സംഘ്പരിവാര്‍ ഫാഷിസവും ഇന്ത്യന്‍ മുസ്‌ലിംകളും
സംഘ്പരിവാര്‍ ഫാഷിസം രാജ്യത്ത് ഒരു പരമയാഥാര്‍ഥ്യമായിക്കഴിഞ്ഞിരിക്കുന്നു. ഇനിയതിന്റെ അസ്തിത്വത്തേയോ സ്വാധീനത്തേയോ നാം ചോദ്യം ചെയ്തത് കൊണ്ടോ, അതിന്റെ വ്യാപ്തിയെ കുറച്ച് കാണുന്നതു കൊണ്ടോ പ്രത്യേകിച്ചൊരു നേട്ടവും ആര്‍ക്കും ഉണ്ടാകാനില്ല. ഇനി നമുക്ക് മുന്നിലുള്ള ഏക വിഷയം, ഫാഷിസത്തെ അതിജീവിക്കാനുള്ള ഫലപ്രദമായ വഴി ഏത് എന്നുള്ളതിനെ കുറിച്ച ചര്‍ച്ചയും അതിനു വേണ്ട കര്‍മപദ്ധതി ആവിഷ്‌കരിക്കലും മാത്രമാണ്. ഈ രാജ്യത്തിന്റെ ഭാവിയിലും സമാധാനത്തിലും താല്‍പര്യമുള്ള മുഴുവന്‍ ആളുകളും ഗൗരവത്തില്‍ ഇത് ആലോചിക്കേണ്ട സമയം ഇപ്പോള്‍ തന്നെ അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.
സംഘ്പരിവാറിനു ശത്രുക്കളും ഇരകളും ഉണ്ട്. അവര്‍ക്ക് ശത്രുക്കള്‍ പലതുണ്ടെങ്കിലും ഫാഷിസത്തിന്റെ വിലയേറിയ ശത്രു മുസ്‌ലിംകളാണ്. ക്രൈസ്തവരും ദലിതരും കമ്യൂണിസ്റ്റുകളും ആര്‍.എസ്.എസ്സിന്റെ ശത്രുക്കളാണെങ്കിലും അവര്‍ക്കെതിരായ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടതു കൊണ്ട് തങ്ങള്‍ക്ക് രാഷ്ട്രീയമായ ഒരു നേട്ടവും ഉണ്ടാകാന്‍ പോകുന്നില്ല എന്ന് സംഘ്പരിവാറിന് നല്ല ബോധ്യമുണ്ട്. ഇതിന് നിരവധി കാരണങ്ങള്‍ ഉണ്ട്. ഒന്നാമതായി ക്രൈസ്തവരുടെയും കമ്യൂണിസ്റ്റുകളുടെയും വലുപ്പം മുസ്‌ലിംകളെ അപേക്ഷിച്ച് രാജ്യത്ത് വളരെ കുറഞ്ഞ അളവിലാണ്. രണ്ടാമതായി, ക്രൈസ്തവര്‍ക്കെതിരായ പ്രചാരണം സംഘ്പരിവാറിന്റെ ധ്രുവീകരണ അജണ്ടക്ക് ഒട്ടും പര്യാപ്തമല്ല. മുസ്‌ലിംകളുമായി ഉള്ളത് പോലെ വിഭജനത്തിന്റേതായ ഒരു ചരിത്ര പശ്ചാത്തലം ഹിന്ദു കമ്യൂണിറ്റിയും ക്രൈസ്തവരും തമ്മില്‍ ഇല്ല. അതിനാല്‍ ആര്‍.എസ്.എസ്സിനു അവര്‍ 'വിലയേറിയ ശത്രു' അല്ല. കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാര്‍ മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവന്നപ്പോള്‍ അവിടുത്തെ ക്രൈസ്തവര്‍ ഒറ്റക്കെട്ടായി അതിനെ എതിര്‍ത്തതാണ്. ബംഗ്ലൂരു ബിഷപ്പ് അതിനെതിരെ ശക്തിയായി പ്രതികരിച്ചു. ക്രിസ്തുമതത്തെ തകര്‍ക്കാനുള്ള നീക്കമാണിതെന്നായിരുന്നു ബിഷപ്പിന്റെ വാദം. പക്ഷെ ഫാഷിസത്തിന്റെ ഉന്നം അതായിരുന്നില്ല; വര്‍ഗീയ ധ്രുവീകരണം ആയിരുന്നു. അതിനു ക്രൈസ്തവ ശത്രു മതിയാവില്ലെന്നും മതപരിവര്‍ത്തന വിവാദം അതിനു പര്യാപ്തമല്ലെന്നും സംഘ്പരിവാറിന് ബോധ്യമുണ്ട്. അതിന് മുസ്‌ലിം ശത്രു തന്നെ വേണം. ഉടന്‍ അവര്‍ അജണ്ട മാറ്റി. അങ്ങനെയാണ് അവര്‍ ഹിജാബ് വിവാദം അഴിച്ചു വിട്ടത്.
