ശ്രീലങ്കയില്‍ നിന്ന് പഠിക്കാനുണ്ട്
സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ഏഴര പതിറ്റാണ്ടുകളില്‍ ഇത്രക്ക് പ്രതിസന്ധി നിറഞ്ഞ ഒരു ഘട്ടത്തിലൂടെ ശ്രീലങ്ക കടന്നുപോയിട്ടുണ്ടാവില്ല. ഒടുവില്‍ വാര്‍ത്ത കിട്ടുമ്പോള്‍, പ്രധാനമന്ത്രിപദത്തില്‍ കടിച്ച് തൂങ്ങിനിന്നിരുന്ന മഹിന്ദ രാജപക്‌സെയെ ജനം വലിച്ച് താഴെയിട്ടിരിക്കുന്നു. മഹിന്ദയുടെ തറവാട് വീടിന് വരെ രോഷാകുലരായ ജനം തീവെച്ചു. രാജിക്കത്തെഴുതി കൊടുത്ത് ഒരു നാവികത്താവളത്തില്‍ പോയി ഒളിച്ചിരിക്കുകയാണ് തീവ്ര സിംഹള ദേശീയതയുടെ വക്താവായ മഹിന്ദ. ജനങ്ങളെ തെരുവിലേക്കിറക്കിവിട്ടത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് എന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. ഭക്ഷ്യവസ്തുക്കളും ഇന്ധനവും വന്‍ വില കൊടുത്താല്‍ പോലും പലപ്പോഴും കിട്ടാനില്ല. ചെറുകിട തൊഴില്‍ മേഖല അമ്പേ തകര്‍ന്നിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയോടെ ക്രമസമാധാന നില വഷളായതിനാല്‍ ശ്രീലങ്കയിലേക്കുള്ള വിനോദയാത്ര നിര്‍ത്തി വെച്ചിരിക്കുകയാണ് വിദേശികള്‍. ടൂറിസത്തില്‍നിന്നുള്ള വരുമാനവും അതോടെ നിലച്ചു. തലതിരിഞ്ഞ വികസന സങ്കല്‍പമാണ് ശ്രീലങ്കയെ ഈവിധം കുത്തുപാളയെടുപ്പിച്ചത്. വിമാനത്താവളവും തുറമുഖവും നിര്‍മിക്കാന്‍ വന്‍തോതില്‍ കടങ്ങള്‍ വാങ്ങിക്കൂട്ടി. ഇപ്പോള്‍ പലിശയടക്കം തിരിച്ചടക്കേണ്ട സംഖ്യ ദേശീയ വരുമാനത്തേക്കാളും കൂടുതലായിരിക്കുന്നു. തിരിച്ചടവ് മുടങ്ങിയതിനാല്‍ പുതിയ തുറമുഖമിപ്പോള്‍ അത് നിര്‍മിച്ച ചൈനീസ് കമ്പനിയുടെ കൈവശമാണ്.
