Prabodhanm Weekly

Pages

Search

2022 മെയ് 20

3252

1443 ശവ്വാല്‍ 19

മതരാഷ്ട്രവാദം തെറ്റ്,  പൗരോഹിത്യ കൂട്ടുകെട്ട് ശരി!

എ.ആര്‍

മതം രാഷ്ട്രീയത്തില്‍ ഇടപെടരുത്, മതരാഷ്ട്രവാദമാണ് വര്‍ത്തമാനകാലം നേരിടുന്ന ഏറ്റവും വലിയ വിപത്ത്, ഇതിനെതിരെ മതേതര വിശ്വാസികളും പാര്‍ട്ടികളും സംഘടനകളുമെല്ലാം ഒറ്റക്കെട്ടായി പൊരുതിയേ തീരൂ; അല്ലാത്തപക്ഷം രാജ്യം മതവ ര്‍ഗീയ ശക്തികളുടെ പിടിയില്‍ സമ്പൂര്‍ണമായൊതുങ്ങി സര്‍വനാശമായിരിക്കും ഫലം എന്നൊക്കെയുള്ള മുറവിളികള്‍ മാനംമുട്ടെ ഉയരാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ഇടതുപക്ഷമാണ് വിശേഷിച്ചും കമ്യൂണിസ്റ്റ് പാര്‍ട്ടികളും അവരുടെ പോഷക സംഘടനകളുമാണ് മതരാഷ്ട്രവാദം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രതിഭാസത്തിനെതിരെ പൊരുതുന്നവരുടെ മുന്‍പന്തിയില്‍. പ്രത്യക്ഷത്തില്‍ ശരിയെന്ന് തോന്നുന്ന ഈ മതേതരത്വ ജിഹാദിന്റെ വക്താക്കള്‍ യഥാര്‍ഥത്തില്‍ കാഴ്ചവെക്കുന്ന മാതൃകയോ? നാല് വോട്ടിനു വേണ്ടി ഏത് അരമനയിലും കയറിച്ചെല്ലുന്ന, ഏത് പൗരോഹിത്യ സമ്മര്‍ദങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും വഴങ്ങുന്ന, പിന്തിരിപ്പന്‍ യാഥാസ്ഥിതികരെന്ന് അവര്‍ തന്നെ വിശേഷിപ്പിച്ചുവന്ന സംഘടനകളെ പരമാവധി അനുനയിപ്പിക്കുന്ന, ഇത്തരം ശക്തികളുടെ അരുതായ്മകളുടെ നേരെ കണ്ണടക്കുന്ന അറുവഷളന്‍ പ്രീണനനയവും! സാമാന്യ ബുദ്ധികള്‍ക്കൊക്കെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയുന്ന ഈ ഇരട്ടത്താപ്പുമായാണോ ഇക്കൂട്ടര്‍ മത രാഷ്ട്രവാദത്തെ തളയ്ക്കാനും ഒതുക്കാനും ശ്രമിക്കുന്നതെന്ന ചോദ്യത്തിന്റെ മുന്നില്‍ ഞഞ്ഞാപിഞ്ഞം പറഞ്ഞ് രക്ഷപ്പെടാനാണ് ശ്രമം.
പൗരോഹിത്യം ഭരണം നിയന്ത്രിക്കുകയും ഭരണകര്‍ത്താക്കള്‍ പുരോഹിതന്മാര്‍ക്ക് അടിപ്പെടുകയും മതനിയമങ്ങള്‍ രാഷ്ട്ര നിയമങ്ങളാവുകയും ചെയ്യുന്ന ഥിയോക്രാറ്റിക് സ്റ്റേറ്റുകള്‍ ഇന്ന് ഭൂമുഖത്തില്ല എന്ന് തന്നെ പറയാം. മധ്യകാല നൂറ്റാണ്ടുകളില്‍ ക്രൈസ്തവ യൂറോപ്പിനെ ആവേശിച്ചിരുന്ന ഥിയോക്രാറ്റിക് ദുര്‍ഭൂതം ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. സെക്യുലര്‍ എന്ന് വിളിക്കപ്പെടുന്ന ജനാധിപത്യവും ഏകാധിപത്യവും രണ്ടും കലര്‍ന്നതുമായ യൂറോ-അമേരിക്കന്‍ രാജ്യങ്ങളും, അവരുടെ വഴിക്ക് നീങ്ങുന്ന ഏഷ്യനാഫ്രിക്കന്‍ നാടുകളുമാണ് നിലവില്‍. സത്യത്തില്‍ ലോകമാകെ നിലവിലിരിക്കുന്നതും ശക്തിപ്പെടുന്നതുമായ പ്രതിഭാസം തീവ്ര ദേശിയതയും വംശീയവാദവുമാണ്. പൊതുവെ സമാധാനം പുലരുന്ന സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ പോലും വലതുപക്ഷ വംശീയവാദം ശക്തിപ്പെട്ടുവരുന്നെന്നാണ് സ്വീഡനിലെ പുതിയ സംഭവവികാസങ്ങള്‍ നല്‍കുന്ന സൂചന. അത്യന്തം ആസൂത്രിതമായി വളര്‍ത്തിയെടുക്കപ്പെട്ട സയണിസ്റ്റ് വംശീയ രാഷ്ട്രത്തിന്റെ-ഇസ്രയേലിന്റെ- അതേ മാതൃകയില്‍ ഫാഷിസ്റ്റ് ഇറ്റലിയുടെയും നാസി ജര്‍മനിയുടെയും ചേരുവകള്‍ യഥാവിധി ചേര്‍ത്ത് രൂപപ്പെടുത്തിയ ഹിന്ദുത്വ വംശീയതയാണ് ജനാധിപത്യ ഇന്ത്യയുടെ യഥാര്‍ഥ ഭീഷണി. തൂമ്പയെ തൂമ്പാ എന്നു വിളിക്കാതെ, മതരാഷ്ട്രവാദം എന്ന് പേരിട്ട് സി.പി.എമ്മും സഹയാത്രികരും കാട്ടുന്ന അഭ്യാസം യാഥാര്‍ഥ്യത്തില്‍നിന്നുള്ള ഒളിച്ചോട്ടമാണ്. തീവ്ര ഹിന്ദുത്വ വംശീയതക്ക് തുല്യമായോ പകരമായോ ഒരു മതത്തിന്റെയും പേരിലോ മറവിലോ ഇന്ത്യാ രാജ്യത്ത് ഒരു മുസ്‌ലിം തീവ്ര ദേശീയത പ്രസ്ഥാനവും പ്രവര്‍ത്തിക്കുന്നില്ല. സ്വാതന്ത്ര്യത്തിന് മുമ്പ് ഹിന്ദു-മുസ്‌ലിം ദേശീയതാ വാദങ്ങള്‍ ശക്തമായി ഉയര്‍ത്തപ്പെട്ടപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി അവതരിപ്പിച്ച ഇസ്‌ലാമിക ദര്‍ശനം ദേശീയതയെയും വര്‍ഗീയതയെയും വിഭാഗീയതയെയും പാടെ നിരാകരിക്കുന്ന വിശ്വ മാനവികതയില്‍ അധിഷ്ഠിതമായ ലോകക്രമമാണ്. നിരീശ്വര, നിര്‍മത, കേവല ഭൗതികതയുടെ ഭൂമികയില്‍ നിലയുറപ്പിച്ചവര്‍ക്ക് അതിനെ നൂറ് ശതമാനവും നിരാകരിക്കാം, എതിര്‍ക്കാം, അപ്രായോഗികമെന്ന് വിധിയെഴുതാം. എന്നാല്‍ മതരാഷ്ട്രവാദമെന്നും ആര്‍.എസ്.എസ്സിന്റെ ഹിന്ദു രാഷ്ട്രവാദത്തിന് സമാന്തരമെന്നും മുദ്രകുത്തി, കൃത്രിമമായി സൃഷ്ടിച്ചെടുത്ത സമീകരണത്തിലൂടെ പ്രചാരണം തുടരുന്നത് ആടിനെ പട്ടിയും പേപ്പട്ടിയുമാക്കി തല്ലിക്കൊല്ലുന്ന ഏര്‍പ്പാടാണെന്ന് പറയാതെ വയ്യ. മറ്റു മതേതര പാര്‍ട്ടികളൊന്നും അവ്വിധത്തില്‍ ജമാഅത്തെ ഇസ്‌ലാമിയെ കാണാന്‍ തയാറില്ലാത്തതും അതുകൊണ്ടാണ്. കോണ്‍ഗ്രസ്സിനെ മൃദു ഹിന്ദുത്വ പാര്‍ട്ടിയായി കുറ്റപ്പെടുത്തുന്ന സി.പി.എം, യഥാര്‍ഥ ഹിന്ദുത്വ ഫാഷിസ്റ്റ് പ്രസ്ഥാനത്തെ നേരിടുന്നതിലുള്ള ഭീരുത്വം മൂലമാണ് തീര്‍ത്തും അയഥാര്‍ഥമായ മുസ്‌ലിം വംശീയവാദ സമാന്തരത്തെ സാങ്കല്‍പികമായി സൃഷ്ടിച്ചെടുക്കേണ്ട ഗതികേടിലായത്.