ദലിതുകള്‍ രാജ്യത്ത് വലിയ ഒരു സാമൂഹിക ശക്തിയാണെങ്കിലും, അവര്‍ ഹിന്ദു കമ്യൂണിറ്റിക്കകത്തുള്ളവരാണെന്ന പൊതുബോധം, ആരെല്ലാം നിഷേധിച്ചാലും അവര്‍ക്കിടയിലും മറ്റുള്ളവര്‍ക്കിടയിലും ശക്തമാണ്. അവര്‍ക്കെതിരായ അക്രമങ്ങള്‍ കമ്യൂണല്‍ പോളറൈസേഷന്‍ ഉണ്ടാക്കാനോ അതുവഴി രാഷ്ട്രീയ ലാഭം ഉണ്ടാക്കാനോ പര്യാപ്തമല്ല എന്നും ബിജെപിക്കറിയാം. കമ്യൂണിസ്റ്റുകാര്‍ തങ്ങളുടെ ശത്രുക്കളാണെങ്കിലും അവര്‍ ഇന്ത്യയില്‍ വലിയൊരു സാമൂഹിക ശക്തിയല്ല. മതകീയ ധ്രുവീകരണത്തിന് കമ്യൂണിസ്റ്റുകാര്‍ ഫാഷിസത്തിന് 'അപരന്‍' അല്ല. ക്രൈസ്തവ-ദലിത് വിരുദ്ധ നിലപാടുകള്‍ ഫാഷിസം തുടര്‍ന്നുകൊണ്ടിരിക്കും. കമ്യൂണിസ്റ്റുകാരെ വിമര്‍ശിക്കും. എന്നാല്‍ നിരന്തരമായ മുസ്‌ലിം വിരുദ്ധ പ്രോപഗണ്ട അഴിച്ചുവിടുന്നത് പോലെ ഈ വിഭാഗങ്ങള്‍ക്കെതിരെ ആര്‍.എസ്.എസ്സ് പ്രചാരണ യുദ്ധം നടത്തില്ല.
അതിനാല്‍ പല മാനങ്ങള്‍ കൊണ്ടും കാരണങ്ങള്‍ കൊണ്ടും സംഘ്പരിവാറിന് ഇന്ത്യയില്‍ ലക്ഷണമൊത്ത ഏക ശത്രു മുസ്‌ലിംകള്‍ മാത്രമാണ്. ഒന്നാമതായി നൂറ്റാണ്ടുകളോളം അവര്‍ ഇന്ത്യ ഭരിച്ചവരാണ്. രണ്ടാമതായി രാജ്യവിഭജനവുമായി ബന്ധപ്പെട്ട ഭാരം മുസ്‌ലിം സമുദായത്തിന്റെ ചുമലില്‍ ഉണ്ട്. മൂന്ന്, രാജ്യവ്യാപകമായി വേരുകളുള്ള ഒരു പ്രബല മതസമുദായമാണ് മുസ്‌ലിംകള്‍. വിട്ടുവീഴ്ചക്ക് ഒരുക്കമല്ലാത്ത ഒരു ജനതയാകാന്‍ എന്തുകൊണ്ടും യോഗ്യതയുള്ള ആദര്‍ശവും വിശ്വാസവും ദര്‍ശനവുമുള്ള ജനതയെന്നതും മുസ്‌ലിം സമുദായത്തിന്റെ പ്രത്യേകതയാണ്. അതുകൊണ്ടാണ് മുസ്‌ലിംകള്‍ ഫാഷിസത്തിന്റെ വിലയേറിയ ശത്രുവായത്. ഇതവര്‍ തിരിച്ചറിഞ്ഞിരിക്കുന്നുവെന്നത് മുസ്‌ലിംകള്‍ എത്രയളവില്‍ മനസ്സിലാക്കുന്നു എന്നത് മുസ്‌ലിംകളുടെ പ്രശ്‌നമാണ്. ഈ വസ്തുതയെ വസ്തുതയായി തന്നെ അംഗീകരിക്കാതിരുന്നിട്ട് ഇനി ഒരു കാര്യവുമില്ല.
ഫാഷിസം ഈ കാലത്ത് ഉപയോഗിക്കുന്ന മൂന്ന് തന്ത്രങ്ങളെ കുറിച്ച് അകാദമിസ്റ്റുകള്‍ പറയുന്നത് നോക്കുക. ഒന്നാമതായി വ്യാജവാര്‍ത്തകള്‍ അവര്‍ വ്യാപകമായി പ്രചരിപ്പിക്കും. മറുവശം പറയാന്‍ ആളില്ലാത്ത വിധത്തില്‍, പറഞ്ഞാല്‍ അതാര്‍ക്കും ശ്രദ്ധിക്കാനോ മുഖവിലക്കെടുക്കാനോ സാധിക്കാത്ത വിധത്തിലായിരിക്കും ഈ വ്യാജ പ്രചാരണം. ഒരുവേള ഇതെല്ലാം സത്യമാണെന്ന് വരെ ആളുകള്‍ വിചാരിക്കും. അത്രക്കും സാങ്കേതികത്തികവോടെയാണ് ഈ രംഗത്തെ ഫാഷിസ്റ്റുകളുടെ നീക്കം.
