Prabodhanm Weekly

Pages

Search

2022 മെയ് 20

3252

1443 ശവ്വാല്‍ 19

സ്‌പെയിനിലെ ഇസ്‌ലാം,  റമദാന്‍- പെരുന്നാള്‍  വിശേഷങ്ങള്‍

പ്രഫ. കെ.എം അബ്ദുല്ലക്കുട്ടി, കായംകുളം 

മേല്‍ ശീര്‍ഷകത്തില്‍ ജുഷ്‌ന ഷഹിന്‍ എഴുതിയ ലേഖനം (ലക്കം: 3250) ശ്രദ്ധേയമായി. സ്‌പെയിനിലെ ഇപ്പോഴത്തെ അവസ്ഥ വായിച്ചപ്പോള്‍ എന്റെ മനസ്സ് അതിന്റെ ഗതകാല ചരിത്രത്തിലേക്ക് പറന്നുയര്‍ന്നു.
ഏതാണ്ട് ആയിരത്തി ഇരുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌പെയിന്‍ /അന്നത്തെ അന്തലൂഷ്യ ലോകത്തിലെ ഏറ്റവും പരിഷ്‌കൃത രാജ്യമായിരുന്നു. സാക്ഷരത നൂറ് ശതമാനം. സമീപ പ്രദേശങ്ങളായ ഫ്രാന്‍സ്, ജര്‍മനി, ഇംഗ്ലണ്ട്, ഇറ്റലി എന്നിവിടങ്ങളിലെ സാക്ഷരതയാകട്ടെ പൂജ്യത്തോടടുത്തും.
യവന ശാസ്ത്ര ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരുന്ന കാലം. ഇന്തോ-അറബി അക്കങ്ങളുടെ പ്രചാരത്തിലൂടെ അംഗഗണിതം വളരെ എളുപ്പമായിത്തീര്‍ന്നിരുന്നു. ആധുനിക ആള്‍ജിബ്രയുടെയും ത്രികോണമിതിയുടെയും അടിത്തറ പാകപ്പെട്ട സമയം. യൂറോപ്പിലെ ആദ്യത്തെ വാനനിരീക്ഷണ കേന്ദ്രം മുസ്‌ലിം സ്‌പെയിനില്‍ സ്ഥാപിക്കപ്പെട്ടത് അക്കാലത്താണ്. കൊര്‍ദോവ സര്‍വകലാശാല ലോകത്തിലെ ഏറ്റവും പ്രശസ്തമായ കലാശാലയായിരുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും പ്രത്യേകിച്ച് പശ്ചിമ യൂറോപ്പില്‍ നിന്നും വിദ്യാര്‍ഥികള്‍ സ്‌പെയിനിലേക്ക് ഒഴുകാന്‍ തുടങ്ങി. അവര്‍ അറബി ഭാഷ പഠിക്കുകയും, ഗ്രീക്കില്‍ നിന്ന് അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഗ്രന്ഥങ്ങള്‍ ലാറ്റിന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തു. അങ്ങനെ സ്‌പെയിന്‍ ലോകത്തിലെ ഏറ്റവും പ്രശസ്തമായ വിജ്ഞാന കേന്ദ്രമായി മാറി.
പന്ത്രണ്ടാം നൂറ്റാണ്ടില്‍ ടോളിടോയില്‍ അരങ്ങേറിയ രണ്ടാം പരിഭാഷാ യജ്ഞത്തിലൂടെ (ഒന്നാം പരിഭാഷാ യജ്ഞം ബഗ്ദാദിലെ ബൈത്തുല്‍ ഹീക്മയിലാണ് തുടങ്ങിയത്. അന്ന് ഗ്രീക്ക്, പേര്‍ഷ്യന്‍, സംസ്‌കൃത ഗ്രന്ഥങ്ങള്‍ അറബി ഭാഷയിലേക്ക് പരിഭാഷ ചെയ്യപ്പെടുകയായിരുന്നു) ഗ്രീക്ക്, അറബി ശാസ്ത്ര ഗ്രന്ഥങ്ങള്‍ ലാറ്റിന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടതോടെ അവ യൂറോപ്പിലേക്ക് കുറേശ്ശെയായി അരിച്ചിറങ്ങി. പിന്നീട് അതൊരു പുഴയായി ഒഴുകാന്‍ തുടങ്ങി. അങ്ങനെ യൂറോപ്പില്‍ വിദ്യാലയങ്ങളും, ബൊലോഗ്‌നയിലും ഓക്‌സ്‌ഫോഡിലും കേംബ്രിഡ്ജിലും കൊര്‍ദോവ മോഡലില്‍ കലാശാലകളും പൊട്ടിമുളച്ചു. ഖവാരിസ്മിയുടെയും ഇബ്‌നു സീനയുടെയും അല്‍ സഹ്‌റാവിയുടെയും ഗണിത, വൈദ്യ ശാസ്ത്ര ഗ്രന്ഥങ്ങള്‍ അവിടങ്ങളില്‍ പാഠപുസ്തകങ്ങളായി നിര്‍ദേശിക്കപ്പെടുകയും ചെയ്തു.
''..... അങ്ങനെ മുസ്‌ലിം സ്‌പെയിന്‍, മധ്യകാല യൂറോപ്പിന്റെ ബൗദ്ധിക ചരിത്രത്തിലെ ഏറ്റവും തിളക്കമാര്‍ന്ന അധ്യായങ്ങളിലൊന്ന് എഴുതിച്ചേര്‍ക്കുകയുണ്ടായി. എട്ടാം നൂറ്റാണ്ടിന്റെയും പതിമൂന്നാം നൂറ്റാണ്ടിന്റെയും ഇടയില്‍ ലോകത്തുടനീളം സംസ്‌കാരത്തിന്റെയും നാഗരികതയുടെയും പ്രധാന ദീപശിഖാവാഹകരായിരുന്നു അറബികള്‍. മാത്രമല്ല അവര്‍ മുഖേനയായിരുന്നു പുരാതന ഗ്രീക്ക് ശാസ്ത്രവും തത്ത്വചിന്തയും വീണ്ടെടുക്കപ്പെട്ടതും പരിപോഷിപ്പിക്കപ്പെട്ടതും. പടിഞ്ഞാറന്‍ യൂറോപ്പിന്റെ നവോത്ഥാനം സാധ്യമാകത്തക്ക രീതിയില്‍ അവരത് പാശ്ചാത്യര്‍ക്ക് പകര്‍ന്ന് നല്‍കുകയും ചെയ്തു. ഇതിലെല്ലാം മുസ്‌ലിം സ്‌പെയിനിന് മഹത്തായ പങ്കാണുണ്ടായിരുന്നത്'' ( ഫിലിപ്പ് ഹിറ്റി).
മുസ്‌ലിം സ്‌പെയിനിന്റെ അത്ഭുതകരമായ ഈ വളര്‍ച്ചക്ക് പിന്നില്‍ ഒരജയ്യ ശക്തി പ്രവര്‍ത്തിച്ചിരുന്നതായി  കാണാം. അതായിരുന്നു സഹിഷ്ണുത. ജാതി, മത, വര്‍ഗ, വര്‍ണ, വംശ, ഭാഷാ വൈജാത്യങ്ങള്‍ക്കതീതമായ കൂട്ടായ്മ. ചര്‍ച്ചുകളും സിനഗോഗുകളും പള്ളികളും തോളോട് തോള്‍ ചേര്‍ന്ന് നിന്ന കാലമായിരുന്നു അത്. വിശ്വാസങ്ങളെയും ആചാരങ്ങളെയും പരസ്പരം ആദരിച്ചിരുന്ന കാലം. ക്രിസ്ത്യാനിയും ജൂതനും പാര്‍സിയും മുസ്‌ലിമും നിരീശ്വരവാദിയും ഒരുമിച്ച് പ്രവര്‍ത്തിച്ച കാലം. അതായിരുന്നു അവരുടെ ശക്തി. അതായിരുന്നു അവരുടെ വിജയ രഹസ്യം.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-10-12
ടി.കെ ഉബൈദ്‌

ഹദീസ്‌

ഞാനറിയുന്നത് നിങ്ങളറിഞ്ഞിരുന്നുവെങ്കില്‍...
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