എം.കെ അബ്ദുല്‍കരീം പാറനാനി
ജമാഅത്തെ ഇസ്‌ലാമിയുടെ ഈരാറ്റുപേട്ടയിലെ ആദ്യകാല പ്രവര്‍ത്തകനായ എം.കെ അബ്ദുല്‍കരീം സാഹിബ്(80) അല്ലാഹുവിലേക്ക് യാത്രയായി. ഇസ്‌ലാമിക പ്രസ്ഥാനത്തെയും അല്‍ മനാര്‍ സ്ഥാപനങ്ങളെയും വളര്‍ത്തിക്കൊണ്ടു വരാന്‍ തന്റെ ആയുസ്സ് നീക്കിവെച്ചവരിലൊരാള്‍. ഇസ്‌ലാമിക പ്രസ്ഥാനം നാട്ടില്‍ ഏറ്റവും രൂക്ഷമായ പ്രതിസന്ധി നേരിട്ട ഘട്ടത്തില്‍ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ തരണം ചെയ്തു. എതിരാളികളുടെ പ്രചാരണങ്ങള്‍ക്ക് തന്റേതായ മറുപടികള്‍ നല്‍കിക്കൊണ്ടിരുന്നു. സ്‌ക്വാഡ് പോകുന്നതില്‍ പ്രത്യേകം താല്‍പ്പര്യം കാണിച്ചു. അല്‍ മനാര്‍ സ്ഥാപനത്തിന് സ്ഥലമില്ലാതെ വന്നപ്പോള്‍ തന്റെ റബര്‍ തോട്ടം വിലയ്ക്കു നല്‍കാന്‍ തയാറായത് കൊണ്ട് ഇന്ന് അല്‍മനാര്‍ ഉയര്‍ന്നു നില്‍ക്കുന്നു.
പ്രസ്ഥാന സേവന രംഗത്ത് 20 വര്‍ഷം ഐ.ആര്‍.ഡബ്ല്യു പ്രവര്‍ത്തകനായിരുന്നു. തമാശയായി പറയാറുണ്ടായിരുന്നു, 'ഞാനൊരു സോളിഡാരിറ്റി' ആണെന്ന്. പ്രതിഷേധ പ്രകടനങ്ങളില്‍ കരീം സാഹിബിന്റെ സാന്നിധ്യമില്ലാതിരിക്കില്ല. പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന അദ്ദേഹത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ജമാഅത്തെ ഇസ്‌ലാമിയുടെ ആദ്യകാല നേതാക്കന്മാര്‍ കരീം സാഹിബിന്റെ വസതിയിലാണ് താമസിക്കാറുണ്ടായിരുന്നത്. അവരുമായി നല്ല ബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നു. പേരമക്കളെ ഇസ്‌ലാമിക കലാലയങ്ങളില്‍ ചേര്‍ത്ത് വിദ്യാഭ്യാസം ചെയ്യിക്കാന്‍ വലിയ ആവേശമായിരുന്നു.
കരീം സാഹിബിന്റെ ഇളയമകനും ഭാര്യയും അടുത്ത കാലത്ത് മരണപ്പെട്ട് പോയി. രണ്ട് ആണ്‍മക്കളും 2 പെണ്‍മക്കളും ജീവിച്ചിരിപ്പുണ്ട്. ഇളയ മകള്‍ നെസ്‌ലി പരീത് ജമാഅത്തെ ഇസ്‌ലാമി പെരുമ്പാവൂര്‍ ഏരിയാ വനിതാ കണ്‍വീനറാണ്.
അരങ്ങത്ത് ഹംസ
ജമാഅത്തെ ഇസ്‌ലാമി അംഗവും മതസംരംഭങ്ങളില്‍ സജീവ പങ്കാളിയുമായിരുന്നു തിരൂര്‍ക്കാട് അരങ്ങത്ത് ഹംസ(72). ജമാഅത്ത് അംഗമായിരുന്ന മര്‍ഹൂം അരങ്ങത്ത് ഉണ്ണീന്‍ സാഹിബിന്റെയും ഫാത്തിമയുടെയും മകന്‍. ഖാസിം ദര്‍വേശ് മസ്ജിദ് മുഅദ്ദിന്‍, അല്‍ മദ്‌റസത്തുല്‍ ഇലാഹിയ്യ അധ്യാപകന്‍, പ്രബോധനം വാരിക ഏജന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇലാഹിയ്യ കോളേജില്‍ വിദ്യാര്‍ഥിയായിരുന്ന ഹംസ പഠനകാലം മുതല്‍ തന്നെ സേവന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു. കോളേജ് പൂര്‍വ വിദ്യാര്‍ഥി സംഘടനയില്‍ അംഗമാണ്. വിനയവും ലാളിത്യവും ജീവിതത്തിന്റെ മുഖമുദ്രയായി കാത്തുസൂക്ഷിച്ചു. മിതഭാഷകനും സൗമ്യമനസ്‌കനുമായിരുന്നു. അതുകൊണ്ടുതന്നെ നാട്ടിലും പരിസരത്തും വലിയൊരു സുഹൃദ് വലയം അദ്ദേഹത്തിനുണ്ടായി. ഏല്‍പിക്കപ്പെടുന്ന ഉത്തരവാദിത്തങ്ങള്‍ കുറ്റമറ്റ രീതിയില്‍ നിര്‍വഹിക്കുന്നതില്‍ എപ്പോഴും ജാഗ്രത പുലര്‍ത്തി. ദീര്‍ഘകാലം ഗള്‍ഫില്‍ ജോലി ചെയ്തിരുന്നു.