'പോസ്റ്റ് ട്രൂത്ത് അഥവാ സത്യാനന്തരം' എന്നതാണ് അവരുടെ രണ്ടാമത്തെ തന്ത്രം. ഒരു വിഷയത്തിന്റെ സത്യാവസ്ഥയും വസ്തുതയും മാറ്റിവെച്ചുകൊണ്ട് മറ്റു വശങ്ങള്‍ ഹൈലൈറ്റ് ചെയ്യുക എന്നതാണ് പോസ്റ്റ് ട്രൂത്തിന്റെ ഒരു പ്രശ്‌നം. ഇതിന്റെ ഏറ്റവും ഭീകരമായ ഉദാഹരണമാണ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ, ഹിജാബ് വിഷയത്തിലെ പ്രതികരണം. 'ഹിജാബ് വിഷയത്തില്‍ ശാഠ്യം പിടിച്ചു കൊണ്ട് മുസ്‌ലിം സമുദായം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തടയുകയാണ്' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇത് വസ്തുതാപരമല്ല, ശരിയും അല്ല. ഇതേ നിലയില്‍ തന്നെയാണ് ദേശാഭിമാനി ഹിജാബ് വിധിയെ വിമര്‍ശിച്ചു കൊണ്ടെഴുതിയ 'ഹിജാബ് വിധി തിരുത്തപ്പെടണം' എന്ന മുഖപ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയ പ്രസ്താവനയും. ''ഹിജാബ് വിരുദ്ധ കോടതിവിധി മുസ്‌ലിം മതത്തിലെ യാഥാസ്ഥിതികര്‍ക്കും ആഹ്ലാദകരമാണ്. പെണ്‍കുട്ടികള്‍ പൊതുസമൂഹത്തില്‍ ഇടപഴകുന്നതിനെതിരെ കൂടുതല്‍ വിലക്കുമായി അവര്‍ ഇറങ്ങും.'' യഥാര്‍ഥത്തില്‍ ഹിജാബ് വിലക്കിക്കൊണ്ട് സര്‍ക്കാരും കോടതിയുമാണ് മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തടയുന്നത്. മതയാഥാസ്ഥിതികരുടെ നിയന്ത്രണങ്ങള്‍ മുസ്‌ലിം പെണ്‍കുട്ടികളുടെ മേല്‍ ഇല്ല എന്നതിനാലാണല്ലോ അവര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വന്നുകൊിരിക്കുന്നത്. വസ്തുത ഇതായിരിക്കെ എന്തിനാണ് തലതിരിഞ്ഞ ഈ പ്രചാരണം? സത്യത്തെ തമസ്‌കരിക്കുക എന്നതാണ് പോസ്റ്റ് ട്രൂത്തിന്റെ അപകടം. ഇത്തരം നുണകള്‍ ഒരു സമൂഹത്തെ കുറിച്ച് നിരന്തരം പ്രചരിപ്പിച്ച്, അവരെ അപരവല്‍ക്കരിച്ച്, ശത്രുവായി സ്ഥാപിച്ച് മറുപക്ഷത്തെ രാഷ്ട്രീയമായി ഏകീകരിക്കുക എന്നതാണ് ഫാഷിസത്തിന്റെ പൊളിറ്റിക്കല്‍ മെക്കാനിസം.
ഫാഷിസത്തിന്റെ മൂന്നാമത്തെ നെടുംതൂണ്‍ ആണ് ഡീപ് സ്റ്റേറ്റ്. ഭരണത്തിന്റെ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥവിഭാഗമാണ് ഡീപ് സ്റ്റേറ്റ്. പോലീസ്, പട്ടാളം, ഇന്റലിജന്‍സ്, സിവില്‍ സര്‍വീസ് തുടങ്ങിയ രംഗങ്ങളിലെല്ലാം തങ്ങളുടെ താല്‍പര്യ സംരക്ഷകരായി സംഘ്പരിവാര്‍ അവരെ എത്തിച്ചു കഴിഞ്ഞു. ഭരണം മാറിയാല്‍ പോലും തങ്ങള്‍ അഭിലഷിക്കുന്ന വിധത്തില്‍ ഭരണത്തെ സംഘ്പരിവാര്‍ നിയന്ത്രിക്കും. ഈ സംവിധാനത്തിലൂടെ ഒരു സമൂഹത്തെ അതിന്റെ അടിത്തട്ടില്‍ കൂടി തകര്‍ക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യാഘാതം.
മേല്‍ പറഞ്ഞ മൂന്ന് കാര്യങ്ങളിലും സംഘ്പരിവാര്‍ മുസ്‌ലിം വിരുദ്ധതയെയാണ് മൂലധനമായി സ്വീകരിക്കുന്നത്. മുസ്‌ലിം വെറുപ്പാണ് അവ ഉല്‍പാദിപ്പിക്കുന്നത്. അതുകൊണ്ടാണ് മുസ്‌ലിംകളാണ് ഫാഷിസത്തിന്റെ മുഖ്യശത്രുവെന്ന് പറഞ്ഞത്. ബാക്കിയെല്ലാവരും അതിന്റെ ഇരകളാണ്. ഇതിലിനി തര്‍ക്കിച്ചിരുന്നിട്ട് കാര്യമില്ല. ഇതിനെ ഇരവാദമായി പരിഹസിക്കുന്നതിലും ഒരര്‍ഥവുമില്ല.
രാഷ്ട്രീയമായ തെരഞ്ഞെടുപ്പിന്റെ അടിത്തറ തന്നെ കടുത്ത വംശീയതയും വര്‍ഗീയതയും അപരവിദ്വേഷവും ആയിക്കഴിഞ്ഞാല്‍, വംശീയതയില്‍ ആവേശിതരായ പൗരന്മാര്‍ ഭരണകൂടത്തിന്റെ വംശീയ താല്‍പര്യങ്ങള്‍ക്കനുകൂലമായ തീരുമാനമായിരിക്കും കൈക്കൊള്ളുക. ഭരണകൂടം എന്ത് മാത്രം ജനവിരുദ്ധമായാലും, തങ്ങളുടെ തന്നെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന നയം ഭരണകൂടം സ്വീകരിച്ചാലും, ജനം അതിനെയൊന്നും പ്രശ്‌നമായി കാണുകയില്ല. തങ്ങളെ കീഴടക്കിക്കഴിഞ്ഞ വംശീയമായ ആന്ധ്യം പക്വമായ രാഷ്ട്രീയ തീരുമാനം എടുക്കുന്നതിനുള്ള ശേഷി തന്നെ അവരില്‍ നിന്നും ചോര്‍ത്തിക്കളയും. യു.പി ഇലക്ഷന്റെ ഫലം നമുക്ക് നല്‍കുന്ന പാഠം അതാണ്. വംശീയ അജണ്ടകള്‍ക്ക് വോട്ടര്‍മാര്‍ ഗ്രീന്‍ കാര്‍ഡ് കാട്ടുന്നതോടെ ഭരണകൂടത്തിന് എന്തും ചെയ്യാം എന്ന അവസ്ഥ സംജാതമാകും. പക്ഷെ ഈ ഭരണകൂട നെറികേടുകളുടെ ഇര, അപരവല്‍ക്കരിക്കപ്പെട്ട തങ്ങളുടെ വംശീയ ശത്രുവായ മുസ്‌ലിംകള്‍ മാത്രമായിരിക്കില്ല; മുഴുവന്‍ ജനങ്ങളുമായിരിക്കും. നോട്ട് നിരോധനം മുതല്‍ കര്‍ഷക ബില്ല് വരെയുള്ള ബി.ജെ.പി ഗവണ്മെന്റിന്റെ നയങ്ങള്‍ മുസ്‌ലിംകളെ മാത്രമല്ലല്ലോ ബാധിച്ചത്. പെട്രോളിയം ഉല്‍പന്നങ്ങളുടെയും ജീവന്‍ രക്ഷാ ഔഷധങ്ങളുടെയും കുത്തനെയുള്ള വിലക്കയറ്റവും മുസ്‌ലിംകളെ മാത്രമല്ല ബാധിക്കുന്നത്. ഫാഷിസത്തിന് വോട്ട് ചെയ്തവര്‍ വരേയും അതിന്റെ ഇരകളാണ്. ഇത് മനസ്സിലാക്കി രാഷ്ട്രീയ തീരുമാനമെടുക്കാന്‍ കഴിയാത്ത വിധം മുസ്‌ലിം വിരുദ്ധത പൗരസമൂഹത്തിന്റെ മജ്ജയിലും മാംസത്തിലും അലിഞ്ഞുചേര്‍ന്നു കഴിഞ്ഞു.
