Prabodhanm Weekly

Pages

Search

2022 മെയ് 13

3251

1443 ശവ്വാല്‍ 12

മൗനത്തെ ക്കുറിച്ച് അല്‍പം  വിചാര പ്പെടലുകള്‍

 യാസീന്‍ വാണിയക്കാട്

കവിത

 

കലങ്ങിയ വാക്കുകളേക്കാള്‍
തെളിഞ്ഞ മൗനങ്ങള്‍ക്കാണ്
പ്രകാശവേഗത 

മൗനത്തിന്റെ വാചാലത
കാമ്പില്ലാത്ത വാചാലതയേക്കാള്‍
തീ വഹിക്കുന്നവ

കാട്ടുനിഴലിന്റെ തണുപ്പ്
ചില്ലകളുടെ നീണ്ട മൗനങ്ങളാണ്.
വേരിന്റെ 
അര്‍ഥഗര്‍ഭമായ മൗനമാണ്
കാട്ടുപഴങ്ങളുടെ മധുരം

അപ്പൂപ്പന്‍താടിയും
കിഴക്കന്‍ കാറ്റും തമ്മിലുള്ള
മൗനത്താലെഴുതപ്പെട്ട ഉടമ്പടിയാണ്
ചിറകില്ലാതെയുള്ള
അതിന്റെ ദേശം ചുറ്റല്‍

ഊമയുടെ നാവിലെ മൗനവും
വിരലിലെ ലിപികളും
ആത്മാവിനോടാണ് സംവദിക്കുക
നാവില്‍ ഒച്ചയുള്ളവന്‍
കാതുകളോടും

മൗനം കൊണ്ട് പണികഴിപ്പിച്ച
സാമ്രാജ്യത്തില്‍
വാക്കിന്റെ കാവല്‍ഭടന്മാരെ
ആവശ്യമില്ല

കലാപത്തിന് ശേഷമുള്ള
നഗരത്തിന്റെ മൗനത്തില്‍
എനിക്ക് തെല്ലും വിശ്വാസമില്ല;
അനീതി വിധിച്ചതിന് ശേഷമുള്ള
നീതിപീഠത്തിന്റെ 
നീണ്ട മൗനത്തിലും.

മൗനങ്ങളുടെ ലിപികള്‍
കറുത്ത ഏപ്രണ്‍ തുണിയില്‍
നക്ഷത്ര മുനയാല്‍ കോറുന്ന 
രാത്രിയേക്കാള്‍
ചന്തമില്ലൊരു പകലിനും

വാക്കുകളുടെ അപൂര്‍ണത
മൗനത്തിന്റെ പൂര്‍ണത കൊണ്ട്
മറികടക്കാനാകും

മൗനങ്ങളെക്കുറിച്ച്
ഇങ്ങനെയൊക്കെ വിചാരപ്പെട്ട്
വാക്കിന്റെ
ഇരമ്പുന്ന കടല്‍ വിറ്റ്
മൗനത്തിന്റെ ഏഴാകാശവും
തോള്‍സഞ്ചിയിലാക്കി
വീട്ടിലേക്കുള്ള വളവ് തിരിയവെ 
വേലിക്കരികെ പതുങ്ങുന്നു
ഒരു മഹാമൗനം!
മരണം! 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്‌ 5-9
ടി.കെ ഉബൈദ്‌