പ്രതിസന്ധിയുടെ ഈ പ്രത്യക്ഷ വശങ്ങള്‍ മാത്രമാണ് പൊതുവെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സാമൂഹികമായും രാഷ്ട്രീയപരമായും വിശകലനം ചെയ്താല്‍, ഭരണപക്ഷങ്ങള്‍ക്ക് തീവ്ര സിംഹള വംശീയ ബാധയേറ്റതാണ് പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണമെന്ന് വ്യക്തമാവും. വംശീയ ന്യൂനപക്ഷങ്ങളെയും മതന്യൂനപക്ഷങ്ങളെയും ഒതുക്കുകയും അരിക്‌വത്കരിക്കുകയുമായിരുന്നു തുടക്കം മുതലേ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് 'തമിഴ് പുലികള്‍' (എല്‍.ടി.ടി.ഇ) സായുധരായി രംഗപ്രവേശം ചെയ്യുന്നതും ദ്വീപ് രാഷ്ട്രത്തെ ആഭ്യന്തര യുദ്ധത്തിലേക്ക് വലിച്ചെറിയുന്നതും. തമിഴ് പുലികളെ ഉന്മൂലനം ചെയ്തതിന്റെ ക്രെഡിറ്റുമായാണ് മഹിന്ദ രാജപക്‌സെയും കുടുംബവും സിംഹളര്‍ക്കിടയില്‍ ജനപ്രീതി നേടിയത്. എല്‍.ടി.ടി.ഇയുടെ ഉന്മൂലനം എന്നത് പിന്നീട് തമിഴ് വംശീയ ഉന്മൂലനമായി നിറം മാറി. 2019-ലെ ഈസ്റ്റര്‍ ഞായറാഴ്ചയില്‍ ഐ.എസ് ചാവേറുകള്‍ ശ്രീലങ്കയിലെ വിവിധ ചര്‍ച്ചുകൡ ബോംബ് സ്‌ഫോടനങ്ങള്‍ നടത്തിയതോടെ രാജപക്‌സെ കുടുംബത്തിന്റെ നേതൃത്വത്തില്‍ സിംഹള വംശീയവാദികളും ബുദ്ധ പുരോഹിതന്മാരുമെല്ലാം ചേര്‍ന്ന് അവിടത്തെ മുസ്‌ലിം ന്യൂനപക്ഷത്തിന് നേരെയും തിരിഞ്ഞു. നിരവധി മുസ്‌ലിം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. അവരുടെ കച്ചവട സ്ഥാപനങ്ങള്‍ നിരന്തരം ആക്രമിക്കപ്പെട്ടു. ആക്ടിവിസ്റ്റും നിയമജ്ഞനുമായ ഹിജാസ് ഹിസ്ബുല്ല, മുസ്‌ലിം യുവ കവി അഹ്‌നഫ് ജസീം, ജമാഅത്തെ ഇസ്‌ലാമി മുന്‍ അധ്യക്ഷന്‍ ഹജ്ജുല്‍ അക്ബര്‍ തുടങ്ങിയവരെ കാരണമൊന്നും കാണിക്കാതെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
യഥാര്‍ഥത്തില്‍ ശ്രീലങ്കയുടെ സാമൂഹിക ജീവിതത്തിനും സാമ്പത്തിക ഭദ്രതക്കും വലിയ സംഭാവനകള്‍ നല്‍കിയിരുന്ന തമിഴ്-മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഭരണപക്ഷത്തിന്റെ ഒത്താശയോടെ നടത്തിവന്നിരുന്ന വംശഹത്യാ നീക്കങ്ങളിലാണ് ശ്രീലങ്കന്‍ പ്രതിസന്ധിയുടെ മുഖ്യ അടിവേര് കിടക്കുന്നത്. തമിഴ് ഉന്മൂലന ശ്രമങ്ങള്‍ ശക്തിയാര്‍ജിച്ചതോടെ ശ്രീലങ്കന്‍ പ്രഫഷനല്‍ മേഖലയില്‍ വലിയ സംഭാവനകള്‍ നല്‍കിയിരുന്ന തമിഴ് വംശജരായ യുവാക്കള്‍ ഇന്ത്യയിലേക്കും പാശ്ചാത്യ നാടുകളിലേക്കും ചേക്കേറി. വ്യാപാര മേഖലക്ക് ഉണര്‍വ് പകര്‍ന്നിരുന്ന ഒമ്പത് ശതമാനം വരുന്ന മുസ്‌ലിം ന്യൂനപക്ഷത്തെ അന്യവത്കരിക്കാനുള്ള നീക്കങ്ങള്‍ ആ മേഖലയെയും തളര്‍ത്തി. വംശഹത്യയും ധ്രുവീകരണ നീക്കങ്ങളും ഒരു നാടിനെ എവിടെ കൊണ്ടെത്തിക്കുമെന്നതിന്റെ ജീവിക്കുന്ന തെളിവ്. ശക്തമായ ജനകീയ പ്രതിരോധം ഉയര്‍ന്നുവന്നില്ലെങ്കില്‍ സംഘ് പരിവാറിന്റെ ഉന്മൂലന-ധ്രുവീകരണ രാഷ്ട്രീയവും ഇന്ത്യയെ കൊണ്ടെത്തിക്കുക ഈയൊരു നിലയിലേക്കായിരിക്കും.
Comments