ഫാഷിസത്തിന് രണ്ട് തരം ഇരകളാണുള്ളത്. ഒന്ന്, സംഘ്പരിവാറിന്റെ വംശീയശത്രുവായ ഇര. മുസ്‌ലിംകള്‍ ഈ ഒന്നാമത്തെ വിഭാഗത്തിലാണ് വരിക. ആ വംശീയ മേധാവിത്തത്തിന്റെ തന്നെ ഇരകളായ ദലിത്-പിന്നാക്ക ജനതയാണ് രണ്ടാമത്തെ കൂട്ടര്‍. മുസ്‌ലിംകള്‍ ഫാഷിസത്തിന്റെ വ്യക്തിത്വമുള്ള ശത്രുവും ഇരയുമാണെങ്കില്‍ ദലിതുകള്‍ വ്യക്തിത്വം പോലും ഇല്ലാത്ത ഇരകള്‍ മാത്രമാണ്. ഫാഷിസം ദലിതുകളെ മനുഷ്യരായിപ്പോലും ഗണിച്ചിട്ടില്ല. ഹിന്ദുത്വ ഫാഷിസത്തിന്റെ വംശീയവും ജാതീയവുമായ ഇരകളാണ് ഈ രാജ്യത്തെ അധഃസ്ഥിത പിന്നാക്ക ജനവിഭാഗമായ ദലിതുകളും ആദിവാസികളും. ഇന്ത്യന്‍ ജനത, അവര്‍ ഫാഷിസത്തെ അനുകൂലിക്കുന്നവരാണെങ്കിലും ഭരണകൂടത്തിന്റെ ഇരകള്‍ തന്നെയാണ്. പക്ഷെ കടുത്ത വംശീയ, വര്‍ഗീയ ചിന്ത തലയില്‍ കുത്തിനിറക്കപ്പെട്ടത് നിമിത്തം അവര്‍ ഭരണകൂടത്തെ എപ്പോഴും സപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കും.
വര്‍ഗീയതയുടെയും വംശീയതയുടെയും മറ്റൊരു പ്രശ്‌നം, അതിനെ ഒരിക്കല്‍ അഴിച്ചുവിട്ടാല്‍ പിടിച്ചുകെട്ടാന്‍ കഴിയില്ല എന്നതാണ്. കഴിഞ്ഞ യു.പി ഇലക്ഷനില്‍ യോഗിയെ അധികാരത്തില്‍ കൊണ്ടു വന്നത് മുസഫര്‍ നഗര്‍ കലാപമായിരുന്നല്ലോ. അന്ന് മുസഫര്‍ നഗര്‍ കലാപത്തിന് നേതൃത്വം നല്‍കിയത് ഇന്ന് കര്‍ഷകസമരത്തിന് നേതൃത്വം കൊടുക്കുന്ന മഹേന്ദര്‍ സിങ് ഠിക്കായത്തിന്റെ മക്കളായ രാഗേഷ് ഠിക്കായത്തും നരേഷ് ഠിക്കായത്തും മറ്റും ആയിരുന്നു. അതിന്റെ നേട്ടം ലഭിച്ചത് ആര്‍.എസ്.എസ്സിനും ബി.ജെ.പിക്കും ആയിരുന്നു. യോഗിക്ക് മുഖ്യ മന്ത്രിയാകാനുള്ള വഴിയൊരുക്കിയത് ആ കലാപമായിരുന്നു.
ബി.ജെ.പിയുടെ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വിവാദ കര്‍ഷക ബില്‍ കൊണ്ടുവന്നപ്പോള്‍ ദല്‍ഹിയില്‍ കര്‍ഷസമരം ശക്തി പ്രാപിച്ചു. ഈ രണ്ട് ഠിക്കായത്തുകളും കടുത്ത ബി.ജെ.പി വിരുദ്ധരായി മാറി. പക്ഷെ എന്ത് ഫലം! അവരിരുവരും മാറിയതുകൊണ്ട് അവരാല്‍ വര്‍ഗീയവാദത്തിലേക്ക് കൂറ് മാറിയ ജാട്ടുകള്‍ മാറിയില്ല. ഠിക്കായത്തുമാരുടെ ബി.ജെ.പി വിരുദ്ധ കര്‍ഷക സമരം യോഗിക്ക് ഒരു പോറല്‍ പോലും ഏല്‍പ്പിച്ചിട്ടില്ല എന്നതാണ് യു.പി തെരഞ്ഞെടുപ്പു ഫലം തെളിയിച്ചത്. അവര്‍ അഴിച്ചു വിട്ട മുസ്‌ലിം വിരുദ്ധ ജാട്ട് വംശീയത മുസ്‌ലിം വിരുദ്ധവര്‍ഗീയതയുടെ കൊടുമുടിയില്‍ എത്തിക്കഴിഞ്ഞിരുന്നു. ജാട്ടുകളെ വര്‍ഗീയവല്‍ക്കരിച്ച ഠിക്കായത്തിന് അവരെ മതേതരരാക്കാന്‍ കഴിഞ്ഞില്ല.
