എം.കെ സ്റ്റാലിനില്‍ നിന്ന് പലതും പഠിക്കാനുണ്ട്
തമിഴ്നാട്ടിലെ ദ്രാവിഡ രാഷ്ട്രീയം ഇന്ന് സവര്‍ണ വര്‍ഗീയ ഫാഷിസ്റ്റുകള്‍ക്കെതിരായ നിലപാടുകളാല്‍ ശ്രദ്ധേയമാണ്. ദക്ഷിണേന്ത്യയില്‍ സംഘപരിവാറിനെതിരെ ഏറ്റവും ശക്തമായ പോരാട്ടത്തിന് തയാറായിരിക്കുന്നത് തമിഴ്നാട് മുഖ്യമന്ത്രി മുത്തുവേല്‍ കരുണാനിധി സ്റ്റാലിന് എന്ന എം.കെ സ്റ്റാലിനാണ്. വര്‍ഗീയതക്കെതിരെ പട നയിക്കുന്നു എന്നവകാശപ്പെടുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കും മുഖ്യമന്ത്രിയായ പിണറായി വിജയനും അയല്പക്ക മുഖ്യമന്ത്രിയില്‍ നിന്നും പലതും പഠിക്കാനുണ്ട്.
ഏകാധിപത്യ പ്രവണതകള്‍ വര്‍ധിച്ചുവരുന്ന ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ബഹുസ്വരതക്കും കൂട്ടായ തീരുമാനങ്ങള്‍ക്കും പ്രാധാന്യം നല്കുന്ന സ്റ്റാലിന് വ്യത്യസ്തനാവുകയാണ്. ദേശീയതലത്തില്‍ ഫാഷിസ്റ്റ്വിരുദ്ധ പേരാട്ടത്തിന് തമിഴ്നാടിന്റെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട് അദ്ദേഹം. സ്റ്റാലിന് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടിട്ട് മാസങ്ങളേ ആയിട്ടുള്ളൂവെങ്കിലും അദ്ദേഹത്തിന്റെ അതിശക്തമായ വര്‍ഗീയ വിരുദ്ധ നിലപാടുകള്‍ സംസ്ഥാനത്ത് ബി.ജെ.പി യുടെ നില പരുങ്ങലിലാക്കിയിരിക്കുന്നുവെന്ന് മാത്രമല്ല, പിറകോട്ടടിപ്പിക്കുകയും ചെയ്തിരിക്കുന്നു.
സ്റ്റാലിന്, കേന്ദ്ര ഭരണകൂടത്തിനെതിരായ വെല്ലുവിളിയാരംഭിക്കുന്നത് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച പോലീസ് ഉദ്യോഗസ്ഥനെ തമിഴ്നാടിന്റെ ഡി.ജി.പി ആക്കി നിയമിച്ചുകൊണ്ടാണ്. 2010-ല്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരിക്കെ സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്ത ഐ.പി.എസ് ഉദ്യോഗസ്ഥന് പി. കന്തസ്വാമിയെയാണ് സ്റ്റാലിന് പുതിയ ഡി.ജി.പിയായി നിയമിച്ചത്.
കോയമ്പത്തൂരിലെ തമിഴ്നാട് അഗ്രികള്‍ച്ചറല്‍ യൂനിവേഴ്സിറ്റി ലൈബ്രറിയില്‍ പ്രദര്‍ശിപ്പിച്ച തമിഴ് കവിയും തത്ത്വചിന്തകനുമായ തിരുവള്ളുവരുടെ ചിത്രത്തില്‍ കാവി വസ്ത്രമണിയിച്ചു കൊണ്ട് കാവിവത്കരണ ശ്രമമുണ്ടായപ്പോള്‍ അദ്ദേഹം മുഖ്യമന്ത്രിയായതിന് ശേഷം കാവി വസ്ത്രത്തിന് പകരം വെള്ള വസ്ത്രം ധരിച്ച തിരുവള്ളുവരിന്റെ ചിത്രം പുനഃസ്ഥാപിച്ചു കൊണ്ടാണ് തമിഴ് മനസ്സുകളിലേക്ക് കുറുക്കുവഴിയിലൂടെ നുഴഞ്ഞുകയറാനുള്ള സംഘ് പരിവാര്‍ ശ്രമങ്ങള്‍ക്ക് തടയിട്ടിരിക്കുന്നത്. കേരളത്തിലെ സ്കൂളുകളും കോളേജുകളും സര്‍വകലാ ശാലകളുമടക്കം പല ഹിന്ദുത്വ സിംബലുകളെയും പുല്കാന് ശ്രമിക്കുമ്പോള്‍ ഇത്തരം മാതൃകകളൊക്കെ നാമോര്‍ക്കുന്നത് നന്ന്.