അതേസമയം ഥിയോക്രസിയുടെ യഥാര്‍ഥ അനന്തരാവകാശികളായ ക്രിസ്തീയ പുരോഹിത സഭകളെ പരമാവധി അനുനയിപ്പിക്കാനും പ്രീണിപ്പിക്കാനും ലഭിക്കുന്ന ഒരവസരവും സി.പി.എം പാഴാക്കുന്നുമില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പേ ആരംഭിച്ച ഇടതുപക്ഷ-പുരോഹിത സഭാ കൂട്ടുകെട്ട് കൂടുതല്‍ ശക്തമായി തുടരുന്നതിന്റെ ഉദാഹരണങ്ങള്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്നു. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലെ സഭാവശ്യങ്ങള്‍ക്ക് വഴങ്ങലും, പാലാ ബിഷപ്പിന്റെ കുപ്രസിദ്ധമായ ലൗ ജിഹാദ് -നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശങ്ങളോടുള്ള മൃദുല കാഴ്ചപ്പാടും, പാര്‍ട്ടിക്കാരായ യുവമിഥുനങ്ങളുടെ മിശ്ര വിവാഹത്തിന് ലൗ ജിഹാദ് മുദ്രകുത്താന്‍ മാര്‍ക്‌സിസ്റ്റ് പ്രാദേശിക നേതാവ് കാണിച്ച വൃഗ്രതയുമെല്ലാം ശ്രദ്ധേയ വ്യതിയാനങ്ങളായിരുന്നെങ്കില്‍, ഒടുവിലത്തെ തൃക്കാക്കര സ്ഥാനാര്‍ഥി നിര്‍ണയം സ്പഷ്ടവും പരസ്യവുമായ സഭാ പ്രീണനത്തിന്റെ നഗ്നമായ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കോണ്‍ഗ്രസ്സ് നേതാവ് പി.ടി തോമസ് നിര്യാതനായതിനെ തുടര്‍ന്ന് തൃക്കാക്കര മണ്ഡലത്തില്‍ വേണ്ടിവന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പരേതന്റെ പത്‌നി ഉമാ തോമസ് നിഷ്പ്രയാസം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ നിയമസഭയില്‍ 100 തികക്കാന്‍ എല്‍.ഡി.എഫ് പ്രദേശത്തെ ഊര്‍ജസ്വലനായ സി.പി.എം പ്രവര്‍ത്തകന്‍ അഡ്വ. അരുണ്‍ കുമാറിനെ പാര്‍ട്ടി രംഗത്തിറക്കാന്‍ പോവുന്നുവെന്ന് പരക്കെ പ്രചരിച്ചിരുന്നതാണ്. അദ്ദേഹത്തിനു  വേണ്ടി സഖാക്കള്‍ ചുമരെഴുത്ത് പോലും ആരംഭിച്ചപ്പോള്‍ സഡന്‍ വിലക്ക് വന്നു, നാടകീയ സംഭവവികാസങ്ങള്‍ക്കൊടുവിലാണ് ക്രൈസ്തവ സഭ നേരിട്ട് നടത്തുന്ന ലിസി ഹോസ്പിറ്റലിലെ ഹൃദയ ശസ്ത്രക്രിയ വിദഗ്ധന്‍ ജോ ജോസഫിന്റെ സ്ഥാനാര്‍ഥിത്വം അതേ ആശുപത്രി ലോഞ്ചില്‍ വെച്ചുതന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. തൃക്കാക്കര മണ്ഡലത്തിലെ നിര്‍ണായക ശക്തിയായ ക്രൈസ്തവ വോട്ടുകള്‍ ഉന്നം വെച്ച് സിറോ മലബാര്‍ സഭ പിതാക്കളുമായി കൂടിയാലോചിച്ചാണ് സി.പി.എമ്മിന്റെ നാടകീയ നീക്കം എന്നത് വ്യക്തമായിരുന്നു. പക്ഷേ ഈ ആരോപണത്തെ, പാര്‍ട്ടി അംഗമാണ് ഡോ. ജോ എന്ന ദുര്‍ബല ന്യായത്തിലാണ് സി.