വര്‍ഗീയതയിലേക്ക് തള്ളിവിടാന്‍ വളരെ എളുപ്പമാണ്. അതില്‍ നിന്ന് തിരിച്ചു കയറ്റല്‍ വളരെ പ്രയാസവും. ഫാഷിസ്റ്റുവിരുദ്ധ രാഷ്ട്രീയത്തിന്റെ നയ രൂപീകരണത്തില്‍ ഇതും ഏറെ പ്രാധാന്യപൂര്‍വം പരിഗണിക്കണം. കര്‍ഷകസമരവും ബി.ജെ.പിയും ഒരുമിച്ച് വിജയിക്കുന്നതിന്റെ കെമിസ്ട്രി ഇതാണ്. മോഡി രണ്ടാമതും ഇന്ത്യയുടെ പ്രധാനമന്ത്രിയായി. യോഗി വീണ്ടും യു.പി പിടിച്ചു. ബി.ജെ.പി നാല് സംസ്ഥാനങ്ങളില്‍ വിജയിച്ചു. 2024-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു ഫലം എന്തായിരിക്കും എന്നതിന്റെ സൂചനയാണിത്.
അധികാരം ഒരു വ്യക്തിയിലേക്ക് കേന്ദ്രീകരിക്കപ്പെടുക എന്നത് ഫാഷിസത്തിന്റെ മറ്റൊരു പ്രശ്‌നമാണ്. 'ഡെമൊക്രാറ്റിക് ഡിക്‌റ്റേറ്റര്‍ഷിപ്പ്' അഥവാ ജനാധിപത്യ സ്വേഛാധിപത്യം എന്നാണ് ഇപ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ ആഗോള മീഡിയ വിശേഷിപ്പിക്കുന്നത്. പാര്‍ലമെന്റോ മന്ത്രിസഭയോ പാര്‍ട്ടിയോ ഒന്നും മോദിക്ക് വിഷയമല്ല. അവിടെയൊന്നും ഒരു ചര്‍ച്ചയും നടക്കുന്നില്ല. എല്ലാത്തിനേയും നോക്കുകുത്തിയാക്കി നിര്‍ത്തിയാണ് മോദി തീരുമാനങ്ങളെടുക്കുന്നത്. ഇത് തന്നെ അതിന്റെ ദുര്‍ബലതയെ സൂചിപ്പിക്കുന്നു. ഇതുണ്ടാക്കുന്ന ആന്തരിക പ്രശ്‌നങ്ങള്‍ കൊണ്ട് ഫാഷിസം തകരും എന്ന് നിരീക്ഷിക്കുന്നവരുണ്ട്. ഒന്നുകില്‍ ഈ അധികാരം ദുര്‍ബലമാകുന്നതോടെയോ ഇല്ലാതാകുന്നതോടെയോ ഇത് അവസാനിക്കും. അല്ലെങ്കില്‍ ഇതിനുള്ളില്‍ സമാന്തരമായ മറ്റൊരു അധികാര ഘടന നിലവില്‍ വന്നു കൊണ്ട് ഇതില്ലാതാകും. രണ്ടായാലും വ്യക്തി കേന്ദ്രീകൃത അധികാര ഘടനകള്‍ക്ക് അധികകാലം പിടിച്ചു നില്‍ക്കാന്‍ കഴിയില്ല എന്നതാണ് ചരിത്രം.
ഫാഷിസത്തെ നമുക്കെങ്ങനെ
പ്രതിരോധിക്കാം?
ഫാഷിസത്തിന് രണ്ട് പവറുകളാണുള്ളത്. ഒന്ന് സോഫ്റ്റ് പവര്‍ ആണെങ്കില്‍ മറ്റൊന്ന് ഹാര്‍ഡ് പവറാണ്. പക്ഷെ, രണ്ടാമത്തെ പവറായ ഹാര്‍ഡ് പവറിന് ദൃശ്യതയുണ്ടാവില്ല. ഹിറ്റ്‌ലറുടെ യുദ്ധ, പ്രതിരോധ മന്ത്രിമാരെ കുറിച്ച് ആര്‍ക്കും ഒന്നും അറിയില്ല. അവര്‍ ആരാണെന്നുപോലും ലോകത്തിനറിയില്ല. എന്നാല്‍ വാര്‍ത്താ വിതരണ മന്ത്രിയെ എല്ലാവര്‍ക്കും അറിയാം. ഗീബത്സിനെയാണ് ഹിറ്റ്‌ലറിനോടൊപ്പം എല്ലാവര്‍ക്കും അറിയാവുന്ന ഏക വ്യക്തി. ഫാഷിസത്തിനെതിരായ പ്രതിരോധത്തില്‍ നമ്മുടെ പരിഗണനയില്‍ വരേണ്ട ഒന്നാമത്തെ വിഷയം ഇതായിരിക്കണം.