ഫെഡറലിസത്തെ ഇല്ലാതാക്കുന്ന വിധത്തിലുള്ള വിഭാഗീയവും പക്ഷപാതപരവുമായ കേന്ദ്ര ഗവണ്മെന്റ് നീക്കങ്ങള്‍ക്കുള്ള മറുപടിയായി സെന്‍ട്രല്‍ ഗവണ്മെന്റ് എന്ന പ്രയോഗം തന്നെ ഉപേക്ഷിച്ചിരിക്കുകയാണ് തമിഴ്നാട്. യൂനിയന്‍ ഗവണ്മെന്റ് എന്ന പേരാണ് തമിഴ്നാട് ഔദ്യോഗിക രേഖകളിലെല്ലാം ഉപയോഗിക്കുന്നത്. രാജ്യത്തിന്റെ ഫെഡറല്‍ വ്യവസ്ഥിതിയുടെ അന്തഃസത്തയെ ഓര്‍മിപ്പിക്കുന്ന ഒന്നാണ് ഈ പേര് മാറ്റം.
തമിഴ്നാടിനെ വിഭജിച്ച് കൊങ്കുനാട് രൂപവത്കരിക്കാനുള്ള വിഭാഗീയ നീക്കങ്ങള്‍ക്ക് സംസ്ഥാനത്ത് നിന്നും ശക്തമായ എതിര്‍പ്പ് നേരിട്ടതോടെ പിന്‍വലിയേണ്ടി വന്നിരിക്കുകയാണ് ഇവിടെ ബി.ജെ.പിക്ക്. വിഭാഗീയ ശ്രമങ്ങളെയൊക്കെ നിഷ്പ്രഭമാക്കി കൊണ്ട് തമിഴ് ജനതയെ ഒരുമയുടെ ദ്രാവിഡ പാരമ്പര്യത്തിലൂടെ പുരോഗതിയിലേക്ക് നയിക്കുകയാണ് സ്റ്റാലിന്. കേരളത്തിലാകട്ടെ, ഹിന്ദു, മുസ്ലിം, ക്രൈസ്തവ ത്രയങ്ങള്‍ സൃഷ്ടിച്ച് അധികാരമുറപ്പിക്കാനുള്ള ശ്രമമാണല്ലോ നടക്കുന്നത്.
തമിഴ്നാട്ടിലെ പാഠപുസ്തകങ്ങളില്‍ നിന്നും പ്രമുഖ വ്യക്തികളുടെ പേരിനൊപ്പമുള്ള ജാതിവാല് നീക്കം ചെയ്യാന്‍ തീരുമാനിച്ചു കൊണ്ടും, വിവിധ ക്ഷേത്രങ്ങളില്‍ അബ്രാഹ്മണരായ പുരോഹിതന്മാരെ നിയമിച്ച് കൊണ്ടും എം.കെ സ്റ്റാലിന് സവര്‍ണാധിപത്യത്തിനും ജാതി വിവേചനത്തിനുമെതിരെ ശക്തമായ നീക്കങ്ങള്‍ക്കവിടെ തുടക്കമിടുകയും ചെയ്തിരിക്കുന്നു. കേരളത്തിലാകട്ടെ മതവും ജാതിയുമൊക്കെ പൂര്‍വാധികം ശക്തമായി തിരിച്ചു വരുന്ന കാഴ്ചയാണ് കാണുന്നത്.
റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ടാബ്ലോകളില്‍ കാലഘട്ടത്തിന്റെയും സംസ്കാരങ്ങളുടെയും പ്രതീകങ്ങളായിരുന്നവയെ കേന്ദ്രം തഴഞ്ഞതില്‍ പ്രതിഷേധിച്ച്, ഫെഡറല്‍ താല്പര്യങ്ങളെ അവഗണിച്ച കേന്ദ്രത്തിനോടുള്ള വിയോജിപ്പ് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് പ്രകടിപ്പിച്ചത്, ആ ടാബ്ലോകള്‍ സംസ്ഥാനത്തുടനീളം പ്രദര്‍ശിപ്പിച്ചുകൊണ്ടാണ്. ചെന്നൈയില്‍ ഡി.എം.കെ സംഘടിപ്പിച്ച കരുണാനിധി അനുസ്മരണ സമ്മേളനം ദേശീയ തലത്തില്‍ ബി.ജെ.പിവിരുദ്ധ മതനിരപേക്ഷ സഖ്യത്തിനുള്ള ആഹ്വാന വേദിയായി മാറി.
എം.കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ഭരണകൂടം സഹിഷ്ണുതയുടെയും മതേതരത്വത്തിന്റെയും ആശയങ്ങളുയര്‍ത്തിപ്പിടിച്ചു കൊണ്ടും സംസ്ഥാനത്തെ ജനതയെ ഒന്നിപ്പിച്ചുമുള്ള വ്യത്യസ്തമായ ഭരണരീതിയിലൂടെ മറ്റു സംസ്ഥാനങ്ങളെ അതിശയിപ്പിച്ചു കൊണ്ടിരിക്കുകയാണിന്ന്. ദേശീയ രാഷ്ട്രീയത്തില്‍ വെറുപ്പിന്റെയും വിഭാഗീയതയുടെയും അന്ധകാര ശക്തികള്‍ മേല്‍ക്കൈ നേടി നില്ക്കുമ്പോള് തമിഴ് രാഷ്ട്രീയ രംഗത്ത് ഒരുമയുടെ തെളിച്ചമാണ് കാണാനാകുന്നത്.
Comments