശകരമായ ഈ റോള്‍ മനസ്സിലാക്കാതെ ഈജിപ്തിലെയും സിറിയയിലെയും യമനിലെയും ലിബിയയിലെയും തുനീഷ്യയിലെയും പ്രശ്‌നങ്ങളെ വിശകലനം ചെയ്യാനേ കഴിയില്ല. ഈ ഗള്‍ഫ് അച്ചുതണ്ട് തങ്ങള്‍ക്ക് മേല്‍ പതിച്ച ദുരന്തമായാണ് അറബ് വസന്തത്തെ കണ്ടത്. സ്വതന്ത്ര ചര്‍ച്ചകളും ആശയ വിനിമയവും നടക്കുന്ന ജനാധിപത്യ രാഷ്ട്രീയാന്തരീക്ഷം 'ദേശ സുരക്ഷാ ഭീഷണി' ആയിരുന്നു അവര്‍ക്ക്. ഈ ജനാധിപത്യാന്തരീക്ഷത്തിന് ഇസ്‌ലാമിക മാനം കൂടിയുണ്ടെങ്കില്‍ അതവരുടെ ഇസ്‌ലാമിക് ഥിയോക്രാറ്റിക് സാധുതയെ പിടിച്ചു കുലുക്കുകയും ചെയ്യുമല്ലോ. നിരീക്ഷണമോ വിമര്‍ശനമോ കണക്കു ചോദിക്കലോ ഇല്ലാതെ ഭരണാധികാരിക്ക് നിരുപാധിക അനുസരണം എന്നതാണല്ലോ അവരുടെ പ്രമാണം.
മേഖലയിലെ നിലവിലുള്ള സ്ഥിതിവിശേഷത്തിന് മൂന്നാമത്തെ കാരണം അവിടങ്ങളില്‍ ഒരു കാരണവശാലും ജനാധിപത്യ മാറ്റങ്ങള്‍ ഉണ്ടാവരുതെന്ന ഇസ്രയേലിന്റെ കടുംപിടിത്തമാണ്. അത്തരമൊരു മാറ്റമുണ്ടാകുമ്പോള്‍ അറബ് ജനത സട കുടഞ്ഞ് എഴുന്നേല്‍ക്കുമെന്ന് ഇസ്രയേല്‍ ഭയപ്പെടുന്നു. ഈ മേഖലയില്‍ അമേരിക്ക പയറ്റുന്ന രാഷ്ട്രീയം നിരീക്ഷിച്ചാല്‍ തന്നെ ഇത് ബോധ്യമാകും. തങ്ങള്‍ക്ക് അനഭിമതരായവരാണ് തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വരാന്‍ പോകുന്നത് എന്ന് കണ്ടാല്‍ ഉടന്‍ അവിടെ ഒരു ഗര്‍ഭമലസിപ്പിക്കല്‍ നടന്നിരിക്കും.
ഏകാധിപത്യത്തെ അരക്കിട്ടുറപ്പിക്കുന്ന നാലാമത്തെ ഘടകം ഓരോ അറബ് നാട്ടിലെയും വരേണ്യ വിഭാഗങ്ങള്‍ക്കിടയില്‍ കണ്ട് വരുന്ന അനൈക്യവും അന്തഃഛിദ്രതയുമാണ്. അവര്‍ പരസ്പരം ഭയപ്പെടാനും തെറ്റിദ്ധരിക്കാനും ഇത് നിമിത്തമാവുന്നു. ഭയത്താലോ അത്യാഗ്രഹത്താലോ ഈ വരേണ്യ / ഉപരിവര്‍ഗ വിഭാഗങ്ങളില്‍ പലതും സ്വേഛാധിപത്യ ഘടനയാണ് തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് ഉചിതം എന്ന തീര്‍പ്പിലെത്തുന്നു. നാഗരിക നേട്ടങ്ങള്‍ സംരക്ഷിക്കാന്‍ എന്നായിരിക്കും അവര്‍ ന്യായം പറയുക. യഥാര്‍ഥത്തില്‍ ഏകാധിപത്യ ഘടന ആ നേട്ടങ്ങളെയൊക്കെ ഒന്നൊഴിയാതെ നശിപ്പിച്ചു കഴിഞ്ഞിട്ടുണ്ടാവും. ഇങ്ങനെ രാഷ്ട്രീയമായും സാമൂഹികമായും ധ്രുവീകരണം നടന്നുകഴിഞ്ഞ സമൂഹങ്ങളില്‍ ജനാധിപത്യ പ്രക്രിയ ഒട്ടും എളുപ്പമല്ല. ആ പ്രക്രിയ മുന്നോട്ട് നീങ്ങണമെങ്കില്‍ ദേശീയ അനുരഞ്ജനവും സമവായവും മിനിമം അളവിലെങ്കിലും ഉണ്ടായേ മതിയാവൂ.
അറബ് ലോകത്തിന്റെ കിഴക്കിലും പടിഞ്ഞാറിലുമുള്ള പ്രശ്‌ന സങ്കീര്‍ണമായ ഈ തപ്പിത്തടച്ചിലിന് അത്ഭുത പരിഹാരമോ ഒറ്റമൂലിയോ ഒന്നും നിര്‍ദേശിക്കാനില്ല. പക്ഷേ ഈ തടസ്സങ്ങളില്‍ ചിലതെങ്കിലും തട്ടി നീക്കാവുന്നതാണ്. അത്രയും ആശ്വാസമാകുമല്ലോ. മുഴുവന്‍ അറബ് മേഖലക്കുമായി ഒരു സമ്പൂര്‍ണ പരിഷ്‌കരണ അജണ്ട ഉണ്ടാവുക എന്നതാണ് ആദ്യമായി വേണ്ടത്. പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ അതത് നാടുകളിലെ പ്രാദേശിക പ്രശ്‌നങ്ങളേ കണക്കിലെടുക്കുന്നുള്ളൂ. അറബ് വസന്ത വിപ്ലവാനുഭവങ്ങളിലെ പ്രധാന പാഠം അതാണ്. ഈ വിപ്ലവ ശക്തികളെ മുളയിലേ നുള്ളാന്‍ സൈന്യവും രഹസ്യാന്വേഷണ വിഭാഗങ്ങളുമൊക്കെ ചേര്‍ന്ന് വന്‍ സന്നാഹങ്ങളും പ്രാദേശികമായി തന്നെ ഒരുക്കിയിട്ടുണ്ടായിരുന്നു. ഇതിനെ മറികടക്കാന്‍ വിശാലമായ അറബ് പരിപ്രേക്ഷ്യത്തില്‍ കാര്യങ്ങള്‍ നോക്കിക്കാണണം. പക്ഷേ പ്രതിവിപ്ലവങ്ങള്‍ ആസൂത്രണം ചെയ്യപ്പെടുന്നത് ദേശ പരിധിക്ക് അകത്ത് നിന്നു മാത്രമല്ല, വിശാലമായ ദേശാന്തരീയ തലത്തില്‍ കൂടി ആണ് എന്നതിനാല്‍ പ്രാദേശികമായ ചെറുത്തു നില്‍പ്പും വളരെ പ്രധാനം തന്നെ.
(തുനീഷ്യയിലെ അന്നഹ്ദ പാര്‍ട്ടി നേതാവും മുന്‍ വിദേശകാര്യ മന്ത്രിയും alaraby.co.uk കോളമിസ്റ്റുമാണ് ലേഖകന്‍)
Comments