ഫാഷിസത്തിന്റെ ഈ ഗീബത്സിയന്‍ പ്രചാരണങ്ങളെ നമുക്കെങ്ങനെ ചെറുക്കാം? ഫാഷിസത്തിന്റെ ഏറ്റവും വലിയ പവര്‍ ആയ സോഫ്റ്റ് പവര്‍ കൊണ്ടല്ലാതെ അതിനെ പരാജയപ്പെടുത്താന്‍ നമുക്ക് സാധ്യമല്ല. അതിനെ ചെറുക്കാനുള്ള ഹാര്‍ഡ് പവര്‍ നമ്മുടെ കൈയില്‍ ഇല്ല എന്നത് മറ്റൊരു വിഷയം. എന്നാല്‍ വ്യാജ വാര്‍ത്തകളെയും സംഘ്പരിവാറിന്റെ പോസ്റ്റ് ട്രൂത്ത് പ്രചാരണങ്ങളെയും പരാജയപ്പെടുത്താനുള്ള മാര്‍ഗങ്ങളില്‍ ഒന്നാണ് മാധ്യമങ്ങള്‍. പക്ഷെ ഈ മാധ്യമങ്ങളില്‍ വലിയൊരു ശതമാനവും ഗോഡീ മീഡിയയാണ്. ഭരണകൂടത്തിന്റെ മടിയിലിരിക്കുന്ന മാധ്യമങ്ങള്‍ എന്നാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. മുട്ടിലിഴയുന്ന ഈ മാധ്യമങ്ങള്‍ക്ക് മേല്‍പ്പറഞ്ഞ പ്രതിരോധം തീര്‍ക്കാന്‍ സാധ്യമല്ല.
എതിരഭിപ്രായം പറയുന്ന മാധ്യമങ്ങളെ വരുതിയില്‍ നിര്‍ത്താന്‍ പല ശ്രമങ്ങളും രാജ്യത്ത് നടക്കുന്നുണ്ട്. അത് സാധ്യമാകുമോ എന്ന് പരിശോധിക്കാനുള്ള ഫാഷിസത്തിന്റെ ടെസ്റ്റ് ഡോസ് ആയിരുന്നു മീഡിയാവണിന് സംപ്രേക്ഷണ വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടി. അവര്‍ ധരിച്ചത് ഇത് കേരളത്തിലെ ഒരു മീഡിയയല്ലേ, ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുമുള്ള മാനേജ്‌മെന്റ് ഭരിക്കുന്ന മീഡിയയല്ലേ, സി.പി.എം അടക്കം എതിര്‍ക്കുന്ന ഒരു കക്ഷി നടത്തുന്ന മീഡിയ ആണല്ലോ എന്നായിരുന്നു. ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും കോടതികളും ഇതിനോടെങ്ങനെ പ്രതികരിക്കും എന്ന് പരിശോധിക്കാന്‍ കൂടിയായിരുന്നു ഈ വിലക്ക്. പക്ഷെ അവരുടെ കണക്കുകൂട്ടലുകള്‍ പിഴച്ചു. നാഷ്‌നല്‍ സെക്യൂരിറ്റി എന്ന പ്രശ്‌നം ഉന്നയിച്ചാല്‍ കോടതികള്‍ തങ്ങളോടൊപ്പം നില്‍ക്കും എന്നാണ് അവര്‍ വിചാരിച്ചത്. നാഷ്‌നല്‍ സെക്യൂരിറ്റിയും നേച്വറല്‍ ജസ്റ്റിസും തമ്മില്‍ ഏറ്റുമുട്ടിയാല്‍ കോടതി നാഷ്‌നല്‍ സെക്യൂരിറ്റിക്കൊപ്പം നില്‍ക്കും എന്നാണ് സംഘ്പരിവാര്‍ വിശ്വസിക്കുന്നത്. ഈ ന്യായം മീഡിയാവണിന്റെ കാര്യത്തില്‍ സുപ്രീം കോടതിയെങ്ങാനും അംഗീകരിച്ചു കൊടുത്താല്‍ ഇന്ത്യയിലെ പ്രസ്സ് ഫ്രീഡത്തെ മാത്രമല്ല അത് പ്രതികൂലമായി ബാധിക്കുക. രാഷ്ട്രീയ പാര്‍ട്ടികളെയടക്കം സീല്‍ഡ് കവറില്‍ പൂട്ടാം എന്ന സ്ഥിതി സംജാതമാകും.
ഇപ്പോള്‍ അവര്‍ ഹിജാബില്‍ കൈവെക്കുന്നു. ഇത് മനഃപൂര്‍വം പ്രകോപനം ഉണ്ടാക്കാനാണ്. മുസ്‌ലിംകള്‍ ഇതിനോടെങ്ങനെ പ്രതികരിക്കും എന്നാണ് ഭരണകൂടം നോക്കുന്നത്. ബാബരി മസ്ജിദ് നഷ്ടമായപ്പോള്‍, നമസ്‌കരിക്കാന്‍ വേറെയും പള്ളിയുണ്ടല്ലോ എന്ന് പറഞ്ഞ നേതാക്കള്‍ വരെ ഈ സമുദായത്തിനകത്തും വെളിയിലും ഉണ്ടായിരുന്നു. ഇപ്പോള്‍ അവര്‍ക്കും എല്ലാവര്‍ക്കും മനസ്സിലായി ഇതൊരു ബാബരി മസ്ജിദിന്റെ മാത്രം പ്രശ്‌നമല്ല; രാജ്യത്തിന്റെ മതനിരപേക്ഷതയുടെയും മുസ്‌ലിം സമുദായത്തിന്റെ നിലല്‍പിന്റെയും പ്രശ്‌നമാണെന്ന്. മുത്ത്വലാഖ് വിഷയത്തിലും ഈ നിലപാടില്ലായ്മ സമുദായത്തിനുണ്ടായി. ത്വലാഖ് പോലും ചൊല്ലാത്ത നമുക്കെന്ത് മുത്ത്വലാഖ് എന്ന്‌വരേയും പറഞ്ഞവരുണ്ട്. ഓരോ പ്രശ്‌നം ഉയര്‍ന്ന് വരുമ്പോഴും നമുക്കൊരു പ്രശ്‌നവും ഇല്ലല്ലോ എന്ന അഴകൊഴമ്പന്‍ സമീപനം സ്വീകരിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ ഇപ്പോള്‍ മനസ്സിലായിത്തുടങ്ങി. കാരണം ഹിജാബ് നിരോധനം മുസ്‌ലിം സമുദായത്തിലെ ഓരോ അംഗത്തേയും ബാധിക്കുന്ന വിഷയമാണ്. വളരെ ആസൂത്രിതമായിട്ടാണ് ഫാഷിസം, മുസ്‌ലിംകള്‍ക്ക് ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍ സാധിക്കാത്ത ഹിജാബില്‍ കൈ വെച്ചത്. നമ്മുടെ കണ്ണു തുറപ്പിക്കാന്‍ ഇതും പര്യാപ്തമല്ല എന്നാണെങ്കില്‍ ഇനി ആര് വിചാരിച്ചാലാണ് കണ്ണൊന്ന് തുറക്കുക!