ഭാര്യ: കൈതക്കോട്ടുതൊടി ബീവി ഏറാന്തോട്. മക്കള്‍: നൂറുദ്ദീന്‍ (സുഊദി), റഷീദ് എന്ന ബാപ്പു, റഹ്മത്തുല്ല, സൈനബ, ഫാത്തിമ സുഹ്‌റ.
പി.എ.എം അബ്ദുല്‍ഖാദര്‍ തിരൂര്‍ക്കാട്
ടി.എം അലിയാര്‍
സാധുജന സംരക്ഷണത്തിന് വലിയ മാതൃക അവശേഷിപ്പിച്ചു കൊണ്ടാണ് കഴിഞ്ഞ ഏപ്രില്‍ 23-ന് ടി.എം അലിയാര്‍ സാഹിബ് അല്ലാഹുവിലേക്ക് യാത്രയായത്. കളമശ്ശേരി ഏരിയയിലെ പള്ളിലാംകര കാര്‍കൂന്‍ ഹല്‍ഖ പ്രവര്‍ത്തകനായിരുന്നു. പള്ളിലാംകരയിലെ പ്രധാന തറവാടായ തെമ്മായത്ത് വീട്ടില്‍ മൊയ്തീന്‍ ആണ് പിതാവ്. 1968-ല്‍ പ്രദേശത്ത് വന്നു താമസമാക്കിയ ഈയുള്ളവന്റെ കുടുംബവുമായി അതുല്യ സ്‌നേഹബന്ധം സ്ഥാപിച്ചിരുന്നു. കളമശ്ശേരിയിലെ പ്രസ്ഥാന സ്ഥാപകരില്‍ ഒരാളായിരുന്ന എം.കെ ഇബ്‌റാഹീംകുട്ടി എന്ന എന്റെ പിതാവില്‍ നിന്നാണ് ജമാഅത്തിന്റെ ബാലപാഠങ്ങള്‍ അലിയാര്‍ സാഹിബ് പഠിച്ചത്.
പ്രദേശത്തെ സുന്നി പള്ളിയില്‍ ദീര്‍ഘകാലം സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നു. പള്ളിയുടെ പുനര്‍നിര്‍മാണത്തില്‍ വലിയ പങ്ക് വഹിച്ചു. ഐ.എ.സിയിലെ ജോലി കഴിഞ്ഞു വീട്ടിലെത്തിയാലും വിശ്രമമില്ലാതെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിലുണ്ടാകും. പ്രതീക്ഷ നഗറില്‍ സ്ഥാപിതമായ മദ്‌റസത്തുല്‍ ഇസ്‌ലാമിയയുടെ തുടക്കം മുതലുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായി. മരിക്കുമ്പോള്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയയുടെയും മസ്ജിദുല്‍ ഇസ്ലാമിന്റെയും പ്രസിഡന്റായിരുന്നു. ഏറെക്കാലം ഹല്‍ഖാ സെക്രട്ടറിയുമായി.
ഏതൊരാള്‍ ഏതാവശ്യം വന്നു പറഞ്ഞാലും സ്വയം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റാരില്‍നിന്നെങ്കിലും സഹായം അയാള്‍ക്ക് എത്തിച്ചു കൊടുത്തിരിക്കും. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പുവരെയും മദ്‌റസയെയും കുട്ടികളെ പറ്റിയും ക്ഷേമാന്വേഷണം നടത്തുകയും സ്വന്തം സമ്പാദ്യത്തില്‍ ഒരുഭാഗം സ്ഥാപനത്തിനുവേണ്ടി നീക്കിവെക്കുകയും ചെയ്തു.
മകന്‍ നിസാര്‍ വെല്‍ഫെയര്‍ പാര്‍ട്ടി കളമശ്ശേരി മണ്ഡലം പ്രസിഡന്റാണ്.
എം.ഐ മുഹമ്മദലി, പള്ളിലാംകര
പരേതരെ അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും
സ്വര്‍ഗത്തില്‍ ഉന്നത സ്ഥാനവും നല്‍കി
അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.
Comments