പി.എം നേതൃത്വം പ്രതിരോധിക്കുന്നത്. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ഥിയാണെന്ന് തുടക്കത്തില്‍ ചൂണ്ടിക്കാട്ടിയ യു.ഡി.എഫും പെട്ടെന്ന് നിലപാട് മാറ്റി സഭാ പിതാക്കള്‍ക്കിതില്‍ പങ്കൊന്നുമില്ല എന്ന മട്ടിലാണിപ്പോള്‍ പ്രതികരിക്കുന്നത്. സഭാ നേതൃത്വം പ്രകോപിതരായാല്‍ ഉമ വീട്ടിലിരിക്കേണ്ടിവരുമെന്ന തിരിച്ചറിവാകാം പിന്മാറ്റത്തിന് കാരണം. എന്തായാലും മതം രാഷ്ട്രീയത്തിലിടപെട്ടാലും ഇല്ലെങ്കിലും രാഷ്ട്രീയം മതത്തെ കൂട്ടുപിടിച്ചു നടത്തുന്ന കളികള്‍ പൂര്‍വാധികം ശക്തമായി തുടരുമെന്ന് തീര്‍ച്ച. അപ്പോഴും മതേതരത്വ മുഖംമൂടി അഴിച്ചുവെക്കാന്‍ മതേതരത്വ കുത്തകക്കാര്‍ തയാറല്ല.
ഇക്കളിയില്‍ മൂന്നാം മുന്നണി എവിടെ നില്‍ക്കുന്നുവെന്ന ചോദ്യമുണ്ട്.  കേരള ജനസംഖ്യയില്‍ 19 ശതമാനം വരുന്ന ക്രൈസ്തവര്‍ 27 ശതമാനം വരുന്ന മുസ്‌ലിംകളുമായി ചേര്‍ന്ന് മതേതര പാര്‍ട്ടികളോടൊപ്പം നിലയുറപ്പിച്ചതിനാലാണ് കേന്ദ്രത്തിലെ അധികാരമുപയോഗിച്ച് സര്‍വതന്ത്രങ്ങളും പയറ്റിയിട്ടും നിയമസഭയില്‍ വട്ടപൂജ്യമായതെന്ന തിരിച്ചറിവില്‍, തുല്യ ശത്രുതാ നയം തിരുത്തി മുസ്‌ലിംകള്‍ക്കെതിരെ ക്രൈസ്തവരെ കൂട്ടുപിടിക്കാനുള്ള തന്ത്രം ഹിന്ദുത്വ കൂട്ടായ്മ പയറ്റാന്‍ ശ്രമമാരംഭിച്ചത്. നിയമ സഭാ തെരഞ്ഞെടുപ്പില്‍ പക്ഷേ അത് യു.ഡി.എഫിന് കനത്ത നഷ്ടമുണ്ടാക്കിയപ്പോള്‍ എല്‍.ഡി.എഫിന് വന്‍ നേട്ടമുണ്ടാക്കുന്നതിലാണ് കലാശിച്ചത്. ഹസന്‍-കുഞ്ഞാലിക്കുട്ടി-അമീര്‍ മുന്നണി അധികാരം പിടിച്ചാലുള്ള ഭവിഷ്യത്തിനെക്കുറിച്ച മുന്നറിയിപ്പുമായി രംഗത്തിറങ്ങിയ സി.പി.എമ്മിനോടൊപ്പം നില്‍ക്കാന്‍ ക്രൈസ്തവ സഭകള്‍ തയാറായതാണ് കാരണം. ഈ ദിശയിലുള്ള കൂട്ടുകെട്ട് സി.പി.എം ജാഗ്രതയോടെ തുടരുന്നുവെങ്കിലും, ഒരു വിഭാഗം ക്രൈസ്തവ ചാവേറുകളെ കാസ (ക്രിസ്ത്യന്‍ അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍) എന്ന പേരില്‍ രംഗത്തിറക്കിയാണ് ഹിന്ദുത്വരുടെ കളി. മാര്‍പ്പാപ്പയുടെ യു.എ.ഇ സന്ദര്‍ശനവേളയില്‍ ഇന്ത്യ കൂടി സന്ദര്‍ശിക്കാന്‍ വത്തിക്കാന്‍ താല്‍പര്യം പ്രദര്‍ശിപ്പിച്ചിരുന്നുവെങ്കിലും മതപരിവര്‍ത്തന പ്രോത്സാഹന ഭീതിയുയര്‍ത്തി മോദി സര്‍ക്കാറിനെ നിഷേധാത്മക നിലപാട് സ്വീകരിപ്പിക്കാന്‍ ആര്‍.എസ്.