ഏതായാലും മേല്‍ സൂചിപ്പിച്ച രണ്ട് വിഷയത്തിലും സംഘ് പരിവാര്‍ വിചാരിച്ച മാതിരിയല്ല കാര്യങ്ങളുടെ പോക്ക് എന്നത് നമുക്കേറെ ആശ്വാസവും പ്രതീക്ഷയും നല്‍കുന്നതാണ്. ഈ രണ്ട് വിഷയത്തിലും സംഘ്പരിവാറിനെ പിന്തുണയ്ക്കാന്‍ ആരും രംഗത്തു വരുന്നില്ല. ഒരു മീറ്റര്‍ തുണിക്കഷ്ണം മുസ്‌ലിം പെണ്‍കുട്ടികള്‍ തലയിലിട്ടാല്‍ എന്താണ് സംഭവിക്കുക. ഒന്നും സംഭവിക്കില്ല എന്ന് സംഘ്പരിവാറിനും അറിയാം. പക്ഷേ അവര്‍ക്ക് വര്‍ഗീയത ഇളക്കി വിടാന്‍ ഒരു വിഷയം വേണം. സുപ്രീം കോടതിയില്‍ ഹിജാബ് കേസില്‍ മുസ്‌ലിംകള്‍ പരാജയപ്പെട്ടാല്‍, തമിഴ്‌നാട്, വെസ്റ്റ് ബംഗാള്‍, കേരളം ഒഴികെ ബാക്കി എല്ലാ സ്റ്റേറ്റുകളിലും ഹിജാബ് നിരോധിക്കും. കേരളത്തിലും ഹിജാബ് വിലക്കണം എന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു കഴിഞ്ഞു.
നാമും രാജ്യവും അഭിമുഖീകരിക്കുന്ന രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാം എന്നതും സുപ്രധാനമായ വശമാണ്. മുസ്‌ലിം സമുദായവും മതേതര പ്രസ്ഥാനങ്ങളും ധരിച്ചുവശായിരിക്കുന്നത് കോടതി വ്യവഹാരത്തിലൂടെ ഇതെല്ലാം പരിഹരിച്ചുകളയാം എന്നാണ്. പക്ഷെ അത് മാത്രമാണോ വഴി? രാജ്യത്ത് കര്‍ഷകസമരം ഉണ്ടായി. എങ്ങനെയാണ് കേന്ദ്ര സര്‍ക്കാരിനെ കൊണ്ട് അവര്‍ കര്‍ഷക ബില്ല് പിന്‍വലിപ്പിച്ചത്? അവര്‍ ഉന്നയിച്ചത് ഒറ്റ ആവശ്യമായിരുന്നു. ഞങ്ങള്‍ക്ക് ഞങ്ങളുടെ മണ്ഡികള്‍ തിരികെ ലഭിക്കണം. കോടതിവിധി ഞങ്ങള്‍ക്ക് ആവശ്യമില്ല എന്നതായിരുന്നു കര്‍ഷകരുടെ മുദ്രാവാക്യം. കേന്ദ്ര സര്‍ക്കാര്‍ ആ സമരത്തിനു മുന്നില്‍ മുട്ടുമടക്കിയില്ലേ. അപ്രകാരം ഈ സമുദായത്തിനു, 'ഞങ്ങള്‍ക്ക് കോടതി വിധിയല്ല, ഹിജാബാണ് വേണ്ടത്' എന്ന് ഒറ്റക്കെട്ടായി പറയാന്‍ കഴിഞ്ഞാല്‍ മാത്രമാണ് ഭരണകൂടം കണ്ണ് തുറക്കുക. സംഘടിതമായ ജനകീയ പ്രക്ഷോഭത്തിലൂടെ മാത്രമേ ഭരണകൂടത്തെ തിരുത്താന്‍ സാധിക്കുകയുള്ളൂ. സാമൂഹിക പ്രശ്‌നങ്ങളും അസ്തിത്വ പ്രശ്‌നങ്ങളും കോടതി വ്യവഹാരത്തിലൂടെ മാത്രം പരിഹരിക്കാനാകും എന്നത് മിഥ്യയാണ്.
സംഘ്പരിവാറിന്റെ നുണപ്രചാരണങ്ങളെയും വ്യാജ വാര്‍ത്തകളെയും പൊളിച്ചടുക്കുകയും വസ്തുതകള്‍ വസ്തുതകളായി അവതരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഫാഷിസത്തെ ചെറുക്കാനുളള ഒന്നാമത്തെ വഴി. ഇതിനെതിരില്‍ വമ്പിച്ച ബഹുജന കാമ്പയിന്‍ അഴിച്ചു വിടുകയാണ് വേണ്ടത്. സംഘ്പരിവാര്‍ പ്രചാരണത്തിന്റെ മറുഭാഗം പറയാന്‍ ആളില്ല എന്ന അവസ്ഥയാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. പോസ്റ്റ് ട്രൂത്തിനു മുന്നില്‍ ട്രൂത്ത് വിളിച്ചു പറയാന്‍ കഴിയണം. സ്വാധീനവും വ്യക്തിത്വവുമുള്ള ആളുകളെ നമുക്ക് അതിന്നായി രംഗത്തിറക്കുവാനും സാധിക്കണം. ലവ് ജിഹാദും ഹലാല്‍ വിവാദവും എങ്ങനെയാണ് നമുക്ക് ചെറുക്കാനായത്? ആ സ്വഭാവത്തില്‍, നിരന്തരമായ ശ്രമങ്ങള്‍ ഈ സമുദായത്തിന്റെ ഭാഗത്തുനിന്ന് സംഘ്പരിവാര്‍ പ്രചാരണങ്ങള്‍ക്കെതിരായി ഉാവണം. സംഘ്പരിവാറിന് മുന്നില്‍ മുട്ടുമടക്കി നമുക്ക് രക്ഷപ്പെടാന്‍ കഴിയില്ല. അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി കൊടുത്തു കൊണ്ടും ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. അത്രമാത്രം വിപുലമായ പ്രചാരണ സാമഗ്രികള്‍, ലോക മാധ്യമ-സാമൂഹിക മാധ്യമ ഭീമന്മാരുമായി ചേര്‍ന്നു സംഘ്പരിവാര്‍ വിദ്വേഷ പ്രചാരണത്തിനായി ഉപയോഗിക്കുന്നു്. ട്വിറ്ററും ഫേസ്ബുക്കും സംഘ്പരിവാര്‍ വിലയ്‌ക്കെടുത്ത പോലെയാണ്. അതിനാല്‍ ഇതിനെതിരായ ശക്തമായ ബഹുജന കാമ്പയിന്‍ വളര്‍ത്തിയെടുത്തേ മതിയാകൂ. അതിന് ഈ സമുദായം ഐക്യത്തോടെ രംഗത്ത് വരണം.
തുടര്‍ന്ന് രാഷ്ട്രീയമായ പ്രതിരോധമാണ് ഉയര്‍ന്ന് വരേണ്ടത്. പ്രതിരോധത്തിന്റെ രണ്ടാമത്തെ വഴിയാണിത്. സംഘ്പരിവാര്‍ ഫാഷിസത്തോട് ഏത് നിലയ്ക്കുള്ള മൃദു സമീപനവും സ്ട്രാറ്റജിക്കലി തെറ്റായ നീക്കമായിരുക്കും. കോണ്‍ഗ്രസ് തകര്‍ന്നത് മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ചതു കൊണ്ടാണ്. മമതയും സ്റ്റാലിനും സംഘ്പരിവാറിനോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്നതു കൊണ്ടാണ് അവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ സാധിക്കുന്നത്. തമിഴ്‌നാട്ടിലും വെസ്റ്റ് ബംഗാളിലും ബി.ജെ.പിക്ക് കടന്നു ചെല്ലാന്‍ സാധിക്കാത്തതും അതിനാലാണ്. ഹിന്ദുത്വയെ മൃദുഹിന്ദുത്വ കൊണ്ട് നേരിടാന്‍ നോക്കിയതാണ് കോണ്‍ഗ്രസിന് പറ്റിയ തെറ്റ്. അതവര്‍ മനസ്സിലാക്കുന്നില്ല എന്നതാണ് ഇപ്പോള്‍ അവര്‍ നേരിടുന്ന പ്രശ്‌നം. അതുകൊണ്ട് ഹിന്ദുത്വയെ പച്ചയായ സെക്യുലരിസം കൊണ്ട് രാഷ്ട്രീയമായി നേരിടുക എന്നതാണ് സംഘ്പരിവാറിനെ ചെറുക്കാനുള്ള രാഷ്ട്രീയമായ മാര്‍ഗം. മതേതര കക്ഷികള്‍ ആത്മാര്‍ഥവും സത്യസന്ധവുമായ നിലയില്‍ ഐക്യപ്പെടുകയും മൃദുഹിന്ദുത്വ സമീപനം ഒഴിവാക്കുകയും ചെയ്താല്‍ ഫാഷിസത്തെ രാഷ്ട്രീയമായി പരാജയപ്പെടുത്താന്‍ സാധിക്കും. നാം മറക്കാന്‍ പാടില്ലാത്ത ഒന്നുണ്ട്. രാജ്യത്ത് സംഘ്പരിവാറിന് ഭൂരിപക്ഷം ഇല്ല എന്നതാണത്. ചിതറി നില്‍ക്കുന്ന ഭൂരിപക്ഷവും യോജിച്ച് നില്‍ക്കുന്ന ന്യൂനപക്ഷവും തമ്മില്‍ ഏറ്റുമുട്ടിയാല്‍ ഒരുമിച്ചു നില്‍ക്കുന്ന ന്യൂനപക്ഷം വിജയിക്കും എന്നത് ജനാധിപത്യത്തിന്റെ ഒരു പ്രശ്‌നമാണ്. ഇത് രാജ്യത്തെ മതനിരപേക്ഷ സമൂഹങ്ങളും പ്രസ്ഥാനങ്ങളും തിരിച്ചറിഞ്ഞ് ഐക്യപ്പെടണം. മൂന്നാമതായി, രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വമ്പിച്ച ജനകീയ സമരങ്ങള്‍ വളര്‍ത്തിക്കൊണ്ടു വരികയും രാജ്യത്തിന്റെ തെരുവുകള്‍ പിടിച്ചുലക്കാന്‍ കഴിയുന്ന പ്രക്ഷോഭങ്ങള്‍ ഉണ്ടാവുകയും വേണം. ഈ മൂന്ന് മാര്‍ഗങ്ങള്‍ അല്ലാതെ നാലാമതൊരു വഴി നമ്മുടെ മുന്നില്‍ ഇപ്പോള്‍ ഇല്ല.
(ജമാഅത്തെ ഇസ്‌ലാമി എറണാകുളം ജില്ലാ കമ്മിറ്റി 'സംഘ്പരിവാര്‍ ഫാഷിസവും ഇന്ത്യന്‍ മുസ്‌ലിംകളും' എന്ന വിഷയത്തില്‍ ആലുവയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ ചെയ്ത പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍. തയാറാക്കിയത്: എസ്.എം.എസ്)
Comments