എസ്സിന് കഴിഞ്ഞു. അന്ന് നിരാശനായി മടങ്ങിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ വത്തിക്കാനില്‍ ചെന്നു കണ്ട് ഇന്ത്യയിലേക്ക് ക്ഷണിക്കാന്‍ രണ്ടാമൂഴത്തില്‍ നരേന്ദ്ര മോദി സന്നദ്ധനായത് കേരളത്തിലെയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെയും ക്രൈസ്തവ വോട്ടുകളെ സ്വാധീനിക്കാനുള്ള അടവ് നയമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. മേയ് ആദ്യവാരത്തില്‍ തിരുവനന്തപുരത്ത് നടന്ന അനന്തപുരീ ഹിന്ദു മഹാ സമ്മേളനത്തില്‍ മുഖ്യാതിഥിയായി കേരള രാഷ്ട്രീയത്തിലെ എക്കാലത്തെയും വിവാദ പുരുഷന്‍ പി.സി ജോര്‍ജിനെ കൊണ്ടുവന്നതും അണിയറ നീക്കങ്ങളുടെ ഭാഗമാണ്. ഈരാറ്റുപേട്ടയില്‍, കഴിഞ്ഞ കാലങ്ങളിലൊക്കെ പിന്തുണച്ച മുസ്‌ലിം സമ്മതിദായകര്‍, പരസ്യമായ ഹിന്ദുത്വ കൂട്ടുകെട്ടിനെ തുടര്‍ന്ന് തന്നെ തോല്‍പിച്ചതിലെ പകയും രോഷവുമായി നടക്കുന്ന ജോര്‍ജാവട്ടെ ലഭിച്ച സുവര്‍ണാവസരം പാഴാക്കിയതുമില്ല. മുസ്‌ലിം സമുദായത്തിനെതിരെ അയാള്‍ കൊടും വിഷം വമിക്കുമ്പോള്‍ സദസ്സ് സാവേശം കൈയടിക്കുകയായിരുന്നു. പുറത്ത് പ്രതിഷേധമുയര്‍ന്നപ്പോള്‍ മുഖ്യമന്ത്രിയുടെ ആഭ്യന്തര വകുപ്പ് കേസെടുത്തു ജോര്‍ജിനെ അറസ്റ്റ് ചെയ്‌തെങ്കിലും മണിക്കൂറുകള്‍ക്കകം മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. ഒട്ടും വൈകാതെ ജോര്‍ജ് താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നതായി പ്രഖ്യാപിക്കുകയും  ചെയ്തു. യഥാസമയം രംഗപ്രവേശം ചെയ്ത കേന്ദ്രമന്ത്രി വി. മുരളീധരന്‍ ജോര്‍ജിനെ ശക്തിയായി ന്യായീകരിക്കുക കൂടി ചെയ്തതോടെ അന്തര്‍നാടകത്തിന്റെ ചുരുളഴിയാന്‍ താമസമുണ്ടായില്ല. അങ്ങനെ ഇടത്ത് സി.പി.എമ്മിന്റെയും വലത്ത് ബി.ജെ.പിയുടെയും സ്‌നേഹ പ്രകടനങ്ങളില്‍ വീര്‍പ്പ് മുട്ടുന്ന ക്രൈസ്തവ സഭകളില്‍ ഇക്കളി തീക്കളിയെന്ന് തിരിച്ചറിയുന്ന വൈദികരുമുണ്ടെന്നത് ശ്രദ്ധേയം. ഇരുപക്ഷത്ത് നിന്നും നീളുന്ന സൗഹൃദ കരങ്ങള്‍ ധൃതരാഷ്ട്രാലിംഗനത്തിനുള്ളതാണെന്നറിയുന്ന വിവേകശാലികളായ വൈദികരും അല്‍മായരും കെണിമുറുകുന്നതിന് മുമ്പ് ക്രൈസ്തവ സമൂഹത്തെ കാര്യം ബോധ്യപ്പെടുത്തുന്നതില്‍ വിജയിച്ചാല്‍ അതവര്‍ക്ക് നല്ലത്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-10-12
ടി.കെ ഉബൈദ്‌

ഹദീസ്‌

ഞാനറിയുന്നത് നിങ്ങളറിഞ്ഞിരുന്നുവെങ്കില്‍...
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